Full moon behind the statue of Liberty 21-05-2019. Full moon behind the statue of Liberty 21-05-2019. 

നീതിനിഷ്ഠനായ ഭരണാധിപനുവേണ്ടിയുള്ള പ്രാര്‍ത്ഥന

വചനവീഥിയെന്ന ബൈബിള്‍ പഠനപരമ്പര. 72-Ɔο സങ്കീര്‍ത്തനത്തിന്‍റെ പഠനം :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

രാജകീയ സങ്കീര്‍ത്തനത്തിന്‍റെ പഠനം - ഭാഗം മൂന്ന്

കഴിഞ്ഞ ഭാഗത്തിന്‍റെ അവലോകനം
72-Ɔο സങ്കീര്‍ത്തനം ഒരു രാജകീയ സങ്കീര്‍ത്തനമാണെന്നു മനസ്സിലാക്കിയതാണ്. സോളമന്‍ രാജാവ് രചിച്ചതാണിതെന്നും, പദങ്ങളില്‍ സങ്കീര്‍ത്തകന്‍ വിവരിക്കുന്ന രാജാവിന്‍റെ ഗുണഗണങ്ങള്‍ ദൈവരാജ്യത്തിന്, ക്രിസ്തുവിന്‍റെ രാജ്യത്തിന് ഇണങ്ങുന്നതാണെന്നും നാം പഠിക്കുകയുണ്ടായി. ഈ ‘രാജാവ് നീതിനിഷ്ഠനും കൃപാലുവുമാണ്. അഗതികളോടും പാവപ്പെട്ടവരോടും  കരുണകാണിക്കുന്നവനാണ്.’ ചുരുക്കിപ്പറഞ്ഞാല്‍  അനുഗ്രഹങ്ങളുടെ രാജാവിനെയാണ്, ഉടമ്പടിയുടെ രാജാവിനെയാണ് സങ്കീര്‍ത്തനത്തിലെ 1-മുതല്‍ 14-വരെയുള്ള പദങ്ങളില്‍ കണ്ടത്, (കഴിഞ്ഞ രണ്ടു പ്രക്ഷേപണങ്ങളിലായി പഠിച്ചത്). ക്രിസ്തുവില്‍ ലോകം ദര്‍ശിച്ച ദൈവത്തിന്‍റെ കരുണാര്‍ദ്രമായ മുഖം ഈ ഗീതത്തിന്‍റെ വരികളില്‍ ഒളിഞ്ഞുകിടക്കുന്നത് മെല്ലമെല്ലെ വെളിപ്പെട്ടു കിട്ടുന്നതായി ഈ പഠനോദ്യമത്തിന്‍റെ ആരംഭത്തില്‍ത്തന്നെ കാണാവുന്നതാണ്.

Musical Version of Ps. 72
പ്രഭണിതം
എല്ലാജനതകളും അങ്ങേ മുന്നില്‍ പ്രണമിക്കട്ടെ
കര്‍ത്താവേ, അങ്ങേ മുന്നില്‍ പ്രണമിക്കട്ട! (soloist & chorus)

ഭരണാധിപന്‍ ദൈവത്തിന്‍റെ പ്രതിനിധി
കഴിഞ്ഞ ഭാഗത്തേയ്ക്ക് അല്ലെങ്കില്‍ പഠനത്തിലേയ്ക്ക് പിന്‍തിരിഞ്ഞു നോക്കിക്കൊണ്ട് മുന്നോട്ടു പോകാം. ആദ്യത്തെ അഞ്ചുപദങ്ങളില്‍ രാജാവിനുവേണ്ടി ജനം ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നത് നാം കണ്ടു. പ്രാര്‍ത്ഥന എന്താണ്? ദൈവത്തിന്‍റെ പ്രതിനിധിയായി തങ്ങള്‍ ആദരിക്കുന്ന രാജാവിന് നീതിബോധവും, ധര്‍മ്മനിഷ്ഠയും നല്കണമേ! തങ്ങളുടെ രാജാവ് നന്മയോടും നീതിയോടുംകൂടെ ജനങ്ങളെ ഭരിക്കാന്‍ ഇടയാക്കണമേ! വിശിഷ്യ പാവങ്ങളായവരോട് രാജാവ് കരുണയുള്ളവനായിരിക്കട്ടെ, എന്നെല്ലാമുള്ള യാചനകള്‍ പദങ്ങളില്‍ വെളിപ്പെടുത്തപ്പെടുന്നത് ശ്രദ്ധേയമാണ്. യഥാര്‍ത്ഥത്തില്‍ ഒരു രാഷ്ട്രനേതാവിന് അന്നും ഇന്നും ആവശ്യമായ ഗുണഗണങ്ങളാണ് സങ്കീര്‍ത്തകന്‍ അഭിലഷിച്ച് പ്രാര്‍ത്ഥിക്കുന്നത്.

