തിരയുക

അടിമത്വത്തെ  നിർമ്മാർജനം ചെയ്യ​ണമെന്ന് ഓര്‍മ്മിപ്പിക്കുന്ന ചിത്രം അടിമത്വത്തെ നിർമ്മാർജനം ചെയ്യ​ണമെന്ന് ഓര്‍മ്മിപ്പിക്കുന്ന ചിത്രം 

അടിമക്കച്ചവടം നിർമ്മാർജനത്തിനായി അന്തർദ്ദേശീയ ദിനം

നമ്മുടെ ആഗ്രഹങ്ങളുടെയും പ്രധാന ആവശ്യങ്ങളുടെയും തൃപ്തിപ്പെപെടുത്താന്നല്ലാതെ വസ്തുനിഷ്ഠമായ സത്യങ്ങളോ, തത്വങ്ങളോ, ഇല്ലെങ്കിൽ മനുഷ്യക്കടത്ത്, സംഘടിത കുറ്റകൃത്യം, മയക്കുമരുന്ന് വ്യാപാരം അപകടത്തിൽ ആക്കപ്പെട്ട ജീവികളുടെ രക്ത രത്നങ്ങളും രോമവും കച്ചവടം ചെയ്യൽ എന്നിവയ്ക്ക് എങ്ങനെ അതിരു കൽപ്പിക്കാനാണ്? വിൽപ്പനയ്ക്ക് വേണ്ടിയോ, പരീക്ഷണങ്ങൾക്ക് വേണ്ടിയോ ദരിദ്രരുടെ അവയവങ്ങൾ വാങ്ങിക്കുന്നതിനെയും, മാതാപിതാക്കൾക്ക് ആവശ്യമില്ലെന്ന് തോന്നുന്ന കുട്ടികളെ ഇല്ലായ്മ ചെയ്യുന്നതിനെയും നീതികരിക്കുന്നത് ഇത് ആപേക്ഷികതാവാദ യുക്തി അല്ലേ?

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ആമുഖം

അടിമക്കച്ചവടത്തിന്‍റെയും അതിന്‍റെ നിർമ്മാർജനത്തിന്‍റെയും അന്തർദ്ദേശീയ ഓർമ്മ ദിനം

“നാമെല്ലാവരും ദൈവത്തിന്‍റെ ചായയിലും, സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവരാണ്. നമുക്കെല്ലാവര്‍ക്കും ഒരേ അന്തസ്സാണുള്ളത്. അതിനാല്‍ നമുക്ക് അടിമത്തം അവസാനിപ്പിക്കാം”. അടിമക്കച്ചവടത്തിന്‍റെയും അതിന്‍റെ നിർമ്മാർജനത്തിന്‍റെയും അന്തർദ്ദേശീയ ഓർമ്മ ദിനമായ (INTERNATIONAL DAY TO COMMEMORATE THE SLAVE TRADE AND ITS ABOLITION) (UN)  ആഗസ്റ്റ് 23ആം തിയതി ഫ്രാന്‍സിസ് പാപ്പാ അടിമത്വത്തെ നിര്‍മ്മൂലമാക്കാന്‍ സഭാ മക്കളെ തന്‍റെ ട്വിറ്റര്‍ സന്ദേശത്തിലൂടെ ആഹ്വാനെ ചെയ്തു. ലോകം കണ്ട കൊടും ക്രൂരതകളിൽ ഒന്നാണ് മനുഷ്യൻ   മനുഷ്യനെ തന്നെ അടിമയായ്  വിൽക്കുന്ന സംഭവം. ഒരു പക്ഷേ ഇതിന് മനുഷ്യകുലത്തോളം തന്നെ പഴക്കമുണ്ടാവണം എന്നു വേണം കരുതാൻ. ബൈബിളിലും ഖുറാനിലും  പോലും നമുക്ക് അടിമകളെക്കുറിച്ചും അടിമക്കച്ചവടത്തെക്കുറിച്ചും പരാമർശങ്ങൾ അനവധി കാണാം.

