The New Saint Mariam Thresia Chiramel, foundress of the Congregation of Holy Family The New Saint Mariam Thresia Chiramel, foundress of the Congregation of Holy Family  

അമ്മ മറിയം ത്രേസ്യയുടെ വിശുദ്ധപദവി പ്രഖ്യാപനം

തിരുക്കുടുംബ സന്ന്യാസിനീ സമൂഹത്തിന്‍റെ (Congregation of the Holy Family) മദര്‍ ജനറല്‍, സിസ്റ്റര്‍ ഉദയയുമായുള്ള അഭിമുഖം. വത്തിക്കാനില്‍ വിശുദ്ധപദ പ്രഖ്യാപനം ഒക്ടോബര്‍ 13 ഞായറാഴ്ച.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. സഭയിലെ മറ്റു 4 നവവിശുദ്ധാത്മാക്കള്‍
ആഗോള സഭയിലെ മറ്റു 4 വാഴ്ത്തപ്പെട്ടവരും അന്നു തന്നെ വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടും : ഇംഗ്ലണ്ടിലെ കര്‍ദ്ദിനാള്‍ ന്യൂമാന്‍, ഇറ്റലിക്കാരി സിസ്റ്റര്‍ ജുസെപ്പീന വന്നീനി, ബ്രസിലിലെ മിഷണറി മദര്‍ ദൂള്‍ചെ പൊന്തെസ്, സ്വിറ്റ്സര്‍ലണ്ടുകാരിയും ഫ്രാന്‍സിസ്ക്കന്‍ മൂന്നാം സഭാംഗവുമായ മാര്‍ഗ്രറ്റ് ബെയ്സ് എന്നിവരാണവര്‍.

2. മദര്‍ ജനറല്‍ ഉദയയുമായുള്ള
അഭിമുഖത്തിലെ വിശദാംശങ്ങള്‍

കേരളത്തിന്‍റെ നവവിശുദ്ധ, മറിയം ത്രേസ്യയുടെ വിശുദ്ധപദവിയുടെ പ്രഖ്യാപനത്തിന്‍റെ ഒരുക്കങ്ങളെക്കുറിച്ച്, പുണ്യവതി സ്ഥാപിച്ച തിരുക്കുടുംബ സന്ന്യാസിനീ സമൂഹത്തിന്‍റെ (Congregation of the Holy Family, chf) 11-Ɔമത്തെ മദര്‍ ജനറല്‍, സിസ്റ്റര്‍ ഉദയ സി.എച്ച്.എഫ്. വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തില്‍നിന്നെടുത്ത വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു  :

3. ഒരു കുടുംബ പ്രേഷിതവൃത്തിയുടെ തുടക്കം
കേരളക്കരയില്‍ പിറവിയെടുത്ത തിരുക്കുടുംബ സന്ന്യാസിനീ സമൂഹത്തിന്‍റെ സ്ഥാപകയും, കുടുംബങ്ങളുടെ പ്രേഷിതയുമാണ് വിശുദ്ധ പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടാന്‍ പോകുന്ന വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ. 1876-1926 കാലയളവില്‍ പഴയ തൃശൂര്‍ രൂപതയിലും, ഇപ്പോള്‍ ഇരിങ്ങാലക്കുട രൂപതയിലും ഉള്‍പ്പെട്ട കുഴിക്കാട്ടുശ്ശേരി പുത്തന്‍ചിറ പ്രദേശങ്ങളെ തന്‍റെ പ്രേഷിത തട്ടകമായി തുടക്കമിട്ട കുടുംബപ്രേഷിതത്ത്വമാണ് ഇന്ന് തിരുക്കുംബ സന്ന്യാസിനീ സമൂഹത്തിലൂടെ വളര്‍ന്നു പന്തലിച്ചു നില്ക്കുന്നത്.

