തിരയുക

പാപ്പാ ഓര്‍ത്തോഡോക്ക്സ് പാത്രീയാര്‍ക്കീസ്മാരൊപ്പം പാപ്പാ ഓര്‍ത്തോഡോക്ക്സ് പാത്രീയാര്‍ക്കീസ്മാരൊപ്പം 

പൊതുവായ ക്രിസ്മസ്, ഈസ്റ്റർ ദിനങ്ങൾ: ചർച്ചചെയ്യാതെ കോപ്റ്റിക് ഓർത്തഡോക്ക്സ് സിനഡ്

ക്രിസ്മസും ഉയിർപ്പുതിരുനാളും പൊതുവായ ഒരു തിയതികളിലേക്ക് മാറ്റാനുള്ള നിർദ്ദേശത്തെക്കുറിച്ച് തീരുമാനമെടുക്കാതെ കോപ്റ്റിക് ഓർത്തഡോക്ക്സ് സിനഡ്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

തവാഡ്രോസ് രണ്ടാമൻ പാത്രിയാർക്കാണ്  ഈ ആരാധനാ ദിനങ്ങൾക്ക്പൊതുവായ തീയതികൾ തീരുമാനിക്കാനുള്ള നിർദ്ദേശം വച്ചത്. നിലവിൽ പലതിയതികളിലായാണ്‌ വിവിധ സഭകൾ ക്രിസ്തുവിന്‍റെ ജനനതിരുനാളും ഉയിർപ്പുതിരുനാളും ആഘോഷിക്കുന്നത്.  തവാഡ്രോസ് രണ്ടാമന്‍റെ അഭിപ്രായത്തിനു വിപരീതമായി കഴിഞ്ഞ ദിവസങ്ങളിൽ ഈജിപ്തിലെ  വാദി എൽ നേതൃൻ പ്രദേശത്തെ    അംബ ബിഷോയ് ആശ്രമത്തിൽ സമാപിച്ച കോപ്റ്റിക് സിനഡ് ഈ കാര്യം ചർച്ചയ്ക്കു എടുത്തില്ല. സിനഡിന്‍റെ   തുടക്കത്തിൽ തന്നെ സിനഡിന്‍റെ  ജനറൽ സെക്രട്ടറിയായ  മെത്രാൻ  ഡാനിയേൽ ഈ വിഷയം അജണ്ടയിലില്ലെന്നും വളരെ ആലോചിച്ചും നല്ല ഒരുക്കത്തോടും കൂടെ ചെയ്യേണ്ട ഒന്നാണ് അതെന്നും സൂചിപ്പിച്ചിരുന്നു.

ഈജിപ്തിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ചു കോപ്റ്റിക് മെത്രാനായ മഗഗയിലെ  അഗാറ്റൻ ക്രിസ്മസിന്‍റെയും  ഉയിർപ്പുതിരുനാളിന്‍റെയും  തിയതികൾ ഒരുമിപ്പിക്കാനുള്ള ശ്രമം പലതരത്തിലുള്ള വിഘടനങ്ങൾക്കു വഴിതെളിക്കുമെന്നു കാണിക്കുന്ന ഒരു പ്രബന്ധം ഒരുക്കിയിരുന്നു. അതിൽ പ്രമാണീകമായതും കൗദാശീകവുമായ  ഒരുമിക്കലിനുമുന്നെയുള്ള ഇത്തരം പൊതുആഘോഷങ്ങൾ അനവസരത്തിലുള്ളതാണെന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു.  ഈ വലിയ ആഘോഷങ്ങൾ സഭാപിതാക്കന്മാർ കൈമാറിയ   പാരമ്പര്യത്തിന്‍റെ ഭാഗമാണെന്നും, കോപ്റ്റിക് സഭയ്ക്ക്  അത് സംരക്ഷിക്കാനുള്ള കടമയുണ്ടെന്നും അദ്ദേഹം അതിൽ കാണിച്ചിരുന്നു.

തന്‍റെ പാത്രിയർക് സേവനം ആരംഭിച്ച  കാലം മുതൽ  തവാഡ്രോസ് ഹൃദയത്തിൽ കൊണ്ടുനടന്ന ഒരു വിഷയമാണ് എല്ലാ സഭകൾക്കും ഒരുമിച്ച്  പൊതുവായുള്ള തീയതികളിൽ ഈ ആഘോഷങ്ങൾ നടത്തണമെന്നത്. പൗരസ്ത്യ സഭകള്‍ തമ്മിൽ ഈ തിയതികളിൽ വ്യത്യാസം വിശ്വാസത്തിന്‍റെതോ പ്രമാണങ്ങളുടെയോ അല്ല വെറും ചരിത്രപരമാണെന്നു അദ്ദേഹം ഫ്രാൻസിസ് പാപ്പയ്ക്കയച്ച കത്തിലും സൂചിപ്പിച്ചിരുന്നുവെന്ന്  ഒസ്സെര്‍വത്തോരെ റൊമാനോ പത്രം വെളിപ്പെ‌ടുത്തി. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 June 2019, 15:48