തിരയുക

Vatican News
നല്ലിടയന്‍ - മൊസൈക്ക് ചിത്രീകരണം - ഫാദര്‍ രൂപിനിക് നല്ലിടയന്‍ - മൊസൈക്ക് ചിത്രീകരണം - ഫാദര്‍ രൂപിനിക് 

ഈശോ പറഞ്ഞ കാരുണ്യത്തിന്‍റെ ഇടയകഥ

പെസഹാക്കാലം നാലാംവാരം ഞായറാഴ്ചത്തെ സുവിശേഷചിന്തകള്‍ വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 10, 27-30.

- ഫാദര്‍ വില്യം നെല്ലിക്കല്‍

നല്ലിടയന്‍ - ശബ്ദരേഖ

“ഞാന്‍ നല്ലിടയനാണ്!” 
രൂസലത്തെ  ദേവാലയ സമര്‍പ്പണത്തിരുനാളില്‍ ക്രിസ്തു പറഞ്ഞകാര്യങ്ങളാണ് ഇന്നത്തെ സുവിശേഷം പ്രതിപാദിക്കുന്നത് (യോഹ. 10, 27). ഹെബ്രായ സമൂഹം ഡിസംബര്‍ മാസത്തിന്‍റെ അവസാനത്തിലാണ് ഈ തിരുനാള്‍ ആചരിച്ചിരുന്നത്. മിക്കവാറും ദേവാലയത്തിന്‍റെ ഉള്‍ഭാഗത്ത്, വിശുദ്ധസ്ഥലത്തോടു ചേര്‍ന്നായിരിക്കണം ഈശോ നിന്നിരുന്നത്. അതുകൊണ്ടാണ് അവിടുന്ന്, 

ആ പരിസരത്തും തന്‍റെ ദൃഷ്ടിയിലും ഉള്‍പ്പെട്ട ബലിവസ്തുക്കളായി അവിടെ കൊണ്ടുവരികയും, തകൃതിയില്‍  വില്പന നടത്തുകയും ചെയ്തിരുന്ന ആട്ടിന്‍ പറ്റത്തെക്കുറിച്ചും ഇടയനെക്കുറിച്ചും സംസാരിച്ചത്. അവിടുന്ന് സ്വയം നല്ലിടയനായി തന്നെത്തന്നെ അവതരിപ്പിക്കുന്നു. “ഞാന്‍ നല്ലിടയനാണ്. ആടുകള്‍ എന്‍റെ സ്വരം ശ്രവിക്കുന്നു. അവ എന്നെ അനുഗമിക്കുന്നു. ഞാന്‍ അവയ്ക്ക് നിത്യജീവന്‍ നല്കുന്നു. അവ ഒരിക്കലും നശിക്കില്ല. എന്‍റെ കൈയ്യില്‍നിന്നും ആര്‍ക്കും അവയെ തട്ടിക്കൊണ്ടുപോകാനുമാവില്ല” (യോഹ. 27-28). ക്രിസ്തുവിന്‍റെ സ്വരം ശ്രവിക്കാത്ത ആര്‍ക്കും അവിടുത്തെ ശിഷ്യരായിരിക്കാനാവില്ലെന്നാണ് ഈ വചനം സമര്‍ത്ഥിക്കുന്നത്.

