Cardinal Pedro Barreto of Huankayo Archdiocese in Peru Cardinal Pedro Barreto of Huankayo Archdiocese in Peru 

തദ്ദേശജനതകളെ ആശ്ലേഷിക്കുന്ന ആമസോണിയന്‍ സിനഡ്

ആമസോണിയന്‍ പ്രവിശ്യയായ പെറുവിലെ ഹ്വാന്‍കായോ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ പെദ്രോ ബരേത്തോ ആമസോണിയന്‍ സിനഡിനെ ലളിതമായി വ്യാഖ്യാനിച്ച ലേഖനത്തില്‍നിന്നും എടുത്തത്...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

“ലാ ചിവില്‍ത്ത കത്തോലിക്ക” (La Civilta Cattolica) എന്ന വത്തിക്കാന്‍റെ ഇറ്റാലിയന്‍ മാസികയുടെ ജൂലൈ ലക്കത്തിലാണ് ഈശോ സഭാംഗമായ കര്‍ദ്ദിനാള്‍ പെദ്രോ ബരേറ്റോ ആമസോണിയന്‍ സിനഡിനെ ലളിതമായി വ്യാഖ്യാനിക്കുന്ന ലേഖനം പുറത്തുവന്നത്. പെറുവിലെ ഹ്വാന്‍കായോ അതിരൂപതാദ്ധ്യക്ഷനാണ് കര്‍ദ്ദിനാള്‍ പെദ്രോ റിക്കാര്‍ദോ ബരേത്തോ.

ആമസോണിയന്‍ സിനഡ് പാപ്പാ ഫ്രാന്‍സിസിനു
കിട്ടിയ ദര്‍ശനം

പാപ്പാ ഫ്രാന്‍സിസിന്‍റെ കാഴ്ചപ്പാടില്‍ സഭ കൂട്ടായ്മയുടെ സംസ്ക്കാരം വളര്‍ത്താന്‍ ആഗ്രഹിക്കുന്നതിന്‍റെ പ്രകടമായ രൂപമാണ് തദ്ദേശ ജനതകളെ കേന്ദ്രീകരിച്ചു ഒക്ടോബറില്‍ ചേരുന്ന ആഗോള സഭയിലെ മെത്രാന്മാരുടെ സിനഡുസമ്മേളനം. പാപ്പാ ഫ്രാന്‍സിസിന്‍റെ കാഴ്ചപ്പാടില്‍ ക്രിസ്തുവിന്‍റെ സഭ സഭയാകുന്നത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, വിശിഷ്യ അതിരുകളില്‍ പാര്‍ക്കുന്ന പാവങ്ങളെയും, സമൂഹത്തിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും, അതിലും ഉപരിയായി വ്രണിതാക്കളായ സ്ത്രീകളെയും കുട്ടികളെയും ഉള്‍ക്കൊള്ളാന്‍ സാധിക്കുമ്പോഴാണ്. ഇത് ക്രിസ്തുവിലുള്ള കൂട്ടായ്മയും ഐക്യവും സാഹോദര്യവും പൂര്‍ണ്ണമാക്കുന്ന ഘടകമാണ്.

സിനഡിന്‍റെ പ്രഖ്യാപനവും വളര്‍ച്ചയും
2017 ഒക്ടോബര്‍ 15-നാണ് പാപ്പാ ഫ്രാന്‍സിസ് ആമസോണിയന്‍ സിനഡു പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തെ തുടര്‍ന്ന് അടുത്തവര്‍ഷം, 2018 ജനുവരി 19-ന് പെറുവിലെ ആമസോണിയന്‍ പ്രവിശ്യയായ പുവര്‍ത്തോ മാള്‍ദൊനാദോയിലെ തദ്ദേശജനതയെ സന്ദര്‍ശിക്കുകയും, അവര്‍ക്കൊപ്പം ദിവ്യബലി അര്‍പ്പിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. ആ അപ്പസ്തോലിക സന്ദര്‍ശനം സിനഡിന് ഒരുക്കവും പ്രതീകാത്മകവുമായ നീക്കമായിരുന്നു. കാരണം, പെറു മാത്രമല്ല ബൊളീവിയ, കൊളംബിയ, എക്വദോര്‍, ഗ്വിനിയ, സൂരിനാം, വെനസ്വേല എന്നീ രാജ്യങ്ങളും അവിടത്തെ തദ്ദേശജനതകളും ഉള്‍പ്പെടുന്ന വിസ്തൃതമായ ഭൂപ്രദേശമാണല്ലോ ആമസോണ്‍.

