തിരയുക

The cyber lad - a media education program of vatican news malayalam The cyber lad - a media education program of vatican news malayalam 

'സൈബര്‍' സാങ്കേതികതയുടെ സാങ്കല്പിക ലോകം

അപഗ്രഥനപരവും വിമര്‍ശനാത്മകവുമായ ഒരു മാധ്യമബോധന (Media Education) പരിപാടി. വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ “ചിന്താമലരുകള്‍” ഒരുക്കിയത് ജോളി അഗസ്റ്റിനും ഫാദര്‍ വില്യം നെല്ലിക്കലും.

- ഫാദര്‍ വില്യം നെല്ലിക്കല്‍

മാധ്യമബോധനം - ചിന്താമലരുകള്‍

1. തിന്മയ്ക്കു ഹേതുവാകുന്ന നന്മയുടെ ഉപകരണങ്ങള്‍
മാധ്യമങ്ങള്‍ ആശയവിനിമയത്തിനും അറിവു നേടുന്നതിനുമുള്ള ഉപാധികളാണ്. എന്നാല്‍ ഇന്നിന്‍റെ സാമൂഹിക പരിസരത്ത് നന്മയ്ക്കായുള്ള ഈ ഉപകരണങ്ങളെ തിന്മയ്ക്കായി ഉപയോഗിക്കുന്ന പ്രവണതയുമുണ്ട്. ഉദാഹരണത്തിന്, ടിവി കാണുന്നത് നല്ലതാണല്ലോ! എന്നാല്‍ ടിവിക്ക് അടിമയാകുന്നതും, അതില്‍ മോശമായ കാര്യങ്ങള്‍ തിരഞ്ഞെടുത്തു കാണുന്നതിനും മാത്രമായാല്‍ ടിവി അപകടമായില്ലേ? അതുപോലെ അച്ചടി മാധ്യമങ്ങളും നല്ല പുസ്തകങ്ങള്‍, മാസികകള്‍, വാരികകള്‍ ഇവ വിജ്ഞാന വര്‍ദ്ധിനികളാണ്. എന്നാല്‍ തല്‍സ്ഥാനത്ത് അശ്ലീലഗ്രന്ഥങ്ങളും മാസികകളുമായാലോ...!? അതുപോലെ തന്നെ സിനിമയും. ചരുക്കത്തില്‍ മാധ്യമലോകത്തിന്‍റെ അതിപ്രസരത്തില്‍ നന്മയ്ക്കുള്ള ഉപകരണങ്ങള്‍ തിന്മയുടെ ചാലകശക്തിയായി മാറുന്നു എന്നത് ശ്രദ്ധേയമാണ്.

Internet, facebook മുതലായ സൈബര്‍ സാങ്കേതിക സാമൂഹ്യ ശ്രൃംഖലകളിലേയ്ക്കു കടന്നുനോക്കുമ്പോള്‍, അപകടങ്ങളും വിപരീതസ്വാധീനവും അച്ചടിമാധ്യമങ്ങളെയും, മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങളെയുംകാള്‍ അധികമാണെന്നു മനസ്സിലാക്കാം. അതിനാല്‍ Internet-ന്‍റെയും cyber technology-യുടെയും അപഗ്രഥനപരവും, വിമര്‍ശനാത്മകവുമായ – അല്ലെങ്കില്‍ ഒരു Analytical & Critical പഠനമാണ് ഇന്നത്തെ ചിന്താമലരുകള്‍.

2. മാധ്യമബോധനം ഇന്നിന്‍റെ ആവശ്യം
ശരിയായ രീതിയിലും ഉത്തരവാദിത്വത്തോടുംകൂടെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യണമെങ്കില്‍, അവയുടെ നന്മകള്‍ക്കൊപ്പം തിന്മകളെക്കുറിച്ചും, ദൂഷ്യവശങ്ങളെക്കുറിച്ചും വിമര്‍ശനബുദ്ധിയോടെ പഠിക്കുകയും, വിലയരുത്തുകയും ചെയ്യേണ്ടത് ആവശ്യമാണ്. അത്യാധുനിക മാധ്യമ സൗകര്യങ്ങള്‍ വെള്ളവും വെളിച്ചവുംപോലെ ചുറ്റുംലഭ്യമാകുമ്പോള്‍ നല്ലതും ചീത്തയും തിരിച്ചറിഞ്ഞ് കരുത്താര്‍ജ്ജിക്കുവാനുള്ള മാര്‍ഗ്ഗമാണ് അവയുടെ വിശകലനവും, വിമര്‍ശനവും. ഈ പ്രക്രിയയ്ക്കാണ് മാധ്യമപഠനം, മാധ്യമബോധനം Media Education or Media Analysis! ഉത്തരവാദിത്വപൂര്‍ണ്ണമായ ഈ വിവേകവും, വിവേചനശക്തിയും ഇന്നത്തെ തലമുറയ്ക്ക്, വിശിഷ്യാ കുട്ടികള്‍ക്കും യുവാക്കള്‍ക്കും നല്കേണ്ടത് ആവശ്യമാണ്.

