Amazon fires in Brazil - Rondonia region of Amazon, Brazil 26.08. 9 Amazon fires in Brazil - Rondonia region of Amazon, Brazil 26.08. 9 

ദൈവിക കാരുണ്യം തേടുന്ന ജനത്തിന്‍റെ ഗീതം

വചനവീഥിയെന്ന ബൈബിള്‍ പഠനപരമ്പര – ആരോഹണഗീതം, സങ്കീര്‍ത്തനം 123–ന്‍റെ പഠനം മൂന്നാം ഭാഗം.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സങ്കീര്‍ത്തനം 123-ന്‍റെ പഠനം - ഭാഗം 3


ഇസ്രായേലിന്‍റെ തീര്‍ത്ഥാടനഗീതം 
123-Ɔο സങ്കീര്‍ത്തനത്തിന്‍റെ പഠനം - മൂന്നാം ഭാഗത്തേയ്ക്കു നാം കടക്കുമ്പോള്‍ ആകെ നാലുവരികള്‍ മാത്രമുള്ള ഈ ഗീതത്തിന്‍റെ ഈ പഠന ഭാഗത്ത് ആത്മീയ വിചിന്തനത്തിലേയ്ക്കാണു പ്രവേശിക്കുന്നത്. 

ആരോഹണ ഗീതമായിട്ട് വകഭേദം ചെയ്തിരിക്കുന്ന ഈ സങ്കീര്‍ത്തനം ദൈവികാനുഭവത്തിലേയ്ക്കുള്ള, അല്ലെങ്കില്‍ “ദൈവസന്നിധിയിലേയ്ക്കുള്ള മനുഷ്യന്‍റെ ചവിട്ടുപടികളെ”ന്നാണ് ബൈബിളിന്‍റെ പ്രത്യേകിച്ച് സങ്കീര്‍ത്തനത്തിന്‍റെ ആത്മീയാചാര്യന്മാര്‍ വിശേഷിപ്പിക്കുന്നത്. വളരെ വിഖ്യാതനായ “റേ ഫൗളര്‍” എന്ന സമകാലീന ബൈബിള്‍ പണ്ഡിതനും, സങ്കീര്‍ത്തനങ്ങളുടെ വളരെ അറിയപ്പെട്ട ആത്മീയ വ്യാഖ്യാതാവും പറഞ്ഞത്, “ദൈവത്തിന്‍റെ ഹൃദയത്തിലേയ്ക്കുള്ള ചിവിട്ടുപടി”യെന്നാണ്. The step-way to the Heart of God.

ഗീതത്തിലെ ആത്മീയ ആരോഹണം
ഹ്രസ്വമെങ്കിലും ഉള്‍ക്കാഴ്ചയുള്ളതും, വളരെ ശക്തവുമായ ഈ സങ്കീര്‍ത്തനത്തില്‍ ഒരു ആത്മീയ ആരോഹണമുണ്ടെന്നത് നാം ആദ്യഭാഗങ്ങളില്‍ കണ്ടതാണ്. ഈ ആത്മീയ വിചിന്തനത്തിന്‍റെ ആദ്യപടി, ഗീതത്തില്‍ പ്രതിസന്ധികളുടെ വരികളാണ്. രണ്ടാമത്തെ പടി, പ്രത്യാശയുടേതും ആത്മവിശ്വാസത്തിന്‍റേതുമാണ്. മൂന്നാമത്തേതും അവസാനത്തേതും... വിജയത്തിന്‍റേതാണ്! നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈര്‍ഘ്യമുള്ളതായിരിക്കണമെന്നില്ല - എന്നാണ് ഈ സങ്കീര്‍ത്തനം നമ്മെ പഠിപ്പിക്കുന്നത്. എന്നാല്‍ അവ ലളിതവും ആത്മാര്‍ത്ഥതയുള്ളതുമായിരിക്കണം. പ്രാര്‍ത്ഥനയുടെ ദൈര്‍ഘ്യത്തിലല്ല ദൈവം സംപ്രീതനാകുന്നത്, വ്യക്തിയുടെ ആത്മാര്‍ത്ഥതയിലാണ്. അതിനാല്‍ കാരുണ്യവാനായ ദൈവത്തിലേയ്ക്കു നാം തിരിയണം, നാം ദൈവത്തിങ്കലേയ്ക്കു ദൃഷ്ടികള്‍ പതിക്കണമെന്നാണ് സങ്കീര്‍ത്തകന്‍ ഉദ്ബോധിപ്പിക്കുന്നത്. ദൈവത്തെക്കുറിച്ച് വ്യത്യസ്ത ധാരണകള്‍ നമുക്ക് ഓരോരുത്തര്‍ക്കുമുണ്ടെന്നാണ്. ദൈവം നല്ലവനാണ്. അവിടുന്നു കാരുണ്യവാനാണ്, സ്നേഹസമ്പന്നനാണ്, ദയാലുവാണ്! ഇതെല്ലാം ദൈവത്തെക്കുറിച്ചു നമുക്കുള്ള ധാരണകളാണ്. തീര്‍ച്ചയായും ഇവ നമ്മുടെ അനുഭവവും, സഭയും സമൂഹവും നമ്മെ പഠിപ്പിക്കുന്ന വിശ്വാസ ബോധ്യങ്ങളുമാണ്. എന്നാല്‍ ഓര്‍ക്കണം, കാരുണ്യം തേടുന്നവര്‍ക്കാണ് കാരുണ്യം ലഭിക്കുന്നത്, ദൈവം അതു സമൃദ്ധമായി നല്കുന്നത്.