ശ്രവിക്കുന്ന “പരസ്പരധാരണ”
ഇവിടെ ഉപയോഗിച്ചിരിക്കുന്ന ‘ശ്രവിക്കുക...,’  ‘കേള്‍ക്കുക’  എന്ന ക്രിയ അതിന്‍റെ ഉപരിപ്ലവമായ അര്‍ത്ഥത്തിലല്ല, അതിന്‍റെ പ്രതിബദ്ധതയുള്ള ആഴമായ അര്‍ത്ഥത്തിലാണ് നാം മനസ്സിലാക്കേണ്ടത്.  കേള്‍ക്കുക അല്ലെങ്കില്‍ ശ്രവിക്കുക എന്ന വാക്ക്, ആടുകള്‍ “പരസ്പരധാരണ”യില്‍ ബത്തശ്രദ്ധരാകുന്നുവെന്ന അര്‍ത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. ഇടയനെ കേള്‍ക്കുകയും അയാളോട് ക്രിയാത്മകമായി പ്രതികരിക്കുകയും, അര്‍പ്പണത്തോടെ മുന്നേറുകയും ചെയ്യുന്ന പാരസ്പരികതയാണിത്. കേട്ടിട്ട്, കേള്‍ക്കാത്തപോലെ ഇഷ്ടമുള്ളത് ചെയ്യുന്ന രീതിയല്ലിത്.
ധാരണയോടെ ഇടയന്‍റെ സ്വരം ശ്രവിക്കുന്ന ആടുകള്‍ക്ക് ഇടയനെ വിശ്വസ്തതയോടെ അനുഗമിക്കാനാകും (യോഹ. 10, 27). ഈശോ നമ്മോടിന്നു പറയുന്നത് ചെവിയുടെ ബാഹ്യമായ കേള്‍വിയല്ല, മറിച്ച് ആന്തരികമായ ശ്രവണത്തെക്കുറിച്ചും, ആന്തരികമായ ഉള്‍ക്കൊള്ളലിനെക്കുറിച്ചുമാണ് ഈ സുവിശേഷഭാഗത്ത് പ്രതിപാദിക്കുന്നത്. സുവിശേഷം വരച്ചുകാട്ടുന്ന ഇടയന്‍റെയും ആടുകളുടെയും ചിത്രം ക്രിസ്തുവിനോട് നമുക്ക് ഓരോരുത്തര്‍ക്കും ഉണ്ടായിരിക്കേണ്ട വളരെ അടുത്തതും സ്ഥായിയായതുമായ ബന്ധത്തെയാണു സൂചിപ്പിക്കുന്നത്. അവിടുന്ന് നമ്മുടെ ഇടയനും, ഗുരുവും നാഥനും സുഹൃത്തും മാതൃകയുമാണ്. സര്‍വ്വോപരി അവിടുന്നു നമ്മുടെ രക്ഷകനാണ്.

സമ്പൂര്‍ണ്ണ രക്ഷയുടെ ആധികാരികത
ഇന്നത്തെ സുവിശേഷം പ്രബോധിപ്പിക്കുന്ന വചനം, “ഞാന്‍ അവയ്ക്ക് നിത്യജീവന്‍ നല്കുന്നു. അവ ഒരിക്കലും നശിച്ചുപോകില്ല. മറ്റൊരാള്‍ക്കും അവയെ എന്‍റെ കൈയ്യില്‍നിന്നും തട്ടിക്കൊണ്ടു പോകാനുമാവില്ല” (യോഹ. 10, 28). ആര്‍ക്കാണിത്ര ആധികാരികമായി സംസാരിക്കാനാവുന്നത്?  അത് ക്രിസ്തുവിനു മാത്രമേ സാധിക്കൂ. കാരണം അവിടുത്തെ കരങ്ങള്‍ പിതാവിന്‍റേതാണ്. അവിടുന്നു പിതാവില്‍നിന്നുള്ളവനാണ്. പിന്നെ അവയെ നല്കിയ പിതാവ് എല്ലാവരെയുംകാള്‍ വലിയവനുമാണ് (യോഹ. 10, 29). ക്രിസ്തുവിന്‍റെ ഈ വാക്കുകള്‍ സമ്പൂര്‍ണ്ണ സുരക്ഷിതത്വവും ആഴമായ കാരുണ്യവും പ്രകടമാക്കുന്നു. കുരിശുയാഗത്തില്‍ എന്നേയ്ക്കുമായി വെളിപ്പെടുത്തപ്പെട്ട ആ ദിവ്യസ്നേഹത്തിലും കാരുണ്യത്തിലും പിതാവിനോട് പൂര്‍ണ്ണമായി ഐക്യപ്പെട്ടിരിക്കുന്ന ദൈവപുത്രനായ ക്രിസ്തുവിലുള്ള നമ്മുടെ പൂര്‍ണ്ണരക്ഷയെ വെളിപ്പെടുത്തുന്നതാണ് ഈ വചനം.

