തിരയുക

 മരകുരിശു മരകുരിശു 

വിശുദ്ധ വെള്ളിയുടെ ഓര്‍മ്മത്ത​ണലില്‍

ദുഃഖവെള്ളിയുടെ ഓർമ്മകൾ ഉണർത്തുന്ന ധ്യാനചിന്തകൾ

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

ദുഃഖ വെള്ളി

ഇന്ന് ലോകം ദുഃഖവെള്ളി അനുസ്മരിക്കുകയാണ്. യഥാർത്ഥത്തിൽ ദുഃഖവെള്ളി എന്നത് വിശുദ്ധ വെള്ളിയാണ്. സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും ഓർമ്മകൾ ഉണർത്തുന്ന ഒരു വെള്ളിയാഴ്ച. ദുഃഖവെള്ളി എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന ഒരു ചിന്തയാണ് കുരിശിന്‍റെ വഴി.  ക്രിസ്തു കുരിശു ചുമന്നു കൊണ്ട് കാല്‍വരിയിലേക്ക് യാത്ര ചെയ്തത് ഒരു വെള്ളിയാഴ്ചയായിരുന്നു. തന്‍റെ പ്രിയപ്പെട്ടവർക്ക് വേണ്ടി അവന്‍ നടത്തിയ  യാത്ര. ഒറ്റികൊടുത്തവർക്ക് വേണ്ടിയും, ഒറ്റപ്പെടുത്തിയവർക്ക് വേണ്ടിയും ക്രിസ്തു നടത്തിയ യാത്ര. സ്നേഹത്തിന്‍റെ പേരിൽ മാത്രം കുരിശു മരം ഏറ്റെടുക്കേണ്ടി വന്ന യാത്ര. കുരിശു മരണമെന്ന ശിക്ഷ നിർവ്വഹിക്കപ്പെട്ട യാത്ര. ഉന്നതത്തിൽ നിന്നും ഇറങ്ങിവന്ന ദൈവപുത്രൻ എല്ലാം പൂര്‍ത്തിയായി എന്ന് പറഞ്ഞ് പിതാവിന്‍റെ കരങ്ങളില്‍ തന്നെ ഏൽപ്പിച്ചവരെ ഭരമേല്പിച്ച യാത്ര. ഇന്ന് ലോകം ദുഃഖവെള്ളി ആചരിക്കുകയാണ്. ഇതെന്‍റെ ശരീരമാണ്. ഇതെന്‍റെ രക്തമാണ്. ഇതെന്‍റെ ഓർമ്മയ്ക്കായി ചെയ്യുവിൻ എന്ന് പറഞ്ഞ് സ്വന്തം മാംസത്തെയും, രക്തത്തെയും പങ്കുവെച്ച് നൽകിയ ക്രിസ്തു കടന്നുപോയ ദുഃഖവെള്ളി അനുഭവങ്ങളെ ഇന്ന് നാം ധ്യാനിക്കുന്നു.

കുരിശിന്‍റെ വഴിയിൽ നാം കാണുന്ന ഒരുപാട് വ്യക്തിത്വങ്ങളുണ്ട്. ഒരുപാട് അനുഭവങ്ങളു​ണ്ട്. ഒരുപാട് ഓർമ്മപ്പെടുത്തലുകളുണ്ട്. മൂന്നു പ്രാവശ്യത്തെ ക്രിസ്തുവിന്‍റെ വീഴ്ച്ചകൾ, അവൻ കണ്ടുമുട്ടുന്ന ചില പ്രത്യേക മനുഷ്യർ, അവൻ കടന്നു പോകുന്ന വേദനകളുടെ ഒരു നീണ്ട യാത്ര. ആരാണ് ക്രിസ്തു? എന്തിനാണ് ക്രിസ്തു മനുഷ്യനായത്? എന്തിനാണ് ദൈവം ഇങ്ങനെ സ്വന്തം പുത്രനെ മനുഷ്യനാകാൻ അനുവദിച്ചത്? എന്തിനുവേണ്ടിയായിരുന്നു ക്രിസ്തുവിന് ഇത്രയും മർദ്ദനമേല്‍ക്കേണ്ടി വന്നത്? എന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നൽകുന്ന ഒരു വെള്ളിയാഴ്ച്ചയാണ് ദുഃഖവെള്ളി. ക്രിസ്തു കടന്നു പോയ വഴികളിലൂടെ കടന്നു പോകുമ്പോൾ നാമെങ്ങനെയാണെന്നും,എങ്ങനെ ആയിത്തീരാമെന്നും കണ്ടെത്താന്‍ കഴിയും.

