തിരയുക

Vatican News
The sun rises in Cairo Capital of Egypt The sun rises in Cairo Capital of Egypt 

പ്രജാതല്പരനും നീതിനിഷ്ഠനുമായ രാജാവിനെക്കുറിച്ചുള്ള ഗീതം

വചനവീഥിയെന്ന ബൈബിള്‍ പഠനപരമ്പര – സങ്കീര്‍ത്തനം 72-ന്‍റെ പഠനം – ഭാഗം 4.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

രാജകീയ ഗീതം 72-ന്‍റെ പഠനം - ശബ്ദരേഖ

കഴിഞ്ഞ ഭാഗങ്ങളിലേയ്ക്കൊരു തിരനോട്ടം 
മുന്നോട്ടു പോകുമ്പോള്‍, കഴിഞ്ഞ മൂന്നു പരമ്പരകളുടെ ഒരവലോകനം അല്ലെങ്കില്‍ ഒരു തിരനോട്ടം നമ്മുടെ ഉദ്യമത്തെ ആഴപ്പെടുത്തും. അങ്ങനെ പദങ്ങള്‍ വെളിപ്പെടുത്തുന്ന ശ്രദ്ധേയവും ശ്രേഷ്ഠവുമായൊരു ചിന്തയാണ് - ജനം പാടിപ്പുകഴ്ത്തുന്ന രാജാവ് സാമാന്യനല്ല, അസമാന്യനാണെന്നത്. അതിനാല്‍ അദ്ദേഹം അനിതരസാധാരണമായ കഴിവുകളും ആധിപത്യവും ഉള്ളവനാണെന്ന് പദങ്ങള്‍ സ്ഥാപിക്കുന്നു. തന്‍റെ നിലപാട് വ്യക്തമാക്കാന്‍ ഗായകന്‍ പറയുന്ന അടയാളങ്ങള്‍ ശ്രദ്ധേയമാണ്. സമീപസ്ഥമായ രാഷ്ട്രങ്ങളും ദ്വീപുരാജ്യങ്ങളും രാജാവിന് കപ്പംകൊടുക്കുന്നു. അവര്‍ രാജാവിന് കാഴ്ചകള്‍ സമര്‍പ്പിക്കുന്നു, എന്നെല്ലാമാണ്.. അങ്ങനെ ഈ രാജകീയ സങ്കീര്‍ത്തനത്തിന്‍റെ സവിശേഷമായ ലക്ഷണങ്ങളില്‍നിന്നും നിരൂപകന്മാര്‍ എത്തിച്ചേരുന്ന തീര്‍പ്പ് (Conclusion) ഇതാണ് - പ്രജാതല്പരനും, പാവങ്ങളോടും എളിയവരോടും കരുണാര്‍ദ്രനും, നീതിനിഷ്ഠനുമായ 

ഈ രാജാവ് സര്‍വ്വംനന്മയും സര്‍വ്വംസത്യവുമാണ്. സര്‍വ്വംനീതിയും സര്‍വ്വംസ്നേഹവുമായ നിത്യനായ ദൈവത്തിന്‍റെ പ്രതീകവും, പ്രതിബിംബവുമാണെന്നാണ്. അതുകൊണ്ടാണ് ഈ ഗീതത്തില്‍ പരാമര്‍ശിക്കുന്ന രാജാവ് ദൈവതുല്യനും, ദൈവത്തിന്‍റെ പ്രതിനിധിയുമാണെന്ന് പദങ്ങളിലൂടെ സ്ഥാപിക്കുവാന്‍ സങ്കീര്‍ത്തകന്‍ പരിശ്രമിക്കുന്നത്...! തീര്‍ച്ചയായും നമ്മുടെ മനസ്സിലേയ്ക്ക് ഓടിവരിക... ദൈവത്തിന്‍റെ കരുണാര്‍ദ്രമായ മുഖം മനുഷ്യകുലത്തിനു ദൃശ്യനായ ക്രിസ്തുരാജന്‍റെ രൂപമാണെന്നു പറയേണ്ടതില്ല!