3. സൈബര്‍ ലോകത്തെ ചതിക്കുഴികള്‍
കാണാമറയത്തിരുന്ന് ജീവിതം ആസ്വദിക്കാനുള്ള കുരുക്കുവഴിയോ, എളുപ്പവഴിയോ അന്വേഷിക്കുന്നവര്‍ക്ക് സൈബര്‍ ലോകം അല്ലെങ്കില്‍ ആധുനിക ഡിജിറ്റല്‍ മാധ്യമങ്ങള്‍ അതിന് വഴിയൊരുക്കുന്നുണ്ട്. സുരക്ഷിതമെന്നു കരുതുന്ന ഈ വലയത്തിലിരുന്ന് നേരില്‍ പറയാന്‍ പറ്റാത്തതും, കാണാന്‍ കഴിയാത്തതുമായ കാര്യങ്ങള്‍ കാണുമ്പോഴും പങ്കുവയ്ക്കുമ്പോഴുമുള്ള നിഗൂഢസുഖമുണ്ടല്ലോ..., പക്ഷെ അത് ശാശ്വതമല്ലെന്ന് ഓര്‍ക്കേണ്ടതാണ്. അതിനു പിന്നിലെ ചതിക്കുഴികള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ അപകടകരവും അസ്വസ്ഥജനകവുമായ മുഹൂര്‍ത്തങ്ങള്‍ ജീവിതത്തില്‍ വന്നു കൂടും, അവയ്ക്കു നാം സാക്ഷൃംവഹിക്കേണ്ടതായും വരും. ‘കേട്ടഗാനം മധുരം, കേള്‍ക്കാത്ത ഗാനം അതിനേക്കാള്‍ മധുരതരം,’ എന്ന യുക്തിഭദ്രമല്ലാത്ത ചിന്ത ഇന്നു പലരിലും രൂഢമൂലമാണ്. ‘ഇക്കരെ നില്ക്കുമ്പോള്‍ അക്കരെപ്പച്ച,’ എന്ന മനസ്സിന്‍റെ ഭാവമാണിത്. അങ്ങനെ മുഖാമുഖം കാണുന്നവരെക്കാള്‍, അപരിചിതരിലൂടെ ആസ്വാദ്യകരമായ അനുഭവം സ്വായത്തമാക്കുന്നിടത്തേയ്ക്ക് നമ്മെ നയിക്കുവാനുള്ള സൗകര്യം ഒരുക്കിത്തരുന്നത് cyber ലോകമാണെന്ന് ഇവിടെ പറയട്ടെ.

4. ഊഷ്മളതയില്ലാത്ത സൈബര്‍ ബന്ധങ്ങള്‍ 
വ്യക്തിയുമായി നാം പരിചയപ്പെടുകയോ ബന്ധം സ്ഥാപിക്കുകയോ ചെയ്യുമ്പോള്‍ അതില്‍ അന്തര്‍ലീനമാകുന്ന ഒരുപാടു ഘടകങ്ങള്‍ ഉണ്ട്. സ്നേഹം, ഊഷ്മളത, സത്യസന്ധത, ധാര്‍മ്മികത എന്നിങ്ങനെ... എന്നാല്‍‍ ഈ ഡിമാന്‍റുകള്‍ ഒന്നുംതന്നെ ഇല്ലാതെ സ്വകാര്യതയില്‍ മറ്റൊരു വ്യക്തിയുമായി സ്വതന്ത്രമായി അടുക്കുവാനും, ഇടപഴകുവാനും, ബന്ധം വളര്‍ത്തുവാനും സൈബര്‍ ലോകത്തു സാദ്ധ്യമാണ്. ഒട്ടും പ്രതിബദ്ധതയില്ലാതെയും ആത്മാര്‍ത്ഥതയില്ലാതെയും കൗതുകത്തിനായോ, സുഖാനുഭൂതിക്കായോ, താത്ക്കാലിക രസത്തിനുവേണ്ടിയോ ബന്ധം സ്ഥാപിക്കാമെന്ന സൗകര്യമാണ് സൈബര്‍ ലോകം നല്കുന്നത്. എന്നാല്‍ ഇങ്ങനെയുള്ള ബന്ധങ്ങളില്‍ ചിലതെങ്കിലും, മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നതുപോലെ പ്രതിസന്ധികളില്‍ വ്യക്തികളെ കുരുക്കാറുണ്ട്. അഥവാ അതില്‍ വിധേയപ്പെട്ട വ്യക്തികള്‍ കളിപ്പാട്ടമായിത്തീരാറുണ്ട്, ചിലരെയെങ്കിലും. Cyber space വിട്ട്, പിന്നീട് അവരെ നേരില്‍ കാണുമ്പോഴാണ് പലര്‍ക്കും അതിന്‍റെ ഭീകരത പിടികിട്ടുന്നത്. സൈബര്‍ക്കെണികളുടെ നിരവധി സംഭവങ്ങള്‍ ഇന്നു ചുരുളഴിയുന്നുണ്ട്.

