തിരയുക

The sunrise in philbert sul Risle - France (21, February 2019) The sunrise in philbert sul Risle - France (21, February 2019) 

ഉത്ഥിതന്‍ : ഇന്നും നമ്മെ ആശ്ചര്യപ്പെടുത്തുന്ന ദൈവം!

ഉയിര്‍പ്പു ഞായറാഴ്ചത്തെ സുവിശേഷവിചിന്തനം - വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 20, 1-9..

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഉത്ഥാനമഹോതസ്വം - ശബ്ദരേഖ

ക്രിസ്തുവിന്‍റെ ഉത്ഥാനം ലോകത്തിനു പുതുവെളിച്ചം
സ്വാതന്ത്ര്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സമത്വത്തിന്‍റെയും മനുഷ്യസ്വപ്നങ്ങള്‍ക്ക് പുതിയ വര്‍ണ്ണങ്ങളും വ്യാപ്തിയും നല്കി അനേകായിരങ്ങളുടെ പ്രതീക്ഷകള്‍ക്ക് ചിറകുമുളപ്പിച്ചത് യേശുവിന്‍റെ ഉത്ഥാനമായിരുന്നു. നസ്രായനായ ഈശോയുടെ ജീവിതം കല്ലറയില്‍ അവസാനിച്ചിരുന്നുവെങ്കില്‍, അവിടുത്തെ ജീവിതത്തിന്‍റെയും പ്രബോധനങ്ങളുടെയും പ്രസക്തി അതോടെ നഷ്ടപ്പെടുമായിരുന്നു. കാരണം ഈ ലോകത്തിന്‍റെ മൂല്യക്രമങ്ങളെ തകിടംമറിച്ചുകൊണ്ട്, അന്നുവരെ കാണാതിരുന്നൊരു ജീവിതശൈലി തുറന്നുകൊണ്ടാണ് നസ്രത്തിലെ ആ പ്രവാചകന്‍ കാല്‍വരിയിലേയ്ക്കുള്ള വഴി സ്വയം വെട്ടിത്തുറന്നത്. ജീവിതത്തില്‍ യേശു ഏറ്റെടുത്ത സഹനങ്ങളും, അനുഭവിക്കേണ്ടിവന്ന ഒറ്റപ്പെടലും, നേരിടേണ്ടിവന്ന ശത്രുതയും, എല്ലാം വ്യക്തമായൊരു ലക്ഷ്യത്തിലേയ്ക്ക് സകലരെയും നയിക്കുന്നു, ലോകത്തെ ഇന്നും അര്‍ത്ഥപൂര്‍ണ്ണമായി അത് നയിക്കുന്നു.

കുരിശിലൂടെ ആര്‍ജ്ജിച്ച ഉത്ഥാനം
കുരിശിന്‍റെവഴിയുടെ കാഠിന്യവും വേദനയും അസ്വീകാര്യതയും മാറിമറിയുന്നത് ഉത്ഥാനത്തിന്‍റെ അനുഭവത്തിലൂടെയാണ്. മഹത്വത്തിലേയ്ക്കു നയിക്കുന്ന ഏകവഴിയും, ഇടുങ്ങിയവഴിയും  കുരിശിന്‍റെവഴിയാണെന്ന് ലോകത്തിന് വ്യക്തമായത് ഉത്ഥാനത്തിലൂടെയാണ്. അതുകൊണ്ടാണ് വിശുദ്ധ പൗലോസ്ലീഹാ പ്രഘോഷിച്ചത്, “ക്രിസ്തു ഉയിര്‍ത്തില്ലായിരുന്നെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥമായേനേ, നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥമായേനേ!”  (1കൊറി. 15, 14). എന്നാല്‍ കുരിശിന്‍റെവഴി ഒരു വിശ്വാസിക്ക് രക്ഷയുടെ മാര്‍ഗ്ഗമാണ്. അനുദിനജീവിത സാഹചര്യങ്ങളി‍ല്‍ പ്രതിസന്ധികളും പ്രയാസങ്ങളും ഭീഷണികളും ഉയര്‍ന്നുവരുമ്പോള്‍, ഉത്ഥാനത്തിന്‍റെ ഉറപ്പാണ് കുരിശിന്‍റെവഴിയെ നടക്കാന്‍, യേശുവിനെ അനുകരിച്ച് ജീവിതപാതയില്‍ മുന്നോട്ടു ചരിക്കാന്‍ നിങ്ങള്‍ക്കും എനിക്കും പ്രചോദനമേകേണ്ടത്.

