on the path of justice ... at the Gandhi Memorial in Calcutta on the path of justice ... at the Gandhi Memorial in Calcutta 

മാതൃത്വം പകരംവയ്ക്കുന്നതില്‍ നിയമനിയന്ത്രണം

ഗര്‍ഭപാത്രം വാടകയ്ക്കുകൊടുക്കുന്ന രീതി ഭാരതസര്‍ക്കാര്‍ നിയമപരമായി തടയുവാന്‍ ഒരുങ്ങുന്നു. ലോകസഭ പാസ്സാക്കിയ ഇതു സംബന്ധിച്ച ബില്‍ രാജ്യസഭ ഉടനെ പരിഗണിക്കും.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഗര്‍ഭപാത്രം വാടകയ്ക്കു കൊടുക്കുന്നവര്‍
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഗര്‍ഭപാത്രം വാടകയ്ക്കു നല്കുന്നവരുടെ 3000-ത്തില്‍പ്പരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തന നിരതമായിട്ടുണ്ട്. മാതൃത്ത്വം പകരംവയ്ക്കുന്ന (surrogate motherhood) മെഡിക്കല്‍ സംവിധാനത്തിന്‍റെ ധാര്‍മ്മികതകള്‍ ലംഘിച്ചാണ് ഈ കച്ചവട സംവിധാനങ്ങള്‍ ഭാരതത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. ഈ അധാര്‍മ്മിക കച്ചവടം ഇല്ലാതാക്കാന്‍ സഹായകമാണ് ആഗസ്റ്റ് 7-Ɔο തിയതി ഇന്ത്യന്‍ പാര്‍ളിമെന്‍റിന്‍റെ ലോകസഭാ അംഗീകാരം നേടിയ മാതൃത്വം പകരംവയ്ക്കുന്നതു സംബന്ധിച്ച ‘ബില്‍’ (Bill on Serrogate motherhood). ഗര്‍ഭപാത്രങ്ങള്‍ വാടകയ്ക്കു നല്കുന്ന വ്യക്തികളുടെ അധാര്‍മ്മിക പ്രവണതയും, അതിനെ പിന്‍തുണയ്ക്കാനും വളര്‍ത്താനും തുടങ്ങിയിട്ടുള്ള ക്ലിനിക്കുകളും ഇതോടെ നിര്‍ത്തലാക്കാനും പോരുന്നതാണ് ലോകസഭയുടെ തീരുമാനം. സാമൂഹ്യനന്മ ലക്ഷ്യമാക്കിയുള്ളതും ധാര്‍മ്മികതയുള്ളതുമായ ഈ ജനസമ്മതി ഐകരൂപ്യമുള്ള രാജ്യസഭ അംഗീകരിക്കുന്നതോടെ നിയമനടപടികള്‍ നടപ്പില്‍വരും. ഗര്‍ഭപാത്രം വാടകയ്ക്കു കൊടുക്കുന്ന ഒരു കച്ചവട സംവിധാനം 2001-മുതല്‍ ഭാരതത്തില്‍ വ്യാപകമായി വളര്‍ന്നുവന്നത് ഉത്തരവാദിത്ത്വപ്പെട്ടവര്‍ അവഗണിക്കുകയും, അഴിമതിക്കു കൂട്ടുനില്ക്കുകയും ചെയ്തതുകൊണ്ടാണ്  ഇപ്പോള്‍ നിയമനടപടിയിലൂടെ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