രാജാവിനും രാജ്യത്തിനുവേണ്ടിയും പ്രാര്‍ത്ഥന
അതുപോലെ 5-മുതല്‍ 7-വരെയുള്ള പദങ്ങളില്‍... രാജാവിനുവേണ്ടി മാത്രമല്ല, തങ്ങളുടെ രാജ്യത്തിനുവേണ്ടിയും ജനങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. രാജ്യത്തില്‍ ഐശ്വര്യം വിളയിക്കണമേ!
പര്‍വ്വതങ്ങളിലും കുന്നുകളിലും നന്മ നിറയ്ക്കണമേ. രാജ്യത്ത് സമൃദ്ധിയുണ്ടാക്കണമേ, വിളസമൃദ്ധി നല്കണമേ.. എന്ന്. സൂര്യനും ചന്ദ്രനും ഉള്ളിടത്തോളും കാലം, അതായത് തലമുറകളോളം തങ്ങളുടെ രാജ്യം ഐശ്വര്യപൂര്‍ണ്ണമാക്കണമേ. എക്കാലത്തും നാട്ടില്‍ നന്മനിറയ്ക്കണമേ! ചുരുക്കത്തില്‍ രാജ്യത്ത് സമൃദ്ധിയും സമാധാനവും വിരിയിക്കണമേ.. എന്ന് സങ്കീര്‍ത്തകന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നത് ഏറെ ഹൃദയസ്പര്‍ശിയാണ്.

Musical Version of Ps. 72
1 എല്ലാജനതകളും അങ്ങേ മുന്നില്‍ പ്രണമിക്കട്ടെ
കര്‍ത്താവേ, അങ്ങേ മുന്നില്‍ പ്രണമിക്കട്ട!
ദൈവമേ, രാജാവിന് അങ്ങേ നീതിബോധവും
രാജകുമാരന് അങ്ങേ ധര്‍മ്മനിഷ്ഠയും നല്കേണമേ.
അവര്‍ അങ്ങയുടെ ജനത്തെ നീതിയോടെ ഭരിക്കട്ടെ
അങ്ങയുടെ ദരിദ്രരെ അവന്‍ ന്യായമായ് നയിക്കട്ടെ
സകലജനതകളും അവന്‍റെ നാട്ടില്‍ ഐശ്വര്യമായ് വസിക്കട്ടെ!

സവിശേഷതയുള്ള ഭരണകര്‍ത്താവ്
8-മുതല്‍ 11-വരെയുള്ള പദങ്ങളിലേയ്ക്കു വീണ്ടുമൊന്ന് എത്തിനോക്കുമ്പോള്‍... രാജാവിനായി സങ്കീര്‍ത്തകന്‍ ലോകാധിപത്യം ആശംസിക്കുന്നു. അതുകൊണ്ടാണ് എല്ലാ രാജാക്കന്മാരും, മറ്റ് രാഷ്ട്രാധിപന്മാരും ഇസ്രായേലിന്‍റെ രാജാവിന് കപ്പംകൊടുക്കട്ടെ, കാഴ്ചകള്‍ സമര്‍പ്പിക്കട്ടെയെന്നു ഗീതം രേഖപ്പെടുത്തുന്നത്. അതായത് ഈ രാജാവിന് എന്തോ സവിശേഷകളുണ്ടെന്നാണ് പദങ്ങള്‍ വ്യക്തമാക്കുന്നത്! കാരണം, വിദേശികളുടെയും, വിദൂരസ്ഥരായവരുടെയും വിധേയത്വം രാജാവിനു ലഭിക്കുന്നതായി വരികള്‍ ചിത്രീകരിക്കുന്നു. താര്‍ഷീഷിലെയും മറ്റ് അയല്‍രാജ്യങ്ങളിലെയും രാജാക്കന്മാര്‍ കപ്പംകൊടുക്കട്ടെയെന്നും, ഷേബായിലെയും സേബായിലെയും അധികാരികള്‍ കാഴ്ചസമര്‍പ്പിക്കട്ടെയുന്നും പറയുന്നത് ഇസ്രായേല്‍ സ്തുതിക്കുന്ന ഈ രാജാവിന്‍റെ പ്രാധാന്യവും പ്രാമുഖ്യവും... പ്രൗഢിയും സൂചിപ്പിക്കുന്നില്ലേ.

