തിരയുക

Horticultural orchids of Asia - from the Budapest exhibition Horticultural orchids of Asia - from the Budapest exhibition  

സ്തുതിപ്പ് : ദൈവഹിതത്തിന്‍റെ പൂര്‍ത്തീകരണം

ഒരു സമ്പൂര്‍ണ്ണസ്തുതിപ്പായ 103-Ɔο സങ്കീര്‍ത്തനത്തിന്‍റെ പഠനം

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഒരു സ്തുതിപ്പിന്‍റെ പഠനം - ഭാഗം ഒന്ന്

ദൈവത്തിന് സ്തുതിയും മഹത്വവും
103-Ɔο സങ്കീര്‍ത്തനത്തിന്‍റെ പഠനം ആരംഭിക്കുകയാണ്. ഇതൊരു സമ്പൂര്‍ണ്ണസ്തുതിപ്പാണ്. ഗീതത്തില്‍ സ്തുതിയുടെ ഭാവമാണ് മുന്തിനില്ക്കുന്നത്. ആനുകൂല്യങ്ങള്‍ക്കുവേണ്ടി ദൈവത്തോട് സങ്കീര്‍ത്തകന്‍ അപേക്ഷിക്കുന്നില്ലെന്നതാണ് ഇതിന്‍റെ പ്രത്യേകത. പൊതുവെ നമ്മുടെ പ്രാര്‍ത്ഥനകള്‍ യാചനാരൂപത്തിലും, സഹായിക്കണേ, രക്ഷിക്കണേ, ക്ഷമിക്കണേ... എന്നിങ്ങനെയാണല്ലോ. എന്നാല്‍ സമ്പൂര്‍ണ്ണസ്തുതിപ്പ് എന്ന സങ്കീര്‍ത്തനത്തിന്‍റെ സാഹിത്യരൂപത്തില്‍ ഗായകന്‍, അല്ലെങ്കില്‍ സങ്കീര്‍ത്തകന്‍ ദൈവത്തെ മഹത്വപ്പെടുത്തുകയാണ്. മറ്റെല്ലാ ഗീതങ്ങളുംപോലെതന്നെ, ഈ സ്തുതിപ്പും – 103-‍Ɔο സങ്കീര്‍ത്തനവും സംഗീതോപകരണങ്ങളുടെ അകമ്പടിയോടെയാണ് ഇസ്രായേലില്‍ ഉപയോഗിച്ചിരുന്നതെന്ന്  ബൈബിള്‍ ചരിത്രകാരന്മാരും പണ്ഡിതന്മാരും സ്ഥാപിക്കുന്നുണ്ട്. സമൂഹം ഏറ്റുചൊല്ലുന്ന ഈരടികള്‍, അതായത് സങ്കീര്‍ത്തനത്തിന്‍റെ പ്രഭണിതം അല്ലെങ്കില്‍ ആന്‍റിഫോണ്‍ (antiphon) ഈ ഗീതത്തിന്‍റെ ലക്ഷ്യവും ഉപയോഗവും വ്യക്തമാക്കുന്നതാണ്. 103-Ɔο സങ്കീര്‍ത്തിന്‍റെ പ്രഭണിതം ശ്രവിച്ചുകൊണ്ട് പഠനം ആരംഭിക്കാം.

ഈ പരമ്പരിയില്‍ ഉപയോഗിച്ചിരിക്കുന്ന സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരംചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം ഡാവിനയും സംഘവും.

Musical Version of Ps.103
എന്‍റെ ആത്മാവേ, സ്തുതിക്കൂ അന്തരംഗമേ വാഴ്ത്തൂ
നാഥനെ വാഴ്ത്തൂ, നാഥനെ വാഴ്ത്തൂ (2).

