തിരയുക

The merciful Christ - an ancient mosaic art The merciful Christ - an ancient mosaic art 

ക്ഷമിക്കുന്ന സ്നേഹം ദൈവികദാനം

തപസ്സുകാലം മൂന്നാംവാരം ഞായറാഴ്ചത്തെ സുവിശേഷവിചിന്തനം - ലൂക്കാ 13, 1-9.

- ഫാദര്‍ വില്യം നെല്ലിക്കല്‍

അത്തിവൃക്ഷത്തോടു ദാക്ഷിണ്യം - ശബ്ദരേഖ

ദുരന്തങ്ങളുടെ സമകാലീന ലോകം
ഇക്കാലഘട്ടത്തില്‍ അനുദിനമെന്നോണം കേള്‍ക്കുന്നതും കാണുന്നതുമായ വാര്‍ത്തകള്‍ മോശമാണ്. ഭീതിദമാണ് മനുഷ്യക്കുരുതി, വന്‍അപകടങ്ങള്‍, പ്രകൃതിക്ഷോഭം, പ്രക്ഷോഭങ്ങള്‍ എന്നിവ നമുക്ക് തഴക്കമായിക്കഴിഞ്ഞിരിക്കുന്നു. പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകളി‍ല്‍ ലോകത്തെ മൊത്തമായി വീക്ഷിക്കുമ്പോള്‍ ഒരു ചിഹ്നഭിന്നമായ മൂന്നാം ലോക മഹായുദ്ധം നടക്കുന്ന പ്രതീതിയുണ്ട്.

ഇന്നത്തെ സുവിശേഷഭാഗത്ത് യേശു തന്‍റെ കാലഘട്ടത്തില്‍ നടന്ന രണ്ടു വന്‍ ദുരന്തങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ആദ്യത്തേത് ജരൂസലേം ദേവാലയത്തില്‍ റോമന്‍ പട്ടാളക്കാര്‍ നടത്തിയ കൂട്ടക്കുരുതിയാണ്. രണ്ടാമത്തേത് ജരൂസലേത്ത് സീലോഹായിലെ ഗോപുരം ഇടിഞ്ഞു വീണുണ്ടായ 18 പേരുടെ മരണവും, അതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധികളുമാണ് (ലൂക്കാ 13, 1-5).

ക്രിസ്തു പഠിപ്പിച്ച ക്ഷമിക്കുന്ന സ്നേഹം
ജരൂസലത്ത് പീലാത്തോസി‍ന്‍റെ കാലത്തുണ്ടായ സംഭവങ്ങള്‍ എപ്രകാരം അക്കാലഘട്ടത്തിലെ ജനങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തിരുന്നെന്ന് ക്രിസ്തു ഇന്നത്തെ സുവിശേഷത്തിലൂടെ നമ്മെ ചൂണ്ടിക്കാണിക്കുന്നു. അന്നാളില്‍ ജനങ്ങള്‍ വ്യാഖ്യാനിച്ചത് ഇപ്രകാരമായിരുന്നു, അത്രയും പേര്‍ അങ്ങനെ ക്രൂരമായ സാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടെങ്കില്‍, അത് അവരുടെ പാപങ്ങള്‍ക്കു പ്രതിഫലമായി ദൈവം നല്കിയ ശിക്ഷയാണെന്നാണ്. അവര്‍ അതിന് അര്‍ഹരാണെന്നും ഇക്കൂട്ടര്‍ സ്ഥാപിച്ചിരുന്നു. ദുരന്തങ്ങള്‍ക്കിടയില്‍ ചിലപ്പോള്‍ സമകാലീന സംസ്കാരവും ജനതകളും ചിന്തിക്കുന്നത് തങ്ങള്‍ മരണമടഞ്ഞവരെക്കാള്‍ ഏറെ മെച്ചപ്പെട്ടവരായതിനാലാണ് രക്ഷപ്പെട്ടതെന്നാണ്. അവര്‍ അര്‍ഹിക്കുന്നതാണ് അവര്‍ക്കു കിട്ടിയതെന്നും ഇക്കൂട്ടര്‍ വിധി പ്രസ്താവിക്കും. ഞങ്ങള്‍ നല്ലവരാണെന്നും, മറ്റുള്ളവര്‍ മോശക്കാരാണെന്നുമുള്ള ചിന്തയുടെ ഈ വിധിയെഴുത്ത് ഏറെ അപകടകരമാണ്.

