തിരയുക

Orchids of Asia - from Budapest Horticultural exhibition - March 2019 Orchids of Asia - from Budapest Horticultural exhibition - March 2019 

ബലഹീനതകളെ ഉള്‍ച്ചേര്‍ക്കുന്ന ദൈവസ്തുതികള്‍

ഒരു സമ്പൂര്‍ണ്ണസ്തുതിപ്പിന്‍റെ പഠനം - ഭാഗം നാല് - സങ്കീര്‍ത്തനം 130

- ഫാദര്‍ വില്യം നെല്ലിക്കല്‍

സ്തുതികളില്‍ ഉയരുന്ന കദനഭാരം - ശബ്ദരേഖ

കരുത്തുപകരുന്ന ദൈവത്തിലുള്ള പ്രത്യാശ
സങ്കീര്‍ത്തനം 103-‍ന്‍റെ വ്യാഖ്യാനപഠനം കഴിഞ്ഞ മൂന്നു പ്രക്ഷേപണങ്ങളിലായി നാം ശ്രവിക്കുകയായിരുന്നു. സമ്പൂര്‍ണ്ണ സ്തുതിപ്പായ ഈ സങ്കീര്‍ത്തനത്തിന്‍റെ ആദ്യഘട്ടം, 1-മുതല്‍ 
19-വരെയുള്ള പദങ്ങളുടെ വ്യാഖ്യാനം രണ്ടു പരമ്പരകളായി നാം മനസ്സിലാക്കിയതാണ്. തന്നോടുതന്നെയുള്ള സംഭാഷണ രീതിയിലൂടെ അല്ലെങ്കില്‍ ഒരു ആത്മഗതത്തിലൂടെ സങ്കീര്‍ത്തകന്‍ ദൈവത്തിന് നന്ദിപറയുകയും, സ്തുതിക്കുകയും ചെയ്യുന്നു. ഈ സങ്കീര്‍ത്തന ഭാഗം അനുവാചകര്‍ക്ക് പകര്‍ന്നുനല്കുന്ന പ്രത്യാശയുടെ അനുഭവം ഏറെ ശ്രദ്ധേയമാകുന്ന മറ്റൊരു വസ്തുതയുമാണ്. ഗായകന്‍ അത് വിവരിക്കുന്നത് ഇങ്ങനെയാണ് - ദൈവിക നന്മകള്‍ക്ക് നന്ദിപറയുകയും അവിടുത്തെ സ്തുതിക്കുകയും ചെയ്യുമ്പോള്‍ മനുഷ്യന്‍ തന്‍റെതന്നെ ബലഹീനതകളെയും പതനത്തെയും ജീവിത ദൗര്‍ഭാഗ്യങ്ങളെയും അനുസ്മരിക്കുന്നു. എന്നാല്‍ ദൈവം സകലത്തിന്‍റെയും സ്രഷ്ടാവാണ് എന്ന അവബോധവും അനുസ്മരണവും മനുഷ്യന്‍റെ നിസ്സാരതയിലും  ദൈവത്തില്‍ ആശ്രയിച്ച് പ്രത്യാശയോടെ ജീവിക്കുവാനുള്ള പ്രചോദനം നല്‍കുമെന്ന് നമ്മെ ഉദ്ബോധിപ്പിക്കുന്നു. ഈ ആമുഖത്തോടെ നമുക്ക് ഗീതത്തിന്‍റെ 19-മുതല്‍ 22-വരെയുള്ള പദങ്ങളുടെ വ്യാഖ്യാനത്തിലേയ്ക്ക് കടക്കാം.

Musical Version of 103
എന്‍റെ ആത്മാവേ, സ്തുതിക്കൂ അന്തരംഗമേ വാഴ്ത്തൂ
നാഥനെ വാഴ്ത്തൂ, നാഥനെ വാഴ്ത്തൂ (2).

ദൈവം കരുണാര്‍ദ്രനായ പിതാവ്
സങ്കീര്‍ത്തനത്തിന്‍റെ 19-22-വരെയുള്ള പദങ്ങളില്‍ ദൈവത്തിന്‍റെ അത്ഭുതമൂറുന്ന കാരുണ്യാതിരേകമാണ് ഈ വരിയില്‍ തെളിഞ്ഞു നില്ക്കുന്നത് ശ്രദ്ധേയമാണ്. ദൈവം കരുണാര്‍ദ്രനായ പിതാവാണെന്ന് സങ്കീര്‍ത്തകന്‍ ഇവിടെ സയുക്തം സമര്‍ത്ഥിക്കുന്നത് പദത്തിന്‍റെ സൂക്ഷ്മ പഠനത്തില്‍നിന്നും നമുക്ക് മനസ്സിലാക്കാന്‍ ശ്രമിക്കാം. പദങ്ങള്‍ ശ്രവിച്ചുകൊണ്ട് പഠനം തുടരാം.

