തിരയുക

Vatican News
The prayers that bloom before the Lord The prayers that bloom before the Lord  

ദൈവരാജ്യ സ്ഥാപനത്തിന്‍റെ ധ്വനിയുള്ള ഗീതം

വചനവീഥിയെന്ന ബൈബിള്‍ പഠനപരമ്പര – രാജകീയ സങ്കീര്‍ത്തനത്തിന്‍റെ പഠനം – ഭാഗം അഞ്ച്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സങ്കീര്‍ത്തനം 72-ന്‍റെ പഠനം - ഭാഗം അഞ്ച് - ശബ്ദരേഖ

ദൈവസമാനനായ രാജാവ്
ഇസ്രായേലിലെ രാജഭരണത്തിന്‍റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ടിട്ടുള്ള സങ്കീര്‍ത്തനമാകയാല്‍ പ്രാര്‍ത്ഥനയും പദങ്ങളുമെല്ലാം രാജാവിനെയും രാജ്യത്തെയും പ്രതിപാദിക്കുന്നതാണ്. രാജാവ് നീതിനിഷ്ഠനും, കാരുണ്യവാനും പ്രജാതല്പരനും ആയിരിക്കണമെന്ന് സങ്കീര്‍ത്തകന്‍ യാവേയോടു പ്രാര്‍ത്ഥിക്കുന്നു. ഗീതം ആദ്യമായി രാജാവിനുവേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നത്. രാജാവിനെ വര്‍ണ്ണിക്കുന്നു. രാജാവിന്‍റെ ഗുണഗണങ്ങള്‍ എണ്ണിപ്പറയുന്നു. ഇവിടെ പരാമര്‍ശിക്കപ്പെടുന്ന രാജാവ് സാധാരണക്കാരനല്ലെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നതും ഈ ഗീതത്തിന്‍റെ പ്രത്യേകതയാണ്. ഇസ്രായേലിന്‍റെ രാജാവു ശ്രദ്ധേയനും സമാരാധ്യനുമാകയാല്‍ മറ്റു രാജാക്കന്മാര്‍, അയല്‍രാജാക്കന്മാര്‍ രാജാവിന് കപ്പംകൊടുക്കുകയും കാഴ്ചകള്‍ സമര്‍പ്പിക്കുകയും ചെയ്യുന്നതായി പദങ്ങള്‍ പരാമര്‍ശിക്കുന്നു. ചുരുക്കത്തില്‍ 72-Ɔ൦ സങ്കീര്‍ത്തനം പ്രതിപാദിക്കുന്ന രാജാവു ദൈവസമാനനാണ്. അല്ലെങ്കില്‍ സങ്കീര്‍ത്തകന്‍റെ വാക്കുകളില്‍ ദൈവത്തിന്‍റെ പ്രതിനിധിയാണ്. യാവേയുടെ സ്ഥാനത്ത് ഇസ്രായേല്‍ രാജ്യത്തെയും ദൈവജനത്തെയും നയിക്കുന്നവനാണ് ഗീതം വരച്ചുകാട്ടുന്ന രാജാവ്!

Musical Version of Ps. 72
1എല്ലാജനതകളും അങ്ങേ മുന്നില്‍ പ്രണമിക്കട്ടെ
കര്‍ത്താവേ, അങ്ങേ മുന്നില്‍ പ്രണമിക്കട്ട! (soloist)

