Cerca

Vatican News
Saint Rita of Cascia വിശുദ്ധ റീത്ത 

കുടുംബങ്ങള്‍ക്ക് മാതൃകയായി വിശുദ്ധ റീത്ത

വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ കാര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്യുവിന്‍റെ പ്രഭാഷണത്തില്‍നിന്ന്...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

വിശുദ്ധ റീത്തയുടെ തിരുനാളില്‍
മെയ് 22- Ɔο തിയതി ബുധനാഴ്ച  വിശുദ്ധ റീത്തയുടെ തിരുനാളില്‍ പുണ്യവതിയുടെ നാമത്തിലുള്ള റോമിലെ കാഷ്യയിലുള്ള ബസിലിക്കയില്‍ കാര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്യു ദിവ്യബലി അര്‍പ്പിച്ചു. അദ്ദേഹം പങ്കുവച്ച വചനചിന്തയുടെ പ്രസക്തഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു. 
 
സാധാരണത്വം വിശുദ്ധ റീത്തയുടെ ജീവിതവിശുദ്ധി (1381-1457)
ജീവിതത്തില്‍ പ്രവര്‍ത്തിച്ച അത്ഭുതങ്ങള്‍ കൊണ്ടല്ല വിശുദ്ധ റീത്ത വിഖ്യാതയായത്. ആദ്യം ക്രിസ്തുവിന്‍റെ മണവാട്ടിയും, അമ്മയും, പിന്നെ വിധവയും, അവസാനം ആഗസ്തീനിയന്‍ സഭയിലെ സന്ന്യാസിനി എന്ന നിലയിലും ജീവിച്ച റീത്ത വിശുദ്ധിയുടെ പടവുകള്‍ കയറിയത്, അനുദിന ജീവിതത്തില്‍ സാധാരണത്വം നിറഞ്ഞ ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും ജീവിതംകൊണ്ടാണെന്ന് കര്‍ദ്ദിനാള്‍ ബെച്യൂ വ്യക്തമാക്കി.

ദൈവിക വെളിച്ചവും നിലയ്ക്കാത്ത ദൈവിക സാന്നിദ്ധ്യവും തന്‍റെ ജീവിതത്തില്‍ പേറി നമുക്കു മുന്നെ ജീവിച്ചു കടന്നുപോയ ഒരു സാധാരണ സ്ത്രീയായിരുന്നു വിശുദ്ധ റീത്ത. അതുകൊണ്ടാണ് സാധാരണ ജീവിതത്തിന്‍റെ വേദനയും യാതനകളും വഹിക്കുന്ന ആരും പുണ്യവതിയുടെ മദ്ധ്യസ്ഥം പ്രാര്‍ത്ഥിച്ചാല്‍ കൈവെടിയാതിരുന്നത്. ദൈവകൃപയില്ലായിരുന്നെങ്കില്‍ ജീവിതവ്യഥകളാല്‍ തളര്‍ന്നും, വിദ്വേഷത്താല്‍ ആളിക്കത്തിയും താന്‍ മന്ദഗതിക്കാരിയായ ഒരു സാധാരണ ക്രൈസ്തവയോ, മോശമായ സ്ത്രീയോ ആയിത്തീര്‍ന്നേനെയെന്ന് വിശുദ്ധ റീത്തതന്നെ ജീവിച്ചിരുന്നപ്പോള്‍ പറഞ്ഞിട്ടുണ്ട്.

വിശുദ്ധിയിലേയ്ക്കുള്ള വിളി എല്ലാവര്‍ക്കുമുള്ളത്
വിശുദ്ധിയുടെ മാര്‍ഗ്ഗവും, ക്ഷമിക്കുന്ന രീതിയും, ജീവിതക്കുരിശുകളെ ആശ്ലേഷിക്കാനുള്ള മാതൃകയാണെന്ന് വിശുദ്ധ റീത്താ ലോകത്തിനു കാണിച്ചുതരുന്നു. ദൈവം എല്ലാവരെയും വിശുദ്ധിയിലേയ്ക്ക് വിളിക്കുന്നുണ്ട്. ലോകത്തില്‍നിന്നോ ജീവിതസമര്‍പ്പണത്തില്‍നിന്നോ ഒളിച്ചോടുന്നതല്ല വിശുദ്ധി, മറിച്ച് ക്രിസ്തുവുമായുള്ള നിരന്തരമായ കൂടിക്കാഴ്ചകളിലൂടെ നമ്മുടെ അസ്തിത്വത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങളുടെ പൊള്ളലുകളെ അഭിമുഖീകരിക്കുന്നതാണത്.

