Vatican News
Lateran University Hall,  Rome - The Divine Master Lateran University Hall, Rome - The Divine Master  (Vatican Media)

തച്ചന്‍ പറഞ്ഞ അനന്യഭംഗിയുള്ള മൂന്നു കഥകള്‍

ആണ്ടുവട്ടം 24-Ɔο വാരം ഞായറാഴ്ചത്തെ സുവിശേഷവിചിന്തനം - വിശുദ്ധ ലൂക്കാ 15, 1-32.

- ഫാദര്‍ വില്യം  നെല്ലിക്കല്‍

ആണ്ടുവട്ടം 24-Ɔο വാരം ഞായര്‍ - സുവിശേഷചിന്തകള്‍

1. സുവിശേഷങ്ങളിലെ സുവിശേഷം
വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ 15-Ɔο അദ്ധ്യായത്തെ കാരുണ്യത്തിന്‍റെ അദ്ധ്യായമെന്നും ‘കാരുണ്യത്തിന്‍റെ സുവിശേഷ’മെന്നും, വിളിക്കാറുണ്ട്. ദൈവത്തിന്‍റെ അപരിമേയമായ സ്നേഹവും കാരുണ്യവും വെളിപ്പെടുത്തുന്ന കഥകളാണ് ഇതില്‍ ക്രിസ്തു പറഞ്ഞുവച്ചിരിക്കുന്നത്. നല്ലിടയന്‍റെയും, നഷ്ടമായ നാണയത്തിന്‍റെയും, ധൂര്‍ത്തപുത്രന്‍റെയും കഥകളാണതില്‍. ‘ദൈവം നമ്മുടെ പിതാവ്’ എന്ന സംജ്ഞയെ അതിമനോഹരമായി ചിത്രീകരിക്കുന്ന ഈ സുവിശേഷഭാഗത്തെ ‘സുവിശേഷങ്ങളിലെ സുവിശേഷ’മെന്നും ബൈബിള്‍ പടുക്കള്‍ വിളിക്കാറുണ്ട്.

2. സത്യത്തിലേയ്ക്കു നയിക്കുന്ന ക്രിസ്തുവിന്‍റെ കഥകള്‍
സന്ദേശം വിരസമാക്കാതെ, ഉദ്വേഗജനകമാക്കുകയാണ് കഥയുടെ ഭംഗി. ഒപ്പം എളുപ്പത്തില്‍ സത്യം കണ്ടെത്താനുള്ള പ്രേരണയുമാണ് ഓരോ കഥയിലൂടെയും ക്രിസ്തു സൃഷ്ടിച്ചെടുക്കുന്നത്. അനന്യഭംഗിയുള്ള കഥകളാണവ. ഈ കഥകളില്‍ ഭാവിപരിണാമങ്ങള്‍ ഏതാനും നിമിഷങ്ങളിലാണ് സംഭവിക്കുന്നത്. അതിനാല്‍ അവ എത്ര കേട്ടാലും മടുപ്പുവരികയില്ലെന്നതും പ്രത്യേകതയാണ്.

3. സ്നേഹമായ ദൈവത്തെക്കുറിച്ചുള്ള കഥകള്‍
തൊഴിലുകൊണ്ട് ക്രിസ്തു തച്ചനായിരുന്നെങ്കിലും അവിടുത്തെ പ്രതീകങ്ങളില്‍ ഇടയബിംബങ്ങള്‍ക്ക് പഞ്ഞമൊന്നുമില്ല. കൂട്ടംതെറ്റിയ ആടിനെ തിരഞ്ഞുപോകുന്ന കരുണയുടെ കഥയാണ് അവിടുന്നു ആദ്യം പറയുന്നത്. ആകെയുള്ള നൂറെണ്ണത്തില്‍ 99-നെയും ആലയില്‍ വിട്ടിട്ട്, നഷ്ടമായ ഒന്നിനെ അയാള്‍ അന്വേഷിച്ചിറങ്ങുന്നു. അങ്ങനെ സ്വന്തം ജീവതംകൊണ്ട് വഴിതെറ്റിയ ആടിനു മോചനദ്രവ്യമാകുന്ന ഇടയനായ ദൈവപിതാവിന്‍റെ അനന്തമായ സഹനവും സ്നേഹവുമാണ് ഈ കഥയുടെ സാരം. ഇന്നലെ എന്‍റെ സഹോദരിയുടെ ഐ-ഫോണ്‍ നഷ്ടപ്പെട്ടു. എന്നാല്‍ എങ്ങനെയോ തിരിച്ചു കിട്ടി. തിരികെ കിട്ടിയതിലുള്ള സന്തോഷം “വാട്ട്സാപ്പില്‍” ചിരിയുടെ ചിഹ്നത്തിന്‍റെ മാലപ്പടക്കമായിരുന്നു. നഷ്ടമായത് തിരിച്ചുകിട്ടുമ്പോഴുള്ള ആനന്ദം പറയേണ്ടതില്ലല്ലോ? അത് അപാരമാണ് (6).