രാജാവില്‍ തെളിയുന്ന ക്രിസ്തുവിന്‍റെ പ്രതിച്ഛായ
നാം പഠനവിഷയമാക്കിയിരിക്കുന്ന 72-Ɔ൦ സങ്കീര്‍ത്തിനത്തിന്‍റെ വരികളില്‍ ഒളിഞ്ഞിരിക്കുന്ന ദൈവത്തിന്‍റെ പ്രതിച്ഛായ തെളിഞ്ഞുവരുന്നത് വ്യാഖ്യാനപഠനത്തില്‍ വ്യക്തമായും മനസ്സിലാക്കിയതാണ്. കരുണയും നീതിനിഷ്ഠയുമുള്ള പിതാവായ ദൈവത്തിന്‍റെ രൂപവും, പിതാവിന്‍റെ കാരുണ്യവദനവും സ്നേഹസ്വരൂപവും ലോകത്തിന് ദൃശ്യമാക്കിയ രാജാധിരാജനായ ക്രിസ്തുവിന്‍റെ സാന്നിദ്ധ്യം, മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ മനുഷ്യാവതാരംചെയ്ത പുത്രനായ ദൈവത്തിന്‍റെ സാമീപ്യവും സാന്നിദ്ധ്യവും നമുക്ക് ഈ സങ്കീര്‍ത്തന പദങ്ങളില്‍ വെളിപ്പെട്ടുകിട്ടുന്നുണ്ട്.

Musical Version of Ps. 72
1എല്ലാജനതകളും അങ്ങേ മുന്നില്‍ പ്രണമിക്കട്ടെ
കര്‍ത്താവേ, അങ്ങേ മുന്നില്‍ പ്രണമിക്കട്ട! (solo & Chorus)

പ്രാര്‍ത്ഥനാനുഭവം വളര്‍ത്തുന്ന രാജകീയഗീതം
രാജകീയ സങ്കീര്‍ത്തനമായി ഈ ഗീതത്തെ സാഹിത്യഘടനയില്‍ തരംതിരിച്ചിരിക്കുകയാണെങ്കിലും സ്വഭാവത്തില്‍ ഇതൊരു മനോഹരമായ പ്രാര്‍ത്ഥന തന്നെയാണ്. എക്കാലത്തും എല്ലാമനുഷ്യരുടെയും, ഏതു മതസ്ഥരുടെയും ജീവിതാനുഭവമാണ് പ്രാര്‍ത്ഥന! ജീവിതത്തിന്‍റെ ഭാഗമാണ്. “ലോകത്തെ മാറ്റിമറിക്കാന്‍‍ ശക്തിയുള്ളതാണ് പ്രാര്‍ത്ഥന,” എന്നത് പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകളാണ്. മാതാപിതാക്കള്‍ മക്കള്‍ക്കുവേണ്ടിയും, മക്കള്‍ മാതാപിതാക്കള്‍ക്കുവേണ്ടിയും, പുരോഹിതര്‍ ദൈവജനത്തിനുവേണ്ടിയും ദൈവജനം പുരോഹിതര്‍ക്കുവേണ്ടിയും, മിഷണറിമാര്‍ക്കുവേണ്ടിയും, സ്നേഹിതര്‍ക്കുവേണ്ടിയുമെല്ലാം പ്രാര്‍ത്ഥിക്കാറുണ്ടല്ലോ. അങ്ങനെ വളരെ സാധാരണവും എന്നാല്‍ ഹൃദ്യവുമായ പ്രാര്‍ത്ഥനാനുഭവത്തിലേയ്ക്കാണ് ഈ സങ്കീര്‍ത്തനം നമ്മെ നയിക്കുന്നതെന്നത് 72-Ɔ൦ സങ്കീര്‍ത്തനത്തെക്കുറിച്ചുള്ള പ്രഥമ വിലയിരുത്തലായി ഇവിടെ രേഖപ്പെടുത്താം. അതായത്, ഒരു സാധാരണക്കാരനുപോലും ഈ സങ്കീര്‍ത്തനം പ്രസക്തവും ഉപകാരപ്രദവുമായിരിക്കും, ഈ ഗീതത്തിന്‍റെ ധ്യാനം ആത്മീയാനുഭൂതി ഉണര്‍ത്തുന്നതായിരിക്കുമെന്നു ചുരുക്കം.

