തിരയുക

Mosaic depiction of mary and martha by Rupnik sj. Mosaic depiction of mary and martha by Rupnik sj. 

ജീവിതത്തെ നയിക്കുന്ന ധ്യാനവും അദ്ധ്വാനവും

ആണ്ടുവട്ടം 16-Ɔο വാരം ഞായറാഴ്ചത്തെ സുവിശേഷപരിചിന്തനം വിശുദ്ധ ലൂക്കാ 10, 38-42.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സുവിശേഷത്തിലെ മാര്‍ത്തയും മേരിയും ചിന്തകള്‍

ബഥനിയിലെ സഹോദരിമാര്‍ - മാര്‍ത്തയും മേരിയും
രണ്ടു സഹോദരികള്‍ - മാര്‍ത്തയും മേരിയും ക്രിസ്തുവിനു നല്കിയ സല്‍ക്കാരത്തെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷഭാഗം. ക്രിസ്തു ജരൂസലേമിലേയ്ക്ക് പോകും വഴിയാണ് ബഥനിയിലെ ലാസറിന്‍റെ സഹോദരിമാരുടെ ആതിഥ്യം സ്വീകരിച്ചത് (ലൂക്ക് 10, 38-42). അവിടെ വീട്ടില്‍ സംഭവിച്ചത് ഒരാള്‍, മേരി പാദാന്തികത്തില്‍ ഇരുന്ന് അവിടുത്തെ ശ്രവിച്ചു (39). മറ്റെയാള്‍... മാര്‍ത്തയോ, അവിടുത്തെ സല്‍ക്കരിക്കാന്‍ വെമ്പല്‍കൊണ്ട് ഓടിനടക്കുകയായിരുന്നു. എന്നിട്ട് അവള്‍ ഈശോയോടു പരാതിപ്പെടുകയും ചെയ്തു. “ജോലി ചെയ്യാന്‍ മേരി എന്നെ തനിച്ചു വിട്ടിരിക്കുന്നത് അങ്ങു കണ്ടില്ലേ? ദയവായി, അവളോട് വന്ന് എന്നെ സഹായിക്കാന്‍ പറയണേ!?” (40). ക്രിസ്തു മറുപടി പറഞ്ഞു, “മാര്‍ത്താ, മാര്‍ത്താ, നീ പല കാര്യങ്ങളി‍ല്‍ വ്യാപൃതയാണ്. എന്നാല്‍ ഒന്ന് ഏറെ പ്രധാനപ്പെട്ടതാണ്. അതാണ് മേരി തിരഞ്ഞെടുത്തത്. ഇനി അവളെ അതില്‍നിന്നും പിന്‍തിരിപ്പിക്കേണ്ട” (41-42). ഒറ്റനോട്ടത്തില്‍ രണ്ടുപേരും ചെയ്യുന്നത് നല്ലകാര്യങ്ങളാണ്. എന്നാല്‍ ഒന്ന് മറ്റൊന്നിനേക്കാള്‍ മെച്ചപ്പെട്ടതാണെന്ന് ക്രിസ്തു സ്ഥാപിക്കുന്നു.

ക്രിസ്തുസാന്നിദ്ധ്യം മറന്നുപോയ മാര്‍ത്ത
അപ്പോള്‍ മെച്ചപ്പെട്ട ഭാഗം ഏതാണ്? മെച്ചപ്പെട്ടത് ബഹളത്തില്‍ മാര്‍ത്ത മറന്നുപോയി. ഭവനത്തിലെ ക്രിസ്തുവിന്‍റെ സാന്നിദ്ധ്യം അവള്‍ മറന്നുപോയ പോലെയാണ്. അതിഥിയെ മറന്നുപോകുന്നു. അതിഥിക്ക് ഭക്ഷണം കൊടുക്കുന്നതുകൊണ്ട് മാത്രമായില്ല. എല്ലാ വിധത്തിലും അദ്ദേഹത്തെ പരിചരിക്കണം. അതിഥി പറയുന്നതു കേള്‍ക്കുക പ്രധാനപ്പെട്ട കാര്യമാണ്. നാം മനസ്സിരുത്തേണ്ട ഒരു വാക്കാണ് – ശ്രദ്ധിക്കുക, കേള്‍ക്കുക എന്നത്. കാരണം ഒരു വ്യക്തിയെ നാം സ്വീകരിക്കുന്നത് അയാളുടെ വൈകാരികവും ബൗദ്ധികവുമായ സമഗ്ര പശ്ചാത്തലത്തോടെയാണ്. ഒരാളെ കേള്‍ക്കുമ്പോള്‍ നാം അയാളെ ഉള്‍ക്കൊള്ളുകയാണ്. അപ്പോഴാണ് അയാള്‍ പൂര്‍ണ്ണമായും സ്വീകൃതനാവുകയുള്ളൂ!

