തിരയുക

Vatican News
 ലോക ദരിദ്രദിനത്തിൽ ഫ്രാൻസിസ് പാപ്പാ പാവപ്പെട്ടവരോടൊപ്പം ഭക്ഷണമേശയിൽ... ലോക ദരിദ്രദിനത്തിൽ ഫ്രാൻസിസ് പാപ്പാ പാവപ്പെട്ടവരോടൊപ്പം ഭക്ഷണമേശയിൽ... 

ദരിദ്രർ സ്വർഗ്ഗരാജ്യത്തിന്‍റെ അവകാശികളും, വഴികാട്ടികളും

നവംബർ 17 ആം തിയതി ആചരിക്കപ്പെടുന്ന മൂന്നാമത്തെ “ലോക ദരിദ്രദിന”ത്തോടനുബന്ധിച്ചു ഫ്രാൻസിസ്പാപ്പാ നൽകിയ സന്ദേശത്തെ ആസ്പദമാക്കി ഇന്ന് ലോകത്തിന്‍റെ മുന്നിൽ വെല്ലുവിളിയുയർത്തുന്ന ദാരിദ്ര്യത്തെ കുറിച്ചും, ദാരിദ്ര്യം നിർമ്മാര്‍ജ്ജനത്തിനായുള്ള സഭയുടെ പ്രയത്നങ്ങളെക്കുറിച്ചുമുള്ള വിചിന്തിനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ലോകം സൗഭാഗ്യമെന്നു കരുതുന്ന നിര്‍ഭാഗ്യങ്ങളുണ്ട്. നിർഭാഗ്യമെന്ന് കരുതുന്ന സൗഭാഗ്യങ്ങളുമുണ്ട്. ലോകം നൽകുന്ന ചില നിർവചനങ്ങൾ അർത്ഥശൂന്യമായി പോകുന്നത് പലപ്പോഴും നിർവചനം അതിൽ തന്നെ വിരുദ്ധമായി നില്‍ക്കുന്നത് കൊണ്ടാണ്. അതിനുദാഹരണമാണ് ദാരിദ്ര്യം. ലോക ദുരിതങ്ങളിൽ പ്രധാനപ്പെട്ടതായും, നിര്‍വചനങ്ങൾക്കുമപ്പുറത്തു നില കൊള്ളുന്ന ഒരു അവസ്ഥയായും ദാരിദ്ര്യം മാറി കഴിഞ്ഞു. ഈ മാറ്റം ഇന്ന് ആരംഭിച്ചതല്ല. ലോകത്തിൽ നിന്നുയർത്തപ്പെടുന്ന നിലവിളികളിൽ ഏറ്റവും പ്രാധാനപ്പെട്ട നിലവിളിയായി ദാരിദ്ര്യം രൂപപ്പെട്ടു കഴിഞ്ഞുവെന്ന് ഇന്ന് നാം ജീവിക്കുന്ന ഈ ലോകത്തിൽ നമുക്ക് ചുറ്റും പാവപ്പെട്ട മനുഷ്യർ അനുഭവിക്കുന്ന ദുരന്തങ്ങളെ കാണുമ്പോൾ വ്യക്തമായി മനസ്സിലാക്കുവാൻ കഴിയും. ക്ഷതങ്ങളും, മുറിപ്പാടുകളും, മരണവും നൽകി ഓരോ ദിവസവും ഒരായിരം ജീവിതങ്ങളെ ദാരിദ്ര്യം കവർന്നെടുക്കുമ്പോൾ വ്യക്തിയിൽ നിന്നും സമൂഹത്തിലേക്കും, സമൂഹത്തിൽ നിന്നും, നാം ജീവിക്കുന്ന ഈ പ്രപഞ്ചത്തിലേക്കും ആഗോളമായി വ്യാപിച്ചിരിക്കുന്ന ദാരിദ്ര്യത്തിന്‍റെ കൈകൾ നമ്മെയും വലിച്ചു മുറുക്കാതിരിക്കാൻ ശ്രദ്ധയും, അദ്ധ്വാനവും, നീതി ബോധവും, സമത്വവും, ആവശ്യമാണ്.

ദാരിദ്ര്യം ബൈബിളിന്‍റെ വെളിച്ചത്തിൽ

പഴയനിയമം ദാരിദ്യത്തെ ശാപമായി കണ്ടിരുന്നു. അലസതയുടെ ഫലമാണ്   ദാരിദ്യമെന്നു പഴയനിയമം പറയുന്നു. "കുറച്ചു കൂടി ഉറങ്ങാം; തെല്ലു നേരം കൂടി മയങ്ങാം; കൈയും കെട്ടിയിരുന്ന് അൽപ്പം നേരം കൂടി വിശ്രമിക്കാം. ഫലമോ, ദാരിദര്യം കവർച്ചക്കാരനെപ്പോലെയും, ദുർഭിക്ഷം ആയുധപ്പാണിയെ പോലെയും നിന്നെ സമീപിക്കും."(സുഭാ.24:33-34)

"മണ്ണിൽ അദ്ധ്വാനിക്കുന്നവന് വേണ്ടത്ര ആഹാരം കിട്ടും; പാഴ് വേല ചെയ്യുന്നവൻ കടുത്ത ദാരിദ്യമനുഭവിക്കും."(സുഭാ.28:19) എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