Musical Version : Psalm123
സങ്കീര്‍ത്തനം 123 കരുണ തേടുന്ന ഒരു ആരോഹണഗീതം
പ്രഭണിതം
കര്‍ത്താവേ എന്‍ കണ്ണുകളങ്ങേ വദനം തേടുന്നു
കാരുണ്യം തേടുന്നൂ, തവ കാരുണ്യം തേടുന്നൂ (2).
രണ്ടാമത്തെ പദം
1-2 സ്വര്‍ഗ്ഗത്തില്‍ വാഴുന്നവനേ, അങ്ങിലേയ്ക്കു ഞങ്ങള്‍
കണ്ണുകള്‍ ഉയര്‍ത്തുന്നൂ
ദാസന്‍റെ കണ്ണുകള്‍ യജമാനന്‍റെ കയ്യിലേയ്ക്കെന്നപോലെ
ദാസിയുടെ കണ്ണുകള്‍ സ്വാമിനിയുടെ കൈയ്യിലേയ്ക്കെന്നപോലെ
ഞങ്ങളുടെമേല്‍ കരുണ തോന്നുവോളം
ദൈവമായ കര്‍ത്താവിനെ ഞങ്ങള്‍
നോക്കിയിരിക്കുന്നു.
- കര്‍ത്താവേ എന്‍…

ദൈവോത്മുഖരായി ജീവിക്കേണ്ട മനുഷ്യര്‍
123-Ɔο സങ്കീര്‍ത്തനം കാരുണ്യം തേടുന്ന മനുഷ്യന്‍റെ യാചനയാണ്! ദൈവത്തിങ്കലേയ്ക്കു നോക്കുന്നവന്‍റെ, അല്ലെങ്കില്‍ ദൈവത്തില്‍ ദൃഷ്ടികള്‍ പതിക്കുന്നവന്‍റെ പ്രാര്‍ത്ഥനയാണ്. ഒന്നും രണ്ടും പദങ്ങള്‍ നാം പരിശോധിക്കുകയാണെങ്കില്‍ അതില്‍ “കണ്ണുകള്‍” എന്ന വാക്ക് നാലു പ്രാവശ്യമാണ് ഉപയോഗിച്ചരിക്കുന്നത്. കണ്ണുകള്‍ മനുഷ്യന്‍റെ വീക്ഷണത്തിന്‍റെയും മനോദര്‍പ്പണത്തിന്‍റെയും പ്രതീകമാണ്. ഒപ്പം അത് ഏകാഗ്രതയ്ക്കുള്ള ഉപാധിയുമാണ്. എവിടെ കണ്ണ്... അവിടെ മനസ്സുമുണ്ടായിരിക്കും.

Recitation :
1. സ്വര്‍ഗ്ഗത്തില്‍ വാഴുന്നവനേ,
അങ്ങിലേയ്ക്കു ഞങ്ങള്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു.
2. ദാസന്‍റെ കണ്ണുകള്‍ യജമാനന്‍റെ കൈയ്യിലേയയ്ക്കന്നപോലെ
ദാസിയുടെ കണ്ണുകള്‍ സ്വാമിനിയുടെ കൈയ്യിലേയ്ക്കെന്നപോലെ,
ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു ഞങ്ങളുടെമേല്‍ കരുണ തോന്നുവോളം
ഞങ്ങളുടെ കണ്ണുകള്‍ അവിടുത്തെ നോക്കിയിരിക്കുന്നു.

