തിരയുക

Psalm of Hope Psalm of Hope  

ദൈവത്തില്‍ ശരണപ്പെടുന്ന മനുഷ്യന്‍റെ ഭാവഗീതം

സങ്കീര്‍ത്തനം 25-ന്‍റെ പഠനം – ഭാഗം മൂന്ന്

- ഫാദര്‍ വില്യം നെല്ലിക്കല്‍

ശരണഗീതം 25 - ഭാഗം മൂന്ന്

ദൈവത്തിങ്കലേയ്ക്കു തിരിയുന്ന മനുഷ്യന്‍ 
കഴിഞ്ഞ രണ്ടു പ്രക്ഷേപണത്തിലൂടെ തുടരുന്ന 25-Ɔο  ശരണസങ്കീര്‍ത്തനത്തിന്‍റെ വ്യാഖ്യാനപഠനം തുടരുകയാണിന്ന്. ആകെയുള്ള 22 പദങ്ങളില്‍ 7 പദങ്ങളുടെ വ്യാഖ്യാനം കഴിഞ്ഞ ഖണ്ഡത്തില്‍ കണ്ടതാണ്. ദൈവത്തില്‍ പ്രത്യാശവയ്ക്കുന്ന മനുഷ്യന്‍ അവിടുത്തെ വിളിച്ചപേക്ഷിക്കുന്ന ഭാവഗീതമാണിത്. എപ്രകാരം വ്യക്തി തന്‍റെ അധരങ്ങള്‍ - മനസ്സും ശരീരവും ആത്മാവും ദൈവത്തിങ്കലേയ്ക്ക് ഉയര്‍ത്തി, ശരണപ്പെടുന്നു എന്ന വികാരനിര്‍ഭരമായ ഭാവങ്ങളാണ് പദങ്ങളുടെ വ്യാഖ്യാനം നല്കുന്നത്. പ്രാര്‍ത്ഥനയുടെ ആര്‍ദ്രമായ ഭാവപ്രകടനമാണ് ശരണം. അങ്ങനെ അനുദിന ജീവിതത്തില്‍ ഒറ്റയ്ക്കും കൂട്ടമായും ആലപിക്കാവുന്ന, അല്ലെങ്കില്‍ ഉരുവിടാവുന്ന മനോഹരമായ ഗീതമാണ് 25-Ɔο  സങ്കീര്‍ത്തനമെന്ന് പദങ്ങളുടെ വ്യാഖ്യാനത്തിലൂടെ തുടര്‍ന്നും പഠിക്കാം.

ഈ ശരണഗീതം ഗാനാവിഷ്ക്കാരംചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം ഗാഗുല്‍ ജോസഫും സംഘവും.

Musical Version of Ps. 25
എന്നാത്മാവിനെ ഞാനങ്ങേ
സന്നിധി തന്നിലുയര്‍ത്തുന്നു
കര്‍ത്താവേ, സന്നിധി തന്നിലുയര്‍ത്തുന്നു.
കര്‍ത്താവേ, അങ്ങേ മാര്‍ഗ്ഗങ്ങള്‍ എനിക്ക് മനസ്സിലാക്കിത്തരണമേ
അങ്ങേ വഴികളെന്നെ പഠിപ്പിക്കേണമേ
അങ്ങേ സന്നിധിയിലേയ്ക്കെന്നെ നയിക്കേണമേ
അങ്ങേ സത്യമെനിക്ക് വെളിപ്പെടുത്തി തരേണമേ.

അനുതാപവും പാപമോചനവും ദൈവത്തിന്‍റെ ദാനം
25-Ɔο ശരണ സങ്കീര്‍ത്തനത്തിലെ 8, 9, 10 പദങ്ങളും അവയുടെ വ്യാഖ്യാനവും നമുക്കിനി ശ്രവിക്കാം.
8. കര്‍ത്താവ് നല്ലവനും നീതിമാനുമാണ്. പാപികള്‍ക്ക് അവിടുന്നു നേര്‍വഴി കാട്ടുന്നു.
9. എളിയവരെ അവിടുന്നു നീതി മാര്‍ഗ്ഗത്തില്‍ നയിക്കുന്നു, വിനീതരെ തന്‍റെ വഴി പഠിപ്പിക്കുന്നു.
10. കര്‍ത്താവിന്‍റെ ഉടമ്പടിയും പ്രമാണങ്ങളും പാലിക്കുന്നവര്‍ക്ക് അവിടുത്തെ  വഴികള്‍ സത്യവും സ്നേഹവുമാണ്.

