തിരയുക

The Assumption of Blessed Virgin Mary, from the Maria shrine of Dallas, US. The Assumption of Blessed Virgin Mary, from the Maria shrine of Dallas, US. 

സ്വര്‍ഗ്ഗോരോപിത വിമലാംബേ! അമല്‍ദേവിന്‍റെ നല്ലൊരു മരിയഗീതം

ആലാപനം മഞ്ജ്ജുവും സംഘവും. രചന ഫാദര്‍ സണ്ണി പുല്‍പ്പറമ്പില്‍ സി.എം.ഐ. സംഗീതം ജെറി അമല്‍ദേവ്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സ്വാതന്ത്ര്യദിനത്തിന്‍റെയും സ്വര്‍ഗ്ഗാരോപണ മഹോത്സവത്തിന്‍റെയും പ്രാര്‍ത്ഥനനിറഞ്ഞ ആശംസകള്‍ !

കോതമംഗലത്തിനു കിഴക്ക് ചെങ്ങരയിലുള്ള നിര്‍മ്മല്‍ഗ്രാം ആശ്രമത്തിന്‍റെ പശ്ചാത്തലത്തില്‍ ഫാദര്‍ സണ്ണി പുല്‍പ്പറമ്പില്‍ സി.എം.ഐ.യും ജെറി അമല്‍ദേവും ചേര്‍ന്ന് ഒരുക്കിയതാണ് ഈ മരിയഗീതം. 2002-ലെ ഡിസംബറിന്‍റെ കുളിരിലും നിര്‍മ്മല്‍ഗ്രാം ആശ്രമ വളപ്പിലെ ഔഷധച്ചെടികളുടെ സൗരഭ്യത്തിലും സണ്ണിയച്ചന്‍ കുറിച്ച വരികള്‍ക്ക് അമല്‍ദേവിന്‍റെ മനസ്സില്‍ വിരിഞ്ഞ സുന്ദരമായൊരു സ്തുതിപ്പാണിത്. സ്വര്‍ഗ്ഗാരോപിതയെ സ്തുതിക്കുന്ന മലയാളത്തിലുള്ള അത്യപൂര്‍വ്വമായ ഗാനങ്ങളില്‍ ഒന്നാണ് ഫാദര്‍ സണ്ണി പുല്‍പ്പറമ്പിലിന്‍റെയും അമല്‍ദേവിന്‍റെയും ഈ ഗാനം.

സ്വര്‍ഗ്ഗോരോപിത വിമലാംബേ!

മറിയം സ്വര്‍ഗ്ഗാരോപിത - ഗാനം

പല്ലവി
സ്വര്‍ഗ്ഗോരോപിത വിമലാംബേ!
മാനവഹൃദയങ്ങള്‍
മാറിലണയ്ക്കണമേ നിന്‍
മാറിലണയ്ക്കണമേ!

അനുപല്ലവി
സ്വര്‍ഗ്ഗാരോപണ വീഥികയില്‍
സുതരുടെ ദീപങ്ങള്‍
അങ്ങു തെളിയ്ക്കണമേ വഴി-
അങ്ങു തെളിയ്ക്കണമേ!
അമ്മേ, അമ്മേ, അമ്മേ മരിയേ
അമ്മേ, അമ്മേ, അമ്മേ മരിയേ!

ചരണം ഒന്ന്
എളിമ നിറഞ്ഞോരമ്മേ നിന്നില്‍
വചനം മാംസമതായ് (2)
വചനം കേട്ടോരമ്മേ നിന്നില്‍
വചനം മാംസമതായ് (2)
എന്‍ ഹൃദയത്തില്‍ വചനം
ഇരുതല വാളായ് ഉയരട്ടെ (2)
ശാന്തിശക്തികള്‍ നേരും ഇരുതല
വാളായ് ഉയരട്ടെ! (2)
- സ്വര്‍ഗ്ഗാരോപിത...

ചരണം രണ്ട്
ആയിരങ്ങള്‍ അനാഥര്‍ ആരു-
മില്ലാതലയുമ്പോള്‍ (2)
ദാസരിതാ, എന്നുരചെയ്തുള്ളില്‍
വചനം പുല്‍കിയിതാ (2)
കല്‍ഭരണിച്ചുവട്ടിലും കാല്‍വരിതന്‍
ചോട്ടിലും (2)
തിരുനിണമാക്കൂ സന്നിധി ചേര്‍ക്കൂ
മന്നില്‍ കൃപചൊരിയൂ!
– സ്വര്‍ഗ്ഗാരോപിത...

നന്ദിയോടെ...!
ഈ നല്ലഗാനത്തിന്‍റെ സ്രഷ്ടാക്കളായ ഫാദര്‍ സണ്ണിക്കും അമല്‍ദേവിനും, ഇതിന്‍റെ നിര്‍മ്മിതിയില്‍ പങ്കുകാരായ ഗായിക മഞ്ജ്ജു, വൈണിക ദേവി എന്നിവരെയും, മറ്റു കലാകാരന്മാരെയും നന്ദിയോടെ ഓര്‍ക്കുന്നു. സ്വര്‍ഗ്ഗാരോപിത നമ്മെ ഏവരെയും സമാധാനത്തിലും നന്മയുടെ സ്വാതന്ത്ര്യത്തിലും നയിക്കട്ടെ!

നിര്‍മ്മല്‍ഗ്രാം ധ്യാനകേന്ദ്രം നിര്‍മ്മിച്ച “ഒലിവുപൂക്കും താഴ്വരയില്‍...”
എന്ന ഗാനശേഖരത്തിലെ ഗാനമാണിത്.

ഗാനത്തിന്‍റെ ലിങ്ക് : 
https://www.vaticannews.va/ml/world/news/2019-08/assumpta-song-jerry-amaldev.html
 

14 August 2019, 09:29