To the Creator through the creatures - 50th Anniversary of the Landing on moon, 20th July 2019. To the Creator through the creatures - 50th Anniversary of the Landing on moon, 20th July 2019. 

പ്രപഞ്ച ദാതാവിനെ പ്രകീര്‍ത്തിക്കുന്ന സങ്കീര്‍ത്തനം

വചനവീഥിയെന്ന ബൈബിള്‍ പഠനപരമ്പര - ഒരു രാജകീയ സങ്കീര്‍ത്തനം - ഗീതം 145-ന്‍റെ പഠനം നാലാംഭാഗം :

- ഫാദര്‍ വില്യം നെല്ലിക്കല്‍

സങ്കീര്‍ത്തനം 145-ന്‍റെ പഠനം - നാലാം ഭാഗം

1. ദൈവത്തെ രാജാവായി പ്രകീര്‍ത്തിക്കുന്ന ഗീതം
സങ്കീര്‍ത്തനം 145-ന്‍റെ പഠനത്തില്‍ പദങ്ങളുടെ വ്യാഖ്യാനം നാം തുടരുകയാണ്. ഏഴു പദങ്ങള്‍ ഒരു ഗണമായി നാം കഴിഞ്ഞ ആഴ്ചയില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയുണ്ടായി. ദൈവത്തെ രാജാവായി പ്രകീര്‍ത്തിക്കുന്ന ഈ രാജകീയ സങ്കീര്‍ത്തനം എപ്രകാരം ആദ്യ പദങ്ങളില്‍ത്തന്നെ രാജാവും ദൈവവുമായ ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്നുവെന്നു നാം കാണുകയുണ്ടായി. അങ്ങനെ പഴയനിയമത്തില്‍ അദൃശ്യനായ ദൈവത്തെ പുതിയ നിയമത്തില്‍ ദൃശ്യവും സജീവവുമായി തന്‍റെ മഹത്വപൂര്‍ണ്ണമായ പ്രവൃത്തികളിലൂടെ മെല്ലെ സങ്കീര്‍ത്തകന്‍ വെളിപ്പെടുത്തുന്നത് പഠനത്തില്‍ തെളിഞ്ഞുവരുന്നു. ഇന്നു 8-മുതല്‍ 13-വരെയുള്ള പദങ്ങളുടെ പഠനം 3 ചെറിയ ഭാഗങ്ങളായി തുടരാം.

2. കൃപാലുവും കരുണാമയനുമായ ദൈവത്തെക്കുറിച്ച്:
ആദ്യഭാഗം 8-മുതല്‍ 9-വരെയുള്ള പദങ്ങളുടെ വ്യാഖ്യാനം

Verses of the Psalm 145
Recitation:
8 കര്‍ത്താവു കൃപാലുവും കരുണാമയനും
ക്ഷമാശീലനും സ്നേഹസമ്പന്നനുമാണ്.
9 കര്‍ത്താവ് എല്ലാവര്‍ക്കും നല്ലവനാണ്
തന്‍റെ സര്‍വ്വസൃഷ്ടിയുടെയും മേല്‍
അവിടുന്നു കരുണ ചൊരിയുന്നു.

എട്ടും ഒന്‍പതും പദങ്ങള്‍ പഴയനിയമത്തില്‍ ഇസ്രായേലിനുണ്ടായിരുന്ന അടിസ്ഥാനവിശ്വാസം, ദൈവം എപ്രകാരമുള്ളവനാണെന്ന് വാക്കുകളില്‍ കുറിച്ചിടുകയാണ്. സത്യമായി പറഞ്ഞാല്‍ ഇതിലേറെ മഹത്തരമായ മറ്റു വാക്കുകളുണ്ടോ ദൈവത്തെ വിവരിക്കാന്‍? ദൈവം കരുണാമയനാണ്, കൃപാലുവും ക്ഷമാശീലനും സ്നേഹസമ്പന്നനുമാണ്. അവിടുന്ന് എല്ലാവര്‍ക്കും നല്ലവനാണ്. സര്‍വ്വസൃഷ്ടിയുടെയും മേല്‍ കൃപചൊരിയുന്നവനാണ് അവിടുന്ന്.

