തിരയുക

Vatican News
സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട എട്ടുമാസം പ്രായമുള്ള കുഞ്ഞും, അമ്മയും ... സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട എട്ടുമാസം പ്രായമുള്ള കുഞ്ഞും, അമ്മയും ... 

ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി യുണിസെഫ്

കുട്ടികൾ ഉൾപ്പെടെ കുടുംബങ്ങൾക്കുനേരെ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിൽ അഗാധമായ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി യുണിസെഫിന്‍റെ ഇറ്റാലിയൻ വക്താവ് അന്ത്രെയാ യാക്കോമിനി ആക്രമണങ്ങളെ ഏറ്റവും കടുത്തഭാഷയിൽ അപലപിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

ക്രൂരമായ ആക്രമണത്തിൽ മരണമടഞ്ഞവരുടെയും, പരുക്കേറ്റവരുടെയും, ദുരിതമനുഭവിക്കുന്നവരുടെയുമൊപ്പം, അവരുടെ കുടുംബങ്ങളോടും, സമൂഹങ്ങളോടും തങ്ങളുടെ സാമിപ്യം അറിയിക്കുകയും ചെയ്തു. ഘോരമായ ഈ ആക്രമണങ്ങൾ കുട്ടികളെയും യുവാക്കളെയും എങ്ങനെ ബാധിച്ചു എന്ന വാർത്തകൾ വന്നുകൊണ്ടിരിക്കയാണെങ്കിലും,  തങ്ങൾക്കുകിട്ടിയ ഇപ്പോഴുള്ള വിവരമനുസരിച്ച് 40 ശ്രീലങ്കൻ കുട്ടികളും 5 ഓളം മറ്റുരാജ്യക്കാരായ  കുട്ടികളും ഈ ആക്രമണത്തിൽ വധിക്കപ്പെടുകയും, 25 കുട്ടികൾ മാരകമായ പരിക്കുകളോടെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണവിഭാഗത്തിലും മറ്റുമായി കഴിയുകയും ചെയ്യുന്നുവെന്ന് അന്ത്രെയാ യാക്കോമിനി വ്യക്തമാക്കി.

പല കുട്ടികൾക്കും മാതാപിതാക്കളിൽ  ഒരാളോ, രണ്ടുപേരുമോ നഷ്ടമായവരും,  ഈ ഭീകര സംഭവത്തിനു ദൃക്‌സാക്ഷികളായ മറ്റനേകം കുഞ്ഞുങ്ങളുമുണ്ട്. ശ്രീലങ്കൻ ഭരണാധികാരികളുമായി സംസാരിച്ചശേഷം യൂണിസെഫ് പലസ്ഥലങ്ങളിലും അത്യാവശ്യ മരുന്നുകൾ എത്തിക്കാനും, മാതാപിതാക്കളിൽ നിന്നും വേർപിരിഞ്ഞുപോയ കുട്ടികൾക്ക് അവരുടെ മാതാപിതാക്കളെ തിരിച്ചറിയുന്നതിനും കുടുംബവുമായി ബന്ധപ്പെടുന്നതിനുമുള്ള സാഹചര്യങ്ങൾ ഒരുക്കാനും, മാതാപിതാക്കൾ നഷ്ടപെട്ടവരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റുന്നതിനും, മാനസീക പ്രഥമശുശ്രൂഷകൾ ലഭ്യമാക്കുന്നതിനും ആവശ്യമായ സഹായങ്ങൾ ചെയ്തുവരുന്നുവെന്നു പറഞ്ഞ യാക്കോമിനി,  ഇനി ഒരുകുട്ടിയും ഇതുപോലെ ഹൃദയഭേദകമായ ഒരു അനുഭത്തിലൂടെ കടന്നുപോകരുതെന്നും, ഒരു രക്ഷിതാവിനും ഇതുപോലെ സാഹചര്യങ്ങളിൽ മക്കളെ എന്നന്നേയ്ക്കുമായി നഷ്ടമാകരുതെന്നും ഇത്തരം നിഷ്ടൂരമായ ആക്രമണങ്ങളെ യുണിസെഫ് ഘോരഘോരം അപലപിക്കുന്നു എന്നും അറിയിച്ചു.

 

24 April 2019, 12:27