ദൈവമാണ് അനുതാപവും പാപമോചനവും രക്ഷയും നല്കുന്നത്. ദൈവം പഠിപ്പിക്കുന്നില്ലെങ്കില്‍, അതായത് ദൈവം മനുഷ്യര്‍ക്ക്  വെളിപ്പെടുത്തി തരുന്നില്ലെങ്കില്‍, ഏറ്റവും അത്യാവശ്യമായ കാര്യങ്ങളെക്കുറിച്ചുപോലും  അറിവില്ലാതെ, അന്ധതയില്‍  മനുഷ്യര്‍ ജീവിക്കേണ്ടി വരും.  ദൈവം നീതിമാന്മാര്‍ക്ക് തന്‍റെ വിശ്വസ്തതയും സ്നേഹവും വാഗ്ദാനംചെയ്യുന്നു.  ദൈവം നമ്മോടുകൂടെയാണെന്ന് അറിയുന്നവര്‍  അവിടുത്തെ കല്പനകളോടു വിശ്വസ്തത പുലര്‍ത്തുമെന്നതില്‍ സംശയമില്ല.  എല്ലാ ആചാരങ്ങളെക്കാളും അത്യാവശ്യം, മനുഷ്യര്‍ ജീവിതത്തില്‍  ദൈവത്തിന്‍റെ  തിരുഹിതം  ഹൃദയപൂര്‍വ്വവും,  ആത്മാര്‍ത്ഥമായും  അനുസരിക്കുകയാണ്.

ശരണവും വിലാപവും
11. കര്‍ത്താവേ, അങ്ങയുടെ നാമത്തെപ്രതി
   എന്‍റെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കണമേ!
11-Ɔമത്തെ പദം ഉരുവിടുമ്പോള്‍,  ശരണഭാവത്തില്‍നിന്നും വിലാപത്തിന്‍റെ മനോഭാവത്തിലേയ്ക്ക് ഗീതം പരിണമിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. കര്‍ത്താവ് വിശുദ്ധിയില്‍ മഹത്വപൂര്‍ണ്ണനും,  ശക്തമായ പ്രവര്‍ത്തനങ്ങളില്‍ ഭീതിദനും, അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവനും, കാരുണ്യവാനും കൃപാനിധിയും,  കോപിക്കുന്നതില്‍ വിമുഖനും, സ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരനും, തെറ്റുകളും കുറ്റങ്ങളും പാപങ്ങളും ക്ഷമിക്കുന്നവനുമാണ്. പാപങ്ങള്‍ എത്ര വലിയതായാലും, എണ്ണത്തില്‍ എത്ര പെരുകിയാലും  അവിടുന്നു ക്ഷമിക്കുന്നു എന്നതാണ് സത്യം.  അത് ദൈവത്തിന്‍റെ അനന്തവും അപരിമേയവുമായ സ്നേഹം വെളിപ്പെടുത്തുന്നു.