ക്രിസ്തുവിനോടു ചേര്‍‍ന്നുനില്ക്കുന്നവര്‍
ദൈവം ഏല്ലാവരെയും കാത്തുപാലിക്കുന്നു. മുന്തിരിച്ചെടിക്ക് ഒരു കൃഷിക്കാരന്‍ നല്കുന്ന സൂക്ഷ്മമായ പരിചരണംപോലെയാണത്. ക്രിസ്തുവാകുന്ന തായ്ച്ചെടിയോടു വ്യക്തിയാകുന്ന ശാഖ എത്രത്തോളം ചേര്‍ന്നുനില്കുന്നുവോ, അത് അത്ര അധികമായി ഫലം പുറപ്പെടുവിക്കും. ക്രിസ്തുവില്‍നിന്നും ഒഴുകിയെത്തുന്ന ജീവരക്തമാണ് നമ്മെ സാഹോദര്യത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും കൂട്ടായ്മയില്‍ നിലനിര്‍ത്തുന്നതും ജീവിതം ഫലമണിയിക്കുന്നതും

ക്ലേശകരമെങ്കിലും  അസാദ്ധ്യമല്ല!
വചനത്തിന്‍റെ വഴി ക്ലേശകരമാണ്, എന്നാല്‍ അസാദ്ധ്യമല്ല. വിശുദ്ധിയുടെ വഴി ചിലര്‍ക്കു മാത്രമുള്ളതാണെന്ന് പ്രതിസന്ധികളില്‍ തോന്നിയേക്കാം. എന്നാല്‍ വിശുദ്ധി സകലര്‍ക്കുമുള്ളതും, ക്രിസ്തുവുമായുള്ള അനുദിന കൂടിക്കാഴ്ചയില്‍ വ്യക്തി നേടിയെടുക്കേണ്ടതുമാണ്. വിശുദ്ധ റീത്തയെപ്പോലെ എത്രയോ സ്ത്രീപുരുഷന്മാരാണ് അവരുടെ സാധാരണ ജീവിതപരിസരങ്ങളില്‍ ക്രിസ്തുവുമായി ഐക്യപ്പെട്ടുകൊണ്ടും, അവിടുത്തെ അനുകരിച്ചുകൊണ്ടും ജീവിതവിശുദ്ധി കൈവരിച്ചിട്ടുള്ളത്.

വിശുദ്ധ നല്കുന്ന ക്ഷമയുടെ പാഠം
ക്ഷമിക്കുന്ന സ്നേഹം വിശുദ്ധ റീത്ത പറഞ്ഞുതരുന്ന പാഠമാണ്. സ്നേഹം ജീവിതത്തില്‍ ക്ഷമയും, നന്ദിയും, ഉദാരതയും, സഹിഷ്ണുതയും, പ്രത്യശയും, കാരുണ്യവും ആവശ്യപ്പെടുന്നുണ്ട്.  പരസ്പരം സ്നേഹിച്ചു ജീവിക്കുവിന്‍, അന്യരെ ബഹുമാനിക്കുക. തിന്മയ്ക്ക് എതിരെ പ്രതികാരം ചെയ്യാതിരിക്കുക. തിന്മയെ നന്മകൊണ്ടാണ് കീഴടക്കേണ്ടത് (റോമ. 9, 21). അങ്ങനെ വിശുദ്ധ റീത്ത പഠിപ്പിക്കുന്ന ക്ഷമയുടെ പാഠം കാരുണ്യത്തില്‍ അധിഷ്ഠിതമാണ്. തന്‍റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയവരോട് സ്വയം ക്ഷമിക്കുക മാത്രമല്ല, അവരെ വകവരുത്താന്‍ ആഗ്രഹിച്ച മക്കള്‍ക്കുവേണ്ടി, അതു സംഭവിക്കാതിരിക്കാന്‍, അവരുടെ ജീവന്‍ ദൈവം എടുക്കട്ടെയെന്നു പ്രാര്‍ത്ഥിക്കാനുള്ള ഹൃദയവിശാലതയുണ്ടായിരുന്നു പുണ്യവതിക്കെന്ന് ജീവചരിത്രം തെളിയിക്കുന്നു.

കുരിശിനെ സ്നേഹിച്ചവള്‍
കുരിശിനെ സ്നേഹിച്ചുകൊണ്ടാണ് വിശുദ്ധ റീത്ത, ജീവിതത്തില്‍ വേദനകള്‍ സഹിക്കാനുള്ള കരുത്താര്‍ജ്ജിച്ചത്. പ്രക്ഷുബ്ധമായ ജീവിതത്തില്‍ ഭര്‍ത്താവിനെയും രണ്ടു മക്കളെയും നഷ്ടപ്പെട്ടവള്‍, പിന്നെയും വിശുദ്ധിയില്‍ വളരുന്നത് ജീവിതക്കുരിശുകള്‍ സ്നേഹത്തോടെ വഹിച്ചുകൊണ്ടാണ്. അതുകൊണ്ടാവണം, വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ വിശുദ്ധ റീത്തായെ “ക്രൂശിതന്‍റെ ശിഷ്യ”യെന്നും “സഹനത്തിന്‍റെ പ്രേഷിത”യെന്നും വിശേഷിപ്പിച്ചത്. വളരുന്ന ആപേക്ഷികതാവാദത്തിന്‍റെയും ഭൗതികവാദത്തിന്‍റെയും മദ്ധ്യേ ഇന്ന് കുടുംബജീവിതത്തിന് മാതൃകയും പ്രചോദനവുമായി ദൈവം തരുന്ന വിശുദ്ധയായ ഒരു ഭാര്യയും, നല്ല അമ്മയുമാണ് വിശുദ്ധ റീത്ത!
 

23 May 2019, 09:41