അഭയകേന്ദ്രമായ ക്രിസ്തു
വഴിതെറ്റിപ്പോയ ആടുകളെ, അതായത് പാപികളായ നമ്മെ വീണ്ടെടുക്കാന്‍ ഇടയന്‍ സ്വയം ബലിയാടാവുകയും, ലോകത്തിന്‍റെ പാപങ്ങള്‍ പോക്കുവാന്‍ അവിടുന്ന് സ്വയാര്‍പ്പണം നടത്തുകയുംചെയ്തു. ഇങ്ങനെയാണ് അവിടുന്ന് നമുക്ക് ജീവന്‍ നല്കിയത്, അത് സമൃദ്ധമായി നല്കിയത് (യോഹ. 10, 10). പരിശുദ്ധ കുര്‍ബ്ബാനയുടെ ബലിയര്‍പ്പണത്തിലാണ് പ്രബുദ്ധമായ ഈ ദിവ്യരഹസ്യം, ക്രിസ്തുവിന്‍റെ സ്വയാര്‍പ്പണം അതിന്‍റെ ഏറ്റവും വിനീതമായ രൂപത്തില്‍ അനുഷ്ഠിക്കപ്പെടുന്നത്. അവിടെയാണ് ആടുകള്‍ ആഹരിക്കാനായി ഒത്തുചേരുന്നതും, നല്ലിടയനായ ക്രിസ്തുവിനോട് ഐക്യപ്പെട്ട് ഏകഇടയനും ആലയുമായി മാറുന്നതും. അതുകൊണ്ട്, നാം “ഒരിക്കലും ഭയപ്പെടരുത്..,”   കാരണം ക്രിസ്തുവിനോടൊത്തു വസിക്കുന്നവരുടെ ജീവിതങ്ങള്‍ ഈ കൂട്ടായ്മയില്‍ നിത്യവിനാശത്തില്‍നിന്നും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുവിന്‍റെ കരങ്ങളില്‍നിന്നും ആരും നമ്മെ തട്ടിക്കൊണ്ടു പോകയില്ല, കാരണം ആര്‍ക്കും അവിടുത്തെ സ്നേഹത്തെ കീഴടക്കാനുമാവില്ല. ക്രിസ്തുവിന്‍റെ സ്നേഹം അജയ്യമാണ്!

കരുതലും കാവലുമുള്ളവന്‍
കരുതലും കാവലും കരുണ്യവുമുള്ള ആരെയും വിളിക്കേണ്ട പേരാണ് ഇടയന്‍. ജീവിതത്തോട് ഒരാള്‍ പുലര്‍ത്തുന്ന സമീപനത്തിന്‍റെ പേരാണ് ഇടയനെന്ന് ഹൈഡഗര്‍ നിരീക്ഷിക്കുന്നുണ്ട്. അതിന്‍റെ വിപരീതം പ്രഭുവെന്ന് അര്‍ത്ഥം വരുന്ന ദോമിനൂസ് എന്ന ലാറ്റിന്‍ വാക്കാണ്. ഇടയന്‍ പരിപാലിക്കുമ്പോള്‍, രണ്ടാമത്തെയാള്‍ ദോമിനൂസ് അധിപന്‍, നാഥന്‍... എല്ലാത്തിനെയും കീഴ്പ്പെടുത്തുന്നു. ഒരു ഗൂഹയ്ക്കുള്ളില്‍ രാപാര്‍ക്കാനായി നിശ്ചയിക്കപ്പെട്ട ആടുകളെ നോക്കി ക്രിസ്തു പറഞ്ഞു “ഞാന്‍ ആടുകളുടെ വാതിലാണ്”. ആടുകളെകാത്ത് പ്രവേശന കവാടത്തില്‍ അയാള്‍ കുറുകെ കിടക്കും.

