Chants of the Angels Chants of the Angels  

സഹായകനായ ദൈവത്തെ പ്രകീര്‍ത്തിക്കുന്ന ശരണഗീതം

ശരണസങ്കീര്‍ത്തനം 25-ന്‍റെ പഠനം അഞ്ചാമത്തെയും അവസാനത്തെയും ഭാഗം :
സങ്കീര്‍ത്തനം 25-ന്‍റെ പഠനം - ശബ്ദരേഖ

ദൈവത്തില്‍ ശരണപ്പെടുന്ന മനുഷ്യന്‍
ദാവീദിന്‍റെ സങ്കീര്‍ത്തനമെന്ന് വ്യക്തമായി നിരൂപകന്മാര്‍ സ്ഥാപിക്കുന്ന  ഒന്നാണ് ഇപ്പോള്‍ പഠനവിഷയമാക്കിയിരിക്കുന്ന 25-‍Ɔο സങ്കീര്‍ത്തനം. ശത്രുക്കളില്‍നിന്നും തനിക്കെതിരായ അതിക്രമികളില്‍നിന്നും ഭയന്ന് ദാവീദ് രാജാവു  കര്‍ത്താവില്‍ ശരണപ്പെടുകയാണെന്ന് പദങ്ങളില്‍നിന്നും നമുക്കു മനസ്സിലാക്കാം. കാരണം, തനിക്കെതിരായി വന്ന ശത്രുക്കളെക്കുറിച്ച് വരികളില്‍ രാജാവു വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. പദങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇത് നമുക്ക് കൂടുതല്‍ മനസ്സിലാക്കുവാന്‍ സാധിക്കും :

Recitation
2. ദൈവമേ, അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു.
ഞാന്‍ ഒരിക്കലും ലജ്ജിതനാകാതിരിക്കട്ടെ!
ശത്രുക്കള്‍ എന്‍റെമേല്‍ വിജയം ആഘോഷിക്കാതിരിക്കട്ടെ!
3. അങ്ങയെ കാത്തിരിക്കുന്ന ഒരുവനും ഭഗ്നാശനാകാതിരിക്കട്ടെ!
വിശ്വാസവഞ്ചകര്‍ അപമാനിതരാകട്ടെ! (2)

ഗീതത്തിലെ ദൈവത്തെക്കുറിച്ചുള്ള മൂന്നു വിവരണങ്ങള്‍
അങ്ങനെ ദാവീദ് രാജാവ് തന്‍റെ ജീവിതകാലത്ത്, അല്ലെങ്കില്‍ ഭരണകാലത്ത് എപ്പോഴോ രചിച്ചതാണ് 25-‍Ɔο സങ്കീര്‍ത്തനം എന്നു  നിരൂപകന്മാര്‍ക്കൊപ്പം ഇതുവഴി നമുക്കും സ്ഥാപിക്കാം. ആധുനിക കാലത്തെ നിരൂപകന്മാരും ബൈബിള്‍ പണ്ഡിതന്മാരും നല്കുന്ന 25-‍Ɔο സങ്കീര്‍ത്തനത്തിന്‍റെ നവമായൊരു ശാസ്ത്രീയ വ്യാഖ്യാനം, അല്ലെങ്കില്‍ വീക്ഷണംകൂടെ ഇന്നത്തെ പ്രക്ഷേപണത്തില്‍ നമുക്ക് മനസ്സിലാക്കാന്‍ ശ്രമിക്കാം. 

Musical Version of Psalm 25
എന്നാത്മാവിനെ ഞാനങ്ങേ
സന്നിധി തന്നിലുയര്‍ത്തുന്നു 
കര്‍ത്താവേ, സന്നിധി തന്നിലുയര്‍ത്തുന്നു (2).
കര്‍ത്താവേ, അങ്ങേ മാര്‍ഗ്ഗങ്ങള്‍ എനിക്ക് മനസ്സിലാക്കിത്തരണമേ
അങ്ങേ വഴികളെന്നെ പഠിപ്പിക്കേണമേ
അങ്ങേ സന്നിധിയിലേയ്ക്കെന്നെ നയിക്കേണമേ
അങ്ങേ സത്യമെനിക്ക് വെളിപ്പെടുത്തി തരേണമേ.