അടിമത്വത്തെ കുറിച്ച് ബൈബിള്‍

“ദൈവമായ കര്‍ത്താവിന്‍റെ ആത്മാവ്‌ എന്‍റെ മേലുണ്ട്‌. പീഡിതരെ സദ്വാര്‍ത്ത അറിയിക്കുന്നതിന്‌ അവിടുന്ന്‌ എന്നെ അഭിഷേകം ചെയ്‌തിരിക്കുന്നു. ഹൃദയം തകര്‍ന്നവരെ ആശ്വസിപ്പിക്കാനും, തടവുകാര്‍ക്കു മോചനവും, ബന്ധിതര്‍ക്കു സ്വാതന്ത്യ്രം പ്രഖ്യാപിക്കാനും കര്‍ത്താവിന്‍റെ കൃപാവത്സരവും നമ്മുടെ ദൈവത്തിന്‍റെ പ്രതികാരദിനവും പ്രഘോഷിക്കാനും വിലപിക്കുന്നവര്‍ക്കു സമാശ്വാസം നല്‍കാനും എന്നെ അയച്ചിരിക്കുന്നു”. (ഏശ.61 :1-2)      

“ഇവിടെ ഗ്രീക്കുകാരനെന്നോ യഹൂദനെന്നോ, പരിച്‌ഛേദിതനെന്നോ അപരിച്‌ഛേദിതനെന്നോ, അപരിഷ്‌കൃതനെന്നോ, സിഥിയനെന്നോ, അടിമയെന്നോ, സ്വതന്ത്രനെന്നോ വ്യത്യാസം ഇല്ല. പിന്നെയോ, ക്രിസ്‌തു എല്ലാമാണ്‌, എല്ലാവരിലുമാണ്‌”. (കൊളോ.3 :11)

“നമ്മളെല്ലാവരും ഒരേ ആത്മാവില്‍ ഏകശരീരമാകാന്‍ ജ്ഞാനസ്‌നാനമേറ്റു. യഹൂദരെന്നോ ഗ്രീക്കുകാരെന്നോ, അടിമകളെന്നോ സ്വതന്ത്രരെന്നോ ഭേദംകൂടാതെ ഒരേ ആത്മാവിനെ പാനം ചെയ്യാന്‍ എല്ലാവര്‍ക്കും സാധിച്ചു”.(1കൊറി.12:13)

“ഓരോരുത്തനും, സ്വതന്ത്രനോ അടിമയോ ആയിക്കൊള്ളട്ടെ, നല്ല പ്രവൃത്തികള്‍ക്ക്‌ തക്കപ്രതിഫലം കര്‍ത്താവില്‍നിന്നു ലഭിക്കുമെന്ന്‌ അറിഞ്ഞുകൊള്ളുവിന്‍”. “യജമാനന്‍മാരേ, നിങ്ങളും ഇതേ രീതിയില്‍ത്തന്നെ ദാസന്‍മാരോടു പെരുമാറുവിന്‍. അവരെ ഭീഷണിപ്പെടുത്തരുത്‌. നിങ്ങളുടെയും അവരുടെയും യജമാനന്‍ സ്വര്‍ഗ്ഗത്തിലുണ്ടെന്നും അവിടുത്തേക്കു മുഖംനോട്ടമില്ലെന്നും അറിയുവിന്‍”. (എഫേ.6:8-9)

“നീ അവരെ അറിയിക്കേണ്ട നിയമങ്ങള്‍ ഇവയാണ്‌: ഹെബ്രായനായ ഒരു അടിമയെ വിലയ്‌ക്കു വാങ്ങിയാല്‍ അവന്‍ നിന്നെ ആറുവര്‍ഷം സേവിച്ചുകൊള്ളട്ടെ. ഏഴാം വര്‍ഷം നീ അവനെ സൗജന്യമായി സ്വതന്ത്രനാക്കണം.  ഭാര്യയോടുകൂടിയെങ്കില്‍ അവളും കൂടെപ്പോകട്ടെ. യജമാനന്‍ അവനു ഭാര്യയെ നല്‍കുകയും അവന്‌ അവളില്‍ പുത്രന്‍മാരോ പുത്രിമാരോ ജനിക്കുകയും ചെയ്‌താല്‍ അവളും കുട്ടികളും യജമാന്‍റെവകയായിരിക്കും. ആകയാല്‍, അവന്‍ തനിയെ പോകണം. ഒരുവന്‍ തന്‍റെ പുത്രിയെ അടിമയായി വിറ്റാല്‍ പുരുഷന്‍മാരായ അടിമകള്‍ സ്വതന്ത്രരായി പോകുന്നതുപോലെ അവള്‍ പോകാന്‍ പാടില്ല. അവന്‍ മറ്റൊരുവളെ ഭാര്യയായി സ്വീകരിക്കുന്നുവെങ്കില്‍ ഇവള്‍ക്കുള്ള ഭക്ഷണം, വസ്‌ത്രം, വൈവാഹികാവകാശം എന്നിവയില്‍ കുറവുവരുത്തരുത്‌”. (പുറ.21:1-10)