എന്നാൽ പുതിയ നിയമത്തിൽ ദാരിദ്ര്യത്തിനു ക്രിസ്തു പുതിയ മുഖം നൽകുന്നു. ക്രിസ്തു ദരിദ്രരോടൊപ്പം പിറക്കാൻ തീരുമാനിച്ചതിലൂടെ ദാരിദ്ര്യം രക്ഷ സ്വന്തമാക്കാനുള്ള മാർഗ്ഗമായി രൂപാന്തരപ്പെട്ടു. "യേശു പറഞ്ഞു; കുറുനരികൾക്കു മാളങ്ങളും ആകാശപറവകൾക്കു കൂടുകളുമുണ്ട്; എന്നാൽ, മനുഷ്യ പുത്രന് തലചായ്ക്കാൻ ഇടമില്ല."(മത്താ.8:20)

ക്രിസ്തുവിന്‍റെ ശിഷ്യന്മാരിൽ ഭൂരിഭാഗവും ദരിദ്രരായിരുന്നു. “ദരിദ്രർ എപ്പോഴും നിങ്ങളോടു കൂടെയുണ്ട്" (മത്താ.26:12) എന്ന് ക്രിസ്തു തന്നെ പറയുന്നു. കൂടെയുള്ള ദരിദ്രരെ ശ്രവിക്കാനുള്ള വിളിയുടെ ദൗത്യത്തെ കുറിച്ചും ക്രിസ്തു വ്യക്തമാക്കി തരുന്നുണ്ട്. അതോടൊപ്പം ലാസറിന്‍റെയും, ധനവാന്‍റെയും ഉപമയിലൂടെ സ്വർഗ്ഗരാജ്യത്തിലേക്കുള്ള പാവപ്പെട്ടവന്‍റെ പ്രവേശനത്തെയും വിശദീകരിക്കുന്നു.

അഷ്ടസൗഭാഗ്യങ്ങളും ദാരിദ്ര്യത്തിനു പുതിയ മുഖം നൽകുന്നു. പഴയ നിയമം ദാരിദ്ര്യത്തെയും, ദരിദ്രനെയും ശാപമായി കാണുമ്പോൾ പുതിയ നിയമം ദൈവത്തെ അന്വേഷിക്കാനും, ആശ്രയിക്കാനും, കണ്ടെത്താനുമുള്ള മാർഗ്ഗമായും, നമ്മെ പോലെ ദരിദ്രരായ സഹോദരങ്ങളെ സ്വീകരിക്കുവാനും, ആദരിക്കുവാനും, ദാരിദ്ര്യത്തെ നിർമ്മൂലനം ചെയ്യാനുമുള്ള മാർഗ്ഗങ്ങളെയും കാണിച്ചു തരുന്നു. അതിനു ഏറ്റവും നല്ല ഉദാഹരണമാണ് ആദിമ ക്രൈസ്തവ സമൂഹം.

“അവര്‍ അപ്പസ്‌തോലന്‍മാരുടെ പ്രബോധനം, കൂട്ടായ്‌മ, അപ്പം മുറിക്കല്‍, പ്രാര്‍ത്ഥനാ എന്നിവയില്‍ സദാ താത്‌പര്യപൂര്‍വ്വം പങ്കുചേര്‍ന്നു. എല്ലാവരിലും ഭീതി ഉളവായി. അപ്പസ്‌തോലന്‍മാര്‍ വഴി പല അദ്‌ഭുതങ്ങളും അടയാളങ്ങളും സംഭവിച്ചു. വിശ്വസിച്ചവര്‍ എല്ലാവരും ഒറ്റ സമൂഹമാവുകയും തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായിക്കരുതുകയും ചെയ്‌തു. അവര്‍ തങ്ങളുടെ സ്വത്തുക്കളും, വസ്‌തുവകകളും വിറ്റ്‌ ആവശ്യാനുസരണം എല്ലാവര്‍ക്കുമായി വീതിച്ചു. അവര്‍ ഏക മനസ്സോടെ താത്‌പര്യപൂര്‍വ്വം അനുദിനം ദേവാലയത്തില്‍ ഒന്നിച്ചുകൂടുകയും ഭവനംതോറും അപ്പംമുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടും കൂടെ ഭക്‌ഷണത്തില്‍ പങ്കുചേരുകയും ചെയ്‌തിരുന്നു. അവര്‍ ദൈവത്തെ സ്‌തുതിക്കുകയും എല്ലാ മനുഷ്യരുടെയും സംപ്രീതിക്കു പാത്രമാവുകയും ചെയ്‌തു. രക്‌ഷപ്രാപിക്കുന്നവരെ കര്‍ത്താവ്‌ അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്‍ത്തുകൊണ്ടിരുന്നു”.  (അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 42-47)

ദാരിദ്ര്യത്തെ നിർമ്മൂലനം ചെയ്യാൻ രൂപപ്പെട്ട ക്യാപ്പിറ്റലിസവും, സോഷ്യലിസവും, മാർക്ക്സിസവും, ആഗോളവൽക്കരണവും

