The Poor man of Assisi - in giving we receive The Poor man of Assisi - in giving we receive 

“നല്കുമ്പോഴാണ് ലഭിക്കുന്നത്” - ഒരു ആഖ്യാനം

തപസ്സിന്‍റെ അരൂപിയെ തൊട്ടുണര്‍ത്തുന്ന കുറെ നുറുങ്ങു ചിന്തകള്‍

- ഫാദര്‍ വില്യം നെല്ലിക്കല്‍

ചിന്താമലരുകള്‍ - ശബ്ദരേഖ

ജീവിതം പ്രഭമങ്ങുമ്പോള്‍ 
മനഃശാസ്ത്രജ്ഞന്‍, ഡോക്ടര്‍ ജോണിന്‍റെ ക്ലിനിക്കില്‍ ‘കണ്‍സള്‍ട്ടേഷന്’ ആദ്യം എത്തിയത് ഭംഗിയായി വസ്ത്രധാരണം ചെയ്ത വനിതയാണ്. സമ്പത്തിന്‍റെ പ്രൗഢിയും പൊങ്ങച്ചത്തിന്‍റെ തെളിവുമായിരുന്നു ആ വേഷം. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ തേച്ചുപടിപ്പിച്ചിട്ടുണ്ടെങ്കിലും, മുഖം മ്ലാനവും നിര്‍വികാരവുമായിരുന്നു. അവള്‍ തന്‍റെ പ്രശ്നം ഡോക്ടര്‍ ജോണുമായി പങ്കുവച്ചു. ശൂന്യതാബോധം, വിരക്തഭാവം, നിരാശയുടെ കടന്നുകയറ്റം... ഇവയൊക്കെ അവളെ കാര്‍ന്നു തിന്നുകയാണ്. ജീവിതത്തിന് ഒരര്‍ത്ഥവും കാണുന്നില്ല.

ഡോക്ടര്‍ ഏറെ ശ്രദ്ധയോടെ, അവസാനംവരെ അവളെ കേട്ടുകൊണ്ടേയിരുന്നു. എന്നിട്ട് തന്‍റെ ക്ലിനിക്കില്‍ സഹായിക്കുന്ന പ്രീതയെന്ന മദ്ധ്യവയസ്ക്കയായ സ്ത്രീയെ  വിളിച്ചുവരുത്തി. ജീവിതം മടുത്ത സ്ത്രീയോടു പറഞ്ഞു.

ഒരു സാന്ത്വനസ്പര്‍ശം
 “സൗമ്യാ, വിഷമിക്കേണ്ട. ഞാന്‍ ഒരാളെ പരിചയപ്പെടുത്താം. അവള്‍ക്ക് നിന്നെ സഹായിക്കാനാകും, തീര്‍ച്ചയാണ്.”  (effect)
“പ്രീതാ, പ്രീതാ... ഒന്നിവിടംവരെ വന്നാല്‍ ഉപകാരമായിരിക്കും.”
 “എന്താ ഡോക്ടര്‍?”

ജീവിതകഥ പങ്കുവച്ചപ്പോള്‍
 “ഇത്, പ്രീത. എന്‍റെ സഹായിയാണ്. പ്രീതാ, നീ ഒരു ഉപകാരം ചെയ്യണം.
ഇത് സൗമ്യാ. ബുദ്ധിമുട്ടില്ലെങ്കില്‍ നിന്‍റെ ജീവിതകഥയൊന്ന് സൗമ്യയുമായി പങ്കുവയ്ക്കണം. തീര്‍ച്ചയായും അത് ഇവരുടെ ജീവിതത്തിന് പ്രചോദനമാകും. Please…”
ജീവിതത്തില്‍ എങ്ങനെ സന്തോഷവും സംതൃപ്തിയും പ്രീത കണ്ടെത്തിയെന്നു പറയുവാന്‍ തുടങ്ങി. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കസേരയില്‍ അടുത്തിരുന്നുകൊണ്ടു പ്രീത തന്‍റെ ജീവിതകഥ സൗമ്യയ്ക്കു വെളിപ്പെടുത്തി കൊടുത്തു.

