തിരയുക

sunset by the shores of Yamuna sunset by the shores of Yamuna 

ദൈവത്തിങ്കലേയ്ക്കു തിരിയുന്ന തീര്‍ത്ഥാടകരുടെ ഗീതം

വചനവീഥിയെന്ന ബൈബിള്‍ പഠനപരമ്പര – ആരോഹണഗീതം, സങ്കീര്‍ത്തനം 123–ന്‍റെ പഠനം രണ്ടാംഭാഗം.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സങ്കീര്‍ത്തനം 123-ന്‍റെ പഠനം - രണ്ടാംഭാഗം

ഇസ്രായേലിന്‍റെ  തീര്‍ത്ഥാടനഗീതം
സങ്കീര്‍ത്തനം 123-ന്‍റെ പഠനം രണ്ടാം ഭാഗം, പദങ്ങളുടെ വ്യാഖ്യാനത്തിലേയ്ക്കു കടക്കുകയാണിന്ന്. ഈ ചെറിയ സങ്കീര്‍ത്തനത്തിന്‍റെ ആകെയുള്ള 4 പദങ്ങളും ആദ്യഭാഗത്ത് പരിചയപ്പെടുകയുണ്ടായി.. ഇതൊരു ആരോഹണ ഗീതമാണെന്നും, വിശുദ്ധ ഗ്രന്ഥത്തില്‍ ദാവീദു രാജാവിന്‍റെ പേരില്‍ സങ്കീര്‍ത്തന പുസ്തകത്തിന്‍റെ അവസാനഭാഗത്തുള്ള ഗീതങ്ങളുടെ സമാഹാരത്തില്‍ ഒന്നാണെന്നും മനസ്സിലാക്കി. തീര്‍ത്ഥാടകര്‍ ജരൂസലേം ദേവാലയത്തിന്‍റെ പടികള്‍ ചവിട്ടിക്കയറുമ്പോള്‍ ആലപിച്ചിരുന്ന ഒരു ഗീതമാണിത്. അതിനാല്‍ ഒരു തീര്‍ത്ഥാടന ഗീതമായിട്ടാണ് ഇസ്രായേലില്‍ ഇത് കണക്കാക്കപ്പെട്ടിരുന്നത്. ജരൂസലേമിനെ കര്‍ത്താവിന്‍റെ മലയെന്നും, ദൈവത്തിന്‍റെ തീര്‍ത്ഥസ്ഥാനമെന്നും അവര്‍ കരുതിയിരുന്നതുകൊണ്ട് അവിടേയ്ക്കുള്ള യാത്രയെ ഒരു കയറ്റമായും ആരോഹണമായും പരിഗണിച്ചിരുന്നു.

പിന്നെയും മറ്റു വ്യാഖ്യാനങ്ങള്‍ ഈ ഗീതത്തിന്‍റെ ഘടനയെക്കുറിച്ചും സാഹിത്യരൂപത്തെക്കുറിച്ചും നിരൂപകന്മാര്‍ നല്കിയിട്ടുണ്ട്. ആദ്ധ്യാത്മിക അഭിവൃദ്ധി ആഗ്രഹിക്കുന്ന ആത്മാവിന്‍റെ ഗാനവും ഗമനവുമാണിത്. ഉദാഹരണത്തിന്... കേരളത്തിന്‍റെ ചുറ്റുപാടില്‍, ശബരിമല സന്നിധാനത്തിലെ 18-Ɔο പടി കയറാന്‍ ഭക്തര്‍ ശരണംവിളിയോടെ കയറുന്ന രീതിയില്‍, ജരൂസലേം നഗരത്തിലെത്തി മഹാദേവാലയത്തിന്‍റെ സന്നിധിയിലേയ്ക്കു കയറുന്ന 15 പടികള്‍ ചവിട്ടിക്കയറുമ്പോള്‍ ഭക്തരുടെ അല്ലെങ്കില്‍ വിശ്വാസികളുടെ ശരണം വിളിയായി ഈ ചെറിയ ഗീതത്തെ വിശേഷിപ്പിക്കാറുണ്ട്. ഈ ധാരണകളോടെ സങ്കീര്‍ത്തനത്തിലെ വരികളുടെ വ്യാഖ്യാനത്തിലേയ്ക്കു നമുക്കു കടക്കാം.