സ്വന്തം ഇരിപ്പിടം ഉറപ്പാക്കാന്‍ കൈകഴുകിയ പീലാത്തോസ്

ഒരു രാത്രി മുഴുവനും നീണ്ടുനിൽക്കുന്ന മർദ്ദനത്തിന് ശേഷം ഇതാ മനുഷ്യൻ എന്ന് പറഞ്ഞു കൊണ്ട് പീലാത്തോസ് സമൂഹത്തിന് മുന്നിൽ ക്രിസ്തുവിനെ നിർത്തുന്നു. സത്യം എന്താണെന്ന് അറിഞ്ഞിട്ടും പീലാത്തോസ് കൈകഴുകി. യഥാർത്ഥത്തിൽ പീലാത്തോസ് കഴുകി കളഞ്ഞത് എന്തായിരുന്നു? ക്രിസ്തുവെന്ന നീതിയോടും, സത്യത്തോടും, സ്നേഹത്തോടും, നന്മയോടുമുള്ള ബന്ധത്തിന്‍റെ ബലത്തെയാണ് പീലാത്തോസ് കഴുകി കളഞ്ഞത്. സത്യമെന്തെന്ന് അറിഞ്ഞിട്ടും കൈകഴുകിയ പീലാത്തോസിനെ പോലെയാണോ നാം? സത്യം പറയുന്നതും, സത്യം നിഷേധിക്കപ്പെടുന്നതുമായ ഒരു കാലഘട്ടത്തിൽ ജീവിക്കുമ്പോൾ പീലാത്തോസിനെ പോലെയാണോ എന്‍റെ  മനോഭാവവും, ചിന്തകളും പ്രവർത്തിയും എന്ന് നാം ചിന്തിക്കണം.

ദുഃഖ വെള്ളിയിൽ പോലും വിശ്വാസം പതറാതെ കാത്ത അമ്മ മേരി  

കുരിശിന്‍റെ വഴിയില്‍ നാം കാണുന്ന മറ്റൊരു സാന്നിധ്യമാണ് പരിശുദ്ധ അമ്മ. ഒരമ്മയും ആഗ്രഹിക്കാത്ത കാഴ്ച, ഒരു മകനും അണിയാൻ ഇഷ്ടപ്പെടാത്ത വേഷം. സ്നേഹത്തിന്‍റെയും, സമർപ്പണത്തിന്‍റെയും ആഴമായ വേദനകളുടെ വികാരങ്ങൾ അതികഠിനമായ മൗനത്തിലൂടെ ശബ്ദിക്കപ്പെടുന്നു. അമ്മയുടെയും,മകന്‍റെയും കണ്ടുമുട്ടൽ. മറിയമെന്ന മഹാ സാന്നിധ്യത്തിന്‍റെ സൗന്ദര്യം മനനം ചെയ്യപ്പെട്ട മൗനമായിരുന്നു. മൗനത്തിന്‍റെ ഗംഭീര ശബ്ദമായിരുന്നത്. ഏറ്റവും വിലപ്പെട്ട പുത്രനെ ലോകത്തിന്‍റെ പാപക്കറ മായിക്കുവാന്‍ നൽകുമ്പോൾ പോലും മറിയത്തിന്‍റെ സമർപ്പണത്തിന്‍റെ ഭാഷ എന്നത് മൗനം മാത്രമായിരുന്നു. നമ്മുടെ ജീവിതത്തില്‍ വാക്കുകൾകൊണ്ട് നേടാനാവാത്ത എത്രയെത്ര നന്മകൾ മൗനം കൊണ്ട് നേടാമായിരുന്നു. ശാന്തവും പ്രശാന്തവുമായി ജീവിക്കേണ്ട ജീവിതത്തെ അസഭ്യവാക്കുകൾ കൊണ്ടും, അമിതഭാഷണം കൊണ്ടും അശുദ്ധമാക്കുന്ന മനുഷ്യജീവിതത്തിന് കുരിശിന്‍റെ വഴി യിലെ മാതാവ് പഠിപ്പിക്കുന്ന നല്ലൊരു പാഠമാണ് മൗനം. നമ്മുടെ അസത്യവാക്കുകളും, അമിതഭാഷണവും, കൂർത്ത് മൂത്ത വാക്കുകളും മറ്റുള്ളവരുടെ ജീവിതത്തിൽ അവരുടെ ഹൃദയത്തിന്‍റെ നിശബ്ദതയെയും, പ്രശാന്തിയെയും  അശാന്തമാക്കിട്ടുണ്ടോയെന്ന് ചിന്തിക്കാം. മറിയത്തില്‍ ധ്യാനത്തെയും,ധ്യാനത്തിൽ ദൈവത്തെയും ദർശിക്കാൻ മാതാവ് നമ്മെ പഠിപ്പിക്കുന്നു.