ദൈവരാജ്യസ്ഥാപനത്തിന്‍റെ ധ്വനിയുള്ള ഗീതം
ഒരു സാധാരണക്കാരനും, അതുപോലെ ജീവിതത്തില്‍ ഉന്നതസ്ഥാനിയനായ വ്യക്തിക്കും ദൈവം ഒരുപോലെയാണ്. ദൈവം ഏവര്‍ക്കും അവരുടെ നാഥനും രാജാവുമാണ്. ദൈവരാജ്യത്തിന്‍റെ ആശയം ക്രിസ്തീയ വിശ്വാസത്തിന്‍റെ ഭാഗമാണ്. കാരണം ക്രിസ്തുവിന്‍റെ ആഗമന ലക്ഷ്യം, മനുഷ്യാവതാരലക്ഷ്യം ദൈവരാജ്യസ്ഥാപനമായിരുന്നു. അതിനാല്‍ സങ്കീര്‍ത്തനം പ്രതിപാദിക്കുന്ന രാജാവും രാജ്യവും ഇന്നും പ്രസക്തമാണെന്ന് പഠനത്തിന്‍റെ പശ്ചാത്തലത്തില്‍ രണ്ടാമത്തെ വിലയിരുത്തലായും സ്ഥാപിക്കാം.

Musical Version of Ps. 72
1 എല്ലാജനതകളും അങ്ങേ മുന്നില്‍ പ്രണമിക്കട്ടെ!
കര്‍ത്താവേ, അങ്ങേ മുന്നില്‍ പ്രണമിക്കട്ട!
ദൈവമേ, രാജാവിന് അങ്ങേ നീതിബോധവും
രാജകുമാരന് അങ്ങേ ധര്‍മ്മനിഷ്ഠയും നല്കേണമേ.
അവര്‍ അങ്ങയുടെ ജനത്തെ നീതിയോടെ ഭരിക്കട്ടെ
അങ്ങയുടെ ദരിദ്രരെ അവന്‍ ന്യായമായ് നയിക്കട്ടെ
സകലജനതകളും അവന്‍റെ നാട്ടില്‍ ഐശ്വര്യമായ് വസിക്കട്ടെ.

ക്രിസ്തുരാജനും ക്രിസ്തുരാജ്യവും
എഴുപത്തിരണ്ടാം സങ്കീര്‍ത്തനം ദൈവരാജ്യസ്ഥാപനത്തിലേയ്ക്ക് വ്യക്തമായി വിരല്‍ചൂണ്ടുന്നതിനാല്‍ ക്രിസ്തുരാജ്യത്തിന്‍റെ സ്വഭാവങ്ങള്‍തന്നെയാണ് ഈ ഗീതം വരച്ചുകാട്ടുന്നത്. ഗീതത്തില്‍ ഒളിഞ്ഞിരിക്കുന്ന ക്രിസ്തുരാജനെയും ക്രിസ്തുരാജ്യത്തെയും ചൂണ്ടിക്കാട്ടുന്നതും വെളിപ്പെടുത്തുന്നതും ഈ സങ്കീര്‍ത്തന പഠനത്തിന്‍റെ മൂന്നാമത്തെ ഏറെ പ്രായോഗികമായ വിലയിരുത്തലാണ്.   ക്രിസ്തുരാജ്യം സ്നേഹരാജ്യമാണ്, നീതിനിഷ്ഠമാണത്. അനുഗ്രഹപൂരിതവും ശാശ്വതവുമാണ്! എന്നും നിലനില്ക്കുന്നതുമാണത്!! നീതിയും കാരുണ്യവും സ്നേഹവും ക്രിസ്തുരാജ്യത്തിന്‍റെ മുഖമുദ്രയാണ്. സമാധാനവും സന്തോഷവും അവിടെ അനുഭവവേദ്യമാകുന്നു.