ചരിത്ര പശ്ചാത്തലം

അടിമകച്ചവടത്തെക്കുറിച്ചുള്ള ഒരന്വേഷണം നമ്മെ കൊണ്ടുചെന്നെത്തിക്കുക ഭയാനകമായ യാഥാർത്ഥ്യങ്ങളിലേക്കാണ്. 17 ആം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തിൽ യൂറോപ്പിൽ നിന്ന് പുറപ്പെട്ട കച്ചവടകപ്പലുകൾ ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്തടുത്ത് തങ്ങളുടെ ചരക്കുകൾ വിറ്റ് പകരം ആഫ്രിക്കൻ കച്ചവടക്കാർ പിടിച്ച ആഫ്രിക്കൻ വംശജരെ വാങ്ങി മറ്റിടങ്ങളിൽ കൊണ്ടു പോയ് വിൽക്കുമായിരുന്നു. ഈ അടിമക്കച്ചവടത്തിന്‍റെ വളരെ കുപ്രസിദ്ധമായ കഥകൾ  രേഖപ്പെടുത്തിയിട്ടുള്ള ഒന്നാണ് അറ്റ്ലാന്‍റിലേക്കുള്ള  ആഫ്രിക്കൻ അടിമക്കച്ചവട ചരിത്രം. യൂറോപ്യൻ രാജ്യങ്ങൾ കണ്ടു പിടിച്ച അമേരിക്കൻ ഭൂഖണ്ഡത്തിൽ അവർ കോളനികളാക്കിയിരുന്ന ഇടങ്ങളിലേക്ക് കുറഞ്ഞ തൊഴിൽ നിരക്കിൽ വേലക്കാരെ ആവശ്യമായിരുന്നു. അവിടങ്ങളിലെ കരിമ്പു, പുകയില, കാപ്പി

തോട്ടങ്ങളിലും മറ്റും ജോലി ചെയ്യിക്കാൻ വേണ്ടിയാണ് ഈ അടിമവ്യാപാരം പടർന്ന് പിടിച്ചത്. ഗ്രാമങ്ങളിൽ മിന്നലാക്രമണം നടത്തി പിടിച്ചു കൊണ്ടുവരുന്ന യുവാക്കളെയും ആരോഗ്യവാന്മാരേയും അടിമകളായി വിൽക്കുന്ന ആഫ്രിക്കയിലെ ഇടനിലക്കാരുമായുള്ള വ്യാപാരം   യൂറോപ്പിലെ വ്യാപാരികൾ വളരെ എളുപ്പമായും ലാഭകരമായും കണ്ടു. കപ്പൽ നിറഞ്ഞാൽ അടിമകളെയും കൊണ്ട് അമേരിക്കയിലേക്കും കരീബിയയിലേക്കും യാത്രയാകും. കപ്പലിൽ കുത്തി നിറച്ച ആഫ്രിക്കൻ സ്ത്രീ പുരുഷൻമാരെയും കൊണ്ട് അനങ്ങാൻ പോലും ഇടമില്ലാതെയുള്ള ഈ യാത്ര പലരും അതിജീവിക്കാറില്ല. 1790 ഓടെ ബ്രിട്ടീഷ് കോളനികളിൽ മാത്രം ഏതാണ്ട് 480,000 അടിമകൾ ഉണ്ടായിരുന്നു എന്ന രേഖകൾ കണ്ടെത്താൻ കഴിയും. ഇവരിൽ ഭൂരിഭാഗവും യൂറോപ്യൻ രാജ്യങ്ങളുടെ കോളനികൾ നടത്തുന്ന കരിമ്പിൻ തോട്ടങ്ങളിലും, പുകയില തോട്ടങ്ങളിലും വേല ചെയ്ത് യുറോപ്പിന് വേണ്ട ആഡംബര വസ്തുക്കൾ ഉൽപ്പാദിപ്പിക്കുകയായിരുന്നു.

അടിമക്കച്ചവടം: പ്രതികരണങ്ങൾ

അടിമക്കച്ചവടത്തെ പ്രോൽസാഹിപ്പിക്കുന്നവരും എതിർക്കുന്നവരും ഉണ്ടായിരുന്നു സമൂഹത്തിൽ. പ്രോൽസാഹിപ്പിക്കുന്നവർ അത് രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ സഹായിക്കുന്നുവെന്നും, ഉപഭോഗ സംസ്കാരം വളർത്തുന്നുവെന്നും വാദിച്ചിരുന്നു. എന്നാൽ 18 ആം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ജനങ്ങൾ അടിമക്കച്ചവടത്തിനെതിരെ പ്രചാരണങ്ങൾ ആരംഭിച്ചു. എങ്കിലും ഈ കച്ചവടത്തിൽ നിന്നുള്ള ലാഭം കണക്കാക്കാൻ കഴിയുന്നതിലും അധികമായതിനാൽ എതിർക്കുന്നവർക്ക് മേൽക്കോയ്മ ലഭിച്ചില്ല. അടിമക്കച്ചവടം നിർത്തലാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ പല അടിമകളുടെ തന്നെ നിലപാടുകളും പ്രവർത്തനങ്ങളും വിസ്മരിക്കാവുന്നതുമല്ല.

