തിരയുക

The stork perched on the hay bale (W. Germany) The stork perched on the hay bale (W. Germany) 

അദൃശ്യനായ ദൈവത്തെ ദൃശ്യമാക്കുന്ന സങ്കീര്‍ത്തനം

വചനവീഥിയെന്ന ബൈബിള്‍ പഠനപരമ്പര - ഒരു രാജകീയ സങ്കീര്‍ത്തനത്തി‍ന്‍റെ പഠനം - സങ്കീര്‍ത്തനം 145 – ഭാഗം മൂന്ന്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സങ്കീര്‍ത്തനം 145-ന്‍റെ പഠനം - ഭാഗം മൂന്ന്

കഴിഞ്ഞ ഭാഗത്ത് സങ്കീര്‍ത്തനം 145-ന്‍റെ പദങ്ങളുടെ വ്യാഖ്യാനപഠനം നാം ആരംഭിച്ചു. 1-മുതല്‍ 7-വരെയുള്ള പദങ്ങള്‍ ഒരു ഗണമായി എടുക്കുമ്പോള്‍ ഒരു രാജകീയ സങ്കീര്‍ത്തനത്തിലെ സ്തുതിപ്പിന്‍റെ മനോഹാരിതയാണ് പദങ്ങളില്‍ തെളിഞ്ഞു നില്ക്കുന്നത്. ആ പദങ്ങള്‍ ഉരുവിട്ടുകൊണ്ടും, ശ്രവിച്ചുകൊണ്ടും നമുക്കീ വ്യാഖ്യാനപഠനം തുടരാം.

a) ആദ്യത്തെ ഏഴു പദങ്ങള്‍
Verses of the Psalm 145

Recitation:
1. എന്‍റെ ദൈവവും രാജാവുമായ അങ്ങയെ ഞാന്‍ പുകഴ്ത്തും
ഞാന്‍ അങ്ങേ നാമത്തെ എന്നേയ്ക്കും വാഴ്ത്തും
2. അനുദിനം ഞാന്‍ അങ്ങയെ പാടിപ്പുകഴ്ത്തും
അങ്ങേ നാമത്തെ എന്നേയ്ക്കും വാഴ്ത്തും.

3. കര്‍ത്താവു വലിയവനും അത്യന്തം സ്തുത്യര്‍ഹനുമാണ്
അവിടുത്തെ മഹത്ത്വം അഗ്രാഹ്യമാണ്.
4. തലമുറതലമുറയോട് അങ്ങേ പ്രവൃത്തികളെ പ്രകീര്‍ത്തിക്കും
അങ്ങേ ശക്തമായ പ്രവൃത്തികളെപ്പറ്റി ഞാന്‍ പ്രഘോഷിക്കും
5. അവിടുത്തെ പ്രതാപത്തിന്‍റെ മഹത്വപൂര്‍ണ്ണമായ തേജസ്സിനെപ്പറ്റിയും
അങ്ങയുടെ അത്ഭുത പ്രവൃത്തികളെപ്പറ്റിയും ഞാന്‍ ധ്യാനിക്കും.

6. അങ്ങയുടെ ഭീതിജനകമായ പ്രവൃത്തികളുടെ ശക്തിയെപ്പറ്റി മനുഷ്യര്‍ പ്രഘോഷിക്കും
ഞാന്‍ അങ്ങയുടെ മഹത്വം വിളംബരംചെയ്യും.
7. അവിടുത്തെ സമൃദ്ധമായ നന്മയുടെ പ്രശസ്തി ഞാന്‍ വിളിച്ചറിയിക്കും
അങ്ങേ നീതിയെപ്പറ്റി ഞാന്‍ ഉച്ചത്തില്‍പ്പാടും.

