Cerca

Vatican News
Fr. John Attulli presented inset - in the fresco of the Sanctuary of Generalate chapel in Rome റോമിലെ ജനറലേറ്റ് കപ്പേളയുടെ അള്‍ത്താരയിലെ 'ഫ്രെസ്കോ' ചിത്രീകരണവും ജോണച്ചനും 

"യൗസേപ്പിതാവിന്‍റെ വര്‍ഷ"ത്തില്‍ - ഫാദര്‍ ജോണ്‍ ആട്ടുള്ളിയുടെ ചിന്തകള്‍

അഭിമുഖം രണ്ടാം ഭാഗം - യൗസേപ്പിതാവിനെക്കുറിച്ചുള്ള ദൈവശാസ്ത്രപരമായ ചിന്തകള്‍

2019 മാര്‍ച്ചു മുതല്‍ ഒ.എസ്.ജെ. സഭ (Oblates of St. Joseph) ആചരിക്കുന്ന “വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷ”ത്തെക്കുറിച്ചുള്ള അഭിമുഖത്തിന്‍റെ ഒന്നാം ഭാഗമാണിത്.  ഒരുക്കിയത് ജോയ് കരിവേലിയും ഫാദര്‍ വില്യം നെല്ലിക്കലും.

“യൗസേപ്പിതാവിന്‍റെ വര്‍ഷം”
“വിശുദ്ധ യൗസേപ്പിതാവിന്‍റെ സമര്‍പ്പിതര്‍” അഥവാ, ഒബ്ലേറ്റ്സ് ഓഫ് സെന്‍റ് ജോസഫ് എന്ന സന്ന്യാസസമൂഹത്തിന്‍റെ വികാരി ജനറലായ ഫാദര്‍ ജോണ്‍ ആട്ടുള്ളിലുമായുള്ള അഭിമുഖമാണ് ഇന്ന്. ഒഎസ്ജെ എന്ന ചുരുക്കസംജ്ഞയില്‍ അറിയപ്പെടുന്ന ഈ സമൂഹം ലോകത്തില്‍ ഭാരതമുള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തനനിരതമാണ്. റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒബ്ലേറ്റ്സ് ഓഫ് സെന്‍റ് ജോസഫ് സമൂഹത്തിന്‍റെ ഇന്ത്യയിലെ കേന്ദ്രാസ്ഥാനം കൊടുങ്ങല്ലൂരാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് 19-ന്, വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളില്‍ ഈ പുണ്യവാന്‍റെ നാമത്തിലുള്ള വത്സരാചരണത്തിന് അവിടത്തെ ഒബ്ലേറ്റ്സ് സമൂഹം തുടക്കം കുറിച്ചു. ഈ വത്സരാചരണത്തെക്കുറിച്ചു ഫാദര്‍ ജോണ്‍ ആട്ടുള്ളിലിന്‍റെ വാക്കുകള്‍ കേള്‍ക്കാം ഈ അഭിമുഖത്തില്‍.

വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷാചരണത്തിനുണ്ടായ പ്രചോദനം, ഈ വത്സരാചരണത്തിന്‍റെ മുഖ്യലക്ഷ്യം, ഈ ആചരണം ആഗോളതലത്തില്‍ വ്യാപിപ്പിക്കുന്നതിനുള്ള പരിപാടികള്‍, ഈ പദ്ധതിക്ക് പാപ്പായുടെയും വത്തിക്കാന്‍റെയും ഭാഗത്തുനിന്നു പ്രതീക്ഷിക്കുന്ന പിന്തുണ, പാപ്പാ ഫ്രാന്‍സിസിന് യൗസേപ്പിതാവിനോടുള്ള ഭക്തി എന്നിവയെക്കുറിച്ച് അച്ചന്‍ വിശദീകരിച്ചത് കഴിഞ്ഞ വെള്ളിയാഴ്ച പ്രക്ഷേപണം ചെയ്തിരുന്നല്ലോ. അതിന്‍റെ തുടര്‍ച്ചയാണിന്ന് (ഭാഗം രണ്ട്) :

അഭിമുഖം രണ്ടാം ഭാഗം - യൗസേപ്പിതാവിന്‍റെ വര്‍ഷം


1. ബഹുമാനപ്പെട്ട ജോണച്ചാ, സഭയുടെ ചരിത്രത്തിലും പാരമ്പര്യത്തിലും പ്രബോധനങ്ങളിലും യൗസേപ്പിതാവിനുള്ള സ്ഥാനത്തെക്കുറിച്ചൊന്നു പറയാമോ?