3. സ്നേഹത്തിന്‍റെ ദൈവിക സാന്നിദ്ധ്യാനുഭവം
സങ്കീര്‍ത്തന കാലത്തില്‍പ്പിന്നെ, അതിന്‍റെ രചനയും ഉപയോഗത്തിന്‍റെ ധാരാളിത്തവും വിട്ടൊഴിഞ്ഞൊരു കാലത്ത്, നൂറ്റാണ്ടുകള്‍ക്കുശേഷവും ഈ വാക്കുകള്‍ തന്നെയാണ് ദൈവത്തിന്‍റെ അത്ഭുതകരമായ ശക്തിവിശേഷങ്ങള്‍ വിവരിക്കാന്‍ ഉപയോഗിക്കുന്നത്. സങ്കീര്‍ത്തനങ്ങള്‍ വരച്ചുകാട്ടുന്ന മനുഷ്യന്‍റെ ദൈവിക സാന്നിദ്ധ്യാനുഭവമാണ്, പിന്നീട് “ദൈവം സ്നേഹമാണ്” എന്ന പ്രസ്താവം പുതിയനിയമത്തില്‍ രൂപപ്പെടാന്‍ ഇടയായത്.
9-Ɔമത്തെ പദത്തിലെ പ്രയോഗം ഒരു അമ്മയുടെ സ്നേഹവാത്സല്യംപോലെയാണ്. തന്‍റെ സൃഷ്ടികളുടെമേല്‍, മനുഷ്യരുടെ മേല്‍ മാത്രമല്ല സകല ജീവജാലങ്ങളിലും കരുണചൊരിയുന്ന ദൈവത്തെക്കുറിച്ചാണ് സങ്കീര്‍ത്തകന്‍ ഈ വരികളില്‍ വിവരിക്കുന്നത്.

Musical Version of Ps. 145
പത്തും പതിനൊന്നും പദങ്ങള്‍
10-11 കര്‍ത്താവു കൃപാലുവും കരുണാമയനും
ക്ഷമാശീലനും സ്നേഹസമ്പന്നനുമാകുന്നു
കര്‍ത്താവെല്ലാവര്‍ക്കും നല്ലവനാണ്
തന്‍റെ സര്‍വ്വസൃഷ്ടികളുടേയും മേല്‍
അവിടുന്നു കരുണചൊരിയുന്നു (2).
- എന്‍ രാജാവും

4. ദൈവസ്നേഹത്തിന് പ്രതിനന്ദിയായി
വരികളുടെ രണ്ടാം ഗണം 10-മുതല്‍ 13-വരെ വാക്യങ്ങള്‍
Verses of the Psalm 145
Recitation:
10. കര്‍ത്താവേ, എല്ലാ സൃഷ്ടികളും
അവിടുത്തേയ്ക്കു കൃതജ്ഞതയര്‍പ്പിക്കും
വിശുദ്ധര്‍ അങ്ങയെ വാഴ്ത്തും
11. അവിടുത്തെ രാജ്യത്തിന്‍റെ മഹത്വത്തെപ്പറ്റി
അവര്‍ സംസാരിക്കും അവിടുത്തെ ശക്തിയെ അവര്‍ വര്‍ണ്ണിക്കും
12. അവിടുത്തെ ശക്തമായ പ്രവൃത്തികളും
അവിടുത്തെ രാജ്യത്തിന്‍റെ മഹത്വപൂര്‍ണ്ണമായ പ്രതാപവും
മനുഷ്യമക്കളെ അവര്‍ അറിയിക്കും.
13. അവിടുത്തെ രാജത്വം ശാശ്വതമാണ്
അവിടുത്തെ ആധിപത്യം തലമുറകളോളം നിലനില്ക്കുന്നു