Recitation : (19-22)
19.കര്‍ത്താവു സിംഹാസനം സ്വര്‍ഗ്ഗത്തില്‍ സ്ഥാപിച്ചിരിക്കുന്നു.
എല്ലാവരും അവിടുത്തെ രാജകീയ അധികാരത്തിന്‍ കീഴിലാണ്.
20.കര്‍ത്താവിന്‍റെ വചനം ശ്രവിക്കുകയും അവിടുത്തെ ആജ്ഞ അനുസരിക്കുകയും ചെയ്യുന്ന ശക്തരായ ദൂതരേ, അവിടുത്തെ വാഴ്ത്തുവിന്‍
21.കര്‍ത്താവിന്‍റെ ഹിതം നിറവേറ്റുന്ന ദാസരുടെ വ്യൂഹങ്ങളേ, അവിടുത്തെ സ്തുതിക്കുവിന്‍.
22.കര്‍ത്താവിന്‍റെ അധികാരസീമയില്‍പ്പെട്ട സൃഷ്ടികളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍.
എന്‍റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിക്കുക.

സകലസൃഷ്ടികളും കര്‍ത്താവിനെ സ്തുതിക്കട്ടെ! ഗീതത്തിന്‍റെ അവസാനത്തെ പദങ്ങളാണ് നാം ശ്രവിച്ചത്. സകലത്തിന്‍റെയും മുകളി‍ല്‍ നില്ക്കുന്നത് ദൈവമായ കര്‍ത്താവുതന്നെയാണ് ഈ ഗീതം സമര്‍ത്ഥിക്കുന്നു. അതുകൊണ്ടാണ് സങ്കീര്‍ത്തകന്‍ ഇങ്ങനെ പ്രസ്താവിക്കുന്നത് Let all creations bless the Lord!  സര്‍വ്വ സൃഷിടികളും ദൈവത്തെ സ്തുതിക്കട്ടെ!

ദൈവത്തിന്‍റെ മുന്നില്‍ വിനീതരായിരിക്കാം
തന്‍റെ സിംഹാസനം കര്‍ത്താവ് ഉന്നതങ്ങളി‍ല്‍ സ്ഥാപിച്ചിരിക്കുന്നു. അവിടെനിന്നുമാണ് ദൈവം സകലത്തിനെയും ഭരിക്കുന്നത്. അങ്ങനെ ഉന്നതസ്ഥനായ ദൈവത്തെ സങ്കീര്‍ത്തകന്‍ പദങ്ങളില്‍ അവതരിപ്പിക്കുമ്പോള്‍ തുടര്‍ന്ന് അനുവാചകരില്‍നിന്നുമുള്ള പ്രതികരണം എപ്രകാരമായിരിക്കും, അല്ലെങ്കില്‍ എന്തായിരിക്കണമെന്നും നാം ഊഹിക്കേണ്ടതാണ്. ദൈവം പിതാവും, സ്രഷ്ടാവും, രാജാവുമായ ദൈവമാണെങ്കില്‍ മനുഷ്യരായ നാം അവിടുത്തോട് അതിനുചിതമായി താഴ്മയോടും ഭക്തിയോടും, ആദരവോടും നന്ദിയോടുംകൂടെ പ്രതികരിക്കേണ്ടവരാണെന്ന് ഗീതം നമ്മെ അനുസ്മരിപ്പിക്കുന്നു. എന്നാല്‍ ആരെല്ലാമാണ് ദൈവത്തെ സ്തുതിക്കേണ്ടതെന്നും സങ്കീര്‍ത്തകന്‍ തുടര്‍ന്നുള്ള വരികളില്‍ വെളിപ്പെടുത്തുന്നത് തുടര്‍ന്നും പഠിക്കാം.

Musical Version of 103
എന്‍റെ ആത്മാവേ, സ്തുതിക്കൂ അന്തരംഗമേ വാഴ്ത്തൂ
നാഥനെ വാഴ്ത്തൂ, നാഥനെ വാഴ്ത്തൂ (2).
1.  ആഹാരിക്കാനീ ഭൂമിയില്‍ ജീവജാലങ്ങള്‍ അങ്ങെ കാരുണ്യത്തിനായ് പാര്‍ത്തിരിക്കുന്നു.
2. അവിടുത്തെ പരിപാലന ഞങ്ങള്‍‍ക്കീ മന്നില്‍
3. എന്നും സമൃദ്ധമാകുന്നു
4. അങ്ങു കൈതുറന്നു നല്കുമ്പോള്‍ ഞങ്ങളീ മന്നില്‍ തൃപ്തരാകുന്നു.
5. അങ്ങേ കൃപാതിരേകം ഞങ്ങള്‍ക്കെന്നും ശക്തിയും ജീവനും നല്‍കുന്നു.