“രക്ഷകന്‍റെ കാവല്‍ക്കാരന്‍”
അപ്പസ്തോലിക പ്രബോധനത്തിന്‍റെ 30-Ɔο വാര്‍ഷികം സഭാ പിതാക്കന്മാരും സഭാ ചരിത്രകാരന്മാരും വിശുദ്ധ യൗസേപ്പിനെക്കുറിച്ച് അത്ര പ്രകടമായി തങ്ങളുടെ കൃതികളില്‍ പ്രതിപാദിക്കുന്നത് കാണുന്നില്ല. വിശുദ്ധ ഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ വ്യാഖ്യാനിക്കുമ്പോള്‍ സാന്ദര്‍ഭികമായി അവര്‍ വിശുദ്ധ യൗസേപ്പിനെക്കുറിച്ച് പറയുന്നുവെന്നേയുള്ളൂ. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ തന്‍റെ അപ്പസ്തോലിക പ്രബോധനം Redemptor Custos, “രക്ഷകന്‍റെ കാവല്‍ക്കാരന്‍” ആരംഭിക്കുന്നത് ഇങ്ങനെയാണ്. സുവിശേഷങ്ങളില്‍നിന്ന് പ്രചോദനം സ്വീകരിച്ച് സഭാപിതാക്കന്മാര്‍ സഭയുടെ ആദ്യനൂറ്റാണ്ടുകളില്‍ വിശുദ്ധ യൗസേപ്പ് എപ്രകാരം മറിയത്തിന് സ്നേഹത്തോടെ ശുശ്രൂഷചെയ്യുകയും യേശുവിന്‍റെ വളര്‍ച്ചയ്ക്കും പരിശീലനത്തിനുംവേണ്ടി സന്തോഷത്തോടെ സ്വയാര്‍പ്പണം നടത്തുകയുംചെയ്തുവോ, അപ്രകാരം യേശുവിന്‍റെ മൗതിക ശരീരവും, മാതൃകയും പ്രതീകവുമായ മറിയം തിരുസഭയെ കാത്തു സംരക്ഷിക്കുകയും ചെയ്യുന്നു. ആദ്യത്തെ പാരഗ്രാഫില്‍ അദ്ദേഹം പറഞ്ഞിരിക്കുന്ന ഒരു കാര്യമാണിത്. അപ്പസ്തോലന്മാരുടെ പ്രബോധനവും സഭാ പാരമ്പര്യങ്ങളും അടിസ്ഥാനമാക്കിയുള്ള ഒരു പ്രസ്താവനയുമാണിത്. ഈ അപ്പസ്തോലിക പ്രബോധനത്തിന്‍റെ മുപ്പതാം വര്‍ഷം ഓര്‍മ്മിച്ചുകൊണ്ടുകൂടെയാണ് ഒ.എസ്.ജെ. സന്ന്യാസ സഭ “യൗസേപ്പിതാവിന്‍റെ വര്‍ഷം” ആചരിക്കാന്‍ തീരുമാനിച്ചത്.

