തിരയുക

Vatican News
Venerable Archbishop Fulton J. Sheen, known TV preacher Venerable Archbishop Fulton J. Sheen, known TV preacher 

ഫുള്‍ട്ടന്‍ ജെ. ഷീന്‍ വാഴ്ത്തപ്പെട്ടവരുടെ പദത്തിലേയ്ക്ക്

സഭയുടെ പ്രബുദ്ധനായ ടെലിവിഷന്‍ വചനപ്രഭാഷകനും ധന്യനുമായ ആര്‍ച്ചുബിഷപ്പ് ഫുള്‍ട്ടെന്‍ ജെ. ഷീന്‍ (1895-1979).

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. അജപാലകനും വചനപ്രഭാഷകനുമായ ആര്‍ച്ചുബിഷപ്പ് ഷീന്‍
ജൂലൈ 5-Ɔο തിയതി വെള്ളിയാഴ്ച വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്യൂ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പാപ്പാ ഫ്രാന്‍സിസ് പരിശോധിച്ച് അംഗീകരിച്ചതോടെയാണ്, സഭയുടെ ധന്യനായ മെത്രാപ്പോലീത്തയും അമേരിക്ക സ്വദേശിയുമായ ഫുള്‍ട്ടെന്‍ ഷീന്‍ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടാന്‍ യോഗ്യനായത്.

a) ധ്യന്യന്‍റെ മാദ്ധ്യസ്ഥതയില്‍ ലഭിച്ച അത്ഭുതരോഗശാന്തി 
2010-ല്‍ ബോണി ട്രാവിസ് എങ്സ്ട്രോം ദമ്പതികള്‍ക്കു ചാപ്പിള്ളയായി ജനിച്ച ജെയിംസ് എങ്സ്ട്രോമിനാണ് ധന്യനായ ഷീനിന്‍റെ മാദ്ധ്യസ്ഥം അത്ഭുതകരമായി ലഭിച്ചതും, കുഞ്ഞ് ജീവന്‍ പ്രാപിച്ചതും. ജീവന്‍റെ അടയാളമില്ലാതിരുന്ന കുഞ്ഞ് മരിച്ചതായി വൈദ്യശാസ്ത്രം പ്രഖ്യാപിച്ചെങ്കിലും മാതാപിതാക്കളായ  ബോണിയും ട്രാവിസും ധന്യനായ ആര്‍ച്ചുബിഷപ്പ് ഷീനിന്‍റെ മാദ്ധ്യസ്ഥം മുട്ടിപ്പായി പ്രാര്‍ത്ഥിച്ചാണ് കുഞ്ഞിന് അത്ഭുതകരമായി ജീവന്‍ കിട്ടിയതെന്ന വസ്തുത വൈദ്യശാസ്ത്രവും വത്തിക്കാനും സ്ഥിരീകരിക്കുകയുണ്ടായി.

b) ഫുള്‍ട്ടന്‍ ജെ. ഷീനിന്‍റെ ജീവിതരേഖ
1895 മെയ് 8-ന് അമേരിക്കയിലെ ഈലിനോയിലെ എല്‍ പാസ്സോയിലാണ് ജനനം.
1919-ല്‍ പൗരോഹിത്യം സ്വീകരിച്ചു.
1950, 60-പതുകളില്‍ ഒരു വൈദികനായിരുന്ന നാള്‍ മുതല്‍ ഷീന്‍ അമേരിക്കന്‍ ജനതയ്ക്കു മാത്രമായിരുന്നില്ല, ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്ക് പ്രിയപ്പെട്ട വചനപ്രഭാഷകനും, മതബോധകനുമായിരുന്നു. “ജീവന്‍ ജീവിതയോഗ്യമാണ്,” Life is worth living എന്ന ടെലിവഷന്‍ പ്രഭാഷണപരമ്പരയിലൂടെ അദ്ദേഹം ലക്ഷോപലക്ഷം വിശ്വാസികളുടെ ആരാധ്യനായ വചനപ്രബോധകനായി.
1951-ല്‍ ന്യൂയോര്‍ക്ക് അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായി.
1966-ല്‍ ന്യൂയോര്‍ക്കിലെ റോചെസ്റ്റര്‍ രൂപതാമെത്രാനായി നിയോഗിക്കുംവരെ ഫാദര്‍ ഷീന്‍ പ്യോറിയയില്‍ ഇടവക വൈദികനായി പ്രവര്‍ത്തിച്ചു.
1969-ല്‍ 75-Ɔമത്തെ വയസ്സില്‍ അദ്ദേഹം വിശ്രമജീവിതത്തിനായി ന്യൂയോര്‍ക്കിലേയ്ക്കു നീങ്ങി.
1979-ല്‍ വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ 84-Ɔ‍മത്തെ വയസ്സില്‍ മരണമടഞ്ഞു. അദ്ദേഹത്തിന്‍റെ ഭൗതികശേഷിപ്പുകള്‍ ന്യൂയോര്‍ക്ക് അതിരൂപതയിലെ ജന്മസ്ഥലമായ ഈലിനോയിലെ പ്യോറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്.
2002-ല്‍ പ്യോറിയ രൂപതയാണ് ഷീനിന്‍റെ നാമകരണ നടപടിക്രമങ്ങള്‍ക്ക് തുടക്കമിട്ടത്.
2012-ല്‍ മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമന്‍ ദൈവദാസന്‍ ബിഷപ്പ് ഫുള്‍ട്ടന്‍ ഷീനിന്‍റെ വീരോചിതപുണ്യങ്ങള്‍ അംഗീകരിച്ചു.
2019 ജൂലൈ 6-ന് ധന്യനായ ഷീനിന്‍റെ മാദ്ധ്യസ്ഥതയില്‍ നേടിയ അത്ഭുത രോഗശാന്തി വത്തിക്കാന്‍ അംഗീകരിച്ചു.
അദ്ദേഹത്തിന്‍റെ ഭൗതികശേഷിപ്പുകള്‍ സൂക്ഷിച്ചിട്ടുള്ളത് ന്യൂയോര്‍ക്കിലെ വിശുദ്ധ പാട്രിക്കിന്‍റെ ഭദ്രാസന ദേവാലയത്തിലാണ്.