Musical Version : Psalm123
സങ്കീര്‍ത്തനം 123 – കരുണ തേടുന്ന ഒരു ആരോഹണഗീതം
പ്രഭണിതം
കര്‍ത്താവേ എന്‍ കണ്ണുകളങ്ങേ വദനം തേടുന്നു
കാരുണ്യം തേടുന്നൂ, തവ കാരുണ്യം തേടുന്നൂ (2).

ദൈവമായ കര്‍ത്താവില്‍ ദൃഷ്ടിപതിപ്പിക്കുന്നവര്‍
ജരൂസലേം ദേവാലയത്തിന്‍റെ പുറംകവാടത്തിലുള്ള അവസാനത്തെ പ്രധാനപടികള്‍ തീര്‍ത്ഥാടകര്‍ ചവിട്ടിക്കയറുമ്പോള്‍ അവര്‍ കര്‍ത്താവിന്‍റെ സന്നിധാനത്തിന്‍റെ മുകളിലേയ്ക്കാണ് നോക്കുന്നത്. വിശ്വാസത്തിലും, ഭക്തിയുടെ നിറവിലും തീര്‍ത്ഥാടകര്‍ ദൈവമായ ‘യാവേ’യുടെ (Yahweh) സിംഹാസനത്തിലേയ്ക്കാണ് ദൃഷ്ടികള്‍ പതിച്ചു മുന്നേറുന്നത്. ഉയര്‍ത്തിപ്പിടിച്ച ദൃഷ്ടികള്‍ക്കു മേലെ ആകാശവിതാനത്തിനുമപ്പുറം അവര്‍ സിംഹാസനസ്ഥനായ ദൈവത്തെ മനസ്സില്‍ ധ്യാനിക്കുന്നു, അല്ലെങ്കില്‍ ആത്മീയമായി ദര്‍ശിക്കുന്നു. ഈ ജീവിതയാത്രയില്‍ എപ്രകാരം മനുഷ്യന്‍റെ ദൃഷ്ടികള്‍ ദൈവത്തിങ്കലേയ്ക്കു തിരിഞ്ഞിരിക്കണമെന്ന് ഈ സങ്കീര്‍ത്തനപദങ്ങള്‍ക്കു സമാന്തരമായി ഏശയ്യാ പ്രവചിക്കുന്നതു നമുക്കു ശ്രവിക്കാം :

Recitation :
“കര്‍ത്താവ് ഉന്നതമായ ഒരു സിംഹാസനത്തില്‍
‍ഉപവിഷ്ടനായിരിക്കുന്നതു ഞാന്‍ കണ്ടു.
അവിടുത്തെ വസ്ത്രാഞ്ചലം ദേവാലയം മുഴുവന്‍ നിറഞ്ഞുനിന്നു.
അവിടുത്തെ ചുറ്റും സെറാഫുകള്‍, മാലാഖമാര്‍ നിന്നിരുന്നു.
അവര്‍ പരസ്പരം ഉദ്ഘോഷിച്ചു, പരിശുദ്ധന്‍, പരിശുദ്ധന്‍,
സൈന്യങ്ങളുടെ കര്‍ത്താവു പരിശുദ്ധന്‍.
ഭൂമി മുഴുവന്‍ അവിടുത്തെ മഹത്വം നിറഞ്ഞിരിക്കുന്നു.
അവരുടെ ശബ്ദഘോഷത്താല്‍ ദേവാലയം ധൂമപൂരിതമായിരിക്കുന്നു...”
(ഏശയ്യ 6, 1-4).

