Nature's abundance and prosperity -  the gift of God Nature's abundance and prosperity - the gift of God 

ദൈവത്തിന്‍റെ സൃഷ്ടിവൈഭവത്തെ മഹത്വപ്പെടുത്തുന്ന ഗീതം

വചനവീഥിയെന്ന ബൈബിള്‍ പഠനപരമ്പര - ഒരു രാജകീയ സങ്കീര്‍ത്തനത്തി‍ന്‍റെ പഠനം - സങ്കീര്‍ത്തനം 145 – ഭാഗം അഞ്ച്.
സങ്കീര്‍ത്തനം 145-ന്‍റെ പഠനം ഭാഗം 5.

അദൃശ്യനായ യാവേയെ ദൃശ്യമാക്കുന്ന ഗീതം
സങ്കീര്‍ത്തനം 145–ന്‍റെ വ്യാഖ്യാനപഠനം അവസാനഭാഗങ്ങളിലേയ്ക്ക് നാം കടക്കുകയാണ്. രാജാവും കര്‍ത്താവുമായ ദൈവത്തിന്‍റെ മഹിമാതിരേകങ്ങള്‍ വര്‍ണ്ണിക്കുന്ന സങ്കീര്‍ത്തനത്തിന്‍റെ 14-മുതല്‍ 21-വരെയുള്ള വരികളാണ് നാം ഇന്ന് വ്യാഖ്യാന പഠനത്തിന് വിഷയമാക്കുന്നത്. ആകെ 21 വരികളുള്ള സങ്കീര്‍ത്തനത്തിന്‍റെ വ്യാഖ്യാനം അവസാന ഭാഗമാണിത്. ദൈവം കരുണാമയനാണ്, അവിടുന്നു കൃപാലുവും ക്ഷമാശീലനും  സ്നേഹസമ്പന്നനുമാണ്. സങ്കീര്‍ത്തകന്‍ സ്തുതിക്കുന്ന ദൈവത്തിന്‍റെ ഗുണവിശേഷണങ്ങളാണിവ.  അവിടുന്ന് എല്ലാവര്‍ക്കും നല്ലവനാണ്. സര്‍വ്വസൃഷ്ടിയുടെയും മേല്‍ കൃപചൊരിയുന്നവനാണ് അവിടുന്ന് - എന്നിങ്ങനെ വളരെ യഥാര്‍ത്ഥവും അനുഭവവേദ്യവുമാകുന്ന ഗുണഗണങ്ങള്‍ യാഹ്വേയ്ക്കു നല്കികൊണ്ട്, പഴയനിയമത്തില്‍ അദൃശ്യനായിരുന്ന രാജാവായ ദൈവത്തെ സങ്കീര്‍ത്തകന്‍ വാക്കുകളില്‍ വരച്ചുകാട്ടുകയും, വളരെ യാഥാര്‍ത്ഥ്യബോധത്തോടെ അനുവാചകര്‍ക്ക് മനസ്സിലാക്കിത്തരുകയും ചെയ്യുന്നു.

Musical Version of Ps. 145
പത്തും പതിനൊന്നും പദങ്ങള്‍
10-11 കര്‍ത്താവു കൃപാലുവും കരുണാമയനും
ക്ഷമാശീലനും സ്നേഹസമ്പന്നനുമാകുന്നു
കര്‍ത്താവെല്ലാവര്‍ക്കും നല്ലവനാണ്
തന്‍റെ സര്‍വ്വസൃഷ്ടികളുടേയും മേല്‍ അവിടുന്നു കരുണചൊരിയുന്നു
അവിടുന്നു കരുണചൊരിയുന്നു.
- എന്‍ രാജാവും

