പാദക്ഷാളനത്തിനെ ഓർമ്മിപ്പിക്കുന്ന ചിത്രം പാദക്ഷാളനത്തിനെ ഓർമ്മിപ്പിക്കുന്ന ചിത്രം  

പാദക്ഷാളനം: ക്രിയാത്മകമായ പരിഗണനയുടെ അടയാളം

പെസഹാ വ്യാഴത്തിൽ ഇതെന്‍റെ ഓർമ്മയ്ക്കായി ചെയ്യുവിൻ എന്ന് പറഞ്ഞ് സ്നേഹത്തിനും, പരിഗണനയ്ക്കും പുതിയ മുഖം നൽകിയ ക്രിസ്തുവിനെ കുറിച്ച് റവ.ഫാ. മാർട്ടിൻ ആന്‍റണി ഒ.ഡി.എം പങ്കുവയ്ക്കുന്ന ധ്യാന ചിന്തകൾ.

പാദക്ഷാളനം: ക്രിയാത്മകമായ പരിഗണനയുടെ അടയാളം

"ഈ ലോകം വിട്ട്‌ പിതാവിന്‍റെ സന്നിധിയിലേക്കു പോകാനുള്ള സമയമായി എന്ന്‌ പെസഹാത്തിരുനാളിനു മുമ്പ്‌ യേശു അറിഞ്ഞു. ലോകത്തില്‍ തനിക്കു സ്വന്തമായുള്ളവരെ അവന്‍ സ്‌നേഹിച്ചു; അവസാനംവരെ സ്‌നേഹിച്ചു." (യോഹ.13 :1)

സ്നേഹത്തിന്‍റെ തിരുനാൾ ദിനമാണ് പെസഹാവ്യാഴം. ഈ ദിനത്തിൽ അവസാനം വരെ സ്നേഹിച്ച ക്രിസ്തു തന്‍റെ കൂടെയുള്ളവരെ പൂർണ്ണമായും അറിഞ്ഞു, അവരെ ചേർത്തുനിർത്തി കൊണ്ട്, അവസാനം സ്നേഹത്തിന്‍റെ അടയാളം അവരോടൊപ്പം പങ്കുവഹിക്കുന്ന ദിനം. അതുകൊണ്ടാണ് ഇന്നത്തെ ദിനത്തിന് ഒരു പ്രത്യേകതയുള്ളത്. പൗരോഹിത്യത്തിന്‍റെ സ്ഥാപനമെന്നും പരിശുദ്ധ കുർബ്ബാനയുടെ സ്ഥാപനമെന്നും പറയുന്നത്. സ്നേഹത്തിന്‍റെ ദിനമാണിന്ന്. യേശു എന്താണ് ചെയ്തത്? ഈ ദിനത്തിൽ നമ്മൾ വിചിന്തന വിഷയമാക്കുന്നതെന്താണ്? ഒപ്പം അവന്‍റെ കൂടെ ഉണ്ടായിരുന്നവരുടെ മനോഭാവം എന്തായിരുന്നു? എന്നാണ് നമ്മൾ ഇന്ന് ധ്യാനിക്കാൻ പോകുന്നത്.

സെഹിയോന്‍ ഊട്ടുശാലയിൽ നമ്മളും യേശുവിനോടൊപ്പമാണ്. അവൻ തന്‍റെ ശിഷ്യന്മാരെ അറിഞ്ഞു, മനസ്സിലാക്കി. ഒപ്പം അവനും അവന്‍റെ ലക്ഷ്യത്തെയും അവനെക്കുറിച്ചു തന്നെയും വളരെ വ്യക്തമായി അറിയാം എന്ന കാര്യം യോഹന്നാന്‍റെ സുവിശേഷത്തിൽ വളരെ വ്യക്തമായി പറയുന്നുണ്ട്. ഈ യോഹന്നാന്‍റെ സുവിശേഷത്തിൽ തന്നെയാണ് ഈശോയുടെ പ്രവർത്തികൾക്ക് ഒരു മിസ്റ്റീരിയസ് തലം കൊടുക്കുന്നത്. കൂടെയുള്ള പലർക്കും അവൻ എന്താണ് ചെയ്യാൻ പോകുന്നത്, അവൻ എന്താണ് പറയാൻ പോകുന്നത്, ആ പറയുന്നതിൽ എന്താണ് അവൻ ഉദ്ദേശിക്കുന്നത്, ആ ചെയ്യുന്നതിൽ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കാൻ പറ്റാതെ പോകുന്നുണ്ട്. അങ്ങനെ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ് ഇന്ന് സംഭവിക്കുന്നത്. ഈശോ തന്‍റെ ശിഷ്യന്മാരുടെ കാലുകൾ കഴുകുന്നു. അതോടൊപ്പം തന്നെ പരിശുദ്ധ കുർബ്ബാനയുടെ സ്ഥാപനം എന്ന ചിന്തയും അവിടെ കൊണ്ടുവരുന്നുണ്ട്.