ആരാധനക്രമത്തില്‍ ഉപയോഗിച്ചിരുന്ന ഗീതം
പഠനം ആരംഭിക്കുന്ന സങ്കീര്‍ത്തനം 103-ന്‍റെ ‘സ്തുതിപ്പ്’ എന്ന സ്വഭാവവും, അല്ലെങ്കില്‍ സമ്പൂര്‍ണ്ണ സ്തുതിപ്പ് എന്ന സാഹിത്യപരമായ ഗീതത്തിന്‍റെ സ്വഭാവവും ലക്ഷ്യവും മനസ്സിലാക്കാന്‍ ഈ ആദ്യപദത്തിന്‍റെ പരിശോധന നമ്മെ സഹായിക്കുന്നു. നാഥനായ ദൈവത്തെ സ്തുതിച്ചു വാഴ്ത്തുവാന്‍ ഗായകന്‍ സമൂഹത്തോട് ആഹ്വാനംചെയ്യുന്നു. പ്രായോഗികമായും ഇസ്രായേലിന്‍റെ വലിയ തിരുനാളുകളിലെ ആരാധനാ ശുശ്രൂഷയ്ക്കുവേണ്ടിയാണ് ഭൂരിഭാഗം സ്തുതിപ്പുകളും രചിക്കപ്പെട്ടിട്ടുള്ളത്. ഉദാഹരണത്തിന്, ജനം വാഗ്ദത്തപേടകം വഹിച്ചുകൊണ്ടു നടത്തിയിരുന്ന പ്രദക്ഷിണങ്ങളില്‍, ദൈവാലയ പുനഃപ്രതിഷ്ഠാവേളയില്‍... എന്നിങ്ങനെയുള്ള സാഹചര്യങ്ങളില്‍ സമ്പൂര്‍ണ്ണസ്തുതിപ്പുകള്‍ ഇസ്രായേലില്‍ ഉപയോഗിച്ചിരുന്നെന്ന് നമുക്കു മനസ്സിലാക്കാം.  സങ്കീര്‍ത്തന പുസ്തകത്തിനു പുറത്തും സമ്പൂര്‍ണ്ണസ്തുതിപ്പുകള്‍ ഉണ്ടെന്ന വസ്തുത ഇവിടെ ഓര്‍ക്കേണ്ടതാണ്. ഉദാഹരണത്തിന് പുറപ്പാടു ഗ്രന്ഥം രേഖപ്പെടുത്തിയിട്ടുള്ള മോശയുടെ കീര്‍ത്തനം നല്ലൊരു സ്തുതിപ്പാണ്. അതിന്‍റെ ആദ്യപദങ്ങള്‍ പരിശോധിച്ചുകൊണ്ട് നമുക്ക് സമ്പൂര്‍ണ്ണസ്തുതിപ്പിന്‍റെ ഘടന മനസ്സിലാക്കാന്‍ ശ്രമിക്കാം.

മോശയും ഇസ്രായേല്‍ക്കാരും കര്‍ത്താവിനെ സ്തുതിച്ചുകൊണ്ടു മുന്നേറിയെന്ന് പുറപ്പാടു ഗ്രന്ഥത്തിലെ 15-Ɔο അദ്ധ്യായം ആരംഭിക്കുന്നു.

Recitation :
കര്‍ത്താവിനെ ഞാന്‍ പാടിസ്തുതിക്കും എന്തെന്നാല്‍
അവിടുന്നു മഹത്വപൂര്‍ണ്ണമായ വിജയം നേടിയിരിക്കുന്നു.
കുതിരയെയും കുതിരക്കാരനെയും അവിടുന്നു കടലിലെറിഞ്ഞു
കര്‍ത്താവ് എന്‍റെ ശക്തിയും സംരക്ഷകനുമാകുന്നു
അവിടുന്നെന്‍റെ രക്ഷയായ് ഭവിച്ചിരിക്കുന്നു.

ഇതുപോലെ സമ്പൂര്‍ണ്ണ സ്തുതിപ്പിന്‍റെ മറ്റ് ഉദാഹരണങ്ങളും പഴയനിയമത്തില്‍നിന്നു നമുക്ക് ചൂണ്ടിക്കാട്ടാവുന്നതാണ്. പുറപ്പാടു ഗ്രന്ഥം കുറിച്ചിട്ടുള്ള മറിയാമിന്‍റെ ഗീതം (15, 20-21), ന്യായാധിപന്മാരുടെ പുസ്തകത്തിലെ ദെബോറായുടെ ഗാനം (ന്യായ. 5), സാമുവേലിന്‍റെ ഒന്നാം പുസ്തകത്തിലെ ഹാന്നായുടെ ഗീതം (1 സാമു. 2, 1-10), ദാനിയേല്‍ പ്രവാചകന്‍റെ പുസ്തകത്തിലെ മൂന്നു ബാലന്മാരുടെ ഗീതം (ദാനി. 3, 52-90) എന്നിവ ഏതാനും ഉദാഹരണങ്ങളാണ്.