മേല്‍ ശ്രവിച്ച പദങ്ങളില്‍ നന്ദിയുടെ വികാരങ്ങളാണ് സങ്കീര്‍ത്തകന്‍ വരച്ചുകാട്ടുന്നത്. ദൈവത്തിന്‍റെ സ്നേഹത്തോടുള്ള പ്രതികരണമായിട്ടാണ് നന്ദിയുടെ വികാരം സങ്കീര്‍ത്തകന്‍ പദങ്ങളില്‍ പ്രകടമാക്കുന്നത്. “ദൈവമേ, സകലസൃഷ്ടികളും അങ്ങേയ്ക്കു നന്ദിയര്‍പ്പിക്കും, വിശുദ്ധര്‍ അങ്ങയെ വാഴ്ത്തും...” എന്നു പറയുമ്പോള്‍... ദൈവത്തിന്‍റെ സൃഷ്ടി വൈഭവത്തോടും അതിനു പിന്നിലുള്ള അവിടുത്തെ അനന്തമായ സ്നേഹത്തോടും ഗായകന്‍ നന്ദിയുടെ വികാരത്തോടെ പ്രത്യുത്തരിക്കുകയാണെന്ന് നമുക്കു മനസ്സിലാക്കാം.

5. പ്രപഞ്ചം ദൈവത്തെ പ്രകീര്‍ത്തിക്കുന്നു!
ഉദാഹരണത്തിന് നാം സൃഷ്ടിയിലേയ്ക്കു നോക്കുമ്പോള്‍, പ്രഭാതത്തില്‍ പക്ഷികള്‍ ചിലയ്ക്കുമ്പോഴുള്ള അനുഭവം ജീവന്‍റെ പ്രസരിപ്പാണതെങ്കിലും, സ്രഷ്ടാവിന്‍റെ വൈഭവത്തിലും, ജീവന്‍റെ ദാനത്തിലുമുള്ള അതിയായ സന്തോഷം പ്രകടമാക്കലാണത്. ജീവദാതാവിനോടുള്ള പ്രതിനന്ദിയായും കിളികളുടെ പ്രഭാതത്തിലുള്ള കളകളാരവം സങ്കീര്‍ത്തകന്‍ വ്യാഖ്യാനിക്കുന്നു. അതുപോലെ മറ്റു ജീവജാലങ്ങള്‍ എല്ലാം തന്നെ സ്രഷ്ടാവിനെ മഹത്വപ്പെടുത്തുമ്പോള്‍ ബുദ്ധിയുള്ള മനുഷ്യരില്‍ വിശുദ്ധര്‍മാത്രം ദൈവത്തെ സ്തുതിക്കുന്നതായിട്ട് സങ്കീര്‍ത്തകന്‍ രേഖപ്പെടുത്തുന്നത്, ഭൂമുഖത്ത് നന്ദിയില്ലാത്ത മനുഷ്യരും ഉണ്ടെന്ന ധ്വനിയും പുറത്തുവരുന്നുണ്ട്.