അടിമകച്ചവടം: നിർത്തലാക്കലിന്‍റെ തുടക്കം

ഈ അവസരത്തിൽ 1791 ലെ ആഗസ്റ്റ് മാസത്തിലെ 22 നും 23 നും ഇടയിലെ രാത്രി അന്നത്തെ സാന്തോ ഡൊമിങ്കോയിൽ (ഇന്നത്തെ ഹൈറ്റിയും ഡോമിനിക്കൻ റിപ്പബ്ലിക്കും) അടിമക്കച്ചവടം നിറുത്തലാക്കുന്നതിന് വഴിമരുന്നിട്ട വളരെ പ്രധാനപ്പെട്ട ഒരു മുന്നേറ്റം നടന്നതിനെ ഓർമ്മിക്കാതിരിക്കാൻ കഴിയില്ല. ഫ്രഞ്ച് കോളനിയായിരുന്ന സാന്തോ ഡൊമിങ്കോയിലെ അടിമകൾ ആ ദ്വീപിന്‍റെ നിയന്ത്രണം പിടിച്ചെടുത്തു അതിനെ ഹൈറ്റി റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു.

ഈ യാഥാർത്ഥ്യങ്ങളുടെ പശ്ചാത്തലത്തിൽ നിന്നു വേണം അടിമക്കച്ചവടത്തെക്കുറിച്ചും അതിന്‍റെ നിരോധനത്തെക്കുറിച്ചും  ഓർമ്മിച്ച് എല്ലാവർഷവും ആഗസ്റ്റ് 23 നു ആചരിക്കുന്ന ഈ അന്തർദ്ദേശീയദിനത്തെ കൊണ്ടാടാൻ.1807 ൽ ബ്രിട്ടീഷ് ഗവണ്മെന്‍റ് പാർലമെന്‍റിൽ ബ്രിട്ടനിൽ അടിമക്കച്ചവടം നിരോധിച്ച് നിയമനിർമ്മാണം നടത്തി.17 ആം നൂറ്റാണ്ടിന്‍റെ അവസാനത്തിൽ  അടിമക്കച്ചവടത്തെ വളരെ കഠിനമായ ഭാഷയിൽ  അന്നത്തെ മാർപ്പാപ്പയായിരുന്ന ഗ്രിഗരി XVI  മനിലൂടെ കത്തോലിക്കാ സഭ അപലപിച്ചു. 1807 ൽ നിയമം നിലവിൽ വന്നു എങ്കിലും  ബ്രിട്ടീഷ് കോളനികളിൽ 1838വരെ    അടിമകച്ചവടം നിലനിന്നിരുന്നു. 1888ല്‍ ലിയോ പതിമൂന്നാമന്‍ പാപ്പാ അടിമത്തം നിർത്തലാക്കുന്നതിനെ കുറിച്ച് "IN  PLURIMIS " എന്ന പേരിൽ ഒരു ചാക്രീക ലേഖനം പുറത്തിറക്കി.   