Musical Version of Ps.103
എന്‍റെ ആത്മാവേ, സ്തുതിക്കൂ അന്തരംഗമേ വാഴ്ത്തൂ
നാഥനെ വാഴ്ത്തൂ, നാഥനെ വാഴ്ത്തൂ (2).
എന്‍റെ ദൈവമായ കര്‍ത്താവേ, അങ്ങ് അത്യുന്നതനാകുന്നു.
അവിടുന്നു മഹത്വവും തേജസ്സും ധരിച്ചിരിക്കുന്നു
വസ്ത്രമെന്നപോലെ അങ്ങ് പ്രകാശമണിഞ്ഞിരിക്കുന്നു.
കൂടാരമെന്നപോലെയങ്ങ് ആകാശം വിരിയിക്കുന്നു.

സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിനുള്ള സ്തുതികള്‍
എപ്രകാരം സ്തുതിപ്പുകള്‍ ഇസ്രായേലിന്‍റെ ദൈവമായ യാഹേയെ അവിടുത്തെ ഔന്നത്യത്തിലും മഹത്വത്തിലും കൃപാകടാക്ഷത്തിലും വാഴ്ത്തുന്നു, സ്തുതിക്കുന്നുവെന്ന് ഈ ആമുഖപഠനത്തില്‍ ശ്രദ്ധിക്കാം. നല്ലവനും സ്നേഹനിധിയും വിശ്വസ്തനുമായ സ്വര്‍ഗ്ഗസ്ഥനായ ദൈവത്തെ അവ പ്രകീര്‍ത്തിക്കുകയാണ്. ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവിനെയാണ് അവ പൊതുവെ വാഴ്ത്തുന്നത്. ഔദാര്യപൂര്‍വ്വം പരിപാലിക്കുന്നവനെ കീര്‍ത്തിക്കുന്ന ഗീതങ്ങളാണ് സ്തുതിപ്പുകള്‍. ഇസ്രായേല്‍ ജനത്തിന്‍റെയും അവരുടെ ചരിത്രത്തിന്‍റെയും അതിനാഥനായ ദൈവത്തിന് സ്തോത്രം അര്‍പ്പിക്കുന്ന ഗീതങ്ങള്‍. വിജയശ്രീലാളിതനും ശക്തനുമായ ദൈവത്തെ ജനം പുകഴ്ത്തുന്നു. അങ്ങനെ ഇസ്രായേല്‍ തങ്ങളുടെ ലോകത്തിന്‍റെ വിധിയാളനും അത്യുന്നതനുമായ ദൈവത്തെ സ്തുതിക്കുന്നു. പിന്നീട് ഈ സങ്കീര്‍ത്തനങ്ങള്‍ ആരാധനക്രമത്തിലേയ്ക്കും, വിശുദ്ധ സ്ഥലങ്ങളിലേയ്ക്കും കടന്നു വന്നതാണെന്നത് തര്‍ക്കമറ്റ കാര്യമാണ്.
 
പാട്ടുപാടിയും നൃത്തംചവിട്ടിയും...
ദേവാലയത്തില്‍ പ്രവേശിക്കുമ്പോഴും, പ്രവേശിച്ചു കഴിഞ്ഞ് വിശുദ്ധസ്ഥലത്തിന് ഉള്ളിലും, രാവും പകലുമുള്ള വിവിധ ആരാധനയുടെ മുഹൂര്‍ത്തങ്ങളിലും ഇസ്രായേലില്‍ സ്തുതിപ്പിന്‍റെ സങ്കീര്‍ത്തനങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്ന് നമുക്കു കാണാം. ചിലപ്പോള്‍ സ്തുതിപ്പുകളുടെ താളക്കൊഴുപ്പില്‍ ജനം നൃത്തംചവിട്ടിയും ദൈവത്തിനു സ്തുതികള്‍ അര്‍പ്പിച്ചിരുന്നെന്ന് വിശുദ്ധഗ്രന്ഥം രേഖപ്പെടുത്തുന്നു.