b) ദൈവം എത്ര നല്ലവന്‍...!
ഈ വരികള്‍ ഉരുവിടുമ്പോള്‍, രചയിതാവ് അനുസ്മരിപ്പിക്കുന്ന ഒരു സത്യമിതാണ് - രാജാവും ദൈവവുമായ ദൈവം എത്രയോ മഹോന്നതനാണ്! സങ്കീര്‍ത്തകന്‍ അവിടുത്തെ അനുദിനം പുകഴ്ത്തുന്നു. പുതിയ നിയമത്തില്‍ സുവിശേഷം ആകമാനം പരിശോധിച്ചാല്‍ പാപിയായ മനുഷ്യനോടു ദൈവപുത്രനായ ക്രിസ്തു പ്രകടമാക്കുന്ന അനുകമ്പയാണ് അതില്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്നു തോന്നിപ്പോകും. കാരണം നാം ദൈവത്തില്‍നിന്ന് അകന്നിരിക്കുമ്പോഴും ദൈവം നമ്മെ സ്നേഹിക്കുന്നു. അതിനാല്‍ സങ്കീര്‍ത്തകന്‍ വരച്ചുകാട്ടുന്ന - ദൈവം എത്ര മഹോന്നതന്‍, എത്ര നല്ലവന്‍, എത്ര വല്ലഭന്‍... എന്നീ ചിന്തകള്‍ ഇന്നും ഏറെ ശ്രേഷ്ഠവും മനോഹരവുമാണ്. അവിടുത്തെ മഹത്വം മനുഷ്യര്‍ ഏറ്റം നിസ്സാരരായാലും തേടുന്നവര്‍ കണ്ടെത്തുന്നു. ദൈവം നമ്മോ‌ടു ക്ഷമിക്കുന്നു. അവിടുന്നു നമ്മെ സ്നേഹിക്കുന്നു. എന്നെ രക്ഷിക്കുന്നു. ദൈവത്തിന്‍റെ ശക്തവും അത്ഭുതാവഹവുമായ പ്രവൃത്തികളെ സങ്കീര്‍ത്തകന്‍ വരികളില്‍ അനുസ്മരിക്കുമ്പോള്‍, അവിടുത്തെ സ്തുതിക്കാനും, സ്നേഹിക്കാനും സങ്കീര്‍ത്തകനെപ്പോലെ നിങ്ങള്‍ക്കും എനിക്കും സാധിക്കണം.

Musical Version of Ps. 145
പ്രഭണിതം
ആദ്യപദം
എന്‍ രാജാവും ദൈവവുമായവനേ,
വാഴ്ത്തും തവ നാമം ഞാന്‍ എന്നുമെന്നും.

c) ദൈവത്തിന്‍റെ വിസ്മയാവഹങ്ങളായ പ്രവൃത്തികള്‍
ഇസ്രായേല്‍ അത്ഭുതകരമായി ചെങ്കടല്‍ കടന്ന സംഭവം പുറപ്പാടു ഗ്രന്ഥത്തില്‍ നാം വായിക്കുന്നു.  5-Ɔമത്തെ പദത്തില്‍ സങ്കീര്‍ത്തകന്‍ കര്‍ത്താവിന്‍റെ ഭീതിജനകമായ പ്രവൃത്തിയെന്ന് വരികളില്‍ വര്‍ണ്ണിക്കുന്നു. ദൈവത്തിന്‍റെ ഭീതിദമായ പ്രവൃത്തികള്‍ പഴയനിയമത്തില്‍ എന്നപോലെ തന്നെ ക്രിസ്തുവിന്‍റെ ജീവിതത്തിലെ ചരിത്ര മുഹൂര്‍ത്തങ്ങളും യാഥാര്‍ത്ഥ്യമാക്കുന്നതു നമുക്കു കാണാം. ദൈവിക വൈഭവം ഊറുന്ന വിധത്തില്‍ അവിടുന്നു നിര്‍വ്വഹിച്ച രോഗശാന്തികളെയും, അത്ഭുത പ്രവൃത്തികളെയും, മാനുഷികയുക്തിക്ക് അഗ്രാഹ്യമായ വിസ്മയകരമായ ചെയ്തികളെയും കുറിച്ച് ചിന്തിക്കുമ്പോള്‍ ദൈവിക മാഹാത്മ്യമെന്നല്ലാതെ മറ്റെന്താണ് നമുക്ക് പറയാനാവുക!