ഈ ദിനത്തിന്‍റെ ലക്ഷ്യം

അടിമക്കച്ചവടത്തിന്‍റെ ദുരന്തം എല്ലാ മനുഷ്യഹൃദയങ്ങളിലും എഴുതിച്ചേർക്കുക എന്നതാണ്.   "അടിമത്വത്തിലേക്കുള്ള വഴി "  എന്ന സംരംഭം വഴി അതിന്‍റെ ചരിത്രപരമായ കാരണങ്ങളും, രീതികളും, ഈ ദുരന്തത്തിന്‍റെ അനന്തരഫലങ്ങളും ഒന്നായി പരിഗണിച്ച് ആഫ്രിക്കയും, യൂറോപ്പും, അമേരിക്കയും, കരിബിയയും  തമ്മിലുണ്ടായ ബന്ധത്തെ വിശകലനം ചെയ്യാനും മറ്റുമായി വിനിയോഗിക്കണം. യുനെസ്ക്കോയുടെ UNESCO (UNITED NATIONS EDUCATIONAL, SCIENTIFIC AND CULTURAL ORGANIZATION)  അംഗങ്ങളായ രാഷ്ട്രങ്ങളിലെ സാംസ്കാരീക മന്ത്രിമാരോടു എല്ലാവർഷങ്ങളിലും യുവാക്കളേയും, വിദ്യാഭ്യാസരംഗത്തു പ്രവർത്തിക്കുന്നവരേയും, കലാകാരന്മാരേയും, ബുദ്ധിജീവികളേയും ഉൾപ്പെടുത്തി പരിപാടികൾ ഈ വിഷയമമായി ബന്ധപ്പെടുത്തി ആസൂത്രണം ചെയ്യാൻ യുനെസ്ക്കോയുടെ ഡയറക്ടർ ജനറൽ ആവശ്യപ്പെടുന്നു. യുനെസ്ക്കോയുടെ ഡയറക്ടർ ജനറലായ അവ്ഡ്രേ അത്സൗലേ അടിമക്കച്ചവടത്തിന്‍റെയും അതിന്‍റെ നിർമ്മാർജനത്തിന്‍റെയും അന്തർദേശീയ ഓർമ്മാ ചരണാ ദിന സന്ദേശത്തിൽ ഇങ്ങനെ രേഖപ്പെടുത്തുന്നു. "ഈ ആഗസ്റ്റ് 23 ന് നമ്മൾ 1791 ൽ സാന്ത ഡൊമിങ്കോയിൽ പ്രതിഷേധിച്ചു മനുഷ്യത്വരഹിതമായ അടിമത്വത്തിന് അന്ത്യം കുറിക്കാൻ വഴിതെളിച്ച സ്ത്രീ പുരുഷൻമാരുടെ ഓർമ്മയെ ആചരിക്കുന്നു. അവരെ മാത്രമല്ല അടിമത്വത്തിന്‍റെ ബലിയാടുകളായ സകലരുടേയും ഓർമ്മ ആദരിക്കുന്നു, അവർക്കു വേണ്ടി നില്‍ക്കുന്നു. ഈ ചരിത്രത്തിൽ നിന്ന് പാഠങ്ങൾ പഠിക്കുന്നതിനും,   വാചാലവും വ്യാജശാസ്ത്രീയ വാദങ്ങളും നിരത്തി ഈ സംവിധാനത്തെ ന്യായീകരിച്ച പൊള്ളവാദങ്ങളെ തുറന്ന് കാട്ടുന്നതിനും, ഇക്കാര്യത്തിന് എന്തെങ്കിലും ഇളവ് പകരുന്നതോ, മാപ്പു നൽകുന്നതോ, ന്യായീകരിക്കുന്നതോയായ എല്ലാ തത്വങ്ങളെയും നിരസിക്കുന്നതിനും നമുക്ക് കഴിയണം. ഇത്തരം ഒരു തെളിച്ചം ഈ ഓർമ്മയുമായി അനുരജ്ഞനപ്പെടാനും അനേകായിരങ്ങളെ, പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും ഇന്നും ബാധിക്കുന്ന ആനുകാലിക നവ അടിമത്വരൂപങ്ങൾക്കെതിരെ പോരാടുന്നതിനും അടിസ്ഥാനപരമായ ഘടകമാണ്."

അടിമത്വത്തെകുറിച്ച് സഭാ പ്രബോധനങ്ങള്‍

രണ്ടാം വത്തിക്കാൻ സൂനഹദോസ്: (Gaudium et Spes, സഭ ആധുനിക ലോകത്തിൽ 27).  