ക്രിസ്തുരാജ്യത്തിന്‍റെ സാകല്യസംസ്കൃതി
സകല ദേശക്കാരും വര്‍ഗ്ഗക്കാരും ഭാഷക്കാരും അതില്‍ എത്തിച്ചേരുന്നു. അവര്‍ അതില്‍ അംഗങ്ങളായിത്തീരുന്നു. രാജാക്കന്മാരും പ്രഭുക്കന്മാരും, സാധാരണക്കാരും ശ്രേഷ്ഠന്മാരും, കൃഷിക്കാരും കച്ചവടക്കാരും, മുതലാളികളും തൊഴിലാളികളും, സമ്പന്നരും ദരിദ്രരും, രോഗികളും ആകുലരും, ദുഃഖിതരും പീഡിതരും, നിന്ദിതരും മര്‍ദ്ദിതരുമെല്ലാം ദൈവരാജ്യത്തിന്‍റെ ഭാഗമാണ്, അതിലെ അംഗങ്ങളാണ്. ക്രിസ്തു സകലരെയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു എന്നു മനസ്സിലാക്കുമ്പോള്‍ ദൈവരാജ്യത്തിന്‍റെ സാര്‍വ്വത്രികത, സാര്‍വ്വലൗകികത ഈ ഗീതത്തിന്‍റെ വരികളില്‍ വായിക്കാമെന്നത് പ്രസക്തമായ നാലാമത്തെ വിലയിരുത്തലാണ്. ‘എളയവരോട് സുവിശേഷം അറിയിക്കുവാന്‍ അവിടുന്നെന്നെ അയച്ചിരിക്കുന്നു’വെന്നും (ലൂക്കാ 4, 18).  ‘ആരോഗ്യവാന്മാര്‍ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ടാവശ്യ,’മെന്നും നാം സുവിശേഷത്തില്‍ വായിക്കുന്നു (ലൂക്ക 5, 31).  

ക്രിസ്തുരാജ്യത്തിന്‍റെ സാര്‍വ്വലൗകികത
തന്‍റെ പരസ്യജീവിതത്തിന്‍റെ ആരംഭത്തില്‍ ഒരു നയപ്രഖ്യാപനം നടത്തിയപ്പോള്‍, ക്രിസ്തുവിനും അവിടുത്തെ രാജ്യത്തിനും വിനീതരായവരോട്, പരിത്യക്തരായവരോട്, പാര്‍ശ്വത്ക്കരിക്കപ്പെട്ടവരോട് ഒരു പ്രത്യേക വാത്സല്യം, ‘മനഃച്ചായിവു’ണ്ടെന്നാണ് വ്യക്തമാകുന്നത്. പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകളില്‍, സഭ സകലരെയും ഉള്‍ക്കൊള്ളുന്ന ഒരു സാകല്യസംസ്കൃതി വളര്‍ത്തണമെന്ന് നിഷ്ക്കര്‍ഷിക്കുമ്പോള്‍, ഈ ഗീതം വരച്ചുകാട്ടുന്ന ക്രിസ്തുരാജ്യത്തിന്‍റെയും ദൈവരാജ്യത്തിന്‍റെയും മൂലരൂപവും മൗലികഭാവവുമായ സാര്‍വ്വത്രികത, സാര്‍വ്വലൗകികത... Universality of the Church എന്നീ അടിസ്ഥാന സംജ്ഞകളിലേയ്ക്കും പദങ്ങള്‍ നമ്മെ കൊണ്ടെത്തിക്കുന്നുണ്ട്.

Musical Version of Ps. 72
1എല്ലാജനതകളും അങ്ങേ മുന്നില്‍ പ്രണമിക്കട്ടെ
കര്‍ത്താവേ, അങ്ങേ മുന്നില്‍ പ്രണമിക്കട്ട!
ദൈവമേ, താര്‍ഷിഷിലെയും ദ്വീപുകളിലെയും രാജാക്കന്മാര്‍
അവിടുത്തേയ്ക്കു കപ്പംകൊടുക്കട്ടെ
ഷേബായിലെയും സേബായിലെയും രാജാക്കന്മാര്‍
അവിടുത്തേയ്ക്കെന്നും കാഴ്ച സമര്‍പ്പിക്കട്ടെ
എന്‍റെ രാജാക്കന്മാരും അവിടുത്തെ മുന്നില്‍ പ്രണമിക്കട്ടെ
എല്ലാ ജനതകളും അവിടുത്തേയ്ക്കു സേവനംചെയ്യട്ടെ.

