Sun Flowers bloomed in the heat waves of European summer Sun Flowers bloomed in the heat waves of European summer 

വല്ലഭനും കൃപാപൂര്‍ണ്ണനുമായ ദൈവത്തെ പ്രകീര്‍ത്തിക്കുന്ന ഗീതം

വചനവീഥിയെന്ന ബൈബിള്‍ പഠനപരമ്പര - രാജകീയ സങ്കീര്‍ത്തനം 145-ന്‍റെ പഠനം ആറാംഭാഗം – പൊതുവായ അവലോകനം

- ഫാദര്‍ വില്യം നെല്ലിക്കല്‍

സങ്കീര്‍ത്തനം 145-ന്‍റെ പൊതുഅവലോകനം

സങ്കീര്‍ത്തന ശേഖരത്തിലെ അവസാനഭാഗം
സങ്കീര്‍ത്തനഗ്രന്ഥ ശേഖരത്തിലെ അവസാനത്തെ 5 സങ്കീര്‍ത്തനങ്ങളില്‍ ആദ്യത്തെ ഗീതമാണിത് – സങ്കീര്‍ത്തനം 145. അങ്ങനെ അതിമനോഹരമായ സ്തുതിപ്പുകളോടെയാണ് സങ്കീര്‍ത്തനഗ്രന്ഥം അവസാനിക്കുന്നതെന്നു പറയാം. കഴിഞ്ഞ ഭാഗങ്ങളിലെ പഠനത്തില്‍നിന്നും സങ്കീര്‍ത്തനം 145-ന്‍റെ മനോഹാരിതയും ഇസ്രായേലില്‍ നിലനിന്നിരുന്ന ദൈവസ്തുതിയുടെ ആഴമായ അര്‍ത്ഥഗാംഭീര്യവും മനസ്സിലാക്കിയതാണ്. ഹെബ്രായ ആരാധനക്രമത്തില്‍ ഒരു പ്രഭാതസ്തുതിപ്പായി ഇന്നും ഉപയോഗത്തിലുള്ള സങ്കീര്‍ത്തനമാണ് നാം പഠനവിഷയമാക്കിയ ഗീതം 145. മനുഷ്യചരിത്രത്തില്‍ ദൈവത്തിന്‍റെ സര്‍വ്വാധീശത്വം പ്രഘോഷിക്കുന്ന ഈ ഗീതം തീര്‍ച്ചയായും സങ്കീര്‍ത്തനഗ്രന്ഥത്തിന്‍റെ അവസാനഭാഗത്ത് ഏറെ പ്രസക്തം തന്നെയെന്നു പറയാം. 10-Ɔമത്തെയും 21-Ɔമത്തെയും സങ്കീര്‍ത്തനവരികള്‍ അത് വ്യക്തമാക്കുന്നതു ശ്രദ്ധിക്കാം.

Musical Version of Ps. 145
എട്ടും ഒന്‍പതും
8-9 കര്‍ത്താവേ, എല്ലാ സൃഷ്ടികളും അങ്ങേയ്ക്കു സദാ നന്ദിയര്‍പ്പിക്കുന്നു
അങ്ങേ വിശുദ്ധര്‍ തവനാമം ജപിക്കുന്നു
അവര്‍ അങ്ങേ രാജ്യത്തിന്‍റെ മഹത്വം പ്രകീര്‍ത്തിക്കുന്നു.
അങ്ങയുടെ നാമത്തെ എന്നേയ്ക്കും ഞങ്ങള്‍
വാഴ്ത്തി സ്തുതിക്കുന്നു.
- എന്‍ രാജാവും