ക്രിസ്തുവിലേയ്ക്കു നയിക്കുന്ന ഗീതം
അങ്ങനെ പഴയതില്‍നിന്ന് പുതിയതിലേയ്ക്കു വിരല്‍ചൂണ്ടിക്കൊണ്ട്, ഒരു പ്രവാചക ദര്‍ശനത്തോടെയാണ് ദൈവത്തിന്‍റെ കാരുണ്യവദനം സങ്കീര്‍ത്തകന്‍ വെളിപ്പെടുത്തുന്നത്. ഈ സങ്കീര്‍ത്തനത്തെക്കുറിച്ചു പഠിക്കുന്ന നമുക്കിന്നു സ്പഷ്ടമായി പറയാം, ഇത് അനുവാചകരെ ക്രിസ്തുവിലേയ്ക്കാണ് നയിക്കുന്നതെന്ന്. ഈ ആമുഖത്തോടെ നമുക്കു 145-Ɔο സങ്കീര്‍ത്തിന്‍റെ രണ്ടാംഭാഗം പദങ്ങളുടെ വ്യാഖ്യാനത്തിലേയ്ക്കു കടക്കാം. ആകെ 21 വരികളുള്ള ഗീതത്തിന്‍റെ അവസാനത്തെ 8 വരികളുടെ വ്യാഖ്യാനത്തിലൂടെ ഈ സങ്കീര്‍ത്തന പഠനം നമുക്കു തുടരാം.

Verses of the Psalm 145
Recitation:
ദൈവത്തിന്‍റെ കാരുണ്യാതിരേകം
പ്രകീര്‍ത്തിക്കുന്ന വരികള്‍ :
14 കര്‍ത്താവു വീഴുന്നവരെ താങ്ങുന്നു
നിലംപറ്റിയവരെ എഴുന്നേല്പിക്കുന്നു
15 എല്ലാവരും അങ്ങയില്‍ ദൃഷ്ടി പതിച്ചിരിക്കുന്നു,
അങ്ങ് അവര്‍ക്കു യഥാസമയം ആഹാരം നല്കുന്നു.
16 കര്‍ത്താവു കൈതുറന്നു നല്കുന്നു
എല്ലാവരെയും സംതൃപ്തരാക്കുന്നു.
17 കര്‍ത്താവിന്‍റെ വഴികള്‍ നീതിനിഷ്ഠവും
പ്രവൃത്തികള്‍ കൃപാപൂര്‍ണ്ണവുമാണ്.
18 തന്നെ വളിച്ചപേക്ഷിക്കുന്നവര്‍ക്ക്
ഹൃദയപരമാര്‍ത്ഥതയോടെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്
കര്‍ത്താവു സമീപസ്ഥനാണ്.
19 തന്‍റെ ഭക്തരുടെ ആഗ്രഹം അവിടുന്നു സഫലമാക്കുന്നു
അവിടുന്ന് നിലവിളികേട്ട് അവരെ രക്ഷിക്കുന്നു.
20 തന്നെ സ്നേഹിക്കുന്നവരെ കര്‍ത്താവു പാലിക്കുന്നു. എന്നാല്‍
സകല ദുഷ്ടരെയും അവിടുന്നു നശിപ്പിക്കും
21 എന്‍റെ അധരങ്ങള്‍ കര്‍ത്താവിന്‍റെ സ്തുതികള്‍ പാടും
എല്ലാ ജീവജാലങ്ങളും അവിടുത്തെ വിശുദ്ധനാമത്തെ എന്നേയ്ക്കും വാഴ്ത്തും!

