തിരയുക

St. John Lateran Basilica of Rome, illumined St. John Lateran Basilica of Rome, illumined 

ലാറ്ററന്‍ ബസിലിക്കയ്ക്ക് കൂടുതല്‍ പ്രകാശവും തിളക്കവും

റോമാനഗരത്തിന് അതിരടയാളമായ സെന്‍റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയ്ക്ക് നവമായ പ്രകാശസംവിധാനങ്ങള്‍ ക്രമപ്പെടുത്തി.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

നവമായി ഉയര്‍ത്തിയ പ്രകാശ സംവിധാനങ്ങള്‍
രണ്ട് ഉയര്‍ന്ന മണിമാളികകളും, ബറോക്ക് വാസ്തുഭംഗിയുള്ള മുഖപ്പും സ്നാപക യോഹന്നാന്‍റെയും ക്രിസ്തുവിന്‍റെയും കന്യകാനാഥയുടെയും ഉള്‍പ്പെടെ മുന്‍പിലും പാര്‍ശ്വങ്ങളിലുമായി സ്ഥാപിതമായിരിക്കുന്ന ഒത്ത ആള്‍വലുപ്പമുള്ള  16  മാര്‍ബിള്‍ ശില്പങ്ങളും, പിന്‍ഭാഗത്തുള്ള സവിശേഷമായ മുഖപ്പുമാണ് നവമായി ഉയര്‍ത്തപ്പെട്ട പ്രകാശസംവിധാനങ്ങളാല്‍ കൂടുതല്‍ ആകര്‍ഷകമായിരിക്കുന്നത്.

നഗരാധികൃതരും “അച്ചേയാ” കമ്പനിയും
അച്ചേയാ (ACEA) എന്നു വിളിക്കപ്പെടുന്ന - റോമാ നഗരത്തിന്‍റെ വൈദ്യുതി, ജലം, ഗ്യാസ് എന്നിങ്ങനെ നിത്യോപയോഗ വസ്തുക്കളുടെ വകുപ്പും സിറ്റി ഭരണകൂടവും കൈകോര്‍ത്താണ് പാപ്പാ ഫ്രാന്‍സിസ് അദ്ധ്യക്ഷനായ റോമാ രൂപതയുടെ ഭദ്രാസനദേവാലയം, സെന്‍റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയുടെ സായാഹ്നദൃശ്യത്തിന് പകിട്ടേകിയത്.  ചെറുതും വലുതുമായ 106 നവമായ പ്രകാശധോരണികളുടെ സഹായത്തോടെ വിസൃതമായ ബസിലിക്കയുടെ കാഴ്ചയ്ക്ക് കൂടുതല്‍ തെളിമയും, മനോഹാരിതയും ആകര്‍ഷകത്വവും നല്കുകയും, അതിന്‍റെ പുരാതനമായ വാസ്തുഭംഗി കൂടുതല്‍ ഉല്‍ക്കര്‍ഷമാക്കുകയും ചെയ്തിരിക്കുന്നു.

അതിപുരാതനമായ ദേവാലയം
ഒക്ടോബര്‍ 14, തിങ്കളാഴ്ച വൈകുന്നേരം റോമാനഗരത്തിന്‍റെ മേയര്‍ വെര്‍ജീനിയ രാജി ലാറ്ററന്‍ ബസിലിക്കയുടെ പുതിയ പ്രകാശസംവിധാനം ഉത്ഘോടനംചെയ്തു. ക്രിസ്താബ്ദം 311-നും 314-നും ഇടയ്ക്ക് പണിതീര്‍ത്ത സഭതലവനായ പാപ്പായുടെ ഭദ്രാസനദേവാലയം, 16-Ɔο നൂറ്റാണ്ടിന്‍റെ മദ്ധ്യത്തില്‍ നവോത്ഥിരിക്കപ്പെട്ടിട്ടുണ്ട്. ലോകത്തെ ഏറ്റവും പുരാതനമായ കത്തോലിക്കാ ദേവാലയമായി ഇന്നും സെന്‍റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയെ കണക്കാക്കിപ്പോരുന്നു. രാവിലെ 7 മണിമുതല്‍ രാത്രി 7 മണിവരെ സന്ദര്‍ശകര്‍ക്ക് ഇവിടെ പ്രവേശനം അനുവദിച്ചിട്ടുണ്ട്.

അധികാരികള്‍
ബസിലിക്കകളില്‍ പ്രഥമ സ്ഥാനമുള്ള (archbasilica) ലാറ്ററന്‍ ബസിലിക്കയുടെ അധിപന്‍, റോമാരൂപതയുടെ മെത്രാന്‍ കൂടിയായ പാപ്പാ ഫ്രാന്‍സിസാണ്. ഇപ്പോഴത്തെ പ്രധാന പുരോഹിതന്‍ - റോം രൂപതയുടെ വികാരി ജനറല്‍, കര്‍ദ്ദിനാള്‍ ആഞ്ചെലോ ദി ദൊനാത്തിസാണ്. വത്തിക്കാനില്‍നിന്നും 4 കി. മീ. അകലെയാണ് പാപ്പായുടെ ഭദ്രാസനദേവാലയമായ സെന്‍റ് ജോണ്‍ ലാറ്ററന്‍ ബസിലിക്ക സ്ഥിതിചെയ്യുന്നത്.  ലളിത സുന്ദരമായ  ഈ മഹാദേവാലയത്തിന് 460 അടി നീളവും,  വീതി 240 അടിയുമാണ്.  യേശുവിന്‍റെ മുന്നോടിയായ സ്നാപക യോഹന്നാന്‍റെ നാമത്തില്‍ പ്രതിഷ്ഠിതമാണിത്. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 October 2019, 18:38