ഇസ്രായേലിന്‍റെ ഇടയന്‍
“ഇസ്രായേലിന്‍റെ ഇടയനേ, തന്‍റെ ആട്ടിന്‍പറ്റത്തെപ്പോലെ ജോസഫിനെ നയിച്ചവനേ, എന്നെ ചെവിക്കൊള്ളണമേ...” (സങ്കീര്‍ത്തനം 80, 1) എന്ന് സങ്കീര്‍ത്തകന്‍ പ്രാര്‍ത്ഥിക്കുന്നു. ദൈവത്തെ ഇടയനായി ഇസ്രായേല്‍ ജനം കണക്കാക്കി. ദൈവജനത്തെ നയിക്കുന്നവര്‍ ഇടയന്മാരാണ്. ദാവീദ് ഇടയച്ചെറുക്കനായിരുന്നു. പിന്നീട് രാജാവ് എന്ന നിലയില്‍ അയാള്‍ ഇസ്രായേലിന്‍റെ ഇടയനായിരുന്നു. എന്നാല്‍ ഇസ്രായേലിന്‍റെ പിന്നീടു വന്ന ഇടയന്മാര്‍ ആടുകളെ പോറ്റുന്നതിനു പകരം തങ്ങളെത്തന്നെ പോറ്റുന്നവരായിത്തീര്‍ന്നു. “അവര്‍ കൊഴുത്തതിനെ കൊന്നുതിന്നുകയും, മേദസ്സു ഭക്ഷിക്കുകയും അതിന്‍റെ രോമംകൊണ്ടു വസ്ത്രമുണ്ടാക്കി ധരിക്കുകയും ചെയ്തു. ദുര്‍ബ്ബലമായ ആടുകളെ അവര്‍ താങ്ങിയില്ല. മുറിവേറ്റവയെ വച്ചുകെട്ടിയില്ല. വഴിതെറ്റിയതിനെ തിരികെ കൊണ്ടുവന്നില്ല. കാണാതായതിനെ തേടിയില്ല. മാത്രമല്ല, അവര്‍ കഠിനമായും ക്രൂരമായും അവയോടു അവര്‍ പെരുമാറി. അവയെ തിരയാനോ, തേടുവാനോ ആരുമുണ്ടായില്ല,” (എസേക്കിയേല്‍ 34, 1-10) എന്നാണ് എസേക്കിയേല്‍ പ്രവാചകന്‍ പറയുന്നത്.

ദൈവം ഇടയനായി വന്നപ്പോള്‍
അതിനാല്‍ ദൈവം തന്നെ ഇസ്രായേലില്‍ ഇടയനായി വരുമെന്ന് എസെക്കിയേല്‍ പ്രവചിച്ചിട്ടുണ്ട്. “ഇതാ, ഞാന്‍തന്നെ എന്‍റെ ആടുകളെ അന്വേഷിച്ചു കണ്ടുപിടിക്കും, ഞാന്‍ അവയെ നയിക്കും” (എസെ. 34, 11).   “ഞാനാണ് ആടുകളുടെ വാതില്‍, ഞാനാണ് നല്ല ഇടയന്‍” (യോഹ. 10. 10-11).  ക്രിസ്തുവാണ് ആട്ടിന്‍പറ്റത്തെ ജീവനിലേയ്ക്കു നയിക്കുന്ന സ്നേഹകവാടം. അവിടുന്ന് നിത്യതയിലേയ്ക്കുള്ള വാതിലാണ്.

ദൈവമേ, എന്തുകൊണ്ടാണ് ഈ വാതില്‍പ്പടികള്‍ അങ്ങ് ഉണ്ടാക്കിയിരിക്കുന്നത്. തടിത്തരങ്ങള്‍ കൊണ്ടല്ല, മറിച്ച് സ്നേഹംകൊണ്ടാണ്. അങ്ങെ അനന്തമായ സ്നേഹം കടമ്പയായി കുറുകെ കിടക്കുമ്പോള്‍ ആര്‍ക്കാണ് ആ സ്നേഹ വലയം വിട്ട് വഴിതെറ്റിപ്പോകാന്‍ മനസ്സുവരിക. ഒരാടിന് പുറത്തു കടക്കണെങ്കില്‍ ഇടയന്‍റെ നെഞ്ചില്‍ ചവിട്ടാതെ തരമില്ല. ഒരു കള്ളനോ കുറുനിരക്കോ അകത്തു വരണമെങ്കിലും അയാള്‍ അറിയാതെ തരമില്ല. അതുകൊണ്ടാണ് “ആടുകളുടെ വാതില്‍ ഞാനാണ്,” എന്നു ക്രിസ്തു പറഞ്ഞപ്പോള്‍ അവിടുത്തെ കേള്‍വിക്കാരുടെ മിഴികള്‍ സജലമായത്.