അനുതപിക്കാത്തവര്‍ക്ക് ദുരിതം
ക്രിസ്തു ഈ മനോഭാവത്തെ പഴിച്ചു തള്ളുന്നു. കാരണം ദൈവം ഒരിക്കലും പാപികളെ ശിക്ഷിക്കുന്നില്ല. പാപം ഇല്ലാതാക്കാന്‍ അവിടുന്നു ഒരിക്കലും കെടുതികള്‍ വരുത്തിവയ്ക്കുന്നില്ല. അവിടുന്നു പാപികള്‍ക്ക് ആശ്രയമാണ്. അവിടുന്നു പാപികളെ രക്ഷിക്കുവാനാണ് ഭൂമിയില്‍ മനുഷ്യനായി അവതരിച്ചത്. അവിടുന്നില്‍ ശിക്ഷാവിധിയില്ല. മാത്രമല്ല, കെടുതികളില്‍ പെട്ടവര്‍ മറ്റുള്ളവരെക്കാള്‍ മോശമായ പാപികളാണെന്ന് അവിടുന്ന് ഒരിക്കലും വിചാരിക്കുകയോ, വിധിക്കുകയോ ചെയ്യുന്നുമില്ല. അതിനാല്‍ ദാരുണ സംഭവങ്ങളില്‍നിന്നും കെടുതികളില്‍നിന്നും എല്ലാവരും ശരിയായ പാഠങ്ങള്‍ പഠിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നുണ്ട്. കാരണം നാം എല്ലാവരും ബലഹീനരും പാപികളുമാണ്. പാപികളെയാണ് ദൈവം ശിക്ഷിക്കുന്നത് എന്നു ചിന്തിച്ചിരുന്ന സമകാലീനര്‍ ക്രിസ്തുവിന്‍റെ വീക്ഷണത്തെ അപലപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നു. അപ്പോള്‍ ക്രിസ്തു പറഞ്ഞത്, “പശ്ചാത്തപിക്കാത്തവര്‍ക്ക് ദുരിതമെന്നാണ്. അനുതപിക്കാത്തവര്‍ അതുപോലെ നശിക്കു”മെന്നുമാണ് (ലൂക്കാ 13, 5).  

ശിക്ഷിക്കാത്ത ദൈവം നമ്മുടെ രക്ഷകന്‍
ഇരകളായവരെ കുറ്റപ്പെടുത്തുന്ന രീതിയില്‍ ഇന്നു നാം സംസാരിക്കാറുണ്ട്. കെടുതികളുടെ ഉത്തരവാദിത്ത്വം അതു സഹിക്കുന്നവരുടെമേല്‍ കെട്ടിവയ്ക്കുന്നു. അല്ലെങ്കില്‍ കെടുതികള്‍ക്ക് ദൈവത്തെ പഴിക്കുന്നതും സാധാരണമാണ്. അങ്ങനെ കുറ്റം ആരുടെയെങ്കിലും മേല്‍ കെട്ടിവയ്ക്കുന്ന രീതി സര്‍വ്വസാധാരണമാണ്. അങ്ങനെയുള്ളൊരു പശ്ചാത്തലത്തില്‍ ഇന്നത്തെ സുവിശേഷ ഭാഗത്തിലൂടെ ക്രിസ്തു നമ്മെ ക്ഷണിക്കുന്നത്, ദൈവത്തെക്കുറിച്ചു നമുക്കുള്ള ധാരണയെന്തെന്ന് വിലയിരുത്തുവാനാണ്. മനുഷ്യരെ ശിക്ഷിക്കുന്ന വിധികര്‍ത്താവാണു ദൈവമെന്ന ധാരണയിലാണോ നാം ജീവിക്കുന്നത്? അല്ലെങ്കില്‍ അതു നമ്മുടെ രൂപത്തിലും ഭാവത്തിലും മെനഞ്ഞെടുക്കപ്പെട്ട ദൈവമാണോ? ദൈവത്തെക്കുറിച്ച് എന്തു ചമയങ്ങളാണ് നാം കെട്ടിയുണ്ടാക്കുന്നതെന്നും ഈ തപസ്സില്‍ നാം വിലയിരുത്തേണ്ടതാണ്.

നന്മ ഉള്‍ക്കൊള്ളുന്നവരാകാം!
ക്രിസ്തു നമ്മോട് ആവശ്യപ്പെടുന്നത്, ഹൃദയപരിവര്‍ത്തനമാണ്, മാനസാന്തരമാണ്. ജീവിതപാതയില്‍ ഒരു മൗലിക വീക്ഷണമാണ് അവിടുന്ന് തന്‍റെ ശിഷ്യന്മാരില്‍നിന്നും പ്രതീക്ഷിക്കുന്നത്. തിന്മയോടു കൂട്ടുചേരുന്നതില്‍നിന്നു മാത്രമല്ല, അതിനോടു സമരസപ്പെടുന്നതില്‍നിന്നും വിടുതല്‍ തേടുവാന്‍ അവിടുന്നു നമ്മെ ഈ തപസ്സില്‍ ക്ഷണിക്കുന്നു.