5. ഡിജിറ്റല്‍ ലോകത്തെ പൊയ്മുഖങ്ങള്‍
Facebook-ലൂടെ പരിചയപ്പെട്ടു, chatting-ലൂടെ ബന്ധം വളര്‍ത്തി, വ്യാജ profile സൃഷ്ടിച്ച് സുന്ദരിയായ യുവതി പടം കാണിച്ചു സ്നേഹത്തിലായി. എന്നാല്‍ നേരില്‍ കാണുമ്പോഴോ...!!? പ്രൊഫൈല്‍ ചിത്രത്തിലെ സുന്ദരി സുന്ദരിയല്ലത്രേ! അവള്‍ ഭര്‍തൃമതിയും 3 മക്കളുള്ള അമ്മയുമാണ്! പിന്നെ facebookല്‍ കണ്ടത്ര അഴകില്ലാത്തവളുമാണ്. മറുവശത്ത്, പുരുഷന്മാരും ഇതുപോലെ സ്ത്രീകളെ കബളിപ്പിക്കുന്നുണ്ട്. വലിയ ജോലി, ഉയര്‍ന്ന ശമ്പളം, കാണാന്‍ സുമുഖന്‍! ഒടുവില്‍ ഒന്നും രണ്ടും വര്‍ഷങ്ങള്‍ കഴിഞ്ഞ് ബന്ധം ശക്തിപ്പെട്ട് പിരിയാനാവാത്ത അവസ്ഥയില്‍ നേരില്‍ കാണാന്‍ തീരുമാനിക്കുമ്പോള്‍ എല്ലാം തകിടംമറിയുന്നു. അതുവരെ കെട്ടി ഉയര്‍ത്തിയ സ്വപ്നക്കൊട്ടാരം, ഇതാ.... വീണുടയുന്നു.

6. കാണാമറയത്തെ ബന്ധങ്ങള്‍
ഇത്തരം ബന്ധങ്ങളുടെ തുടക്കത്തിനു നിദാനം അതിനുപിന്നിലെ സൗകര്യങ്ങളാണ് എന്നോര്‍ക്കണം. നേരില്‍ കാണാത്ത വ്യക്തിയോട് മധുരതരമായ വാക്കുകള്‍ മൊഴിയാം, നുണ പറയാം, അശ്ലീലം വിളമ്പാം...!  ഒരു പക്ഷെ ഇതിനോടു താത്പര്യമില്ലാത്തവരാണെങ്കില്‍
ആ ബന്ധം മുറിഞ്ഞുപോകുമെന്നു മാത്രം. മറ്റൊന്നും സംഭവിക്കുന്നില്ല, സാദ്ധ്യവുമല്ല. മറുഭാഗത്ത് യാഥാര്‍ത്ഥ്യത്തിന്‍റെ ജീവിതപരിസരങ്ങളില്‍ മുഖാമുഖം കാണുന്നവര്‍ തമ്മില്‍ ഇത്തരത്തിലുള്ള സംഭാഷണങ്ങളും അഭിപ്രായപ്രകടനങ്ങളും നടക്കണമെന്നില്ല. അതിന്‍റെ പ്രത്യാഘാതങ്ങള്‍ വ്യത്യസ്തവുമായിരിക്കും. നേരിട്ടുള്ള ഇടപെടലുകളില്‍ ചില നിയന്ത്രണങ്ങളുണ്ട്, ധാര്‍മ്മികമായ നിഷ്കര്‍ഷകളുണ്ട്. സൈബര്‍ ലോകം സാങ്കല്പികമാകയാല്‍, ഇടപെടലുകളുടെ നിയന്ത്രണവും ധാര്‍മ്മികനിഷ്ഠകളും - ഇതു രണ്ടും അവിടെ ഇല്ല. അതുകൊണ്ടുതന്നെ ചതിക്കുഴികള്‍ അവിടെ രൂപപ്പെടുവാനുള്ള സാധ്യതകള്‍ വളരെയാണ്.