യോഹന്നാന്‍റെ സുവിശേഷത്തിൽ പതിമൂന്നാം അദ്ധ്യായത്തിൽ പരിശുദ്ധ കുർബ്ബാനയെ കുറിച്ച് ഒന്നും തന്നെ പറയുന്നില്ലെങ്കിൽത്തന്നെയും പരിശുദ്ധ കുർബ്ബാനയെ കുറിച്ച് നമുക്ക് കാണാൻ സാധിക്കുന്നത് ആ സുവിശേഷത്തിലെ ആറാം അദ്ധ്യായത്തിലാണ്. എന്തുകൊണ്ട്  യോഹന്നാന്‍റെ സുവിശേഷത്തിൽ ആറാം അദ്ധ്യായത്തിൽ പരിശുദ്ധ കുർബ്ബാനയെ കുറിച്ച് പറയുന്നു എന്നു ചോദിക്കുകയാണെങ്കിൽ, പരിശുദ്ധ കുർബ്ബാന യേശുവിന്‍റെ അന്ത്യ സമയങ്ങളുടെ മാത്രമുള്ള ഒരു ആചരണമോ ഓർമ്മയോ അല്ല. മറിച്ച് യേശുവിന്‍റെ ജീവിതം മുഴുവനും ഉൾകൊണ്ടുള്ള ഒരു ആഘോഷമാണ് എന്ന് ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് സുവിശേഷത്തിൽ പരിശുദ്ധ കുർബ്ബാനയെ ആറാം അദ്ധ്യായത്തിൽ, ഏകദേശം സുവിശേഷത്തിന്‍റെ മധ്യഭാഗത്ത് തന്നെ കൊണ്ടു വച്ചിരിക്കുന്നത്. അപ്പോൾ പരിശുദ്ധ കുർബ്ബാനയെ നമ്മൾ ധ്യാനിക്കുമ്പോൾ ഈശോയുടെ സഹനത്തെയോ, മരണത്തെയോ, ഉത്ഥാനത്തെയോ മാത്രമല്ല, ഈശോയുടെ വ്യക്തിജീവിതത്തിൽ അവൻ ചെയ്ത നന്മ, അവൻ പങ്കുവച്ച സ്നേഹം, അവൻ കൊടുത്ത കരുണയുടെ തലം എന്നിവയെ കാണാന്‍ കഴിയുമെന്നാണ്. യോഹന്നാന്‍റെ സുവിശേഷത്തിന്‍റെ തുടക്കത്തില്‍ത്തന്നെ ആ ഒരു നന്മ നമുക്ക് പറഞ്ഞു തന്നതിനുശേഷം പതിമൂന്നാം അദ്ധ്യായത്തിൽ അവൻ തന്‍റെ ശിഷ്യന്മാരുടെ അടുത്തേക്ക് വരികയാണ്. അവരെയെല്ലാം ഒന്നിച്ചു കൂട്ടുന്നു. സുവിശേഷകൻ വളരെ വ്യക്തമായി പന്ത്രണ്ട് പേരുണ്ടെന്ന് പറയുന്നുണ്ടെങ്കിലും, ആകെ മൂന്ന് പേരുടേ പേരുകള്‍ മാത്രമാണ് പ‌റയുന്നത്.(1) യൂദാസ്, (2) ഈശോ സ്നേഹിച്ചിരുന്ന ശിഷ്യൻ (3) പത്രോസ്. പെസഹാ വ്യാഴത്തില്‍ ഈ മൂന്നു പേരെയും നമ്മൾ ധ്യാനിക്കണം.