Musical Version of Ps. 72
1 എല്ലാജനതകളും അങ്ങേ മുന്നില്‍ പ്രണമിക്കട്ടെ
കര്‍ത്താവേ, അങ്ങേ മുന്നില്‍ പ്രണമിക്കട്ട!
ദൈവമേ, താര്‍ഷിഷിലെയും ദ്വീപുകളിലെയും രാജാക്കന്മാര്‍
അവിടുത്തേയ്ക്കു കപ്പംകൊടുക്കട്ടെ
ഷേബായിലെയും സേബായിലെയും രാജാക്കന്മാര്‍
അവിടുത്തേയ്ക്കെന്നും കാഴ്ച സമര്‍പ്പിക്കട്ടെ
എന്‍റെ രാജാക്കന്മാരും അവിടുത്തെ മുന്നില്‍ പ്രണമിക്കട്ടെ
എല്ലാ ജനതകളും അവിടുത്തെയ്ക്കു സേവനംചെയ്യട്ടെ.

അവസാനത്തെ മൂന്നു പദങ്ങള്‍
കഴിഞ്ഞ മൂന്നു പ്രക്ഷേപണങ്ങളിലായി 1-മുതല്‍ 17-വരെയുള്ള പദങ്ങള്‍ നാം പരിശോധിച്ചതാണ്. അവയുടെ ആധികാരികമായ വ്യാഖ്യാനപഠനങ്ങള്‍ നിരൂപകന്‍മാരുടെ വീക്ഷണത്തില്‍ ശ്രദ്ധിച്ചതുമാണ്. ബാക്കിയുള്ള പദങ്ങളുടെ പഠനത്തിലേയ്ക്ക് ഇനി നമുക്കിന്നു കടക്കാം.

Recitation of Verses of 18-20

18. ഇസ്രായിലിന്‍റെ ദൈവമായ കര്‍ത്താവു വാഴ്ത്തപ്പെട്ടവനാകട്ടെ!
അവിടുന്നു പ്രവര്‍ത്തിക്കുന്ന അത്ഭുതങ്ങള്‍ മഹത്തരമാണ്
അവിടുത്തെ മഹത്വപൂര്‍ണ്ണമായ നാമം എന്നേയ്ക്കും വാഴ്ത്തപ്പെടട്ടെ (2)
19. അവിടുത്തെ മഹത്വം ഭൂമിയിലെങ്ങും നിറയട്ടെ! ആമേന്‍, ആമേന്‍.
20. ജസ്സേയുടെ പുത്രനായ ദാവീദിന്‍റെ പ്രാര്‍ത്ഥനയുടെ സമാപ്തിയിത്.

ആരാധനക്രമപരമായൊരു ഉപസംഹാരമാണ് ഗീതത്തിന്‍റെ ബാക്കി കാണുന്ന മൂന്നു പദങ്ങള്‍. ദൈവം മാത്രമാണ് ലോകത്ത് വലിയ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവനെന്നു സങ്കീര്‍ത്തകന്‍ പദങ്ങളില്‍ സ്ഥാപിക്കുന്നു. ദൈവനാമവും മഹത്ത്വവും അവിടുത്തെ സാന്നിദ്ധ്യത്തിന്‍റെ ആവിഷ്ക്കാരമാണ്. ദൈവത്തിന്‍റെ പ്രഭാപൂരം ഭൂമി മുഴുവന്‍ നിറഞ്ഞുനില്ക്കുന്നു. അതുപോലെ അവസാനപദങ്ങളില്‍ രാജാവിനുവേണ്ടിയുള്ള ഗായകന്‍റെ മദ്ധ്യസ്ഥാപേക്ഷയും അനുഗ്രഹാശംസയും കാണാം. ലോകരക്ഷകനായ മിശിഹായെ, സംബന്ധിക്കുന്ന സങ്കീര്‍ത്തനമായി ഈ ഗീതത്തെക്കുറിച്ച് പരാമര്‍ശിക്കാറുണ്ടെങ്കിലും, അവസാനത്തെ പദങ്ങളുടെ ഉള്‍പ്പൊരുളില്‍ മാതൃകാപരമായൊരു രാജാവിനെയും, രാജവാഴ്ചയെയുമാണ് ഇവിടെ പദങ്ങളില്‍ തെളിഞ്ഞുകിട്ടുന്നത്.

