The unending war and crimes in Syria The unending war and crimes in Syria  

ആയുധവിപണനം നിയന്ത്രിക്കേണ്ടത് സമൂഹത്തിന്‍റെയും ധര്‍മ്മം

സാമൂഹ്യ-സഭാ സംഘടനകളുടെ സംയുക്ത പ്രസ്താവന :

- ഫാദര്‍ വില്യം നെല്ലിക്കല്‍

രാഷ്ട്രങ്ങളുടെ ആയുധനിര്‍മ്മാണവും വില്പനയുമാണ് ഇന്നു ലോകത്ത് നവമായ യുദ്ധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കാരണമാക്കുന്നത്. ഇറ്റലിയിലെ സഭാ പ്രസ്ഥാനങ്ങളുടെയും സാമൂഹ്യസംഘടനകളുടെയും കൂട്ടായ്മ ഇറക്കിയ പൊതുപ്രസ്താവന വ്യക്തമാക്കി.

ഒരു ധാര്‍മ്മിക ഉത്തരവാദിത്ത്വം
മാര്‍ച്ച് 1-ന് റോമില്‍ സംഗമിച്ച ഇറ്റലിയിലെ 10-ല്‍ അധികം സംഘടനകളുടെയും വിവിധ പ്രസ്ഥാനങ്ങളുടെയും ദേശീയ കൂട്ടായ്മയാണ് ആയുധങ്ങളുടെ നിര്‍മ്മാണവും വില്പനയും സംബന്ധിച്ച നിയന്ത്രണം സമൂഹത്തിന്‍റെ വലിയ ധാര്‍മ്മിക ഉത്തരവാദിത്ത്വമാണെന്നും, അത്  നിയന്ത്രിക്കേണ്ടത് അടിയന്തിരവുമാണെന്ന്  അഭിപ്രായപ്പെട്ടത്. രാജ്യാന്തര പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിന് യുദ്ധം ഒരു പരിഹാരമാര്‍ഗ്ഗമല്ലെന്നും, അത് ജനതകളുടെ സ്വാതന്ത്ര്യത്തിന്‍റെ നിഷേധമാണെന്നും സമ്മേളനം സമര്‍ത്ഥിച്ചു.

ആയുധശേഖരത്തിന്‍റെ പരിധി
ഒരു രാജ്യത്തെ ആയുധങ്ങളുടെ നിര്‍മ്മാണവും ഉപയോഗവും ന്യായീകരിക്കാനാകുന്നത് അവ ഒരു രാഷ്ട്രത്തിന് ആവശ്യമായ സുരക്ഷയ്ക്കും, വ്യക്തികളുടെ അവകാശ സംരക്ഷ‌ണത്തിനും സുരക്ഷയ്ക്കും, അല്ലെങ്കില്‍ ആഗോള സമൂഹത്തിന്‍റെ സുരക്ഷയ്ക്കും സമാധാനത്തിനുംവേണ്ടി ആകുമ്പോള്‍ മാത്രമാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.

ആയുധവിപണനം നിയമലംഘനം
ഇറ്റലിയുടെ ദേശീയ പശ്ചാത്തലത്തില്‍ ചേര്‍ന്ന സംഗമം ഇറ്റാലിയന്‍ സര്‍ക്കാരിനോടു രേഖാപരമായി ആദ്യമായി അഭ്യര്‍ത്ഥിച്ചത്, എല്ലാവിധത്തിലുമുള്ള ആയുധവിപണനങ്ങളും നിര്‍ത്തലാക്കണമെന്നാണ്. അന്താരാഷ്ട്ര നിയമങ്ങളും, യുഎന്‍ ഉടമ്പടികളും തെറ്റിച്ചുകൊണ്ട് ഇന്നു നിലവിലുള്ള എല്ലാ ആയുധവിപണന ഇടപാടുകളും യെമന്‍ പോലുള്ള രാജ്യങ്ങളില്‍ കാരണമാക്കുന്നത് അന്താരാഷ്ട്ര യുദ്ധനിയമങ്ങളുടെ ലംഘനമാണെന്ന് (International war crimes) സമ്മേളനം രേഖാപരമായി ഇറ്റലിയുടെ ഭരണകര്‍ത്താക്കളെ അറിയിച്ചു.

