Cardinal Angelo Bagnasco, Archbisop of Genova and the President of the Federation of Episcopal Conferences of Europe Cardinal Angelo Bagnasco, Archbisop of Genova and the President of the Federation of Episcopal Conferences of Europe 

സൃഷ്ടിയെ സംരക്ഷിക്കാന്‍ യൂറോപ്പിലെ സഭ കര്‍മ്മനിരതമാകും

സെപ്തംബര്‍1-മുതല്‍ ഒക്ടോബര്‍ 4-വരെ ആചരിക്കുന്ന പാരിസ്ഥിതിക സംരക്ഷണ പ്രാര്‍ത്ഥനയും പരിശ്രമങ്ങളും. യൂറോപ്യന്‍ സഭ പ്രത്യേക പദ്ധതി ഒരുക്കി.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

യൂറോപ്പിലെ സഭ സൃഷ്ടിയുടെ സംരക്ഷണയില്‍
ലോകമെമ്പാടും ക്രൈസ്തവര്‍ പദ്ധതിയൊരുക്കുന്ന സൃഷ്ടിയെ സംരക്ഷിക്കാനുള്ള ഒരു മാസം യൂറോപ്പിലെ സഭ പ്രാര്‍ത്ഥനയിലും പരിശ്രമത്തിലും ഒരുമിക്കുമെന്ന്, യൂറോപ്പിലെ ദേശീയ മെത്രാന്‍ സമിതികളുടെ സംയുക്ത സംഘടന (CCEE) പ്രസിഡന്‍റും ഇറ്റലിയിലെ ജനോവ അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ആഞ്ചലോ ബഞ്ഞാസ്ക്കോ പ്രസ്താവിച്ചു.

ഒരു മാസം നീളുന്ന പ്രാര്‍ത്ഥനയും പരിശ്രമവും
ആഗസ്റ്റ് 1-Ɔ൦ തിയതി യൂറോപ്യന്‍ സഭയുടെ ആസ്ഥാനമായ സ്വിറ്റ്സര്‍ലണ്ടിലെ ഗ്യാലന്‍ ഓഫീസില്‍നിന്നുമാണ് സൃഷ്ടിയുടെ സംരക്ഷണം സംബന്ധിച്ച  പ്രസ്താവന യൂറോപ്പിലെ മെത്രാന്‍ സംഘം ഇറക്കിയത്. ലോകത്തെ ക്രൈസ്തവ സഭകള്‍ സംയുക്തമായി ആഹ്വാനംചെയ്തിട്ടുള്ള സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ഒരുമാസക്കാലം (Season of Creation) നീളുന്ന പദ്ധതി പ്രായോഗികമാക്കാനുള്ള നീക്കങ്ങളാണ് അതില്‍  വിവരിച്ചത്.  വത്തിക്കാന്‍ ആചരിക്കുന്ന പരിസ്ഥിതി ദിനമായ സെപ്തംബര്‍ 1-ന് ആരംഭിച്ച് പരിസ്ഥിതിയുടെ മദ്ധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ തിരുനാളായ ഒകോട്ബര്‍ 4-വരെ ഒരുമാസക്കാലം നീളുന്ന പരിപാടികളില്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് യൂറോപ്പിലെ മെത്രാന്മാരുടെ കൂട്ടായ്മയ്ക്കുവേണ്ടി പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ബഞ്ഞാസ്കൊ  പ്രസ്താവന ഇറക്കിയത്. സൃഷ്ടിയുടെ സംരക്ഷണത്തിനായി പ്രാര്‍ത്ഥിക്കുന്ന ദിനങ്ങള്‍ കിഴക്കന്‍ സഭകളില്‍ 1989-ല്‍ ആരംഭിച്ചിരുന്നു. അവരോടു ചേര്‍ന്ന് സെപ്തംബര്‍ 1-ന് അനുഷ്ഠിക്കുന്ന ഒരു പാരിസ്ഥിതിക ദിനം പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ചത് 2015-ലാണ്.

പൊതുഭവനമായ ഭൂമി സംരക്ഷിക്കേണ്ടതിന്‍റെ അനിവാര്യത -
യൂറോപ്യന്‍ മെത്രാന്മാരുടെ സംയുക്ത പ്രസ്താവനയിലെ ചിന്തകള്‍ :

1. മനുഷ്യകുലത്തിന്‍റെ പൊതുഭവനമായ ഭൂമി സംരക്ഷിക്കാന്‍ ആവശ്യമായ പഠനവും, പരിശ്രമവും അടിയന്തിരമായ ഒരു ഘട്ടത്തില്‍ നാം എത്തിനില്ക്കുകയാണ്. അതിനുവേണ്ടിയാണ് സഭാസമൂഹങ്ങള്‍ കൈകോര്‍ക്കുന്നതും ഒരുമിച്ചു പ്രാര്‍ത്ഥിക്കുന്നതും. ജീവന്‍റെ ശ്രൃംഖല വിച്ഛേദിക്കപ്പെടുന്നത് വിവിധ സമൂഹങ്ങളോടും, പ്രപഞ്ചം ആസകലത്തോടും മനുഷ്യര്‍ കാണിക്കുന്ന ആര്‍ത്തിയും നിസംഗതയും മൂലമാണ്.