സീമാതീതമായ ദൈവരാജ്യം
മിശിഹായുടെ രാജ്യം അതിരുകളില്ലാത്തതാണ്. അത് ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്നതാണ്. ഏതു രാജ്യവും ക്രിസ്തു രാജനെയും അവിടുത്തെ പഠനങ്ങളെയും അംഗീകരിക്കും, കാഴ്ചകള്‍ സമര്‍പ്പിക്കും കപ്പംകൊടുക്കും എന്നു നമുക്ക് പ്രസ്താവിക്കാവുന്നതാണ്. വത്തിക്കാനില്‍ കഴിഞ്ഞ ക്രിസ്തുമസ്കാലത്ത് പ്രത്യക്ഷീകരണ മഹോത്സവം, അല്ലെങ്കില്‍ പൂജരാജാക്കളുടെ തിരുനാള്‍ ആചരിച്ചുകൊണ്ട് പാപ്പ ഫ്രാന്‍സിസ് പങ്കുവച്ചൊരു ചിന്ത ഈ സങ്കീര്‍ത്തനത്തിന്‍റെ ഉള്‍പ്പൊരുള്‍ വെളിപ്പെടുത്തുന്നതാണ്. പൂജരാജാക്കളുടെ ആഗമനം, ബെതലഹേമിലെ ദിവ്യശിശുവിനെ തേടിയുള്ള കിഴക്കുനിന്നുമുള്ള മൂന്നു ജ്ഞാനികളുടെ ആഗമനം, അവര്‍ അവിടുത്തേയ്ക്കു നില്കിയ കാഴ്ചകള്‍ ഇതെല്ലാം ദൈവരാജ്യത്തിന്‍റെയും, സഭയുടെയും, ക്രിസ്തീയതയുടെയും സാര്‍വ്വത്രികത വെളിപ്പെടുത്തുന്നു. അതുപോലെ ദിവ്യസന്ദേശം ഉള്‍ക്കൊണ്ട് രാജാക്കള്‍ക്കുമുന്നെ ആദ്യമായി പുല്‍ക്കൂട്ടിലെത്തിയ പാവങ്ങളായ ഇടയന്‍മാര്‍ ദൈവരാജ്യത്തിന്‍റെ അതിരുകളില്ലാത്ത സ്നേഹവും, നീതിയും കരുണ്യവും അനുഭവിക്കുന്നവരാണ്. അങ്ങനെ ദൈവരാജ്യത്തിന്‍റെ സാകല്യസംസ്കൃതി (Culture of Encounter) 72-Ɔ൦ സങ്കീര്‍ത്തനപദങ്ങള്‍ സംഗ്രഹിച്ചിരിക്കുന്നതും ഈ പഠനത്തില്‍ വെളിപ്പെട്ടു കിട്ടുന്ന മറ്റൊരു വിലയിരുത്തലാണ്.

Musical Version of Ps. 72
1 എല്ലാജനതകളും അങ്ങേ മുന്നില്‍ പ്രണമിക്കട്ടെ
അങ്ങേ മുന്നില്‍ പ്രണമിക്കട്ടെ!
ദൈവമേ, രാജാവിന് അങ്ങേ നീതിബോധവും
രാജകുമാരന് അങ്ങേ ധര്‍മ്മനിഷ്ഠയും നല്കേണമേ.
അവര്‍ അങ്ങയുടെ ജനത്തെ നീതിയോടെ ഭരിക്കട്ടെ
അങ്ങയുടെ ദരിദ്രരെ അവന്‍ ന്യായമായ് നയിക്കട്ടെ
സകലജനതകളും അവന്‍റെ നാട്ടില്‍ ഐശ്വര്യമായ് വസിക്കട്ടെ.

നിങ്ങള്‍‍ ഇതുവരെ ശ്രവിച്ചത് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പരയാണ്. അവതരിപ്പിച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍ .

സോളമന്‍ രാജാവിന്‍റേതെന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള രാജകീയ ഗീതം
72-Ɔ൦ സങ്കീര്‍ത്തന പഠനത്തിന്‍റെ ആറാം ഭാഗം ഇനി അടുത്ത പ്രക്ഷേപണത്തില്‍ (6).

 

11 June 2019, 13:07