d) ദൈവത്തിന്‍റെ പതറാത്ത ഇടപെടലുകള്‍
പൗലോസ് അപ്പോസ്തോലന്‍റെ വാക്കുകളും  ദൈവിക മഹിമാതിരേകങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അതായത്, “ദൈവം മനുഷ്യരുടെ തെറ്റുകള്‍ അവര്‍ക്കെതിരായി പരിഗണിക്കാതെ രമ്യതയുടെ സന്ദേശം അവരെ ഭരമേല്പിച്ചുകൊണ്ട് ക്രിസ്തുവഴി ലോകത്തെ തന്നോടു അടുപ്പിക്കുകയും അനുരഞ്ജിപ്പിക്കുകയും ചെയ്യുന്നു” (2കൊറി. 5,19). ഇസ്രായേലിന്‍റെ ചരിത്രത്തില്‍ ക്രിസ്തുവിന്‍റെ കുരിശിനെ പ്രതിഫലിപ്പിച്ച രണ്ടു സംഭവങ്ങള്‍ നമുക്കു കാണാം. ഒന്ന്, പുറപ്പാടു ഗ്രന്ഥത്തില്‍ വായിക്കുന്നത് ഇപ്രകാരമാണ്, “നീ ഫറവോയോടു പറയണം. കര്‍ത്താവിന്‍റെ വാക്കുകളാണിത്. ഇസ്രായേല്‍ എന്‍റെ പുത്രനാണ്, എന്‍റെ ആദ്യജാതനാണ്.” (പുറപ്പാട് 4, 22) ഇവിടെ ഇസ്രായേലിനെ തന്‍റെ ഓമനപ്പുത്രനായി പുറപ്പാടു ഗ്രന്ഥം ചിത്രീകരിക്കുന്നു.

അതുപോലെ ഏശയ്യാ പ്രവാചകന്‍റെ ഗ്രന്ഥത്തിലും തതുല്യമായ ആശയങ്ങള്‍ വ്യക്തമായി നാം വായിക്കുന്നുണ്ട്, “യാക്കോബിനെ തിരികെക്കൊണ്ടുവരാനും, ഇസ്രായേലിനെ തന്‍റെ അടുക്കല്‍ ഒന്നിച്ചുചേര്‍ക്കാനും ഗര്‍ഭത്തില്‍വച്ചുതന്നെ എന്നെ തന്‍റെ ദാസനായി രൂപപ്പെടുത്തിയ കര്‍ത്താവ് അരുള്‍ചെയ്യുന്നു” (ഏശയ്യാ 49, 5). ഈ സങ്കീര്‍ത്തനപദങ്ങള്‍ക്കൊപ്പം, മറ്റു പഴയനിയമ വചനങ്ങളും സ്ഥാപിക്കുന്നത്, മനുഷ്യചരിത്രത്തില്‍ ദൈവത്തിന്‍റെ വിസ്മയാവഹമായ ഒരു ഇടപെടല്‍.... ഒരു നൂലുപോലെ മനുഷ്യചരിത്രത്തില്‍ ഉടനീളം സഞ്ചരിക്കുന്നുണ്ട്.

Musical Version of Ps. 145
പ്രഭണിതം
1-2 എന്‍റെ ദൈവവും രാജാവുമായ അങ്ങയെ ഞാന്‍ പുകഴ്ത്തുന്നു
ഞാന്‍ അങ്ങയുടെ നാമത്തെയെന്നും വാഴ്ത്തുന്നു
അനുദിനം ഞാന്‍ അങ്ങയെ പാടിസ്തുതിക്കുന്നു
അങ്ങയുടെ നാമത്തെ എന്നേയ്ക്കും ഞാന്‍
വാഴ്ത്തി സ്തുതിക്കുന്നു.
- എന്‍ രാജാവും

e) രക്ഷയുടെ ചരിത്രത്തിലെ ദൈവികസാന്നിദ്ധ്യം
Recitation:
“കര്‍ത്താവ് അരുളിച്ചെയ്യുന്നു, ഈജിപ്തിന്‍റെ ധനവും
എത്യോപ്യയുടെ കച്ചവടക്കാരും ദീര്‍ഘകായരായ സേബായരും നിന്‍റേതാകും.
അവര്‍ നിന്നെ അനുഗമിക്കും.
ചങ്ങലകളാല്‍ ബന്ധിതരായ അവര്‍ വന്നു നിന്നെ വണങ്ങും.
ദൈവം നിന്നോടുകൂടെ മാത്രമാണ്.
അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ലെന്നു പറഞ്ഞ് അവര്‍ നിന്നോടു യാചിക്കും.
ഇസ്രായേലിന്‍റെ ദൈവവും രക്ഷകനുമായവനേ,
അങ്ങ് സത്യമായും മറഞ്ഞിരിക്കുന്ന ദൈവമാണ്.” (ഏശയ്യ 45, 14-15).