അതിഥിയെ സ്വീകരിക്കുന്നതുപോലെ നാം അയാളെ ശ്രവിക്കണം. കേള്‍ക്കണം, അവരുമായി സംവദിക്കണം. സുവിശേഷത്തില്‍ മാര്‍ത്തയോട് ക്രിസ്തു പറയുന്ന മറുപടി, “ഒന്നു മാത്രമാണ് പ്രധാനപ്പെട്ടത്…,” അതായത്, ക്രിസ്തുവിനെ ശ്രവിക്കുക! നമ്മെയും, നാം ചെയ്യുന്ന എല്ലാറ്റിനെയും നയിക്കുവാനും നിലനിര്‍ത്തുവാനും കെല്പുള്ള പ്രകാശപൂര്‍ണ്ണമായ അവിടുത്തെ തിരുമൊഴികള്‍ ശ്രവിക്കുക, അതുള്‍ക്കൊണ്ടു ജീവിക്കുക എന്നാണ് അതിനര്‍ത്ഥം

കുരിശിലെ ക്രിസ്തുവിനെ ശ്രവിച്ച മാത്യു ടാള്‍ബോട്ട്
മാത്യു ടാള്‍ബോട്ട് (Matt Talbolt) ഒരു അയര്‍ലണ്ടുകാരന്‍ കൂലിപ്പണിക്കാരനായിരുന്നു. എന്നാല്‍ വലിയ കുടിയനുമായിരുന്നു. തന്‍റെ വീട്ടിലേയ്ക്കുള്ള വഴിയരികിലെ കൊച്ചുകപ്പേള, ക്രൂശിതരൂപത്തിന്‍റേതാണ്. എല്ലാ ദിവസവും കുടിച്ചാലും കുടിച്ചില്ലെങ്കിലും... കുരിശിലെ ക്രിസ്തുവിനോടു മാത്യു എന്നും സംസാരിക്കും. തന്‍റെ ദാരിദ്യത്തിന്‍റെയും കഷ്ടപ്പാടിന്‍റെയും കഥ അയാള്‍ എന്നും കുരിശിനെ നോക്കി പറയും. തന്‍റെ ദുഃഖവും ദുഃഖഭാരവും, പാപവും പാപഭാരവും എല്ലാം... കുടിച്ചു ബോധമറ്റാലും അയാള്‍ ക്രിസ്തുവിനോടു എന്നും പങ്കുവയ്ക്കുമായിരുന്നു.

തൊഴിലാളികള്‍ക്കു മാതൃക
ഒരിക്കല്‍ മാത്യു കുടിച്ചിരുന്ന ബാറില്‍വച്ച് കൂട്ടുകാരുമായി കലഹിച്ചു. അവര്‍ കൂട്ടമായി മാത്യുവിനെ തല്ലി താഴെയിട്ടിട്ടു പൊയ്ക്കളഞ്ഞു. മര്‍ദ്ദനമേറ്റ്, അവിടെനിന്നും നിരാശനും ദുഃഖിതനുമായി, രക്തം ഒലിക്കുന്ന മുഖവും, മുറിപ്പെട്ട ശരീരവുമായി അയാള്‍ കുരിശിന്‍റെ മുന്നിലെത്തി ആവലാതിപ്പെട്ടു. കണ്ടില്ലേ.. എന്‍റെ കഷ്ടപ്പാടുകള്‍! ക്രിസ്തുവിനെ ശകാരിച്ചു. രക്തം വാര്‍ന്നൊലിച്ചു ഊര്‍ജ്ജമെല്ലാം തീര്‍ന്നപ്പോള്‍, മാത്യു കുരിശിന്‍റെ മുന്നില്‍ വീണു നിശ്ശബ്ദനായി. വേദനയുടെ ആ മൂകമായ രാത്രിയില്‍ മാത്യു കുരിശിലെ സ്വരം ശ്രവിച്ചു. “മകനേ, നീ എന്‍റെ യാതനകള്‍ കാണുന്നില്ലേ! ലോക രക്ഷയ്ക്കായുള്ള യാതനകള്‍, പാപികളുടെ രക്ഷയ്ക്കും, പാപ പരിഹാരത്തിനുമായുള്ള എന്‍റെ യാതനകള്‍!” മാത്യു കേട്ടു, കുരിശിലെ ആ രോദനം, ആദ്യമായി അയാള്‍ കേട്ടു. അത് അയാളെ സ്പര്‍ശിച്ചു. ജീവിതത്തെ ആകെ മാറ്റിമറിച്ചു. മാത്യു മദ്യപാനത്തിന്‍റെ വഴികള്‍ പാടെ പരിത്യജിച്ചു. ഇന്ന് മാത്യു ടാള്‍ബോട്ട അയര്‍ലണ്ടിന്‍റെ ധന്യനാണ് – ധന്യനായ മാത്യു ടാള്‍ബോള്‍ട്ട് (Matt Talbolt)!