നാമെല്ലാവരും പലപ്പോഴും ചെയ്യുന്ന തിന്മയോടു പൊരുത്തപ്പെടുന്ന രീതിയെ ക്രിസ്തു കപടനാട്യമെന്ന് ആവര്‍ത്തിച്ച് കുറ്റപ്പെടുത്തുന്ന സുവിശേഷ രംഗങ്ങളുണ്ട്. തീര്‍ച്ചയായും യഥാര്‍ത്ഥത്തിലുള്ള മാനസാന്തരത്തിന്‍റെ പാതയില്‍നിന്നും നമ്മെ പിന്‍തിരിപ്പിക്കുന്നത്, നമ്മിലെ കാപട്യം നിറഞ്ഞ മനോഭാവമാണ്. കൂടാതെ നാം സ്വയം ന്യായീകരിക്കുകയും, തെറ്റുകള്‍ക്കു മുടന്തന്‍ ന്യായങ്ങള്‍ കണ്ടുപിടിക്കുകയും ചെയ്യുന്നു. സ്വന്തം തെറ്റുകള്‍പോലും മറ്റുള്ളവരുടെ കഴുത്തില്‍ കെട്ടിവയ്ക്കുന്നവരുമുണ്ട്. അങ്ങനെ മാനസാന്തരപ്പെടാന്‍ തന്നില്‍ ഒന്നുമില്ലെന്നും, അടിസ്ഥാനപരമായി താന്‍ കഴിവുള്ള നല്ല വ്യക്തിയാണെന്നുമുള്ള ചിന്തയില്‍ മുഴുകി ജീവിക്കുന്നതാണ് ക്രിസ്തു ചൂണ്ടിക്കാണിക്കുന്ന കാപട്യം, ഫരീസേയ മനോഭാവം. നാം മുടങ്ങാതെ പള്ളിയില്‍ പോകുന്നുണ്ട്, കൂദാശകള്‍ സ്വീകരിക്കുന്നുണ്ട്. എന്നിങ്ങനെ സ്വയം ന്യായീകരിക്കാനും, ന്യായീകൃതരാകാനും ചിലകാര്യങ്ങള്‍ നമ്മുടെ കൈവശമുണ്ടുതാനും.

ഫലം നല്കാത്ത വൃക്ഷം
ഇന്നത്തെ സുവിശേഷത്തിന്‍റെ രണ്ടാം ഭാഗത്ത് നാളുകളായി ഫലംനല്കാത്ത ഒരു അത്തിവൃക്ഷത്തിന്‍റെ കഥ ക്രിസ്തു പറയുന്നുണ്ട്. മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ ഉടമസ്ഥന്‍ അതു വെട്ടിക്കളയാന്‍  തീരുമാനിച്ചു. എന്നാല്‍  ഈ വര്‍ഷംകൂടെ അതിനെ പരിചരിച്ചു നോക്കാമെന്ന് കൃഷിക്കാരന്‍ പറയുന്നു. ചുവടു കിളച്ച് വളമിടാമെന്ന ഔദാര്യവും ക്ഷമയുമാണ് അയാള്‍ കാണിക്കുന്നത്. എന്നിട്ടും ഫലം നല്കിയില്ലെങ്കില്‍ വെട്ടിക്കളയാമെന്നും സമ്മതിക്കുന്നു.

ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ജീവിതത്തില്‍ നാമും ഫലംപുറപ്പെടുവിക്കാത്ത വൃക്ഷത്തെപ്പോലെ ആയിത്തീരാം. എന്നാല്‍ ഉപമയിലെ ഉദാരമതിയും പ്രത്യാശപൂര്‍ണ്ണനുമായ കര്‍ഷകന്‍ ക്രിസ്തുതന്നെയാണ്. ഫലംതരാത്ത വൃക്ഷത്തോട് അവിടുന്നു ഔദാര്യം കാട്ടുന്നു, ദാക്ഷിണ്യം കാട്ടുന്നു. “ഈ വര്‍ഷംകൂടി കാക്കുകയാണെങ്കില്‍,  മേലില്‍ അതു ഫലം നല്കിയേക്കാം. അല്ലെങ്കില്‍ വെട്ടിവീഴ്ത്താം...” (ലൂക്കാ 13, 9). നല്ല കര്‍ഷകനാകുന്ന ക്രിസ്തു നല്കുന്ന ഔദാര്യം നമുക്ക് തേടാം.

ഈ തപസ്സുകാലം വ്യര്‍ത്ഥമായി പോകരുത്!