7. നിര്‍ബാധം വ്യാപരിക്കാന്‍ സൗകര്യമുള്ളിടം
സൈബര്‍ ലോകത്തെ മുഖാമുഖമുള്ള വ്യക്തിബന്ധങ്ങളില്‍ നമ്മുടെ സാമൂഹിക വൈഭവങ്ങള്‍ - സംസാരം, ശരീരഭാഷ, ആകര്‍ഷകത്വം എന്നിവ ചില പരിമിതികള്‍ സൃഷ്ടിച്ചേക്കാം. എന്നാല്‍ അത്തരക്കാര്‍ക്കുപോലും, പരാധീനതകള്‍ ഒന്നുമില്ലാതെ ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ സൈബര്‍ ലോകത്ത് സാധിക്കും. എന്‍റെ മുഖം എങ്ങനെ, എന്‍റെ മനസ്സെന്ത്, എന്നുള്ള ആശങ്കകളോന്നുമില്ലാതെ അവിടെ ‘chat’ചെയ്യാം twitചെയ്യാം, brouseചെയ്യാം. ഈ അകലം അന്തര്‍മുഖരായ ഒരുപാടുപേര്‍ക്ക് പലവിധ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നുണ്ട്. അപകര്‍ഷതയുള്ളവര്‍, വൈകല്യങ്ങളുള്ളവര്‍, അന്തര്‍മുഖരായവര്‍ Introverts തുടങ്ങി പലവിധത്തില്‍ പോരായ്മകളും വ്യക്തിത്വ പരിമിതികളും ഉള്ളവര്‍ക്കുപോലും തടസ്സങ്ങളില്ലാതെ രംഗപ്രവേശംചെയ്ത്, നിര്‍ബാധം വ്യാപരിക്കാനും സംവദിക്കാനും സൈബര്‍ സ്പെയിസ് ഇടമൊരുക്കുന്നുണ്ടെന്നു മനസ്സിലാക്കണം.

8. സൈബര്‍ ലോകത്തെ പിടികിട്ടാപ്പുള്ളികള്‍
ഇങ്ങനെ ഡിജിറ്റല്‍ മാദ്ധ്യമശൃംഖലയിലെ സൗകര്യം, പരസ്പരം പിടികൊടുക്കാത്ത ബന്ധങ്ങള്‍ വളര്‍ത്താം എന്നതാണ്. യഥാര്‍ത്ഥത്തില്‍ “ഞാന്‍ ആരാണ്?”, എന്ന് അവിടെ വ്യക്തമാക്കപ്പെടുന്നില്ല. വൃദ്ധന്‍ യുവാവാകും, വിരൂപന്‍ സുന്ദരനാകും, തൊഴില്‍രഹിതന്‍ തൊഴിലുടടമയായും, സന്ന്യസ്തര്‍, വൈദികര്‍ ചിലപ്പോള്‍ അല്‍മായരായും പ്രത്യക്ഷപ്പെടുന്നു! ഇങ്ങനെ കപടസ്വത്വങ്ങളില്‍ identity അവതരിക്കാനുള്ള സൗകര്യം വിശാലമായ സൈബര്‍ലോകം നല്കുന്നു. നിയമപ്രകാരം ഇതെല്ലാം കുറ്റമാണ്. എന്നാല്‍ പ്രശ്നം ഉണ്ടാകുമ്പോള്‍ മാത്രമേ നിയമം ഇടപെടുന്നുള്ളൂ, അതിന്‍റെ കാര്‍ക്കശ്യം കാണിക്കുന്നുള്ളൂ. ദൈനംദിനജീവിതത്തില്‍ ഇത്തരം വികൃതികളും ചതികളും തുടരുകയാണ്. എന്നിട്ടും അവരൊക്കെ മിടുക്കന്മാരായി വിലസുന്ന സ്ഥിതിവിശേഷമാണ് ചുറ്റുംകാണുന്നത്.

