തിരയുക

Vatican News
ഫ്രാന്‍സിലെ റൈംസ് ആശുപത്രിയില്‍ ദയാവധത്തിനിരയായ വിന്‍സെന്‍റ് ലാമ്പെര്‍ത്ത് ആശുപത്രിക്കിടക്കയില്‍ ഫ്രാന്‍സിലെ റൈംസ് ആശുപത്രിയില്‍ ദയാവധത്തിനിരയായ വിന്‍സെന്‍റ് ലാമ്പെര്‍ത്ത് ആശുപത്രിക്കിടക്കയില്‍  (ANSA)

കാരുണ്യവധം-ഫ്രാന്‍സിലെ മതനേതാക്കളുടെ പ്രതികരണം!

ഒരു വ്യക്തി മരിക്കാന്‍ പ്രലോഭിതനാകത്തക്കവിധം സമൂഹത്തില്‍ ഞെരുക്കപ്പെടാതിരിക്കുന്നതിന് ജീവിതത്തിലെ ഏറ്റം വേദനാജനകമായ നിമിഷങ്ങളില്‍ പരസ്പരം തുണയാകാനും സഹായിക്കാനും മനുഷ്യവ്യക്തികള്‍ക്ക് സാധിക്കുമെന്ന് ഫ്രാന്‍സിലെ മതനേതാക്കള്‍

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ചികിത്സയ്ക്കോ ജീവിതത്തിലെ അനുദിനകാര്യങ്ങള്‍ നിറവേറ്റുന്നതിനോ ഒരുവന്‍ അപരനെ ആശ്രയിക്കുന്നതിനര്‍ത്ഥം അവന്‍റെ ഔന്നത്യം കൈമോശംവന്നു എന്നല്ലെന്ന് ഫ്രാന്‍സിലെ വിവധമതനേതാക്കള്‍.

2008 - ലുണ്ടായ ഒരു ഇരുചക്രവാഹനാപകടം മൂലം പ്രതികരണശേഷിയും സംവേദനക്ഷമതയും നഷ്ടപ്പെട്ട് ഫ്രാന്‍സിലെ റെയിംസ് നഗരത്തിലെ ആശുപത്രിയില്‍ തളര്‍ന്നുകിടക്കുകയായിരുന്ന ഫ്രഞ്ചുകാരന്‍ വിന്‍സെന്‍റ്  ലാബെര്‍ട്ടിന് ജീവന്‍ നിലനിറുത്തുന്നതിന് വെള്ളവും ഭക്ഷണവും കൃത്രിമമായി നല്കുന്ന യന്ത്രസംവിധാനങ്ങള്‍ ഫ്രാന്‍സിന്‍റെ പരമോന്നത കോടതിയുടെ ഉത്തരവനുസരിച്ച് നീക്കം ചെയ്യപ്പെടുകയും അദ്ദേഹം വ്യാഴാഴ്ച (11/07/2019) രാവിലെ മരണത്തിന് കീഴടങ്ങുകയും ചെയ്ത പശ്ചാത്തലത്തില്‍ അന്നാട്ടിലെ കത്തോലിക്കാ-പ്രൊട്ടസ്റ്റന്‍റ്-യഹൂദ-ഇസ്ലാം നേതാക്കള്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലാണ് ഇതു കാണുന്നത്.

പരാശ്രിതരായവരോ‌ടുള്ള ഐക്യദാര്‍ഢ്യവും ഉദാരതയും സ്നേഹവും ഊട്ടിവളര്‍ത്തുന്നതിന് പരിശ്രമിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ഈ മതനേതാക്കള്‍ പ്രസ്താവനയില്‍ പറയുന്നു.

ശാരീരികാവസ്ഥയില്‍ ജീവിതം എപ്രകാരം ആവിഷ്കൃതമായിരുന്നാലും അത്  ഭൗതിക ജീവിതത്തെ ഉല്ലംഘിച്ചു നില്ക്കുന്നുവെന്നും അവര്‍ വ്യക്തമാക്കുന്നു.

ഒരു വ്യക്തി മരിക്കാന്‍ പ്രലോഭിതനാകത്തക്കവിധം സമൂഹത്തില്‍ ഞെരുക്കപ്പെടാതിരിക്കുന്നതിന് ജീവിതത്തിലെ ഏറ്റം വേദനാജനകമായ നിമിഷങ്ങളില്‍ പരസ്പരം തുണയാകാനും സഹായിക്കാനും മനുഷ്യവ്യക്തികള്‍ക്ക് സാധിക്കുമെന്ന ബോധ്യവും ഈ മതനേതാക്കള്‍ വെളിപ്പെടുത്തുന്നു.

റെയിംസിലെ യഹൂദ റബ്ബി അമര്‍, റെയിംസിലെ വലിയപള്ളിയിലെ ഇമാം അവോമര്‍ ബന്തൗദ്, റെയിംസിലെ പ്രൊട്ടസ്റ്റന്‍റ് പാസ്റ്റര്‍ സവിയെര്‍ ലാംഗ്ലൊയ്, പാസ്റ്റര്‍ പാസ്കല്‍ ജെയോഫ്രി, റെയിംസ് അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് എറിക് ദെ മുളീന്‍സ്  ബ്യുഫോര്‍, അദ്ദേഹത്തിന്‍റെ സഹായമെത്രാന്‍ ബ്രൂണൊ ഫെയില്ലെ എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്. 

 

 

13 July 2019, 12:20