കൃപയുടെ സമയമാണ് തപസ്സുകാലം, അത് വ്യര്‍ത്ഥമാക്കി കളയരുതെന്ന് ഈ വര്‍ഷത്തെ സന്ദേശത്തിലൂടെ പാപ്പാ ഫ്രാന്‍സിസ് ഓര്‍മ്മിപ്പിക്കുന്നു. മാനസാന്തരത്തിന്‍റെ പാതയില്‍ മുന്നേറുവാന്‍ സഹായിക്കുന്നതിനുവേണ്ട ദൈവകൃപയ്ക്കായി പ്രാര്‍ത്ഥിക്കാം. നമ്മുടെ സ്വാര്‍ത്ഥതയും തന്‍പോരിമയും പിറകില്‍ ത്യജിച്ച് യേശുവിന്‍റെ പെസഹായുടെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളാനായാല്‍ ആവശ്യങ്ങളില്‍ സഹോദരങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കാനും, ഭൗതികവും ആത്മീയവുമായ വസ്തുക്കള്‍ അവരുമായി പങ്കുവയ്ക്കാനുമുള്ള മനസ്സിന്‍റെ തുറവു നമുക്കു ലഭിക്കും. ഈ ആത്മീയ മാര്‍ഗ്ഗത്തിലൂടെ മരണത്തിനും പാപത്തിനും മേലെയുള്ള ക്രിസ്തുവിന്‍റെ ഉയിര്‍പ്പിന്‍റെ വിജയത്തെ നമ്മുടെ ജീവിതത്തിലേക്ക് മൂര്‍ത്തമായി പകര്‍ത്താന്‍ പരിശ്രമിക്കാം. ദൈവം ദീര്‍ഘക്ഷമാലുവാണ്. അവിടുന്നു നമ്മോടു കാണിക്കുന്ന കാരുണ്യം അനന്തവുമാണ്. അതിനാല്‍ ദൈവത്തിങ്കലേയ്ക്ക് തിരിയാനും അനുതപിക്കാനും നാം ഒരിക്കലും വൈകരുത്. ദൈവിക കാരുണ്യം നിങ്ങള്‍ക്കും എനിക്കുമായി എപ്പോഴും കാത്തിരിക്കുന്നു.

ദൈവം ക്ഷമിക്കുന്നതുകൊണ്ട് നാം ജീവിക്കുന്നു
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരു മനുഷ്യനുവേണ്ടി കൊച്ചുത്രേസ്യാ പുണ്യവതി എന്നും പ്രാര്‍ത്ഥിക്കുമായിരുന്നു. ഫലം കണ്ടില്ല. മാനസാന്തരത്തിനും, പാപത്തില്‍നിന്നുള്ള തിരിച്ചുവരവിനുമായി സഭ നല്കുന്ന അവസരമായ കുമ്പസാരമെന്ന കൂദാശയും അയാള്‍ നിഷേധിച്ചുവത്രേ! എന്നിട്ടും പുണ്യവതി അയാള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന തുടര്‍ന്നു. അവസാനം മരണനിമിഷം എത്തിയപ്പോള്‍ സമീപത്തുണ്ടായിരുന്ന വൈദികനോട് അദ്ദേഹത്തിന്‍റെ കൈയ്യിലുണ്ടായിരുന്ന ക്രൂശിതരൂപം വാങ്ങി ഭക്തിയോടെ അയാള്‍ ചുംബിച്ച സംഭവം പുണ്യവതി ആത്മകഥയില്‍ രേഖപ്പെടുത്തുന്നുണ്ട്. ദൈവത്തിന്‍റെ ക്ഷമയും കൃപാതിരേകവും പാപികളും ബലഹീനരുമായ നമ്മെ എന്നും അനുഗമിക്കുന്നുണ്ട്. ദൈവം നമ്മോടു ക്ഷമിക്കുന്നതുകൊണ്ടാണ് നാം ജീവിക്കുന്നത്.

ക്ഷമിക്കുന്ന സ്നേഹം
തപസ്സിലെ ഈ ദിനങ്ങളിലൂടെ ദൈവിക കാരുണ്യത്തിനായി നമ്മുടെ ഹൃദയങ്ങള്‍ തുറക്കാം, സഹോദരങ്ങളോട് കാരുണ്യം കാട്ടാനും ക്ഷമിക്കാനുമുള്ള കഴിവുതരണമേ, എന്ന് അത്തിവൃക്ഷത്തോട് ദാക്ഷിണ്യവും ഔദാര്യവും കാട്ടിയ കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കാം. സഹോദരങ്ങളോടു നാം ക്ഷമിക്കുമ്പോള്‍, ദൈവം നമ്മോടും ക്ഷമിക്കും, അവിടുന്നു നമ്മോടും  കരുണകാണിക്കും!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 March 2019, 18:56