9. സൈബര്‍ ലോകത്തെ സ്വകാര്യത
സൈബര്‍ ബന്ധങ്ങളില്‍ വ്യക്തികള്‍ നേരില്‍ കാണുന്നില്ലെങ്കിലും ശാരീരികമായ ‘ബന്ധം’ നല്കുന്ന സുഖവും സന്തോഷവുമൊക്കെ ഡിജിറ്റല്‍ ശൃംഖലയിലൂടെ ആസ്വദിക്കുന്നവരുണ്ട്. നേരിട്ട് ശാരീരികബന്ധം ഇല്ലെങ്കിലും അത്തരത്തിലുള്ള വര്‍ത്തമാനങ്ങളും സുഖാന്വേഷണങ്ങളും നല്കുന്ന ആനന്ദം അനുഭവിക്കാന്‍ പലരും തത്പരരാണ്. ധാര്‍മ്മികതയിലും സാമൂഹികക്രമത്തിലും ഒതുങ്ങി നില്ക്കേണ്ട കാര്യങ്ങളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ബന്ധങ്ങളും കൂട്ടുകെട്ടുകളും ആവിഷ്ക്കരിക്കപ്പെടുമ്പോള്‍ കിട്ടുന്ന സുഖാസ്വാദനമാണിത്.

10.  അടിമപ്പെടുത്തിയേക്കാവുന്ന ഡിജിറ്റല്‍ ലോകം
വ്യക്തിയുമായി ലൈംഗികകാര്യങ്ങള്‍ ചര്‍ച്ചചെയ്യുവാനോ, ആ വിധത്തില്‍ ബന്ധങ്ങള്‍ സൃഷ്ടിക്കുവാനോ യാതൊരു തടസ്സവും സൈബര്‍ ലോകത്തില്ല. നിരീക്ഷണക്കണ്ണുകള്‍ താരതമ്യേന അവിടെ കുറവാണ്. അതിനാല്‍ സ്വകാര്യമായി ലഭിക്കുന്ന സുഖസന്തോഷങ്ങള്‍, മദ്യത്തിനും മയക്കുമരുന്നിനുമുള്ള പ്രേരണശക്തിപോലെ തന്നെ, വ്യക്തിയെ അടിമപ്പെടുത്തുവാനുള്ള സാദ്ധ്യത സൈബര്‍ ലോകത്ത് വലുതാണ്. ഈ ആസക്തി ദൈനംദിന പെരുമാറ്റങ്ങളെ വിഴുങ്ങുകയും പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങളില്‍ വീഴ്ചവരുത്തുവാന്‍ കാരണമാക്കുകയും, വ്യക്തി ഈ സുഖലക്ഷൃത്തില്‍ ഉടക്കിക്കിടക്കുകയും ചെയ്യുന്നു. ജീവിതത്തിന്‍റെ പ്രഥമലക്ഷൃംപോലെയായി തീരുന്നു സൈബര്‍ ബന്ധങ്ങള്‍. സാങ്കേതികവിദ്യയില്‍ കൈതഴക്കമുള്ള പുതുതലമുറയുടെ കൈയില്‍ web cameraയും നൂതന Mobile phoneകളും മറ്റും ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. അവയുടെ ഉപയോഗത്തിലും പ്രയോഗത്തിലും സാമൂഹിക ചിട്ടവട്ടങ്ങളും ധാര്‍മ്മികതയും തകിടംമറിയുന്നു. പിന്നെ അതുമൂലമുള്ള ചൂഷണങ്ങളും കുറ്റകൃത്യങ്ങളും വ്യക്തിജീവിതത്തിലും സമൂഹത്തിലും പെരുകുന്നു.

11. ഛിദ്രവാസനകള്‍ വളര്‍ത്തുന്ന മാധ്യമ സ്വകാര്യത
മൊബൈല്‍ ഫോണുകളും, compact ക്യാമറകളും മറ്റും ഇന്നു വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി ആസ്വദിക്കുന്നവരും, സ്വന്തം ലൈംഗികത പകര്‍ത്തുന്നവരുമൊക്കെയായി, അരുതാത്തതും അനുവദനീയമല്ലാത്തതുമായ കാര്യങ്ങള്‍ അനുവര്‍ത്തിക്കുന്ന അനേകരുണ്ട്. മനസ്സിന്‍റെ അടിത്തട്ടിലുള്ള മനുഷ്യന്‍റെ ഛിദ്രവാസനകള്‍ ധാരാളമാണ്. എന്നാല്‍ അനുദിന ജീവിതത്തില്‍ നമ്മെ നയിക്കേണ്ടതും നിയന്ത്രിക്കേണ്ടതും ധാര്‍മ്മികതയാണ്. മതപരമായ ബോധനങ്ങളും, സാമൂഹികക്രമങ്ങളും, സദാചാരചിന്തകളും അടങ്ങുന്ന നിയന്ത്രണരേഖ ലംഘിക്കുന്നിടത്താണ് ഇത്തരം ശീലങ്ങള്‍ കടന്നുകൂടുന്നത്. അതിനു പ്രധാന കാരണം, താന്‍ സ്വതന്ത്രനാണ്, ഏകനാണ് സ്വകാര്യതയില്‍ സുരക്ഷിതനാണ് എന്നുള്ള മനുഷ്യന്‍റെ – എന്‍റെയും നിങ്ങളുടെയും ധാരണയാണ്. അതിനാല്‍ ക്ഷുദ്രവാസനകളെ തുറന്നു പ്രകടിപ്പിക്കുവാനും ആവിഷ്ക്കരിക്കാനുമുള്ള നിയന്ത്രണമില്ലാത്ത സൗകര്യം സൈബര്‍ ലോകം ഇന്നു നല്കുന്നുണ്ടെന്ന കാര്യം നാം കണക്കിലെടുക്കേണ്ടതാണ്.