c) സുവിശേഷപ്രഭാഷകനു ലഭിച്ച അംഗീകാരങ്ങള്‍
ലോകത്തെ പ്രഥമ ടിവി. സുവിശേഷപ്രഭാഷകനായി ധന്യനായ ഷീന്‍ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ടിവി വ്യക്തിത്വത്തിനുള്ള “ഏമി അവാര്‍ഡ്” Emmy Award രണ്ടു പ്രാവശ്യം 1961-ലും 1968-ലും കരസ്ഥമാക്കിയിട്ടുണ്ട്. ധന്യനായ ഷീന്‍ വിഖ്യാതമായ ടൈം മാസികയുടെ (Time Magazine) കവര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ജനപ്രീതിയാര്‍ജ്ജിച്ച ഷീനിന്‍റെ വചനപ്രഭാഷണങ്ങള്‍ മരണശേഷവും പുനര്‍സംപ്രേക്ഷണം ചെയ്യപ്പെടുന്നു. ഇന്നും സാമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങളില്‍ ഷീനിന്‍റെ വിഖ്യാതമായ പ്രഭാഷണങ്ങള്‍ ലഭ്യമാണ്. അമേരിക്കയിലെ EWTN, Trnity Broadcasting Networks എന്നിവയിലൂടെയാണ് ആര്‍ച്ചുബിഷപ്പ് ഷീന്‍റെ പ്രഭാഷണങ്ങള്‍ ഏറ്റവും അധികം പുറത്തുവന്നിട്ടുള്ളത്.

d) ദാര്‍ശനികനും ദൈവശാസ്ത്രപണ്ഡിതനും
കാത്തലിക് യൂണിവേഴ്സിറ്റ് ഓഫ് അമേരിക്ക, ലുവേന്‍, തോമസ് അക്വീനാസിന്‍റെ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റി റോം (Angelicum) എന്നിവിടങ്ങളില്‍ പഠിച്ചിട്ടുള്ള ആര്‍ച്ചുബിഷപ്പ് ഷീനിന്‍റെ അറിവും പരിജ്ഞാനവും, പ്രഭാഷണങ്ങളുടെ ഉള്‍ക്കാമ്പും കണക്കിലെടുത്തുകൊണ്ട് സമകാലീന ലോകം അദ്ദേഹത്തെ വിശുദ്ധിയുള്ള താത്വികനും ദൈവശാസ്ത്രപണ്ഡിതനുമായി അംഗീകരിച്ചുപോന്നു.