യജമാനനെ പാര്‍ത്തിരിക്കുന്ന സേവകര്‍
സങ്കീര്‍ത്തനംപോലുള്ള പ്രാര്‍ത്ഥനാഗീതികളും വേദഗ്രന്ഥപാരായണവുമെല്ലാം പണ്ഡിതന്മാര്‍ക്കും, വിശുദ്ധിയുള്ളവര്‍ക്കും, അല്ലെങ്കില്‍ പ്രാര്‍ത്ഥനാലയത്തിന്‍റെ ചുറ്റുവട്ടത്തില്‍ ജീവിക്കുന്നവര്‍ക്കും മാത്രമുള്ളതായിട്ടാണ് പലരും മനസ്സിലാക്കിയിരിക്കുന്നത്. എന്നാല്‍ അവ സാധാരണക്കാര്‍ക്ക് ഗോപ്യവും അപ്രാപ്യവുമായ ഗ്രന്ഥങ്ങളാണെന്ന് ചിന്തിക്കുന്നതു ശരിയല്ല. തിരുവചനം എല്ലാവര്‍ക്കുമുള്ളതാണ്. അതിന്‍റെ ചൈതന്യത്തില്‍ എല്ലാവരും ജീവിക്കേണ്ടതും വളരേണ്ടതുമാണ്.

സാധാരണ ജീവിതത്തിന്‍റെ ചുറ്റുവട്ടങ്ങളില്‍ നന്മയുടെ സത്യങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളായി മനുഷ്യര്‍ക്കു ദൈവം വെളിപ്പെടുത്തിത്തരുന്നതാണ് വിശുദ്ധഗ്രന്ഥം, അല്ലെങ്കില്‍ ദൈവവചനം. അതിനാല്‍ ഗൃഹനാഥന്‍ തന്‍റെ സേവകര്‍ക്കായി വയലിലെ ജോലികള്‍ ചിട്ടപ്പെടുത്തുമ്പോഴുള്ള ഒരു സാഹചര്യം പശ്ചാത്തലമാക്കിക്കൊണ്ട്, നാം പഠനവിഷയമാക്കിയിരിക്കുന്ന 123-Ɔο സങ്കീര്‍ത്തനത്തിന്‍റെ ആദ്യവരികള്‍ സങ്കീര്‍ത്തകന്‍ കുറിച്ചത് ഗാനരൂപത്തില്‍ നമുക്കു ശ്രവിക്കാം.

Musical Version of Ps. 123
രണ്ടാമത്തെ പദം
1 സ്വര്‍ഗ്ഗത്തില്‍ വാഴുന്നവനേ, അങ്ങിലേയ്ക്കു ഞങ്ങള്‍
കണ്ണുകള്‍ ഉയര്‍ത്തുന്നൂ
ദാസന്‍റെ കണ്ണുകള്‍ യജമാനന്‍റെ കയ്യിലേയ്ക്കെന്നപോലെ
ദാസിയുടെ കണ്ണുകള്‍ സ്വാമിനിയുടെ സന്നിധിയിലേയ്ക്കെന്നപോലെ
ഞങ്ങളുടെ നയനങ്ങള്‍ ദൈവമായ കര്‍ത്താവിനെ
പാര്‍ത്തിരിക്കുന്നു, ഞങ്ങള്‍ പാര്‍ത്തിരിക്കുന്നു.

വിശ്വസ്തദാസരുടെ ശ്രദ്ധയും കരുതലും
മേല്പറഞ്ഞ വരികളുടെ പശ്ചാത്തലത്തില്‍, ഒരു ഗൃഹനാഥയുടെയും അവരുടെ ഭര്‍ത്താവിന്‍റെയും പ്രാഭവത്തോടെയുള്ള ആജ്ഞകളെ ഭയന്നും ആശങ്കയോടെയുമായിരിക്കാം വയലിലോ, മറ്റു ജോലിസ്ഥലത്തോ ജോലിക്കാര്‍ സംഗമിച്ചിരിക്കുന്നത്. ഇതുപോലെതന്നെയാണ് ദേവാലയത്തിലെ പ്രാര്‍ത്ഥനയുടെയും അന്തരീക്ഷം. അവിടെ തീര്‍ത്ഥാടകര്‍ അല്ലെങ്കില്‍ വിശ്വാസികള്‍ ഭയഭക്തിയോടെയാണ് സന്നിധിയില്‍ നില്ക്കുന്നത്. തെറ്റില്‍ വീഴാതിരിക്കാനും, അതുവഴി കുറ്റം ആരോപിക്കപ്പെടാതിരിക്കാനും ദാസന്മാരും ദാസിമാരും അവരുടെ യജമാനന്‍റെ സന്നിധിയിലേയ്ക്ക് ദൃഷ്ടിപതിപ്പിച്ച് ഏറെ കരുതലോടെയാണ് ജോലിചെയ്യുന്നത്. വിശ്വസ്തദാസര്‍ക്ക് ആവശ്യമായ കരുതലും ശ്രദ്ധയുമാണ് സങ്കീര്‍ത്തകന്‍ ഈ വരികളില്‍ വിവരിക്കുന്നത്.