ദൈവതുല്യനായ രാജാവ്
ചുരുക്കത്തില്‍ പറഞ്ഞാല്‍ രാജാവിന്‍റെ ആധിപത്യവും സാമ്രാജ്യവും അധികാരവും വിസ്തൃതിയും വിശാലമാണെന്ന് സങ്കീര്‍ത്തകന്‍ പദങ്ങളില്‍ വരച്ചുകാട്ടുവാന്‍ പരിശ്രമിക്കുകയാണ്.  സാധാരണ കാണുന്ന ഏതു രാജ്യത്തെക്കാളും ശക്തവും, വിസ്തൃതവുമാണ് തങ്ങളുടെ രാജ്യം എന്നു പറഞ്ഞുകൊണ്ട് ഈ സാമ്രാജ്യം അമാനുഷികമായ കഴിവുകളും കെല്പുമുള്ളതുമാണെന്ന് വരികള്‍ സ്ഥാപിക്കുന്നു. ഇസ്രായേല്‍ ഈ സങ്കീര്‍ത്തനത്തില്‍ ചിത്രീകരിക്കുവാന്‍ പരിശ്രമിക്കുന്നത് സര്‍വ്വാധീശനും സര്‍വ്വശക്തനും സര്‍വ്വാധിപനുമായ ദൈവത്തെയാണ്, ദൈവമായ രാജാധിരാജനെയാണ്! അതിനാല്‍ രാജകീയ സങ്കീര്‍ത്തനങ്ങളുടെ സവിശേഷതയായി നാം ആമുഖപഠനത്തില്‍ പറഞ്ഞ രാജാവ് ദൈവതുല്യനും, ദൈവത്തിന്‍റെ പ്രതിനിധിയുമാണെന്ന ആശയം മേലുദ്ധരിച്ച പദങ്ങളില്‍ തീര്‍ച്ചയായും സ്ഥിരീകരിക്കുന്നുണ്‌ട്.

Musical Version of Ps. 72
1 എല്ലാജനതകളും അങ്ങേ മുന്നില്‍ പ്രണമിക്കട്ടെ
കര്‍ത്താവേ, അങ്ങേ മുന്നില്‍ പ്രണമിക്കട്ട!
ദൈവമേ, താര്‍ഷിഷിലെയും ദ്വീപുകളിലെയും രാജാക്കന്മാര്‍
അവിടുത്തേയ്ക്കു കപ്പംകൊടുക്കട്ടെ
ഷേബായിലെയും സേബായിലെയും രാജാക്കന്മാര്‍
അവിടുത്തേയ്ക്കെന്നും കാഴ്ച സമര്‍പ്പിക്കട്ടെ
എന്‍റെ രാജാക്കന്മാരും അവിടുത്തെ മുന്നില്‍ പ്രണമിക്കട്ടെ
എല്ലാ ജനതകളും അവിടുത്തെയ്ക്കു സേവനംചെയ്യട്ടെ.