ദൈവസ്നേഹം ഒരു വിജ്ഞാനം
ഇനി നമുക്ക് 12, 13 പദങ്ങള്‍ പരിശോധിക്കാം.
Recitation
12. കര്‍ത്താവിനെ ഭയപ്പെടുന്നവനാരോ അവന്‍ തിരഞ്ഞെടുക്കേണ്ട
   വഴി അവിടുന്നു കാണിച്ചുകൊടുക്കും.
13. അവന്‍ ഐശ്വര്യത്തില്‍ കഴിയും, അവന്‍റെ മക്കള്‍ ദേശം അവകാശമാക്കും.
ദൈവത്തെ സ്നേഹിക്കുകയും, അവിടുന്നില്‍ വിശ്വസിക്കുകയും, പ്രത്യാശിക്കുകയും, അവിടുത്തെ അനുസരിക്കുകയും ചെയ്യുക എന്ന ജ്ഞാനം ഏറ്റവും പ്രധാനപ്പെട്ടതാണ്. വിശ്വാസി എല്ലാ കാര്യങ്ങളിലും പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്താല്‍ ജീവിക്കുന്നു, സഹായിക്കപ്പെടുന്നു, നയിക്കപ്പെടുന്നു. ഇത് അടിസ്ഥാന വിശ്വാസമാണ്. ദൈവം നമ്മെ കാണുന്നു, നമ്മെ നയിക്കുന്നു, പരിപാലിക്കുന്നു! ദൈവഭക്തിയുടെ ഫലങ്ങള്‍ വിലപ്പെട്ടതും ശ്രേഷ്ഠവും മഹത്വപൂര്‍ണ്ണവുമാണ്. 

നീതിമാന്‍റെ സന്തതികളുടെ കാര്യത്തില്‍ ഇതു വാസ്തവമാണെന്നു പദങ്ങള്‍ വ്യക്തമാക്കുന്നു.
14-Ɔമത്തെ പദം ശ്രവിക്കാം ഇനി...

Recitation :

14. കര്‍ത്താവിന്‍റെ സൗഹൃദം അവിടുത്തെ ഭയപ്പെടുന്നവര്‍ക്കുള്ളതാണ്,
   അവിടുന്നു തന്‍റെ ഉടമ്പടി അവരെ അറിയിക്കും.

ശാശ്വതമായ ദൈവിക ഉടമ്പടികള്‍
കര്‍ത്താവിന്‍റെ ഉപദേശവും ഉടമ്പടിയും ഉദ്ദേശ്യവും എന്നും നിലനില്ക്കും. അതിന് എതിരായി പടവെട്ടുന്നവര്‍ പരാജയപ്പെടും. ദൈവിക കല്പനകള്‍ ശാശ്വതമാണ്. ദൈവത്തിന്‍റെ പേരില്‍ മനുഷ്യര്‍ ചിലപ്പോള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ വ്യര്‍ത്ഥവും ഫലശൂന്യവുമാണ്. എന്നാല്‍ ഇവിടെ സങ്കീര്‍ത്തകന്‍ പ്രതിപാദിക്കുന്ന കര്‍ത്താവിന്‍റെ ഉടമ്പടികളില്‍ ആശ്രയിച്ച് മുന്നേറുന്നവര്‍ വിജയംവരിക്കുമെന്ന് 14-Ɔമത്തെ പദം വ്യക്തമാക്കുന്നു.

ശത്രുക്കളില്‍നിന്നു രക്ഷിക്കുന്ന ദൈവം
ഇനി 15-Ɔമത്തെ പദം പരിചയപ്പെട്ടുകൊണ്ട് അതിന്‍റെ വ്യാഖ്യാനത്തിലേയ്ക്കു കടക്കാം.