100-Ɔ൦ വാര്‍ഷികത്തില്‍ എത്തിയ
Quamquam Pluries എന്ന ചാക്രിക ലേഖനം

വിശുദ്ധ ജോണ്‍ പോള്‍ പാപ്പായുടെ “രക്ഷകന്‍റെ സംരക്ഷകന്‍” എന്ന പ്രബോധനം പുറത്തിറങ്ങുന്നത് ലിയോ പതിമൂന്നാമന്‍ പാപ്പായുടെ Quamquam Pluries എന്നു തുടങ്ങുന്ന ചാക്രിക ലേഖനത്തിന്‍റെ നൂറാം വര്‍ഷത്തിലാണ്. കാലത്തിന്‍റെ പൂര്‍ണ്ണതയില്‍ മനുഷ്യനായി അവതരിക്കുന്ന ദൈവപുത്രനായ യേശുവിനെ പിതാവെന്ന നിലയില്‍ ശുശ്രൂഷിക്കാനും, ജീവിത ദൗത്യത്തിനായി അവിടുത്തെ വളര്‍ത്തുവാനുമായി ദൈവത്താല്‍ വളിക്കപ്പെട്ട യൗസേപ്പ് രക്ഷാകര പദ്ധതയില്‍ ദൈവത്തോടു സമ്പൂര്‍ണ്ണമായി സഹകരിക്കുകയും, ഈ പദ്ധിയുടെ ശുശ്രൂഷകനായി മാറുകയും ചെയ്തു. രക്ഷാകര പദ്ധതിയുടെ ശുശ്രൂഷകന്‍ എന്ന നിലയില്‍ ശുശ്രൂഷിക്കുവാനും അവിടുത്തെ ദൗത്യത്തിനായി ക്രിസ്തുവിനെ വളര്‍ത്തുവാനുമായി ദൈവത്താല്‍ വിളിക്കപ്പെട്ട യൗസേപ്പ് രക്ഷാകര പദ്ധതിയില്‍ ദൈവത്തോടു സഹകരിക്കുകയും ഈ പദ്ധതിയുടെ ശുശ്രൂഷകനായി മാറുകയുംചെയ്തു.

രക്ഷാകര ചരിത്രത്തിലെ ശുശ്രൂഷകന്‍
“രക്ഷാകര പദ്ധതിയുടെ ശുശ്രൂഷകന്‍” എന്ന നിലയില്‍ യൗസേപ്പ് നിര്‍വ്വഹിച്ച ഉത്തരവാദിത്ത്വങ്ങള്‍ അനുസ്മരിക്കുന്നത് ഉചിതമായിരിക്കുമെന്നു തോന്നുന്നു. ഒന്നാമത്തേത് മറിയത്തിന്‍റെ ഭര്‍ത്താവാകാന്‍ യൗസേപ്പ് നിയുക്തനായി എന്നതാണ്. വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം പറയുന്നത് മറിയത്തെ ഭാര്യയായി സ്വീകരിക്കുകവഴി യൗസേപ്പ് രക്ഷാകര ദൗത്യത്തിന്‍റെ മുഴുവന്‍ ശുശ്രൂഷകനായി മാറിയെന്നാണ്. വിവാഹ ഉടമ്പടിവഴി മറിയത്തോട് ചേര്‍ന്നുനിന്നുകൊണ്ട്, മറയത്തോടൊപ്പം ദൈവിക രഹസ്യത്തിന്‍റെ കാവല്‍ക്കാരനായി മാറി യൗസേപ്പ്. ആ നിധി കാത്തുസൂക്ഷിക്കുന്നതിനും, അതിനായി ശുശ്രൂഷചെയ്യുന്നതിനുംവേണ്ടി തന്‍റെ ആയുസ്സും ആരോഗ്യവും സകല കഴിവുകളും ഔസേപ്പ് വിനിയോഗിക്കുന്നു.

