തിരയുക

Religions for peace - Patriach Barthalomew in Lindau conference in Germany Religions for peace - Patriach Barthalomew in Lindau conference in Germany 

മനുഷ്യനു തനിച്ച് അസ്തിത്വമില്ല : പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ

സൃഷ്ടിയുടെ മകുടമായ മനുഷ്യനും, ഭൂമിയും അതിലെ ജീവജാലങ്ങളും ചേര്‍ന്ന് സ്രഷ്ടാവിനെ സ്തുതിക്കുന്ന ഭൂമിയുടെ സമഗ്രതയും, ദൈവമഹത്വത്തിന്‍റെ ധാര്‍മ്മികതയും.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

“മതങ്ങള്‍ സമാധാനത്തിന്…” എന്ന പേരില്‍ ജര്‍മ്മനിയില്‍ നടന്ന രാജ്യാന്തര സംഗമത്തില്‍ കിഴക്കിന്‍റെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍ പങ്കുവച്ച ചിന്തകള്‍ :

“മതങ്ങള്‍ സമാധാനത്തിന്…”
ആഗസ്റ്റ് 20-മുതല്‍ 23-വരെ ജര്‍മ്മനിയിലെ ലിന്‍ഡാവില്‍ സമ്മേളിച്ച “മതങ്ങള്‍ സമാധാനത്തിന്…” എന്ന രാജ്യാന്തര സംഗമത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. എല്ലാ ഭൂഖണ്ഡങ്ങളെയും പ്രതിനിധാനംചെയ്യുന്ന 6 മതാന്തര സംവാദ പ്രസ്ഥാനങ്ങളും 90 രാജ്യാന്തര രാഷ്ട്രപ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു. ലോകത്ത് വര്‍ദ്ധിച്ചുവരുന്ന അധര്‍മ്മങ്ങളും അതിക്രമങ്ങളും മതമൗലിക ചിന്തകളും, സ്വാര്‍ത്ഥമായ ദേശീയതയും പരിസ്ഥിതിവിനാശവും കണ്ടു മനംനൊന്ത് 1970-ല്‍ ലോകത്തെ വിവിധ മതനേതാക്കളും പ്രമുഖ രാഷ്ട്രത്തലവന്മാരും സര്‍ക്കാരേതര സംഘടനകളും ചേര്‍ന്നു തുടക്കമിട്ടതാണ് “മതങ്ങള്‍ സമാധാനത്തിന്…” Religions for Peace എന്ന രാജ്യാന്തര പ്രസ്ഥാനം.

പ്രതിബന്ധങ്ങളെ കൂട്ടായ്മയോടെ നേരിടാം!
പരിസ്ഥിതി സംരക്ഷണം, സമാധാനത്തിനും അനുരഞ്ജനത്തിനുമുള്ള ശ്രമങ്ങള്‍, മതാന്തര സംസ്കാരാന്തര സംവാദങ്ങള്‍, നീതിയുടെയും കൂട്ടായ്മയുടെയും സംസ്കാരം, മനുഷ്യന്‍റെ അന്തസ്സിനെയും അവകാശങ്ങളെയും ഹനിക്കുന്ന വ്യക്തികള്‍, പ്രസ്ഥാനങ്ങള്‍ എന്നിവ മനുഷ്യകുലം എക്കാലത്തും  നേരിടുന്ന ആഗോള വെല്ലുവിളികളാണ്. മേല്പറഞ്ഞ പ്രശ്നങ്ങള്‍ ഒന്നും ആര്‍ക്കും വേറിട്ടുനിന്നോ ഒറ്റയ്ക്കോ കൈകാര്യം ചെയ്യാനാവില്ലെന്നാണ് ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട 28 വര്‍ഷക്കാലത്തെ തന്‍റെ വ്യക്തിഗത അനുഭവം പഠിപ്പിക്കുന്നതെന്ന് പാത്രിയര്‍ക്കിസ് സമ്മേളനത്തില്‍  പറഞ്ഞു. ഒരു രാഷ്ട്രത്തിനോ, സംസ്ഥാനത്തിനോ, ഒരു മതവിഭാഗത്തിനോ, ശാസ്ത്രസംഘടനയ്ക്കോ, സാങ്കേതികതയ്ക്കോ കാലികമായ ഈ പ്രതിസന്ധികളെ തനിച്ചു നേരിടാനാവില്ലെന്നും അദ്ദേഹം പങ്കുവച്ചു. അതിനാല്‍ നാം പരസ്പരം കൈകോര്‍ക്കണം. കൂട്ടായ്മ ഇന്ന് എക്കാലത്തെയുംകാള്‍ അനിവാര്യമാണ്, പരിശ്രമങ്ങളുടെയും, ലക്ഷ്യങ്ങളുടെയും പൊതുവായ നല്ല അരുപിയുടെയും ഒരു പടനീക്കമാണ്, ഏകോപിത ജനനീക്കമാണ് ഇന്നു ലോകത്തിന് ആവശ്യം. ലോകത്തിന്‍റെ ഭാവി, കൂട്ടായ്മയുടെ ഭാവിയാണ്. ഭാവിയിലേയ്ക്കുള്ള വഴി കൂട്ടായയാത്രയുമാണ്! പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ തന്‍റെ ദീര്‍ഘകാല ജീവിതാനുഭവത്തില്‍നിന്നും പങ്കുവച്ചു.