സ്നേഹത്തിനു വെള്ളിനാണയങ്ങളുടെ വില നൽകിയ യൂദാസ്

ആദ്യം പറഞ്ഞിരിക്കുന്നത് യൂദാസിനെ കുറിച്ചാണ്. പതിമൂന്നാം അദ്ധ്യായം രണ്ടാം വചനത്തിൽ ആദ്യമേതന്നെ സുവിശേഷകൻ യൂദാസിനെ വീണ്ടും പരിചയപ്പെടുത്തുന്നു. എങ്ങനെയാണ് ആ പരിചയപ്പെടുത്തൽ?  "അത്താഴ സമയത്ത്‌ പിശാച്‌ ശിമയോന്‍റെ പുത്രനായ യൂദാസ്‌ സ്‌ക്കറിയാത്തായുടെ മനസ്സില്‍ യേശുവിനെ ഒറ്റിക്കൊടുക്കുവാന്‍ തോന്നിച്ചു". പിശാചുമായി ബന്ധപ്പെടുത്തിയാണ് ഈ ശിഷ്യനെ സുവിശേഷകൻ വീണ്ടും പരിചയപ്പെടുത്തുന്നത്. അത് ആറാം അദ്ധ്യായത്തിലാണ്. പരിശുദ്ധ കുർബ്ബാനയെ കുറിച്ച് ക്രിസ്തു സംസാരിക്കുന്നവസരത്തില്‍  തന്‍റെ ശരീരം ഭക്ഷിക്കണം, തന്‍റെ രക്തം പാനം ചെയ്യണമെന്നു പറഞ്ഞപ്പോൾ ഒത്തിരി ശിഷ്യന്മാർ ഇത് കഠിനമുള്ള വാക്കുകളാണെന്ന് പറഞ്ഞു അവനെ ഉപേക്ഷിച്ച് പോയപ്പോൾ പത്രോസ് പറഞ്ഞു കർത്താവേ ഞങ്ങൾ എവിടെ പോകും?  നിന്നിലാണല്ലോ ജീവ വചസ്സുകൾ. ആ നിമിഷം തന്നെ സുവിശേഷകനും, ഈശോനാഥനും ഒരു കഥാപാത്രത്തെ നമുക്ക് പരിചയപ്പെടുത്തി തരുന്നുണ്ട്. അത് യൂദാസിനെയാണ്. എന്നാൽ നിങ്ങളിൽ ഒരുവൻ പിശാചാണ് എന്നാണ് അവൻ പറയുന്നത്.

ഒറ്റികൊടുക്കപ്പെടുമെന്നറിഞ്ഞിട്ടും പാദം കഴുകുന്ന ഗുരു

വീണ്ടും നമ്മൾ പതിമൂന്നാം അദ്ധ്യായത്തിലെ പെസഹാ ദിനത്തിലേക്ക് കടന്നു വരുന്നു. തനിക്ക് സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് അറിഞ്ഞുകൊണ്ടാണ് ഈശോ കാലു കഴുകുന്നത്. തന്നെ ഒറ്റി കൊടുക്കുകയും മരണത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്ന ഒരു വ്യക്തിയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ യൂദാസിന്‍റെ കാലുകഴുകാൻ വേണ്ടി ഇറങ്ങിച്ചെല്ലുന്ന ഈശോയെ കുറിച്ച് സുവിശേഷകൻ വളരെ വ്യക്തമായി പറയുന്നു. അവൻ കച്ചമുറുക്കി, തൂവാല എടുത്തു, പാത്രത്തിൽ വെള്ളം എടുത്തു, അവരുടെ കാലുകൾ കഴുകി. ഓരോ പ്രവര്‍ത്തിയിലും ഈശോയുടെ സ്നേഹത്തിന്‍റെ ആഴം വ്യക്തമാക്കുന്നുണ്ട്. എന്തിന് ഈശോ ഈയൊരു പ്രവർത്തി ചെയ്തു എന്ന് ചോദിച്ചാൽ താൻ ചെയ്യാൻ പോകുന്ന രക്ഷാകരമായ പ്രവർത്തിയിൽ ആരും പുറത്തു നിൽക്കുന്നില്ല എന്നതിനെ നമുക്കു കാണിച്ചു തരാനാണ്. നല്ലവരെ മാത്രം രക്ഷിക്കുന്നതിനു വേണ്ടിയല്ല, നല്ലവരോടു മാത്രം  സൗഹൃദം ഉണ്ടാക്കുന്നതിനും വേണ്ടിയല്ല. മറിച്ച് തന്നെ വേദനിപ്പിച്ചവരെ പോലും, തന്നെ വേണ്ട എന്ന് വിചാരിക്കുന്നവരെ  പോലും രക്ഷിക്കുന്നതിന് വേണ്ടിയാണ്. അവിടെയാണ് യോഹന്നാന്‍റെ സുവിശേഷം മൂന്നാം അദ്ധ്യായം പതിനാറാമത്തെ വചനം അന്വർത്ഥമാകുന്നത്. "തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു". ഈ ലോകം എന്ന് പറയുമ്പോൾ അവനെ വേണ്ടാത്തവരെയും, അവനു തങ്ങളുടെ ജീവിതത്തിൽ ഒരു സ്ഥാനവുമില്ല എന്ന് പറയുന്നവരെയും രക്ഷിക്കുന്ന ഈശോയുടെ സ്നേഹത്തെയാണ്  അത് വെളിപ്പെടുത്തുന്നത്.

