Archbishop of Manila Luis Antonio Cardinal Tagle Archbishop of Manila Luis Antonio Cardinal Tagle  

എല്ലാവരെയും ഉള്‍ക്കൊള്ളണം - അവരില്‍ ദൈവത്തിന്‍റെ പ്രതിച്ഛായയുണ്ട്

“ക്രിസ്തുവിനോടു ചേര്‍ന്നു സജീവരാകാം. സമൂഹത്തില്‍ കൂട്ടായ്മയുടെ സംസ്കാരം വളര്‍ത്താം.” - കര്‍ദ്ദിനാള്‍ ലൂയി താഗ്ലേ.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

കൂട്ടായ്മയുടെ സംസ്കാരം വളര്‍ത്താം
ജീവിതത്തില്‍ നാം മറ്റുള്ളവരെ സ്വീകരിക്കാന്‍ സന്നദ്ധരാകണം. കാരണം അവരില്‍ ദൈവത്തിന്‍റെ പ്രതിച്ഛായയുണ്ടെന്ന് മനില അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ലൂയി താഗ്ലേ ഉദ്ബോധിപ്പിച്ചു. സമൂഹത്തില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന കൂട്ടായ്മയുടെ സംസ്കാരം (the Culture of Encounter) വളര്‍ത്തിക്കൊണ്ട് നമുക്കു ക്രിസ്തുവിനോടു ചേര്‍ന്നു സജീവരായിരിക്കാം, കാരണം ക്രിസ്തു ജീവിക്കുന്നു, അവിടുന്ന് ഇന്നും ജീവിക്കുന്നു, എന്ന ചിന്തയോടെയാണ് കര്‍ദ്ദിനാള്‍ താഗ്ലേ യുവജനങ്ങള്‍ക്കുള്ള പ്രഭാഷണം ഉപസംഹരിച്ചത്.

ഫിലിപ്പീന്‍സില്‍ വിശ്വാസത്തിന്‍റെ 5-Ɔ൦ ശതാബ്ദിവര്‍ഷം
ഫിലിപ്പീന്‍സ് വിശ്വാസത്തിന്‍റെ 500-വര്‍ഷങ്ങള്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്നതിന്‍റെ ഭാഗമായി നടന്ന നവസുവിശേഷവത്ക്കരണ പരിപാടിയില്‍ യുവജനങ്ങള്‍ക്കൊപ്പം ദിവ്യബലി അര്‍പ്പിച്ചുകൊണ്ടു നടത്തിയ പ്രഭാഷണത്തിലാണ് കര്‍ദ്ദിനാള്‍ താഗ്ലേ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.
ഫിലിപ്പീന്‍സിലെ കത്തോലിക്കര്‍ 2021-ലാണ് ദേശീയ തലത്തില്‍ വിശ്വാസത്തിന്‍റെ 500-Ɔ൦ വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുന്നത്. ജൂബിലിക്ക് ഒരുക്കമായി 2019-ല്‍ ആചരിക്കുന്ന യുവജങ്ങളുടെ വര്‍ഷാചരണത്തിന്‍റെ തലസ്ഥാന നഗരമായ മനിലയിലുള്ള വിശുദ്ധ തോമസ് അക്വിനാസിന്‍റെ യൂണിവേഴ്സിറ്റിയിലാണ് 5000 യുവജനപ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനം ജൂലൈ 21-Ɔ൦ തിയതി ഞായറാഴ്ച നടന്നത്. “ക്രിസ്തുവിനോടു ചേര്‍ന്നു നടക്കുന്ന ഫിലിപ്പീനോ യുവജനങ്ങള്‍” എന്ന പ്രതിപാദ്യവിഷയവുമായിട്ടാണ് ഒരുവര്‍ഷം നീളുന്ന പരിപാടികള്‍ മുന്നോട്ടു നീങ്ങുന്നത്. കര്‍ദ്ദിനാള്‍ ആന്‍റെണി ലൂയി താഗ്ലെ സമ്മേളനത്തിന് നേതൃത്വംനല്കി.

യുവജനങ്ങളുടെ വിശ്വാസത്തെ സമ്പന്നമാക്കാന്‍
ഫിലിപ്പീന്‍സിലെ യുവജനങ്ങളുടെ വിശ്വാസത്തെ സമ്പന്നമാക്കാനും അവരുടെ ആത്മീയതയെ ബലപ്പെടുത്താനുമുള്ള ലക്ഷ്യവുമായിട്ടാണ് ശതാബ്ദിക്കൊരുക്കമായി യുവജനവര്‍ഷം ആചരിക്കുന്നതെന്ന്, യുവജനങ്ങള്‍ക്കായുള്ള ദേശീയ കമ്മിഷന്‍റെ ചെയര്‍മാനും ഡയേറ്റ് രൂപതാദ്ധ്യക്ഷനുമായ ബിഷപ്പ് റെക്സ് ആന്‍ഡ്രൂ അലാര്‍കോണ്‍ പറഞ്ഞു. സത്യത്തിനും ദൈവത്തിനുമായുള്ള അന്വേഷണത്തില്‍ യുവജനങ്ങള്‍ക്ക് വേണ്ടുവോളം ഉത്തരങ്ങള്‍ മുതിര്‍ന്നവരില്‍നിന്നു ലഭിക്കുന്നില്ലെന്നും, അതിനാല്‍ അവരെ പിന്‍തുണയ്ക്കേണ്ടതും അവരുടെ വളര്‍ച്ചയില്‍ കൂടെ നടക്കേണ്ടതും, കൂടെ ആയിരിക്കേണ്ടതും അനിവാര്യമാണെന്ന് അദ്ദേഹം പങ്കുവച്ചു.

മാനസിക വ്യഥയില്‍ മുങ്ങിപ്പോകരുത്!
ഏകാന്തതയുടെയും വിഷമത്തിന്‍റെയും ജീവിതാവസ്ഥകളില്‍ വേദനിക്കുന്ന വ്യക്തികളെ മാനസിക രോഗികളായി കാണരുതെന്ന് കര്‍ദ്ദിനാള്‍ താഗ്ലേ പ്രസ്താവിച്ചു. മറിച്ച് മാനസികവസ്ഥയെ എങ്ങനെ കൈകാര്യം ചെയ്യാമെന്നു യുവജനങ്ങളെ പഠിപ്പിക്കുകയും, അവര്‍ സ്വയം പഠിക്കുകയും വേണം അങ്ങനെ അതില്‍നിന്നു പുറത്തുവരാന്‍ അവര്‍ പരിശ്രമിക്കേണ്ടതാണ്. പ്രത്യാശ കൈവെടിയാതെ മുന്നേറാന്‍ സാധിക്കുന്നവര്‍ ഒരിക്കലും അവരുടെ മാനസികാവസ്ഥ നഷ്ടമാവുകയോ രോഗാവസ്ഥയില്‍ നിപതിക്കുകയോ ചെയ്യുകയില്ലെന്നും കര്‍ദ്ദിനാള്‍ താഗ്ലേ യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 July 2019, 16:30