യേശുവിനെ ലോകത്തിനു പരിചയപ്പെടുത്തിയ ജോസഫ്
ദൈവപുത്രനെ ലോകത്തിന് ക്രമേണ പരിചയപ്പെടുത്തുന്നതിനും അവതരിപ്പിക്കുന്നതിനുമുള്ള കടമ യൗസേപ്പ് ഏറ്റെടുക്കുന്നു. പിതാവെന്ന ഉത്തരവാദിത്തം യൗസേപ്പ് എപ്രകാരം നിര്‍വ്വഹിച്ചുവെന്ന് വചനത്തിന്‍റെ വെളിച്ചത്തില്‍ പരിശോധിക്കാം. ദാവീദ് വശംത്തിന്‍റെ പൈതൃകം യേശുവിന് പകര്‍ന്നുനല്കുന്നത് വിശുദ്ധ യൗസേപ്പിതാവാണ്. യഹൂദ പാരമ്പര്യത്തില്‍ ക്രിസ്തുവായി അംഗീകരിക്കപ്പെടുന്നതിന് ദാവീദിന്‍റെ വംശത്തില്‍ ‍ജനിക്കുക എന്നത് അത്യന്താപേക്ഷിതമായിരുന്നു. അങ്ങനെ കന്യകാജാതനായ ദൈവപുത്രന്‍റെ മനുഷ്യാവതാരത്തിന്‍റെ പ്രത്യേക സാക്ഷിയായി മാറുകയും ചെയ്യുന്നു യൗസേപ്പ്! റോമന്‍ സാമ്രാജ്യത്തില്‍ പേരു ചേര്‍ത്തതു വഴി മനുഷ്യരുടെ രാഷ്ട്രീയ സമൂഹത്തിലേയ്ക്ക് യേശു അവതരിപ്പിക്കപ്പെട്ടു. പരിച്ഛേദനകര്‍മ്മംവഴി യേശുവിനെ യഹൂദസമൂഹത്തിലെ അംഗവും, ഉടമ്പടിയുടെ സമൂഹത്തിന്‍റെ അംഗവുമായി ചേര്‍ക്കുന്നു. “യേശു”വെന്ന നാമം നല്കിക്കൊണ്ട് മനുഷ്യാവതാരംചെയ്ത ദൈവപുത്രന്‍ ലോക രക്ഷകനാണ് എന്ന ദൗത്യം അറിയിക്കുന്നു. നിയമാനുസൃതമായ കര്‍മ്മങ്ങള്‍ നിറവേറ്റിക്കൊണ്ട് ആദ്യ ജാതനെ യഹുദ ആചാരപ്രകാരം ദേവാലയത്തില്‍ ദൈവപിതാവിനു സമര്‍പ്പിക്കുന്നു. ഹേറോദേസിന്‍റെ കല്പന പ്രകാരമുള്ള മരണത്തില്‍നിന്നും യൗസേപ്പിതാവ് ക്രിസ്തുവിനെ രക്ഷിക്കുന്നു. ഈജിപ്തിലേയ്ക്കുള്ള പലായനത്തിലും, പ്രവാസകാലത്തും കരുതലും കാവലുമായി നിന്നത് യൗസേപ്പാണ്. വീണ്ടും ഇസ്രായേലിന്‍റെ ദേശത്തേയ്ക്കു പോവുകയും, തിരിച്ചു കൊണ്ടുവരികയും, നസ്രത്തില്‍ താമസിച്ചുകൊണ്ട് യേശുവിനെ “നസ്രായന്‍” എന്ന വിശേഷണത്തിന് അര്‍ഹനാക്കുകയും ചെയ്യുന്നു.

നീതിമാനായ ജോസഫ്
നസ്രത്തിലെ ജീവതകാലത്ത് ആവശ്യമായതെല്ലാം ചെയ്തുകൊടുത്തുകൊണ്ട് യൗസേപ്പിതാവ് യേശുവിനെ വളര്‍ത്തുന്നു. ഉദാഹരണത്തിന് തൊഴില്‍ പഠിപ്പിക്കുന്നു. വിശ്വാസവും പൗരധര്‍മ്മങ്ങളും പരിശീലിപ്പിക്കുന്നു. അങ്ങനെ തച്ചന്‍റെ മകന്‍ എന്ന വിശേഷണത്തിനും കാരണമാകുന്നു. ചുരുക്കത്തില്‍ യേശുവിന്‍റെ രഹസ്യജീവിതത്തിന്‍റെ എല്ലാ അനുഭവങ്ങളിലും അവിടുത്തെ ശുശ്രൂഷകനായി മാറുകയാണ് യൗസേപ്പ്. അങ്ങനെ “നീതിമാന്‍” എന്ന വിശേഷണത്തിനും പുകഴ്ചയ്ക്കും നസ്രത്തിലെ ജോസഫ് അര്‍ഹനാകുന്നുവെന്ന് വിശുദ്ധ ബര്‍ണാര്‍ഡ് രേഖപ്പെടുത്തിയിരിക്കുന്നു. അപ്പസ്തോലിക സഭയുടെ ഈ സാക്ഷ്യത്തോട് ക്രിസ്തീയ വിശ്വാസസമൂഹം മുഴുവന്‍ യോജിക്കുന്നു. അങ്ങനെ സഭ മുഴുവന്‍ യേശുവിന്‍റെയും മറിയത്തിന്‍റെയും വിശ്വസ്ത കാവല്‍ക്കാരനായി യൗസേപ്പിനെ ആദരിക്കുന്നു. ഒപ്പം അദ്ദേഹത്തെ ആന്തരിക ജീവിതത്തിന്‍റെയും കഠിനാദ്ധ്വാനത്തിന്‍റെയും മാതൃകയായും ചരിത്രത്തില്‍ കാണുന്നു.

