പാകിസ്താൻ ക്രിസ്ത്യാനികൾ പ്രാർത്ഥനയിൽ പാകിസ്താൻ ക്രിസ്ത്യാനികൾ പ്രാർത്ഥനയിൽ 

പാക്കിസ്ഥാൻ മെത്രാന്മാരുടെ പ്രതിനിധി സംഘം ഡാം ഫണ്ടിലേക്ക് സംഭാവന നല്‍കി.

പാക്കിസ്ഥാൻ മെത്രാന്‍ സമിതിയുടെ (പിസിബിസി) പ്രതിനിധി സംഘം ജൂലൈ 4 ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ സന്ദർശിച്ച് ന്യൂനപക്ഷ സമുദായത്തിന് വേണ്ടി ജലസംഭരണികളുടെ നിർമ്മാണത്തിനായി 35,250 യുഎസ് ഡോളർ ചെക്ക് കൈമാറി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കറാച്ചി, ഹൈദരാബാദ്, ക്വറ്റ, മുൾട്ടാൻ, ഫൈസലാബാദ്, ലാഹോർ, ഇസ്ലാമാബാദ്-റാവൽപിണ്ടി എന്നീ രൂപതകളിൽ ബിഷപ്പുമാർ ഡയമർ-ഭാഷാ, മഹ്മന്ദ് എന്നീ ഡാമുകൾക്കായാണ് ഫണ്ട് സ്വരൂപിച്ചത്. “പാക്കിസ്ഥാനിലെ കത്തോലിക്കാ ബിഷപ്പുമാരായ തങ്ങൾക്ക് ഈ ഉത്തമ ലക്ഷ്യത്തെ പിന്തുണയ്‌ക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമായി കരുതുന്നുവെന്നും, ഇതിനായി ഇടവകകളിലും, ഇടവക നടത്തുന്ന സ്കൂളുകളിലും, സംഘടനകളിലും ധനസമാഹരണത്തിനായി പ്രചാരണം നടത്തിയതായും, ആർച്ച്ബിഷപ്പ് സെബാസ്‍റ്റിൻ ഫ്രാൻസിസ് ഷാ യോഗത്തിന് ശേഷം യൂക്കാ ന്യൂസിനോടു പറഞ്ഞു.

2018 നവംബറിൽ നടന്ന പാക്കിസ്ഥാൻ മെത്രാന്‍ സമിതി സമ്മേളനത്തില്‍  ന്യൂനപക്ഷ സമുദായത്തിന് വേണ്ടി ജലസംഭരണികളുടെ നിർമ്മാണത്തിനായി മുൻകൈയെടുക്കാൻ തീരുമാനിച്ചതായും, എല്ലാ കത്തോലിക്കാ മെത്രാന്മാരും  അവരവരുടെ രൂപതകളിൽ പുരോഹിതന്മാരെ ഉദാരമായി സംഭാവന ചെയ്യാൻ ക്ഷണിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതായും  ആർച്ച്ബിഷപ്പ് സെബാസ്‍റ്റിൻ വ്യക്തമാക്കി.

പാക്കിസ്ഥാന്‍റെ മുൻ ഉന്നത ജഡ്ജി മിയാൻ സാഹിബ് നിസാർ 2018 ജൂലൈയിൽ ജലദൗർലഭ്യമുള്ള പാക്കിസ്ഥാനിൽ ജലസംഭരണികൾ നിർമ്മിക്കുന്നതിനുള്ള അവബോധവും ഫണ്ടും ശേഖരിക്കുന്നതിനുള്ള പ്രചാരണം ആരംഭിച്ചതിനെ അനുസ്മരിച്ച ആർച്ച്ബിഷപ്പ് ജലം ജീവിതത്തിന്‍റെ അടിസ്ഥാന ആവശ്യമാണ്, അത് സംരക്ഷിക്കാൻ ഗുരുതരമായ നടപടികളൊന്നും സ്വീകരിച്ചില്ലെങ്കിൽ വരൾച്ചയെ അഭിമുഖീകരിക്കേണ്ടി വരുമെന്നും ഈ വെല്ലുവിളിയെ നേരിടാൻ പാകിസ്ഥാൻ മുൻ ചീഫ് ജസ്റ്റിസ് ആരംഭിച്ച പ്രചാരണത്തെ പാക്കിസ്ഥാൻ മെത്രാന്‍ സമിതി അഭിനന്ദിക്കുന്നുവെന്നും വെളിപ്പെടുത്തി.