സൗമ്യനും പ്രതാപിയുമായ രാജാവിനെ
പ്രകീര്‍ത്തിക്കുന്ന വരികള്‍

നാം ശ്രവിച്ച ഈ സങ്കീര്‍ത്തന വരികള്‍, 14-മുതല്‍ 20-വരെയുള്ള സങ്കീര്‍ത്തനപദങ്ങള്‍ വിവരിക്കുന്നത് കര്‍ത്താവിന്‍റെ ശക്തിയും മഹത്ത്വവും സൗമ്യനായ ഒരു പ്രതാപിയെയുമാണ്, അല്ലെങ്കില്‍ കരുത്തനായൊരു രാജാവിനെയാണ് ചിത്രീകരിക്കുന്നത്. ഇവിടെ സൗമ്യനെന്ന വിശേഷണം ചേര്‍ക്കേണ്ടതുണ്ട്, കാരണം ദൈവം പ്രതാപിയും കരുത്തനുമെങ്കിലും അവിടുന്നു കരുണാര്‍ദ്രനാണ്, നല്ലവനാണ്, ശാന്തനുമാണെന്നു ഭാഷയുടെ പ്രയോഗം വ്യക്തമാക്കുന്നു. കാരണം a) അവിടുത്തെ മഹത്വം യഥാര്‍ത്ഥത്തില്‍ ഔദര്യമാണ്. ഉദാരമതിയും, മഹാനുഭാവനുമാണവിടുന്ന്. അവിടുന്നു നിലംപരിശായവരെ കുമ്പിട്ടു താങ്ങിയെടുക്കുന്നു. വീണവരെ താങ്ങി എഴുന്നേല്പിക്കുന്നു. അവിടുന്ന് അവരെ സഹാനുഭാവത്തോടെ പരിചരിക്കുന്നു, പിന്‍താങ്ങുന്നു. നാം ഈ സങ്കീര്‍ത്തനത്തിന്‍റെ ആദ്യഭാഗത്തു കണ്ട ദൈവിക മഹിമാതിരേകങ്ങള്‍ - കാരുണ്യവാന്‍, കൃപാലു, നല്ലവന്‍, സ്നേഹസമ്പന്നന്‍ തുടങ്ങിയ ലക്ഷണങ്ങള്‍ മനുഷ്യരുടെ വ്യഥയറിയുന്ന, മനുഷ്യരോടുകൂടെ ആയിരിക്കുന്ന ഒരു ദൈവത്തിന്‍റെ ഉത്തമ ലക്ഷണങ്ങള്‍ തന്നെയാണെന്നു സ്ഥാപിക്കുകയാണ് വീണ്ടും ഈ വരികളില്‍. അതിനാല്‍ ഈ ഗീതത്തിന്‍റെ അവസാനപദങ്ങളില്‍ തന്‍റെ സൃഷ്ടിജാലങ്ങളോടും ദൈവത്തിന്‍റെ കരുണാര്‍ദ്രഭാവത്തെ ഗായകന്‍ ശക്തമായും വ്യക്തമായും പദങ്ങളില്‍ പ്രകടമാക്കുന്നുവെന്നു നമുക്കു പറയാം.

സൃഷ്ടിജാലങ്ങള്‍ ദൈവത്തിന്‍റെ
മഹിമാതിരേകങ്ങള്‍ വാഴ്ത്തുന്നു!

സൃഷ്ടിജാലങ്ങളില്‍ ഓരോ വ്യത്യസ്ത ഗണങ്ങളെയും ദൈവം പ്രത്യേകം പ്രത്യേകം പരിപാലിക്കുന്നുവെന്നും നാം മനസ്സിലാക്കേണ്ടതാണ്. (1) ജന്തുജാലങ്ങള്‍ - കാലികളും പക്ഷിമൃഗാദികളും, ജലജീവികളും, മത്സ്യങ്ങളുമെല്ലാം ഏറെ വിശ്വസ്തമായും, തീവ്രമായ ആഗ്രഹത്തോടും കൂടി തങ്ങളുടെ അല്പം ഭക്ഷണത്തിനായി ചെറുധാന്യമണികള്‍ക്കായും ദൈവത്തിങ്കലേയ്ക്കാണ് തിരിയുന്നത്. ദൈവം അവയെ പരിപാലിക്കുന്നു. (2) അതുപോലെ തന്നെ ജീവിതത്തിന്‍റെ ആശങ്കകളാലും ചിലപ്പോള്‍ സന്തോഷമുള്ള സംതൃപ്തികൊണ്ടും മനുഷ്യര്‍ തങ്ങളുടെ ദൃഷ്ടികള്‍ ദൈവസന്നിധിയിലേയ്ക്ക് ഉയര്‍ത്തുമ്പോഴും ദൈവം മനുഷ്യരെയും കരുണയോടെ കടാക്ഷിക്കുന്നു. (3) ഇനി കാലഭേദങ്ങളിലും, കാലക്കെടുതികളിലും, വസന്തത്തിലും ശൈത്യത്തിലും വേനല്‍ വറുതിയിലും സൃഷ്ടിജാലങ്ങള്‍ ദൈവത്തിങ്കലേയ്ക്കാണ് തിരിയുന്നത്. അവിടുന്നാണ് ജീവിതവഴികള്‍ തുറക്കുന്നത്.

