A tribute to nature - Laudato Si' song by Jerry Amaldev A tribute to nature - Laudato Si' song by Jerry Amaldev 

ഒരു പ്രകൃതിഗീതം - "അങ്ങേയ്ക്കു സ്തുതി, ദൈവമേ!"

ഗാനരചന ബിച്ചു തിരുമല, സംഗീതം ജെറി അമല്‍ദേവ്, ആലാപനം കെ. ജെ. യേശുദാസും ലതികയും.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

വസന്തം തളിര്‍ത്തൂ - ഒരു പ്രകൃതിഗീതം

ഓര്‍മ്മയിലെ ഒരു സംഗീതാനുഭവം
1986-ലെ ഒരു ക്രിസ്തുമസ്ക്കാലത്ത് ഞാന്‍ ബാംഗളൂരിലെ ബ്രിഗേഡ് റോട്ടിലൂടെ നടന്നത്, പഠിക്കുന്ന ക്രിസ്തുജ്യോതി കോളെജിലേയ്ക്ക് ബസ്സു പിടിക്കാനായിരുന്നു. ആ പരക്കംപാച്ചിലില്‍ ഒരു കസെറ്റു കട കഴിഞ്ഞുപോയെങ്കിലും ശ്രവിച്ച യേശുദാസിന്‍റെ മാസ്മരിക ശബ്ദവും, അതിലേറെ ആകര്‍ഷിച്ച ഗാനത്തിന്‍റെ ഒഴുക്കും എന്നെ പിറകോട്ടു നടത്തി. കടയില്‍ കയറിച്ചെന്നു ചേദിച്ചു. ഇത് അമല്‍ദേവിന്‍റെ ഗാനമാണോ? യെസ്... സര്‍... അമല്‍ദേവ്-യേശുദാസ്...!! അയാള്‍ ഉടനെ എടുത്തു നീട്ടി തരംഗിണിയുടെ ഒരു പുതിയ കസെറ്റ്! ജെസി കുറ്റിക്കാട് സംവിധാനംചെയ്ത, “അടുക്കാന്‍ എന്തെളുപ്പം” എന്ന മമ്മൂട്ടി മുഖ്യകഥാപാത്രമായ ചിത്രത്തിന്‍റെ ആരംഭത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഒരു പ്രകൃതിഗീതമാണിതെന്ന് പിന്നീടു മനസ്സിലായി (Title Song). ഈണവും വരികളും ചേര്‍ന്നുള്ള സംഗീതലയത്തില്‍ ഒരു വസന്തോത്സവ പ്രതീതി ഈ ഗാനം ഉണര്‍ത്തുന്നത് ഏറെ ശ്രദ്ധേയം!! ഇല്ക്ട്രോണിക് വാദ്യഘോഷങ്ങളില്ലാത്ത സംഗീതസംയോജനം ഈ ഗാനത്തിന്‍റെ മറ്റൊരു പ്രത്യേകതയായും അമല്‍ദേവിന്‍റെ സംഗീതാവിഷ്ക്കാര സാമര്‍ത്ഥ്യമായും തെളിഞ്ഞുനില്ക്കുന്നു.