6. ഭൂമിയിലെ രണ്ടു സാമ്രാജ്യങ്ങള്‍
അതിനാല്‍ ബൈബിള്‍ പടുക്കള്‍ പറയുന്നത് സങ്കീര്‍ത്തകന്‍റെ കാഴ്ചപ്പാടില്‍, ഭൂമിയില്‍ രണ്ടു സാമ്രാജ്യങ്ങള്‍ ഉണ്ടെന്നാണ്, ഒന്ന് മനുഷ്യരുടേതും,  മറ്റേത് ദൈവത്തിന്‍റേതും . ദൈവത്തിന്‍റെ അപരിമേയമായ സ്നേഹത്തില്‍ സൃഷ്ടിക്കപ്പെട്ട രാജ്യം നിലനില്ക്കും, അവിടെ നന്മ വളരും. കാരണം സ്രാഷ്ടാവിന്‍റെ സ്നേഹമാണ് അതിനെ നിലനിര്‍ത്തുകയും പുനര്‍സൃഷ്ടിചെയ്യുകയും ചെയ്യുന്നത്. ദൈവത്തിന്‍റെ രാജ്യം കടന്നുപോവുകയില്ല, കാരണം അവിടുത്തെ അനന്തമായ സ്നേഹമാണ് അതിനെ പരിപാലിക്കുന്നതും, നയിക്കുന്നതും നിലനിര്‍ത്തുന്നതും. എന്നാല്‍ മനുഷ്യനിര്‍മ്മിതമായ സാമ്രാജ്യങ്ങള്‍ തകരും, ചിലപ്പോള്‍ നിലംപരിശാകും. ക്രിസ്താബ്ദം
400-Ɔമാണ്ടിന്‍റെ ചരിത്രം വിശുദ്ധ അഗസ്റ്റിന്‍ കുറിച്ചപ്പോള്‍ റോമന്‍ സാമ്രാജ്യത്തിന്‍റെ അധഃപതനത്തെക്കുറിച്ചു പണ്ഡിതനായ ആ മഹാസിദ്ധന്‍ രേഖപ്പെടുത്തിയത് ഇപ്രകാരമായിരുന്നു, “വലിയ കവര്‍ച്ചസംഘങ്ങളല്ലാതെ സാമ്രാജ്യശക്തികള്‍ മറ്റെന്താണ്? അതിനാല്‍ അവ തകരുകതന്നെ ചെയ്യും!!”

Musical Version of Ps. 145
എട്ടും ഒന്‍പതും
8-9 കര്‍ത്താവേ, എല്ലാ സൃഷ്ടികളും അങ്ങേയ്ക്കു സദാ നന്ദിയര്‍പ്പിക്കുന്നു
അങ്ങേ വിശുദ്ധര്‍ തവനാമം ജപിക്കുന്നു
അവര്‍ അങ്ങേ രാജ്യത്തിന്‍റെ മഹത്വം പ്രകീര്‍ത്തിക്കുന്നു.
അങ്ങയുടെ നാമത്തെ എന്നേയ്ക്കും ഞങ്ങള്‍
വാഴ്ത്തി സ്തുതിക്കുന്നു.
- എന്‍ രാജാവും

7. ശാശ്വതമായ ദൈവികസാമ്രാജ്യം
ഇനി, 8-മുതല്‍ 13-വരെയുള്ള ഗണത്തിന്‍റെ മൂന്നാം ഭാഗം... 13-Ɔമത്തെ പദമാണ്. അതു രണ്ടായി തിരിച്ചു നമുക്കു വ്യാഖ്യാനിച്ച് അതിന്‍റെ അര്‍ത്ഥം മനസ്സിലാക്കാന്‍ ശ്രമിക്കാം.

Verses of the Psalm 145
Recitation: 13
a) ദൈവിക രാജത്വം ശാശ്വതമാണ്
13-Ɔമത്തെ പദത്തിന്‍റെ ആദ്യഭാഗം ഡാനിയേല്‍ പ്രവാചകന്‍റെ ഗ്രന്ഥത്തിനു സമാനമാണ്. ഡാനിയേല്‍ 4, 3. നബുക്കദ്നേസര്‍ രാജാവിന്‍റെ കാലത്തു ജീവിച്ച പ്രവാചകന്‍ ഭൂമുഖത്തുള്ള സകല മനുഷ്യരോടുമായി പറയുന്നതായി പ്രാവചകന്‍ കുറിക്കുന്നത്.
 
Recitation:
“ദൈവമേ, അവിടുത്തെ അടയാളങ്ങള്‍ എത്ര മഹത്വമുള്ളവ!
അവിടുത്തെ രാജ്യമോ എന്നേയ്ക്കും നിലനില്ക്കുന്നു.
അവിടുത്തെ ആധിപത്യം തലമുറകളോളം നിലനില്ക്കുന്നു.”

