തിരയുക

 Maria Guadalupe Ortiz Beata. Maria Guadalupe Ortiz Beata. 

വാഴ്ത്തപ്പെട്ടപദം ചൂടുന്ന മരീയ ഗ്വാദലൂപ്പെ ഓര്‍ത്തിസ്

സ്പെയിനിലെ മാഡ്രിഡില്‍നിന്നും ഒരു പുണ്യവനിത (1916-1975)

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

മാഡ്രിഡ് നഗരത്തിലെ പുണ്യവതി
മെയ് 18- Ɔ൦ തിയതി ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്ക് സ്പെയിനിലെ മാഡ്രിഡിലുള്ള വിസ്തലേഗ്രെ സ്റ്റേഡിയത്തിലെ പ്രത്യേക വേദിയില്‍വച്ചാണ് (Palacio Vistalegre Arena) ഓപൂസ് ദേയി (Opus Dei) എന്ന കത്തോലിക്ക സമര്‍പ്പണപ്രസ്ഥാനത്തിന്‍റെ അംഗമായിരുന്ന മരീയ ഗ്വാദലൂപെ ഓര്‍ത്തിസ് വാഴ്ത്തപ്പെട്ടപദം ചൂടുന്നത്.

ദൈവികവഴികളിലെ ധീരവനിത
1916-ല്‍ സ്പെയിനിലെ മാഡ്രിഡില്‍ ജനിച്ചു. മിലിട്ടറി ഉദ്ധ്യഗസ്ഥനായിരുന്ന മാനുവേല്‍ ഒര്‍ത്തിസിന്‍റെയും യുളോജിയുടെയും നാലാമത്തെ സന്തതി ധൈര്യശാലിയായിരുന്നു. പ്രാധമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവള്‍ 1933-ല്‍ രസതന്ത്രം  ഐച്ഛികവിഷയമായി യൂണിവേഴ്സിറ്റി പഠനം ആരംഭിച്ചു. സ്പാനിഷ് അഭ്യന്തര കലാപകാലത്ത് മരീയ  ഗ്വാദലൂപെയുടെ പിതാവ് കൊല്ലപ്പെട്ടു. പഠനം പൂര്‍ത്തിയാക്കി 1939-മുതല്‍ ഗ്വാദലൂപെ അദ്ധ്യാപനം ഏറെ ഇഷ്ടപ്പെട്ടു. 1944-ലെ ഒരു ഞായറാഴ്ച ദിവ്യബലിമദ്ധ്യേയാണ് ദൈവം തന്നെ സ്പര്‍ശിക്കുന്നതും വിളിക്കുന്നതുമായി ഗ്വാദലൂപെയ്ക്ക് അനുഭവപ്പെട്ടത്.

ദൈവകാര്യങ്ങളുടെ (Opus Dei) പ്രസ്ഥാനത്തില്‍
ഒരു സ്നേഹിതവഴി “ഓപൂസ് ദേയി” പ്രസ്ഥാനത്തിന്‍റെ (Opus Dei) സ്ഥാപകന്‍, ഫാദര്‍ ജോസ് മരിയ എസ്ക്രീവയുമായി പരിചയ പ്പെടുവാന്‍ ഇടയായി. സാധാരണ ജീവിതത്തിലൂടെയും സ്വന്തം ജോലികള്‍ ആത്മാര്‍ത്ഥതയോടെ നിര്‍വ്വഹിച്ചുകൊണ്ടും ക്രിസ്തുവിനെ എല്ലാറ്റിനും ഉപരിയായി സ്നേഹിക്കാനാകുമെന്ന് ഓപൂസ് ദേയി പ്രസ്ഥാനത്തിലൂടെ ഗ്വാദലൂപെ  പഠിച്ചു. 
പ്രസ്ഥാനത്തിലെ അര്‍ത്ഥികള്‍ക്കൊപ്പം ജീവിച്ച ഗ്വാദലൂപെ സമര്‍പ്പിതയായ ഒരു അദ്ധ്യാപകയും, ക്ഷമയും സ്നേഹവും നര്‍മ്മരസവുമുള്ള ഒരു വ്യക്തിയുമായി എല്ലാവര്‍ക്കും അനുഭവപ്പെട്ടു.