കുരിശിലെ ഉയര്‍ത്തലും കല്ലറയിലെ ഉത്ഥാനവും
ഈശോയുടെ മരണത്തെ കുരിശിലെ ഉയര്‍ത്തലായും, വെളിപാടിന്‍റെ പൂര്‍ത്തീകരണമായും, പിതാവിന്‍റെ പക്കലുള്ള മഹത്വീകരണമായും, ദൈവാരൂപിയുടെ കാലത്തിന്‍റെ ആരംഭമായും ചിത്രീകരിക്കുകയാണ് സുവിശേഷകന്‍, വിശുദ്ധ യോഹന്നാന്‍. യോഹന്നാന്‍റെ ദൈവശാസ്ത്രപരമായ വീക്ഷണത്തില്‍ ക്രിസ്തുവിന്‍റെ മരണവും ഉത്ഥാനവും സ്വര്‍ഗ്ഗാരോഹണവും പെന്തക്കൂസ്തായുമെല്ലാം “പിതാവിന്‍റെ പക്കലേയ്ക്കുള്ള മടക്കയാത്ര” എന്ന ഏകപ്രകൃയയാണ്. എല്ലാ സുവിശേഷകന്മാരും ഉത്ഥാനസംഭവങ്ങള്‍ സ്ഥലകാലാടിസ്ഥാനത്തില്‍ വിവരിക്കുകയും അതില്‍ യോജിപ്പു നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍, ഉത്ഥാനത്തിന്‍റെ ചരിത്രപരത എന്നതിനേക്കാള്‍ ഒരു ദൈവശാസ്ത്ര വീക്ഷണത്തിലേയ്ക്കാണ് യോഹന്നാന്‍ അനുവാചകരെ നയിക്കുന്നത്. ശൂന്യമായ കല്ലറ കണ്ടെത്തുന്നതു സംബന്ധിച്ച് എല്ലാസുവിശേഷകന്മാരും മഗ്ദലയിലെ മറിയത്തെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്. ഇവിടെ ഇന്നത്തെ സുവിശേഷ ഭാഗത്ത് യോഹന്നാന്‍ മറിയത്തിന്‍റെ ഒറ്റപ്പെട്ട സാന്നിദ്ധ്യത്തിലൂടെയാണ് ഉത്ഥാനസംഭവം വിവരിക്കുന്നത്. ശൂന്യമായ കല്ലറ കണ്ടവള്‍, മറ്റു ശിഷ്യന്മാരെയും ഓടിച്ചെന്ന് വിവരം അറിയിക്കുന്നു.  

ഉത്ഥാനവും മരണാനന്തര ജീവനിലുള്ള പ്രത്യാശയും
മൃതരുടെ കുഴിമാടങ്ങള്‍ സന്ദര്‍ശിക്കുക, അതില്‍ പൂക്കളും സുഖന്ധദ്രവ്യങ്ങളും സമര്‍പ്പിക്കുക എന്നത് എല്ലാ സംസ്കാരങ്ങളിലും എക്കാലത്തും കണ്ടിട്ടുള്ള പാരമ്പര്യമാണ്. ക്രിസ്തു മരിച്ചതിന്‍റെ മൂന്നാംനാള്‍ പ്രഭാതത്തില്‍ സുഗന്ധദ്രവ്യങ്ങളുമായി സ്ത്രീകള്‍ അവിടുത്തെ കല്ലറയിങ്കലേയ്ക്കു പോയെന്ന് സുവിശേഷകന്മാര്‍ രേഖപ്പെടുത്തുന്നു (ലൂക്കാ 24, 1-3). കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും പ്രതീകമാണ് ഈ പ്രവൃത്തി. നമ്മില്‍നിന്ന് വേര്‍പിരിഞ്ഞു പോയവര്‍ക്കായി ഇതുതന്നെയാണ് നാമും ഇന്നു ചെയ്യുന്നത്. ഈ സ്ത്രീകള്‍ അവരുടേതായ അന്തസ്സില്‍ ക്രിസ്തുവിനെ വിശ്വസ്തതയോടെ പിന്‍തുടര്‍ന്നവരാണ്. അവസാനം കാല്‍വരിയിലെ കുരിശിന്‍ ചുവടുവരെയും, അവിടുത്തെ അന്തിമോപചാരംവരെയും അവര്‍ അവിടുത്തെ പിന്‍തുടര്‍ന്നവരാണ്.