ഇസ്രായേലിന്‍റെ അനുഗൃഹീതനായ രാജാവ്
ഇനി 15-മുതല്‍ 17-വരെയുള്ള പദങ്ങള്‍ പരിശോധിച്ചുകൊണ്ട് 72-Ɔο സങ്കീര്‍ത്തനപഠനം തുടരാം. നാം പഠിക്കുവാന്‍ പോകുന്ന മൂന്നു പദങ്ങളില്‍.. ഏറ്റവും ശ്രദ്ധേയമാകുന്നത്, രാജാവ് അനുഗൃഹീതനാകട്ടെ എന്ന പ്രയോഗമാണ്. മൂന്നു പദങ്ങളും കൂട്ടിയിണക്കിയാല്‍ ഒരു തീര്‍പ്പ്, ഉപസംഹാരം, അല്ലെങ്കില്‍ conclusion നമുക്കു ലഭിക്കുന്നത് ഇപ്രകാരമാണ്, ജനതകള്‍ തങ്ങളുടെ രാജാവിനെ അനുഗൃഹീതനെന്നു വിളിക്കട്ടെ! തങ്ങളുടെ രാജാവിന് വിധിനിര്‍ണ്ണായക ചാതുരിയും, സമാധാനവും ധര്‍‍മ്മനിഷ്ഠയും ഉണ്ടാകട്ടെ എന്നാണ്. എല്ലാക്കാലങ്ങളിലും സമൃദ്ധിയും ഫലദായകത്വവും ഐശ്വര്യവും അനുഗൃഹീതനായ രാജാവില്‍നിന്നാണു പുറപ്പെടുന്നത്. ദൈവം അബ്രാഹത്തോടു വാഗ്ദാനംചെയ്ത അനുഗ്രഹം സങ്കീര്‍ത്തകന്‍ ഇവിടെ ഇസ്രായേലിന്‍റെ രാജാവില്‍ സ്ഥാപിക്കുകയാണ്, അവരോധിക്കുകയാണ്. ദൈവത്തിന്‍റെ അനുഗ്രഹം രാജാവു എപ്പോഴും സംവഹിക്കുന്നു. ഇനി നമുക്കു പദങ്ങള്‍ പരിശോധിക്കാം.... ശ്രവിക്കാം...

Recitation 15-17
15. ദൈവമേ, രാജാവിന് ദീര്‍ഘായുസ്സുണ്ടാകട്ടെ!
ഷേബായിലെ സ്വര്‍ണ്ണം അവിടുത്തേയ്ക്കു കാഴ്ചയായ് ലഭിക്കട്ടെ!
അവിടുത്തേയ്ക്കുവേണ്ടി ഇടവിടാതെ പ്രാര്‍ത്ഥന ഉയരട്ടെ!
അവിടുത്തെ മേല്‍ അനുഗ്രഹം ഉണ്ടാകട്ടെ!
16.ഭൂമിയില്‍ ധാന്യസമൃദ്ധി ഉണ്ടാകട്ടെ!
മലകളില്‍ കതിര്‍ക്കുല ഉലയട്ടെ!
ലബണോന്‍പോലെ അതു ഫലസമൃദ്ധമാകട്ടെ!
വയലിലെ പുല്ലുപോലെ നഗരങ്ങളില്‍ ജനം വര്‍ദ്ധിക്കട്ടെ
17. അവിടുത്തെ നാമം നിത്യം നിലനില്ക്കട്ടെ! (2) എന്നും
ജനം പരസ്പരം ആശംസിക്കട്ടെ!
ജനതകള്‍ അവി‌‌ടുത്തെ അനുഗൃഹീതനെന്നു വിളിക്കട്ടെ.

ഭൂമിയില്‍ വസിക്കുന്ന ദൈവം
മനുഷ്യനെയും പ്രകൃതിയെയും നമുക്ക് വേര്‍തിരിക്കാനാവില്ല. ആനുകാലികമായി ചിന്തിക്കുകയാണെങ്കില്‍ പാപ്പാ ഫ്രാന്‍സിസ് 2015-ല്‍ പ്രസിദ്ധപ്പെടുത്തിയ ചാക്രികലേഖനം, ദൈവത്തിനുസ്തുതി! Laudato Si-യില്‍ പറയുന്നത്... മനുഷ്യനില്‍നിന്നും വേറിട്ടുനില്ക്കൊന്നൊരു പരിസ്ഥിതിയും, പ്രകൃതിയും അല്ലെങ്കില്‍ പാരിസ്ഥിതിക പ്രബോധനവും അസ്ഥാനത്താണെന്നാണ്. കാരണം പരിസ്ഥിതിയുടെ കേന്ദ്രം മനുഷ്യനാണ്. മനുഷ്യനില്ലാത്തൊരു ഭൂമിയുടെ പ്രസക്തിയെന്താണെന്ന് പാപ്പാ പ്രബോധനത്തില്‍ ചോദിക്കുന്നുണ്ട്, വിശദീകരിക്കുന്നുമുണ്ട്. എന്നാല്‍ രണ്ടും – പ്രകൃതിയും മനുഷ്യനും ദൈവമായ കര്‍ത്താവിന്‍റെ കീഴില്‍ വരേണ്ടതാണ്.