രണ്ടാമത്തെ കഥ, വിധവയ്ക്ക് 10 നാണയങ്ങള്‍ ഉണ്ടായിട്ടും തന്‍റെ നഷ്ടമായ ഒരു നാണയത്തിനുവേണ്ടി പകലന്തിയോളം തിരയുന്നു. അത് കണ്ടുകിട്ടുവോളം തേടുകയും, കണ്ടെത്തിയപ്പോള്‍ അയല്‍ക്കാരെ വിളിച്ചുകൂട്ടി ആനന്ദിക്കുകയും ചെയ്യുന്നു (9).

ഇനി മൂന്നാമത്തെ കഥയില്‍, ധൂര്‍ത്തനും ധാരാളിയും താന്തോന്നിയുമായി ജീവിച്ച മകന്‍ തിരിച്ചുവന്നപ്പോള്‍ ആലിംഗനംചെയ്തു സ്വീകരിക്കാനുള്ള ക്ഷമയും വാത്സല്യവുമുള്ള ഉദാരമതിയായ പിതാവായി ക്രിസ്തു ദൈവത്തെ വരച്ചുകാട്ടുന്നു (32).

4. ക്രിസ്തു പിതാവിന്‍റെ പ്രതിച്ഛായ
ദൈവപിതാവിന്‍റെ സ്നേഹമാണ് ക്രിസ്തുവെന്നും, അതുപോലെ തന്‍റെ ജീവിതത്തെ സ്പര്‍ശിക്കുന്നവരുടെമേല്‍ സ്പന്ദിക്കുന്ന അനുഭാവവുമാണവിടെന്നും ഈ കഥകളിലൂടെ പഠിപ്പിക്കുന്നു. ഏതൊരു ആള്‍ക്കൂട്ടത്തിലും വിശ്വസ്തരായ ചെറിയൊരു അജഗണത്തെ കണ്ടെത്താനാവുമെന്ന ആത്മവിശ്വാസമുണ്ട് അവിടുത്തേയ്ക്ക്. സ്വയം “നല്ലിടയന്‍” എന്നു വിശേഷിപ്പിക്കാനുള്ള തെളിമയുമുണ്ടവന്. ഭൂതലത്തെക്കുറിച്ചുള്ള അവന്‍റെ സ്വപ്നംതന്നെ ഏകതൊഴുത്തും ഏക ഇടയനും എന്നതാണ്.

5. തിരിച്ചുവരവിന്‍റെ ആനന്ദം
ഈ മൂന്നു ഉപമകളിലും പൊതുവായി കാണുന്നൊരു ഘടകം നഷ്ടമായത് കണ്ടുകിട്ടുമ്പോള്‍ ചുറ്റുമുള്ളവരെ വിളിച്ചുകൂട്ടി സന്തോഷിക്കുന്ന സാഹചര്യമാണ്. നഷ്ടപ്പെട്ടിട്ടും തിരികെ കിട്ടിയ ആടിനെക്കുറിച്ചുള്ള “കൂടുതലായ സന്തോഷം...!” (6). തിരിച്ചു കിട്ടിയതില്‍ ഹൃദയത്തില്‍ ഉതിര്‍ക്കൊള്ളുന്ന ഉള്ളിലൊതുക്കാനാവാത്ത ആനന്ദമാണ് ഈ മൂന്നു കഥകളിലും പ്രകടമാക്കപ്പെടുന്നത്. ധൂര്‍ത്തനായിപ്പോയ മകന്‍ തിരിച്ചുവന്നതിലുള്ള ആനന്ദം വീട്ടിലുള്ള എല്ലാവരിലേയ്ക്കും വ്യാപിപ്പിക്കാന്‍ നല്ലവനായ പിതാവു വിരുന്നൊരുക്കുന്നു. മൂന്നു കഥകളിലും നാം കാണേണ്ടത് അനുതപിച്ചു ദൈവത്തിങ്കലേയ്ക്കു തിരിച്ചെത്തുന്ന പാപികളെ ഓര്‍ത്ത് അവിടുത്തേയ്ക്കുള്ള അതിയായ സന്തോഷമാണ് വാക്കുകളില്‍ ക്രിസ്തു വരച്ചുകാട്ടുന്നത്.