താന്‍ സ്നേഹിച്ച ക്രിസ്തുവിന്‍റെ ജീവിതം അവസാനിച്ചു എന്ന ചിന്തയില്‍ ഏറെ ദുഃഖാര്‍ത്തയായിട്ടാണ് മറിയം കല്ലറയിലേയ്ക്ക് പോയത്. ജീവിതം പഴയതുപോലെ മുന്നോട്ടു പോകുമെങ്കിലും, ഗുരുവിന്‍റെ ഓര്‍മ്മയില്‍ അവള്‍ സ്നേഹത്തോടെ കല്ലറയില്‍ എത്തുന്നു. എന്നാല്‍ അവിടെ സംഭവിക്കുന്നത് തികച്ചും അവിചാരിതവും അപ്രതീക്ഷിതവുമായതാണ്. തന്‍റെ പദ്ധതികള്‍ തകിടം മറിക്കുന്നതും, ജീവിതത്തെ പാടെ മാറ്റി മറിക്കുന്നതുമായിരുന്നു അത്. കല്ലറയുടെ പടിക്കല്ല് മാറ്റപ്പെട്ടിരുന്നെന്നു മാത്രമല്ല, ക്രിസ്തുവിന്‍റെ ശരീരം അവിടെ കണ്ടില്ല. ഇതെന്താണ്, ഇതിന്‍റെ അര്‍ത്ഥമെന്താണെന്ന് മറിയത്തെയും, മറ്റു ശിഷ്യന്മാരെയും ചിന്തിപ്പിക്കുകയും അമ്പരിപ്പിക്കുകയും ചെയ്യുന്നു (ലൂക്കാ 24, 4)!

നമ്മെ ആശ്ചര്യപ്പെടുത്തുന്ന ദൈവം
അനുദിനജീവിതങ്ങളില്‍ എന്തെങ്കിലും നവമായി സംഭവിക്കുമ്പോള്‍ നമ്മുടെയും പ്രതികരണം ഇതുതന്നെയാണ്. ഒന്നും മനസ്സിലാകാതെ, എന്തുചെയ്യണം എന്നറിയാതെ നാം അമ്പരക്കുന്നു. നവമായ കാര്യങ്ങള്‍, അത് ദൈവം തരുന്നതായാലും ആവശ്യപ്പെടുന്നതായാലും ജീവിതവെല്ലുവിളികള്‍ പലപ്പോഴും നമ്മെ അമ്പരിപ്പിക്കുന്നു. ഓര്‍മ്മയില്‍ മറഞ്ഞുപോയ സുഹൃത്തെന്നപോലെ, അല്ലെങ്കില്‍ ചരിത്രപുരുഷനെപ്പോലെ മൃതിയടഞ്ഞ ഗുരുവിനെ ഓര്‍ത്ത്, പകച്ച് കല്ലറയുടെ കവാടത്തില്‍ അവര്‍ സ്തബ്ധരായി നിന്നു. ദൈവത്തിന്‍റെ അത്ഭുതപ്രവൃത്തികള്‍ നമ്മെ ഭീതിപ്പെടുത്തുന്നു. ദൈവത്തിന്‍റെ ചെയ്തികള്‍ സകലതും നമ്മെ ആശ്ചര്യപ്പെടുത്തുന്നു. ദൈവം ജീവിതത്തില്‍ നമ്മെ ഇനിയും ആശ്ചര്യപ്പെടുത്തുകതന്നെ ചെയ്യും.