Recitation : 
15. എന്‍റെ കണ്ണുകള്‍ സദാ കര്‍ത്താവിങ്കലേയ്ക്കു തിരിഞ്ഞിരിക്കുന്നു.
 അവിടുന്ന് എന്‍റെ പാദങ്ങളെ വലയില്‍നിന്നു വിടുവിക്കും.
അന്ധകാരത്തിലും അനര്‍ത്ഥങ്ങളിലും മാത്രമല്ല, എല്ലാ ജീവിത സാഹചര്യങ്ങളിലും കര്‍ത്താവിനെ തീക്ഷണതയോടെ, തീവ്രതയോടെ, പ്രത്യാശയോടെ നിരന്തരം കാത്തിരിക്കുന്നത് ഒരിക്കലും അധികമാവില്ല. ശത്രുക്കളുടെയും, ദുഷ്ടരുടെയും കുടില തന്ത്രങ്ങളില്‍നിന്നും,  കെണികളില്‍നിന്നും ദൈവത്തിനു മാതമ്രേ നമ്മെ രക്ഷിക്കാന്‍ കഴിയൂ, എന്ന് സങ്കീര്‍ത്തകന്‍ ഏറെ സ്പഷ്ടമായി ഏറ്റുപറയുന്ന കാര്യമാണ്. അത്  ഗായകന്‍റെ അനുഭവത്തില്‍നിന്നും ഉതിര്‍ക്കൊള്ളുന്ന ബോധ്യമാണെന്നു നമുക്കു മനസ്സിലാക്കാം.
Musical Version of Ps. 25
എന്നാത്മാവിനെ ഞാനങ്ങേ
സന്നിധി തന്നിലുയര്‍ത്തുന്നു
കര്‍ത്താവേ, സന്നിധി തന്നിലുയര്‍ത്തുന്നു.
കര്‍ത്താവേ, അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം
അങ്ങേയ്ക്കു വേണ്ടി ദിവസം മുഴുവന്‍ ഞാന്‍ കാത്തിരിക്കുന്നൂ
അങ്ങേ മാര്‍ഗ്ഗങ്ങള്‍ എനിക്ക് മനസ്സിലാക്കി തരണമേ
അങ്ങേ വഴികളെന്നെ പഠിപ്പിക്കേണമേ.

ദൈവത്തിന്‍റെ കരുണയില്‍ അഭയം തേടാം
തുടര്‍ന്ന് നാം 16-മുതല്‍ 21-വരെയുള്ള പദങ്ങള്‍ ഒരു ഗണമായി കേള്‍ക്കുകയാണ്. കാരണം ആശയപരമായി കര്‍ത്താവിന്‍റെ കാരുണ്യത്തിനായി യാചിക്കുന്ന പദങ്ങളാണ് 25-Ɔο  സങ്കീര്‍ത്തനത്തിന്‍റെ അവസാന ഭാഗത്തു നാം കാണുന്നതെന്ന് ശ്രവണമാത്രയില്‍ മനസ്സിലാക്കാം.
Recitation :
16. ദയതോന്നി എന്നെ കടാക്ഷിക്കണമേ! ഞാന്‍ ഏകാകിയും പീഡിതനുമാണ്.
17. എന്‍റെ ഹൃദയവ്യഥകള്‍ ശമിപ്പിക്കണമേ! കര്‍ത്താവേ!
18. എന്‍റെ പീ‍ഡകളും ക്ലേശങ്ങളും ഓര്‍ത്ത് എന്‍റെ പാപങ്ങള്‍ പൊറുക്കണമേ!
19. ഇതാ, ശത്രുക്കള്‍ പെരുകിയിരിക്കുന്നു,  അവര്‍ എന്നെ കഠിനമായി വെറുക്കുന്നു.
20. എന്‍റെ ജീവന്‍ കാത്തുകൊള്ളണമേ, എന്നെ രക്ഷിക്കണമേ!
   അങ്ങില്‍ ആശ്രയിച്ച എന്നെ, ലജ്ജിക്കാന്‍ അങ്ങിടയാക്കരുതേ!
21. നിഷ്ക്കളങ്കതയും നീതിനിഷ്ഠയും എന്നെ സംരക്ഷിക്കട്ടെ,
   ദൈവമേ, ഞാനങ്ങയെ കാത്തിരിക്കുന്നു.
മനുഷ്യന്‍റെ ഏകാന്തതയും ദുരിതവും ഹൃദയദുഃഖങ്ങളും ക്ലേശങ്ങളും എത്ര വലുതായാലും പ്രാര്‍ത്ഥനയില്‍ തുടരാം.  ഇത് ദൈവജനത്തിന്‍റെ അനുഭവങ്ങളുടെ വെളിച്ചത്തിലാണെന്ന് ഓര്‍ക്കുക. സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വഴി കണ്ണീരുകൊണ്ടും രക്തംകൊണ്ടും കുതിര്‍ന്നതാണ്. കര്‍ത്താവിനോട് ആവലാതിപ്പെടാന്‍ മടിക്കേണ്ട. അവിടുത്തെ തിരുച്ചിത്തത്തിന് വിധേയരായിക്കൊണ്ട് മോചനത്തിനായി നിലവിളിക്കാം. നമ്മുടെ രക്ഷ ദൈവത്തില്‍ മാത്രമാണെന്ന് ഓര്‍ക്കുക.  നമ്മുടെ സന്തോഷവും,   ഭാഗധേയവും അവിടുന്നാണ്! നീതിനിഷ്ഠവും നിഷ്ക്കളങ്കവുമായതെല്ലാം വിജയിക്കും. ദൈവത്തിന്‍റെ വരവിനായി കാത്തിരിക്കണമെന്നു മാത്രം.