4. ആത്മീയതയില്‍ ഊന്നിയ ആഘോഷങ്ങള്‍
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായുടെ വിശുദ്ധപദപ്രഖ്യാപനം സംബന്ധിച്ച് സഭയുടെ തൃശൂര്‍ ആസ്ഥാനത്തുനിന്നും ഒരുക്കിയ പദ്ധതിയില്‍ ആത്മീയതയിലും ഉപവിപ്രവര്‍ത്തനത്തിലും ഊന്നിയ ആഘോഷങ്ങള്‍ക്കാണ് തങ്ങള്‍ പ്രാധാന്യം നല്കുന്നതെന്ന് മദര്‍ ഉദയ പ്രസ്താവിച്ചു. സഭയിലെ ഓരോ അംഗവും സമൂഹവും അമ്മ മറിയം ത്രേസ്യായുടെ വിശുദ്ധപദ പ്രഖ്യാപനത്തിന് പ്രത്യേകമായി ഒരുങ്ങാന്‍ തുടങ്ങിയത്, ഇതു സംബന്ധിച്ച് 2019 ജൂലൈ 1-ന് പാപ്പാ ഫ്രാന്‍സിസ് ഡിക്രി പ്രസിദ്ധപ്പെടുത്തിയ നാള്‍ മുതലാണ്. അന്നുമുതല്‍ ഒക്ടോബര്‍ 13-വരെ തിരുക്കുടുംബത്തിന്‍റെ സന്ന്യാസിനീ സഭാംഗങ്ങള്‍ ഓരോരുത്തരും സമൂഹങ്ങളും തീവ്രമായ പ്രാര്‍ത്ഥന, ഉപവാസം എന്നിവയില്‍ വ്യാപൃതരാണ്. അമ്മ മറിയം ത്രേസ്യായുടെ കുടുംബപ്രേഷിത ചൈതന്യം ഉള്‍ക്കൊണ്ട് ഈ നാളുകളില്‍ ഓരോ സഭാംഗവും 50 ഭവനങ്ങള്‍ വീതം സന്ദര്‍ശിച്ച് അവരെ ആത്മീയമായി പിന്‍തുണയ്ക്കാനും നവീകരിക്കാനും പരിശ്രമിക്കുന്ന ശ്രമവും വിശുദ്ധ പദവിയുടെ പ്രഖ്യാപനത്തിനുള്ള ഒരുക്കമാണ്.

5. റോമില്‍ ഒരു ജാഗരാനുഷ്ഠാനം
പാപ്പാ ഫ്രാന്‍സിസ് അമ്മ മറിയം ത്രേസ്യയെ വിശുദ്ധപദവിയിലേയ്ക്ക് വത്തിക്കാനില്‍ ഉയര്‍ത്തുന്ന സമൂഹബലിയര്‍പ്പണത്തിന്‍റെയും തിരുക്കര്‍മ്മങ്ങളുടെയും തലേനാള്‍, ഒക്ടോബര്‍
12-Ɔο തിയതി ശനിയാഴ്ച റോമിലെ മേരി മേജര്‍ ബസിലിക്കയില്‍ പ്രാദേശിക സമയം വൈകുന്നരം 4-മുതല്‍ 5-വരെ സമയം റോമിലെ വിശ്വാസികള്‍ക്കൊപ്പം ഒരു മണിക്കൂര്‍ നീണ്ടുനില്ക്കുന്ന ജാഗരാനുഷ്ഠാന പ്രാര്‍ത്ഥന നടത്തും. വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്യു പ്രാര്‍ത്ഥനാശുശ്രൂഷയ്ക്ക് നേതൃത്വം നല്കുകയും വചനസന്ദേശം പങ്കുവയ്ക്കുകയും ചെയ്യും.

6. വത്തിക്കാനിലെ പരിപാടികള്‍
ഒക്ടോബര്‍ 13-ന് മറ്റു നാലു വാഴ്ത്തപ്പെട്ടവര്‍ക്കൊപ്പം അമ്മ മറിയം ത്രേസ്യയെയും വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തുന്ന സമൂഹബലിയര്‍പ്പിണത്തിലും തിരുക്കര്‍മ്മങ്ങളിലും സഭാദ്ധ്യക്ഷന്മാരുടെയും, രാഷ്ട്രത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും പ്രതിനിധികള്‍ക്കും, വിശ്വാസിസമൂഹത്തോടുമൊപ്പം, തിരുക്കുടുംബ സന്ന്യാസിനീ സമൂഹത്തിന്‍റെ പ്രതിനിധികളായ സന്ന്യാസിനിമാരും, സഭയുടെ സഹകാരികളും പങ്കെടുക്കും. വിശുദ്ധ പദത്തിലേയ്ക്ക് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ ഉയര്‍ത്തുവാന്‍ കാരണമായ അത്ഭുത രോഗസൗഖ്യം ലഭിച്ച കുട്ടിയും കുടുംബാംഗങ്ങളും വത്തിക്കാനിലെ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ടെന്നത് സന്തോഷകരമാണെന്ന് മദര്‍ അറിയിച്ചു.

7. വിശുദ്ധപദപ്രഖ്യാപന ദിവസം കേരളത്തില്‍
ഒക്ടോബര്‍ 13 ഞായറാഴ്ച രാവിലെ പ്രാദേശിക സമയം രാവിലെ 10 മണിക്ക്  അമ്മ മറിയം ത്രേസ്യയുടെ സ്മൃതിമണ്ഡപത്തിന്‍റെ കുഴിക്കാട്ടുശ്ശേരിയിലെ തീര്‍ത്ഥസ്ഥാനത്ത് മുന്‍ അപ്പസ്തോലിക് നൂന്‍ഷ്യോ, ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് പാനികുളത്തിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹബലിയര്‍ണവും, തുടര്‍ന്ന് തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക സ്നേഹവിരുന്നും നടത്തപ്പെടും.