പാദം കഴുകാൻ വരുന്ന  ഗുരുവിനെ തടയുന്ന പത്രോസ്

ഇനി നമ്മൾ കാണാൻ പോകുന്നത് പത്രോസ് എന്ന കഥാപാത്രത്തെയാണ്. പത്രോസിലേക്ക് നോക്കുക. പത്രോസിന് ആകെ ഒരു വിഷമതയാണ്. തന്‍റെ ഗുരുനാഥൻ കാലുകഴുകാൻ വരുന്നു. അവൻ അപ്പോൾത്തന്നെ പറയുകയാണ്, വേണ്ട. എന്‍റെ കാല് കഴുകരുത്. എന്തിനാണ് തന്‍റെ കാലു കഴുകുന്നത് എന്നതുതന്നെയാണ് അവന്‍റെ ബുദ്ധിമുട്ട്. തന്‍റെ ഗുരുനാഥൻ ഈ പ്രവൃത്തിയുമായി തന്‍റെ അരികിലേക്ക് വരേണ്ട എന്നുപറയുമ്പോൾ, ഈശോ ഇങ്ങനെയൊരു കാര്യം എന്നിലേക്ക് ചെയ്യേണ്ട എന്നു പറയുമ്പോൾ, അവൻ പ്രതീക്ഷിക്കാത്ത ഒരു കാര്യം അവൻ അംഗീകരിക്കുന്നില്ല എന്നതാണ്.

ഇതു വളരെ ചിന്തിക്കേണ്ട ഒരു കാര്യമാണ്. എന്‍റെ ഗുരുവിൽ നിന്നും, എന്‍റെ ദൈവത്തിൽ നിന്നും, എന്‍റെ സഹജരിൽ നിന്നും പ്രതീക്ഷിക്കാത്ത പലതും എന്‍റെ ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ അതിനോടു ഒരു വിമുഖത കാണിക്കുന്നതിനെ സ്വാഭാവികമായി കാണുന്നു. പത്രോസിന് മനസ്സിലാക്കാൻ പറ്റാത്ത ഒരു കാര്യമാണ് ഈശോയുടെ കാലുകഴുകൽ. ഈ മനസ്സിലാക്കാൻ പറ്റാത്ത കാര്യത്തിന് മുൻപിൽ നമ്മളും പത്രോസിനെ പോലെ പ്രതിരോധിക്കുന്ന ഒരു സ്വഭാവം കാണിക്കും.

ഉദാഹരണത്തിന്,  നമ്മുടെ ജീവിതത്തിലേക്കോ, നമ്മുടെ കുടുംബത്തിലേക്കോ ഒരു സഹനം കടന്നുവരുമ്പോള്‍ അതിനെക്കുറിച്ച് മനസ്സിലാക്കാൻ കഴിയാതെ വരുന്നവസരത്തില്‍ വേണ്ടാ, നമ്മുടെ ജീവിതത്തിലേക്ക് വരണ്ട എന്ന് നാം തടയാന്‍ ശ്രമിക്കും. അപ്പോൾ ഈശോ കൊടുക്കുന്ന ഒരു മറുപടിയുണ്ട്. നിനക്ക് ഇതിനെക്കുറിച്ച് ഇപ്പോൾ മനസ്സിലാകുകയില്ല. പിന്നെ മനസ്സിലാകും. ഇത് ആഴമുള്ള ഒരു ധ്യാന വിഷയമാണ്. ദൈവം നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് ചിലപ്പോൾ സന്തോഷമായിട്ടായിരിക്കാം, ചിലപ്പോൾ കാലുകഴുകലായിട്ടായിരിക്കാം, ചിലപ്പോൾ നമ്മെ ഒന്ന് എളിമപ്പെടുത്തുന്നതിന് വേണ്ടിയായിരിക്കാം. അപ്പോൾ നാം  തടസ്സപ്പെടുത്തേണ്ട കാര്യമില്ല. ഇതിന്‍റെ അർത്ഥം പിന്നീട് മനസ്സിലാകും. പത്രോസിനും പിന്നീട് അത് മനസ്സിലാകുന്നുണ്ട്. ചരിത്രം അത് വ്യക്തമാക്കുകയും ചെയ്യുന്നു. എന്തിനാണ് എന്‍റെ  ഗുരുനാഥൻ എന്‍റെ കാല് കഴുകിയെന്ന് പിന്നീടാണ് അവനു വ്യക്തമാകുന്നത്.  അത് മനസ്സിലാക്കിയതിനു ശേഷം മറ്റുള്ളവരുടെ ജീവിതത്തിൽ നന്മയായി മാറാന്‍ പത്രോസിന് കഴിയുന്നു.

