തിരയുക

when KURINJI blue bloomed in the Moonnar Hills of Kerala when KURINJI blue bloomed in the Moonnar Hills of Kerala 

ഈശ്വരസ്തുതി നല്കുന്ന പുതുജീവനും നവോന്മേഷവും

സമ്പൂര്‍ണ്ണ സ്തുതിപ്പ് സങ്കീര്‍ത്തനം 103-ന്‍റെ പഠനം രണ്ടാംഭാഗം

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സങ്കീര്‍ത്തനം 103-ന്‍റെ പഠനം - ഭാഗം രണ്ട്

ആത്മഗതത്തിന്‍റെ അന്യൂനമായ ശൈലി 
103-Ɔο സങ്കീര്‍ത്തനത്തിന്‍റെ പഠനം തുടരുകയാണ്. ആമുഖപഠനത്തിനുശേഷം സങ്കീര്‍ത്തനപദങ്ങളുടെ വ്യാഖ്യാനമാണ് നാം കഴിഞ്ഞ പ്രക്ഷേപണത്തില്‍ ശ്രവിച്ചത്. സങ്കീര്‍ത്തനത്തിന്‍റെ ആകെയുള്ള 22 പദങ്ങളില്‍ 1-മുതല്‍ 6-വരെയുള്ള പദങ്ങളുടെ വ്യാഖ്യാനം കഴിഞ്ഞ പരമ്പരയില്‍ നാം മനസ്സിലാക്കുകയുണ്ടായി. സമ്പൂര്‍ണ്ണസ്തുതിപ്പാണല്ലോ 103-Ɔο സങ്കീര്‍ത്തനം. പദാനുപദമായി സങ്കീര്‍ത്തകന്‍ ദൈവത്തെ സ്തുതിക്കുമ്പോഴും, തന്നോടുതന്നെ സംസാരിക്കുന്ന, ആത്മഗതത്തിന്‍റെ രീതിയാണ് രചനയില്‍ ഗായകന്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നതെന്ന വസ്തുത ഈ സങ്കീര്‍ത്തനത്തിന്‍റെ അന്യൂനമായ ശൈലിയാണെന്നു പറയാം, തനിമയാണെന്നും പറയാം. ഇനിയും പദങ്ങളുടെ വ്യാഖ്യാനത്തിലൂടെ ഈ സ്തുതിപ്പിന്‍റെ മനോഹാരിതയിലേയ്ക്കും സ്വഭാവത്തിലേയ്ക്കും ആഴമായി കടക്കാനും ദൈവത്തിന്‍റെ അനന്തമായ കാരുണ്യം ആസ്വദിക്കുവാനും ഈ പഠനം നമ്മെ സഹായിക്കട്ടെ!  

ഈ പരമ്പരയില്‍ ഉപയോഗിച്ചിരിക്കുന്ന സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരംചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം ഡാവിനയും സംഘവും.

Musical Version of Ps.103
എന്‍റെ ആത്മാവേ, സ്തുതിക്കൂ അന്തരംഗമേ വാഴ്ത്തൂ
നാഥനെ വാഴ്ത്തൂ, നാഥനെ വാഴ്ത്തൂ (2).

സ്തുതിപ്പിലൂടെ ലഭിക്കുന്ന പുതുജീവന്‍
“ദൈവം തന്‍റെ പാപങ്ങള്‍ ക്ഷമിക്കുകയും രോഗങ്ങള്‍ സുഖമാക്കുകയും ചെയ്തു,” എന്നു സങ്കീര്‍ത്തകന്‍ പ്രസ്താവിക്കുമ്പോള്‍ പഴയനിയമത്തില്‍ പാപവും രോഗവും തമ്മില്‍ ബന്ധപ്പെടുത്താറുണ്ട്. വ്യക്തിയുടെ രോഗകാരണം പാപമാണെന്ന് വ്യാഖ്യാനിച്ചു പോന്നു. അകൃത്യങ്ങള്‍ മരണത്തിന്‍റെ തലത്തിലേയ്ക്കും, നിരാശയുടെ പടുകുഴിയിലേയ്ക്കും സങ്കീര്‍ത്തകനെ കൊണ്ടെത്തിക്കുന്നു. ദൈവം മരണത്തില്‍നിന്നും അദ്ദേഹത്തെ രക്ഷിച്ചു. ദൈവത്തിന്‍റെ കരുണ സങ്കീര്‍ത്തകന് ആഭരണവും കിരീടവുംപോലെയാണ്. അങ്ങനെ അദ്ദേഹം ദൈവസ്തുതിപ്പിലൂടെ പുതിയ ജീവനും ശക്തിയും നന്മകളും കാരുണ്യവും സ്വീകരിച്ചു സംതൃപ്തനായി, എന്നതാണ് 6-മുതല്‍ 12-വരെയുള്ള പദങ്ങളുടെ രത്നച്ചുരുക്കം.