മാതൃത്വം പകരംവയ്ക്കുന്നതിലുള്ള നിയമസാധുത
മാതൃത്വം പകരംവയ്ക്കേണ്ട ദാമ്പത്തിക ജീവിതത്തിന്‍റെ അടിയന്തിര സാഹചര്യങ്ങളും അത്യപൂര്‍വ്വ ഘട്ടങ്ങളും പരിഗണിക്കുന്ന വിധത്തില്‍, മറ്റു “പ്രത്യേക ലക്ഷ്യങ്ങള്‍ക്കായി” (Altruistic purposes of married couples and families with regard to surrogate motherhood) അനുമതി നല്കുന്ന നിയമരൂപീകരണത്തിലേയ്ക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. വിവാഹാനന്തരം അഞ്ചു വര്‍ഷക്കാലത്തില്‍ അധികമായി ദാമ്പത്ത്യഫലങ്ങള്‍ ഇല്ലാത്തവര്‍ക്ക് മാതൃത്വം പകരംവയ്ക്കുന്ന (Surrogate motherhood) സംവിധാനങ്ങള്‍ നിയമപരമായി ഉപയോഗപ്പെടുത്താവുന്നതാണ്. അതിന് സര്‍ക്കാര്‍ പ്രത്യേകം അനുമതി നല്കിയിട്ടുള്ള മെഡിക്കല്‍ സ്ഥാപനങ്ങള്‍ രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളില്‍ പ്രത്യേക അനുമതിയോടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളതാണ്. എന്നാല്‍ അതിനെ മറികടന്നാണ് ക്രമക്കേടുകള്‍ ഇന്ത്യയില്‍ വളര്‍ന്നുവന്നിട്ടുള്ളത്.

പാവങ്ങളായ സ്ത്രീകളെ ചൂഷണംചെയ്യുന്ന സംവിധാനം
രാജ്യത്തെ പാവങ്ങളും പിന്നോക്കക്കാരുമായ സ്ത്രീകളെ മെഡിക്കല്‍ സ്ഥാപനങ്ങള്‍ ചൂഷണ വിധേയാമാക്കിയും, അവരുടെ ഗര്‍ഭപാത്രം അന്യദേശക്കാര്‍ക്ക് വാടകയ്ക്കു നല്കിയും, പ്രസ്ഥാനങ്ങളും ഡോക്ടര്‍മാരും, ചിലപ്പോള്‍ ഇടനിലക്കാരും അന്യായമായി പണമുണ്ടാക്കുന്ന രീതിയെയും ഈ നിയമനടപടി ഇല്ലാതാക്കുമെന്നാണ് പ്രത്യാശ. അപരിചതര്‍ക്കും അന്യനാട്ടുകാര്‍ക്കും ഗര്‍ഭപാത്രം വാടകയ്ക്കു നല്കുന്ന ശീലം വളര്‍ത്തിയ ലോകത്തെ വിരളമായ രാഷ്ട്രങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഗര്‍ഭപാത്രം വാടകയ്ക്കു കൊടുക്കുന്നത് അംഗീകരിച്ചിട്ടുള്ള മറ്റു രാജ്യങ്ങള്‍ റഷ്യ, ഉക്രെയിന്‍, അമേരിക്കയിലെ കലിഫോര്‍ണിയ സംസ്ഥാനം എന്നിവ മാത്രമാണ്.

ധീരയായൊരു അഭിഭാഷകയുടെ വിജയം
ഗര്‍ഭധാരണത്തിന് ശരീരം വാടകയ്ക്കു കൊടുക്കുന്ന ഭാരതത്തിലെ സാമൂഹിക രീതിക്കെതിരെ 2015-മുതല്‍ സുപ്രീംകോടതിയില്‍ നിയമയുദ്ധം നടത്തിയിട്ടുള്ളതും, ഇപ്പോള്‍ 80 വയസ്സുകാരിയുമായി വിശ്രമജീവിതം നയിക്കുന്ന സീനിയര്‍ അഭിഭാഷക, ജയശ്രീ വാടയുടെ വിജയംകൂടിയാണ് ഇനിയും നിലവില്‍ വരാനിരിക്കുന്ന നീതിനിഷ്ഠവും ധാര്‍മ്മികവുമായ മാതൃത്വം പകരംവയ്ക്കുന്നതു സംബന്ധിച്ച നിയമനടപടിക്രമം.

വത്തിക്കാന്‍റെ ദിനപത്രം, “ലൊസര്‍വത്തോരെ റൊമാനോ”യാണ് (L’Osservatore Romano) ആഗസ്റ്റ് 8-Ɔο തിയതി വ്യാഴാഴ്ച ഈ വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 August 2019, 11:57