“മൂന്നു വര്‍ഷംമുന്‍പ്, ഓണം കഴിഞ്ഞതേയുള്ളൂ. എന്‍റെ ഭര്‍ത്താവിനു  മലേറിയ ബാധിച്ചു. ഏതാനും ദിവസങ്ങള്‍ വീട്ടിലും ആശുപത്രിയിലുമായി കഴിഞ്ഞുകൂടി. അന്ന് സെപ്തംബര്‍ 18-Ɔο തിയതിയായിരുന്നു. ഭര്‍ത്താവിന്‍റെ രോഗം മൂര്‍ച്ഛിച്ചു. ചുരുക്കിപ്പറയാം....രാജീവേട്ടന്‍ മരണത്തിനു കീഴടങ്ങി. ഒരിക്കലും പ്രതീക്ഷിക്കാത്തത്...... ഞാനും 9 വയസ്സുള്ള മകനും നൊന്തു കരഞ്ഞ നാളായിരുന്നു അത്.”

ആള്‍ക്കൂട്ടത്തില്‍ തനിയെ
“രാജീവേട്ടന്‍ പോയതിന്‍റെ ദുഃഖം മായും മുമ്പേ, ഏതാണ്ടു 6-Ɔο മാസത്തില്‍ മോന്‍, രാഹുല്‍ സൈക്കിളില്‍ സ്ക്കൂളില്‍ പോയതാണ്. എന്‍റെ എല്ലാമായിരുന്ന അവനും കാറപകടത്തില്‍ നഷ്ടമായി. അങ്ങനെ വിധി എന്നെ ആരുമില്ലാത്ത അവസ്ഥയിലാക്കി. പ്രിയപ്പെട്ടവര്‍ കടന്നുപോയപ്പോള്‍ ജീവിതത്തില്‍ ഇരുട്ടു കയറിയ നാളുകളായി... എന്തുചെയ്യണം എവിടെപ്പോകണം എന്നറിയില്ലായിരുന്നു. ജീവിക്കാനുള്ള മാര്‍ഗ്ഗവും ഇല്ലാതായി. പല രാത്രികളിലും ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഭക്ഷണത്തോടും താല്പര്യമില്ലാതായി. അങ്ങനെ മാനസീകമായും ശാരീരികമായും ഞാന്‍ തളര്‍ന്ന് അവശയായി. സഹായത്തിനും ആരുമില്ലാതായി. ഒന്നു പുഞ്ചിരിക്കുവാനോ, ഉരിയാടാനോ എനിക്കു സാധിക്കുന്നില്ല.. ആരോടും....!! ജീവനൊടുക്കാന്‍ പോലു പലവട്ടം ചിന്തിച്ചതാണ്. അന്ധകാരം നിറഞ്ഞ ദിവസങ്ങള്‍! പ്രാര്‍ത്ഥിക്കാന്‍ പോയാലും, ആള്‍ക്കൂട്ടത്തിലായിരുന്നാലും, ഞാന്‍, ഞാന്‍ മാത്രം തനിയേ, തിനിയേ... ആള്‍ക്കൂട്ടത്തില്‍ തനിയേ...  ഒറ്റപ്പെടലിന്‍റെ വേദന ഞാന്‍ അറിയുകയായിരുന്നു. ഈശ്വാരാ... എന്തൊരേകാന്തത...!!”

കുടക്കീഴിലെ സഹചാരി
“അന്ന് സായംകാലം മഴപെയ്യുന്നുണ്ടായിരുന്നു. എന്‍റെ ചെറിയ ജോലിയും കഴിഞ്ഞ് വീട്ടിലേയ്ക്കു മടങ്ങുമ്പോഴും മഴ പൊടിയുന്നുണ്ടായിരുന്നു.
ബസ്സിറങ്ങി. വീട്ടിലേയ്ക്കുള്ള വഴിയിലേയ്ക്കു തിരിഞ്ഞതും ഒരു പൂച്ചക്കുട്ടി എവിടെനിന്നോ ഓടിയെത്തി. എന്‍റെ പിന്നാലെ കൂടി. അത് പിന്തുടര്‍ന്ന്, എന്‍റെ കുടക്കീഴെ ചുവടുപിടിച്ച്, വീട്ടിലെത്തി....”