നാമിന്നു ജീവിക്കുന്നത് മനുഷ്യനാൽ രൂപീകൃതമായ ക്യാപ്പിറ്റലിസവും, സോഷ്യലിസവും, മാർക്ക്സിസവും, ആഗോളവൽക്കരണവും തോറ്റുനിൽക്കുന്ന ഒരു ചരിത്ര കാലഘട്ടത്തിലാണ്. ഒരുവശത്തു വിരലിലെണ്ണാവുന്ന കുറച്ചുപേർ സമ്പത്തു മുഴുവൻ കൈയിൽവച്ച് അനുഭവിക്കുമ്പോൾ മറുവശത്ത് ഒരു നേരം ഉണ്ണാൻ പോലും വകയില്ലാതെ പട്ടിണിയും ദുരിതങ്ങളുടെ കൂമ്പാരവുമായി ആയിരങ്ങൾ ചുരുണ്ടുകൂടുന്ന ഒരവസ്ഥയാണിന്ന് ലോകത്തിൽ. ഇത്തരുണത്തിലാണ്  ഫ്രാൻസിസ്   പാപ്പാ കഴിഞ്ഞ   3 വർഷമായി ദരിദ്രരെ ഓർമ്മിക്കാൻ ദരിദ്രർക്കായി ഒരു ദിനം മാറ്റിവച്ചിട്ടുള്ളത്.

ദാരിദ്ര്യത്തിന്‍റെ കാരണങ്ങൾ

 •  തൊഴിലില്ലായ്മ‌
 •  വിലക്കയറ്റം
 •  വിഭവങ്ങളുടെ പരാധീനമായ നിർവ്വഹണം
 •  ഭരണവ്യവസ്ഥ
 •  വിദ്യാഭ്യാസത്തിന്‍റെ അധീനത
 •  കടബാധ്യത
 •  അഴിമതി
 •  കാലാവസ്ഥാവ്യതിയാനം
 •  ഭക്ഷണത്തിനോടുള്ള നിയന്ത്രണകുറവ്
 •  മനോവൈകല്യം (മനോരോഗ ചികിത്സപരമായ ശ്രദ്ധക്കുറവ്)
 •  ലോക ദാരിദ്ര്യം
 •  പകർച്ചവ്യാധി
 •  യന്ത്രവൽക്കരണം 

 ചരിത്രപരമായ കാരണങ്ങൾ

 • അടിമത്വം
 • യുദ്ധം
 • പിടിച്ചടക്കല്‍

പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയില്‍ മനുഷ്യർ അനുഭവിക്കുന്ന ദാരിദ്ര്യത്തെ കുറിച്ച് മാത്രമാണ് നാം ചിന്തിക്കുന്നത്. എന്നാൽ സ്നേഹിക്കുന്നതിലുള്ള ദാരിദ്ര്യം, മറ്റുള്ളവരെ സംരക്ഷിക്കുന്നതിലുള്ള ദാരിദ്ര്യം എന്നിവ ഏറ്റവും വലിയ ദാരിദ്ര്യമാണെന്നും, ദുഃഖവും, വേദനയും,  ഏകാന്തതയുമാണ് അവരുടെ ജീവിതത്തിലെ ദുരന്തമായി കാണുന്നതെന്ന് വിശുദ്ധ മദർ തെരേസാ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ദാരിദ്ര്യം അനുഭവിക്കുന്നവർ വിലയുള്ള വസ്തുക്കളോ, ആഭരണങ്ങളോ, മോടിയുള്ള വസ്ത്രങ്ങളോ, വിലയേറിയ വാഹനങ്ങളോ ആഗ്രഹിക്കുന്നില്ല മറിച്ച് ആരോഗ്യവും, അന്നന്നുള്ള അപ്പമാണ്.  ഓരോ വ്യക്തിയും വിലയുള്ളവനാണെന്നും,എല്ലാവരെയും ബഹുമാനിക്കുകയും, അടിമത്വത്തിൽ നിന്നും, നശീകരണത്തിൽ നിന്നും, ചൂഷണത്തിൽ നിന്നും സ്വതന്ത്രനായിരിക്കണമെന്നും കത്തോലിക്കാസഭാ പഠിപ്പിക്കുന്നു. മനുഷ്യൻ ദൈവത്തിന്‍റെ ഛായയിലും, സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാൽ തന്നെ അവൻ മഹത്വം അർഹിക്കുന്നു.