അവസാനത്തെ, അതായത് 22-Ɔമത്തെ പദം മാറ്റിനിര്‍ത്തിക്കൊണ്ട് ഈ  ശരണ സങ്കീര്‍ത്തനത്തെ ആധുനിക കാലത്തെ നിരൂപകന്മാര്‍ മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.  25-‍Ɔο സങ്കീര്‍ത്തനത്തിന്‍റെ ആദ്യഭാഗമായ 1-7 അതില്‍ ശ്രദ്ധേയമാകുന്ന പദം ഇങ്ങനെയാണ്.

Recitation
6. കര്‍ത്താവേ, പണ്ടുമുതലേ അങ്ങ് ഞങ്ങളോടു കാണിച്ച
 അങ്ങയുടെ കാരുണ്യവും വിശ്വസ്തതയും  അനുസ്മരിക്കേണമേ.
7. എന്‍റെ യൗവ്വനത്തിലെ പാപങ്ങളും അതിക്രമങ്ങളും അങ്ങ് ഓര്‍ക്കരുതേ!
കര്‍ത്താവേ, അങ്ങയുടെ അചഞ്ചല സ്നേഹത്തിന് അനുസൃതമായി
കരുണാപൂര്‍വ്വം എന്നെ അനുസ്മരിക്കേണമേ (2)!

ആദ്യഭാഗത്തെ രക്ഷിതാവായ ദൈവം
ദാവീദ് ഇവിടെ പ്രാര്‍ത്ഥിക്കുന്നത് ദൈവമേ, അങ്ങെന്‍റെ പാപങ്ങള്‍ പരിഗണിക്കാതെ എന്നെ കടാക്ഷിക്കേണമേ.., എന്നാണ്. ഒപ്പം ശത്രുക്കളില്‍നിന്നും തന്നെ സംരക്ഷിക്കണമേ, എന്നും രാജാവ് യാചിക്കുന്നു.

രണ്ടാം ഭാഗത്തെ നീതിമാനായ ദൈവം
ഇനി, രണ്ടാം ഭാഗത്ത് സങ്കീര്‍ത്തനം 25-ന്‍റെ, 8-മുതല്‍ 14-വരെയുള്ള പദങ്ങളാണ്. ദാവീദ് രാജാവ്, അനുവാചകരോട് ദൈവത്തെക്കുറിച്ച് സംസാരിക്കുന്നതായി മനസ്സിലാക്കാം. കര്‍ത്താവ് നല്ലവനും പാപികളോട് കരുണ കാണിക്കുന്നവനുമാണ്. എളിയവരെ അവിടുന്നു  നീതിമാര്‍ഗ്ഗത്തില്‍ നയിക്കുന്നു. വിനീതരെ തന്‍റെ വഴികള്‍ അവിടുന്നു പഠിപ്പിക്കുന്നു, എന്നെല്ലാം ഗായകനായ രാജാവ് കിന്നരം മീട്ടിക്കൊണ്ട് കേള്‍വിക്കാര്‍ക്കായി ആലപിക്കുന്നത്  ഭാവനയില്‍ കൊണ്ടുവരാവുന്നതാണ്.

മൂന്നാം ഭാഗത്തെ സഹായകനായ ദൈവം
ഇനി ശ്രദ്ധേയമായ 12-മുതല്‍ 14-വരെയുള്ള പദങ്ങളാണ് മൂന്നാം ഭാഗം.

Recitation
12. കര്‍ത്താവിനെ ഭയപ്പെടുന്നവനാരോ അവന്‍ തിരഞ്ഞെടുക്കേണ്ട
 വഴി അവിടുന്നു കാണിച്ചുകൊടുക്കും.
13. അവന്‍ ഐശ്വര്യത്തില്‍ കഴിയും, അവന്‍റെ മക്കള്‍ ദേശം അവകാശമാക്കും.
14. കര്‍ത്താവിന്‍റെ സൗഹൃദം അവിടുത്തെ ഭയപ്പെടുന്നവര്‍ക്കുള്ളതാണ്,
അവിടുന്നു തന്‍റെ ഉടമ്പടി അവരെ അറിയിക്കും.