സിനഡിന്‍റെ ലക്ഷ്യങ്ങള്‍
2019 ഒക്ടോബര്‍ 6-മുതല്‍ 27-വരെ തിയതികളിലാണ് ആമസോണ്‍ പ്രവിശ്യയെയും അവിടുത്തെ തദ്ദേശജനതകളെയും സംബന്ധിച്ച് മെത്രാന്മാരുടെ സിനഡുസമ്മേളനം വത്തിക്കാനില്‍ അരങ്ങേറാന്‍ പോകുന്നത്. സമഗ്രപരിസ്ഥിതിയും അതിലെ തദ്ദേശജനതകളുടെ സുസ്ഥിതിയും പാലിക്കുന്നതിന് ആദ്യമായി സഭയില്‍ നവമായ മാര്‍ഗ്ഗരേഖകള്‍ രൂപപ്പെടുത്തുകയെന്നത് ആസന്നമാകുന്ന സിനഡിന്‍റെ പ്രധാനമായ ലക്ഷ്യവും വെല്ലുവിളിയുമാണ്. ലോകത്തിന്‍റെ കാലാവസ്ഥയും, ഹരിതവാതക ബഹിര്‍ഗമനത്തിന്‍റെ അളവിനെയും, മഴയുടെ ഏറ്റക്കുറച്ചിലുമെല്ലാം ക്രമപ്പെടുത്തുന്ന ആമസോണ്‍ പ്രവിശ്യയില്‍ ജീവിക്കുന്ന ജനങ്ങളുടെ ജീവിതചുറ്റുപാടുകള്‍ സംരക്ഷിക്കുകയും, അവരുടെ അവകാശവും, ജീവിതാന്തസ്സും സംരക്ഷിക്കുകയും ചെയ്യേണ്ടത് സിനഡിന്‍റെ അടിസ്ഥാന ലക്ഷ്യമാണ്. ഒന്‍പതു രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ആമസോണിയന്‍ പ്രവിശ്യയില്‍ ഒന്നാണ് പെറു, സഭാദ്ധ്യക്ഷനായ കര്‍ദ്ദിനാള്‍ ബരേറ്റോ ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

തദ്ദേശജനതയുടെ അവകാശങ്ങളും അന്തസ്സും
നിര്‍വചിക്കുന്ന സിനഡ്

ഒരു പരിധിവരെ സഭയും, ലോകവും ശ്രദ്ധിക്കാതെപോയ ആമസോണിലെ ജനതയുടെ ജീവിതപരസരങ്ങളിലേയ്ക്കും അനുദിനജീവിത ചര്യകളിലേയ്ക്കും കടന്നുചെന്ന് അവരെ പിന്‍തുണയ്ക്കാനും, അവരെ ചൂഷണത്തില്‍നിന്നും അഴിമതിയില്‍നിന്നും മോചിപ്പിച്ച്, അന്തസ്സും അവകാശങ്ങളും സ്വാതന്ത്ര്യവുമുള്ള ഒരു ജനതയാക്കുവാനും ഈ സിനഡ് സഹായകമാകേണ്ടതാണ്. അതിനുള്ള പ്രായോഗികമായ പ്രവര്‍ത്തനരേഖകള്‍ മെനഞ്ഞെടുക്കുകയാണു സിനഡിന്‍റെ പ്രാഥമിക ലക്ഷ്യം. ഒരു വിധത്തിലും തദ്ദേശജനതകളുടെ മദ്ധ്യേയുള്ള സഭയുടെ സാന്നിദ്ധ്യം ആമസോണിയന്‍ രാജ്യങ്ങള്‍ക്ക് അവയുടെ പരമാധികാരത്തിനോ, സുസ്ഥിതിക്കോ ഭീഷണിയാവുകയില്ല. ആമസോണിയന്‍ ചുറ്റുപാടുകള്‍ വ്യക്തമായി അറിയുന്ന കര്‍ദ്ദിനാള്‍ ബരേറ്റോ ലേഖനത്തില്‍ വ്യക്തമാക്കി.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 July 2019, 15:00