മനുഷ്യജീവിതത്തിന് തുരങ്കം വയ്ക്കുന്ന എന്തും നിന്ദ്യമായി പരിഗണിക്കപ്പെടണം. ഏതുതരത്തിലുള്ള കൊലപാതകവും, വർഗ്ഗ വിച്ഛേദം, ഗർഭചിദ്രം, കാരുണ്യവധം, അല്ലെങ്കിൽ ആത്മഹത്യ എന്നിവയും ഇക്കൂട്ടത്തിൽ പെടുന്നു. മനുഷ്യ വ്യക്തിത്വത്തെ പൂർണ്ണതയെ നിഹനിക്കുന്ന അംഗവിച്ഛേദം, ശരീരത്തിലോ മനസ്സിലോ ഏൽപ്പിക്കുന്ന ദാരുണമായ വേദനകൾ, മനസ്സിനെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ തുടങ്ങിയവയും ഇതില്‍പ്പെടുന്നുണ്ട്. മനുഷ്യമാഹാത്മ്യത്തെ മുറിപ്പെടുത്തുന്ന തെറ്റുകൾ വേറെയുമുണ്ട്. മനുഷ്യജീവിതം ഇല്ലാത്ത ജീവിതസാഹചര്യങ്ങൾ, അന്യായമായ ജയിൽശിക്ഷകൾ, നാടുകടത്തൽ, അടിമത്തം, വേശ്യാവൃത്തി, സ്ത്രീകളെയും കുഞ്ഞുങ്ങളെയും വിൽക്കൽ തുടങ്ങിയവയാണവ. മനുഷ്യരെ സ്വാതന്ത്ര്യവും ഉത്തരവാദിത്വമുള്ള വ്യക്തികളായി പരിഗണിക്കാതെ ലാഭത്തിനു വേണ്ടിയുള്ള വെറും ഉപകരണങ്ങളായി കരുതി മനുഷ്യജീവിതമല്ലാത്ത തൊഴിൽ സാഹചര്യങ്ങളിലേക്ക് വലിച്ചെറിയുന്നതും ഇങ്ങനെയുള്ള മറ്റ് കാര്യങ്ങളും മനുഷ്യജീവിതത്തിന് തുരങ്കം വയ്ക്കുന്നവയില്‍പ്പെടുന്നു. മനുഷ്യ സംസ്ക്കാരത്തിലാണ് ഇത് വിഷം സംക്രമിക്കുന്നത്. ഈ തിന്മകൾ അവ സഹിക്കുന്നവർക്കെന്നതിന്നേക്കാൾ അവയുടെ കർത്താക്കൾക്കാണ് കൂടുതൽ ഉപദ്രവം ചെയ്യുന്നത്. കൂടാതെ അവ സ്രഷ്ടാവിനോടു കാണിക്കുന്ന പരമ നിന്ദയാണ്.

കത്തോലിക്കാ മതബോധനഗ്രന്ഥം 2414

ഏതെങ്കിലും കാരണത്താൽ അന്ധമായ സ്വാർത്ഥ സ്നേഹപരമോ, പ്രത്യയശാസ്ത്രപരമോ, വാണിജ്യപരമോ, സ്വച്ഛാധിപത്യപരമോ ആയ ഏതെങ്കിലും കാരണത്താൽ മനുഷ്യജീവികളെ അവരുടെ വ്യക്തി മഹാത്മ്യത്തെ അവഗണിച്ച് അടിമത്തത്തിലേക്ക് നയിക്കുന്ന, അവരെ വാങ്ങുകയോ വിൽക്കുകയോ കൈമാറുകയോ ചെയ്യുന്ന, പ്രവർത്തികളെയും സംരംഭങ്ങളെയും ഏഴാം കല്‍പന നിരോധിക്കുന്നു. വ്യക്തികളെ ബലംപ്രയോഗിച്ച് തങ്ങളുടെ ഉൽപ്പാദനപരമായ മൂല്യമാക്കി അല്ലെങ്കിൽ ഒരു ലാഭ സ്രോതസ്സാക്കി ചുരുക്കുന്നത് വ്യക്തികളുടെ മഹാത്മ്യത്തിനും അവരുടെ മൗലികാവകാശങ്ങൾക്കും എതിരായ പാപമാണ്. വിശുദ്ധ പൗലോസ് ഒരു ക്രൈസ്തവ യജമാനനോടു അയാളുടെ ക്രൈസ്തവ അടിമയെ ഇനി ഒരു ദാസനായിട്ടല്ല ശരീരത്തിലും കർത്താവിലും ഒരു സഹോദരനായി പരിഗണിച്ച് അവനോടു പെരുമാറുവാൻ നിർദേശിക്കുന്നു.