ഗുരു വക്ഷസ്സിൽ തലചായിച്ചു കിടന്ന യോഹന്നാൻ

മൂന്നാമത്തെ കഥാപാത്രം നമ്മളിവിടെ ധ്യാന വിഷയമാക്കുന്നത് ഈശോ സ്നേഹിച്ച ശിഷ്യനാണ്. ഈശോ സ്നേഹിച്ച ശിഷ്യനെ കുറിച്ചുള്ള  ആമുഖമാണ് ഈ അന്ത്യ അത്താഴ സമയത്ത് കാണാൻ സാധിക്കുന്നത്. യേശുവിന്‍റെ വക്ഷസ്സിൽ തലചായ്ച്ചു കിടക്കുകയായിരുന്നു എന്നാണ് സുവിശേഷകൻ പറയുന്നത്. അവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദം ‘KOLPO’ എന്ന വാക്കാണ്, അതേ പദം തന്നെയാണ് ഒന്നാം അദ്ധ്യായം പതിനെട്ടാമത്തെ വചനത്തിൽ യേശുവും പിതാവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറയുമ്പോൾ ഉപയോഗിച്ചിരിക്കുന്നത്. യേശു പിതാവിന്‍റെ ഉദരത്തിൽ ആയിരുന്നു എന്ന് സൂചിപ്പിക്കുന്നതിനു വേണ്ടി ഉപയോഗിച്ചിട്ടുള്ള അതേ പദം തന്നെയാണത്. ഇവിടെ, യേശുവിനെ സ്നേഹിക്കുന്ന, യേശു സ്നേഹിക്കുന്ന ശിഷ്യനെ കുറിച്ചും ഉപയോഗിച്ചിരിക്കുന്നു. യേശുവിന്‍റെ ഹൃദയസ്പന്ദനം അറിഞ്ഞവൻ. അവൻ യഥാർത്ഥ ശിഷ്യനായി വളരുന്നതാണ് പിന്നീട് കാണുന്നത്. ഗത്സെമനി തോട്ടത്തിൽ വച്ച് എല്ലാവരും ഒളിച്ചോടി രക്ഷപെടുന്ന സമയത്തും അവൻ യേശുവിനെ അനുഗമിച്ചുവെന്നും, കുരിശിന്‍ കീഴിൽ അമ്മയോടു കൂടെ അവൻ നിന്നുവെന്നും, ഉത്ഥാനത്തെക്കുറിച്ച് ആദ്യത്തെ സാക്ഷ്യം വഹിച്ചു എന്നും, പിന്നീട് കർത്താവ് പ്രത്യക്ഷപ്പെട്ടപ്പോൾ ദൂരെ ആ കടൽക്കരയിൽ നിന്നിരുന്ന ആ അപരിചിതൻ യേശുവാണ്, തന്‍റെ ഗുരുനാഥനാണെന്ന് പറയുകയും ചെയ്തത് ഈയൊരു ശിഷ്യനാണെന്നും ബൈബിള്‍ പറയുന്നു. ഹൃദയസ്പന്ദനം അനുഭവിച്ചവന് മാത്രമേ കുരിശിന്‍റെ അരിക് വരെ എത്തുവാൻ സാധികൂ.