അലിവു കാട്ടിയ യജമാനന്‍ 
ശകാരം പ്രതീക്ഷിച്ചിരിക്കുന്ന ദാസന്‍, അവിചാരിതമായിട്ട് യജമാനനില്‍നിന്നു കരുണയും സ്നേഹവുമുള്ള വാക്കുകള്‍ ശ്രവിക്കുന്നെങ്കിലോ?! അയാള്‍ വിനീതനും എളിയവനുമായ ദാസനോട് ഏറെ ധാരണയും അനുകമ്പയും ആര്‍ദ്രതയുമാണ് കാണിക്കുന്നതെങ്കിലോ?! ആ അന്തരീക്ഷം നമുക്ക് ഊഹിക്കാവുന്നതാണ്. ദാസന്‍റെയോ, ദാസിയുടെയോ മനസ്സില്‍ ഉയരുന്ന സമാശ്വാസത്തിന്‍റെ കുളിരും പ്രശാന്തതയും വലുതായിരിക്കുമെന്നതില്‍ സംശയമില്ല. അത് അവര്‍ക്കു പ്രത്യാശ പകരുകയും, മുന്നോട്ടു നീങ്ങാനുള്ള കെല്പുനല്കുകയും ചെയ്യുന്നു. തുടര്‍ന്നു നാം കാണുന്നത് സങ്കീര്‍ത്തകന്‍റെ പ്രത്യാശയുള്ള യാചനയാണ്. ദൈവത്തിന്‍റെ കരുണയ്ക്കും അനുഗ്രഹത്തിനുമായുള്ള യാചനയാണ് നാം പിന്നെ കേള്‍ക്കുന്നത്. ദൈവമേ, കനിയണമേ.. എന്നില്‍ അലിവു തോന്നണേ...!! ഗീതത്തിന്‍റെ മൂന്നും നാലും വരികളാണിവ, അവസാനത്തെ വരികള്‍ ഗാനരൂപത്തില്‍ ശ്രദ്ധിക്കാം!

Musical Version of Ps. 123
3.4 കരുണ തോന്നണേ, കര്‍ത്താവേ,
ഞങ്ങളോടു കരുണ തോന്നണേ
ഞങ്ങള്‍ നിന്ദനമേറ്റു തളര്‍ന്നിരിക്കുന്നു
സുഖലോലുപരുടെ പരിഹാസവും
അഹങ്കാരികളുടം നിന്ദനവും സഹിക്കുന്നൂ
അലിവുതോന്നണേ, കര്‍ത്താവേ,
ഞങ്ങളോടു കരുണതോന്നണേ.
- കര്‍ത്താവേ എന്‍

ഗീതത്തില്‍ സ്ഫുരിക്കുന്ന ജീവിതദുഃഖവും ക്ലേശങ്ങളും
ധാരാളം സങ്കീര്‍ത്തനങ്ങള്‍ക്ക് ഇസ്രായേല്‍ ജനത്തിന്‍റെ ബാബിലോണ്‍ വിപ്രവാസം പശ്ചാത്തലമായിട്ടുണ്ട്. പ്രത്യേകിച്ച് നാം പഠനവിഷയമാക്കിയിരിക്കുന്ന സങ്കീര്‍ത്തനം 123-ന് ബാബിലോണ്‍ വിപ്രവാസത്തിന്‍റെ കയ്പും ദുഃഖവും പശ്ചാത്തലമായിട്ടുണ്ടെന്നത് ചരിത്രമാണ്. ഇസ്രായേല്യര്‍ ബാബിലോണില്‍ സഹിക്കേണ്ടി വന്ന ഏകാന്തതയും, കഷ്ടപ്പാടുകളും പീഡനങ്ങളും അവരെ ബന്ധനസ്ഥരാക്കിയ ഉന്നതസ്ഥരായവരോടുള്ള വെറുപ്പായി പരിണമിച്ചിരുന്നിരിക്കാം. എന്തിന്, ചിലപ്പോള്‍ ദൈവത്തോടു തന്നെ ആ കൈപ്പിന്‍റെ അനുഭവം വാക്കുകളിലോ, ജീവിതത്തിലോ പ്രതിഫലിച്ചിട്ടുണ്ടാകാം. വെറുപ്പ് ഏറെ നിഷേധാത്മകമായ വികാരമാണ്. അത് മനുഷ്യന്‍റെ പെരുമാറ്റത്തിലെ ഏറ്റവും നീചവും നിന്ദ്യവുമായ പ്രതികരണമായിട്ടാണ് ആത്മീയ ഗുരുക്കന്മാര്‍ കണക്കാക്കുന്നത്.