ബലഹീനരെ കൈവെടിയാത്ത ദൈവം
ദൈവം ബലഹീനനായ മനുഷ്യനെ കൈവെടിയുന്നില്ല എന്ന സത്യം പ്രഘോഷിക്കുന്ന ഗീതമാണിത്. നമ്മുടെ നാളുകളെ തിന്മയുടെ ശക്തികള്‍ കീഴ്പ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്യുന്നില്ല.
മാത്രമല്ല, അനുദിന ജീവിതസംഭവങ്ങള്‍ അര്‍ത്ഥശൂന്യമായോ ജീവിതത്തില്‍ ലക്ഷ്യമില്ലാതെയോ കടന്നുപോകുന്നില്ല. കാരണം മനുഷ്യകുലത്തിന് ദൈവം സ്രഷ്ടാവും നാഥനുമാണ്. അവിടുത്തേയ്ക്ക് ഓരോ സൃഷ്ടിക്കുമായി അന്യൂനമായൊരു പദ്ധതിയുണ്ട്. ഈ ബോധ്യത്തില്‍നിന്ന് ശരിയായതും സത്യസന്ധവുമായ ഒരു വിശ്വാസവും അതിന്‍റെ പ്രഘോഷണവും ആര്‍ക്കും വികസിപ്പിച്ചെടുക്കാന്‍ സാധിക്കും. ആ വിശ്വാസബോധ്യമാണ്  ദൈവസ്നേഹത്തിന്‍റെയും ദൈവികനന്മകളുടെയും ഗുണഗണങ്ങളായും, ഗുണവിശേഷങ്ങളായും (attributes) ഒരു പ്രാര്‍ത്ഥനാമഞ്ജരിപോലെ ഗായകന്‍ രേഖപ്പെടുത്തുകയും പ്രഘോഷിക്കുകയും ചെയ്യുന്നത്.

Musical Version of Ps. 145
പത്തും പതിനൊന്നും പദങ്ങള്‍
10-11 കര്‍ത്താവു കൃപാലുവും കരുണാമയനും
ക്ഷമാശീലനും സ്നേഹസമ്പന്നനുമാകുന്നു
കര്‍ത്താവെല്ലാവര്‍ക്കും നല്ലവനാണ്
തന്‍റെ സര്‍വ്വസൃഷ്ടികളുടേയും മേല്‍ അവിടുന്നു കരുണചൊരിയുന്നു
അവിടുന്നു കരുണചൊരിയുന്നു.
- എന്‍ രാജാവും

വല്ലഭനും കൃപാപൂര്‍ണ്ണനും
ദൈവത്തിന്‍റെ മഹത്വം, നന്മ, നീതി, കൃപ, കാരുണ്യം, ക്ഷമ, സ്നേഹം എന്നീ ഈ ഗുണഗണങ്ങള്‍ സങ്കീര്‍ത്തകന്‍ വരികളില്‍ ശക്തമായി ആവര്‍ത്തിച്ചു പ്രതിഫലിപ്പിക്കുന്നത് നമുക്കു കാണാം. ഇതില്‍നിന്നും അനുവാചകര്‍ക്കു ലഭിക്കുന്ന ഒരു സമാശ്വാസത്തിന്‍റെ സത്യം വ്യക്തമായി പുറത്തുവരുന്നുണ്ട്. അതായത്  ഒരിക്കലും മനുഷ്യരെ സ്രഷ്ടാവായ ദൈവം പരിത്യജിക്കുന്നില്ല. ദൈവം നമ്മെ പരിപാലിക്കുന്നു. അവിടുത്തെ സ്നേഹവും കരുണയും, നന്മയും നീതിയും സമാധാനവുമെല്ലാം ഉള്‍ക്കൊണ്ടും, കാത്തുപാലിച്ചും ജീവിക്കാന്‍ അവിടുന്നു നമ്മെ ക്ഷണിക്കുന്നു. നമ്മുടെ ദിനരാത്രങ്ങളെ അതിനാല്‍ നാം അലങ്കോലപ്പെടുത്തേണ്ടതില്ല. ആയുസ്സിന്‍റെ ഓരോ നിമിഷവും ഓരോ യാമവും, ഓരോ ദിനവും ദൈവത്തിന്‍റേതാണ്.