തുറവോടെ പ്രേഷിതരംഗങ്ങളില്‍
1950-ല്‍ ഓപൂസ് ദേയി സ്ഥാപനകനായ ഫാദര്‍ എസ്ക്രീവയുടെ ആഹ്വാനപ്രകാരം ഗ്വാദലൂപെ മെക്സിക്കോയിലെ പ്രേഷിതയായി  പ്രവര്‍ത്തിച്ചു. രസതന്ത്രത്തിലുള്ള പ്രാവീണ്യം ആധാരമാക്കി ഉന്നതപഠനം തുടര്‍ന്നപ്പോഴും, സഹപാഠികള്‍ക്കൊപ്പം സമൂഹത്തിലെ  പാവങ്ങളും രോഗികളുമായവരെ തുണയ്ക്കാനുള്ള പദ്ധതികളിലും അവള്‍  വ്യാപൃതയായി. സുഹൃത്തായ ഡോക്ടറുടെ സഹായത്തോടെ തുടക്കമിട്ട മൊബൈല്‍ ക്ലിനിക്ക് അക്കാലത്തെ ഏറെ ശ്രദ്ധേയവും ഉപകാരപ്രദവുമായ സാമൂഹ്യസേവനമായി.

ആത്മവിശ്വാസത്തിന്‍റെ പുഞ്ചിരിയോടെ
ഏറെ കഴിവുകളും ശുഭാപ്തിവിശ്വാസവും, തുറന്ന മനസ്സും, പുഞ്ചിരിയും, സംഗീതവുമുണ്ടായിരുന്ന ഗ്വാദലൂപെ എവിടെയും ഏറെ സ്വീകൃതയും പ്രവര്‍ത്തനനിരതയായ ഒരു പ്രേഷിതയുമായി തിളങ്ങി. ക്രിസ്തുവിന്‍റെ സനേഹവും കാരുണ്യവും തിങ്ങിനിന്ന ഗ്വാദലൂപെയുടെ ലാളിത്യമാര്‍ന്ന സാമൂഹ്യസേവനപദ്ധതികള്‍ മോന്തേഫാല്‍ക്കോ , എല്‍ പേഞ്ഞോ (El Penon College) എന്നീ രണ്ട്  ഗ്രാമീണ ഉന്നത വിദ്യാപീഠങ്ങള്‍ക്ക്  തുടക്കമായി.

ഒരു ധന്യയുടെ  പ്രേഷിതധീരത
ശാരീരികാസ്വസ്ഥ്യം ഏറെയായപ്പോള്‍ ജോലി മറ്റുളളവരെ ഏല്പിച്ചിട്ട് അവള്‍‍  സ്പെയിനിലേയ്ക്കു മടങ്ങി. അവിടെ ശാന്തമായി ജീവിച്ച് ഗവേഷണപഠനം തുടര്‍ന്നു. 1965-ല്‍ മാനവികതയ്ക്ക് ഉപകാരപ്രദമായ കണ്ടുപിടുത്തത്തോടെ ഗവേഷണപഠനം സമുന്നത ബഹുമിതയോടെ പൂര്‍ത്തിയാക്കി. തന്‍റെ പ്രശസ്തിയിലും ഉന്നതപദവിയിലും കൂദാശകളോടു, വിശിഷ്യ പരിശുദ്ധ കുര്‍ബ്ബാനയോടും കന്യകാനാഥയോടും വിശ്വസ്തയായും, ഒരു നല്ല ക്രൈസ്തവയായും  ഗ്വാദലൂപെ ജീവിച്ചു. ദേവാലയത്തിലെ പ്രാര്‍ത്ഥനാ യാമങ്ങളിലും, പ്രാര്‍ത്ഥനാലയങ്ങളുടെ‍ ഭിത്തികള്‍ക്ക് അകത്തും മാത്രമായിരുന്നില്ല ക്രൈസ്തവ ജീവിതം, അത് സാധാരണ ജനങ്ങള്‍ക്കൊപ്പമുള്ള ലാളിത്യമാര്‍ന്ന ജീവിതപരിസരത്ത് തുടരേണ്ടതാണെന്ന് മനസ്സിലാക്കിയ, ഗ്വാദലൂപെ എവിടെയും എപ്പോഴും ദൈവികൈക്യത്തില്‍ തുടരുന്ന ഒരു ജീവിതശൈലി വളര്‍ത്തിയെടുത്തു.