കരുണയുടെ ദൈവത്തിന് കൈതാങ്ങായി ശിമയോൻ

കുരിശിന്‍റെ വഴിയില്‍ അടുത്തതായി കണ്ടുമുട്ടുന്ന ഒരു വ്യക്തിത്വമാണ് ശിമയോൻ. മനുഷ്യ ജീവിതത്തോടു എപ്പോഴും ചേർന്നു നിൽക്കുന്നവനാണ് ദൈവം. ക്രിസ്തുവെന്ന കരുണയുടെ മുഖത്ത് നോക്കിയപ്പോൾ ശിമയോന്‍റെ കണ്ണുകളിൽ കരുണയൊഴുകുന്നു. അയാൾ ക്രിസ്തുവിനെ സഹായിക്കുവാൻ സന്നദ്ധനാകുന്നു. നികൃഷ്ടനെന്നും, ദൈവദൂഷണം പറഞ്ഞവനെന്നും കുറ്റവാളിയെന്നും മുദ്ര ചെയ്യപ്പെട്ട ക്രിസ്തുവെന്ന ദൈവത്തെയാണ് ശിമയോൻ സഹായിക്കുന്നത്. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലും നാം ചെയ്യുന്ന കർമ്മങ്ങൾ കരുണയിൽ സ്നാനം ചെയ്യപ്പെടുമ്പോഴാണ് അവ നീതീകരിക്കപ്പെടുന്നത്. വ്യക്തി വ്യത്യാസമില്ലാതെ, തരം തിരിവില്ലാതെ ചെയ്യുന്ന നിഷ്കാമകർമ്മത്തിന് മാത്രമേ ദൈവസന്നിധിയിൽ വിലയുണ്ടാവുകയുള്ളൂ. ദൈവം ഒഴികെ മറ്റാരും അറിയരുതേയെന്ന പ്രാർത്ഥനയോടെ ദേവാലയ ഭണ്ഡാരത്തിൽ ചൊരിയപ്പെട്ട വിധവയുടെ ചെമ്പുതുട്ടിന് വില നൽകിയ ദൈവമാണ് നാം ചെയ്യുന്ന നമ്മുടെ കർമ്മങ്ങളെയും മറ്റുള്ളവർക്ക് നാം ചെയ്യുന്ന ഉപകാരങ്ങളെയും വിലയിരുത്തുവാൻ പോകുന്നത്. കുരിശിന്‍റെ വഴിയിലെ അഞ്ചാമത്തെ സ്ഥലം നമ്മെ ഓർമ്മിപ്പിക്കുന്നതും ഇത് തന്നെയാണ്. ശിമയോന്‍റെ കൈത്താങ്ങ് വഴി ദൈവത്തിന് ലഭിച്ച ആശ്വാസം പോലെ എന്‍റെ ജീവിതത്തിലും മറ്റുള്ളവർക്ക് വേണ്ടി ഞാൻ ചെയ്യുന്ന ദാനധർമ്മ പ്രവർത്തികളും, കരുണയും എല്ലാം ദൈവത്തിന്‍റെ അനുഗ്രഹങ്ങൾ വരുന്ന വഴികളായി, വാതിലായി മാറ്റപ്പെടണം.

