Remembering Mother of the Poor Remembering Mother of the Poor 

വിജയത്തെക്കാള്‍ സമര്‍പ്പണത്തിന് മൂല്യം കല്പിച്ച അമ്മ

പാവങ്ങളുടെ അമ്മ – മദര്‍ തെരേസായുടെ അനുസ്മരണം സെപ്തംബര്‍ 5 വ്യാഴം.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സിസ്റ്റര്‍ പ്രേമയുടെ വാക്കുകള്‍
ജീവിത വിജയത്തെക്കാള്‍ സമര്‍പ്പണമാണ് മദര്‍ തെരേസയെ ലോകത്തിന് പാവങ്ങളുടെ അമ്മയാക്കിയതെന്ന്, മിഷണറീസ് ഓഫ് ചാരിറ്റി (Missionaries of Charity), മദര്‍ തെരേസ സ്ഥാപിച്ച സന്ന്യാസ സഭയുടെ ഇപ്പോഴത്തെ സുപ്പീരിയര്‍ ജനറല്‍, മദര്‍ പ്രേമ പറഞ്ഞു.
സെപ്തംബര്‍ 5-ന് മദറിന്‍റെ അനുസ്മരണം ആഗോളസഭ ആചരിക്കാനിരിക്കെ, ആഗസ്റ്റ് 26-ന് തിങ്കളാഴ്ച കൊല്‍ക്കത്തയിലെ മാതൃഭവനത്തില്‍ അമ്മയുടെ 109-Ɔο ജന്മദിനം അനുസ്മരിച്ചുകൊണ്ടു നല്കിയ സന്ദേശത്തിലാണ് ജര്‍മ്മന്‍കാരിയും മദറിന്‍റെ രണ്ടാമത്തെ പിന്‍ഗാമിയുമായ സിസ്റ്റര്‍ പ്രേമ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

സ്വയാര്‍പ്പണത്തിന്‍റെ ജീവിതം
ജീവിതകാലത്ത് എന്തെല്ലാം നേടിയെന്നോ, തന്‍റെ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം വിജയിച്ചെന്നോ ഉള്ള ആശങ്ക മദര്‍ തെരേസായ്ക്ക് ഇല്ലായിരുന്നു. മറിച്ച് പാവങ്ങള്‍ക്കായുള്ള തന്‍റെ ജീവിത ലക്ഷ്യത്തിനായി എത്രത്തോളം സത്യസന്ധമായും ആത്മാര്‍ത്ഥമായും സമര്‍പ്പിക്കാന്‍ സാധിച്ചുവെന്നതായിരുന്നു അമ്മയുടെ വ്യക്തമായ കണക്കുകൂട്ടല്‍. അതിനായി ഓരോ ദിവസവും തെരുവുകളിലെ പാവങ്ങളുടെ പക്കലേയ്ക്കാണ് ഇറങ്ങിത്തിരിച്ചത്. എത്രത്തോളം പണം സഭയ്ക്കുണ്ടെന്നോ, എത്ര സ്ഥാപനങ്ങള്‍ കെട്ടിപ്പടുത്തെന്നോ, അത് എവിടെല്ലാം ഉണ്ടെന്നോ എന്നതിനെക്കുറിച്ചൊന്നും അമ്മ ആകുലപ്പെട്ടിരുന്നില്ലെന്ന് സിസ്റ്റര്‍ പ്രേമ സാക്ഷ്യപ്പെടുത്തി.

വിളിച്ച ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ച്
തന്നെ വിളിച്ചവന്‍ വിശ്വസ്തനാകയാല്‍ അവിടുന്നു നയിക്കുമെന്ന ഉറപ്പില്‍ പാവങ്ങള്‍ക്കായി സ്വയാര്‍പ്പണംചെയ്ത ജീവിതമായിരുന്നു അമ്മയുടേതെന്ന് മദറിന്‍റെ ശിക്ഷണത്തില്‍ വളര്‍ന്ന സിസ്റ്റര്‍ പ്രേമ വിശദീകരിച്ചു. അല്‍ബേനിയക്കാരിയായ മദര്‍ തേരേസ ദൈവപരിപാലനയില്‍ ആശ്രയിച്ചും തന്‍റെ ആന്തരിക വിളി ശ്രവിച്ചുമാണ് ജന്മനാടുവിട്ടു അയര്‍ലണ്ടിലെ ലൊരേറ്റോ മിഷണറി സഭയില്‍ ചേര്‍ന്നത്. അവിടെനിന്ന് ഇന്ത്യിലേയ്ക്കും, പിന്നെ പാവങ്ങള്‍ ധാരാളമുള്ള ‘ആനന്ദനഗര’മായ കൊല്‍ക്കത്തയിലെ തെരുവുകളിലേയ്ക്കും വെറുംകൈയ്യോടെ ഇറങ്ങിത്തിരിച്ചത് വിളിച്ച ദൈവത്തില്‍ പ്രത്യാശ അര്‍പ്പിച്ചാണെന്ന്, മാതൃഭവനത്തില്‍ അമ്മയുടെ പിറന്നാള്‍ അനുസ്മരണവുമായി സമ്മേളിച്ച സഭാസമൂഹത്തോടും, സാമൂഹ്യപ്രമുഖരോടും, അവിടെ എത്തിയ ആയിരക്കണക്കിന് പാവങ്ങളോടുമായി സിസ്റ്റര്‍ പ്രേമ പങ്കുവച്ചു.

സെപ്തംബര്‍ 5 അമ്മയുടെ അനുസ്മണവും യുഎന്‍ ആഗോളദിനവും
മദര്‍ തെരേസയുടെ ചരമദിനമായ സെപ്തംബര്‍ 5 ആഗോള സഭ വിശുദ്ധയുടെ അനുസ്മരണം കൊണ്ടാടുന്നു.  അതേ ദിനംതന്നെയാണ്  ഐക്യരാഷ്ട്ര സംഘടന 2012-മുതല്‍ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കുള്ള ആഗോളദിനമായി (International Day for Charity) ആചരിക്കുന്നത്.
1997 സെപ്തംബര്‍  5-ന് 87-Ɔമത്തെ വയസ്സിലാണ് പാവങ്ങളുടെ അമ്മ കൊല്‍ക്കത്തയിലെ മാതൃഭവനത്തില്‍ സമാധിയായത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 August 2019, 19:07