സൃഷ്ടിയെ നശിപ്പിക്കരുത്!
2. ദൈവത്തിന്‍റെ സൃഷ്ടിയെ നശിപ്പിക്കുകയും മലീമസമാക്കുകയും ചെയ്ത അവസരങ്ങള്‍ക്ക് മാപ്പപേക്ഷിക്കാനുള്ള സമയമാണിത്. ഇന്നും “എല്ലാം നന്നായും ദാനമായും നല്കിയ” ദൈവത്തിന്‍റെ സൃഷ്ടിയുടെ മേല്‍ ഒരു മുറിവാണ് പരിസ്ഥിതിവിനാശം, മലിനീകരണം എന്നിവ (ഉല്പത്തി 1, 27). മനുഷ്യകുലം ഒരു കുടുംബവും സ്രഷ്ടാവിന്‍റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ടവരുടെ കൂട്ടായ്മയുമാണ്.

ദൈവം ദാനമായി  തന്ന ഭൂമിക്ക് നന്ദിയുള്ളവരായി ജീവിക്കാം
3. ദൈവിക മഹിമാവിനും നന്മയ്ക്കും നന്ദിയുള്ളവരായിരിക്കാം. പകരം സൃഷ്ടിയുടെ മഹത്തായ ദാനത്തോടു നാം അവഗണന കാണിക്കുന്നുണ്ട്. അതിനെ പരിരക്ഷിക്കുകയും പരിചരിക്കുകയും ചെയ്യുന്നതിനു പകരം, ആര്‍ത്തിയില്‍ വെട്ടിപ്പിടിക്കുകയും നശിപ്പിക്കുകയും, പലപ്പോഴും അതിന്‍റെ നന്മയോടും അഭിവൃദ്ധിയോടും നിസംഗത പ്രകടമാക്കുകയും ചെയ്യുന്നുണ്ട്.

ദൈവത്തിന്‍റെ തോട്ടത്തിലെ വിശ്വസ്തദാസര്‍
4. ദൈവം നമ്മെ ഭരമലേപിച്ച സൃഷ്ടിയോടു കൂടുതല്‍ പ്രതിജ്ഞാബദ്ധരാകാം. ക്രൈസ്തവികതയുടെ ആത്മീയ പാരമ്പര്യത്തില്‍ സൃഷ്ടിയെ സംരക്ഷിക്കുന്ന പ്രകൃയയില്‍ എവിടെയും എപ്പോഴും നമുക്കു പങ്കുചേരാം. ക്രിയാത്മകവും ഫലദായകവുമായ വിധത്തില്‍ കര്‍ത്താവിന്‍റെ തോട്ടത്തിലെ വിശ്വസ്ത ദാസരാകാന്‍ സൃഷ്ടിയുടെ സംരക്ഷണയ്ക്കായി ക്രൈസ്തവമക്കള്‍ ആചരിക്കുന്ന ഒരു മാസക്കാലത്തെ പ്രാര്‍ത്ഥനയിലും പരിശ്രമത്തിലും പങ്കുചേരാം.

വരുംതലമുറയ്ക്കും ഭൂമി വാസയോഗ്യമാക്കാം
5. പരിസ്ഥിതിവിനാശത്തിന്‍റെ അടിയന്തിര സ്വഭാവം സമൂഹങ്ങള്‍ക്കും, വ്യക്തികള്‍ക്കും, വിശിഷ്യാ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും മനസ്സിലാക്കിക്കൊടുക്കാനുള്ള അവസരമായും സെപ്തംബര്‍ 1-മുതല്‍ ഒക്ടോബര്‍ 4-വരെയുള്ള ദിവസങ്ങളെ നമുക്ക് ഉള്‍ക്കൊള്ളാം. അങ്ങനെ നാം വസിക്കുന്ന ഭൂമിയും - അതിലെ പുഴയും, കാടും, മേടും, മലകളും, മാമരങ്ങളും, പുല്‍മേടുകളുമെല്ലാം വരും തലമുറയ്ക്കും  അനുഭവയോഗ്യമാക്കി സൂക്ഷിക്കാം.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 August 2019, 14:26