Cerca

Vatican News
Sun dips over the Vatican Hills സന്ധ്യമയങ്ങുന്നേരം... വത്തിക്കാന്‍ കുന്നുകള്‍ക്കും അപ്പുറം  (AFP or licensors)

ഒരു രാജകീയ സങ്കീര്‍ത്തനത്തിന്‍റെ പഠനം

‘സോളമന്‍ രാജാവിന്‍റെ കീര്‍ത്തനം’ – സങ്കീര്‍ത്തനം 72-ന്‍റെ പഠനം ആദ്യഭാഗം

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

രാജകീയ സങ്കീര്‍ത്തനം - 72 ഭാഗം ഒന്ന് - ശബ്ദരേഖ

72-Ɔο സങ്കീര്‍ത്തനത്തിന്‍റെ പഠനം ആരംഭിക്കുകയാണ്. സങ്കീര്‍ത്തനഗ്രന്ഥത്തില്‍ ഈ ഗീതത്തിനു പണ്ഡിതന്മാര്‍ നല്കിയിരിക്കുന്ന ശീര്‍ഷകം ‘സോളമന്‍ രാജാവിന്‍റെ കീര്‍ത്തനം’ എന്നാണ്. ഇതൊരു രാജകീയ സങ്കീര്‍ത്തനമാണെന്ന് അങ്ങനെ തലക്കെട്ടില്‍നിന്നും നമുക്ക് സ്ഥാപിക്കാവുന്നതാണ്. ‘സോളമ’ന്‍റെ എന്ന ശീര്‍ഷകത്തിനു കാരണം സങ്കീര്‍ത്തനത്തില്‍ അദ്ദേഹത്തെ സംബന്ധിക്കുന്ന പരാമര്‍ശങ്ങള്‍ ധാരാളം ഉള്ളതുകൊണ്ടാണെന്നും നിരൂപകന്മാര്‍ പ്രസ്താവിക്കുന്നു. മാത്രമല്ല, തന്‍റെ പിതാവായ ദാവീദു രാജാവിന്‍റെ ഭരണം വിസ്തൃതമാക്കുകയും സ്ഥിരീകരിക്കുകയും ചെയ്തത് മകന്‍ സോളമന്‍ രാജാവാണ്, എന്നുകൂടെ നാം ഓര്‍ത്തിരിക്കേണ്ടതാണ്.

ഇസ്രായേലിന്‍റെ രാജഭരണ പശ്ചാത്തലം
അന്നത്തെ സാമൂഹ്യപശ്ചാത്തലവും ഈ ഗീതത്തെ ‘രാജകീയം’ the royal എന്ന വിശേഷണത്തിന് യോഗ്യമാക്കുന്നുണ്ട്. ഇന്ന് രാജാവും രാജത്വവുമൊന്നുമില്ല. അത് ഒരു കാഘട്ടത്തിലെ ഓര്‍മ്മയും ചരിത്രവുമാണ്. എന്നാല്‍ ഇസ്രായേലിന്‍റെ സാമൂഹ്യ പശ്ചാത്തലമാണ് ഈ ഗീതത്തെ രാജകീയമാക്കുന്നത് എന്നു നാം മനസ്സിലാക്കേണ്ടതാണ്. ഇസ്രായേലില്‍ സങ്കീര്‍ത്തനങ്ങള്‍ രചിക്കപ്പെടുന്നത് : രാജാവ് അവര്‍ക്ക് ദൈവതുല്യനും, ദൈവസ്ഥാനിയനുമായിരുന്നു. അങ്ങനെ ഇസ്രായേല്യര്‍ക്ക് രാജാക്കന്മാര്‍ ഏറെ പ്രസക്തവും പ്രാധാന്യമര്‍ഹിക്കുന്നതുമാണെന്ന് പറയേണ്ടതില്ലല്ലോ! ചുരുക്കിപ്പറഞ്ഞാല്‍, രാജാവിന്‍റെ ബഹുമാനാര്‍ത്ഥം രചിക്കപ്പെട്ടതാണ് നാം പഠനവിഷയമാക്കിയിരിക്കുന്ന സങ്കീര്‍ത്തനം 72.