6. ധൂര്‍ത്തനായ പിതാവ്
കരുണാര്‍ദ്രനായ ദൈവത്തിന്‍റെ മുഖമാണ് സത്യമായും ക്രിസ്തു ഈ കഥകളിലൂടെ വരച്ചുകാട്ടുന്നത്. പാപികളെ ആര്‍ദ്രതോടെ കാണുകയും, അവരോടു ക്ഷമിക്കുകയുംചെയ്യുന്ന അനന്തമായ സ്നേഹമുള്ള ദൈവപിതാവിന്‍റെ ചിത്രം. ദൈവപിതാവിനെക്കുറിച്ചുള്ള കരളലിയിപ്പിക്കുന്ന കഥകളാണവ! വഴിതെറ്റിയ മകനെക്കാള്‍, തനിക്കു തെറ്റിപ്പോയി, ഇനി “ഞാന്‍ ഉണര്‍ന്ന് എന്‍റെ പിതാവിന്‍റെ പക്കലേയ്ക്കു പോകും…” എന്നു ഉറച്ചു തീരുമാനിക്കുകയും, ഉച്ചരിക്കുകയും ചെയ്യുന്ന മകനാണ് കഥയില്‍ ഏറെ ഹൃദയസ്പര്‍ശിയാകുന്നത് (18). അനുതപിക്കുന്ന പാപി കഥയില്‍ ശ്രദ്ധേയനാകുമ്പോള്‍, അവസാനം അവനെ കരുണയോടെ കൈക്കൊള്ളുന്ന സ്നേഹസമ്പന്നനായ പിതാവ് സ്നേഹത്തിന്‍റെ ധൂര്‍ത്താണ് പ്രകടമാക്കുന്നത്.

7. ക്ഷമിക്കുന്ന സ്നേഹം
തിരിച്ചുവരാനുള്ള വഴി പ്രത്യാശയുടെയും നവജീവന്‍റെയും വഴിയാണ്. തെറ്റിപ്പോയാലും പാപംചെയ്താലും മനുഷ്യന്‍ തിരിച്ചുവരണമെന്ന് ദൈവം ആഗ്രഹിക്കുന്നുണ്ട്. അവിടുന്നു ക്ഷമയോടെ കാത്തിരിക്കുന്നു. അകലെ വഴിയില്‍വച്ചുതന്നെ ആ പിതാവ് തന്‍റെ മകനെ കാണുന്നു. അവന്‍റെ പരിശ്രമത്തെ മനസ്സിലാക്കുന്നു. ഓടിയെത്തി, തിരികെ വരുന്നവനെ അഭിവാദ്യംചെയ്ത്, ആശ്ലേഷിച്ച്, എല്ലാം ക്ഷമിച്ചും പൊറുത്തും ഭവനത്തിലേയ്ക്ക് ആനയിക്കുന്നു. ഇതാണ് നമ്മുടെ ദൈവം! ഇതാണ് ദൈവത്തിന്‍റെ പ്രതിച്ഛായ! അവിടുത്തെ ക്ഷമ നമ്മുടെ ഭൂതകാലത്തെയും, സകല പാപങ്ങളെയും മറക്കുകയും, മായിച്ചുകളയുകയും ചെയ്യുന്നു. എല്ലാം പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യുന്നത് ദൈവത്തിന്‍റെ ബലഹീനതയാണ്.