തിരുമുഖം സ്വന്തമാക്കിയ വെറോനിക്കാ  

അടുത്തതായി കുരിശിന്‍റെ വഴിയിൽ നാം കാണുന്ന മറ്റൊരു വ്യക്തിത്വമാണ് വേറോനിക്കാ. ക്രിസ്തുവിനെ സംബന്ധിച്ചിടത്തോളം അവന് ഒരേ ഒരു മുഖം മാത്രമേ ഉണ്ടായിരുന്നുള്ളു. സ്നേഹം അനുഭവിച്ച അന്നുമുതൽ വെറോനിക്കായുടെ ഹൃദയത്തിൽ അത് നിറഞ്ഞു നിന്നിരുന്നു. ഇന്ന് ആ തിരുമുഖം വിരൂപമാക്കപ്പെട്ടിരിക്കുന്നു. വിരൂപമാക്കപ്പെട്ട ആ തിരുമുഖത്തെ വേറോനിക്കാ സ്നേഹത്തോടെ തന്‍റെ തൂവാലയിൽ ഒപ്പിയെടുത്തു. രക്തംപുരണ്ട ദൈവത്തിന്‍റെ മുഖം അവൾ സ്വന്തമാക്കി. ഇന്ന് നമ്മുടെ നിലനിൽപ്പിനുവേണ്ടി, ആഗ്രഹങ്ങളുടെയും അത്യാഗ്രഹങ്ങളുടെയും സാഫല്യത്തിന് വേണ്ടി, ആനുകൂല്യങ്ങൾക്ക് വേണ്ടി, വലിയ മനുഷ്യരിൽ നിന്നും താൽക്കാലികമായി ലഭിക്കുന്ന അംഗീകാരത്തിനുവേണ്ടി, ഓരോ നിമിഷങ്ങളിലും ഒരായിരം മുഖങ്ങളുമായി മനുഷ്യരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നവരാകാം നാം. എത്രയെത്ര മുഖങ്ങളോടെ ജീവിച്ചാലും ജീവിതാന്ത്യത്തില്‍ ദൈവ തിരുമുഖത്തിന്‍റെ മുന്നിൽ നിൽകേണ്ടിവരുമെന്ന ഓർമ്മപ്പെടുത്തലാണ് കുരിശിന്‍റെ വഴിയിലെ ആറാം സ്ഥലത്തെ സമീപിക്കുമ്പോൾ ക്രിസ്തു നല്‍കുന്നത്.