ദൈവത്തെ സ്തുതിക്കുന്നവര്‍
1. ആദ്യമായി
കര്‍ത്താവിന്‍റെ ദൂതന്മാര്‍...എന്ന പ്രയോഗം ശ്രദ്ധിക്കാം. അതിനെക്കുറിച്ച് സങ്കീര്‍ത്തകന്‍ ഇങ്ങനെയാണ് പറയുന്നത്.
20.കര്‍ത്താവിന്‍റെ വചനം ശ്രവിക്കുകയും അവിടുത്തെ ആജ്ഞ അനുസരിക്കുകയും ചെയ്യുന്ന ശക്തരായ ദൂതരേ, അവിടുത്തെ വാഴ്ത്തുവിന്‍!
ആനുകാലികമായി നാം മാലാഖമാരെ അല്ലെങ്കില്‍ ദൂതന്മാരെ എങ്ങനെ ചിത്രീകരിച്ചാലും, അതിന്‍റെ ആന്തരീകാര്‍ത്ഥമാണ് മനസ്സിലാക്കേണ്ടത്. മാലാഖമാര്‍ ദൈവദൂതന്മാരാണ്. അവര്‍ ദൈവിക സന്ദേശവാഹകരാണ്. ദൗത്യവാഹകരും പ്രേഷിതരുമാണ്, സ്വര്‍ഗ്ഗീയ മിഷണറിമാരാണ്.

2. രണ്ടാമതായി
കര്‍ത്താവിന്‍റെ ആജ്ഞ ശ്രവിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ദൈവദൂതരേ,
എന്നാണ് സങ്കീര്‍ത്തനം അഭിസംബോധനചെയ്യുന്നത്, തിന്മയുടെ ശക്തികള്‍ക്കെതിരെ കര്‍ത്താവ് ശക്തനായ യോദ്ധാവാണെന്ന് മേല്‍ ശ്രവിച്ച പദം വ്യക്തമാക്കുന്നു. കര്‍ത്താവിന്‍റെ സൈന്ന്യവ്യൂഹത്തില്‍ അല്ലെങ്കില്‍ മാലാഖമാരുടെ ഗണത്തില്‍ വിവിധ തരക്കാരും, സ്ഥാനക്കാരും ഉണ്ടെന്ന് വിവരണത്തില്‍നിന്ന് നമുക്ക് മനസ്സിലാക്കാവുന്നത്. ഇത് നാം നേരത്തെയും കണ്ടിട്ടുള്ളതാണ്. കര്‍ത്താവിന്‍റെ ശക്തിയെ വെളിപ്പെടുത്തുന്ന ഘടകങ്ങളാണ് സൃഷ്ടിയും അതിന്‍റെ മഹത്വം വിരാജിക്കുന്ന വാനവദൂതരും, അവരുടെ വ്യൂഹങ്ങളും. പിന്നെ ദൈവിക പ്രാഭവത്തെ വര്‍ണ്ണിക്കുന്നൊരു രീതിയാണ്, അല്ലെങ്കില്‍ ശൈലിയാണ് ദൂതന്മാര്‍ അവിടുത്തെ പാദസേവചെയ്യുക എന്നത്, അല്ലെങ്കില്‍ അവിടുത്തെ ശുശ്രൂഷിക്കുന്നുവെന്ന്, അല്ലെങ്കില്‍ പിന്നെയും അവിടുത്തെ സന്ദേശവാഹകരും, ദൗത്യനിര്‍വ്വഹകരുമായിരിക്കുക എന്നത്. സങ്കീര്‍ത്തകന്‍ വിവരിക്കുവാന്‍ ശ്രമിക്കുന്നതും അതുതന്നെയാണ്. ദൂതന്മാര്‍ അവരുടെ ദൈവത്തില്‍ ആശ്രയിച്ചു നില്ക്കുന്നവരാണ്. അവരുടെ ശക്തിയിലോ കഴിവിലോ നിലനില്ക്കാത്തതുകൊണ്ട്, അവര്‍ക്ക് സ്വമേധയാ അസ്ഥിത്വമില്ല. അതുപോലെ സ്വന്തമായി ഒന്നും ചെയ്യുന്നുമില്ല. അവരുടെ നിലനില്പ് ദൈവത്തിന്‍റെ കല്പനകള്‍ പാലിക്കുന്നതില്‍ മാത്രമാണ്.