സ്രഷ്ടാവും സൃഷ്ടികളും 
അവിടുത്തെ കരങ്ങളില്‍ സ്വയം സമര്‍പ്പിച്ച് പ്രത്യാശയോടെ മുന്നേറുന്നവരെ ദൈവം നയിക്കും, ദൈവം കാത്തുപാലിക്കും. ദൈവം നമ്മുടെ സ്രഷ്ടാവാകയാലാണ് ദൈവ-മനുഷ്യബന്ധത്തെ അവിടുന്ന് ഊട്ടിയുറപ്പിക്കുന്നത്. ഈ ഭൂമി ദൈവത്തിന്‍റെ പൊതുഭവനവും നാം അതിലെ നിവാസികളുമാണെങ്കില്‍ ദൈവം എത്രത്തോളം മനുഷ്യരുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നമുക്ക് അനുമാനിക്കാവുന്നതാണ്. സ്രഷ്ടാവും സൃഷ്ടികളും തമ്മിലുള്ള അഭേദ്യമായ ബന്ധം വരികളില്‍ ഉടനീളും ‍പ്രതിഫലിപ്പിക്കുന്ന മനോഹരമായ ഗീതമാണിത്. ഒപ്പം അവിടുത്തെ പൊതുഭവനത്തില്‍ സാഹോദര്യത്തിന്‍റെയും കൂട്ടായ്മയുടെയും ഒരു സംസ്കൃതി നിലനില്ക്കണമെന്നും ഈ സങ്കീര്‍ത്തനപദങ്ങളില്‍നിന്നും നമുക്കു വായിച്ചെടുക്കാവുന്നതാണ്.

Musical Version of Ps. 145
പതിമൂന്നും പതിനാലും പദങ്ങള്‍
13-14 കര്‍ത്താവിന്‍റെ ആധിപത്യം തലമുറകളോളം നിലനില്ക്കുന്നു
അവ നിലനില്ക്കുന്നു
കര്‍ത്താവു തന്‍റെ വാഗ്ദാനങ്ങളില്‍ വിശ്വസ്തനാണ്
തന്‍റെ പ്രവൃത്തികളില്‍ അവിടുന്നു കരുണയുള്ളവനാകുന്നു,
കര്‍ത്താവു വീഴുന്നവരെ താങ്ങുന്നു
നിലംപറ്റിയവരെ എഴുന്നേല്പിക്കുന്നു.
- എന്‍ രാജാവും

ദുഃഖിതര്‍ക്കും  പീഡിതര്‍ക്കും സാന്ത്വനമായ ദൈവം
ഈ ലോകത്ത് അനീതിയാല്‍ അടിച്ചമര്‍ത്തപ്പെടുന്നവരും പരിത്യക്തരാകുന്നവരും പീഡിപ്പിക്കപ്പെടുന്നവരും, ദൈവത്തിന്‍റെ പദ്ധതിയിലും കരങ്ങളിലും സംരക്ഷിക്കപ്പെടും നയിക്കപ്പെടും എന്ന ഉറപ്പു തരുന്ന വളരെ ശ്രദ്ധേയമായ സങ്കീര്‍ത്തനമാണ് 145-Ɔ൦ ഗീതം. വിശക്കുന്നവര്‍ക്ക് അന്നം നല്കുന്ന, ബന്ധനസ്ഥരെ സ്വതന്ത്രരാക്കുന്ന, അന്ധര്‍ക്കു കാഴ്ചനല്കുന്ന, വീഴുന്നവരെ താങ്ങുന്ന, നീതിമാന്മാരെ സ്നേഹിക്കുന്ന, പരദേശികളെ സംരക്ഷിക്കുന്ന, അനാഥരെയും വിധവകളെയും പരിപാലിക്കുന്ന ഒരു നീതിമാനായ ദൈവം ഉണ്ടെന്നു സങ്കീര്‍ത്തന പദങ്ങള്‍ വ്യക്തമാക്കുന്നു. അതിനാല്‍ നമുക്കു പറയാം, ദൈവം ദുഷ്ടരുടെ വഴികള്‍ ഇഷ്ടപ്പെടുന്നില്ല. അവ ഇഷ്ടപ്പെടാതിരിക്കുക മാത്രമല്ല, അവിടുന്ന് അവരുടെ വഴികളെ തകിടം മറിയ്ക്കുന്നു. എന്നിട്ട് കര്‍ത്താവ് സകല സൃഷ്ടികളുടെയും നാഥനും രാജാവുമായി എക്കാലത്തും വാഴുന്നു.