ദൈവികകാര്യങ്ങളില്‍ ആനന്ദം കണ്ടവള്‍
1975-ല്‍ അദ്ധ്യാപനവും പ്രേഷിതപ്രവര്‍ത്തനങ്ങളും തുടരവെ, തന്‍റെ ആത്മീയഗുരുവും “ഓപൂസ് ദേയി”യുടെ സ്ഥാപകനുമായ ഫാദര്‍ ജോസ് എസ്ക്രീവയുടെ മരണം ഗ്വാദലൂപയെ ദുഃഖത്തിലാഴ്ത്തി. എന്നാല്‍ അത് ഏതാനും ദിവസങ്ങളില്‍ ഒതുങ്ങുന്നതായിരുന്നില്ല. 1975 ജൂലൈ 16-ന് കര്‍മ്മലനാഥയുടെ തിരുനാള്‍ ദിനത്തില്‍ ക്രിസ്തുസ്നേഹത്തിന്‍റെ വിശ്വസ്ത സാക്ഷിയായും ദൈവശുശ്രൂഷയില്‍ ഏറെ ആനന്ദവതിയായ ദാസിയുമായി മരിയ ഗ്വാദലൂപെ
ഈ ലോകത്തുനിന്നും കടന്നുപോയി. മാഡ്രിഡില്‍തന്നെ,  പാംപ്ലോഞ്ഞായിലെ ഓറട്ടറിയിലാണ് ഗ്വാദലൂപ്പെ അന്ത്യവിശ്രമംകൊണ്ടത്.

നാമകരണ നടപടിക്രമങ്ങള്‍
2001-ല്‍ നാമകരണ നടപടികള്‍ക്കു തുടക്കം കുറിച്ചു.
20017-ല്‍ പാപ്പാ ഫ്രാന്‍സിസ് ദൈവദാസി ഗ്വാദലൂപെയുടെ വീരോചി പുണ്യങ്ങള്‍ അംഗീകരിച്ചു. 2018-ല്‍ ധന്യയായ മരീയ  ഗ്വാദലൂപെയുടെ മാദ്ധ്യസ്ഥതയില്‍ നടന്ന അത്ഭുത രോഗശാന്തി പാപ്പാ ഫ്രാന്‍സിസ് അംഗീകരിക്കുകയും വാഴ്ത്ത പ്പെട്ടവരുടെ പദത്തിലേയ്ക്ക് ഉയര്‍ത്തുന്നതിനുള്ള ഡിക്രി പ്രസിദ്ധപ്പെടുത്തുകയും ചെയ്തു – ഓപൂസ് ദേയി പ്രസ്ഥാനത്തില്‍നിന്നും വാഴ്ത്തപ്പെട്ടപദത്തില്‍ എത്തുന്ന ആദ്യത്തെ അല്‍മായ വനിതയാണ് മരീയ ഗ്വാദലൂപെ. 

ദൈവകാര്യങ്ങള്‍ക്കുള്ള പ്രസ്ഥാനം – “ഓപൂസ് ദേയി”
ദൈവകാര്യങ്ങള്‍ക്കായുള്ള വിശുദ്ധ കുസ്പെയിനിലെ മാഡ്രിഡില്‍നിന്നും ഒരു പുണ്യവനിതരിശിന്‍റെ പ്രസ്ഥാനമാണ് Opus Dei. വിശുദ്ധനായ ഹൊസ്സെ മരീയ എസ്ക്രീവ 1928-ല്‍ സ്പെയിനില്‍ തുടക്കമിട്ടതാണ് ഈ പ്രസ്ഥാനം. സാധാരണജീവിത ചുറ്റുപാടുകളിലും ദൈവം നമ്മെ വിശുദ്ധിയിലേയ്ക്കു വിളിക്കുന്നു എന്ന് ഉദ്ബോധിപ്പിക്കുന്ന വൈദികരും അധികം അല്‍മായരുമുള്ള കത്തോലിക്ക ആത്മീയപ്രസ്ഥാനമാണിത്. ലോകത്തെ 90 രാജ്യങ്ങളിലായി ഒരു ലക്ഷത്തോളം അംഗങ്ങളുള്ളതില്‍ 90 ശതമാനവും കുടുംബസ്ഥരായ അല്‍മായരും മറ്റുള്ളവര്‍ അജപാലന  ശുശ്രൂഷയില്‍ സജീവരായ വൈദികരുമാണ്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 May 2019, 20:05