8. അനുതാപത്തിന്‍റെ ആനന്ദം
തിന്മ വിട്ട് മനുഷ്യര്‍ നന്മയെ ആശ്ലേഷിക്കുമ്പോള്‍ ദൈവം എല്ലാം മറക്കുന്നു, എല്ലാം ക്ഷമിക്കുന്നു. ഭൂതകാലം മറന്ന്, അവിടുന്നു ഭാവിയിലേയ്ക്കു പ്രത്യാശയോടെ തിരിയാന്‍ നമ്മെ സഹായിക്കുന്നു. രക്ഷിക്കുന്ന ദൈവം, ക്ഷമിക്കുന്നു. ദൈവം ഒരിക്കലും നമ്മെ കുറ്റപ്പെടുത്തുന്നില്ല, ധാര്‍ഷ്ട്യം കാണിക്കുന്നില്ല. മറിച്ച് പിതൃഗേഹത്തില്‍ സ്വീകരിച്ച്, അവിടുന്നു വീട്ടിലുള്ള എല്ലാവര്‍ക്കുമൊപ്പം വിരുന്നൊരുക്കുന്നു., “അനുതപിക്കുന്നൊരു പാപിയെക്കുറിച്ച് സ്വര്‍ഗ്ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും... എന്നാണ് ക്രിസ്തു ഇന്നത്തെ സുവിശേഷഭാഗത്തു പറയുന്നത് (7).

9. ദൈവസ്നേഹത്തിന്‍റെ പ്രത്യക്ഷവത്ക്കരണം
സ്വന്തം ഭവനത്തില്‍നിന്നുള്ള പുറത്താക്കല്‍, അല്ലെങ്കില്‍ ഇറങ്ങിപ്പോക്ക് ഒരുവന്‍റെ ആത്മനാശമാണ് സൂചിപ്പിക്കുന്നത്. പിതാവിന്‍റെ പക്കലേയ്ക്കുള്ള തിരിച്ചുവരവ് അനുരഞ്ജനവും നവജീവനും വ്യക്തമാക്കുന്നു. “എന്‍റെ ഈ മകന്‍ മൃതനായിരുന്നു. അവനിപ്പോള്‍ ജീവിക്കുന്നു” (24). പിതൃസന്നിധിയില്‍, ദൈവിക സഹവാസത്തില്‍, ആയിരിക്കുന്നതാണ് ജീവനും ആനന്ദവും. നമുക്കുവേണ്ടി നമ്മെ സ്നേഹിക്കുന്നവന്‍റെ കൂടെയുള്ള വാസമാണ് സഹവാസം. നല്ലിടയന്‍റെയും, നഷ്ടപ്പെട്ട നാണയം അന്വേഷിച്ചിറങ്ങിയ സ്ത്രീയുടെയും, ധൂര്‍ത്തപുത്രനെ ആലിംഗനംചെയ്തു സ്വീകരിച്ച പിതാവിന്‍റെയും വ്യക്തിത്വങ്ങളിലൂടെ നാളിതുവരെ കേട്ടിട്ടില്ലാത്ത വിധത്തില്‍ ദൈവസ്നേഹത്തെ പ്രത്യക്ഷവത്ക്കരിക്കുകയാണ് ക്രിസ്തു. ആ കഥകള്‍ ഇന്നും ജീവിക്കുന്നു. എന്നാല്‍ അവ നമ്മുടെ ജീവിതത്തെ സ്പര്‍ശിക്കുന്നുണ്ടോ എന്നാണു ചിന്തിക്കേണ്ടത്.

10. കുമ്പസാരത്തെക്കുറിച്ച് ഒരു വാക്ക്!
പടിയിറങ്ങലിന്‍റെയും നഷ്ടപ്പെടലിന്‍റെയും തിരിച്ചുവരവിന്‍റെയുമെല്ലാം പച്ചയായ ജീവിതചുറ്റുപാടുകള്‍ കഥകളിലൂടെ ക്രിസ്തു പറഞ്ഞുതരുമ്പോള്‍, അനരഞ്ജനത്തിന്‍റെ കൂദാശയെക്കുറിച്ച് നാം ഇന്നു ചിന്തിക്കുന്നതു നല്ലതാണ്. കാരണം ജീവിതത്തില്‍ എത്രയോ വട്ടമാണ് നമുക്കു വഴിതെറ്റിപ്പോകുന്നതും പാപത്തില്‍ വീഴുന്നതും. അതിന് കൈയ്യും കണക്കുമില്ല! എന്നാല്‍ ഒരോ തവണയും പാപസങ്കീര്‍ത്തനം ചെയ്ത്, കുമ്പസാരമെന്ന കൂദാശ കൈക്കൊണ്ടു മടങ്ങുമ്പോള്‍ ലഭിക്കുന്ന ആനന്ദം, ആത്മീയാനന്ദം, ക്രിസ്തു പറഞ്ഞ ഇന്നത്തെ ഉപമകളുടെ അന്ത്യത്തില്‍ കാണുന്ന തിരികെ വരുമ്പോഴും തിരിച്ചു കിട്ടുമ്പോഴുമുള്ള ആനന്ദത്തിന്‍റെ തനിയാവാര്‍ത്തനങ്ങളാണ്. അതായത്, ദൈവകൃപയില്‍ ആശ്രയിക്കുന്നവര്‍ക്ക് തിരിച്ചുവരാനാവാത്ത വിധം കഠോരമായ യാതൊരു പാപവും ഇല്ലെന്നാണ് ഇന്നത്തെ സുവിശേഷം പഠിപ്പിക്കുന്നത്.