Musical Version of Ps.103
എന്‍റെ ആത്മാവേ, സ്തുതിക്കൂ അന്തരംഗമേ വാഴ്ത്തൂ
നാഥനെ വാഴ്ത്തൂ, നാഥനെ വാഴ്ത്തൂ (2).
എന്‍റെ ദൈവമായ കര്‍ത്താവേ, അങ്ങ് അത്യുന്നതനാകുന്നു.
അവിടുന്നു മഹത്വവും തേജസ്സും ധരിച്ചിരിക്കുന്നു
വസ്ത്രമെന്നപോലെയങ്ങ് പ്രകാശമണിഞ്ഞിരിക്കുന്നു.
കൂടാരമെന്നപോലെയങ്ങ് ആകാശം വിരിയിക്കുന്നു.

6-മുതല്‍ 12-വരെയുള്ള പദങ്ങള്‍
6. കര്‍ത്താവു പീഡിതരായ എല്ലാവര്‍ക്കും നീതിയും ന്യായവും പാലിച്ചുകൊടുക്കുന്നു.7. അവിടുന്നു തന്‍റെ വഴികള്‍ മോശയ്ക്കും പ്രവൃത്തികള്‍ ഇസ്രായേല്‍ ജനത്തിനും വെളിപ്പെടുത്തി കൊടുത്തു. 
8.കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്. അവിടുന്ന് ക്ഷമാശീലനും സ്നേഹനിധിയുമാണ്.
9. അവിടുന്ന് എപ്പോഴും ശാസിക്കുകയില്ല, അവിടുത്തെ കോപം എന്നേയ്ക്കും നിലനില്ക്കുകയില്ല.
നമ്മുടെ പാപങ്ങള്‍ക്കൊത്ത് അവിടുന്നു നമ്മെ ശിക്ഷിക്കുന്നില്ല.
10. നമ്മുടെ അകൃത്യങ്ങള്‍ക്കൊത്തു നമ്മോടു പകരംചെയ്യുന്നില്ല.
11. ഭൂമിക്കുമേല്‍ ഉയര്‍ന്നിരിക്കുന്ന ആകാശത്തോളം ഉന്നതമാണു
തന്‍റെ ഭക്തരോട് അവിടുന്നു കാണിക്കുന്ന കാരുണ്യം
12. കിഴക്കും പടിഞ്ഞാറും തമ്മില്‍ ഉള്ളത്ര അകലത്തില്‍ നമ്മുടെ പാപങ്ങളെ അവിടുന്നു നമ്മില്‍നിന്ന് അകറ്റി നിര്‍ത്തി.

ദൈവിക നന്മകളുടെ സ്തുതിപ്പ്
ചരിത്രത്തില്‍ തെളിഞ്ഞുനില്ക്കുന്ന കര്‍ത്താവിന്‍റെ രക്ഷാകര പ്രവര്‍ത്തനങ്ങള്‍ക്കാണ് സങ്കീര്‍ത്തകന്‍ സ്തുതി അര്‍പ്പിക്കുന്നത്. അവ കര്‍ത്താവിന്‍റെ വിശ്വസ്തതയുടെ അടയാളങ്ങളാണ്. അവയുടെ ആരംഭം മോശയ്ക്കു നല്കിയ വെളിപാടാണ്. തുടര്‍ന്നുള്ള സങ്കീര്‍ത്തനപദങ്ങളില്‍, അതായത് 13-18 വരെയുള്ള വാക്യങ്ങളില്‍ കര്‍ത്താവിന്‍റെ പ്രവര്‍ത്തനങ്ങളെയും അവിടുത്തെ വ്യക്തിത്വത്തെയും സങ്കീര്‍ത്തകന്‍ വിവരിക്കുന്നു.