12. വിരല്‍ത്തുമ്പിലെ അറിവിന്‍റെ ലോകം
വിവരസാങ്കേതികതയുടെ രംഗത്തും ആശയവിനിമയ മേഖലയിലും വിജ്ഞാന സമ്പാദനത്തിലും മറ്റും സൈബര്‍ലോകം എന്തു വലിയ സാധ്യതകളാണ് തുറന്നുതരുന്നത്. വിരല്‍ത്തുമ്പില്‍ അറിവിന്‍റെ ലോകം തുറന്നു കിട്ടുകയാണ്. വിദൂരത്തുള്ളവരോടുപോലും മുഖാമുഖം സംവദിക്കാനുള്ള സാദ്ധ്യതയുണ്ട്. നിമിഷംകൊണ്ട് ലോകത്തിന്‍റെ ഏതു മുക്കിലും മൂലിയിലുമുള്ള വിവരങ്ങള്‍ ശേഖരിക്കാനാകുന്നു. നല്ല വ്യക്തിബന്ധങ്ങള്‍ സൃഷ്ടിക്കാനും സൗഹൃദങ്ങള്‍ വളര്‍ത്താനും നിലനിര്‍ത്താനുമുള്ള ക്രിയാത്മകമായ സൗകര്യങ്ങളുണ്ട്. ഇത്തരം ഗുണപരമായ സാദ്ധ്യതകള്‍ക്കൊപ്പം, അതിന്‍റെ ദൂഷ്യവശങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചുവരികയാണ്.

13. സൈബര്‍ വിളമ്പിയേക്കാവുന്ന വൈകല്യങ്ങള്‍
വ്യക്തികളുടെ പെരുമാറ്റ വൈകല്യങ്ങള്‍ക്കും സൈബര്‍ ലോകം ഇന്നു കാരണമാകുന്നുണ്ട്. സാമ്പത്തികവും ലൈംഗികവുമായ തട്ടിപ്പുകള്‍, വഞ്ചനകള്‍, ഒക്കെ ഈ വിധത്തില്‍ ഇന്നു സമൂഹത്തില്‍ ധാരാളം നടക്കുന്നുണ്ട്. വിവാഹേതര ബന്ധങ്ങള്‍ക്കുപോലും അവസരങ്ങള്‍ സൃഷ്ടിക്കുന്ന പശ്ചാത്തലം “സൈബര്‍-ലോക”ത്തുണ്ട്. വിവാഹ ബന്ധത്തില്‍നിന്നുകൊണ്ട് ചില പരീക്ഷണങ്ങളിലേയ്ക്കു പോകുന്നവരുണ്ട്. ഒരു ‘നേരമ്പോക്കിനുവേണ്ടി’ എന്നു പറഞ്ഞു തുടങ്ങിയിട്ട്, അനാവശ്യബന്ധങ്ങളിലേയ്ക്കു കടന്നുചെന്ന് ഊരാക്കുടുക്കില്‍ പെടുന്ന അനുഭവങ്ങള്‍ ധാരാളം. അതു പിന്നീട് കുടുബപ്രശ്നവും ദാമ്പത്യപ്രശ്നങ്ങളുമായി മാറുന്നു. നിരവധി വിവാഹമോചനങ്ങള്‍ ഇത്തരത്തില്‍ നടക്കുന്നുമുണ്ട്. അത് ജീവിത ലക്ഷ്യങ്ങളെയും ഉത്തരവാദിത്ത്വങ്ങളെയും തകര്‍ക്കുകയും ചെയ്യുന്നുണ്ട്.