ഗീതത്തിലെ ദൈവരാജ്യചിന്തകള്‍
സങ്കീര്‍ത്തനം 145-നെക്കുറിച്ചു ചൂണ്ടിക്കാണിക്കാവുന്ന മറ്റൊരു മനോഹരമായ ഘടകം, ഇതില്‍ പ്രതിഫലിക്കുന്ന ദൈവരാജ്യ ചിന്തകളാണ്. ദൈവരാജ്യത്തിന്‍റെ മഹത്വം വിശുദ്ധര്‍ പ്രഘോഷിക്കും എന്നു പറയുമ്പോള്‍, ദൈവത്തിന്‍റെ പദ്ധതികള്‍ വിശ്വാസത്തിന്‍റെ കണ്ണുകളില്‍ അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരെയാണ് സങ്കീര്‍ത്തകന്‍ വിശുദ്ധര്‍ എന്നു പരാമര്‍ശിക്കുന്നത്. ദൈവം രാജാവായിട്ടുള്ള സ്ഥാനമാണ് ദൈവരാജ്യം. ദൈവത്തിന്‍റെ ശക്തിവൈഭവം വിശുദ്ധര്‍ പ്രകീര്‍ത്തിക്കുന്നു.

ക്രിസ്തുവിലേയ്ക്കു വിരല്‍ചൂണ്ടുന്ന ഗീതം
ദൈവരാജ്യത്തില്‍ ജീവിത വിശുദ്ധിയുള്ളവര്‍ അവിടുത്തെ പ്രകീര്‍ത്തിക്കുന്നുവെന്നും സങ്കീര്‍ത്തകന്‍ കുറിക്കുന്നുണ്ട്. ദൈവത്തിന്‍റെ ശക്തി പ്രപഞ്ചത്തെ നയിക്കുന്നതിലും പരിപാലിക്കുന്നതിലുമാണ്. “ദൈവം നമ്മോടുകൂടെ... ഇമ്മാനുവല്‍…” അവിടുന്നു മനുഷ്യരുടെ കൂടെയായിരുന്നതാണ് ദൈവമഹത്വം. പുതിയ നിയമത്തില്‍ ക്രിസ്തുവിന്‍റെ ദൈവരാജ്യപ്രഘോഷണവും,  ജനമദ്ധ്യത്തിലെ അവിടുത്തെ സാമീപ്യവും ദൈവരാജ്യത്തിന്‍റെ പ്രതിബിംബമാണ്. മാത്രമല്ല, ദൈവത്തിന്‍റെ രാജ്യം തലമുറ തലമുറകളോളം നീണ്ടുനില്ക്കുമെന്നും, എന്നെന്നും നിലനില്ക്കുമെന്നും സങ്കീര്‍ത്തകന്‍ വരികളില്‍ വ്യക്തമാക്കുമ്പോള്‍, ക്രിസ്തു ആദിയും അന്ത്യവും  എന്ന സംജ്ഞ സങ്കീര്‍ത്തന വരികള്‍ക്കിടയില്‍ വെളിപ്പെട്ടു കിട്ടുന്നു. ഭൂമിയിലെ സാമ്രാജ്യവും സമ്രാജ്യാധിപന്മാരും കടന്നുപോകുന്നു, കാലംചെയ്യുന്നു. അങ്ങനെ മാനുഷികതലത്തില്‍ ഒരു രാഷ്ട്രത്തിന്‍റെ നിലനില്പ് അതിന്‍റെ നേതാവിനെ ആശ്രയിച്ചിരിക്കുന്നു, അതിനു പരിധികളുമുണ്ട്.