ദാരിദ്ര്യത്തിന്‍റെ  ഇരകൾ

ആഗോളതലത്തിൽ 10.9% വരുന്ന ജനങ്ങൾ ദാരിദ്ര്യത്താൽ രണ്ടു ദിവസങ്ങൾ കൂടുമ്പോൾ മരിക്കുന്നു. ആയിരം കുട്ടികളിൽ 41 കുട്ടികൾ വീതം എല്ലാ വർഷവും അഞ്ച് വയസ്സിന് മുൻപ് ദാരിദ്ര്യത്താൽ മരിച്ച് വീഴുന്നു. 2016 ലെ കണക്കനുസരിച്ച് 63 ദശലക്ഷം കുട്ടികള്‍ ദാരിദ്ര്യം മൂലം വിദ്യാഭ്യാസമില്ലാതെ കഴിയുന്നു. ആഫ്രിക്കയിലും, ഏഷ്യയിലും 75% കുട്ടികൾ ദാരിദ്ര്യത്തിന്‍റെ പിടിയിൽ കഴിയുന്നതായി റിപ്പോർട്ടുകൾ അറിയിക്കുന്നു. ലോകത്തിന്‍റെ പകുതി ഭാഗത്തിൽ ഒരു ദിവസം 2. 50 ഡോളറിന് പോലും വകയില്ലാതെ ജീവിക്കുന്ന ജനങ്ങളും വികസ്വര രാഷ്ട്രങ്ങളിലുണ്ടെന്നും 27 -28% വരുന്ന കുട്ടികൾ ആരോഗ്യമില്ലാതെ ജനിക്കുന്നുവെന്നും റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പ്രവേശിച്ചപ്പോള്‍ പുസ്തകം വായിക്കാൻ  അറിയാത്തവരും, സ്വന്തം കൈയൊപ്പിടാന്‍ പോലും കഴിയാത്ത മനു‌ഷ്യരും ഈ ഭൂമിയിൽ ജീവിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു. 2.2 മില്യൻ കുട്ടികളാണ് എല്ലാം മിനിറ്റുകളിലും മരിച്ചു വീഴുന്നത്. 9 മില്യൺ കുട്ടികൾ ഓരോ വർഷത്തിൽ മരിക്കുന്നു. 2000 മുതൽ 2007 ലെ കണക്കനുസരിച്ച് കുട്ടികളുടെ മരണം ദാരിദ്ര്യത്തിന്‍റെ ഭയാനകമായ ഒരു മുഖത്തെയാണ് വെളിപ്പെടുത്തുന്നത്. എട്ടു വയസ്സും, നാലു വയസ്സും രണ്ടു വയസ്സുമുണ്ടായിരുന്ന  മൂന്ന് സഹോദരിമാർ ഭക്ഷണമില്ലാതെ മരിച്ചതായി ഇന്ത്യയിലെ ഒരു പത്രം റിപ്പോർട്ട് ചെയ്യുന്നു. ദാരിദ്ര്യവും വൈദ്യസഹായവും ലഭിക്കാതെ രോഗം മൂലം മരിക്കുന്ന ഒരുപാട് ജനങ്ങളുണ്ട്.

ലോക ദരിദ്രർ ദിനം : ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനത്തിന്‍റെ പുതിയ ഉത്തരം

ദരിദ്രർക്കുനേരെയുള്ള യേശുവിന്‍റെ പ്രത്യേകമായ സ്നേഹത്തോടെയുള്ള തിരഞ്ഞെടുപ്പ് സുവിശേഷമാക്കാൻ ഇത് ഉപകരിക്കും എന്ന് പാപ്പാ വിശ്വസിച്ചത് കൊണ്ടാകാം കരുണയുടെ ജൂബിലി വർഷം സമാപിച്ചവസരത്തിൽ  ലോകം മുഴുവനുമുള്ള ക്രിസ്തീയ വിശ്വാസികൾ ക്രിസ്തുവിന്‍റെ ഉപവിയുടെ ഉന്നതരായ സാക്ഷികളായി മാറാൻ ഉപകരിക്കട്ടെ എന്ന ഉദ്ദേശത്തോടെ  ഫ്രാൻസിസ് പാപ്പാ ദരിദ്രർക്കായുള്ള ആഗോള ദിനം സ്ഥാപിച്ചത്.

മുഴുവൻ   സഭയേയും, എല്ലാ നല്ലമനസ്സുള്ളവരെയും ഈ ദിവസം നമ്മുടെ മുന്നിൽ കൈനീട്ടി സഹായം തേടുന്നവരിലേക്കു നോക്കി അവർക്കൊരു കരം  കൊടുക്കാൻ പാപ്പാ ക്ഷണിക്കുന്നു. അവർ നമ്മുടെ സഹോദരീ സഹോദരന്മാരാണെന്നും, സ്വർഗ്ഗ പിതാവിനാൽ തന്നെ സൃഷ്ടിക്കപ്പെട്ട്, സ്നേഹിക്കപ്പെടുന്നവരാണെന്നും ഈ ദിനം സ്ഥാപിച്ചുകൊണ്ട് ഇറക്കിയ സന്ദേശത്തിൽ പാപ്പാ ആഹ്വാനം ചെയ്യുന്നു.

ദരിദ്രർക്കായുള്ള ദിനത്തിന്‍റെ ഉദ്ദേശം

വലിച്ചെറിയുകയും, ദുർവ്യയം   ചെയ്യുകയും ചെയ്യുന്ന സംസ്ക്കാരത്തിനെതിരെ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുവാനും, കണ്ടുമുട്ടലിന്‍റെ ഒരു സംസ്ക്കാരം വളർത്തിയെടുക്കാനുമാണ് എല്ലാറ്റിലുമുപരി ഈ ദിവസം കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്. പ്രായോഗീകമായ പ്രവർത്തനങ്ങളാൽ ദരിദ്രരോടു  തുറവിയും,പങ്കുവയ്ക്കലും സാഹോദര്യവും, സഹാനുഭാവവും വളർത്താനും, ദൈവം എല്ലാവർക്കുമായി സൃഷ്ടിച്ച ഭൂമിയെ അതിര്‍ത്തികളും, മതിലുകളും തീർത്തു ദൈവത്തിന്‍റെ  ഉദ്ദേശത്തെ വഞ്ചിക്കുന്ന തരത്തിലുള്ള പ്രവണതകളെ തടയാനുപകരിക്കുന്ന പ്രവർത്തനങ്ങളുമായി മുന്നേറാന്‍ ഈ ദിനം കൊണ്ട്   ഉദ്ദേശിക്കുന്നു.