14. ആര്‍ക്കും എത്തിപ്പെടാവുന്ന സൈബര്‍ ലോകം
സൈബര്‍ ലോകത്തിലെ ദുരുപയോഗം ഏതെങ്കിലും പ്രായക്കാരില്‍മാത്രം ഒതുങ്ങുന്നതല്ല. കൗമാരക്കാര്‍ മുതല്‍ വൃദ്ധര്‍വരെ, ലിംഗഭേദമില്ലാതെ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. മദ്യത്തിന്‍റെ ഉപഭോഗം കേരളത്തില്‍ കൂടുതലും പുരുഷന്മാരിലാണെങ്കില്‍, സൈബര്‍രംഗത്തെ ദുശ്ശീലങ്ങള്‍ക്ക് അടിമപ്പെടുന്നവരില്‍ പുരുഷന്മാരും സ്ത്രീകളും, പിന്നെ കൗമാരപ്രായം മുതല്‍, മുതിര്‍ന്നവര്‍വരെയുള്ള എല്ലാത്തരം ആളുകളുമുണ്ട്. വിദ്യാസമ്പന്നരും, ദരിദ്രരും, ധനികരുമൊക്കെയായി എല്ലാവരുടെയും പ്രാതിനിധ്യം സൈബര്‍ ലോകത്ത് ദൃശ്യമാണ്.

15. സാദ്ധ്യമാകുന്ന പ്രതിവിധികള്‍
a അവബോധം നല്കുക
ഡിജിറ്റല്‍ മാധ്യമ ശൃംഖലകളെ അല്ലെങ്കില്‍ cyber space സാങ്കേതികതയെ വളരെ വിവേചനപൂര്‍വ്വം, അവധാനതയോടെ കൈകാര്യംചെയ്യാന്‍ അതിന്‍റെ വരുംവരായ്കകളെക്കുറിച്ചുള്ള അറിവും, വിമര്‍ശനബുദ്ധിയോടെ അവയെ വിലയിരുത്താനുള്ള കഴിവും ഇന്നത്തെ തലമുറയ്ക്ക് നല്കേണ്ടത് ആവശ്യമാണ്. സ്വകാര്യതയിലെ ദുശ്ശീലങ്ങള്‍ക്ക് അടിമപ്പെട്ടാല്‍ മറ്റു പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങള്‍ വിസ്മരിക്കപ്പെടുകയും ദുശ്ശീലത്തില്‍ കൂടുങ്ങിക്കിടക്കാനുള്ള പ്രവണത വര്‍ദ്ധിക്കുകയും ചെയ്യും. ഈ പ്രവണത നമ്മെ വരിഞ്ഞു മുറുക്കുന്നു എന്നു തോന്നുമ്പോള്‍ത്തന്നെ ചെറുക്കാന്‍ പഠിക്കണം.

b നന്മയും തിന്മയും വിവേചിച്ചറിയുക
സാമൂഹ്യശൃംഖലകളിലും facebook-ലുമൊക്കെ അപരിചിതരുമായി ചങ്ങാത്തം കൂടുമ്പോള്‍ ഒരു കരുതലുണ്ടാകേണ്ടതാണ്. Likes കിട്ടാനോ, shareചെയ്യാനോ friends’ list പെരുപ്പിക്കാനോ വിവേചനമില്ലാതെ കണ്ണികള്‍ കൂട്ടിച്ചേര്‍ക്കുന്നത് അപകടകരമാകാം. അതിനു പരിചയമുള്ള വ്യക്തികളിലേയ്ക്കും ഉറപ്പുള്ള ചങ്ങാത്തത്തിലേയ്ക്കും നമ്മുടെ ബന്ധങ്ങള്‍ വെട്ടിച്ചുരുക്കുകയാണു വേണ്ടത്.

c സാങ്കേതികത നമ്മെ കീഴ്പ്പെടുത്തരുത്!
നമ്മുടെ തൊഴില്‍, സംസ്ക്കാരം, വ്യക്തിജീവിതം, കുടുംബജീവിതം, സാമൂഹികക്രമം, ജീവിതലക്ഷ്യങ്ങള്‍ തുടങ്ങിയവയെ പരിമിതപ്പെടുത്തുന്ന തരത്തില്‍ സൈബര്‍ ലോകം നമ്മെ കീഴ്പ്പെടുത്തുന്നുവെങ്കില്‍ അത് തിരിച്ചറിയാനും ജാഗ്രത പുലര്‍ത്തുവാനും നാം തയ്യാറാകണം. അതിന്‍റെ പിടിയില്‍നിന്നും പിന്മാറാനുള്ള വഴികള്‍ തേടണം.