‘ശ്രവിക്കുക,’ അതൊരു സൂത്രവാക്കാണ്, മാന്ത്രികവാക്കാണ്! മാത്രമല്ല, അത് ഏറെ പ്രധാനപ്പെട്ട കര്‍മ്മവുമാണ്. അപരനെ കേള്‍ക്കുക, ശ്രവിക്കുക! അത് അപരനോടുള്ള കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും മനോഭാവവുമാണ്.

അതിഥിയോടു കാട്ടേണ്ട സാഹോദര്യം
മാര്‍ത്തയുടെയും മേരിയുടെയും ഭവനത്തില്‍ ക്രിസ്തു ഒരു തീര്‍ത്ഥാടകനോ, അതിഥിയോ എന്നതിനെക്കാള്‍ ഗുരുവും നാഥനുമാണ്! “മാര്‍ത്താ, മാര്‍ത്താ, നീ പലകാര്യങ്ങളില്‍ വ്യാപൃതയായിരിക്കുന്നതിനാല്‍ പ്രധാനപ്പെട്ട കാര്യം മറന്നുപോയിരിക്കുന്നു” എന്നു അവിടുന്ന് പറഞ്ഞതിന്‍റെ പൂര്‍ണ്ണമായ അര്‍ത്ഥം ഇതാണ്. ക്രിസ്തു സാന്നിദ്ധ്യം മറന്നുകൊണ്ടുള്ള സല്‍ക്കാരമായിരുന്നു അവളുടേത്. മറിച്ച്, ഒന്നു മാത്രം മതി അതിഥിക്ക് – അദ്ദേഹത്തെ ശ്രവിക്കുക! കേള്‍ക്കുക! അപരനെ ശ്രവിക്കുന്നത് സാഹോദര്യത്തിന്‍റെ മനോഭാവമാണ്. അതുവഴി അതിഥി, ഒരു സത്രത്തിലെന്നപോലല്ല, കുടുംബത്തിന്‍റെ ഭാഗമായി മാറുന്നു.

ആതിഥേയത്വം ഒരു കാരുണ്യപ്രവൃത്തി
ഇവിടെ നാം മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, ആതിഥ്യം ഒരു കാരുണ്യപ്രവൃത്തിയാണ്. ഇത് ഏറെ അവഗണിക്കപ്പെടുന്നതും, മറന്നുകളയുന്നതുമായ മാനുഷികഗുണവും ക്രിസ്തീയ പുണ്യവുമാണ്. ജീവിതപരിസരങ്ങളില്‍ - സമൂഹത്തിലും കുടുംബത്തിലും നാം വ്യക്തികളെ സ്വീകരിക്കണം. കുടുംബങ്ങളില്‍ പ്രായമായവരെ നാം ഉള്‍ക്കൊള്ളണം. വൃദ്ധമന്ദിരങ്ങളിലേയ്ക്കും ആതുരാലയങ്ങളിലേയ്ക്കും തള്ളിവിടുന്ന “വലിച്ചെറിയല്‍ സംസ്കാരത്തില്‍” (A culture of Waste) നാം എത്തിക്കഴിഞ്ഞു. ഉപയോഗം കഴിഞ്ഞ സാധനങ്ങള്‍ വലിച്ചെറിയുന്നപോലെ, പ്രായമായവരെ മെല്ലെ നാം ഉപേക്ഷിക്കുന്നു, ഒഴിവാക്കുന്നു. വ്യക്തികളോടു കാണിക്കുന്ന നിസംഗതയുടെയും തിരസ്ക്കരണത്തിന്‍റെയും മനോഭാവം മൂലം സമൂഹത്തില്‍ രോഗികള്‍ക്കും, അഗതികള്‍ക്കും പാവങ്ങള്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും ഏകാന്തത അനുഭവിക്കുന്നവര്‍ക്കുമുള്ള സ്ഥാപനങ്ങളുടെ എണ്ണം ഇന്നു വര്‍ദ്ധിച്ചു വരികയാണ്.