ഈ സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരംചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ഇത് ആലപിച്ചിരിക്കുന്നത് ഗാഗുല്‍ ജോസഫും സംഘവും.

Musical Version of Ps. 72
എല്ലാജനതകളും അങ്ങേ മുന്നില്‍ പ്രണമിക്കട്ടെ
കര്‍ത്താവേ, അങ്ങേ മുന്നില്‍ പ്രണമിക്കട്ട! (soloist)

ദൈവം തന്‍റെ ജനത്തിന്‍റെ രാജാവ്
പഠനത്തിന്‍റെ ആരംഭത്തില്‍ നാം ഓര്‍ത്തിരിക്കേണ്ട കാര്യം ഇസ്രായേലിലെ രാജാവിന് മറ്റു രാജാക്കന്മാരെക്കാള്‍ വ്യത്യാസമുണ്ട് എന്ന വസ്തുതയാണ്. ഇസ്രായേല്യരെ സംബന്ധിച്ചിടത്തോളം രാജാവ് യാവേയുടെ, ദൈവത്തിന്‍റെ പ്രതിനിധിയാണ്. രാജാവിന് ഏറെ അതുല്യമായ സ്ഥാനമാണ് ഇസ്രായേല്‍ ജനം കല്പിച്ചിരുന്നത്.

ഇസ്രായേല്യര്‍ക്ക് രാജാവ് കൃപാപൂര്‍ണ്ണനായ ഭരണാധിപനും ന്യായാധിപനുമാണ്. അതിനാല്‍ മനുഷ്യാതീതമായ ശക്തിയും വിജ്ഞാനവും ദൈവത്തിന്‍റെ അരൂപിയും ഇസ്രായേലിലെ രാജാക്കന്മാരില്‍ ഉണ്ടെന്നും ജനം വിശ്വസിച്ചിരുന്നു. രാജാവ് ജനത്തെ, ദൈവജനത്തെ പ്രതിനിധാനം ചെയ്യുന്നു എന്നു മാത്രമല്ല, ഇസ്രായേലിന്‍റെ ഉടമ്പടിയും അതിന്‍റെ വാഗ്ദാനങ്ങളും ചുമതലകളും രാജാവ് തന്നില്‍ത്തന്നെ സംവഹിക്കുന്നു എന്നതും അദ്ദേഹത്തിന്‍റെ ആത്മീയ ദൈവിക ആധികാരികതയുടെ സവിശേഷതയാണ്. നിത്യനായ രാജാവ്, അതായത് ദൈവമായ രാജാവിന്‍റെ പ്രതിനിധിയായിട്ടാണ് ഇസ്രായേലിലെ രാജാവിനെ പഴയനിയമത്തിലെ ഏടുകളില്‍ വര്‍ണ്ണിച്ചിരിക്കുന്നത്.

Musical Version of Ps. 72
എല്ലാജനതകളും അങ്ങേ മുന്നില്‍ പ്രണമിക്കട്ടെ
കര്‍ത്താവേ, അങ്ങേ മുന്നില്‍ പ്രണമിക്കട്ട! (solo and Chorus)

ദൈവരാജ്യത്തിലേയ്ക്കു വിരല്‍ചൂണ്ടുന്ന ഗീതം
72-Ɔο സങ്കീര്‍ത്തനത്തിന്‍റെ പഠനം നാം ആരംഭിക്കുമ്പോള്‍ നമ്മുടെ മനസ്സിലേയ്ക്ക് കടന്നു വരാവുന്നൊരു കാര്യം എത്രത്തോളം വൈവിധ്യമാര്‍ന്ന വിഷയങ്ങളാണ് സങ്കീര്‍ത്തനഗ്രന്ഥത്തില്‍ കണ്ടുവരുന്നത് എന്ന സത്യമാണ്. രാജാവിനെക്കുറിച്ച് വാചാലമാകുന്ന സങ്കീര്‍ത്തനം ഭാവിയില്‍ ഒരു ദൈവരാജ്യത്തെക്കുറിച്ച് തീര്‍ച്ചയുള്ള പോലെയാണ് പദങ്ങളിലൂടെ സഞ്ചരിക്കുന്നത്. ദൈവരാജ്യത്തിന്‍റെ സ്ഥാപനത്തെക്കുറിച്ച് അത്രയേറെ ഉറപ്പോടെ ഗീതം പ്രതിപാദിക്കുന്നത് നമുക്കു കാണാം.