മനുഷ്യന്‍ സൃഷ്ടിയെ പരിരക്ഷിക്കണം
അവിടുന്നു ഈ പ്രപഞ്ചത്തിലെ സകലത്തിനോടും നീതിയോടെ വ്യാപരിക്കുന്നു. എല്ലാവരോടും നല്ലവനായ അവിടുന്നു നീതിനിഷ്ഠയോടെ പെരുമാറുന്നു (with sedeq), ഒപ്പം അവിടുന്നു തന്‍റെ കരുണ സമൃദ്ധമായി അവയില്‍ വര്‍ഷിക്കുകയും ചെയ്യുന്നു. അതിനാല്‍ മനുഷ്യരും തങ്ങളുടെ സഹോദരങ്ങളോടു കരുണയും സ്നേഹവുമുള്ളവരായിരിക്കണം. നോക്കൂ! വളര്‍ത്തു മൃഗങ്ങള്‍ നായയും, പൂച്ചയുമെല്ലാം മനുഷ്യരുടെ പക്കലേയ്ക്കല്ലാതെ ഭക്ഷണത്തിനായി വാത്സല്യത്തോടെ വരുന്നത് ആരുടെ പക്കലേയ്ക്കാണ്? അതിനാല്‍ ഓര്‍ക്കണം തന്നെ സത്യസന്ധമായും ആത്മാര്‍ത്ഥമായും വിളിച്ചപേക്ഷിക്കുന്നവര്‍ക്ക് ദൈവം സമീപസ്ഥനാണ്. ആ ഔദാര്യവും സ്നേഹവും നാം ജീവിതപരിസരങ്ങളില്‍ അനുദിനം പ്രകടമാക്കേണ്ടതാണ്. ദൈവത്തിന്‍റെ സൃഷ്ടിയെ മനുഷ്യര്‍ എന്നും പരിരക്ഷിക്കണം!

Musical Version of Ps. 145
എട്ടും ഒന്‍പതും
8-9 കര്‍ത്താവേ, എല്ലാ സൃഷ്ടികളും അങ്ങേയ്ക്കു സദാ നന്ദിയര്‍പ്പിക്കുന്നു
അങ്ങേ വിശുദ്ധര്‍ തവനാമം ജപിക്കുന്നു
അവര്‍ അങ്ങേ രാജ്യത്തിന്‍റെ മഹത്വം പ്രകീര്‍ത്തിക്കുന്നു.
അങ്ങയുടെ നാമത്തെ എന്നേയ്ക്കും ഞങ്ങള്‍
വാഴ്ത്തി സ്തുതിക്കുന്നു.
- എന്‍ രാജാവും

ദൈവികനന്മയുടെ സാക്ഷികളായി ജീവിക്കേണ്ടവര്‍
പഴയനിയമത്തില്‍ സ്നേഹം എന്ന വാക്കിന് ഹെബ്രായ ഭാഷയില്‍ തുല്യാര്‍ത്ഥമുള്ള മറ്റു പല വാക്കുകളുമുണ്ട്. എന്നാല്‍ അവയ്ക്കെല്ലാം അര്‍ത്ഥ വ്യത്യാസങ്ങളുമുണ്ട്.
ഈ ഗീതത്തില്‍ 20-Ɔമത്തെ വരിയില്‍ ഉപയോഗിച്ചിരിക്കുന്ന വാക്കു ശ്രദ്ധിക്കാം.

Recitation :

20 തന്നെ സ്നേഹിക്കുന്നവരെ കര്‍ത്താവു പരിപാലിക്കുന്നു.
എന്നാല്‍  സകല ദുഷ്ടരെയും അവിടുന്നു നശിപ്പിക്കും

ഇവിടെ ഉപയോഗിച്ചിരിക്കുന്ന സ്നേഹം sedeq എന്ന വാക്കു മാതാപിതാക്കളും മക്കളും തമ്മിലുള്ള സ്നേഹത്തിന് ഹീബ്രുവില്‍ ഉപയോഗിക്കുന്ന വാക്കാണ്. എന്നാല്‍ ദുഷ്ടരെ അല്ലെങ്കില്‍ അധര്‍മ്മികളെ, അതായത് കൂട്ടായ്മയെ ഇല്ലാതാക്കുകയും വെറുക്കുകയും ചെയ്യുന്നവരെ ദൈവം ശിക്ഷിക്കും നശിപ്പിക്കുമെന്നാണ് സങ്കീര്‍ത്തകന്‍ കുറിച്ചിരിക്കുന്നത്. ദുഷ്ടരെ അവരുടെ കര്‍മ്മങ്ങള്‍ക്ക് അനുസൃതമായ അളവുകോലു കൊണ്ടുതന്നെ ദൈവം അളക്കുകയും, അളന്നു ശിക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍ ദൈവം അവരുടെ സ്വതന്ത്രമായ മനസ്സാക്ഷിയെ അതിലംഘിക്കാതെയാണ് ഇപ്രകാരം നീതി നടപ്പാക്കുന്നതെന്നു മനസ്സിലാക്കേണ്ടതാണ്. അവിടുന്നു നീതിമാനാണ്, നീതിനിഷ്ഠനാണ്. അങ്ങനെ സ്നേഹസമ്പന്നനും നീതിനിഷ്ഠനുമായ ദൈവത്തെയാണ് പദങ്ങള്‍ സ്തുതിക്കുന്നത്. ദൈവത്തെ ഈ ഗീതത്തിന്‍റെ ഏറ്റവും അവസാനത്തെ വരി, 21-Ɔമത്തെ പദം ഒരു സ്തുതിപ്പോടെയാണ് സങ്കീര്‍ത്തനം ഉപസംഹരിക്കപ്പെടുന്നത്. സകല ജീവജാലങ്ങളും ദൈവത്തിന്‍റെ വിശുദ്ധനാമത്തെ സ്തുതിക്കുന്നുവെന്ന ആശയം വെളിപ്പെടുത്തുന്നു.