“അങ്ങേയ്ക്കു സ്തുതി” LAUDATO SI, 123

ഒരു വ്യക്തിയിൽ നിന്ന് നേട്ടമുണ്ടാക്കാൻ മറ്റു വ്യക്തികളെ കേവലം വസ്തുക്കളായി കരുതാൻ നിർബന്ധിച്ച് ജോലി ചെയ്യിപ്പിക്കാൻ, കടം വീട്ടാൻ വേണ്ടി അടിമകളാക്കാനൊക്കെ പ്രേരിപ്പിക്കുന്ന ക്രമരാഹിത്യമാണ് ആപേക്ഷികതാപാദ സംസ്കാരം. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാനും നമ്മുടെ താല്‍പര്യങ്ങൾക്ക് സേവനം ചെയ്യാനാവാത്ത വൃദ്ധ ജനത്തെ പരിത്യജിക്കാനും പ്രേരിപ്പിക്കുന്നത് ഇതേ ചിന്താരീതിയാണ്. ഇപ്രകാരം പറയുന്നവരുടെ മനസ്ഥിതിയും ഇതുതന്നെ. സാമ്പത്തികതയെ നിയന്ത്രിക്കാൻ വിപണിയുടെ അദൃശ്യ ശക്തികളെ നമുക്ക് അനുവദിക്കാം. സമൂഹത്തിന്‍റെ മേലും പ്രകൃതിയുടെ മേലും അവയ്ക്കുള്ള സ്വാധീനത്തെ ആനുഷംഗിക നാശമായി കരുതാം. നമ്മുടെ ആഗ്രഹങ്ങളുടെയും പ്രധാന ആവശ്യങ്ങളുടെയും തൃപ്തിപ്പെപെടുത്താന്നല്ലാതെ വസ്തുനിഷ്ഠമായ സത്യങ്ങളോ, തത്വങ്ങളോ, ഇല്ലെങ്കിൽ മനുഷ്യക്കടത്ത്, സംഘടിത കുറ്റകൃത്യം, മയക്കുമരുന്ന് വ്യാപാരം അപകടത്തിൽ ആക്കപ്പെട്ട ജീവികളുടെ രക്ത രത്നങ്ങളും രോമവും കച്ചവടം ചെയ്യൽ എന്നിവയ്ക്ക് എങ്ങനെ അതിരു കൽപ്പിക്കാനാണ്? വിൽപ്പനയ്ക്ക് വേണ്ടിയോ, പരീക്ഷണങ്ങൾക്ക് വേണ്ടിയോ ദരിദ്രരുടെ അവയവങ്ങൾ വാങ്ങിക്കുന്നതിനെയും, മാതാപിതാക്കൾക്ക് ആവശ്യമില്ലെന്ന് തോന്നുന്ന കുട്ടികളെ ഇല്ലായ്മ ചെയ്യുന്നതിനെയും നീതികരിക്കുന്നത് ഇത് ആപേക്ഷികതാവാദ  യുക്തി അല്ലേ?  ‘ഉപയോഗിച്ചിട്ട് വലിച്ചെറിയുക’ എന്ന ഈ യുക്തി ഏറെ പാഴ്വസ്തുക്കളുണ്ടാക്കുന്നു. യഥാർത്ഥത്തിൽ അത്യാവശ്യമായിരിക്കുന്നതിലേറെ വസ്തുക്കൾ ഉപയോഗിക്കാനുള്ള ക്രമരഹിതമായ ആഗ്രഹം മൂലമാണ് ഇത് സംഭവിക്കുന്നത്. പരിസ്ഥിതിയെ ബാധിക്കുന്ന പ്രവർത്തികളെ തടയാൻ രാഷ്ട്രീയ പരിശ്രമങ്ങളും നിയമത്തിന് ശക്തിയും മതിയാകും എന്ന് നമ്മൾ ചിന്തിക്കരുത്. എന്തെന്നാൽ സംസ്കാരം തന്നെ മലിനമാക്കുകയും വസ്തുനിഷ്ഠമായ സത്യത്തെയും സാർവത്രികമായി സാധുവായ തത്വങ്ങളെയും ഉയർത്തിപ്പിടിക്കാതിരിക്കുകയും ചെയ്യുമ്പോൾ നിയമങ്ങളെ ഒഴിവാക്കപ്പെടേണ്ട സ്വേഛാ ചാരിയായ അടിച്ചേൽപ്പിക്കുകളോ തടസ്സങ്ങളോ ആയി മാത്രമേ കാണാനാകൂ.