നീതിയുടെ രാജാവായ ക്രിസ്തുവിലേയ്ക്കും...
സങ്കീര്‍ത്തനത്തിന്‍റെ പ്രതിപാദ്യവിഷയങ്ങളെക്കുറിച്ച് പറയുമ്പോള്‍ സാമൂഹ്യനീതിയും, പാവങ്ങളോടുള്ള പരിഗണനയും, അതിക്രമികളെ കീഴടക്കേണ്ട ആവശ്യവുമാണ്. ഈ നീതിയുടെ പദ്ധതി നിവര്‍ത്തിതമാക്കേണ്ടത്, ദൈവപുത്രനാണ്, ദൈവത്തെപ്രതി ദൈവപുത്രനാണ് അത് യാഥാര്‍ത്ഥ്യമാക്കേണ്ടതും, പൂര്‍ത്തീകരിക്കേണ്ടതും. പിന്നെ രാജാവ് ദൈവജനമായ ഇസ്രായേലിന്‍റെ തലവനും പ്രതിനിധിയുമാകയാല്‍, അവസാനം ദൈവത്തിന്‍റെ സ്നേഹപദ്ധതി യാഥാര്‍ത്ഥ്യമാക്കുവാനും, അതിന്‍റെ ഫലപ്രാപ്തിയിലെത്തിക്കുവാനും ഇസ്രായേല്‍ മുഴുവനും, ദൈവജനം മുഴുവനും കടപ്പെട്ടിരിക്കുന്നുവെന്ന് സങ്കീര്‍ത്തനപദങ്ങള്‍ വെളിപ്പെടുത്തുന്നു.

ഇസ്രായേല്‍ പ്രതീക്ഷിക്കുന്നതു നീതിനിഷ്ഠനായ രാജാവിനെയാണ്. രാജാവിന്‍റെ നീതിയെക്കുറിച്ച് സങ്കീര്‍ത്തനം പരാമര്‍ശിക്കുന്നതില്‍നിന്നും ഇത് വ്യക്തമാണ്. നീതിയോടെ വര്‍ത്തിക്കാന്‍ രാജാവിന് ദൈവം കഴിവു നല്കട്ടെയെന്നു ജനം വരികളില്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. അതായത് ജനത്തെ നീതിയുള്ള സമൂഹമായി വളര്‍ത്തുകയെന്നത് രാജാവിന്‍റെ ഉത്തരവാദിത്വമാണെന്നും പദങ്ങള്‍ വ്യക്തമാക്കുകയാണ്.

പദങ്ങളുടെ വ്യാഖ്യാനം
ഇനി സങ്കീര്‍ത്തനത്തിന്‍റെ പദങ്ങള്‍‍ പരിചയപ്പെട്ടുകൊണ്ട് ഈ ഗീതത്തിന്‍റെ വ്യാഖ്യാനപഠനത്തിലേയ്ക്ക് കടക്കാം.

Recitation verses : 1-4
ദൈവമേ, രാജാവിന് അങ്ങയുടെ നീതിബോധവും
രാജകുമാരന് അങ്ങയുടെ ധര്‍മ്മനിഷ്ഠയും നല്കേണമേ.
അവന്‍ അങ്ങയുടെ ജനത്തെ നന്മയോടും
അങ്ങയുടെ ദരിദ്രരെ നീതിയോടുംകൂടെ ഭരിക്കട്ടെ.
നീതിയാല്‍ പര്‍വ്വതങ്ങളും കുന്നുകളും ജനങ്ങള്‍ക്കുവേണ്ടി
ഐശ്വര്യം വിളയിക്കട്ടെ.
എളിയവര്‍ക്ക് അവന്‍ നീതിപാലിച്ചുകൊടുക്കട്ടെ.
ദരിദ്രര്‍ക്കു മോചനം നല്കട്ടെ.