ദൈവനാമത്തെ ആദരിക്കുന്നവര്‍
Recitation :
21 എന്‍റെ വായ് കര്‍ത്താവിന്‍റെ സ്തുകിള്‍ പാടും
എല്ലാ ജീവജാലങ്ങളും അവന്‍റെ വിശുദ്ധനാമത്തെ എന്നേയ്ക്കും വാഴ്ത്തട്ടെ!

ദൈവത്തോടു വിഘടിച്ചു നില്ക്കുന്നവരല്ല, തിന്മ പ്രവര്‍ത്തിക്കുന്നവരുമല്ല അവിടുത്തെ സ്തുതിക്കുന്നത്, അവിടുത്തെ വിശുദ്ധനാമത്തെ ആദരിക്കുന്നവര്‍ അവിടുത്തെ വാഴ്ത്തുന്നു, സ്തുതിക്കുന്നു, പ്രകീര്‍ത്തിക്കുന്നു. എന്തെന്നാല്‍ അവിടുന്നു സ്നേഹമാണ്, കരുണയാണ്. അവിടുന്നു നീതിയും സമാധാനവുമാണ് എന്ന വളരെ ക്രിയാത്മകവും സംശയാതീതവുമായ പ്രയോഗത്തോടെയാണ് സങ്കീര്‍ത്തനം 21-Ɔമത്തെ വരിയില്‍ അവസാനിക്കുന്നത്. ഈ വ്യാഖ്യാനഭാഗത്തിന്‍റെ അവസാനത്തില്‍ നമുക്കു സ്ഥാപിക്കാം, ഈ രാജകീയ സങ്കീര്‍ത്തനം, ദൈവത്തെ രാജാവായി പ്രകീര്‍ത്തിക്കുകയാണ്. അതുകൊണ്ടാണ് ഈ രാജകീയ സങ്കീര്‍ത്തനത്തില്‍ ഒരു സ്തുതിപ്പിന്‍റെ മനോഹരമായ ഭാവം ഉയര്‍ന്നു നില്ക്കുന്നത്.

ഈ സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും, ഹാരികൊറയയുമാണ്. ആലാപനം രമേഷ്മുരളിയും സംഘവും.

Musical Version of Ps. 145
പതിമൂന്നും പതിനാലും പദങ്ങള്‍
13-14 കര്‍ത്താവിന്‍റെ ആധിപത്യം തലമുറകളോളം നിലനില്ക്കുന്നു
അവ നിലനില്ക്കുന്നു
കര്‍ത്താവു തന്‍റെ വാഗ്ദാനങ്ങളില്‍ വിശ്വസ്തനാണ്
തന്‍റെ പ്രവൃത്തികളില്‍ അവിടന്നു കരുണുള്ളവനാകുന്നു,
അവിടുന്നു കരുണയുള്ളവനാകുന്നു.
- എന്‍ രാജാവും

നിങ്ങള്‍‍ ഇതുവരെ ശ്രവിച്ചത് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പരയാണ്. അവതരിപ്പിച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍.

145-Ɔο സങ്കീര്‍ത്തനത്തിന്‍റെ ആറാം ഭാഗം, ഒരു ആത്മീയ അവലോകനം നമുക്ക് അടുത്ത ആഴ്ചയില്‍ ശ്രവിക്കാം (6).
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 July 2019, 16:37