Musical version of Ps. 103
അങ്ങേ മന്ദിരത്തില്‍ വന്‍തൂണുകള്‍ ജലത്തിനുമീതെ സ്ഥാപിച്ചിരിക്കുന്നു.
വാനമേഘങ്ങളെ അങ്ങുരഥമാക്കി അതില്‍ സഞ്ചരിക്കുന്നു
കാറ്റിന്‍ ചിറകില്‍ അവിടുന്ന് ആനീതനായ് നീങ്ങുന്നു.
കാറ്റിനെ ദൂതനും അഗ്നിയെ സേവകനുമങ്ങാക്കിയിരിക്കുന്നു.

ദൈവത്തെ സ്തുതിക്കുന്ന ആന്തരിക മനുഷ്യന്‍
ദൈവത്തിന്‍റെ സ്നേഹത്തിനും കാരുണ്യത്തിനും അനുഗ്രഹങ്ങള്‍ക്കും അവിടുത്തേയ്ക്കു ജനം നന്ദിപറയുകയും അവിടുത്തെ സ്തുതിക്കുകയും ചെയ്യുന്നു. സ്തുതിക്കാനുള്ള ആഹ്വാനത്തിനുശേഷം ദൈവത്തിന്‍റെ രക്ഷാകരമായ ചെയ്തികള്‍ ഓര്‍ത്ത് അവിടുത്തേയ്ക്കു സങ്കീര്‍ത്തകന്‍ നന്ദിയര്‍പ്പിക്കുന്നു. കര്‍ത്താവിന്‍റെ കാരുണ്യപ്രവൃത്തികള്‍ ഓര്‍ത്ത് അവിടുത്തെ സ്തുതിക്കുന്നു. ഇതാണ് നാം പഠനവിഷയമാക്കിയിരിക്കുന്ന 103-Ɔο സങ്കീര്‍ത്തനത്തിന്‍റെ അടിസ്ഥാന ഭാവം. ഇവിടെ സങ്കീര്‍ത്തകന്‍ തന്നോടുതന്നെ, ആത്മാവിനോട് ദൈവത്തെ സ്തുതിക്കാന്‍ ആഹ്വാനംചെയ്യുന്നു. ആത്മാവെന്നാല്‍ തന്നിലെ ആന്തരികതയെന്നാണ് നാം മനസ്സിലാക്കേണ്ടത്. ആന്തരിക മനുഷ്യന്‍ ദൈവത്തെ സ്തുതിക്കണം. വ്യക്തിയുടെ അന്തഃസ്സത്തയുടെ മര്‍മ്മപ്രധാനവും വൈകാരികവും, എന്നാല്‍ ലാളിത്യമാര്‍ന്നതും, ബലഹീനവും ദരിദ്രവും അഭിലഷണീയവുമായ ആന്തരിക ചൈതന്യമാണതെന്ന് ഇവിടെ നാം അര്‍ത്ഥമാക്കേണ്ടതാണ്. “ബാറക്,” അല്ലെങ്കില്‍ “മുബാറക്”  എന്ന ഹീബ്രൂ വാക്കാണ് സ്തുതിപ്പിന് മൂലകൃതികളില്‍ ഉപയോഗിക്കുന്നത്. 

ഈ വാക്ക് അര്‍ത്ഥമാക്കുന്നത് ശക്തിമാനും, ബഹുമാനം അര്‍ഹിക്കുന്നവനുമായ ഒരാളെ അംഗീകരിക്കുക, ആദരിക്കുക, വാക്കുകളാല്‍ പുകഴ്ത്തുക, അല്ലെങ്കില്‍ അവിടുത്തെ സന്നിധിയില്‍ മുട്ടുമടക്കുകയെന്നാണ്.