ക്രിസ്തുവിനെ നോക്കി കരയുന്ന ജെറുസലേം സ്ത്രീകൾ

നാം കണ്ടുമുട്ടുന്ന മറ്റൊരു കൂട്ടരാണ് ജെറുസലേമിലെ സ്ത്രീകൾ. ഓർക്കുന്നവരും, ഓർത്ത് ധ്യാനിക്കുന്നവരും, ധ്യാനിച്ചു കരയുന്നവരും കൂടുതലും സ്ത്രീകളാണ്. നന്മനിറഞ്ഞ സ്ത്രീകളും, അമ്മമാരും പണ്ട് ക്രിസ്തു തങ്ങളുടെ ജീവിതത്തിൽ ഓർമ്മയിൽ നിന്നും അടർത്തിയെടുക്കാനാവാത്തവിധം ചെയ്ത നന്മകളെ കുറിച്ചും, അത്ഭുതങ്ങളെക്കുറിച്ചും ധ്യാനിച്ചപ്പോള്‍ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. എത്രയെത്ര സ്ത്രീകളാണ് ക്രിസ്തുവിന്‍റെ അത്ഭുതങ്ങളുടെയും, കൃപകളുടെയും മുന്നിൽ സ്നാനം ചെയ്യപ്പെട്ടത്. വിശ്വാസത്തോടെ ക്രിസ്തുവിന്‍റെ വസ്ത്രത്തില്‍ തൊട്ട് സൗഖ്യം നേടിയ  രക്തസ്രാവക്കാരി സ്ത്രീ മുതൽ ശവമഞ്ചം വഹിച്ചു കൊണ്ട് കല്ലറയിലേക്ക് പോകുന്ന വഴിക്ക് ഏകമകനെ തിരികെ വാങ്ങിയ വിധവയായ അമ്മ വരെ ക്രിസ്തുവിന്‍റെ ദാരുണമായ വേദനകളെയോര്‍ത്തു കരയുകയാണ്. കുരിശിന്‍റെ വഴിയിൽ ആദ്യമായാണ് ക്രിസ്തു സംസാരിക്കുന്നത്. ക്രിസ്തു പറയുന്നതിങ്ങനെയാണ്. നിങ്ങൾ എന്നെ ഓർത്ത് കരയരുത്. വരാനിരിക്കുന്ന ദുരിതങ്ങളിൽ നിങ്ങളുടെയും, നിങ്ങളുടെ മക്കളുടെയും സ്നേഹത്തിന്‍റെയും, വിശ്വാസത്തിന്‍റെയും ബലം ചോർന്നു പോകാതിരിക്കാൻ പ്രാർത്ഥിക്കുക. അപരരെ ആശ്വസിപ്പിക്കുവാൻ യാതൊരു സാഹചര്യവും ഇല്ലാത്ത അവസരത്തിലാണ്  ക്രിസ്തു പറയുന്നത്. സ്വന്തം വേദനകളുടെ മുന്നിൽ മറ്റുള്ളവരുടെ വേദനിക്കുന്ന ഹൃദയത്തെ കണ്ട് തന്നെയോർത്തു കരയുന്ന ജെറുസലേം നഗറത്തിലെ സ്ത്രീകളെ സാന്ത്വനിപ്പിക്കുന്ന ദൈവം. ആരും ആശ്വസിപ്പിക്കാനില്ലാതെ സഹിക്കുന്ന സഹനത്തിന് രക്ഷയുണ്ടെന്നാണ് ദുഃഖവെള്ളി നമ്മെ ഓർമിപ്പിക്കുന്നത്. ജീവിതത്തിൽ മറ്റുള്ളവർക്കുവേണ്ടി കരയുവാനും മറ്റുള്ളവരുടെ വേദനകളെ  നമ്മുടെ വേദനകളേക്കാള്‍ കൂടുതലായി കാണുവാനുള്ള വിശാലമനസ്സുമായി  ജീവിക്കണമെന്ന ഓർമ്മപെടുത്തലുമായി ക്രിസ്തു കടന്നുപോകുന്നു.

കാൽവരിയിലെ കള്ളന്മാർ

അടുത്തതായി നാം കാണുന്നത് കാൽവരിയിൽ സഹനത്തിന്‍റെ തീച്ചൂളയിൽ നിൽക്കുന്ന ക്രിസ്തുവിനെ അവഹേളനത്തിന്‍റെ കണ്ണുകളാൽ തുറിച്ച് നോക്കിയ കള്ളനെയും ,അനുതാപത്തോടെ പറുദീസാ തിരിച്ചു മേടിച്ച കള്ളനെയുമാണ്. ദുഃഖവെള്ളിയിലെ ഏറ്റവും മനോഹരമായ പ്രാർത്ഥനയായിരുന്നു കള്ളന്‍റെ പ്രാർത്ഥന. ദൈവരാജ്യത്തിൽ ആയിരിക്കുമ്പോൾ എന്നെയും ഓർക്കണമെന്ന പ്രാർത്ഥന. നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരോടാണ് നമ്മെ ഓർക്കണമെന്ന് നാം ആവശ്യപ്പെടുന്നത്. ജീവിതത്തിൽ ആദ്യമായി കാണുന്ന ക്രിസ്തുവിനോടു അയാൾക്ക് തോന്നിയ സ്നേഹം അയാൾ വെളിപ്പെടുത്തുന്നത് എന്നെ ഓര്‍ക്കണം, എന്നെ നീ മറക്കരുതെന്ന് പറഞ്ഞു കൊണ്ടാണ്. ഞാൻ തെറ്റ് ചെയ്തതിനു ശിക്ഷ അനുഭവിക്കുമ്പോൾ തെറ്റ് ചെയ്യാതെ വേദന അനുഭവിക്കുന്ന നീതിമാനായ ഒരു ദൈവമാണ് തന്‍റെ ഇടത്ത് വശത്ത് കുരിശിൽ തൂങ്ങി കിടക്കുന്നതെന്ന് നല്ല കള്ളന്‍ ക്രിസ്തുവിനെ കുറിച്ച് ഓര്‍ക്കുന്നു. എന്നാൽ മറ്റേ കള്ളൻ സ്വന്തം കുറവുകളുടെ മേൽ ക്രിസ്തുവിന്‍റെ  ശക്തിയെ വെല്ലുവിളിക്കുന്നു.  നീതിമാൻ എന്തിന് സഹിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം നൽകുന്നത് പോലും ദുഃഖവെള്ളിയുടെ അനുഭവങ്ങളിൽ നിന്നാണ്.