 “ഞാന്‍ വാതില്‍ തുറന്നപ്പോള്‍ വീട്ടില്‍ക്കയറാന്‍ ശ്രമിച്ചു.  കയറരുതെന്ന് ആംഗ്യം കാട്ടിയിട്ടും അത് കൂട്ടാക്കിയില്ല. എന്നെയൊന്ന് സഹതാപത്തോടെ നോക്കിയതുപോലെ!! ദൈന്യത കണ്ട് എനിക്ക് അതിനോട് അലിവു തോന്നി”

“അപ്പോഴും മഴ കനത്തു പെയ്യുകയായിരുന്നു. കോരിച്ചൊരിയുന്ന മഴയത്ത് പൂച്ചക്കുട്ടിയെ പുറത്തേയ്ക്കു വിടാനും എനിക്കു മനസ്സുവന്നില്ല. ഉണ്ടായിരുന്ന കുറെ ചോറും കറിയും കുഴച്ച് പാത്രത്തില്‍ വച്ചുകൊടുത്തു. പൂച്ചക്കുട്ടി ആര്‍ത്തിയോടെ അതു തിന്നു. പാത്രംപോലും നക്കിത്തുടച്ചു വൃത്തിയാക്കിയിരുന്നു. എന്നിട്ട് നന്ദിസൂചകമായി മുരളിക്കൊണ്ട് എന്‍റെ കാലുകളോടു പറ്റിചേര്‍ന്ന്, ഉരുമ്മിനിന്നു. ഞാനും ആ പൂച്ചയെ സ്നേഹത്തോടെ നോക്കി. മാസങ്ങള്‍ക്കുശേഷം ഞാന്‍ ആദ്യമായി അറിയാതെ പുഞ്ചിരിച്ചു.”

പുഞ്ചിരി വിരിയിച്ച പൂച്ചക്കുട്ടി
“ആ അനുഭവം എന്‍റെ ജീവിതത്തിലെ വഴിത്തിരിവായിയുന്നു. അപ്പോള്‍ എന്‍റെ മനസ്സില്‍ ഉയര്‍ന്ന ചിന്ത...! ഒരു പൂച്ചക്കുട്ടിയെ സഹായിച്ചപ്പോള്‍ എന്‍റെ മ്ലാനതയ്ക്ക് അറുതി വരുത്തി, പുഞ്ചിരി വിരിയിപ്പിക്കാമെങ്കില്‍, മനുഷ്യര്‍ക്ക് എന്തെങ്കിലുമൊക്കെ ചെറിയ സഹായംചെയ്ത് എന്‍റെ ജീവിതത്തില്‍ സന്തോഷം വീണ്ടെടുക്കാന്‍ ശ്രമിച്ചുകൂടേ എന്നായിരുന്നു.”

“പിറ്റെദിവസം ഞാന്‍ കഞ്ഞിയുണ്ടാക്കി, പിന്നെ അല്പം കറിയുമായി, ആളുംപേരുമില്ലാത്ത അയല്‍പക്കത്തെ കിടപ്പായ അമ്മാമ്മയ്ക്കു കൊടുത്തു. വളരെ രുചിയോടെ അവര്‍ അതു ഭക്ഷിച്ചു. നിറഞ്ഞ പുഞ്ചിരിയോടെ എന്നെ നോക്കിയപ്പോള്‍, ആത്മനിര്‍വൃതിയുടെയും സംതൃപ്തിയുടെയും എന്തെന്നില്ലാത്ത വികാരങ്ങള്‍ എന്‍റെ മനസ്സിലൂടെ പാഞ്ഞു.”