Musical Version (2)
എന്നാത്മാവിനെ ഞാനങ്ങേ
സന്നിധി തന്നിലുയര്‍ത്തുന്നു
കര്‍ത്താവേ, സന്നിധി തന്നിലുയര്‍ത്തുന്നു.
1. അങ്ങു മുഖം മറയ്ക്കുമ്പോള്‍ ഞങ്ങളീ മന്നില്‍ എപ്പോഴും പരിഭ്രാന്തരാകുന്നു.
2. അങ്ങു ഞങ്ങളുടെ ശ്വാസമെടുക്കുമ്പോള്‍ ഞങ്ങള്‍ പൂഴിയിലേയ്ക്കു മടങ്ങുന്നു
3. അങ്ങു ജീവശ്വാസം നല്കുമ്പോള്‍ ഞങ്ങള്‍ ജീവന്‍ പ്രാപിക്കുന്നു.
4. കര്‍ത്താവേ, അങ്ങേ കൃപാതിരേകം ഞങ്ങള്‍ക്കെന്നും ശക്തിയും ജീവനും നല്കുന്നു.

ദൈവത്തിനു വിധേയരായി ജീവിക്കുന്നവര്‍
സങ്കീര്‍ത്തനം 103-മാത്രമല്ല, വിശുദ്ധ ഗ്രന്ഥത്തിലെ മറ്റു ചില ഭാഗങ്ങളും ദൂതന്മാരെക്കുറിച്ച് വിവരിക്കുന്നത് ഇപ്രകാരം തന്നെയാണ്. വര്‍ണ്ണിക്കുന്നതില്‍നിന്നും ദൂതന്മാര്‍ ദൈവികാജ്ഞകള്‍ക്ക് സമ്പൂര്‍ണ്ണമായും അനുസരണയുള്ളവരാണെന്നും, വിധേയരാണെന്നും വ്യക്തമാക്കുന്നുണ്ട്.  ഉല്പത്തിയുടെ ആദ്യ അദ്ധ്യായത്തില്‍ നാം വായിക്കുന്നു, ദൈവം തന്‍റെ വാക്കിനാല്‍ ആകാശവും ഭൂമിയും സൃഷ്ടിച്ചുവെന്ന്. 33-‍Ɔο സങ്കീര്‍ത്തനത്തിന്‍റെ 6-Ɔο പദത്തില്‍ അതേ ആശയംതന്നെയാണ് നാം കേള്‍ക്കുന്നത്.

6 കര്‍ത്താവിന്‍റെ വചനത്താല്‍ ആകാശം നിര്‍മ്മിക്കപ്പെട്ടു.
അവിടുത്തെ കല്പനയാല്‍ ആകാശഗോളങ്ങളും സ്ഥാപിക്കപ്പെട്ടു.

എന്നാല്‍ ഇന്നും ദൈവത്തിന്‍റെ വചനം തന്നെയാണ് ഭൂമിയെയും അതിന്‍റെ ആകാശവിതാനത്തെയും നിലനിര്‍ത്തുന്നതും, പാലിക്കുന്നതും. പൗലോസ് അപ്പസ്തോലന്‍ തന്‍റെ ലേഖനത്തില്‍ അത് വിവരിക്കുന്നുണ്ട്. അങ്ങനെ, “ഈ യുഗത്തിലും വരാനിരിക്കുന്ന യുഗത്തിലും എല്ലാ ആധിപത്യങ്ങള്‍ക്കും അധികാരങ്ങള്‍ക്കും ശക്തികള്‍ക്കും പ്രഭുത്വങ്ങള്‍ക്കും അറിയപ്പെടുന്ന എല്ലാ നാമങ്ങള്‍ക്കും ഉപരിയായി മനുഷ്യനെ ദൈവം ഉപവിഷ്ടനാക്കി” (എഫേ. 1, 21). പുതിയ നിയമത്തില്‍ ഗബ്രിയേല്‍ ദൂതന്‍ ദൈവത്തിന്‍റെ ആജ്ഞാനുവര്‍ത്തിയായിട്ടാണ് നസ്രത്തിലെ മറിയത്തിന് സന്ദേശം നല്കിയത്....

Musical Version of 103
എന്‍റെ ആത്മാവേ, സ്തുതിക്കൂ അന്തരംഗമേ വാഴ്ത്തൂ
നാഥനെ വാഴ്ത്തൂ, നാഥനെ വാഴ്ത്തൂ (2).

ഈ പരമ്പരയില്‍ ഉപയോഗിച്ചിരിക്കുന്ന 103-Ɔο സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം ഡാവിനയും സംഘവും.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 April 2019, 06:47