d ചുറ്റുമുള്ളവരും സൈബര്‍ ലോകത്തുള്ളവരും
യഥാര്‍ത്ഥ ചങ്ങാതിമാരും ബന്ധുക്കളുമുള്ള ലോകമാണ് എപ്പോഴും ജീവിതത്തിന് അനുഗുണമായിത്തീരുന്നത്. എന്നാല്‍ സൈബര്‍ ലോകത്തിലെ ചങ്ങാത്തമെല്ലാം അങ്ങിനെയാകണമെന്നില്ല. ഒരു പ്രതിസന്ധിയുണ്ടാകുമ്പോള്‍ നമുക്ക് ഉപകാരപ്പെടുന്നത് നമുക്കു ചുറ്റുമുള്ള ബന്ധങ്ങളായിരിക്കും. ഇതിന് ഉദാഹരണം പറയട്ടെ. ഒരാള്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടതാണ് : ‘24 മണിക്കൂറിനുള്ളില്‍ ഞാന്‍ ആത്മഹത്യ ചെയ്യും’! തന്‍റെ വിഷമാവസ്ഥയുടെ ചില സൂചനകളും നല്കിയിരുന്നു. എന്നാല്‍ ‘താമശ പറയല്ലേ, ചങ്ങാതീ,’ എന്നൊക്കെ പറഞ്ഞ് ധാരാളം മറുപടികള്‍ വന്നു. മറ്റുചിലര്‍ like ചെയ്തു. പക്ഷെ അയാളുടെ യഥാര്‍ത്ഥ പ്രശ്നത്തിലേയ്ക്കു കടക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. പിറ്റേദിവസം ആത്മഹത്യാ വാര്‍ത്തയാണ് പുറത്തിറങ്ങിയത്. സൈബര്‍ ലോകത്ത് എണ്ണമറ്റ സൗഹൃദങ്ങള്‍ ഉണ്ടായാലും നിത്യജീവിതത്തിലെ പ്രശ്നം വരുമ്പോള്‍ നമുക്ക് ചുറ്റുമുള്ളവരായിരിക്കും സാന്ത്വനവും സഹായവും നല്കുക. അല്ലാതെ സൈബര്‍യുഗത്തിന്‍റെ ആഗോളഗ്രാമത്തില്‍ global village നിന്നായിരിക്കില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണം.

e സമൂഹത്തില്‍ നന്മ വളര്‍ത്താം
ചെറുപ്പത്തിലേതന്നെ ഇക്കാര്യങ്ങള്‍ കുട്ടികളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. മക്കള്‍ സ്വകാര്യതയില്‍ കമ്പ്യൂട്ടറിലും മൊമ്പൈല്‍ ഫോണിലും മറ്റോ അമിതമായി കുടുങ്ങിപ്പോകുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. അവയുടെ ശക്തിയും, ഒപ്പം കെണികളും അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കണം. നമ്മുടെ സാമൂഹിക ക്രമങ്ങളും ധര്‍മ്മവിചാരങ്ങളും കുട്ടികളുമായി പങ്കുവയ്ക്കണം. അവിടെല്ലാം ശ്രദ്ധിക്കേണ്ട പ്രധാനസംഗതി മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് തുണയാവുകയും, ഒപ്പം മാതൃകയാവുകയും വേണം. ഉപദേശങ്ങള്‍ മാത്രം നല്കിയാല്‍പ്പോരാ, അവ ജീവിതത്തില്‍ പ്രകടമാക്കണം. ക്രിയാത്മകവും ഭാവാത്മകവുമായ കാര്യങ്ങളില്‍ വ്യാപൃതനാകുവാനും, സര്‍ഗ്ഗവാസന വളര്‍ത്താനും, സ്പോര്‍ട്സിലും പുറംവാതില്‍ കളികളിലും പങ്കെടുക്കാനും യുവജനങ്ങള്‍ക്ക് അവസരം നല്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. അങ്ങനെ നവസാങ്കേതികതയെ നന്മയുടെ പാതയില്‍ നിലനിര്‍ത്താനും, അതുവഴി സമൂഹത്തില്‍ നന്മ വളര്‍ത്തുവാനും പങ്കുവയ്ക്കുവാനും പ്രതിജ്ഞാബദ്ധരായി നമുക്കു പരിശ്രമിക്കാം.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 June 2019, 16:58