സങ്കീര്‍ത്തനം 25-ന്‍റെ 15-21 വരെയുള്ള പദങ്ങളാണ് രചനയുടെ മൂന്നാം ഭാഗമായിട്ട് നിരൂപകന്മാര്‍ തിട്ടപ്പെടുത്തിയിരിക്കുന്നത്. സങ്കീര്‍ത്തനത്തിന്‍റെ അവസാന ഭാഗമാണല്ലോ ഇത്.  ഈ ഏഴു വരികളില്‍ പറയുന്നത് - ശത്രുക്കള്‍ ഇതാ, തന്നെ മുറിപ്പെടുത്തിയിരിക്കുന്നു, അവര്‍ ദ്രോഹിക്കുകയും, അസ്വസ്ഥനാക്കുകയും, ദുഃഖിതനാക്കുകയും ചെയ്യുന്നു. അതിനാല്‍ ദൈവമേ, അങ്ങ് എന്നെ സഹായിക്കേണമേ!

Recitation
19. ഇതാ, ശത്രുക്കള്‍ പെരുകിയിരിക്കുന്നു,  അവര്‍ എന്നെ കഠിനമായി വെറുക്കുന്നു.
20. എന്‍റെ ജീവന്‍ കാത്തുകൊള്ളണമേ, എന്നെ രക്ഷിക്കണമേ!
അങ്ങില്‍ ആശ്രയിച്ച എന്നെ ലജ്ജിക്കാന്‍ ഇടയാക്കരുതേ!
21. നിഷ്ക്കളങ്കതയും നീതിനിഷ്ഠയും എന്നെ സംരക്ഷിക്കട്ടെ,
ദൈവമേ, ഞാനങ്ങയെ കാത്തിരിക്കുന്നു.

ശരണപൂര്‍വ്വകമായ യാചനകള്‍
രാജാവിന്‍റെ ശരണപൂര്‍വ്വകമായ യാചനയുടെ  പ്രാര്‍ത്ഥനയാണ് പദങ്ങളില്‍ സ്ഫുരിക്കുന്നത്. എന്നെ ലജ്ജിതനാകാന്‍ അനുവദിക്കരുതേ, കര്‍ത്താവേ! ഒരു രാജാവ് ഇങ്ങനെ യാചിക്കുന്നത്, അല്ലെങ്കില്‍ പ്രാര്‍ത്ഥിക്കുന്നത് ഏറെ ഹൃദയസ്പര്‍ശിയാണ്.

Musical Version of Psalm 25
എന്നാത്മാവിനെ ഞാനങ്ങേ
സന്നിധി തന്നിലുയര്‍ത്തുന്നു
 കര്‍ത്താവേ, സന്നിധി തന്നിലുയര്‍ത്തുന്നു.
അങ്ങേ മാര്‍ഗ്ഗങ്ങള്‍ എനിക്ക് മനസ്സിലാക്കി തരണമേ
 അങ്ങേ വഴികളെന്നെ പഠിപ്പിക്കേണമേ.
അങ്ങെ സന്നിധിയിലേയ്ക്കെന്നെ നയിക്കേണമേ
അങ്ങേ സത്യമെനിക്ക് വെളിപ്പെടുത്തിതരേണമേ.

ഉപസംഹാരം ജനത്തിനുവേണ്ടിയുള്ള ശരണപ്പെടല്‍
ഇനി അവസാനമായി, ഒറ്റപ്പെട്ടു കിടക്കുന്ന 22-Ɔമത്തെ പദം പരിശോധിക്കാം.
അത് ഇസ്രായേലിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയാണെന്നു മനസ്സില്ക്കാം.

Recitation
22. ദൈവമേ, ഇസ്രായേലിനെ സകല കഷ്ടതകളിലുംനിന്നും
മോചിപ്പിക്കണമേ... എന്നാണ്.
ഇത്രയും സമയം വ്യക്തിഗതമായി ശത്രുക്കള്‍ക്കും ദ്രോഹകാരികള്‍ക്കുംവേണ്ടി പ്രാര്‍ത്ഥിച്ചിരുന്ന ഗായകന്‍. ഇപ്പോള്‍ ഇതാ, ഇസ്രായേല്‍ ജനതയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. 