f) അദൃശ്യായ ദൈവത്തെ ദൃശ്യനാക്കിയ ക്രിസ്തു
ഇസ്രായേലില്‍ നാം കാണുന്നത് മറഞ്ഞിരിക്കുന്ന ദൈവത്തെയാണ്. എന്നാല്‍ പുതിയ ഇസ്രായേലില്‍ നാം കാണുന്നത് പ്രത്യക്ഷനായ, പ്രത്യക്ഷീകൃതനായ ദൈവത്തെയാണ്, മനുജരരൊടൊത്തു വസിച്ച ദൈവമായ ക്രിസ്തുവിനെയാണ്. “ദൈവം നമ്മോടുകൂടെ...” ആയിരിക്കുന്നവനും രക്ഷകനുമായ ദൈവത്തെയാണ്. God with us! Emmanuel!! വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ നാം വായിക്കുന്നുണ്ട്, “മോശ തുടങ്ങി എല്ലാ പ്രവാചകന്മാരും വിശുദ്ധ ലിഖിതങ്ങളില്‍ തന്നെപ്പറ്റി എഴുതിയിരുന്നവയെല്ലാം അവിടുന്നു അവര്‍ക്കു വ്യാഖ്യാനിച്ചു കൊടുത്തു”  (ലൂക്കാ 24, 27).  

അങ്ങനെ ക്രിസ്തുവിന്‍റെ കുരിശിലെ പരിത്യക്താവസ്ഥയും പീഡകളും അവസാനം അവിടുത്തെ സ്വായാര്‍പ്പണവും പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ ഈ വിശുദ്ധഗ്രന്ഥ ഭാഗങ്ങള്‍ അനിവാര്യമാണ്. അല്ലെങ്കില്‍ നാം മനസ്സിലാക്കുമായിരുന്നില്ല, ദൈവപുത്രനായ ക്രിസ്തുവാണ് കുരിശില്‍ ബലിയായി അര്‍പ്പിക്കപ്പെട്ടതെന്ന്. ഇവ ഇല്ലായിരുന്നില്ലെങ്കില്‍, ക്രിസ്തുവിലെ അദൃശ്യമായ ദൈവികതയും, ദൈവം അവിടുത്തോടുകൂടെയായിരുന്നു എന്നുമുള്ള സത്യവും ലോകം ഗ്രഹിക്കാതെ പോയേനേ...! ക്രിസ്തുവിന്‍റെ മാനുഷികരൂപത്തില്‍ അദൃശ്യമായ ദൈവികഭാവവും, സാന്നിദ്ധ്യവും, ദൈവപുത്രസ്ഥാനവും, രക്ഷണീയ പദ്ധതിതന്നെയും ലോകത്തിന് ദുര്‍ഗ്രാഹ്യങ്ങളായി അവയെന്നും ചരിത്രത്തില്‍ നിലകൊള്ളുകയായിരുന്നു. അതുകൊണ്ടുതന്നെയാണ് പഴയനിയമം പുതിയതിന്‍റെ പൂര്‍ത്തീകരണമാണെന്ന് നാം വിശ്വസിക്കുന്നതും മനസ്സിലാക്കുന്നതും.

Musical Version of Ps. 145
പ്രഭണിതം
ആദ്യപദം
എന്‍ രാജാവും ദൈവവുമായവനേ,
വാഴ്ത്തും തവ നാമം ഞാന്‍ എന്നുമെന്നും.
എട്ടും ഒന്‍പതും
8-9 കര്‍ത്താവേ, എല്ലാ സൃഷ്ടികളും അങ്ങേയ്ക്കു സദാ നന്ദിയര്‍പ്പിക്കുന്നു
അങ്ങേ വിശുദ്ധര്‍ തവനാമം ജപിക്കുന്നു
അവര്‍ അങ്ങേ രാജ്യത്തിന്‍റെ മഹത്വം പ്രകീര്‍ത്തിക്കുന്നു.
അങ്ങയുടെ നാമത്തെ എന്നേയ്ക്കും ഞങ്ങള്‍
വാഴ്ത്തി സ്തുതിക്കുന്നു.
- എന്‍ രാജാവും