നീതിനിഷ്ഠനും അനുഗ്രഹദാതാവുമായ രാജാവ്
രാജാവിനുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കാന്‍ ജനം ദൈവത്തെ വിളിച്ചപേക്ഷിക്കുന്നു. കാരണം, നിയമവും വിധിയും ദൈവത്തില്‍നിന്നും പുറപ്പെടുന്നു എന്നുള്ള ധാരണയായിരുന്നു അന്നുണ്ടായിരുന്നത്. ദൈവത്തിന്‍റെ പ്രതിനിധിയായ രാജാവിന് നയ്യാമിക തീരുമാനങ്ങള്‍ ദൈവത്തില്‍നിന്നും ലഭിച്ചിരുന്നത്രേ. അതിനാല്‍, രാജാവാണ് ഇസ്രായേലിലെ ഏറ്റവും വലിയ വിധിയാളനുമായിരുന്നു. ജരൂസലെത്ത് ദാവീദു വംശജരായ രാജാക്കന്മാര്‍ വിധി നടത്തിയിരുന്നു. സോളമന്‍ രാജാവിന്‍റെ ന്യായവിധിയുടെ കഥ ഓര്‍ക്കുന്നുണ്ടാകാം... യുഗാന്ത്യത്തിലെ രക്ഷയുടെ രാജാവ് നീതിയോടെ ഭരിക്കുമെന്ന് സങ്കീര്‍ത്തകന്‍ പദങ്ങളില്‍ വ്യക്തമാക്കുന്നു. ആ ഭരണത്തില്‍ നിരവധിയായ അനുഗ്രഹങ്ങളാണ് ഇസ്രായേല്‍ പ്രതീക്ഷിക്കുന്നതെന്നും സങ്കീര്‍ത്തന വരികള്‍ വെളിപ്പെടുത്തുന്നു. ഉദാഹരണത്തിന്, നാട്ടില്‍ നീതി നടപ്പാക്കപ്പെടുന്നു, അവിടെ സമൃദ്ധമായി മഴ ലഭിക്കുന്നു, വിളകളും വിഭവങ്ങളും സമൃദ്ധമായിരുന്നു, ദൈവഭക്തി നിറഞ്ഞുനിന്നു, സംതൃപ്തിയും സന്തോഷവും എവിടെയും ദൃശ്യമായിരുന്നു, വിശക്കുന്നവര്‍ക്കു ഭക്ഷണവും വസ്ത്രവും ലഭിച്ചിരുന്നു.

Musical Version of Ps. 72
എല്ലാജനതകളും അങ്ങേ മുന്നില്‍ പ്രണമിക്കട്ടെ
കര്‍ത്താവേ, അങ്ങേ മുന്നില്‍ പ്രണമിക്കട്ട!
ദൈവമേ, രാജാവിന് അങ്ങേ നീതിബോധവും
രാജകുമാരന് അങ്ങേ ധര്‍മ്മനിഷ്ഠയും നല്കേണമേ.
അവര്‍ അങ്ങയുടെ ജനത്തെ നീതിയോടെ ഭരിക്കട്ടെ
അങ്ങയുടെ ദരിദ്രരെ അവന്‍ ന്യായമായ് നയിക്കട്ടെ
സകലജനതകളും അവന്‍റെ നാട്ടില്‍ ഐശ്വര്യമായ് വസിക്കട്ടെ.

Recitation 5-7
ഇനി നമുക്ക് 5-7 വരെയുള്ള വാക്യങ്ങള്‍ പരിചയപ്പെടാം :
5. സൂര്യചന്ദ്രന്മാരുള്ളകാലംവരെ തലമുറകളോളം അവന്‍ ജീവിക്കട്ടെ.
6. അവന്‍ വെട്ടിനിര്‍ത്തിയ പുല്‍പ്പുറങ്ങളില്‍ വീഴുന്ന മഴപോലെയും
ഭൂമിയെ നനയ്ക്കുന്ന വര്‍ഷംപോലെയുമായിരിക്കട്ടെ!
7. അവന്‍റെ കാലത്തു നീതി തഴച്ചുവളരട്ടെ!
ചന്ദ്രനുള്ളിടത്തോളംകാലം സമാധാനം പുലരട്ടെ.