സ്പഷ്ടമായിട്ടും നാലു തവണ ദൈവത്തിങ്കലേയ്ക്കു ഉയര്‍ത്തപ്പെട്ട, ദൈവത്തിങ്കലേയ്ക്കു തിരിഞ്ഞിരിക്കുന്ന കണ്ണുകളുടെ പരാമര്‍ശമാണ് നാം ഈ വരികളില്‍ കാണുന്നത്. തുടര്‍ന്നും അവസാനത്തെ രണ്ടു വരികള്‍, അതായത് 3, 4 വരികള്‍ പരിശോധിച്ചാല്‍ കാരുണ്യം എന്ന വാക്ക് 3 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നതു ശ്രവിക്കാം.

Recitation :
3. ഞങ്ങളോടു കരുണ തോന്നണമേ
കര്‍ത്താവേ, ഞങ്ങളോടു കരുണ തോന്നണമേ
എന്തെന്നാല്‍, ഞങ്ങള്‍ നിന്ദനമേറ്റു തകരുന്നു.
4. സുഖലോലുപരുടെ പരിഹാസവും അഹങ്കാരികളുടെ നിന്ദനവും
സഹിച്ചു ഞങ്ങള്‍ തളര്‍ന്നിരിക്കുന്നു.
കരുണ തോന്നണേ!

ദൈവിക കാരുണ്യം തേടുന്ന മനുഷ്യന്‍
ക്ലേശത്തിലായിരിക്കുന്ന മനുഷ്യന്‍റെമേല്‍ പരിഹാസശരങ്ങള്‍ പുറമെനിന്നും ഏല്പിക്കപ്പെടുകയും പുച്ഛിക്കപ്പെടുകയും ചെയ്യുന്നു. വ്യക്തി നിന്ദിക്കപ്പെടുന്നു. ധാര്‍ഷ്ട്യവും അഹങ്കാരവുമുള്ളവരോടു  യാതൊരു ദാക്ഷിണ്യമോ, പരിഗണനയോ മര്യാദയോ ഇല്ലാതെ പെരുമാറുന്നു. അതിനാല്‍ സങ്കീര്‍ത്തകന്‍ ദൈവത്തിങ്കലേയ്ക്കാണ് കണ്ണുകള്‍ ഉയര്‍ത്തുന്നത്. അവിടുത്തെ കാരുണ്യത്തിനായി യാചിക്കുന്നു. അതിനാല്‍ ഈ ഗീതത്തെ വളരെ വിലപ്പെട്ടൊരു പവിഴമോ മുത്തോപോലെയാണ് ബൈബിള്‍ സാഹിത്യശേഖരത്തില്‍ പരിഗണിച്ചിരിക്കുന്നത്.

ഇതുപോലെ പ്രചോദനാത്മകവും പ്രശംസനീയവും, പ്രിയങ്കരവുമായിട്ടുള്ള ബൈബിള്‍ഗീതങ്ങള്‍ വിരളമാണെന്നാണ് പണ്ഡിതന്മാര്‍ സമര്‍ത്ഥിക്കുന്നത്. ഈ ചെറിയ ഗീതത്തില്‍ ശ്രദ്ധേയമാകുന്ന ഘടകം അതിന്‍റെ വരികളിലെ ഐക്യമാണ് പദങ്ങളുടെ ചേര്‍ച്ചയെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. ദൈവത്തിന്‍റെ കരുണയുള്ള സ്നേഹത്തിലേയ്ക്ക് ഏകാഗ്രതയോടെ മനുഷ്യഹൃദയങ്ങളെ ഏകോപിപ്പിച്ച് ഉയര്‍ത്തുന്ന ഗീതമെന്നാണ് 123-Ɔο സങ്കീര്‍ത്തനം വിശേഷിപ്പിക്കപ്പെടുന്നത്. ഏകവിഷയവും, ഏകഭാവവും, ഏകതാനതയുമുള്ള ഗീതം, അതിനാല്‍ ക്ഷമയും പ്രത്യാശപൂര്‍ണ്ണമായ വിശ്വാസവുമുള്ള ഒരു ഭക്തന്‍ ദൈവിക കാരുണ്യത്തിനായി തന്‍റെ ദൃഷ്ടികള്‍ ഏകാഗ്രതയോടെ ദൈവത്തിങ്കലേയ്ക്കു തിരിയുന്നതുമാണ് ഈ ഗീതത്തിന്‍റെ ആത്മീയസ്വഭാവമെന്ന് നമുക്കിവിടെ സ്ഥാപിക്കാം.