g) കരുണാര്‍ദ്രമായ ദൈവിക ഇടപെടലുകള്‍
രക്ഷണീയ പദ്ധതി ചരിത്രത്തിലെ ഭീതിദമായ സംഭവങ്ങളിലൂടെയും ദൈവത്തിന്‍റെ ഇടപെടലുകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും പഴയ നിയമത്തിലൂടെ പുതിയതുവരെയ്ക്കും ചുരുളഴിയുന്നതും, ക്രിസ്തുവില്‍ എല്ലാം സമാഗമിക്കുന്നതും നമുക്കു കാണാം. അവിടുത്തെ പ്രവര്‍ത്തനങ്ങളിലൂടെ ദൃശ്യമായ ദൈവിക സംഭവങ്ങള്‍ സ്ഥിരീകരിക്കുവാനും അവ ദൈവത്തിന്‍റെ പദ്ധതികളായി ലോകം മനസ്സിലാക്കുവാനും അംഗീകരിക്കുവാനും ചരിത്രത്തില്‍ ഇടയാക്കിയത് ദൈവത്തിന്‍ ഈ  ഇടപെടലുകളാണ്.

ദൈവത്തിന്‍റെ മഹത്തായ പ്രവര്‍ത്തനങ്ങളും, മോശയുടെ കാലത്തെ ചരിത്ര സംഭവങ്ങളും പുറപ്പാടുഗ്രന്ഥം രേഖപ്പെടുത്തുന്നുണ്ട്. ക്രിസ്തുവില്‍ വെളിപ്പെട്ടുകിട്ടുന്നതും, യാഥാര്‍ത്ഥ്യമാകുന്നതും ഈ രക്ഷയുടെ പദ്ധതിയുടെ തുടര്‍ക്കഥയാണ്. മോശയുടെ കാലത്തുതന്നെ ജരൂസലേമിന്‍റെ പതനവും അതിന്‍റെ മരണവും ചരിത്രം കാണാന്‍ ഇടയായെന്ന് എസേക്കിയേല്‍ കുറിക്കുന്നുണ്ട്. എന്നാല്‍ വിപ്രവാസത്തിലായിരുന്ന ജരൂസലേമിന്‍റെ പതനം കുറിക്കുന്ന സങ്കീര്‍ത്തകന്‍ വരികളില്‍ ഇസ്രായേല്‍ ജനത്തിന്‍റെ ഉയിര്‍ത്തെഴുന്നേല്പും ദൈവാലയ പ്രവേശവും അതിന്‍റെ നവോത്ഥാന കഥയും പറയുന്നുണ്ട്. അത് പഴയതിന്‍റെ പൂര്‍ത്തീകരണമായിരുന്നെന്ന് ശ്രേഷ്ഠമായ ഈ സങ്കീര്‍ത്തനം
145-ന്‍റെ ആദ്യത്തെ 7 പദങ്ങളും നമുക്കു വ്യക്തമാക്കിത്തരുന്നു.

Musical Version of Ps. 145
പ്രഭണിതം
എന്‍ രാജാവും ദൈവവുമായവനേ,
വാഴ്ത്തും തവ നാമം ഞാന്‍ എന്നുമെന്നും..
10-11 കര്‍ത്താവു കൃപാലുവും കരുണാമയനും
ക്ഷമാശീലനും സ്നേഹസമ്പന്നനുമാകുന്നു
കര്‍ത്താവെല്ലാവര്‍ക്കും നല്ലവനാണ്
തന്‍റെ സര്‍വ്വസൃഷ്ടികളുടേയും മേല്‍ അവിടുന്നു കരുണചൊരിയുന്നു
അവിടുന്നു കരുണചൊരിയുന്നു.
- എന്‍ രാജാവും

ഈ സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരംചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം രമേഷ് മുരളിയും സംഘവും.

നിങ്ങള്‍‍ ഇതുവരെ ശ്രവിച്ചത് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പരയാണ്. അവതരിപ്പിച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 July 2019, 16:09