11. പുനര്‍ജനിയുടെ ആത്മവിശ്വാസം
ക്രിസ്തു പറ‍ഞ്ഞ മൂന്നു കഥകളും ജീവിതത്തില്‍ വീണുപോയവര്‍ക്ക് എഴുന്നേല്ക്കാനും, ദൈവത്തിങ്കലേയ്ക്കു തിരിയാനും സഹോദരങ്ങള്‍ക്കൊപ്പം സന്തോഷമായി ജീവിക്കാനുമുള്ള ആത്മധൈര്യം പകരുന്നുണ്ട്. ദൈവം എന്നും മനുഷ്യന്‍റെ നന്മ ആഗ്രഹിക്കുന്നു. പാപത്തില്‍ വീഴുമ്പോഴും അവിടുന്നു മനുഷ്യരുടെ നന്മ ആഗ്രഹിക്കുന്നതിനാല്‍, നമ്മുടെ തിരിച്ചുവരവും, അനുതാപവും മാനസാന്തരവുമാണ് പിതാവായ ദൈവത്തിനു പ്രിയങ്കരമെന്നു നാം മനസ്സിലാക്കണം.

12. ദൈവത്തിന്‍റെ കൃപയാണ് മനുഷ്യന്‍റെ ആത്മരക്ഷ
ധൂര്‍ത്തപുത്രന്‍റെ മനസ്സിലെന്നപോലെ ഇന്ന് നിങ്ങളുടെയും എന്‍റെയും ഹൃദയങ്ങളില്‍ ദൈവസ്നേഹത്തിലേയ്ക്കും സഹോദര സ്നേഹത്തിലേയ്ക്കും തിരികെ വരാനുള്ള ആത്മവിശ്വാസം പുനര്‍ജനിപ്പിക്കാം! ജീവിതത്തില്‍ തെറ്റിപ്പോയിടങ്ങളില്‍നിന്നും എഴുന്നേറ്റു പിതൃസ്നേഹത്തിലേയ്ക്കു തിരികെ നടക്കാനുള്ള പ്രത്യാശയുടെ പൊന്‍നാമ്പു തെളിയിക്കാന്‍ ക്രിസ്തു പറഞ്ഞ ഈ കഥകള്‍ നമ്മുടെ മനസ്സുകളെ പ്രചോദിപ്പിക്കട്ടെ! ദൈവത്തിന്‍റെ ഉഗ്രകോപത്തിനെതിരെ തന്‍റെ ജനത്തിനുവേണ്ടി കര്‍ത്താവിന്‍റെ കാരുണ്യം തേടിയ മോശയുടെ ചിത്രവും (പുറപ്പാട് 32, 7-11, 13-14), ദൈവത്തിന്‍റെ കരുണയാണ് വിജാതിയനും പാപിയുമായ തനിക്കു രക്ഷയായതെന്നു ഏറ്റുപറയുന്ന പൗലോസ് അപ്പസ്തോലനും (1 തിമോത്തി. 1, 12-17) ഇന്നത്തെ വചനത്തിലൂടെ നമുക്കു പ്രചോദനവും പ്രത്യാശയും നല്കുന്നത്. നമുക്കു മാതൃകയാകുന്നത്. കാരണം ദൈവം കരുണയുള്ള നമ്മുടെ ഇടയനാണ്! നാഥന്‍ കൃപാലുവും നമുക്കു രക്ഷ നല്കുന്നവനുമാണ്...!!

ഡോക്ടര്‍ സതീഷ്ഭട്ടും സംഘവും ആലപിച്ച ഗാനം, ഫാദര്‍ മാത്യു മുളവനയുടെ രചനയാണ്, സംഗീതം ജെറി അമല്‍ദേവ്.

ആണ്ടുവട്ടം 24-Ɔο വാരം ഞായറാഴ്ചത്തെ സുവിശേഷ വിചിന്തനമാണ്.
പങ്കുവച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍.
 

14 September 2019, 17:29