പ്രാര്‍ത്ഥനയുടെ സാമൂഹ്യമാനം
ഇനി, നാം അവസാനത്തെ പദത്തിന്‍റെ വ്യാഖ്യാനത്തിലേയ്ക്കു കടക്കുകയാണ്  22-Ɔമത്തെ പദം. ഒരു ശരണം വിളിയാണ്. സങ്കീര്‍ത്തനം അതിന്‍റെ ഉച്ചസ്ഥായിയില്‍ അതിന്‍റെ  എത്തുന്നത്  അവസാനത്തെ പദത്തിലാണ്.
Recitation :
22. ദൈവമേ, ഇസ്രായേലിനെ സകല കഷ്ടതകളിലുംനിന്നു മോചിപ്പിക്കണമേ!
ഏകാലാപനമാണ് 25-Ɔο സങ്കീര്‍ത്തനമെങ്കിലും, പ്രാര്‍ത്ഥനയ്ക്ക് സാമൂഹ്യമാനമുണ്ടെന്ന്,  ഈ പദം വ്യക്തമാക്കുന്നു.  ഇസ്രായേലിനെ മോചിപ്പിക്കണമേ, എന്നാണ് സങ്കീര്‍ത്തകന്‍റെ പ്രാര്‍ത്ഥന. ഈ വരിക്ക് ആനുകാലിക പ്രസക്തിയുണ്ട്, പീഡിപ്പിക്കപ്പടുന്ന  നവഇസ്രായേലായ സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ നാം  കടപ്പെട്ടിരിക്കുന്നു എന്ന  ധ്വനിയും പദത്തില്‍ ഒളിഞ്ഞിരിക്കുന്നു.
ഈ  സങ്കീര്‍ത്തനത്തിന്‍റെ 22 പദങ്ങളുടെയും വ്യാഖ്യാനം അവസാനിപ്പിക്കുമ്പോള്‍ ഏറ്റവും ശ്രദ്ധേയമാകുന്നതും, ഹൃദയസ്പര്‍ശിയായി അനുഭവപ്പെടുന്നതും ഗായകന്‍  കര്‍ത്താവില്‍ അര്‍പ്പിക്കുന്ന പ്രത്യാശ, വിശ്വാസം, ശരണം എന്നിവയാണ്.

Musical Version of Ps. 25
എന്നാത്മാവിനെ ഞാനങ്ങേ
സന്നിധി തന്നിലുയര്‍ത്തുന്നു
കര്‍ത്താവേ, സന്നിധി തന്നിലുയര്‍ത്തുന്നു.
കര്‍ത്താവേ, അങ്ങു നല്ലവനും നീതിമാനുമാകുന്നു
പാപികള്‍ക്കെന്നും അവിടുന്നു നേര്‍വഴി കാട്ടുന്നു
വിനീതരെ തന്‍റെ വഴി അവിടുന്നു പഠിപ്പിക്കുന്നു
കര്‍ത്താവേ, അങ്ങേ ഉടമ്പടിയും പ്രമാണങ്ങളും
പാലിക്കുന്നവരെ അങ്ങ് കാക്കേണമേ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 March 2019, 17:03