ദൈവത്തിന്‍റെ കരുണ നല്കുന്ന പ്രത്യാശ
ഈ സങ്കീര്‍ത്തനവരികളുടെ വ്യാഖ്യാനത്തില്‍, വിപ്രവാസത്തിന്‍റെ സകല വേദനയും പ്രയാസങ്ങളും സങ്കീര്‍ത്തകന്‍ മനസ്സില്‍ പേറുന്നുണ്ടായിരുന്നെന്നു മനസ്സിലാക്കേണ്ടതാണ്. ഉദാഹരണത്തിന്, നീണ്ടവര്‍ഷങ്ങള്‍ക്കുശേഷം ഒരു യുദ്ധത്തടവുകാരന്‍ മോചിതരാകുമ്പോഴുള്ള മാനസികാവസ്ഥ നമുക്ക് ഊഹിക്കാവുന്നതാണ്. അവരുടെ മനസ്സില്‍ ഉയരുന്ന നഷ്ടബോധവും, നിരാശയും ദുഃഖവും വെറുപ്പും പ്രതികാരമായി ഉയര്‍ന്നേക്കാം. എന്നാല്‍ ദൈവസന്നിധിയിലെത്തുന്ന തീര്‍ത്ഥാടകനോ അല്ലെങ്കില്‍ വിശ്വാസിക്കോ പ്രാ‍ര്‍ത്ഥനയിലൂടെയും വചനധ്യാനത്തിലൂടെയും ഗാനാലാപനത്തിലൂടെയും, സങ്കീര്‍ത്തനാലാപനത്തിലൂടെയും ലഭിക്കുന്നത് ദൈവത്തിന്‍റെ കാരുണ്യവും സ്നേഹവുമാണ്. അത് ദൈവം നല്കുന്ന പ്രത്യാശയാണ്. ദൈവം തന്‍റെ വിശ്വസ്തദാസര്‍ക്കു നല്കുന്ന ജരൂസലേമാണ്... “യാരൂ-ശാലോമാ”ണ് - ശാശ്വതമായ സമാധാനമാണ്.

Musical Version of Ps. 123
പ്രഭണിതം
ആദ്യപദം
കര്‍ത്താവേ എന്‍ കണ്ണുകളങ്ങേ വദനം തേടുന്നു
കാരുണ്യം തേടുന്നൂ, തവ കാരുണ്യം തേടുന്നൂ.

രണ്ടാമത്തെ പദം
1-2 സ്വര്‍ഗ്ഗത്തില്‍ വാഴുന്നവനേ, അങ്ങിലേയ്ക്കു ഞങ്ങള്‍
കണ്ണുകള്‍ ഉയര്‍ത്തുന്നൂ
ദാസന്‍റെ കണ്ണുകള്‍ യജമാനന്‍റെ കയ്യിലേയ്ക്കെന്നപോലെ
ദാസിയുടെ കണ്ണുകള്‍ സ്വാമിനിയുടെ കൈയ്യിലേയ്ക്കെന്നപോലെ
ഞങ്ങളുടെമേല്‍ കരുണ തോന്നുവോളം
ദൈവമായ കര്‍ത്താവിനെ ഞങ്ങള്‍
നോക്കിയിരിക്കുന്നു.
- കര്‍ത്താവേ എന്‍

സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരംചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലപിച്ചത് ഡാവിന ഹാരിയും സംഘവുമാണ്.

നിങ്ങള്‍‍ ഇതുവരെ ശ്രവിച്ചത് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പരയാണ്. അവതരിപ്പിച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 August 2019, 17:05