Musical Version of Ps. 123
3.4 കരുണ തോന്നണേ, കര്‍ത്താവേ,
ഞങ്ങളോടു കരുണ തോന്നണേ
ഞങ്ങള്‍ നിന്ദനമേറ്റു തളര്‍ന്നിരിക്കുന്നു
സുഖലോലുപരുടെ പരിഹാസവും
അഹങ്കാരികളുടെ നിന്ദനവും സഹിക്കുന്നൂ
അലിവു തോന്നണേ, കര്‍ത്താവേ,
ഞങ്ങളോടു കരുണ തോന്നണേ.
- കര്‍ത്താവേ എന്‍

ദൈവത്തില്‍ ശരണപ്പെട്ടു നീങ്ങുന്നവര്‍
വിശ്വാസവും ശരണവുമുള്ള മനുഷ്യര്‍ക്ക് ജീവിതത്തില്‍ മുന്നോട്ടുപോകാന്‍ കരുത്തും ധൈര്യവും പകരുന്ന ഗീതമാണിത്. ജീവിതവളര്‍ച്ചയ്ക്ക് ഉതകുന്ന ശരിയായ ദിശയാണ് സങ്കീര്‍ത്തകന്‍ വരികളിലൂടെ പ്രബോധിപ്പിക്കുന്നത്. കണ്ണുകള്‍ ദൈവത്തിങ്കലേയ്ക്ക് ഉയര്‍ത്തി യാത്ര തുടരാം! അതായത്... ജീവിതവിജയത്തിനു ശരിയായ ദിശാബോധം ആവശ്യമാണ്. ആരും താഴേ നോക്കി യാത്ര ചെയ്യാറില്ലല്ലോ? അങ്ങനെ താഴെ നോക്കി നീങ്ങുന്നവര്‍ക്കു അധികം മുന്നോട്ടു പോകാനുമാവില്ല. ആത്മീയ ജീവിതത്തില്‍, അതുപോലെ ദൈവോന്മുഖരായി ചരിക്കുന്നവര്‍ മുന്നോട്ടു പോവുകയും, ജീവിതലക്ഷ്യങ്ങള്‍ പ്രാപിക്കും. അവര്‍ വളരുകയും, മറ്റുള്ളവര്‍ക്കു വളരാനുള്ള പ്രചോദനമേകുകയും ചെയ്യും.

ഈ സങ്കീര്‍ത്തനത്തെ വേദനിക്കുന്നൊരു ഹൃദയത്തിന്‍റെ ദീര്‍ഘനിശ്വാസമായി ചില ആത്മീയ ഗുരുക്കന്മാര്‍ വിശേഷിപ്പിച്ചിട്ടുണ്ട്. ജീവിതത്തിന്‍റെ കൈയ്പും വേദനയും ഏറി, ഇനിയെന്തെന്നു ചിന്തിച്ച് അലക്ഷ്യമായിരിക്കുന്നവര്‍ക്കുപോലും പ്രത്യാശപകരുന്ന ഗീതമാണിത്. ദൈവത്തിങ്കലേയ്ക്കു തിരിയുവാനും, അവിടുത്തെ കാരുണ്യാതിരേകത്തില്‍ ശരണപ്പെടുവാനും സഹായിക്കുന്ന മനോഹരമായ ഗീതം. ദൈവത്തില്‍ എല്ലാം സമര്‍പ്പിച്ചു മുന്നേറുന്ന രീതിയാണിത്. ദൈവത്തിന്‍റെ കരുണയില്‍ അഭയം തേടുന്ന ഗീതമാണിത് – സങ്കീര്‍ത്തനം 123!

Musical Version of Ps. 123
2. ദാസരുടെ കണ്ണുകള്‍ യജമാനന്‍റെ സന്നിധിയിലേയ്ക്കെന്നപോലെ
ദാസിയുടെ കണ്ണുകള്‍ സ്വാമിനിയുടെ സന്നിധിയിലേയ്ക്കെന്നപോലെ
ഞങ്ങളുടെ നയനങ്ങള്‍ ദൈവമായ കര്‍ത്താവിനെ പാര്‍ത്തിരിക്കുന്നൂ.