‍2.  ഡൊമീനിക്കന്‍ സഭാംഗമായ
രക്ഷസാക്ഷികളുടെ ബര്‍ത്തലോമിയോ സഭയുടെ നവവിശുദ്ധന്‍

പോര്‍ച്ചുഗലിലെ ബ്രാഗ് അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന, വചനപ്രഭാഷകരുടെ ഡൊമീനിക്കന്‍ സഭാംഗമായ (Order of Friars Preachers) രക്തസാക്ഷികളുടെ വാഴ്ത്തപ്പെട്ട ബര്‍ത്തലോമിയോയെ (1514-1590) പാപ്പാ ഫ്രാന്‍സിസ് വിശുദ്ധനായി അംഗീകരിക്കുകയും ആഗോളസഭയുടെ ആരാധനക്രമത്തില്‍ അദ്ദേഹത്തെ അള്‍ത്താര വണക്കത്തിനായി ഉള്‍പ്പെടുത്തുകയുമുണ്ടായി. കാലപ്പഴക്കവും, പ്രത്യേക സാഹചര്യവും അജപാലന ആവശ്യങ്ങളും പരിഗണിച്ചാണ് വാഴ്ത്തപ്പെട്ടപദം ചൂടിയിട്ടുള്ള ഈ അജപാലകനെ “സമാന വിശുദ്ധപദപ്രഖ്യാപന”ത്തിലൂടെ (Equipollent Canonization), മറ്റു ഔദ്യോഗിക ക്രമങ്ങളൊന്നുമില്ലാതെ, സഭാനിയമ സാദ്ധ്യത ഉപയോഗപ്പെടുത്തിക്കൊണ്ട് വിശുദ്ധനായി പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ചത്.

3. ധന്യപദം ചൂടുന്ന സഭയിലെ ദൈവദാസര്‍
ആര്‍ച്ചുബിഷപ്പ് ഫുള്‍ട്ടന്‍ ഷീനിന്‍റെ വാഴ്ത്തപ്പെട്ടപദ പ്രഖ്യാപനത്തിനുള്ള അനുമതി പാപ്പാ ഫ്രാന്‍സിസ് നല്കിയതോടൊപ്പം 7 ദൈവദാസരുടെ വീരോചിത പുണ്യങ്ങളും പാപ്പാ ഫ്രാന്‍സിസ് അംഗീകരിക്കുകയുണ്ടായി.
a) അന്ത്യോക്യായിലെ ലബനീസ് മാരനൈറ്റ് പാത്രിയര്‍ക്കിസും, ഇറ്റാലിയന്‍ സ്വദേശിയുമായ ദൈവദാസന്‍, ഏലിയ ഹോയെക്ക് (1843-1931).
b) ഇറ്റലിയില്‍ കലാബ്രിയയിലെ മെത്രാപ്പോലീത്തയായിരുന്ന ദൈവദാസന്‍, ആര്‍ച്ചുബിഷപ്പ് ജൊവാന്നി വിത്തോറിയോ ഫേരോ ദി റേജിയോ (1901-1992).
c) സ്പെയിന്‍കാരനായ ഉപവിയുടെ മിഷണറിമാരുടെ പ്രസ്ഥാനത്തിന്‍റെ (Institute of Missionaries of Charity) സ്ഥാപകന്‍, ദൈവദാസന്‍ എയ്ഞ്ചല്‍ റിയെസ്ക്കോ കര്‍ബായോ (1902-1972).
d) പോളണ്ടുകാരനായ രൂപതാ വൈദികന്‍, ദൈവദാസന്‍ ലാഡിസ്ലാവ് കോര്‍ണിലോവിച്ച് (1884-1946).
e) ഇറ്റലിക്കാരനായ ഫ്രാന്‍സിസ്ക്കന്‍ വൈദികനും കര്‍ത്താവിന്‍റെ ഫ്രാന്‍സിസ്ക്കന്‍ സഹോദരിമാരുടെ സഭാസ്ഥാപകനുമായ ദൈവദാസന്‍ ആഞ്ചെലിക്കോ ലിപാനി (1842-1920).
f) ക്യാതെറിന്‍ ഓഫ് സീയെന്നായുടെ ഡൊമീനിക്കന്‍ സഹോദരിമാരുടെ (Dominican Sisters of St. Catherine of Siena) സഭാ സ്ഥാപക, ഫിലിപ്പീന്‍കാരി ദൈവദാസി ദൈവാരൂപിയുടെ ഫ്രാന്‍ചേസ്കാ (1647-1711).
g) മാതൃസ്നേഹത്തിന്‍റെ സഹോദരിമാരുടെ (Congregation of the Sisters of Maternal Charity) സഭാസ്ഥാപകന്‍, ഫ്ര‍ഞ്ചുകാരനും അല്‍മായനുമായ ദൈവദാസന്‍, എത്തിയേനേ-പിയെര്‍ മൊര്‍ലാനെ (1772-1862).

മേല്‍പ്പറഞ്ഞ ആഗോളസഭയിലെ 7 ദൈവദാസരുടെയും വീരോചിത പുണ്യങ്ങളെക്കുറിച്ചു വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘം (Congregation for the Saints) പഠിച്ചു നല്കിയ റിപ്പോര്‍ട്ട് പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചതോടെ ഇവര്‍ നാമകരണ നടപടിക്രമത്തില്‍ (process of Canonization) ധന്യപദത്തിലേയ്ക്ക് (venerable) ഉയര്‍ത്തപ്പെടുകയാണ്.
 

10 July 2019, 16:49