ഈ ദിനാഘോഷങ്ങൾ എങ്ങനെ പ്രായോഗീകമാക്കാമെന്നും പാപ്പാ ചൂണ്ടിക്കാണിക്കുന്നുണ്ട്. ദരിദ്രരോടോത്തു  ഒരുമിച്ച് ദിവ്യബലിയർപ്പിച്ച് ആ ബലിയുടെ തുടർച്ചയായി നമ്മുടെ ഭക്ഷണമേശയിലും അവരെ  പങ്കുചേർക്കാൻ ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെടുന്നു.  പ്രാർത്ഥന ഇല്ലാതെയുള്ള   ഒരു ആഘോഷമല്ല മറിച്ച് ഈ ദിനത്തിന്‍റെ എല്ലാ പ്രായോഗീക പ്രവർത്തനങ്ങളുടെയും  ഹൃദയം പ്രാർത്ഥനയാവണമെന്നും  പാപ്പാ ഓർമ്മിപ്പിക്കുന്നു. സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന പാവപ്പെട്ടവരുടെ പ്രാർത്ഥനയാണെന്ന്    വിശദീകരിക്കുന്ന പാപ്പാ ദൈവത്തോടു നമ്മുടെ ജീവിതത്തിന്‍റെ അടിസ്ഥാന ആവശ്യമാണ് അപ്പത്തിനായി ചോദിക്കുന്നതിൽ നമ്മൾ കണ്ടെത്തുതെന്നും അത് ബഹുവചനത്തിൽ 'ഞങ്ങൾക്ക്'  എന്നുപയോഗിച്ചിട്ടുള്ളത് പങ്കുവയ്ക്കാനും, ഭാഗഭാക്കാകാനും ക്ഷണിക്കുന്ന കൂട്ടുത്തരവാദിത്വത്തെയാണ് കാണിക്കുന്നതെന്നും പാപ്പാ സന്ദേശത്തിൽ വ്യക്തമാക്കുന്നു.

സത്യത്തിൽ ക്യാപ്പിറ്റലിസത്തിനും, സോഷ്യലിസത്തിനും, മാർക്ക്സിസത്തിനും, ആഗോളവൽക്കരണത്തിനും നേടാൻ കഴിയാത്തതു സുവിശേഷ സത്യമായ പങ്കുവയ്ക്കലിൽ നേടിയെടുക്കാനുള്ള ഒരു ആഹ്വാനമാണ് ഫ്രാൻസിസ് പാപ്പായുടെ പാവപ്പെട്ടവർക്കായുള്ള ആഗോളദിന പ്രഖ്യാപനം. ദരിദ്രരുമായുള്ള പങ്കുവയ്‌പ്പ് വഴി  സുവിശേഷത്തിന്‍റെ ഏറ്റം ആഴമായ സത്യം മനസ്സിൽ ഉറപ്പിക്കാൻ വിശ്വാസിയുടെ മനസ്സാക്ഷിയോടുള്ള  ഒരു ശക്തമായ അഹ്വാനമാണ് ഈ ദിനം: ദരിദ്രർ ഒരു വിഷമപ്രശ്നമല്ല പ്രത്യുതാ സുവിശേഷത്തിന്‍റെ സത്തയെ മനസ്സിലാക്കാനും, പ്രായോഗീകമാക്കാനും സമുക്ക് ലഭിക്കുന്ന  സ്രോതസ്സാണ്.

ദരിദ്രർക്കായുള്ള ആദ്യ ആഗോള ദിന സന്ദേശത്തിൽ സഭ അപ്പോസ്തലന്‍മാരുടെ കാലം മുതലേ പാവങ്ങളുടെ നിലവിളിയുടെ പ്രാധാന്യം മനസ്സിലാക്കിയിരുന്നു എന്നും പാവങ്ങളെ സഹായിക്കാൻ മാത്രമായി 7  പേരെ പത്രോസ് ആവശ്യപ്പെടുന്നതും ദരിദ്രർക്കായുള്ള സഭയുടെ ആദ്യഇടപെടലായി കാണുന്ന ഫ്രാൻസിസ് പാപ്പാ      അപ്പോസ്തലന്‍മാരുടെ നടപടിയിലെ 2 , 45 ൽ  പാവപ്പെട്ടവർക്കായുള്ള  ആദിമ ക്രിസ്ത്യാനികളുടെ   ജീവസ്സുറ്റ പരിഗണന   കാണാന്‍ കഴിയുന്നുവെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.  കർത്താവിന്‍റെ ശിഷ്യരാവുകയെന്നാൽ  ഗുരു പ്രഖ്യാപിച്ച അനുഗ്രഹീതരും ദൈവരാജ്യത്തിന്‍റെ അവകാശികളുമായ ദരിദ്രരോടു സാഹോദര്യവും സഹാനുഭൂതിയും കാണിക്കുകയാണെന്ന്  ആദിമ സഭ മനസ്സിലാക്കിയിരുന്നു.