ഇസ്രായേല്‍ കണ്ട അനുഗ്രഹദാതാവായ രാജാവ്
അനുഗ്രഹങ്ങളുടെ രാജാവ് നീണാല്‍ വാഴട്ടെ! എന്നാണ് ചുരുക്കത്തില്‍ ഈ പദങ്ങളിലെ ആശംസ! രാജാവിന്‍റെ ഭരണത്തെ അനുഗ്രഹവര്‍ഷമായി ഉപമിക്കപ്പെട്ടിരിക്കുന്നു. ദൈവത്തിന്‍റെ പ്രതിനിധിയായ രാജാവിന്‍റെ ഭരണം ഭൂമിക്കും ജനത്തിനും, മനസ്സിനും ശരീരത്തിനും, പഞ്ചേന്ദ്രീയങ്ങള്‍ക്കും ഐശ്വര്യം ഉളവാക്കുന്നു. രാജവാഴ്ചയുടെ പ്രതാപത്തിന്‍റെയും പ്രൗഢിയുടെയും വിവരണങ്ങളാണ് പദങ്ങളില്‍ നാം ശ്രദ്ധിച്ചത്. എന്നാല്‍ ഇസ്രായേലില്‍ ഈ ആശയങ്ങളും പ്രയോഗങ്ങളും പുരാതന രാജാവാഴ്ചക്കാലത്തെ പ്രൗഢിയുടെ പ്രയോഗങ്ങളായിരുന്നെങ്കിലും, അവര്‍ അത് ഏറെ വൈദഗ്ദ്ധ്യത്തോടും ആത്മീയതയോടുംകൂടി തങ്ങളുടെ ‘ഉടമ്പടിയുടെ രാജാവി’നായി ഉപയോഗിക്കുന്നത്, ദൈവവുമായി ഏറെ അടുപ്പവും ബന്ധവുമുള്ള രാജാവിനായി രചിക്കപ്പെട്ടിരിക്കുന്നത് ഏറെ ശ്രദ്ധേയമാണ്.

Musical Version of Ps. 72
എല്ലാജനതകളും അങ്ങേ മുന്നില്‍ പ്രണമിക്കട്ടെ
കര്‍ത്താവേ, അങ്ങേ മുന്നില്‍ പ്രണമിക്കട്ട!
ദൈവമേ, അവന്‍റെ കാലത്ത് നീതി തഴച്ചുവളരട്ടെ
ചന്ദ്രനുള്ളിടത്തോളം കാലം സമാധാനം പുലരട്ടെ
സമുദ്രംമുതല്‍ സമുദ്രംവരെയും, നദിമുതല്‍ നദിവരേയും
അവന്‍റെ ആധ്യപത്യം നിലനില്ക്കട്ടെ.

സോളമന്‍ രാജാവിന്‍റേതെന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള രാജകീയ ഗീതം
72-Ɔο സങ്കീര്‍ത്തനത്തിന്‍റെ പഠനം ഇനിയും അടുത്ത പ്രക്ഷേപണത്തില്‍ (2).

നിങ്ങള്‍‍ ഇതുവരെ ശ്രവിച്ചത് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പരയാണ്. അവതരിപ്പിച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍.

അടുത്തയാഴ്ചയില്‍ ഗീതത്തിന്‍റെ പദങ്ങള്‍ പരിജയപ്പെട്ടുകൊണ്ട് പഠനം തുടരാം (ii)
ഇതോടെ ഇന്നത്തെ മലയാളപരിപാടി സമാപിക്കുന്നു ഏവര്‍ക്കും നന്ദി, നമസ്ക്കാരം.

 

14 May 2019, 13:39