Musical version of Ps. 103 
എന്‍റെ സ്രഷ്ടാവായ ദൈവമേ, അങ്ങേ സൃഷ്ടികളെത്രയോ മനോഹരം
ജ്ഞാനത്താല്‍ അങ്ങവയെ ഞങ്ങള്‍ക്കായ് ഈ ഭൂമിയില്‍ നിര്‍മ്മിച്ചിരിക്കുന്നു.
ഈ ലോകം അങ്ങേ സൃഷ്ടികളാലെന്നും നിറഞ്ഞിരിക്കുന്നു. 
ജലപ്പരപ്പില്‍ അങ്ങു ജീവികളെ നിറച്ചിരിക്കുന്നു.

സ്തുതിപ്പ് ദൈവഹിതത്തിന്‍റെ നിറവേറ്റല്‍
ദൈവം നമ്മുടെ സ്രഷ്ടാവും ജീവദാതാവുമാണ്. കര്‍ത്താവു പ്രപഞ്ചത്തിന്മേല്‍ അധികാരത്തോടെ വാഴുന്നു. അവിടുത്തെ സ്തുതിക്കേണ്ടവരാണു സൃഷ്ടിയുടെ മകുടമായ മനുഷ്യന്‍. ആ സ്തുതിപ്പ് തിരുഹിതത്തിന്‍റെ നിറവേറ്റലുമാണ്. മനുഷ്യര്‍ അവിടുത്തെ സ്തുതിക്കുന്നില്ലെങ്കില്‍ പ്രപഞ്ചത്തിലെ മറ്റു ജീവജാലങ്ങളും, ആകാശവിതാനത്തിലെ നക്ഷത്രങ്ങളും, സൂര്യചന്ദ്രാദികളും ജീവദാതാവായ പ്രപഞ്ചനാഥനെ വാഴ്ത്തി സ്തുതിക്കുമെന്നു നാം പഠിക്കാന്‍ പോകുന്ന, ആകെ 22 പദങ്ങളുള്ള സമ്പൂര്‍ണ്ണസ്തുതിപ്പായ 103-Ɔο സങ്കീര്‍ത്തനം രേഖപ്പെടുത്തുന്നു. അതിനാല്‍ സങ്കീര്‍ത്തകന്‍ നമ്മെ ശക്തമായി ഓര്‍മ്മപ്പെടുത്തുന്നത് മര്‍ത്ത്യജീവിതത്തിന്‍റെ നൈമിഷികതയെക്കുറിച്ചാണ്. (പദങ്ങള്‍ 103, 15-17).

Recitation :
മനുഷ്യന്‍റെ ദിനങ്ങള്‍ പുല്ലുപോലെയാണ്
വയലിലെ പൂക്കള്‍പോലെ അതു വിരിയുന്നു
എന്നാല്‍ കാറ്റടിക്കുകയും അവ കൊഴിഞ്ഞുപോകുകയും ചെയ്യുന്നു
അവ നിന്നിരുന്ന സ്ഥലംപോലും അവയെ അറിയുന്നില്ല
കര്‍ത്താവിന്‍റെ കാരുണ്യം നിത്യത്വത്തിലേയ്ക്കു നീണ്ടുനില്ക്കുന്നു
അവിടുത്തെ രക്ഷ തലമുറകളോളും നിലനില്ക്കുന്നു.

Musical Version of Ps.103
എന്‍റെ ആത്മാവേ, സ്തുതിക്കൂ അന്തരംഗമേ വാഴ്ത്തൂ
നാഥനെ വാഴ്ത്തൂ, നാഥനെ വാഴ്ത്തൂ (2).

4 അങ്ങു മുഖം മറയ്ക്കുമ്പോള്‍
ഞങ്ങളീമന്നിലെപ്പോഴും പരിഭ്രാന്തരാകുന്നു
അങ്ങു ഞങ്ങള്‍തന്‍ ശ്വാസമെടുക്കുമ്പോള്‍ 
ഞങ്ങള്‍ ജീവന്‍ പ്രാപിക്കുന്നു
കര്‍ത്താവേ അങ്ങേ കൃപാതിരേകം ഞങ്ങള്‍ക്കെന്നും
ശക്തിയും ജീവനും നല്കുന്നൂ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 March 2019, 19:50