ഉപസംഹാരമായി ത്രിത്വസ്തുതി
ദൈവത്തിന്‍റെ സ്ഥാനത്ത് കരുണാമയനായൊരു രക്ഷകനാണു രാജാവ്. അതിനാല്‍ രക്ഷകനായ ക്രിസ്തുവില്‍ നമുക്കു ലഭിച്ച കൃപയെ ഓര്‍ത്ത്, ദൈവത്തിന്‍റെ അത്ഭുതങ്ങള്‍ അനുസ്മരിച്ചുകൊണ്ട് പിതാവായ ദൈവത്തിനു എപ്പോഴും സ്തുതിയും കൃതജ്ഞതയും മഹത്ത്വവും, ആരാധനയും സമര്‍പ്പിക്കാം...! ഇങ്ങനെയാണ് ഗീതം ഉപസംഹരിച്ചിരിക്കുന്നത്. ഇങ്ങനെയുള്ളൊരു ഉപസംഹാരത്തിന് Doxology എന്നാണ് ഇംഗ്ലിഷില്‍ പറയുന്നത്, ത്രിത്വസ്തുതി! ഒരു പ്രാര്‍ത്ഥനയുടെ, ഔദ്യോഗിക പ്രാര്‍ത്ഥനയുടെ ആരാധനക്രമപരമായ ഉപസംഹാരമാണ് ത്രിത്വസ്തുതിയായി അവതരിപ്പിക്കപ്പെടുന്ന സ്തുതിപ്പ്. ദൈവത്തിന് മഹത്വമുണ്ടായിരിക്കട്ടെ, And to God, and to God alone be the glory! എന്ന ഉപസംഹാരപദങ്ങളാണ് സങ്കീര്‍ത്തനത്തിന്‍റെ അവസാനഭാഗമെന്നു നമുക്കിവിടെ മനസ്സിലാക്കാം.

Musical Version of Ps. 72
1 എല്ലാജനതകളും അങ്ങേ മുന്നില്‍ പ്രണമിക്കട്ടെ
അങ്ങേ മുന്നില്‍ പ്രണമിക്കട്ടെ!
ദൈവമേ, നിലവിളിക്കുന്ന പാവപ്പെട്ടവരെയും
നിസ്സാഹായരായ ദരിദ്രരെയും അവന്‍ മോചിക്കും
ദുര്‍ബലരോടും പാവപ്പെട്ടവരോടുമവന്‍ കരുണകാണിക്കും
അഗതികളുടെ ജീവനെപ്പോഴുമവന്‍ പരിപാലിക്കും
അവരുടെ ജീവനീ മന്നില്‍ നിത്യം കാത്തുപാലിക്കും.

രാജാവിലെ  രക്ഷകനായ ദൈവത്തിന്‍റെ പ്രതിരൂപം
ദൈവമായ കര്‍ത്താവു വാഴ്ത്തപ്പെട്ടവനാകട്ടെ! അവിടുന്നു പ്രവര്‍ത്തിക്കുന്ന അത്ഭുതങ്ങള്‍ മഹത്തരമാണ്, മനോഹരമാണ്! സമാപനമായ സ്തുതിപ്പില്‍ സങ്കീര്‍ത്തകന്‍ ഇങ്ങനെ ആലപിക്കുമ്പോള്‍... ദൈവത്തിന്‍റെ അസാമാന്യമായ വൈഭവമാണ് സങ്കീര്‍ത്തകന്‍ വരികളില്‍ ഏറ്റുപാടുന്നത്. അതായത് ദൈവത്തിനല്ലാതെ മറ്റാര്‍ക്കും ചെയ്യാനാവാത്ത കാര്യങ്ങളെക്കുറിച്ചാണ് രചയിതാവ് പ്രതിപാദിക്കുന്നത്. രാജാവ് പ്രവര്‍ത്തിക്കുന്നതായി സങ്കീര്‍ത്തകന്‍ പരാമര്‍ശിക്കുന്ന അത്ഭുതങ്ങള്‍ മഹത്തരമാണെന്നും, അതിമനോഹരമാണെന്നും അതിനാ‍ല്‍ പദങ്ങള്‍ വ്യക്തമാക്കുന്നു. ഈ ഭൗമികരാജാവ് രക്ഷകനായ ദൈവത്തിന്‍റെ പ്രതിരൂപമാണെന്ന് നിരൂപകന്മാരും സ്ഥാപിക്കുന്നു. അതായത് ദൈവത്തിന്‍റെ മഹത്വമാണ് രാജാവി‍ന്‍റെ അത്ഭുതചെയ്തികള്‍ വെളിപ്പെടുത്തുന്നത്.