“പുഞ്ചിരിയും ആത്മാര്‍ത്ഥത നിറഞ്ഞ വാക്കുകളും എന്‍റെ ഹൃദയത്തില്‍ കുളിര്‍മഴ പെയ്യിച്ചു. അത് എന്നെ കൂടുതല്‍ ഉത്സാഹവതിയാക്കി. എന്‍റെ ചെറിയ ജോലിയില്‍ എനിക്കു കൂടുതല്‍ സന്തോഷവും സംതൃപ്തിയുമുണ്ടായി. ഓരോ ദിവസവും എന്തെങ്കിലും സഹായം മറ്റുള്ളവര്‍ക്കായി ചെയ്തു കൊടുക്കണമെന്ന ചിന്ത മനസ്സിലുയര്‍ന്നു.”  
“അങ്ങനെ ചെയ്യുമ്പോള്‍ അവരില്‍ പ്രകടമാകുന്ന സന്തോഷവും കൃതജ്ഞതാഭാവവും എന്‍റെ ജീവിതത്തിന് ഉന്മേഷവും ഉത്സാഹവും ഉണര്‍ത്തുന്നതായിരുന്നു. ഇന്ന് ഞാന്‍ നന്നായി ഉറങ്ങുകയും ആസ്വാദ്യകരമായി ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. മറ്റുള്ളവര്‍ക്കു സന്തോഷം നല്കുന്നതില്‍ക്കൂടി എന്‍റെയും സന്തോഷം കണ്ടെത്തിയിരിക്കുന്നു.”

നല്കുമ്പോഴാണ് ലഭിക്കുന്നത്
പ്രീതയുടെ കഥകേട്ട്, ഡോക്ടറുടെ പക്കല്‍ കണ്‍സള്‍ട്ടേഷനെത്തിയ സ്ത്രീ, സൗമ്യ പൊട്ടിക്കരഞ്ഞു. അവള്‍ക്ക് പണംകൊണ്ടു വാങ്ങിക്കാവുന്നത് എല്ലാമുണ്ടായിരുന്നു, ഒന്നിനും കുറവില്ല. പക്ഷേ, പണത്തിനു നല്കാന്‍ കഴിയാത്ത കാര്യമാണ് അവള്‍ക്ക് ഇല്ലാതെ പോയത് – യഥാര്‍ത്ഥ സന്തോഷം!

പ്രീതയുടെ ഇരുളടഞ്ഞ ജീവിതത്തില്‍ വെളിച്ചം വീശാന്‍ കേവലമൊരു പൂച്ചക്കുട്ടിക്കു കഴിഞ്ഞു. പൂച്ചക്കുട്ടി കൂടെ വന്നതുകൊണ്ടല്ല. അതിനു വിശപ്പടക്കാന്‍ വകകൊടുത്തപ്പോള്‍ പൂച്ചക്കുട്ടി പ്രകടിപ്പിച്ച സന്തോഷവും മുട്ടിയുരുമ്മലും എല്ലാമാണ് പ്രീതയ്ക്ക് പ്രത്യാശപകര്‍ന്നത്, അവളുടെ ജീവിതത്തില്‍ വെളിച്ചംവീശിയത്. ‘വാങ്ങുന്നതിനെക്കാള്‍ കൊടുക്കുന്നതാണ് ഭാഗ്യം,’ എന്നവള്‍ക്ക് മനസ്സിലായി.

ദാനധര്‍മ്മത്തിന്‍റെ ആത്മീയാനന്ദം
യോര്‍ദ്ദാന്‍ നദീതടത്തില്‍ പ്രത്യക്ഷനായ തപോധനന്‍ ജനഹൃദയങ്ങളെ സ്പര്‍ശിക്കത്തക്കവണ്ണം ഉജ്ജ്വലമായ പ്രഭാഷണം നടത്തി. നല്ല പ്രതികരണമുണ്ടായി. ജനങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചു.
ലൂക്കാ 3, 10-17.   
“ഞങ്ങള്‍ എന്താണു ചെയ്യേണ്ട്?” അദ്ദേഹം പറഞ്ഞു.   “രണ്ട് ഉടുപ്പുള്ളവന്‍ ഒന്നും ഇല്ലാത്തവനു കൊടുക്കട്ടെ. ഭക്ഷണം ഉള്ളവനും അങ്ങനെ ചെയ്യട്ടെ. നിങ്ങളോട് ആജ്ഞാപിച്ചിട്ടുള്ളതില്‍ കൂടുതല്‍ ഈടാക്കരുത്. നിങ്ങള്‍ ആരെയും ഭീഷണിപ്പെടുത്തരുത്. വ്യാജമായി കുറ്റം ആരോപിക്കുകയും ചെയ്യരുത്. നല്കുമ്പോഴാണ് ലഭിക്കുന്നത്. ”