13-മുതല്‍ 18-വരെയുള്ള പദങ്ങളുടെ പരിചയപ്പെടല്‍
13.പിതാവിനു മക്കളോടെന്നപോലെ കര്‍ത്താവിനു തന്‍റെ ഭക്തരോട് അലിവു തോന്നുന്നു.
14.എന്തില്‍നിന്നാണു നമ്മെ മെനഞ്ഞെടുത്തതെന്ന് അവിടുന്ന് അറിയുന്നു,
മര്‍ത്യജീവിതം വെറും ധൂളിയാണെന്ന് അവിടുന്ന് ഓര്‍മ്മിപ്പിക്കുന്നു
15.മനുഷ്യന്‍റെ ജീവിതം പുല്ലുപോലെ, വയലിലെ പൂവുപോലെ അതു വിരിയുന്നു,
16.എന്നാല്‍ കാറ്റടിക്കുമ്പോള്‍ അതു കൊഴിഞ്ഞു വീഴുന്നു.
അതു നിന്നിരുന്ന ഇടംപോലും ആരും പിന്നെ ഓര്‍ക്കുന്നില്ല, ആരുമറിയുന്നില്ല,
17.എന്നാല്‍ കര്‍ത്താവിന്‍റെ കാരുണ്യം അവിടുത്തെ ഭക്തരുടെമേല്‍ എന്നേയ്ക്കുമുണ്ടായിരിക്കും.
അവിടുത്തെ നീതി തലമുറകളോളം നിലനില്‍‍ക്കും.
18. അവിടുത്തെ ഉടമ്പടി പാലിക്കുന്നവരുടെയും അവിടുത്തെ കല്പനകള്‍ ശ്രദ്ധാപൂര്‍വ്വം അനുസരിക്കുന്നവരുടെയും മേല്‍ത്തന്നെ.

കര്‍ത്താവിന്‍റെ സീമാതീതമായ കാരുണ്യം
കാരുണ്യവും ക്ഷമയും നന്മയും കര്‍ത്താവിന്‍റെ പ്രവര്‍ത്തനങ്ങളുടെ മുഖമുദ്രയാണ്. അവിടുന്ന് എപ്പോഴും മനുഷ്യരെ കുറ്റപ്പെടുത്തുന്നില്ല. വൈരം കാത്തുസൂക്ഷിക്കുന്നില്ല, കുറ്റം പറഞ്ഞു പരത്തുന്നില്ല, വീഴ്ചകളില്‍ അവിടുന്നു‍ ശിക്ഷിക്കുന്നുമില്ല. അങ്ങനെയുള്ള കര്‍ത്താവിന്‍റെ നന്മയും സ്നേഹവും കാരുണ്യവും സീമാതീതമാണെന്ന് ഈ പദങ്ങളില്‍നിന്നും നാം പഠിക്കേണ്ടതല്ലേ!?

അവിടുന്ന് കരുണാമയനും സ്നേഹനിധിയുമായ പിതാവാണ്. പഴയനിയമത്തില്‍ ‘ദൈവപുത്രന്‍’ എന്ന പ്രയോഗം പ്രധാനമായും സൂചിപ്പിക്കുന്നത് ഇസ്രായേലിലെ രാജാവിനെയായിരുന്നു. ഇസ്രായേലും ദൈവത്തിന്‍റെ മകനാണ്. എഫ്രായിം ദൈവത്തിന്‍റെ ഓമനക്കുട്ടനാണ്. ഇസ്രായേല്‍ ജനം ദൈവത്തെ ‘ഞങ്ങളുടെ പിതാവേ,’ എന്നു വിളിച്ചപേക്ഷിക്കുമ്പോള്‍, ദൈവത്തിലുള്ള ആശ്രയത്തെ, ആശ്രബോധത്തെ അത് അനുസ്മരിപ്പിക്കുന്നു. മനുഷ്യജീവിതത്തിന്‍റെ വ്യര്‍ത്ഥതയും ദൗര്‍ബല്യവും വിവരിക്കുന്നു. മനുഷ്യനില്‍നിന്ന് എന്തു പ്രതീക്ഷിക്കാമെന്ന് ദൈവത്തിനറിയാം. ചുടുകാറ്റില്‍ ഉണങ്ങുന്ന പുല്ലുപോലെയാണ് മനുഷ്യജീവിതം. ദൈവത്തിന്‍റെ വചനമാണ് ശാശ്വതം, അനന്തം, നിലനില്ക്കുന്നത്. ദൈവത്തിന്‍റെ രക്ഷാകര ശക്തിയായ സ്നേഹകാരുണ്യം മനുഷ്യന്‍റെ മര്‍ത്ത്യതയെ അതിജീവിക്കുന്നതാണെന്ന് സങ്കീര്‍ത്തകന്‍ നമുക്ക് മനസ്സിലാക്കിത്തരുന്നു. അവിടുത്തെ അനുസരിക്കുന്ന ഉടമ്പടിയുടെ ജനത്തിനുള്ളതാണ് ദൈവത്തിന്‍റെ കാരുണ്യം – ഈ കാരുണ്യമാണ്, ദൈവിക കാരുണ്യമാണ് പാപ്പാ ഫ്രാന്‍സിസ് ഇന്ന് സഭയില്‍, ലോകത്ത് കാലികമായി അനുശാസിക്കുന്നത്, പ്രഘോഷിക്കുന്നത്.