Recitation:
അവിടുത്തെ മഹത്വപൂര്‍ണ്ണമായ നാമം എന്നേയ്ക്കും വാഴ്ത്തപ്പെടട്ടെ!
അവിടുത്തെ മഹത്വം ഭൂമിയിലെങ്ങും നിറയട്ടെ!

രചയിതാവിന്‍റെ അടിവര
ഗീതത്തിന്‍റെ അവസാന പദങ്ങള്‍ ഇങ്ങനെ ദൈവത്തെ പ്രഘോഷിക്കുമ്പോള്‍, സ്തുതിക്കുമ്പോള്‍ ദൈവമഹത്വം മനുഷ്യരുടെ മനോനേത്രങ്ങള്‍ക്കു ദൃശമാകുന്ന ആത്മീയാനുഭവത്തിന്‍റെ പ്രതിഫലനമാണെന്നും,  പ്രഘോഷണമാണെന്നും പറയാം. ദൈവിക മഹത്വത്തെക്കുറിച്ചുള്ള വിശ്വാസപ്രഘോഷണമായി അതു മാറുന്നു. ദൈവമഹത്വം അത്ഭുതമായി വിന്യസിപ്പിക്കപ്പെടുന്നു, മനുഷ്യരുടെ ദൃഷ്ടിപഥത്തില്‍ അത്ഭുതമായി പരിണമിക്കുന്നു. ഇനി, അവസാനമായുള്ള ‘ആമേന്‍..’ എന്ന ഹെബ്രായ വാക്ക് മനസ്സുതുറന്നുള്ള അംഗീകാരത്തിന്‍റെ പ്രയോഗമാണ്. ദൈവം തങ്ങളുടെ ജീവിതത്തിന്‍റെ നാഥനും രാജാവുമാണെന്നും, അവിടുത്തെ ചെയ്തികള്‍ ആശ്ചര്യവഹമായ മഹല്‍സംഭവങ്ങളാണെന്നും, സങ്കീര്‍ത്തകന്‍ സ്വമേധയാ, പൂര്‍ണ്ണമായും ഒറ്റവാക്കില്‍ സമര്‍ത്ഥിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു – “ആമേന്‍.. ആമേന്‍...!” പിന്നെ അവസാനമായി പറയുന്ന വാചകം, ഒരു അടിവരയാണ്, 20- Ɔമത്തെ പദം :

Recitation :
“ജസ്സേയുടെ പുത്രനായ ദാവീദിന്‍റെ
പ്രാര്‍ത്ഥനയുടെ സമാപ്തിയാണിത്”.

സങ്കീര്‍ത്തനഗ്രന്ഥത്തിന്‍റെ രണ്ടാംഭാഗം 72- Ɔο സങ്കീര്‍ത്തനത്തോടെയാണ് അവസാനിക്കുന്നത്. അങ്ങനെ ഗ്രന്ഥത്തിന്‍റെ രണ്ടാംഭാഗം മൊത്തമായും ദാവീദുരാജാവിന് സമര്‍പ്പിച്ചുകൊണ്ട് ഈ ഗീതം ഉപസംഹരിക്കുന്നതാണ്- ഈ അവസാന പദമെന്ന് നിരൂപകന്മാര്‍ വ്യാഖ്യാനിക്കുന്നു. 

Musical Version of Ps. 72

1 എല്ലാജനതകളും അങ്ങേ മുന്നില്‍ പ്രണമിക്കട്ടെ
അങ്ങേ മുന്നില്‍ പ്രണമിക്കട്ടെ!
3 ദൈവമേ, അവന്‍റെ കാലത്ത് നീതി തഴച്ചു വളരട്ടെ
ചന്ദ്രന്‍ ഉള്ളിടത്തോളം കാലം സമാധാനം പുലരട്ടെ
സമുദ്രംമുതല്‍ സമുദ്രംവരെയും, നദിമുതല്‍ നദിവരെയും
അവന്‍റെ ആധിപത്യം നിലനില്ക്കട്ടെ!
                                                                                       - എല്ലാജനതകളും

 

04 June 2019, 13:44