തിരയുക

In memory of the killed pastor In memory of the killed pastor 

എല്‍ സാല്‍വദോറില്‍ വൈദികന്‍ കൊല്ലപ്പെട്ടു

മെയ് 18-Ɔ൦ തിയതി വെള്ളിയാഴ്ച രാത്രിയിലാണ് പള്ളിമേടയില്‍ ഉറങ്ങുകയായിരുന്ന പുരോഹിതനെ ഗുണ്ടാസംഘം വെടിവെച്ചു കൊന്നത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

വൈദികനെ വകവരുത്തിയ ഗുണ്ടാസംഘം
വ്യക്തികളില്‍നിന്നു ഗുണ്ടാ സംഘങ്ങള്‍ ശേഖരിക്കുന്ന “സംരക്ഷണ വാടകത്തുക” (personal protection fee) നല്കാന്‍ വിസമ്മതിച്ചു എന്ന കാരണത്താലാണ്, വടക്കു കിഴക്കന്‍ എല്‍-സാല്‍വദേറിലെ സൊസൊനാത്തെ രൂപതാംഗവും, ലാ മജാഡ എന്ന ഗ്രാമത്തില്‍, വിശുദ്ധ യൗസേപ്പിതാവിന്‍റെ നാമത്തിലുള്ള ഇടവകയുടെ വികാരിയുമായ ഫാദര്‍ സെസില്‍ പേരെസ് കൊല്ലപ്പെട്ടത്.

“നോക്കു കൂലി”യുടെ അനീതി
ശനിയാഴ്ച രാവിലെ ദിവ്യബലിക്കെത്തിയ ജനങ്ങളാണ് തങ്ങളുടെ വികാരി വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. “ഇയാള്‍ സംരക്ഷണക്കൂലി തന്നില്ല,” എന്നറിയിച്ച “മാരാ സലാവാത്രൂച്ചെ” ഗുണ്ടസംഘത്തിന്‍റെ കുറിപ്പാണ് ഫാദര്‍ സെസില്‍ പേരെസിന്‍റെ കൊലയ്ക്കു പിന്നിലെ കാരണം കണ്ടെത്താന്‍ സഹായകമായത്.

സഭയും സര്‍ക്കാരും അനുശോചിച്ചു
കര്‍മ്മധീരനും നല്ല അജപാലകനുമായിരുന്ന ഫാദര്‍ പേരെസിന്‍റെ നിര്യാണത്തില്‍ സൊസൊനാത്തെ രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് കോണ്‍സ്റ്റന്‍റീനോ ബരേരാ ദുഃഖം അറിയിക്കുകയും ജനങ്ങളോടു പ്രാര്‍ത്ഥന യാചിക്കുകയുംചെയ്തു. എല്‍-സാല്‍വദോര്‍ സര്‍ക്കാരും കൊലപാതകത്തെ അപലപിച്ചു. നിര്‍ദ്ദോഷിയായ വൈദികന്‍റെ നിര്യാണത്തില്‍ ഇടവക ജനങ്ങളോടും പരേതന്‍റെ കുടുംബാംഗങ്ങളോടും സര്‍ക്കാര്‍ പ്രസ്താവനയിലൂടെ അനുശോചനം അറിയിക്കുകയും, കൊലപാതകികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണങ്ങള്‍ ത്വരിതപ്പെടുത്തിയിട്ടുള്ളതായി അറിയിക്കുകയും ചെയ്തു.

എല്‍-സാല്‍വദോര്‍ അതിക്രമികളുടെ താവളം
ഇത്തരത്തിലുള്ള ഗുണ്ടാവിളയാട്ടങ്ങള്‍ മദ്ധ്യമേരിക്കന്‍ രാജ്യമായ എല്‍-സാല്‍വദോറില്‍ വര്‍ദ്ധിച്ചുവരുന്നതായി പരക്കെ പരാതിയുണ്ട്. ലോകത്ത് ഏറ്റവും അധികം അതിക്രമങ്ങള്‍ നടമാടുന്ന രാജ്യമായി എല്‍-സാല്‍വദേര്‍ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ എണ്ണപ്പെട്ടിട്ടുണ്ട്. പ്രതിദിനം 9-ല്‍ അധികം കൊലപാതകങ്ങള്‍ നടക്കുന്ന രാജ്യമാണ് സാല്‍വദോര്‍ സാഞ്ചെസ് സെരേന്‍ ഭരിക്കുന്ന എല്‍ സാല്‍വദോര്‍.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 May 2019, 18:45