പ്രത്യാശ പകരുന്ന പാരിസ്ഥിതിക കൂട്ടായ്മ
മനുഷ്യര്‍ കാരണമാക്കുന്ന നവമായ അതിക്രമങ്ങളാല്‍ നശിപ്പിക്കപ്പെടുന്നത് പൊതുഭവനമായ ഭൂമിയും, അതിന്‍റെ പരിസ്ഥിതിയുമാണ്. മാനവികതയുടെ നവമായ പാപങ്ങളാണ് (modern sins of humanity) പരിസ്ഥിതിക്കെതിരായ വിനാശങ്ങള്‍ അല്ലെങ്കില്‍ പരിസ്ഥിതി നശീകരണം. ഈ മേഖലയില്‍ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ ധാരാളം സംഘടനകള്‍ കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്നത് ശ്രദ്ധേയവും പ്രോത്സാഹന ജനകവുമാണ്. മതസ്ഥാപനങ്ങള്‍ അങ്ങനെ രാഷ്ട്രീയ മേഖലയിലുള്ളവരോടും, പൗരസമൂഹങ്ങളോടും, ബുദ്ധിജീവികളോടും, ദൈവശാസ്ത്രജ്ഞന്മാരോടും കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്നത് പ്രത്യാശപകരുന്ന വസ്തുതയാണ്.

കുടുംബങ്ങളും വ്യക്തികളും കൈകോര്‍ക്കണം
നന്മയ്ക്കായുള്ള മാറ്റങ്ങള്‍ക്ക് സമഗ്രമായ രീതികളിലൂടെ വഴിതുറക്കണമെങ്കില്‍ നാം ഇനിയും ഒത്തൊരുമിച്ചു പരിശ്രമിക്കേണ്ടിയിരിക്കുന്നു. അത് സാമൂഹികമായി മാത്രമല്ല, ഏറെ മൗലികവും അടിസ്ഥാനപരവുമായ രീതിയില്‍ വ്യക്തികളും കുടുംബങ്ങളും സമൂഹങ്ങളുമായി കൂട്ടുചേര്‍ന്നു പരിശ്രമിച്ചാല്‍  കാലികമായ വലിയ വെല്ലുവിളികളെ  ഇന്നു നമുക്കു നേരിടാനാകും.

സൃഷ്ടിയെ നശിപ്പിക്കാത്ത മനുഷ്യന്‍
സ്രഷ്ടാവിനെ മഹത്വപ്പെടുത്തുന്നു!
നാം ജീവിക്കുന്ന ചുറ്റുപാടും അതിന്‍റെ പരിസ്ഥിതിയുമെല്ലാം യാഥാര്‍ത്ഥത്തില്‍ ദൈവത്തിന്‍റെ ദാനമാണ്. അവ ദൈവത്തെ മഹത്വപ്പെടുത്തുന്നു. സൃഷ്ടികള്‍ ദൈവമഹത്വം പ്രഘോഷിക്കുന്നു. അതിനാല്‍ സൃഷ്ടിജാലങ്ങളുടെ മകുടമായ മനുഷ്യന്‍ പ്രത്യേകമായ വിധത്തില്‍ പ്രാര്‍ത്ഥനയിലൂടെ ദൈവത്തെ സ്തുതിക്കണം. സമഗ്രതയുള്ള പ്രാര്‍ത്ഥനയ്ക്കു പാരിസ്ഥിതികമായ ധാര്‍മ്മികതയുണ്ടാകേണ്ടതാണ്. അതിനാല്‍ സൃഷ്ടിയോടു ആദരവില്ലാത്തൊരു മനുഷ്യന് എങ്ങനെ ദൈവത്തെ സത്യസന്ധമായി സ്തുതിക്കാനാകും?! പരിസ്ഥിതി സംബന്ധമായ ഒരു ധാര്‍മ്മികത നമ്മുടെ ആത്മീയതയ്ക്ക് അനിവാര്യമാണെന്ന് പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ ഉദ്ബോധിപ്പിച്ചു. രാഷ്ട്രങ്ങള്‍ ദൈവത്തിന്‍റെ മരണം പ്രഖ്യാപിച്ച ഒരു കാലഘട്ടത്തിലാണ് ലോകം മഹായുദ്ധങ്ങളുടെ കെടുതിയില്‍പ്പെട്ടതെന്ന് 79-കാരന്‍ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ സമ്മേളനത്തെ അനുസ്മരിപ്പിച്ചു. ദൈവികമായ പ്രചോദനങ്ങളില്ലാതെ മനുഷ്യന്‍ നിസ്സഹായനും അന്ധനുമായിരിക്കും.

“ദൈവഭയമാണ് ജ്ഞാനത്തിന്‍റെ ആരംഭം…” (സങ്കീര്‍ത്തനം 111, 10).
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 August 2019, 16:34