Musical version of Ps. 103
എന്‍റെ ആത്മാവേ, സ്തുതിക്കൂ അന്തരംഗമേ വാഴ്ത്തൂ
നാഥനെ വാഴ്ത്തൂ, നാഥനെ വാഴ്ത്തൂ (2).
അങ്ങേ മന്ദിരത്തില്‍ വന്‍തൂണുകള്‍ ജലത്തിനുമീതെ സ്ഥാപിച്ചിരിക്കുന്നു.
വാനമേഘങ്ങളെ അങ്ങുരഥമാക്കി അതില്‍ സഞ്ചരിക്കുന്നു
കാറ്റിന്‍ ചിറകില്‍ അവിടുന്ന് ആനീതനായ് നീങ്ങുന്നു.
കാറ്റിനെ ദൂതനും അഗ്നിയെ സേവകനും അങ്ങാക്കിയിരിക്കുന്നു.

പ്രപഞ്ചനാഥനായ ദൈവത്തിനു സ്തുതി!
സ്വര്‍ഗ്ഗത്തില്‍ സിംഹാസനസ്ഥനായ ദൈവത്തെ സങ്കീര്‍ത്തകന്‍, ഗായകന്‍
ഈ പദങ്ങളില്‍ സ്തുതിക്കുന്നു. അവിടുന്ന് സ്വര്‍ഗ്ഗത്തെയും പ്രപഞ്ചത്തെയും ഭരിക്കുന്ന രാജാവാണ്. അവിടുത്തെ ചുറ്റും സ്വര്‍ഗ്ഗീയ ശക്തികള്‍ ഉണ്ട്. കര്‍ത്താവിന്‍റെ തിരുവിഷ്ടം നിറവേറ്റുന്നവരും അവിടുത്തെ പ്രവൃത്തികള്‍ ചെയ്യുന്നവരുമായ ദൂതന്മാരും ദാസന്മാരും സേനാവ്യൂഹങ്ങളും യുദ്ധവീരന്മാരുമാണ്. അവരോടൊപ്പം സകല സൃഷ്ടവസ്തുക്കളും ചരാചരങ്ങളും കര്‍ത്താവിനെ സ്തുതിക്കണം. ഞാനും എനിക്കുള്ളതെല്ലാമും, എന്‍റെ സര്‍വ്വ ആന്തിരക ചൈതന്യവും അതില്‍ പങ്കുചേരണം. ആകയാല്‍ എന്‍റെ ആത്മാവേ, സ്തുതിക്കൂ...

19-മുതല്‍ 22-വരെയുള്ള പദങ്ങള്‍ 
19.കര്‍ത്താവു സിംഹാസനം സ്വര്‍ഗ്ഗത്തില്‍ സ്ഥാപിച്ചിരിക്കുന്നു.
എല്ലാവരും അവിടുത്തെ രാജകീയ അധികാരത്തിന്‍ കീഴിലാണ്.
20.കര്‍ത്താവിന്‍റെ വചനം ശ്രവിക്കുകയും അവിടുത്തെ ആജ്ഞ അനുസരിക്കുകയും ചെയ്യുന്ന ശക്തരായ ദൂതരേ, അവിടുത്തെ വാഴ്ത്തുവിന്‍
21.കര്‍ത്താവിന്‍റെ ഹിതം നിറവേറ്റുന്ന ദാസരുടെ വ്യൂഹങ്ങളേ, അവിടുത്തെ സ്തുതിക്കുവിന്‍.
22.കര്‍ത്താവിന്‍റെ അധികാരസീമയില്‍പ്പെട്ട സൃഷ്ടികളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍.
എന്‍റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിക്കുക.