Musical Version of Ps. 145
ആദ്യത്തെ രണ്ടുപദങ്ങള്‍
1-2 എന്‍റെ ദൈവവും രാജാവുമായ അങ്ങയെ ഞാന്‍ പുകഴ്ത്തുന്നു
ഞാന്‍ അങ്ങയുടെ നാമത്തെയെന്നും വാഴ്ത്തുന്നു
അനുദിനം ഞാന്‍ അങ്ങയെ പാടിസ്തുതിക്കുന്നു
അങ്ങയുടെ നാമത്തെ എന്നേയ്ക്കും ഞാന്‍
വാഴ്ത്തി സ്തുതിക്കുന്നു.
- എന്‍ രാജാവും

ശാശ്വതമായ സ്നേഹം
ദൈവത്തിന്‍റെ ആധിപത്യം ശാശ്വതമാണ്. അത് എന്നേയ്ക്കും നിലനില്ക്കുന്നു. ദൈവരാജ്യം അനശ്വരമാണ്, ദൈവം അനശ്വരനാണ്. ദൈവത്തിന്‍റെ പ്രവൃത്തികള്‍ എന്നു പറയുമ്പോള്‍ അത് വാക്കുകളില്‍ പ്രകടമാക്കപ്പെടുന്ന അവിടുത്തെ വ്യക്തിത്വത്തിന്‍റെ പൂര്‍ണ്ണതയാണ്. കാരണം, അവിടുന്നു വാക്കുകളില്‍ വിശ്വസ്തനാണ്. അവിടുന്നു പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങള്‍ തമ്മില്‍ വലിയ പൊരുത്തമുണ്ടെന്നതാണ് അതു വ്യക്തമാക്കുന്നത്. കര്‍ത്താവു വിശ്വസ്തനാണെന്ന് സങ്കീര്‍ത്തകന്‍ പാടുന്നു. വീണു കിടക്കുന്നവനെ താങ്ങുകയും, മുറിപ്പെട്ടവനെ സംരക്ഷിക്കുകയും ചെയ്യുന്ന നല്ല സമറിയാക്കാരനും,  മടങ്ങി വന്ന് ഇനിയും ബാക്കിയുള്ള പണം നല്കിക്കൊള്ളാമെന്നു പറയുകയും, വാക്കു പാലിക്കുകയും ചെയ്യുന്ന വിശ്വസ്തനും കൃപാലുവും, കരുണാസമ്പന്നനുമായ ദൈവത്തിലെ വല്ലഭനെയും സങ്കീര്‍ത്തനപദങ്ങളിലൂടെ ഗായകന്‍ വരച്ചുകാട്ടുന്നു. ദൈവത്തിന്‍റെ അപരിമേയമായ ശക്തിയും മഹത്വവും, സൃഷ്ടികളായ മനുഷ്യരുടെ കൂടെയായിരുന്ന അവിടുത്തെ നന്മയും, കാരുണ്യവും സ്നേഹവും പ്രകീര്‍ത്തിക്കുന്ന സങ്കീര്‍ത്തനപഠനം, ക്രിസ്തുവിനെക്കുറിച്ചുള്ളൊരു ധ്യാനത്തോടെ നമുക്ക് ഉപസംഹരിക്കാം.

Musical Version of Ps. 145
പ്രഭണിതം
ആദ്യപദം
എന്‍ രാജാവും ദൈവവുമായവനേ,
വാഴ്ത്തും തവ നാമം ഞാന്‍ എന്നുമെന്നും
solo & Chorus (2)

സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയും. ആലാപനം രമേഷ് മുരളിയും സംഘവും.

നിങ്ങള്‍‍ ഇതുവരെ ശ്രവിച്ചത് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പരയാണ്. അവതരിപ്പിച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 August 2019, 14:12