8. കുഴിക്കാട്ടുശ്ശേരിയില്‍ തത്സമയ സംപ്രേക്ഷണം
റോമില്‍ വിശുദ്ധ പദവിയിലേയ്ക്ക് അമ്മ മറിയം ത്രേസ്യയെയും മറ്റു വാഴ്ത്തപ്പെട്ടവരെയും പാപ്പാ ഫ്രാന്‍സിസ് ഉയര്‍ത്തുന്ന ചടങ്ങും അതിനോടു ചേര്‍ന്നുള്ള സമൂഹബലിയര്‍പ്പണവും
ഇന്ത്യയിലെ സമയം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക്  അമ്മ മറിയം ത്രേസ്യയുടെ നാമത്തിലുള്ള  കുഴിക്കാട്ടുശ്ശേരിയിലെ പൊതുവേദിയില്‍ പ്രത്യേകമായി തയ്യാറാക്കുന്ന വലിയ ഡിജിറ്റല്‍ സ്ക്രീനുകളില്‍ തത്സമയം പ്രദര്‍ശിപ്പിക്കും.

9. റോമില്‍ ഒരു കൃതജ്ഞതാ ബലിയര്‍പ്പണം
ഒക്ടോബര്‍ 14 തിങ്കളാഴ്ച റോമിലെ വിശുദ്ധ അനസ്താസിയയുടെ നാമത്തിലുള്ള ബസിലിക്കയില്‍ പ്രാദേശിക സമയം രാവിലെ 10.00-ന് റോമിലെ മലയാളികളായ വിശ്വാസികളും മറ്റ് അഭ്യൂദയകാംക്ഷികളും, കേരളത്തില്‍നിന്നുമുള്ള, വിശിഷ്യാ സീറോമലബാര്‍ സഭയില്‍നിന്നുമുള്ള പിതാക്കാന്മാര്‍ക്കൊപ്പം നന്ദിസൂചകമായി സമൂഹബലിയര്‍പ്പിക്കും. തുടര്‍ന്ന് അനുമോദനസമ്മേളനവും സ്നേഹവിരുന്നും നടത്തപ്പെടും. സീറോ മലബാര്‍ സഭാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മാര്‍ ആലഞ്ചേരി, ഭാരതത്തിലെ ദേശീയ കത്തോലിക്ക മെത്രാന്‍ സമിതിയുടെ തലവനും, മുംബൈ അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസും സന്ദേശം നല്കും.

10. ദേശീയ തലത്തില്‍  അനുസ്മരണവും ആഘോഷവും
ദേശീയ തലത്തിലുള്ള പരിപാടികള്‍  ഒരുക്കിയരിക്കുന്നത് നവംബര്‍16-നാണ്. ഇരിങ്ങാലക്കുടയ്ക്ക് അടുത്ത് പുണ്യവതിയുടെ കുഴിക്കാട്ടുശ്ശേരിയിലെ തീര്‍ത്ഥസ്ഥാനത്ത് സംവിധാനം ചെയ്തിരിക്കുന്ന പരിപാടികളില്‍ ദേശീയ തലത്തിലും പ്രാദേശിക തലത്തിലും പ്രമുഖരായ നേതാക്കളെയും സഭാപ്രതിനിധികളെയും പങ്കെടുപ്പിക്കും, ഒപ്പം ദേശീയതലത്തില്‍ എത്തുന്ന തീര്‍ത്ഥാടകരെയും പ്രത്യേകമായി സ്വീകരിക്കും.

11. കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ള പരിപാടികള്‍
പുറമെയുള്ള ആഘോഷങ്ങളെക്കാള്‍ അമ്മ മറിയം ത്രേസ്യായുടെ ആത്മീയത, പ്രത്യേകിച്ച് കുടുംബപ്രേഷിതത്ത്വം മനസ്സിലേറ്റി ഈ വിശുദ്ധപദപ്രഖ്യാപനം  കുടുംബങ്ങള്‍ക്കുള്ള ഉപവിപ്രവൃത്തികളില്‍ കൂടുതല്‍ വ്യാപൃതരാകാനാണ് തിരുക്കുടുംബ സന്ന്യാസിനീ സഭാംഗങ്ങള്‍ പരിശ്രമിക്കുന്നതെന്നും മദര്‍ രശ്മി അഭിമുഖത്തില്‍ പറഞ്ഞു. ഭവനനിര്‍മ്മാണം, വിവാഹസഹായം, പാവങ്ങളായ കുട്ടികളുടെ വിദ്യാഭ്യാസസഹായം എന്നിങ്ങനെ യാഥാര്‍ത്ഥ്യമാക്കാനും സമൂഹങ്ങള്‍ പരിശ്രമിക്കുകയാണെന്നും മദര്‍ രശ്മി ഓക്ടോബര്‍ 8, ചൊവ്വാഴ്ച നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 October 2019, 09:54