ഉള്ളതില്‍നിന്നു പങ്കുവയ്ക്കാം!
നല്കുമ്പോഴാണ് ലഭിക്കുന്നത്, എന്ന പഠിപ്പിച്ചത് ഫ്രാന്‍സിസ്സാണ്, അസ്സീസിയിലെ ഫ്രാന്‍സിസാണ്.
ഫ്രാന്‍സിസിന്‍റെ അസ്സീസിയിലെ കൊച്ചുവീട്ടില്‍ കള്ളന്‍ കയറി. അപ്പോള്‍ ഫ്രാന്‍സിസ് വീട്ടില്‍ ഇല്ലായിരുന്നു. എന്നാല്‍ എന്തെങ്കിലും മോഷ്ടിക്കുന്നതിനു മുന്‍പേ കള്ളനെ സഹോദരന്മാര്‍ ചേര്‍ന്ന് ഓടിച്ചിട്ടു.  അയാള്‍ രക്ഷപ്പെട്ടു.

വീട്ടിലെത്തിയപ്പോള്‍ സഹോദരങ്ങളുടെ സാഹസ കഥ കേട്ട് ഫ്രാന്‍സിസ് ദുഃഖാര്‍ത്ഥനായി. കള്ളന്‍ കപ്പേളയില്‍നിന്നു മോഷ്ടിക്കാന്‍ ശ്രമിച്ച വെള്ളിയുടെ തിരിക്കാലുകളും എടുത്ത്  ഫ്രാന്‍സിസ് കള്ളന്‍റെ പിറകെ ഓടി, ആവശ്യത്തിലായവനെ അവ കൊടുത്തു സഹായിച്ചെന്നാണ് ചരിത്രം.  എന്നിട്ടു സഹോദരങ്ങളോടും പറഞ്ഞത്രേ, “നല്കുമ്പോഴാണ് ലഭിക്കുന്നത്!”

ജീവന്‍ സമര്‍പ്പിച്ച ധന്യാത്മാക്കള്‍
തങ്ങള്‍ക്കുള്ളതില്‍നിന്നു മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതില്‍ നിറഞ്ഞ സന്തോഷവും കൃതാര്‍ത്ഥതയും അനുഭവിക്കുന്ന എത്രയോ ധന്യാത്മാക്കളുണ്ട് ലോകത്ത്. അതുകൊണ്ടാണ് ലോകം നിലനിന്നു പോകുന്നത്.

നല്കലിനെക്കുറിച്ചും, അതിന്‍റെ സന്തോഷത്തെക്കുറിച്ചും പറയുമ്പോള്‍ വിശുദ്ധ വിന്‍സെന്‍റിപ്പോളിനെയും, മദര്‍ തെരേസായേയുമൊക്കെ മറക്കാനാകുമോ. അവരുടെ ദാനവും നന്മയുടെ നല്കലും ഇന്നു ലോകത്ത് തുടരുകയാണ്. പാവങ്ങളായവര്‍ ബഹുഭൂരിപക്ഷമുള്ള നമ്മുടെ ലോകം നിലനില്ക്കുന്നതും, അവര്‍ ജീവിക്കുന്നതും സ്നേഹമുള്ളവരുടെ സന്മനസ്സും, പങ്കുവയ്ക്കലും ഉദാരതയുമാണ്.