കൂട്ടായ്മ വളര്‍ത്തുന്ന കേള്‍ക്കാനുള്ള സന്നദ്ധത
മറ്റുള്ളവരെ കേള്‍ക്കാനും ഉള്‍ക്കൊള്ളാനും നാം സന്നദ്ധരാകുമ്പോള്‍ സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെടുന്നവരുടെയും, അനാഥത്വമനുഭവിക്കുന്നവരുടെയും, രോഗികളുടെയും എണ്ണം കുറയുകതന്നെ ചെയ്യും. ഇത് (A culture of Encounter) കൂട്ടായ്മയുടെ സംസ്കാരമാണ്. അതിനാല്‍ ഇന്നിന്‍റെ സാമൂഹിക പശ്ചാത്തലത്തില്‍ അഭയാര്‍ത്ഥികളുടെയും കുടിയേറ്റക്കാരുടെയും പാവങ്ങളുടെയും വേദനയനുഭവിക്കുന്നവരുടെയും രോദനം കേള്‍ക്കാന്‍ നാം എപ്പോഴും സന്നദ്ധരാകേണ്ടതാണ്. കാരണം ഇന്നു ലോകത്തെ ബഹുഭൂരിപക്ഷവും പാവങ്ങളും പരിത്യക്തരുമാണ്. കുടുംബജീവിതത്തില്‍ പല കാര്യങ്ങള്‍ ചെയ്യുന്നതിനിടയില്‍ പരസ്പരം കേള്‍ക്കാനും, ഒരാള്‍ മറ്റൊരാളെ ചെവിക്കൊള്ളാനും ശ്രദ്ധിക്കേണ്ടതാണ്. നമുക്കോരോരുത്തര്‍ക്കും ഇന്ന് സ്വന്തമായി ധാരാളം പ്രശ്നങ്ങളും പ്രയാസങ്ങളും ഉണ്ടെന്നത് ശരിയാണ്. അവ പലപ്പോഴും പരസ്പരം കേള്‍ക്കാനുള്ള സാദ്ധ്യതകള്‍ ഇല്ലാതാക്കുന്നുമുണ്ട്. എന്നാല്‍ അവയ്ക്കിടയില്‍പ്പോലും... അങ്ങുമിങ്ങും കേള്‍ക്കാനും, അപരനെ ശ്രവിക്കാനും, കാര്യങ്ങള്‍ പങ്കുവയ്ക്കാനുമുള്ള സന്മനസ്സ് ഏറെ പ്രധാനപ്പെട്ടതാണ്.

ജീവിതത്തെ നയിക്കേണ്ട ധ്യാനവും അദ്ധ്വാനവും
സുവിശേഷത്തില്‍ മേരി എടുത്ത ഭാഗം, യേശുവിനെ ശ്രവിച്ചു, മൗനമായി ധ്യാനിക്കാനായിരുന്നു.  ഈ വിളിയെ നാം ഗൗരവത്തില്‍ എടുക്കേണ്ടതാണ്. ദൈവസന്നിധിയില്‍ വെറുതെ ഇരിക്കാനുള്ള വിളിയാണതെന്നു പറയാം. ദീര്‍ഘസമയം പരിശുദ്ധ കുര്‍ബ്ബാനയുടെ മുന്നില്‍ ചിലവഴിച്ചിരുന്ന ആര്‍സിലെ വികാരിയെന്നു വിളക്കപ്പെട്ടിരുന്ന, വിശുദ്ധ മരിയ വിയാന്നിയോടു പലരും ചോദിക്കും... “ഇത്രയും സമയം അങ്ങ് എങ്ങിനെയാണ് മൗനമായി പള്ളിയില്‍ ഇരിക്കുക!” മറുപടി... “I look at Jesus, and Jesus looks at me! ഞാന്‍ യേശുവിനെ നോക്കിയിരിക്കും... യേശു എന്നെയും.” ഒത്തിരി കാര്യങ്ങളില്‍ നുറുങ്ങിയും വിഭജിക്കപ്പെട്ടും നമ്മുടെ ജീവിതങ്ങള്‍ വ്യഥകളാല്‍ മാര്‍ത്തായുടേതു പോലെയായിത്തീരുന്നുണ്ട്. എന്നാല്‍ ക്രിസ്തു ജീവിതത്തിന് അനിവാര്യമായ ഏറെ നല്ലഭാഗവും കാണിച്ചു തരുന്നുണ്ട്.