Musical version of Ps. 103
എന്‍റെ ആത്മാവേ, സ്തുതിക്കൂ അന്തരംഗമേ വാഴ്ത്തൂ
നാഥനെ വാഴ്ത്തൂ, നാഥനെ വാഴ്ത്തൂ (2). 
എന്‍റെ സ്രഷ്ടാവായ ദൈവമേ, അങ്ങേ സൃഷ്ടികളെത്രയോ മനോഹരം
ജ്ഞാനത്താല്‍ അങ്ങവയെ ഞങ്ങള്‍ക്കായ് ഈ ഭൂമിയില്‍ നിര്‍മ്മിച്ചിരിക്കുന്നു.
ഈ ലോകം അങ്ങേ സൃഷ്ടികളാലെന്നും നിറഞ്ഞിരിക്കുന്നു.
ജലപ്പരപ്പില്‍ അങ്ങു ജീവികളെ നിറച്ചിരിക്കുന്നു.

സ്നേഹരൂപനായ യേശുവിലേയ്ക്കു നയിക്കുന്ന ഗീതം
കര്‍ത്താവ് ഒരുവനെ സുഖപ്പെടുത്തി പാപങ്ങള്‍ മോചിച്ച് മരണത്തിന്‍റെ തണലില്‍നിന്നു ജീവനിലേയ്ക്കു കൊണ്ടുവരുന്നു. ദൈവസ്നേഹത്തിന്‍റെയും സ്തുതിയുടെയും ഉയരങ്ങളിലേയ്ക്ക് സങ്കീര്‍ത്തകന്‍ സ്വയം ഉയര്‍ത്തപ്പെടുന്നതിനാല്‍, മറ്റുള്ളവരെയും ഗായകന്‍ അതിലേയ്ക്ക് ഉത്തേജിപ്പിക്കുന്നു. ഇതാണ് ഇസ്രായേലിലും കാണുന്നത്. മോശയുടെ കാലംമുതല്‍ കാരുണ്യവാനായ ദൈവം ഉടമ്പടി ബന്ധത്തിലൂടെ ഇപ്രകാരം പ്രവര്‍ത്തിക്കുന്നു, തന്‍റെ കല്പനകളിലൂടെ ജനത്തെ നയിക്കുന്നു. ഈ ദൈവത്തെ സങ്കീര്‍ത്തകന്‍ അവിടുത്തെ സത്തയിലും പ്രവര്‍ത്തനത്തിലും പ്രകീര്‍ത്തിക്കുകയാണ്. അവിടുത്തെ പ്രവര്‍ത്തനത്തിന്‍റെ മുഖമുദ്ര സ്നേഹം – വിശ്വസ്തത – കാരുണ്യം എന്നിവയാണ്. ഒന്ന് മറ്റൊന്നിലേയ്ക്ക് വഴിഞ്ഞൊഴുകുന്നതും, നിര്‍ഗ്ഗളിക്കുന്നതുമായ സ്നേഹനിര്‍ഝരിപോലെയാണ്. വ്യര്‍ത്ഥമായ മനുഷ്യജീവിതത്തില്‍ ദൈവത്തിന്‍റെ പാപപ്പൊറുതിയും കാരുണ്യവും ആവശ്യമാണ്. പുതിയ നിയമത്തില്‍ യേശുവില്‍ ലോകത്തു പ്രത്യക്ഷപ്പെടുന്നതും യാഥാര്‍ത്ഥ്യമാകുന്നതും അനന്തമായ ദൈവിക കാരുണ്യത്തിന്‍റെ മൂര്‍ത്തരൂപമാണ്. പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ച കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷം ഈ സങ്കീര്‍ത്തന പദങ്ങളിലും അങ്ങനെ നമുക്ക് വെളിപ്പെട്ടുകിട്ടുന്നു.

Musical version of Ps.103
എന്‍റെ ആത്മാവേ, സ്തുതിക്കൂ അന്തരംഗമേ വാഴ്ത്തൂ
നാഥനെ വാഴ്ത്തൂ, നാഥനെ വാഴ്ത്തൂ (2).
ആഹരിക്കാനീ ഭൂമിയില്‍ ജീവജാലങ്ങള്‍ അങ്ങെ കാരുണ്യത്തിനായ് പാര്‍ത്തിരിക്കുന്നു.
അവിടുത്തെ പരിപാലന ഞങ്ങള്‍‍ക്കീ മന്നിലെന്നും സമൃദ്ധമാകുന്നു
അങ്ങു കൈതുറന്നു നല്കുമ്പോള്‍ ഞങ്ങളീ മന്നില്‍ സംതൃപ്തരാകുന്നു.
അങ്ങേ കൃപാതിരേകം ഞങ്ങള്‍ക്കെന്നും ശക്തിയും ജീവനും നല്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 March 2019, 12:13