എന്നാൽ സഭയ്ക്കും  വഴിതെറ്റിയ അവസരത്തിൽ ഫ്രാൻസിസ് അസ്സീസിയെയും, മദർ തെരേസയെയുംപോലുള്ള വിശുദ്ധാത്മാക്കളെ പരിശുദ്ധാത്മാവ് പ്രചോദിപ്പിച്ചു. വീണ്ടും   ശരിയായ പാതയിലേക്ക് വിശ്വാസികളെ കൊണ്ടെത്തിക്കാൻ ഇന്നും പരിശ്രമങ്ങൾ സഭയിൽ നടക്കുന്നു. വല്ലപ്പോഴുമുള്ള ഒരു സേവന പ്രവർത്തനമല്ല; ദരിദ്രരുമായുള്ള സത്യസന്ധമായ കണ്ടുമുട്ടലും പങ്കുവയ്പ്പും ഒരു ജീവിതരീതിയായി മാറണം.  ഈ പ്രവർത്തികളിലാണ് നമ്മുടെ പ്രാര്‍ത്ഥനയുടെയും, ശിഷ്യത്വത്തിലേക്കുള്ള യാത്രയുടെയും,   മാനസാന്തരത്തിന്‍റെയും സുവിശേഷ സത്യം നിര്‍ണ്ണയിക്കപ്പെടുന്നതെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു. ഇവിടെയാണ് നമ്മൾ നമ്മുടെ കരം കൊണ്ട് യേശുവിന്‍റെ ശരീരം സ്പർശിക്കുന്നത്.

ലോക ദരിദ്ര ദിനം: ദരിദ്രന്‍റെ  നിലവിളിക്ക്  സഭ നൽകുന്ന ഉത്തരം

പലപ്പോഴും ബർത്തിമേവുസിന്‍റെ അനുഭവമാണ് പാവപ്പെട്ടവരുടെ കരച്ചിലിനു സമൂഹത്തിൽ നിന്ന് കിട്ടുന്നതെന്ന് തന്‍റെ രണ്ടാം ലോക ദരിദ്രദിന സന്ദേശത്തിൽ പാപ്പാ ദുഃഖിക്കുന്നുണ്ട്. അവരെ നിശ്ശബ്ദരാക്കാനും നമ്മുടെയിടയിൽ നിന്ന് മാറ്റിനിറുത്താനുമുള്ള ശ്രമവും അവർ നമുക്ക് അപകടകാരികളാണെന്നും മറ്റും വരുത്തിത്തീർക്കാൻ ഇന്നത്തെ സമൂഹം ശ്രമിക്കുന്നതും തന്‍റെ പല പ്രഭാഷണങ്ങളിലും പാപ്പാ വിശദീകരിക്കുന്നുണ്ട്. ഇന്ന് എല്ലാ വിധ മാനുഷീകവികസനപ്രവർത്തനങ്ങളുണ്ടായിട്ടും  ബർത്തിമേയൂസിനെപ്പോലെ എത്ര ജീവിതങ്ങളാണ് നമ്മുടെ മുന്നിലെന്ന് ഫ്രാൻസിസ് പാപ്പാ അത്ഭുതപ്പെടുന്നു.