കുരിശിന്‍റെ  വഴിയിലെ  മൂന്ന് വീഴ്ചകൾ  

ദുഃഖ വെള്ളിയില്‍ കുരിശിന്‍റെ വഴിയിലെ മൂന്നു വീഴ്ച്ചകളെ കുറിച്ചാണ് നാം ഇനി ധ്യാനിക്കുന്നത്. ദൈവം മൂന്ന് പ്രാവശ്യം കുരിശുമായി വീഴുന്നു. സ്നേഹത്തിന്‍റെ ഭാരം നെഞ്ചിലും കുരിശിന്‍റെ ഭാരം തോളിലും വഹിച്ച് നടന്നു നീങ്ങുമ്പോൾ ക്രിസ്തു കാലിടറി മൂന്നു പ്രാവശ്യം വീഴുന്നു. ഓരോ വീഴ്ച്ചയിലും ക്രിസ്തു നമ്മെ ഓർമ്മപ്പെടുത്തുന്നത് വീണ്ടും വീണ്ടും എഴുന്നേൽക്കണമെന്നാണ്. ഉത്തരവാദിത്വങ്ങളുടെയും, ദൗത്യങ്ങളുടെയും പൂർത്തീകരണത്തിനു വേണ്ടി വീണിടത്തു തന്നെ കിടക്കാതെ വീണ്ടും വീണ്ടും എഴുന്നേൽക്കുവാന്‍ ക്രിസ്തു നമ്മെ ഓർമ്മിപ്പിക്കുന്നു. വീണിടത്തു നിന്ന് എഴുന്നേറ്റതിനു ശേഷം വീണപ്പോൾ ലഭിച്ച ദർശനത്തെ ദൗത്യമായി കണ്ടപ്പോഴാണ് ക്രിസ്തു തന്നില്‍ ജീവിക്കുന്നവെന്നും ക്രിസ്തുവിനെ കൂടാതെ തനിക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ലെന്നും പൗലോസ്ലീഹായ്ക്ക് പറയുവാൻ കഴിഞ്ഞത്. മൂന്നുപ്രാവശ്യം ഗുരുവിനെ നിഷേധിച്ചതിനു ശേഷം ഗുരു നയനങ്ങളെ തിരിഞ്ഞു നോക്കിയപ്പോഴാണ് പത്രോസിനു ഗുരുവിനെ പോലെ കുരിശില്‍ മരണം വരിക്കാൻ ധൈര്യം ലഭിച്ചത്. ജീവിതത്തിലുണ്ടാകുന്ന അധഃപതനങ്ങളും, അവഹേളനങ്ങളും നമ്മെ കൂടുതൽ ശക്തിയോടെ എഴുന്നേൽക്കുവാൻ സഹായിക്കണം. നാം വീണിടത്തു നിന്ന് എഴുന്നേൽക്കണം. എങ്കിൽ മാത്രമേ ഉള്ളിലെ ദൗത്യത്തെ എപ്പോഴും ജ്വലിപ്പിച്ചു കൊണ്ടിരിക്കാന്‍ കഴിയുകയുള്ളു. പരിഹസിക്കുന്നവരുടെയും, തെറ്റിദ്ധരിക്കപ്പെടുന്നവരുടെയും, വിമർശിക്കുന്നവരുടെയും, പുച്ഛിക്കുന്നവരുടെയും, തള്ളി പറയുന്നവരുടെയും, മധ്യത്തിലൂടെ നടക്കുമ്പോൾ നാമും വീണു പോയേക്കാം. അപ്പോഴൊക്കെ ക്രിസ്തു നമ്മെ പഠിപ്പിച്ചത് പോലെ പിടഞ്ഞെഴുന്നേറ്റ് നിൽക്കുവാനുള്ള കൃപയ്ക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം, അതാണ് ദുഃഖവെള്ളി നമ്മെ ഓർമ്മപ്പെടുത്തുന്നത്,