വ്യക്തമാക്കേണ്ട ധാരണകള്‍
സുരക്ഷയ്ക്കുവേണ്ട ആയുധ നിര്‍മ്മിതിയുടെയും ഉപയോഗത്തിന്‍റെയും മേഖലയില്‍ ബന്ധപ്പെട്ട ദേശീയ സ്ഥാപനങ്ങളുടെയും, യൂറോപ്യന്‍ യൂണിയന്‍ പ്രസ്ഥാനങ്ങളുടെയും, ആയുധനിര്‍മ്മാണത്തില്‍ അതിന്‍റെ സാമ്പത്തികവശം നിയന്ത്രിക്കുന്ന സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ ഇതു സംബന്ധിച്ചു സംവാദവും ധാരണയും വളര്‍ത്തേണ്ടത്, എന്നും നിലനില്ക്കേണ്ടതും അടിയന്തിരവുമായ ആവശ്യമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.

ജനങ്ങള്‍ക്കുണ്ടാകേണ്ട അവബോധം
ആയുധ വിപണനത്തെക്കുറിച്ചും അതില്‍ നിമഗ്നമായിരിക്കുന്ന ഭീമമായ പണംമുടക്ക്, അതിന്‍റെ പിന്നിലെ അധാര്‍മ്മികത എന്നിവയെക്കുറിച്ച് സമൂഹത്തില്‍ പൊതുജനങ്ങള്‍ക്കും സമൂഹ്യസംഘടനകള്‍ക്കും, സഭാതല പ്രസ്ഥാനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും അവബോധം നല്കേണ്ടതാണെന്ന നിര്‍ദ്ദേശവും സമ്മേളനം മുന്നോട്ടുവയ്ക്കുകയുണ്ടായി.

സമ്മേളിച്ച ദേശീയ സംഘടനകള്‍
1. ഇറ്റലിയുടെ ധാര്‍മ്മിക സാമ്പത്തിക ഫൗണ്ടേഷന്‍  (Ethical Foundation of Italy)
2. രാജ്യന്തര ഫോക്കലാരെ പ്രസ്ഥാനം (focolare)
3. ഐക്യത്തിനായുള്ള ഇറ്റാലിയന്‍ രാഷ്ട്രീയ പ്രസ്ഥാനം (Political Movement for Unity)
4. നിരായുധീകരണത്തിനുള്ള ഫ്രാന്‍ചേസ്ക്കൊ വിഞ്ഞാര്‍ക്ക സഖ്യം (Association of Francesco Vegnara for disarmament)
5. ഏവാഞ്ചലിക്കല്‍ സഭകളുടെ പാരിസ്ഥിതിക കമ്മിഷന്‍ (Ecological Commission of Evangelical Churches)
6. ഇറ്റലിയുടെ ദേശീയ മെത്രാന്‍ സമിതി (Episcopal Conference of Italy)
7. റോമിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മ (Ecumenical union of churches in Italy)
8. സാമൂഹ്യപ്രതിസന്ധികളെ സഹായിക്കുന്ന ഇറ്റാലിയന്‍ സംഘ‌ടന (Aid to Social Crisis)
9. ഇറ്റലിയിലെ  “പാക്സ് ക്രീസ്തി” ‌ (Pax Christi of Italy)
10. നിരായുധീകരണത്തിനായുള്ള ഇറ്റലിയുടെ ദേശീയ പ്രസ്ഥാനം  (National Movement for Disarmament)

എന്നിവയുടെ പ്രതിനിധികളാണ്, മാര്‍ച്ച് ഒന്നിന്‍റെ ഏകദിന സമ്മേളനത്തില്‍ പങ്കെടുത്ത്, രാഷ്ട്രത്തിന്‍റെ ആയുധനിര്‍മ്മാണത്തെക്കുറിച്ചും അവയുടെ വില്പനയെക്കുറിച്ചുമുള്ള ന്യായമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചത്.

സമ്മേളനത്തിലെ പ്രബന്ധാവതാരകര്‍
എവാഞ്ചെലിക്കല്‍ സഭാകൂട്ടായ്മയുടെ പ്രസിഡന്‍റ് ലൂക്കാ മരിയ നീഗ്രോ, ഇറ്റലിയുടെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഗ്വാള്‍ത്തിയേരോ ബസേത്തി, നിരായുധീകരണത്തിനായുള്ള ഇറ്റലിയുടെ ദേശീയ പ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റ് അക്വാവീവി ഫോന്തി എന്നിവര്‍ സമ്മേളനത്തില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 March 2019, 09:42