നിര്‍ബന്ധിക്കുന്ന ക്രിസ്തുസ്നേഹം
തന്‍റെ പെന്‍ഷന്‍ തുകയും ട്യൂഷന്‍ എടുത്തു കിട്ടുന്ന പണവുംകൂട്ടി മറ്റുള്ളവരുടെ സഹായത്തിന്, പ്രത്യേകിച്ച് പഠന സഹായത്തിന്, ചികിത്സാ സഹായത്തിന് ചെലവിട്ടിരുന്ന കോളെജില്‍നിന്നു വിരമിച്ച അദ്ധ്യാപകനെ വ്യക്തിപരമായി അറിയാം. “ക്രിസ്തുവിന്‍റെ സ്നേഹം ഞങ്ങളെ നിര്‍ബന്ധിക്കുന്നു,” എന്നു പറഞ്ഞ് സഹായത്തിന്‍റെ കരം വച്ചുനീട്ടുന്ന അനുഭവമാണത്. പൂഴ്ത്തിവച്ചും കൂട്ടിവച്ചും ധനത്തിനുമേല്‍ പൊരുന്ന ഇരിക്കുന്നവരുണ്ട്. യഥാര്‍ത്ഥ സന്തോഷം എന്തെന്ന് അവര്‍ക്ക് അറിയില്ല. താല്ക്കാലിക സന്തോഷത്തിന്‍റെ പിന്നാലെയാണ് അവര്‍ പായുന്നത്. അവരുടെ ഹൃദയത്തില്‍ സന്തോഷമില്ലാത്തതുകൊണ്ട് ഇക്കിളിപ്പെടുത്തുന്ന നൈമിഷിക സന്തോഷങ്ങളുടെ പിന്നാലെയാണ് അവര്‍ പരക്കംപായുന്നത്.

നല്കലിന്‍റെ സന്തോഷം
കേവലം സാധാരണക്കാരിയായ പ്രീതയുടെ സാക്ഷ്യം സന്തോഷത്തിനും സമാധാനത്തിനുംവേണ്ടി ദാഹിക്കുന്ന ഏവരെയും പ്രചോദിപ്പിക്കട്ടെ. ഒന്നു പരീക്ഷിച്ചു നോക്കാന്‍. പരിമിതമായ വരുമാനവും അല്പമായ വിഭവങ്ങളും ഉപായസാദ്ധ്യതകളുമേയുള്ളൂ എന്നിരിക്കിലും, സാരമില്ല. അതില്‍നിന്നും പങ്കുവയ്ക്കലിന്‍റെയും നല്കലിന്‍റെയും അനുഭവത്തിലേയ്ക്കു കടന്നുവരാന്‍ പരിശ്രമിക്കാം! അപ്പോള്‍ സന്തോഷവും സമാധാനവും സംതൃപ്തിയും നമ്മിലേയ്ക്ക് ഒഴുകിയെത്തും.  

നിത്യതയുടെ മാനദണ്ഡം
അന്ത്യനാളില്‍ ദൈവം നമ്മെ വിധിക്കും.  ദൈവവിധിയുടെ മാനദണ്ഡം നമ്മുടെ നേട്ടവും വലുപ്പവുമല്ല, മനുഷ്യബന്ധിയായൊരു ജീവിതമാണ്. അത് സഹോദരബന്ധിയായ ജീവിതമാണ്, സഹോദരസ്നേഹമുള്ള ജീവിതമാണ്...!
മത്തായി 25, 41-46.
അനന്തരം അവര്‍ അവിടുത്തോടു ചോദിച്ചു. കര്‍ത്താവേ, ഞങ്ങള്‍ എപ്പോഴാണ് അങ്ങയെ വിശക്കുന്നവനോ, ദാഹിക്കുന്നവനോ, പരദേശിയോ, നഗ്നനോ, രോഗിയോ, കാരഗൃഹത്തില്‍ കഴിയുന്നവനോ ആയി കണ്ടതും നിനക്കു ശുശ്രൂഷചെയ്യാതിരുന്നതും എപ്പോഴാണ്?
അവിടുന്ന് മറുപടി പറഞ്ഞു,   “സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. എന്‍റെ ഏറ്റവും എളിയവരില്‍ ഒരുവന് നിങ്ങള്‍ ഇതെല്ലാം ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് നിങ്ങളവ ചെയ്തത്.”

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 March 2019, 15:55