ഏകഇടയനും ഏകആലയും എന്ന സ്വപ്നം
തൊഴിലുകൊണ്ട് ക്രിസ്തു തച്ചനായിരുന്നെങ്കിലും അവിടുത്തെ പരസ്യജീവിതത്തിലും പ്രവര്‍ത്തനങ്ങളിലും ഇടയബിംബങ്ങള്‍ക്ക് പഞ്ഞമൊന്നുമില്ല. കൂട്ടംതെറ്റിയ ആടിനെ തേടിപ്പുറപ്പെടുന്ന കരുണയാണ് അവിടുന്ന്. സ്വന്തം ജീവതംകൊണ്ട് ആടിന് മോചനദ്രവ്യമാകുന്ന സഹനമാണ് അവിടുത്തേത്. വിശക്കുന്നവരുടെമേല്‍ സ്പന്ദിക്കുന്ന അനുഭാവമാണവന്‍. ഏതൊരാള്‍ക്കൂട്ടത്തിലും വിശ്വസ്തരായ ചെറിയൊരു അജഗണത്തെ കണ്ടെത്താനാവുമെന്ന ആത്മവിശ്വാസമുണ്ടവന്. സ്വയം നല്ലിടയന്‍ എന്നു വിശേഷിപ്പിക്കാനുള്ള തെളിമയുണ്ടവന്. ഭൂതലത്തെക്കുറിച്ചുള്ള അവന്‍റെ സ്വപ്നംതന്നെ “ഒരു തൊഴുത്തും ഒരു ഇടയനും” എന്നുള്ളതാണ്. (യോഹ. 10, 16).

ഇടയന്‍റെ കാവല്‍ ശ്രവിച്ചിടുവാന്‍...!
അവിടുത്തെ സൃഷ്ടികളെ നിത്യതയുടെ ജീവനില്‍നിന്നും വലിച്ചിഴക്കുവാനും അപഹരിക്കുവാനും ദൈവത്തിന്‍റെ ബദ്ധശത്രുക്കളായ തിന്മയുടെ ശക്തി നിരന്തരം ശ്രമിക്കുന്നുണ്ട്. പൈശാചിക കുടിലതകള്‍ക്കും വഞ്ചനാത്മകമായ മുഖസ്തുതിക്കുമായി നമ്മുടെ ആത്മാവിന്‍റെ കവാടങ്ങള്‍ തുറക്കാതിരുന്നാല്‍, തിന്മയുടെ ശക്തിക്ക് ഒരിക്കലും കീഴ്പ്പെടാതിരിക്കാം. ഇടയന്‍റെ കാവലിലും കരുതലിലും ജീവിക്കുന്നവര്‍ ഒരിക്കലും തിന്മയുടെ ശക്തികളാല്‍ അപഹരിക്കപ്പെടില്ല. നല്ലിടയനായ ക്രിസ്തുവിന്‍റെ സ്വരം ശ്രവിച്ച്, അത് വിശ്വസ്തതയോടെ അനുധാവനംചെയ്യാനുള്ള വിശ്വസ്തതയ്ക്കായ് പ്രാര്‍ത്ഥിക്കാം. എന്നും ക്രിസ്തുവിന്‍റെ ശിഷ്യരാകുവാനുള്ള വിളിയും ക്ഷണവും വിശ്വസ്തതയോടെ ശ്രവിക്കുന്നതിനും, സ്വീകരിക്കുന്നതിനും, ദൈവപിതാവിന്‍റെ സ്നേഹാര്‍ദ്രമായ കരങ്ങളുടെ സംരക്ഷണയിലായിരിക്കുന്നതിനുമുള്ള കൃപതരണമേയെന്നും നമുക്കു പ്രാര്‍ത്ഥിക്കാം.  

11 May 2019, 17:44