ശുശ്രൂഷ : പൗരോഹിത്യ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പുണ്യം

 ഇതൊരു പാഠമാണ്. ഈ പാഠം എല്ലാ ക്രിസ്ത്യാനികൾക്കും കൂടി ഉള്ളതാണെങ്കിൽ തന്നെയും, ഇത് പൗരോഹിത്യ ദിനത്തിൽ ഓരോ പുരോഹിതനും നൽകുന്ന പാഠം തന്നെയാണ്. ഒരു പുരോഹിതൻ വിളിക്കപ്പെട്ടിരിക്കുന്നത് പത്രോസിനെപ്പോലെ വലിയ നേതാവ് ആകുക എന്ന തലത്തിലേക്ക് അല്ല. മറിച്ച് യേശുവിന്‍റെ ഹൃദയസ്പന്ദനം അനുഭവിച്ചറിയുന്നതിന് വേണ്ടിയാണ്. അതുകൊണ്ടാണ് ഇന്നത്തെ ദിനത്തിനെ പൗരോഹിത്യദിനം എന്ന് പറയുന്നത്. ഇന്നത്തെ ദിനത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത എന്ന് പറഞ്ഞാൽ ഒരു ക്രിസ്തുശിഷ്യൻ ക്രിസ്തുവിന്‍റെ വക്ഷസ്സിൽ ചാരി നിൽക്കുന്ന ദിനം എന്നതാണ്. ഇന്നത്തെ ദിനം തന്‍റെ ജീവിതത്തിലേക്ക് വരുന്ന അപ്രതീക്ഷിതമായ ചില സംഭവങ്ങളുടെ മുൻപിൽ വിഷണ്ണനായി നിന്ന് ഇതൊന്നും എന്‍റെ ജീവിതത്തിലേക്ക് വരരുത്, ഒരു സഹനവും ഇനി എന്‍റെ ജീവിതത്തിലേക്ക് വരരുത്, നീ എന്‍റെ കാലു കഴുകരുത്, നീ എന്‍റെ കാലു കഴുകിയാൽ ഞാൻ മറ്റുള്ളവരുടെയും കാലു കഴുകണം എന്ന ചിന്ത ചിലപ്പോൾ പത്രോസിന് ഉണ്ടായിരുന്നതുപോലെ ഒരു പുരോഹിതനാകേണ്ട വ്യക്തിക്കും ഉണ്ടാകേണ്ട തലം എന്ന് വിചാരിക്കരുത്. മറിച്ച്, പൗരോഹിത്യ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പുണ്യം എന്നാൽ യേശുവിന്‍റെ ഹൃദയത്തിൽ സ്വന്തം തല കൊണ്ട് ചേർത്തുവയ്ക്കുക എന്നതാണ്. അങ്ങനെ നിൽക്കുവാൻ വിളിക്കപ്പെട്ട ഒരു ജീവിതമാണ് പൗരോഹിത്യ ജീവിതം. അതുകൊണ്ടാണ് ഇന്നത്തെ ദിനത്തെ പുരോഹിതരുടെ ദിനം എന്ന് പറയുന്നത്,പൗരോഹിത്യ സ്ഥാപനം എന്ന് പറയുന്നത്. അങ്ങനെ സ്വന്തം തല കൊണ്ടുപോയി യേശുവിന്‍റെ ഹൃദയത്തോടു ചേർത്തു വച്ചാൽ മാത്രമേ ശുശ്രൂഷ എന്ന നന്മയുടെ ആഴവും അർത്ഥവും മനസ്സിലാകുകയുള്ളൂ. ഇന്ന് പൗരോഹിത്യത്തിൽ ഏറ്റവും അത്യന്താപേക്ഷിതമായ പദമാണ് ശുശ്രൂഷ. ശുശ്രൂഷിക്കപ്പെടാനല്ല ശുശ്രൂഷിക്കുവാനാണ് ഞാൻ വന്നിരിക്കുന്നത്. എന്‍റെ കാലു കഴുകുന്നതിന് വേണ്ടിയല്ല, മറ്റുള്ളവരുടെ കാലുകൾ കഴുകുന്നതിന് വേണ്ടിയാണ്. പരിശുദ്ധ പിതാവിന്‍റെ ഈയൊരു ചിത്രം നമ്മളിപ്പോൾ കണ്ടുകൊണ്ടിരിക്കുകയാണ്. സുഡാനിലെ നേതാക്കന്മാരുടെ കാല് ചുംബിക്കുന്ന പരിശുദ്ധ ഫ്രാൻസിസ് പാപ്പായുടെ ചിത്രം സ്നേഹത്തിന്‍റെ ഏറ്റവും വലിയ മാതൃക നമുക്ക് നൽകുന്നു. നമ്മളോരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത് ഈയൊരു തലത്തിലേക്കാണ്.

ദുഃഖ വെള്ളിയിൽ പോലും വിശ്വാസം പതറാതെ  സൂക്ഷിച്ച അമ്മ മേരി

ഒരു കഥാപാത്രം കൂടിയുണ്ട്. അത് ആരാണ്? അത് നിശബ്ദമായ ഒരു കഥാപാത്രമാണ്. യോഹന്നാന്‍റെ സുവിശേഷത്തിലെ രണ്ടാം അദ്ധ്യായത്തിൽ കാനായിലെ കല്യാണ വിരുന്നിൽ വച്ച് പരിശുദ്ധ അമ്മയെന്ന കഥാപാത്രത്തെ കാണാം. പിന്നീട് കാണുന്നത് പത്തൊമ്പതാം അദ്ധ്യായം ഇരുപത്തിയഞ്ചാം വചനത്തിലാണ്. ഈ കാലഘട്ടത്തിൽ,  ഈ ഇടവേളകളില്‍ പരിശുദ്ധ അമ്മ എവിടെയായിരുന്നു? നിശബ്ദമായി മകന്‍റെ കൂടെ ഉണ്ടായിരുന്നു. പെസഹാ വ്യാഴാചരണ ദിനത്തിൽ, ഈശോയും തന്‍റെ ശിഷ്യന്മാരും ഒന്നിച്ചു കൂടിയിരിക്കുന്ന ഈ നിമിഷത്തിൽ അമ്മ അവരുടെ കൂടെ ഉണ്ടായിരുന്നോ? ഉണ്ടായിട്ടുണ്ടാകണം. മരിയ വാൾത്തോർത്തയുടെ മനോഹരമായ ഒരു പുസ്തകമാണ് The Poem of God-Man. പെസഹാ വ്യാഴത്തെക്കുറിച്ച് ദർശനാത്മകമായി മനോഹരമായ ഒരു ചിത്രം അവർ വരച്ചു ചേർക്കുന്നുണ്ട്. പെസഹാ വ്യാഴത്തിലെ ആ രാത്രിയില്‍ ഈശോയും ശിഷ്യന്മാരും പെസഹാവ്യാഴത്തിനായുള്ള കാര്യങ്ങൾ ഒരുക്കുന്നു. അപ്പുറത്തെ ഒരു മുറിയിൽ സ്ത്രീകളുണ്ട്. കൂടെ അമ്മയും ഉണ്ട്. ഈശോ ആ മുറിയിലേക്ക് കടന്നു ചെല്ലുകയാണ്. ഈശോയ്ക്ക് എന്തോ അമ്മയോടു സംസാരിക്കണമെന്നുണ്ട്. ഇത് മനസ്സിലാക്കിയ ആ സ്ത്രീ കൂട്ടം അവിടെ നിന്നും മാറി കൊടുക്കുകയാണ്. ഈശോ അമ്മയുടെ അരികിലേക്ക് ചെന്നു. അമ്മ ഒരു കസേരയില്‍ ഇരിക്കുകയാണ്. പുത്രൻ നിലത്തിരുന്നു. അമ്മയുടെ കാലിൽ മകൻ തന്‍റെ കരങ്ങൾ വച്ചു. എന്നിട്ട് അമ്മയോടു സംസാരിക്കാൻ തുടങ്ങുന്നു. അമ്മേ, അമ്മയ്ക്കറിയാമല്ലോ നാളെ എന്‍റെ ജീവിതത്തിൽ എന്തു സംഭവിക്കുമെന്ന്. ജനങ്ങളും, ശിഷ്യന്മാരും വിചാരിച്ചിരിക്കുന്നത് നാളെ ഞാൻ വലിയൊരു രാജാവായി മാറും എന്നാണ്. പക്ഷേ അമ്മയ്ക്കറിയാമല്ലോ, നാളെ എന്‍റെ ജീവിതം എന്തായിരിക്കുമെന്ന്. അമ്മേ, അമ്മയുടെ പ്രാർത്ഥനയും അമ്മയുടെ സ്നേഹവും കൊണ്ട് എന്നെ താങ്ങി നിർത്തണമേ.