ജീവിക്കുന്ന നല്ല സൃഷ്ടികള്‍
അമല്‍ദേവ്-ബിച്ചു തിരുമല ഗാനങ്ങള്‍ എല്ലാം എപ്പോഴും നല്ലസൃഷ്ടികളാണ്. ചിത്രം അത്രയേറെ ജനപ്രീതി നേടാതിരിക്കുമ്പോഴും സംഗീതാവിഷ്ക്കാരത്തിന്‍റെ തനിമയും മനോഹാരിതയുംകൊണ്ട് ഗാനങ്ങള്‍ വിജയിക്കുകയും ജനപ്രീതിയാര്‍ജ്ജിക്കുകയും ചെയ്യാറുണ്ട്. പടം പുറത്തുവരാതിരിക്കുമ്പോഴും അമല്‍ദേവിന്‍റെ കാര്യത്തില്‍ ഇതു സംഭവ്യമാണ്. നല്ല ഉദാഹരണങ്ങളാണ് – കാട്ടുപോത്ത്, സ്രാവ്, ഒരു കുടയും കു‍ഞ്ഞുംപെങ്ങളും, ആള്‍ക്കൂട്ടത്തില്‍ തനിയെ... എന്നീ സിനിമകള്‍. ഈ ഗാനത്തിന്‍റെ നിര്‍മ്മിതിയില്‍ ഭാഗമായ എല്ലാവര്‍ക്കും സ്നേഹത്തോടെ നന്ദി, പ്രത്യേകിച്ച് അമല്‍ദേവ്, ബിച്ചു തിരുമല, യേശുദാസ്, ലതിക എന്നിവര്‍ക്ക്! ഒപ്പം “ജേസി”യെന്ന നല്ല നടന്‍റെയും സംവിധായകന്‍റെയും, ഒരു നല്ലമനുഷ്യന്‍റെയും ഓര്‍മ്മയ്ക്കു മുന്നിലെ പ്രണാമവുമാകട്ടെ ഈ ചെറുഗാനം!!

ഗാനം – വസന്തം തളിര്‍ത്തൂ
പല്ലവി

1 വസന്തം തളിര്‍ത്തൂ, ഹേമന്തം കുളിര്‍ത്തൂ
പൂക്കളില്‍ തുമ്പികള്‍ വന്നുപോയ് വന്നുപോയ്
പാറിയും മാറിയും വന്നുപോയ്!
അനുപല്ലവി
തെന്നലിന്‍ താരാട്ടില്‍ പൂക്കാലം മയങ്ങി
മാമരം പൂമരം മൂകമായ് ധ്യാനമായ്
മഞ്ഞിലും മഴയിലും മൂകമായ് ധ്യാനമായ്.

ചരണം ഒന്ന്
2 പൊന്‍പൂവാക തന്‍ മോഹങ്ങളാല്‍
ദളങ്ങള്‍ പൊഴിഞ്ഞൂ.
മുളംകൂട്ടിലെ ഇളംകൂട്ടുകാര്‍
പറന്നേ അകന്നു! അകലുവാനെന്തെളുപ്പം
ഋതുവര്‍ഷങ്ങളേ, സ്വയം പെയ്തടങ്ങുന്നുവോ?
പറയുവാനെന്തെളുപ്പം
ശരത്ക്കാലമായ്....
ശിശിരങ്ങള്‍ ഇതിലെ എങ്ങുപോയ്, പിന്നെയും പിന്നെയും
എങ്ങുപോയ് എങ്ങുപോയ്, പിന്നെയും പിന്നെയും.
- വസന്തം തളിര്‍ത്തൂ.

ചരണം രണ്ട്
3 ഈ മൗനങ്ങളില്‍ നീറുന്നതോ നറും പൂമരങ്ങള്‍
ഒരേ നൂലിനായ് ഒരേ മാലയില്‍
ഇണങ്ങേണ്ട പൂക്കള്‍ - താലിപ്പൂപ്പൊന്നു പൂക്കള്‍
ഹാ! ഗ്രീഷ്മങ്ങളേ, നിങ്ങള്‍ പോയകന്നീടുമോ?
പറയുവാനെന്തെളുപ്പം
കൊടുംവേനല്‍ പോയാല്‍
വസന്തങ്ങള്‍ ഇനിയും വന്നിടാന്‍ വന്നിടാന്‍ (2)
പിന്നെയും പിന്നെയും, വന്നിടാം വന്നിടാം
അകലുവാനെന്തെളുപ്പം, അകലുവാനെന്തെളുപ്പം....
- വസന്തം തളിര്‍ത്തൂ,
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 June 2019, 19:01