തിരുസഭയുടെ പാലകന്‍
പാപ്പാമാരുടെ സഭാ പഠനങ്ങളില്‍ ഔസേപ്പിനെ തിരുസഭയുടെ പാലകനായി ആദരിക്കുകയും വണങ്ങുകയും ചെയ്യുന്നതിന് പഠിപ്പിക്കുന്നു. ഒപ്പം രക്ഷാകര കര്‍മ്മത്തില്‍ വിനയത്തോടും വിശ്വസ്തതയോടുംകൂടെ ശുശ്രൂഷചെയ്ത വിശുദ്ധ യൗസേപ്പിനെ ഭൂവാസികള്‍ക്ക് മാതൃകയും പ്രചോദനവുമായി നല്കുന്നു.

2. സഭയുടെ അംഗീകാരമില്ലാത്ത യേശുവിനെ സംബന്ധിച്ചുള്ള രചനകളില്‍ (Apocryphal Writings), എപ്രകാരമാണ് വിശുദ്ധ യൗസേപ്പിതാവിനെ അവതരിപ്പിച്ചിരിക്കുന്നത്?

നസ്രത്തിലെ ജോസഫ് – ‘അപ്പോക്രിഫല്‍’ രചനകളില്‍
തോമസിന്‍റെ സുവിശേഷം, യാക്കോബിന്‍റെ സുവിശേഷം, എന്നിങ്ങനെ സഭയുടെ അംഗീകാരമില്ലാത്ത രചനകള്‍ (apocryphal writings) ആദിമ സഭയില്‍ പ്രചാരത്തിലുണ്ടായിരുന്നു. ഇവ ചില വിശ്വാസ സത്യങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി അക്കാലത്ത് രചിക്കപ്പെട്ടവയാണ്. ഉദാരഹണത്തിന്, മറിയത്തിന്‍റെയും ഔസേപ്പിന്‍റെയും വിവാഹം. ഇതു സംബന്ധമായി ചില അത്ഭുതങ്ങളും അടയാളങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കഥകള്‍, മറിയത്തിന്‍റെ നിത്യകന്യാത്വത്തെ സംരക്ഷിക്കുന്നതിനും സ്ഥാപിക്കുന്നതിനുംവേണ്ടി യൗസേപ്പിനെ വൃദ്ധനായി അവതരിപ്പിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ പ്രചരിക്കുന്നതിന് ഇടയായത് ഇങ്ങനെയാണ്. നമ്മുടെ ചില പ്രാര്‍ത്ഥനകളിലും വണക്കമാസംപോലുള്ള ജനകീയ ഭക്തികളിലും ഇവയുടെ സ്വാധീനം നമുക്കു കാണാം. സഭാപിതാക്കന്മാരില്‍ ചിലരെങ്കിലും, ‘അപ്പോ ക്രിഫല്‍’ കൃതികളാല്‍ സ്വാധീനിക്കപ്പെട്ടിട്ടുണ്ടെന്നുള്ളതും യാഥാര്‍ത്ഥ്യമാണ്.

“വിശുദ്ധ യൗസേപ്പിതാവിന്‍റെ സമര്‍പ്പിതര്‍” അഥവാ ഒബ്ലേറ്റ്സ് ഓഫ് സെന്‍റ് ജോസഫ് (Oblates of Saint Joseph) എന്ന സന്ന്യാസ സമൂഹത്തിന്‍റെ വികാര്‍ ജനറല്‍, ഫാദര്‍ ജോണ്‍ ആട്ടുള്ളിയുമായുള്ള അഭിമുഖത്തിന്‍റെ രണ്ടാം ഭാഗമാണിത്.

മൂന്നാം ഭാഗം  അടുത്തയാഴ്ചയില്‍.
 

14 June 2019, 15:34