വളരെ ശക്തമായ ഭാഷയാണ് ഈ വർഷത്തെ തന്‍റെ സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പാ ദരിദ്രർക്കായുള്ള ആഗോളദിനത്തിൽ ഉപയോഗിച്ചിട്ടുള്ളത്. സങ്കീർത്തനം 9 : 19 ഉദ്ധരിച്ചുകൊണ്ട് ദരിദ്രരുടെ പ്രത്യാശ എന്നന്നേയ്ക്കുമായി നശിക്കുകയില്ലെന്ന് പാപ്പാ പ്രത്യാശിക്കുന്നു. ജീവിതത്തിന്‍റെ  അരക്ഷിതാവസ്ഥകളിലും, കഷ്ടതകളിലും, അനീതികളിലും പ്രത്യാശ പുനഃസ്ഥാപിക്കുന്ന വരികളാണതെന്നും വലിയ സാമ്പത്തീകവളർച്ചയുടെ കാലത്ത് എന്നത്തേയും പോലെ സാമൂഹീക അസമത്വം വിപുലമായ സമയത്ത്എഴുതപ്പെട്ട വരികളാണിതെന്നും പാപ്പാ ചൂണ്ടിക്കാണിക്കുന്നു. ഇത് ഇന്നത്തെ സാഹചര്യങ്ങളുമായി അത്ര അകലത്തിലല്ല. ഇന്നത്തെ സാമ്പത്തീക പ്രതിസന്ധി പക്ഷെ ഒരുപാട് സംഘങ്ങളെ ധനം സ്വരുക്കൂട്ടുന്നതിൽ നിന്ന് തടഞ്ഞിട്ടില്ലായെന്നും നമ്മുടെ നാട്ടിലെ വഴികളിൽ അത്യാവശ്യകാര്യങ്ങൾക്കുപോലും ബുദ്ധിമുട്ടുന്ന വ്യക്തികളെയും അവരെ ഭയപ്പെടുത്തി ഓടിക്കുന്നതും ചൂഷണം ചെയ്യുന്നതും നാം അനുദിനം കാണുന്ന കാര്യമാണെന്നും, സ്വന്തം  നാടുവിട്ടോടാൻ നിര്‍ബന്ധിതരാക്കപ്പെടുന്ന കുടുംബങ്ങളെയും, മാതാപിതാക്കൾ നഷ്ടപ്പെട്ട അനാഥക്കുഞ്ഞുങ്ങളെയും,  തൊഴിൽ തേടിനടക്കുന്ന യുവതീയുവാക്കളെയും അവരെ തഴയുന്ന ഹ്രസ്വകാല സാമ്പത്തീക തത്വങ്ങളെയും,പലതരം ആക്രമണങ്ങൾക്കിരയാക്കപ്പെട്ട് വ്യഭിചാരത്തിനും, മയക്കുമരുന്ന് കച്ചവടത്തിനും ഉപയോഗിക്കപ്പെടുന്നവരെയും, പ്രവാസിപ്രയാണങ്ങളെയും നാം കണ്ടുമുട്ടുന്നു. കുപ്പകളിൽ അപ്പം തിരയുന്ന എത്ര പാവപ്പെട്ടവരുടെ ജീവിതം തന്നെ കുപ്പയായി കരുതപ്പെടുന്നു. ഇങ്ങനെയുള്ള  ഈ ദാരിദ്ര്യത്തിന്‍റെ ഗുഹയ്ക്കു ഒരറ്റമില്ലാ എന്ന് കാണുന്ന പാപ്പാ ബൈബിളിൽ ദൈവം  പാവപ്പെട്ടവരുടെ കൂടെയാണെന്ന് വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട് സമർത്ഥിക്കുന്നു. കാരണം ദൈവത്തിലാണ് ദരിദ്രർ തങ്ങളുടെ വിശ്വാസം അർപ്പിച്ചിരിക്കുന്നത്. പ്രവാചകർ പ്രഖ്യാപിച്ച ദൈവത്തിന്‍റെ ദിനം വരുമെന്നും ഈ ചെറിയവരിൽ ഒരാൾക്ക് ചെയ്യുന്നത് എനിക്കുചെയ്യുന്നതാണെന്നു ( മത്തായി 25 .40) പറയുന്ന കർത്താവിനാല്‍ അനുഗ്രഹീതരാണ് അവരെന്നും( ലൂക്കാ 6 . 20 ) നമ്മെ ഓർമ്മിപ്പിക്കുന്നുണ്ടെന്ന് ഫ്രാൻസിസ് പാപ്പാ നമ്മെ അനുസ്മരിപ്പിക്കുന്നു. സമയം മുന്നോട്ടുപോകുന്തോറും ദരിദ്രരുടെ എണ്ണത്തിൽ വർദ്ധനയല്ലാതെ കുറവുണ്ടാകുന്നില്ല എന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന പാപ്പാ ദരിദ്രരെ കേന്ദ്രബിന്ദുവാക്കി ദൈവരാജ്യം ഉദ്ഘാടനം ചെയ്ത യേശു നാഥൻ അതിന്‍റെ നടത്തിപ്പിനായി ഏൽപ്പിച്ചത് തന്‍റെ ശിഷ്യരായ നമ്മളെയാണെന്നും അത് മുന്നോട്ടുകൊണ്ടുപോകേണ്ടതും ദരിദ്രർക്ക് പ്രത്യാശപകരേണ്ടതും നമ്മളാണെന്നും നമുക്ക് മുന്നറിയിപ്പുതരുന്നു. അതിനാൽ ദരിദ്രർക്ക് പ്രഥമസ്ഥാനം നൽകികൊണ്ടുള്ള ഒരു നീക്കമാണ് ക്രിസ്തുവിന്‍റെ ശിഷ്യന്മാർ ഏറ്റെടുക്കേണ്ടതെന്നും, അത് ഒരു ആരംഭ ശൂരത്വമായിട്ടല്ല സ്ഥായിയായ സ്വഭാവമായി രൂപാന്തരപ്പെടണമെന്നും നമ്മെ പാപ്പാ ഓർമ്മിപ്പിക്കുന്നു. ചില സമയങ്ങളിൽ ഒന്ന് നിന്ന് അവരെ നോക്കി ചിരിച്ചു അവരെ ഒന്ന് കേൾക്കാൻ ശ്രമിച്ചാൽ പോലും അവരിൽ പ്രത്യാശ പകരാന്‍ കഴിയുമെന്ന് പാപ്പാ നമ്മോടു ആഹ്വാനം ചെയ്യുന്നു.      

ഫ്രാൻസിസ് പാപ്പാ മാത്രമല്ല ദരിദ്രരുടെ കാര്യത്തിൽ ഇത്രമാത്രം വിപുലമായ ഇടപെടലുകൾ നടത്തിയിട്ടുള്ളത്. സഭ ഒരിക്കലും  ദരിദ്രയോടുള്ള സമീപനത്തിൽ പിന്നോട്ട് പോയിട്ടില്ലഎന്ന് സഭയുടെ അനേകം പഠനങ്ങളിലും പ്രവർത്തനങ്ങളിലും നിന്ന് വ്യക്തമാണ്. രണ്ടാം വത്തിക്കാൻ സുഹാനഗദോസിന്‍റെ Gaudium et Spes തുടങ്ങി  Populorum progressio , Rerum Novarum , Centesimus Annus തുടങ്ങിയ ചാക്രീകലേഖനങ്ങളും മാർപ്പാപ്പാമാരുടെ ഇടപെടലുകളും അതിനു തെളിവുകളായി നമ്മുടെ മുന്നിലുണ്ട്.