പൊതുഭവനമായ ഭൂമി - ദൈവികദാനം
ദൈവസൃഷ്ടിയായ, പ്രകൃതിയുടെ ഭാഗമായ മലകള്‍ അടിമുതല്‍ മുടിവരെ ഫലവത്താകേണ്ടതാണ്. അതുപോലെ ദൈവം തന്നിരിക്കുന്ന ആയുസ്സില്‍ മനുഷ്യനും ഫലപ്രാപ്തനാകേണ്ടതാണെന്നാണ് പദങ്ങള്‍ പാടുന്നത്. കാരണം രാജാവിനെ ദൈവം അനുഗ്രഹിക്കുന്നു. വ്യക്തിയെന്ന നിലയില്‍ ഇസ്രായേലിന്‍റെ ഭാഗമാണ് രാജാവ്. ദൈവം വിളിച്ചു, തിരഞ്ഞെടുത്തു... ഇതര മതസ്ഥരായ സമീപരാജ്യങ്ങളില്‍നിന്നും ദൈവം ഇസ്രായേലിനെ വ്യക്തിപരമായി വേര്‍തിരിച്ചു നയിച്ചിരിക്കുന്നു. അപ്രകാരം വ്യത്യസ്തമായും അന്യൂനമായും ദൈവം അവരെ തിരഞ്ഞെടുത്തു നയിച്ചിരിക്കുകയാണെന്നും പദങ്ങള്‍ സ്ഥാപിക്കുന്നു. ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനമെന്ന നിലയില്‍ ഇസ്രായേലും നവഇസ്രായേലും മനുഷ്യകുലത്തിന്‍റെ രക്ഷണീയപദ്ധതിയുടെയും ഭാഗമാണ്. അങ്ങനെയെങ്കില്‍ നാമും സങ്കീര്‍ത്തകന്‍ പറയുന്ന നീതിബോധവും ധര്‍മ്മനിഷ്ഠയുമുള്ളവരായി
ഈ ഭൂമിയില്‍ ദൈവിക നന്മയുടെയും കരുണയുടെയും സ്നേഹത്തിന്‍റെയും പ്രയോക്താക്കളായി ജീവിക്കണമെന്ന് ഈ ഗീതം ഉദ്ബോധിപ്പിക്കുന്നു, ഈ പദങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.

Musical Version of Ps. 72
1 എല്ലാജനതകളും അങ്ങേ മുന്നില്‍ പ്രണമിക്കട്ടെ
അങ്ങേ മുന്നില്‍ പ്രണമിക്കട്ടെ!
ദൈവമേ, നിലവിളിക്കുന്ന പാവപ്പെട്ടവരെയും
നിസ്സഹായരായ ദരിദ്രരെയും അവന്‍ മോചിക്കും
ദുര്‍ബലരോടും പാവപ്പെട്ടവരോടുമവന്‍ കരുണകാണിക്കും
അഗതികളുടെ ജീവനെപ്പോഴുമവന്‍ പരിപാലിക്കും
അവരുടെ ജീവനീ മന്നില്‍  നിത്യം കാത്തുപാലിക്കും.

പഠനവിഷയമാക്കിയിരിക്കുന്ന സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. 

സോളമന്‍ രാജാവിന്‍റേതെന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള രാജകീയ ഗീതം 72-Ɔ൦ സങ്കീര്‍ത്തിനത്തിന്‍റെ പഠനത്തിന്‍റെ നാലാംഭാഗം ഇനി അടുത്തയാഴ്ചയില്‍ (4).
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 May 2019, 14:47