ദൈവികപദ്ധതികളോടു തുറവുള്ളവരായിരിക്കാം 
ജീവിതത്തിലേയ്ക്ക് കടന്നുവരുന്ന നവമായ ദൈവികപദ്ധതികളോട് നമുക്കു തുറവുള്ളവരായിരിക്കാം. നാം ക്ഷീണിതരും, ഹൃദയം തകര്‍ന്നവരും, ദുഃഖിതരുമാകാം! പാപഭാരത്താല്‍ നിരാശരും, ഇനിയും മുന്നോട്ടു പോകാന്‍ സാധിക്കുമോ എന്ന ആശങ്കയില്‍ കഴിയുന്നവരുമാകാം. എന്നിരുന്നാലും ഹൃദയം തകരരുത്, ആത്മവിശ്വാസം നഷ്ടമാകരുത്. പ്രത്യാശ കൈവെടിയരുത്. ദൈവത്തിനു മാറ്റാനാവാത്തതായിട്ട് ഒന്നുമില്ല. പൊറുക്കപ്പെടാത്ത പാപമില്ല, മറക്കാനാവാത്ത മനസ്സുമില്ല, പക്ഷെ, തുറവുണ്ടെങ്കില്‍ മാത്രം!

ഓര്‍മ്മയിലെ ദൈവിക നന്മകള്‍
കല്ലറയില്‍ എത്തിയ മഗ്ദലയിലെ മറിയം ഭയവിഹ്വലായായിരുന്നെങ്കിലും തുറവുള്ളവളായിരുന്നു. ഭയന്നിട്ട് തലകുനിച്ചു നില്ക്കുകയായിരുന്നു അവള്‍. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍  രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, അപരിചിതരായി അവിടെയെത്തിയ രണ്ടുപേരുടെ വാക്കുകളാണ് അവള്‍ക്ക് പ്രത്യാശപകര്‍ന്നത്. അവര്‍ പറഞ്ഞു, “അവിടുന്ന് ഗലീലിയയിലായിരുന്നപ്പോള്‍ പറഞ്ഞകാര്യങ്ങളൊന്നും നിങ്ങള്‍ ഓര്‍ക്കുന്നില്ലേ....?”   അവര്‍ അവിടുത്തെ വാക്കുകള്‍ അനുസ്മരിച്ചു (ലൂക്കാ 24, 6, 8).  ക്രിസ്തുവുമായുളള ഇടപഴകലിന്‍റെ നല്ല ജീവിതാനുഭവങ്ങളെ ഓര്‍ക്കുവാനാണ് അവിടെ കണ്ട അപരിചിതര്‍ ആവശ്യപ്പെട്ടത്. അവിടുത്തെ വാക്കുകളും, പ്രവൃത്തികളും, ജീവിതവുമെല്ലാം അവള്‍ ഓര്‍ത്തു. ആ ഓര്‍മ്മ അവളുടെ ജീവിതത്തിന്‍റെ ഭീതിയെ കീഴ്പ്പെടുത്തി. 

അതോടെ ഗുരുവിന്‍റെ ഉത്ഥാനസന്ദേശവുമായി മറ്റുള്ളവരുടെ പക്കലേയ്ക്ക് പോകാനും, അതു പ്രഘോഷിക്കാനും മറിയത്തിനു കരുത്തു ലഭിക്കുന്നു. അവിടുന്നുമായുള്ള ജീവിതാനുഭവങ്ങള്‍ ഓര്‍മ്മിക്കാനും മനസ്സില്‍ കൊണ്ടുവരാനും സാധിച്ചപ്പോഴാണ് ജീവിതത്തില്‍ ഉറപ്പും ആത്മധൈര്യവും അവള്‍ക്കു ലഭിച്ചത്. (ലൂക്കാ 24, 9). ദൈവം എനിക്കായ് ചെയ്തതും, ചെയ്തുകൊണ്ടിരിക്കുന്നതുമായ നന്മകള്‍ ഓര്‍ക്കുമ്പോള്‍ ജീവിത വഴികളെക്കുറിച്ച് ഞാന്‍ അവബോധമുള്ളവനായി മാറുന്നു. ഈ അവബോധമായിരിക്കും ജീവിതത്തിന് പ്രത്യാശപകരുന്നത്. ദൈവം നമുക്കായി ചെയ്ത നന്മകള്‍ നന്ദിയോടെ എന്നും അനുസ്മരിക്കാം.