മരണത്തിനു ശേഷവും രക്ഷ

അവസാനമായി, ദുഃഖവെള്ളിയില്‍ സഭ ജനിക്കുന്നു. ക്രിസ്തുവിന്‍റെ വിലാപ്പുറത്തു കുന്തം കൊണ്ട് കുത്തിയപ്പോൾ വെള്ളവും ചോരയും ഒഴുകി എന്ന് വചനം പഠിപ്പിക്കുന്നു. സഭയുടെ പിറവി ഇവിടെ സംഭവിക്കുകയാണ്. ആ ചോരയും വെള്ളവും സൂചിപ്പിക്കുന്നത് ക്രിസ്തുവിന്‍റെ  പച്ച മുറിവിനെയാണ്. പച്ച മുറിവിൽ നിന്നൊഴുകിയ വെള്ളവും, ചോരയും കുന്തം കൊണ്ട് കുത്തിയ മനുഷ്യന്‍റെ കണ്ണുകളെ തന്നെ സുഖപ്പെടുത്തുന്നു എന്ന് നാം വിശ്വസിക്കുന്നുണ്ട്. താൻ മരിച്ചതിനു ശേഷവും തന്നെ കുത്തുന്നവന്‍റെ  കണ്ണിനെ സുഖപ്പെടുത്താൻ ക്രിസ്തു ഇത്തിരി വെള്ളവും, ചോരയും സൂക്ഷിച്ചുവച്ചു. അപ്പോള്‍ മുതല്‍ അയാൾ വിശ്വാസത്തിന്‍റെ വെളിച്ചം കാണുകയാണ്. മരിച്ചതിനു ശേഷവും ക്രിസ്തുവിന് നൽകാനുണ്ടായിരുന്നത് ഒന്നു മാത്രമായിരുന്നു രക്ഷ. ജനനം മുതൽ ജീവിതത്തിലുടന്നീളം മരണത്തിൽ പോലും രക്ഷ പകർന്നുകൊണ്ട് കടന്നുപോകുന്ന ദൈവത്തിന്‍റെ ചിത്രമാണ് ദുഃഖവെള്ളി നമ്മെ ഓർമ്മിപ്പിക്കുന്നത്.

ദുഃഖവെള്ളിയില്‍ ഏറ്റവും ധ്യാനം  ചെയ്യപ്പെടേണ്ട മറ്റൊരു ചിന്തയാണ് ക്രിസ്തുവിന്‍റെ നിഷ്കളങ്കമായ സ്നേഹം. ഒരു കരണത്തടിക്കുന്നവന് മറ്റൊരു കരണം കൂടി കാണിച്ചു കൊടുക്കണം എന്ന് പറഞ്ഞ ക്രിസ്തു ഇതാ, ദുഃഖവെള്ളിയുടെ അന്ന്, പറഞ്ഞതെല്ലാം പ്രാവർത്തികമാക്കി, എല്ലാം പൂർത്തിയായി എന്നുപറഞ്ഞ് മിഴിപൂട്ടി, തലചായ്ച്ചു. ഇതാണ് ജീവിതത്തിൽ നമുക്കും ആവശ്യമായി വരുന്നത്. പൂർത്തീകരിക്കേണ്ട ഉത്തരവാദിത്വങ്ങളുടെ നേരെയുള്ള നമ്മുടെ യാത്രയിൽ സത്യവും, സ്നേഹവും കൈമുതലാക്കി ദുഃഖത്തിന്‍റെ വെള്ളികൾ ആയിരങ്ങൾ വന്നാലും അതിനെ ക്രിസ്തുവോടു കൂടി ചേർന്ന് സഹിച്ചു മുന്നേറാനുള്ള ഒരു ആഹ്വാനം ദുഃഖവെള്ളി നമ്മെ ഓർമ്മിപ്പിക്കുന്നു. അതനുസരിച്ച് ജീവിക്കുവാൻ സർവ്വശക്തൻ നമ്മെ അനുഗ്രഹിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 April 2019, 14:28