അങ്ങനെ ദൈവികരാജ്യം ഭൗമികമല്ലെന്നും എന്നാല്‍ അത് തകരുകയില്ലെന്നും ശാശ്വതമാണെന്നും പ്രവാചകന്‍ വ്യക്തമാക്കുന്നു. എന്നാല്‍ മറ്റു സാമ്രാജ്യശക്തികളോ അവ വീഴും, ഇല്ലാതാകും, അവ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാകും, അല്ലെങ്കില്‍ നശിക്കും എന്നുതന്നെയാണ് പ്രവാചക ശബ്ദം.

Recitation: 13
b) തലമുറകളോളം നിലനില്ക്കുന്നു ദൈവികാധിപത്യം.
വീണ്ടും ഡാനിയേല്‍ 4- Ɔο അദ്ധ്യായം 34-Ɔമത്തെ വാക്യം, സങ്കീര്‍ത്തനം 145-ന്‍റെ 13-Ɔമത്തെ പദത്തിന്‍റെ രണ്ടാം ഭാഗം വ്യക്തമാക്കി തരുന്ന സമാന്തരവാക്യമാണ്.

Recitation:
“ആ നാളുകള്‍ കഴിഞ്ഞപ്പോള്‍ നബുക്കദ്നേസറായ ഞാന്‍
സ്വര്‍ഗ്ഗത്തിലേയ്ക്കു കണ്ണുകള്‍ ഉയര്‍ത്തി.
എന്‍റെ ബുദ്ധി തിരിച്ചുകിട്ടി. ഞാന്‍ അത്യുന്നതനെ വാഴ്ത്തുകയും
നിത്യം ജീവിക്കുന്ന അവിടുത്തെ സ്തുതിക്കുകയും മഹത്ത്വപ്പെടുത്തുകയും ചെയ്തു.
അവിടുത്തെ ആധിപത്യം അനന്തമാണ്. അവിടുത്തെ രാജ്യം
തലമുറ തലമുറയായി നിലനില്ക്കുന്നു.”

8. ദൈവികസാമ്രാജ്യം പ്രവാചകവീക്ഷണത്തില്‍
ഡാനിയേല്‍ പ്രവാചകന്‍ സ്ഥാപിക്കുന്നത് ദൈവത്തിന്‍റെ രാജ്യം ഐഹികമല്ലെന്നാണ്. മറിച്ചു ഭൗമികമായ സാമ്രാജ്യങ്ങളോ, ഈ ഭൂമിയില്‍ അവര്‍ക്കു പുറത്തുള്ള ശക്തികള്‍ക്ക് വിധേയപ്പെടേണ്ടിവരും, അവരുടെ പിടിയില്‍ അമരാമെന്നും, അവര്‍ക്കു സ്വയം രക്ഷിക്കാന്‍ കെല്പില്ലാതാകുമെന്നും പ്രവാചകന്‍ താക്കീതു നല്കുന്നു! അതിനാല്‍ മനുഷ്യന്‍ ദൈവത്തിന്‍റെ രാജ്യവും അവിടുത്തെ നീതിയും ആദ്യം അന്വേഷിക്കണം എന്നാണ് നമ്മെ പഠിപ്പിക്കുന്നത്.

Musical Version of Ps. 145
പതിമൂന്നും പതിനാലും പദങ്ങള്‍
13-14 കര്‍ത്താവിന്‍റെ ആധിപത്യം തലമുറകളോളം നിലനില്ക്കുന്നു
അവ നിലനില്ക്കുന്നു
കര്‍ത്താവു തന്‍റെ വാഗ്ദാനങ്ങളില്‍ വിശ്വസ്തനാണ്
തന്‍റെ പ്രവൃത്തികളില്‍ അവിടന്നു കരുണയുള്ളവനാകുന്നു,
അവിടുന്നു കരുണയുള്ളവനാകുന്നു.
- എന്‍ രാജാവും

സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം രമേഷ് മുരളിയും സംഘവും.

 ഇതുവരെ ശ്രവിച്ചത് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ  "വചനവീഥി" എന്ന ബൈബിള്‍ പഠനപരമ്പരയാണ്. അവതരിപ്പിച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 July 2019, 14:36