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം

2444 "സഭയ്ക്ക് ദരിദ്രരോടുള്ള താത്പര്യം അവളുടെ നിരന്തരമായ പാരമ്പര്യത്തിന്‍റെ ഭാഗമാണ്." സുവിശേഷ ഭാഗ്യങ്ങളുടെയും, യേശുവിന്‍റെ ദാരിദ്ര്യത്തിന്‍റെയും, ദരിദ്രരോടു അവിടുത്തേക്കുള്ള താത്പര്യത്തിന്‍റെയും സുവിശേഷത്താൽ പ്രചോദിതമാണ് ഈ സ്നേഹം. ദരിദ്രരോടുള്ള താത്പര്യം അദ്ധ്വാനിക്കാനുള്ള കടമയുടെ ലക്ഷ്യങ്ങളിൽ ഒന്നാണ്. "ആവശ്യത്തിൽ പ്പെട്ടവർക്കു സഹായം നൽകാൻ" വേണ്ടിയാണത്. ഇത് ഭൗതീക മാത്രമല്ല, സാംസ്കാരികവും മതാത്മകവുമായ ദാരിദ്ര്യത്തിന്‍റെ വിവിധ രൂപങ്ങളിലേക്കു കൂടി വ്യാപിക്കുന്നു.

 2445 "സമ്പത്തിനോടുള്ള അമിതസ്നേഹമോ, അതിന്‍റെ സ്വാർത്ഥപരമായ ഉപയോഗമോ ദരിദ്രരോടുള്ള സ്നേഹവുമായി ഒത്തുപോകുന്നതല്ല".

തൊഴിലാളികളുടെ അവസ്ഥ (RERUM NOVARUM)

23 "സഭയുടെ ഔത്സുക്യം തന്‍റെ സന്താനങ്ങളുടെ താത്കാലികവും ഭൗമീകവുമായ താത്പര്യങ്ങളെ അവഗണിക്കത്തക്കവിധം അവരുടെ ആദ്ധ്യാത്മീക കാര്യങ്ങളിൽ മാത്രം മുഴുകിയിരിക്കുന്നുവെന്നു കരുതരുത്. ഉദാഹരണമായി  ദരിദ്രര്‍ ദാരിദ്ര്യത്തില്‍ നിന്നും, കഷ്ടതയിൽ നിന്നും ഉയർന്നു തങ്ങളുടെ ജീവിതം മെച്ചപ്പെടുത്തണമെന്നു സഭ ആഗ്രഹിക്കുന്നു".

29. പാവപ്പെട്ടവർക്ക് പ്രത്യേക അവകാശം

അവകാശങ്ങൾ  ആരുടേതായാലും അവ പവിത്രമായി ആദരിക്കപ്പെടണം. ദ്രോഹം തടയുകയും ദ്രോഹത്തിന് ശിക്ഷ കൊടുക്കുകയും സ്വന്തമായ സ്വത്ത് കൈവശമുള്ള ഓരോരുത്തരെയും പരീരക്ഷിക്കുകയും ചെയ്യുകയെന്നത് രാഷ്ട്ര അധികാരത്തിന്‍റെ കടമയാണ്. എങ്കിലും വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ പാവപ്പെട്ടവരും അശരണരും ആയവർ പ്രത്യേക പരിഗണനയർഹിക്കുന്നു. സമ്പന്നവിഭാഗത്തിന് തങ്ങളെ തന്നെ രക്ഷിക്കാൻ അനേകം മാർഗ്ഗങ്ങളുണ്ട്. അവർക്ക് രാഷ്ട്രത്തിന്‍റെ സഹായം തന്നെ ആവശ്യമില്ല. അതേസമയം ദരിദ്ര സമൂഹത്തിന് വേണ്ടത്ര ആശ്രയിക്കാൻ പറ്റിയ വലിയ സ്വന്തമായ സ്രോതസ്സുകൾ ഒന്നുമില്ല. അവർ രാഷ്ട്രത്തിന്‍റെ സഹായം മുഖ്യമായും ആശ്രയിക്കുന്നത് ഇക്കാരണത്താലാണ് കൂലി കൊണ്ട് ഉപജീവനം സാധിക്കുന്നവരെ അവർ ദുർബ്ബലരും പാവപ്പെട്ടവരും ആകയാൽ ഗവൺമെന്‍റ് പ്രത്യേക താൽപര്യത്തോടെ സംരക്ഷിക്കണം എന്ന് പറയുന്നത്.

ജനതകളുടെ പുരോഗതി (POPULORUM  PROGRESSIO)

പാർപ്പിടസൗകര്യം ഇല്ലായ്മ ഇന്ന് സാർവത്രികമായി അനുഭവപ്പെടുന്നുണ്ട്. നഗരവൽക്കരണം എന്ന വർദ്ധമാനമായ പ്രതിഭാസമാണ് അതിനു പ്രധാന കാരണം. വ്യക്തികളും, കുടുംബങ്ങളും മുകളിലൊരു മേൽക്കൂര അഥവാ മേൽക്കൂര എന്ന് വിളിക്കാൻ ആവാത്തവിധം അത്ര അപ്രാപ്യമായ മേൽക്കൂരയ്ക്ക് കീഴിൽ ജീവൻ നിലനിർത്താൻ അക്ഷരാർത്ഥത്തിൽ ബദ്ധപ്പെടുന്ന ദയനീയ ദൃശ്യങ്ങൾ ഏറ്റവും വികസിതമായ രാഷ്ട്രങ്ങൾ പോലും കാഴ്ചവയ്ക്കുന്നു.

സഭയോടൊപ്പം ചേർന്ന് ദാരിദ്ര്യത്തെ ഇല്ലാതാക്കാനും, ദരിദ്രരുടെ മുറിവുണക്കാനും പരിശ്രമിക്കാം. 

14 June 2019, 10:26