സഭ – ഒരു ഉത്ഥാനാനന്തര കൂട്ടായ്മ 
ഉത്ഥാനാനന്തര കൂട്ടായ്മയാണ് സഭ, എന്ന് നാം തിരിച്ചറിയേണ്ടതാണ്. ക്രൈസ്തവരെ അതുകൊണ്ടാണ് ഇംഗ്ലിഷില്‍, ഈസ്റ്റര്‍ പീപ്പിള്‍ (Easter people) എന്നു വിളിക്കുന്നത്. ഉത്ഥിതനായ ക്രിസ്തുവിന്‍റെ സാന്നിദ്ധ്യമാണ് സഭയുടെ ശക്തികേന്ദ്രം. “യുഗാന്തംവരെ ഞാന്‍ എന്നും നിങ്ങളുടെകൂടെ ഉണ്ടായിരിക്കും,” എന്ന അവിടുത്തെ തിരുവചനം നമുക്കു വലിയ ശക്തിനല്കുന്നു. ഉത്ഥിതനില്‍നിന്നും ലഭിക്കുന്ന ഈ ഉറപ്പ് സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങളുടെ ചാലകശക്തിയാണ് (മത്തായി 28, 20). പ്രശ്നങ്ങളും പ്രയാസങ്ങളും സഭാന്തരീക്ഷത്തില്‍ പ്രക്ഷുബ്ധതയുടെ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടാകാം. മരുഭൂമി അനുഭവം സഭയുടെയും ജീവിതാനുഭവമായിട്ടുണ്ട്. എങ്കിലും ക്രിസ്തുവിന്‍റെ വാക്കുകളില്‍ പ്രത്യാശ അര്‍പ്പിച്ച് സഭ പിന്നെയും മുന്നേറുന്നു. ദൈവജനത്തിന്‍റെ അനുഭവമാണത്.  അടച്ചുഭദ്രമാക്കിയ ജറീക്കോ പട്ടണം ഇസ്രായേല്‍ക്കാര്‍ പിടിച്ചടക്കിയത് അവരുടെ സൈന്ന്യബലംകൊണ്ടായിരുന്നില്ല. യാഹ്വേയുടെ നിര്‍ദ്ദേശമനുസരിച്ച് പുരോഹിതരും വാഗ്ദാനപേടകം വഹിക്കുന്നവരും കാഹളം മുഴക്കുന്നവരും പട്ടണത്തിന്‍റെ മതലിനു ചുറ്റും നടന്ന് ഏഴു ദിവസം കാഹളം മുഴക്കി. കാഹളധ്വനി കേട്ടപ്പോള്‍ ജനം ആര്‍ത്ത് അട്ടഹസിച്ചു. ഒരുദിവസം പട്ടണഭിത്തി നിലംപതിക്കുകയും ചെയ്തു (ജോഷ്വാ 6, 1-27).