മേരി തിരഞ്ഞെടുത്ത നല്ലഭാഗം
മേരി തിരഞ്ഞെടുത്തത് നല്ല ഭാഗമെന്നാണ് ക്രിസ്തു തന്നെ വിശേഷിപ്പിക്കുന്നു. പൊതുവേ അങ്ങനെ തന്നെയാണ് നമ്മളും വിചാരിക്കുന്നത്. എന്നാല്‍ ഒരാള്‍ തന്‍റെ ഉത്തരവാദിത്ത്വങ്ങള്‍ക്കായി ജോലിചെയ്യുക, പ്രവര്‍ത്തനബദ്ധമായിരിക്കുക എന്നതും ഏറെ പ്രധാനപ്പെട്ട കാര്യമാണ്. എങ്കിലും ധ്യാനാത്മകമായി വെറുതെ ഇരിക്കാന്‍ പരിശീലിച്ചവര്‍ തങ്ങള്‍ പാര്‍‍ക്കുന്ന ഇടങ്ങളെ കുറെക്കൂടി മനോഹരമാക്കുന്നുണ്ടെന്ന് ക്രിസ്തു പഠിപ്പിക്കുന്നു. ഒരു ചുവട് പിന്നോട്ട് എടുത്തിട്ട്, ധ്യാനപൂര്‍വ്വം കാര്യങ്ങള്‍ ചെയ്യുന്നവര്‍ ഏഴു ചുവടിനുള്ള ഊര്‍ജ്ജം സംഭരിക്കുകയാണ്. കുട്ടികള്‍ കൈത്തോട് ചാടാന്‍ ഒന്നു പിറകോട്ടോടി, മുന്നോട്ട് ആയം കണ്ടെത്തിയിട്ടാണ് ചാടി മറുകര കടക്കുന്നത്!! ഒരാള്‍ക്ക് അയാളെത്തന്നെ കണ്ടെത്താന്‍ നേരമില്ലാത്ത വിധത്തില്‍ ജീവിതം ഇത്രയും തിടുക്കമോ തിരക്കോ അര്‍ഹിക്കുന്നില്ല. അപരനെ ശ്രവിച്ചും അവരുടെ കൂടെ നടന്നും, പങ്കുവച്ചും ഉത്തരവാദിത്വത്തോടെ ചിലവിടുന്ന ജീവിതങ്ങള്‍ എത്രയോ മനോഹരങ്ങളാണ്. Life is beautiful!

പ്രാര്‍ത്ഥന
ദൈവമേ, ജീവിതപരിസരങ്ങളില്‍ കണ്ടുമുട്ടുന്ന വ്യക്തികളെ സ്വീകരിക്കുകയും ക്ഷമയോടെ കേള്‍ക്കുകയും, അവരുടെകൂടെ ആയിരിക്കുകയുംചെയ്യുന്ന സത്യസന്ധമായ പ്രായോഗികത തരണമേ! അങ്ങനെ ധ്യാനപൂര്‍വ്വം ജീവിതത്തിന്‍റെ ഉത്തരവാദിത്ത്വങ്ങള്‍ വിശ്വസ്തതയോടെ ഞങ്ങള്‍ നിര്‍വ്വഹിക്കട്ടെ!

ഗാനമാലപിച്ചത് കെ. എസ്. ചിത്രയാണ്. രചന ചിറ്റൂര്‍ ഗോപി, സംഗീതം ചെല്ലപ്പന്‍ മനക്കില്‍.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 July 2019, 14:20