ദൈവത്തെ പിതാവെന്നു വിളിക്കുന്നവര്‍
ആത്മീയ വളര്‍ച്ച ആഗ്രഹിക്കുന്നവര്‍ ചോദിച്ചേക്കാം, എങ്ങനെയാണ് ദൈവത്തിന്‍റെ കരുണയില്‍ അഭയം തേടേണ്ടത്? അതിന് മൂന്നു മാര്‍ഗ്ഗങ്ങള്‍ സങ്കീര്‍ത്തനത്തിന്‍റെ ആത്മീയ വ്യാഖ്യാതാക്കള്‍ നിര്‍ദ്ദേശിക്കുന്നത് നമുക്കു പരിശോധിക്കാം. അവ സങ്കീര്‍ത്തനം 123-ന്‍റെ വരികളില്‍നിന്നുതന്നെ എടുത്തിട്ടുള്ളതാണ്. ആദ്യമായി, സിംഹാസനസ്ഥനായ യാവേയില്‍ പതിക്കുന്ന ദൃഷ്ടിയെക്കുറിച്ചാണ്.

Recitation :
123, 1 സ്വര്‍ഗ്ഗത്തില്‍ വാഴുന്നവനേ,
അങ്ങിലേയ്ക്കു ഞങ്ങള്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു.

സങ്കീര്‍ത്തനം 123-ന്‍റെ ആദ്യവരിയില്‍നിന്നും എടുത്തിട്ടുള്ളതാണിതെന്ന് ശ്രവണമാത്രയില്‍ മനസ്സിലാക്കാം. സഹായം ആവശ്യമുള്ളപ്പോള്‍ നാം എപ്പോഴും സഹായിക്കാന്‍ കെല്പും, കരുത്തുമുള്ളവരിലേയ്ക്കാണ് എപ്പോഴും തിരിയുന്നത്. ആരിലേയ്ക്കാണ് തിരിയേണ്ടതെന്ന് സങ്കീര്‍ത്തകനു തീര്‍ച്ചയായും ബോധ്യമുണ്ട്! അത് ദൈവത്തിലേയ്ക്കാണ്. വരികളില്‍ വിശേഷിപ്പിക്കുന്നത് സിംഹാസനസ്ഥനായ ദൈവത്തിങ്കലേയ്ക്ക്... എന്നാണ്. സ്രഷ്ടാവും നിയന്താവും, സ്വര്‍ഗ്ഗസ്ഥനുമായ ദൈവത്തിന് നമ്മെ സഹായിക്കാനുള്ള എല്ലാവിധത്തിലുമുള്ള കഴിവും കരുത്തും, ഉപായസാധ്യതകളുമുണ്ടെന്നു പറയേണ്ടതില്ല. അതുകൊണ്ടുതന്നെയാവാം ഈശോ നമ്മെ “സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ...!” എന്നു വിളിച്ചു പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചത്. ദൈവത്തെ “പിതാവേ…,” എന്നു വിളിച്ചു പ്രാര്‍ത്ഥിക്കാന്‍ ഉദ്ബോധിപ്പിച്ചത് (മത്തായി 6, 9).

Musical Version of Ps. 123
പ്രഭണിതം
ആദ്യപദം
കര്‍ത്താവേ എന്‍ കണ്ണുകളങ്ങേ വദനം തേടുന്നു
കാരുണ്യം തേടുന്നൂ, തവ കാരുണ്യം തേടുന്നൂ.
രണ്ടാമത്തെ പദം
1-2 സ്വര്‍ഗ്ഗത്തില്‍ വാഴുന്നവനേ, അങ്ങിലേയ്ക്കു ഞങ്ങള്‍
കണ്ണുകള്‍ ഉയര്‍ത്തുന്നൂ
ദാസന്‍റെ കണ്ണുകള്‍ യജമാനന്‍റെ കയ്യിലേയ്ക്കെന്നപോലെ
ദാസിയുടെ കണ്ണുകള്‍ സ്വാമിനിയുടെ കൈയ്യിലേയ്ക്കെന്നപോലെ
ഞങ്ങളുടെമേല്‍ കരുണ തോന്നുവോളം
ദൈവമായ കര്‍ത്താവിനെ ഞങ്ങള്‍
നോക്കിയിരിക്കുന്നു.
- കര്‍ത്താവേ എന്‍…

സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരംചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലപിച്ചത് ഡാവിന ഹാരിയും സംഘവുമാണ്.

നിങ്ങള്‍‍ ഇതുവരെ ശ്രവിച്ചത് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പരയാണ്. അവതരിപ്പിച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍.

ആരോഹണഗീതം, സങ്കീര്‍ത്തനം 123-ന്‍റെ നാലാം ഭാഗം ഇനിയും അടുത്തയാഴ്ചയില്‍.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 August 2019, 13:43