എല്ലാവരെയും ഹൃദയത്തോടു ചേർത്ത് നിർത്തുവാൻ ആഗ്രഹിച്ചവന്‍റെ കടന്നു പോകലിന്‍റെ ദിനം

ഇതാണ് പെസഹാദിനം. സ്നേഹം നൽകുകയും, സ്നേഹം സ്വീകരിക്കുകയും ചെയ്യുന്ന ഒരു മനസ്സ്. ശിഷ്യന്മാരുടെ കാലുകൾ കഴുകിയ സമയത്തില്‍ അവരുടെ സ്നേഹത്തിനായി  ക്രിസ്തു ദാഹിച്ചിട്ടുണ്ടാകണം. അവന്‍റെ വേദനകൾ പലപ്രാവശ്യവും മനസ്സിലാക്കാൻ സാധിക്കാതെ പോയതും ഈയൊരു നിമിഷത്തിൽ തന്നെയായിരുന്നു. അവസാനം കാലുകൾ കഴുകി കഴിഞ്ഞപ്പോൾ അവനോടൊപ്പം ഭക്ഷണം ഒന്നിച്ചു കഴിച്ചതിനുശേഷം ഒരുവൻ അന്ധകാരത്തിലേക്ക് ഇറങ്ങി പോകുന്നു എന്ന ചിത്രവും സുവിശേഷകൻ വരച്ചു ചേർത്തിട്ടുണ്ട്. തന്നിൽ നിന്നും സ്നേഹം സ്വീകരിച്ച് തന്നെത്തന്നെ ഒറ്റിക്കൊടുക്കാൻ പോകുന്നവനെയും ഈശോ നാഥൻ കരുണയോടു കൂടെ തന്നെയാണ് നോക്കിയത്. ഇതാണ് പെസഹാ വ്യാഴം. എല്ലാവരെയും ഹൃദയത്തോടു ചേർത്ത് നിർത്തുവാൻ ആഗ്രഹിച്ച ഒരുവന്‍റെ കടന്നു പോകലിന്‍റെ ദിനമാണ്. തന്നെ മുറിവേൽപ്പിക്കും, തന്നെ ഒറ്റിക്കൊടുക്കും, തന്‍റെ കൂടെയുള്ളവർ ഓടി ഒളിക്കും എന്നറിഞ്ഞുകൊണ്ട് തന്നെ എല്ലാവരെയും സ്നേഹിക്കാൻ പഠിപ്പിച്ച ദിനമാണിന്ന്. നമ്മുടെ ഹൃദയത്തിൽ ചേർത്ത് വയ്ക്കേണ്ടത് ഈ സ്നേഹത്തെയാണ്. നമ്മുടെ ജീവിത പരിസരങ്ങളിൽ, നമ്മുടെ കുടുംബങ്ങളിൽ, നമ്മൾ ആയിരിക്കുന്ന തലങ്ങളിൽ, എങ്ങനെ സ്നേഹം നല്‍കാന്‍ സാധിക്കും എന്ന് വിചിന്തിനം ചെയ്യാം. ഇനി ആരുടെയും മുഖത്തു നോക്കി നമ്മൾ പറയരുത്. നീ എന്നെ ചതിച്ചില്ലേ, എന്നെ ഒറ്റികൊടുക്കുവാൻ പോകുന്നവനല്ലേ, നീ എനിക്ക് പാര വച്ചവൻ അല്ലേ എന്ന്. മറിച്ച് അവരുടെ എല്ലാവരുടെയും ജീവിതത്തിലേക്ക് സ്നേഹമായി, കരുണയായി, നന്മയായി ഇറങ്ങിച്ചെല്ലുവാൻ സാധിക്കണം. ഓർക്കുക, ലോകത്തിൽ ഒത്തിരി തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഏകപദം സ്നേഹം മാത്രമാണ്. ആ സ്നേഹത്തിന്‍റെ ദൈവികമായ അർത്ഥതലങ്ങളാണ് പെസഹാവ്യാഴത്തിലൂടെ, അതിനുശേഷം വരുന്ന ദിനങ്ങളിലൂടെ ഈശോനാഥൻ നമുക്ക് കാണിച്ചുതരുന്നത്.