ഗീതത്തിനു ലഭിക്കുന്ന വ്യാപ്തി
വായനമാത്രയില്‍ നമുക്കു മനസ്സിലാക്കാം, 22-Ɔമത്തെ പദം, ആരോ എക്കാലത്തോ കൂട്ടിച്ചേര്‍ത്തതാണെന്ന്.  ഇക്കാര്യം നിരൂപകന്മാരും പഠനങ്ങളിലൂടെ വ്യക്തമാക്കിയിട്ടുള്ളതാണ്. ദാവീദിന്‍റെ പ്രാര്‍ത്ഥന, ദാവീദിന്‍റേതു മാത്രമായി ചരിത്രത്തില്‍ നില്ക്കാതെ അത് ഇസ്രായേല്‍ ജനത്തിന്‍റേതാക്കി മാറ്റുവാനുള്ള ശ്രമമായിരുന്നിരിക്കണം – ‘ഇസ്രായേല്‍’ എന്നുള്ള കൂട്ടിച്ചേര്‍ക്കലുമായി പുതിയ പദം കാലത്തികവില്‍ ചേര്‍ക്കപ്പെട്ടതാണെന്നാണ്  ബൈബിള്‍ പണ്ഡിതന്മാരുടെ നിഗമനം. ഇസ്രായേല്‍ എന്ന പദപ്രയോഗത്തിലൂടെ ആര്‍ജ്ജിക്കുന്ന കാര്യങ്ങള്‍ രണ്ടാണ്. ആദ്യം. ഇസ്രായേലില്‍ ജീവിച്ചിരുന്ന യഹൂദജനത്തെ ആകമാനമാണ് ശരണഗീതത്തിന്‍റെ പശ്ചാത്തലത്തിലേയ്ക്ക് ഉള്‍ച്ചേര്‍ക്കുന്നത്.

ഗീതത്തിന്‍റെ സാര്‍വ്വലൗകികത
രണ്ടാമതായി, ഇസ്രായേല്യരുടെ ദൈവത്തില്‍ വിശ്വസിക്കുന്ന സകലരും, ഈ ശരണ പ്രാര്‍ത്ഥനയുടെ ഭാഗമാകുകയാണ്. അതായത്, ദൈവത്തില്‍ ശരണപ്പെടുന്ന സകലരും അതില്‍ ഉള്‍പ്പെടുന്നു എന്നുവേണം മനസ്സിലാക്കുവാന്‍. മനുഷ്യജീവിതത്തിന്‍റെ പ്രതിസന്ധികളെ ചിത്രീകരിക്കുകയും ജീവിതയാത്രയില്‍ മനുഷ്യന്‍ നേരിടുന്ന ശത്രുക്കളുടെ വികാരങ്ങള്‍ പ്രകടമാക്കുകയും ചെയ്യുന്ന  25-‍Ɔο ശരണസങ്കീര്‍ത്തനം നമുക്കും പ്രത്യാശ പകരുന്നതാണ്. പ്രതിസന്ധികളും, ശത്രുക്കളും നമുക്കെതിരെ പടവാള്‍ ഉയര്‍ത്തിനില്ക്കുമ്പോള്‍, അകാരണമായി നമ്മെ ആക്രമിക്കുമ്പോള്‍, നമുക്കെതിരെ വിധി പറയുമ്പോള്‍, പതറാതെ മുന്നേറാം...  മുന്നോട്ടുപോകാം,  ദൈവത്തില്‍ ശരണപ്പെട്ടു ജീവിക്കാം!

Musical Version of Ps. 25
എന്നാത്മാവിനെ ഞാനങ്ങേ
സന്നിധി തന്നിലുയര്‍ത്തുന്നു, കര്‍ത്താവേ...
കര്‍ത്താവേ, അങ്ങേ ഉടമ്പടിയും പ്രമാണങ്ങളും
പാലിക്കുന്നവരെ അങ്ങ് കാക്കണമേ.
അങ്ങേ വഴികള്‍ സത്യവും സ്നേഹവുമാണ്
കര്‍ത്താവിന്‍റെ സൗഹൃദം അവിടുത്തെ
ഭയപ്പെടുന്നവര്‍ക്കുള്ളതാകുന്നു
അവിടുന്നു തന്‍റെ ഉടമ്പടി അവരെ അറിയിക്കുന്നു!

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 March 2019, 13:08