ക്രൈസ്തവര്‍ ഉത്ഥാനസാക്ഷികള്‍ (The Easter people) 
സമകാലിക സമൂഹം നേരിടുന്ന വെല്ലുവിളികള്‍ നിരവധിയാണ്. അനീതിയുടെയും അസത്യത്തിന്‍റെയും, വംശീയതയുടെയും ഫലങ്ങള്‍ സമൂഹത്തില്‍ അസ്വസ്ഥത പടര്‍ത്തുന്നു. സഭയില്‍ തന്നെ അധാര്‍മ്മികതയുടെ പ്രതിസന്ധികള്‍ ആഞ്ഞടിക്കുന്നു. മനുഷ്യന് ദൈവത്തെ ആവശ്യമാണ്. അല്ലെങ്കില്‍ അവന്‍ പ്രത്യാശയില്ലാത്തവനായി ഭവിക്കും. ക്രൈസ്തവര്‍ ഭാവിയെക്കുറിച്ചുള്ള പ്രത്യാശ അര്‍പ്പിക്കേണ്ടത് ദൈവത്തിലാണ്, ഉത്ഥിതനായ ക്രിസ്തുവിലാണ്. ദൈവമില്ലാത്ത ലോകം പ്രത്യാശയില്ലാത്ത ലോകമാണ്. ഇന്നിന്‍റെ അപര്യാപ്തതകള്‍ക്കു മുന്നില്‍ നമ്മുടെ മനസ്സിന്‍റെ ആര്‍ജ്ജവത്വം പണയപ്പെടുത്താതിരിക്കാം. അന്ധകാരത്തിന്‍റെ സംഘടിത ശക്തികളെക്കണ്ട് ഭയപ്പെടാതെയും, വചനാനുസൃതമായ ജീവിതത്തിലൂടെ തിന്മയുടെ കോട്ടകളെ തകര്‍ക്കാനുള്ള ആര്‍ജ്ജവത്തോടെ ഉത്ഥിതനായ ക്രിസ്തുവിന്‍റെ പ്രത്യാശവാഹകരായും, അവിടുത്തെ സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും സാക്ഷികളായും ജീവിക്കാം, മുന്നേറാം. പ്രത്യാശയുടെ പ്രഭാതങ്ങള്‍ക്കായി കര്‍മ്മനിരതരായും പതറാതെയും ജീവിക്കുവാന്‍ ഉത്ഥാനമഹോത്സവം പ്രചോദനമാകട്ടെ!

ഉത്ഥിതന്‍റെ സൂര്യതേജസ്സ്!
ക്രിസ്തുവിന്‍റെ ജീവിത സംഭവങ്ങളൊക്കെയും ഹൃദയത്തില്‍ പേറിയ കന്യകാനാഥയുടെ മാദ്ധ്യസ്ഥ്യവും മാതൃകയും ക്രൈസ്തവമക്കള്‍ ഉള്‍ക്കൊള്ളേണ്ടതാണ്. തന്‍റെ തിരുക്കുമാരന്‍റെ ഉത്ഥാനത്തില്‍ നമ്മെയും പങ്കുകാരാക്കണമേ, എന്നു അമ്മയോടു പ്രാര്‍ത്ഥിക്കാം. ഉത്ഥാനത്തിന്‍റെ നവജീവനിലേയ്ക്ക് നമ്മെ നയിക്കണമേ എന്ന് അപേക്ഷിക്കാം. ദൈവം നമ്മുടെ ജീവതത്തിലും ഈ ലോകത്തും ചെയ്തിട്ടുള്ള നന്മകളെ അനുസ്മരിക്കുന്നവരാകാം. ക്രിസ്തു ഇന്നും നമ്മുടെ മദ്ധ്യേ ജീവിക്കുന്ന അനുഭവം സ്വായത്തമാക്കാന്‍ പരിശ്രമിക്കാം. ഈസ്റ്റര്‍ എന്ന വാക്കിന്‍റെ മൂലാര്‍ത്ഥം ഉദയസൂര്യന്‍ എന്നാണ്. ക്രിസ്തുവിന്‍റെ ഉത്ഥാനം ലോകത്തിന് അനുദിനം തെളിയുന്ന സൂര്യതേജസ്സിന്‍റെ പ്രത്യാശയാണ്.. ക്രിസ്തുവിന്‍റെ ഉയിര്‍പ്പിലുള്ള വിശ്വാസം നമുക്ക് അനുദിന ജീവിതത്തില്‍ പ്രത്യാശയും വെളിച്ചവും പകരട്ടെ, അത് സൂര്യതേജസ്സാവട്ടെ!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 April 2019, 19:54