സ്നേഹമെന്നത്  പരിഗണനയാണ്

സ്വയം ശൂന്യമാകുന്ന തരത്തിലുള്ള ക്രിയാത്മകമായ പരിഗണന അതാണ് സ്നേഹം. അവന്‍റെ സ്വയം ശൂന്യമാകൽ ഇതാ ആരംഭിച്ചു കഴിഞ്ഞു. ഇവിടെ നീയും ആരംഭിക്കണം. നിന്‍റെ കുടുംബത്തിൽ, നിന്‍റെ ജീവിത പരിസരത്തിൽ നീയും ശൂന്യമാകണം. താഴെത്തട്ടിലേക്ക് ഒന്നിറങ്ങി വരണം. കൂടെയുള്ളവരുടെ കാലുകൾ ഒന്ന് കഴുകുവാനും ചുംബിക്കാനുമുള്ള മനസ്സിലേക്ക് നീ ഇറങ്ങിവരണം. ആ ശൂന്യതയുടെ തലത്തിലേക്ക് നീ വന്നാൽ മാത്രമേ സ്നേഹം എന്ന പദം നിന്‍റെ ചുണ്ടുകളിൽ അതിന്‍റെ പൂർണ്ണമായ അർത്ഥത്തിൽ നിനക്ക് മറ്റുള്ളവരോടു ഉച്ചരിക്കാൻ സാധികൂ. ഒരു ക്രിയാത്മകത ഉണ്ടാകണം. ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് പറയുമ്പോൾ അതിനെ പ്രവർത്തി തലത്തിലേക്ക് കൊണ്ടുപോകണം എന്ന ഓര്‍മ്മപ്പെടുത്തലും കൂടിയുണ്ട്. ഒത്തിരി സന്ദേശങ്ങൾ  സമൂഹ മാധ്യമങ്ങളിലൂടെ   സന്ദേശങ്ങള്‍ സ്നേഹത്തെ പ്രതി നമ്മൾ നൽകുമ്പോൾ, ആ വാക്കുകൾ പ്രവർത്തിയായി മാറണം. അത് ക്രിയാത്മകമാകണം. അവസാനം, സ്നേഹമെന്നാൽ പരിഗണനയാണ്.

തന്നെ ഒറ്റിക്കൊടുക്കും എന്ന് അറിഞ്ഞു കൊണ്ടും, തന്നെ തള്ളിപ്പറയും എന്നു മനസ്സിലാക്കി കൊണ്ടും, അവരെയെല്ലാവരെയും ഹൃദയത്തോടു ചേർത്തുനിർത്തി, ആരെയും ഒഴിവാക്കാതെ, ആരെയും അവഗണിക്കാതെ കൂടെ ചേർത്തുനിർത്തിയ ആ സ്നേഹം ഉണ്ടല്ലോ. അതാണ് പരിഗണന. ആ മനോഭാവം  തന്നെയാണ് സ്നേഹം. ഓർക്കുക, സ്വയം ശൂന്യവൽക്കരിക്കുന്ന തരത്തിലുള്ള ക്രിയാത്മകമായ പരിഗണനയാണ് സ്നേഹം. ആ സ്നേഹത്തെ ലോകത്തിനു മുൻപിൽ പകുത്തു നല്‍കിയ ആ നന്മയുടെ ദിനമാണിന്ന്. ഈ ദിനത്തിൽ നമുക്ക് പ്രാർത്ഥിക്കാം. ആ സ്നേഹ ചൈതന്യത്തെ നമ്മുടെ ജീവിതത്തിലും നമ്മുടെ കുടുംബങ്ങളിലും നമ്മുടെ ജീവിത പരിസരങ്ങളിലും എന്നും എപ്പോഴും നിലനിർത്തുന്നതിന് വേണ്ടി ഈ ദിനത്തിൽ നമുക്ക് പ്രാർത്ഥിക്കാം.സർവ്വശക്തനായ ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 April 2019, 14:51