ചീഫ് ജസ്റ്റിസ് മുൻകൈയെടുത്തയുടൻ, ലാഹോറിലെ കത്തോലിക്കാ അതിരൂപത 100,0000 പാക്കിസ്ഥാൻ രൂപ ഈ ആവശ്യത്തിനായി സംഭാവന ചെയ്തു. സർക്കാർ രൂപീകരിച്ച ബാങ്ക് അക്കൗണ്ടുകളിൽ സംഭാവന നൽകാനും സമർപ്പിക്കാനും ഞങ്ങൾ ഇപ്പോഴും ഞങ്ങളുടെ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ആർച്ച്ബിഷപ്പ് സെബാസ്‍റ്റിൻ വ്യക്തമാക്കി. തന്‍റെ രാജ്യത്തെ ക്രിസ്ത്യാനികളെ സംബന്ധിച്ച പ്രശ്നങ്ങളെക്കുറിച്ചും പാക്കിസ്ഥാൻ മെത്രാന്‍ സമിതിയുടെ (പിസിബിസി) പ്രതിനിധി സംഘം ഖാനുമായി സംസാരിച്ചു. രാജ്യത്തിന്‍റെ പുരോഗതിക്കായി, പ്രത്യേകിച്ച് പരിസ്ഥിതിയെ സംരക്ഷിക്കുന്നതിൽ സഭ സ്വീകരിച്ച നല്ല പ്രവർത്തനങ്ങളെ എടുത്തുകാട്ടുകയും ചെയ്തു.

പിസിബിസിയുടെ സാമൂഹിക വിഭാഗമായ കാരിത്താസ് പാക്കിസ്ഥാൻ ആരംഭിച്ച ‘വൃക്ഷത്തൈ നടൽ’ പ്രചാരണത്തെ ആർച്ച് ബിഷപ്പ് ഷാ പ്രശംസിച്ചു: ആഗോളതാപനത്തെയും പരിസ്ഥിതിയുടെ നന്മയെയും നേരിടാൻ പാക്കിസ്ഥാ നിലുടനീളം 10 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിച്ചതായും  വ്യക്തമാക്കി. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി പത്ത് മിനിറ്റ് നിശ്ചയിച്ചിരുന്ന കൂടികാഴ്ച്ച അരമണിക്കൂറോളം നീണ്ടുനിന്നുവെന്നും പ്രധാനമന്ത്രി ക്ഷമയോടെ പ്രതിനിധി സംഘം പങ്കുവച്ച ആശങ്കകൾ കേട്ട് ക്രിയാത്മകമായി പ്രതികരിച്ചുവെന്നും രാജ്യത്ത് അന്തർ വിശ്വാസ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള സഭയുടെ നല്ല പ്രവർത്തനങ്ങളെ അദ്ദേഹം  അഭിനന്ദിക്കുകയും പാകിസ്ഥാന്‍റെ നന്മയ്ക്കുള്ള പ്രവർത്തനങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്തുവെന്നും വ്യക്തമാക്കി.

ന്യൂനപക്ഷ സമുദായങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്താനുള്ള തന്‍റെ സർക്കാരിന്‍റെ പ്രതിജ്ഞാബദ്ധത ഖാൻ ആവർത്തിക്കുകയും ചെയ്തതായി ആർച്ച്ബിഷപ്പ് സെബാസ്‍റ്റിൻ ഫ്രാൻസിസ് ഷാ യോഗത്തിന് ശേഷം യൂക്കാ ന്യൂസിനോടു പറഞ്ഞു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 July 2019, 11:31