ആധുനീക അടിമത്തെം

മനുഷ്യക്കടത്ത്, നിർബന്ധിത അദ്ധ്വാനം,വേശ്യാവൃത്തി, അവയവക്കടത്ത്, ബാലവേല എന്നിവ

ആധുനീക അടിമത്വത്തെ കുറിച്ച്  ഫ്രാൻസിസ് മാർപാപ്പയുടെ പ്രഖ്യാപനം. ജനുവരി 19,2015

“എല്ലാ മനുഷ്യരും, പുരുഷനും സ്ത്രീയും ആൺകുട്ടിയും പെൺകുട്ടിയും ദൈവത്തിന്‍റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ദൈവം സ്നേഹമാണ്, പരസ്പര ബന്ധങ്ങളിൽ നൽകിയിരിക്കുന്ന സ്നേഹവും സ്വാതന്ത്ര്യവുമാണ് ഓരോ മനുഷ്യനും തുല്യതയിലും സാഹോദര്യത്തിലും മറ്റുള്ളവരുടെ നന്മയ്ക്കായി ജീവിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യന്‍ ഒരു സ്വതന്ത്ര വ്യക്തിയാണ്. ഓരോ വ്യക്തിയും, എല്ലാവരും തുല്യരാണ്, അവർക്ക് ഒരേ സ്വാതന്ത്ര്യവും ഒരേ അന്തസ്സും നൽകണം. മറ്റുള്ളവർ തുല്യരാണെന്ന അടിസ്ഥാന ബോധ്യത്തെ മാനിക്കാത്ത വിവേചനപരമായ ഏതൊരുബന്ധവും ഒരു കുറ്റകൃത്യമാണ്, മാത്രമല്ല പലപ്പോഴും തെറ്റായ കുറ്റകൃത്യവുമാണ്. അതിനാൽ, ആധുനിക അടിമത്തം, മനുഷ്യക്കടത്ത്, നിർബന്ധിത അദ്ധ്വാനം, വേശ്യാവൃത്തി, അവയവക്കടത്ത് എന്നിവ മാനവികതയ്‌ക്കെതിരായ കുറ്റമാണെന്ന് ഞങ്ങളുടെ ഓരോ വിശ്വാസത്തിലും ഞങ്ങൾ പ്രഖ്യാപിക്കുന്നു. അതിന്‍റെ ഇരകൾ ജീവിതത്തിന്‍റെ നാനാതുറകളിൽ നിന്നുള്ളവരാണ്, പക്ഷേ മിക്കപ്പോഴും നമ്മുടെ സഹോദരീസഹോദരന്മാരിൽ ഏറ്റവും ദരിദ്രരും ദുർബലരുമാണ്. അവരുടെ പേരിൽ എല്ലാവരുടെയും ഭാഗത്തുനിന്ന്, നമ്മുടെ വിശ്വാസ സമൂഹങ്ങൾ വ്യക്തിപരമോ, വാണിജ്യപരമോ ചൂഷണത്തിന്‍റെ ആവശ്യങ്ങൾക്കായി വ്യക്തിഗത സ്വാതന്ത്ര്യത്തെ ആസൂത്രിതമായി നഷ്ടപ്പെടുത്തുന്നതിനെ ഒഴിവാക്കാതെ പ്രവര്‍ത്തിക്കുന്നവരുടെമേല്‍ ഞങ്ങൾ ഈ പ്രഖ്യാപനം നടത്തുന്നു.”

ഉപസംഹാരം

അടിമക്കച്ചവടം നിയമ വിധേയമായി നിരോധിക്കപ്പെട്ട് കാലങ്ങൾ ഏറെക്കഴിഞ്ഞു. എന്നാൽ ഇന്നും മനുഷ്യന്‍റെ ധനസമ്പാദനത്തിനുള്ള ആർത്തി വിവിധ തരത്തിലുള്ള രൂപത്തിലും വകഭേദത്തിലും നമ്മുടെ സമൂഹത്തിൽ നിലനില്‍ക്കുന്നു എന്നതിന് തെളിവുകൾ ധാരാളമുണ്ട്. മനുഷ്യക്കടത്തുകളും, ബാലവേലയും, നിർബന്ധ ജോലിയും,  കുട്ടിപട്ടാളവും, കുട്ടികളേയും സ്ത്രീകളേയും ലൈംഗീകമായി ചൂഷണം ചെയ്യുന്നതിനായി വിൽക്കുകയും വാങ്ങുകയും ചെയ്യുന്നത് ഇന്നത്തെ കാലഘട്ടത്തിലെ നവീന അടിമത്വത്തിന്‍റെ പുത്തൻ രൂപങ്ങൾ തന്നെയത്രേ. ഇങ്ങനെയുള്ള സമാന അടിമത്വസമ്പ്രദായങ്ങളെക്കൂടി അറിയുകയും, അവയ്ക്കെതിരെ പ്രതികരിക്കുകയും, നമ്മുടെ തന്നെ മനസ്സിൽ നിന്നകറ്റുകയും  പിന്നീട്‌ സമൂഹത്തിലും നിന്നും പറിച്ചെറിയപ്പെടേണ്ടതിനായി അശ്രാന്തം പ്രവർത്തിക്കുകയും ചെയ്യാം.  അപ്പോൾ മാത്രമേ ഇന്നത്തെ ഈ ദിനാചരണത്തിന്  അർത്ഥoകൈവരൂ!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 August 2019, 15:22