Professor Andrea Monda, the editor of Vatican's daily and weekly L'Osservatore Romano Professor Andrea Monda, the editor of Vatican's daily and weekly L'Osservatore Romano 

രാഷ്ട്രീയ ലക്ഷ്യങ്ങളിലേയ്ക്ക് അവബോധത്തോടെ ഉയരണം!

ഇറ്റലിയുടെ രാഷ്ട്രീയ ചുറ്റുവട്ടത്തില്‍ വത്തിക്കാന്‍റെ ദിനപത്രം, “ലൊസര്‍വത്തോരെ റൊമാനോ”യുടെ (L’Osservatore Romano) പത്രാധിപര്‍, അന്ത്രയ മോന്ത കുറിച്ച പത്രാധിപക്കുറിപ്പിലെ ശ്രദ്ധേയമായ ചിന്തകള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

തകരുന്ന രാഷ്ട്രീയ ചുറ്റുപാടുകള്‍
ഇറ്റാലിയന്‍ രാഷ്ട്രീയ നിജസ്ഥിതിയുടെ പശ്ചാത്തലത്തിലാണ് ഫെബ്രുവരി 26-ന് ക്രൈസ്തവരായ അനുവാചകരെ ലക്ഷ്യംവച്ച് അന്ത്രയ മോന്ത ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചത്.  തകരുന്ന രാഷ്ട്രീയ ചുറ്റുപാടില്‍, ജനങ്ങള്‍ ഒത്തൊരുമിച്ച് നാടിനെ  നവീകരിക്കാനും പുനരുദ്ധരിക്കാനും പരിശ്രമിക്കണമെന്ന് അദ്ദേഹം പൊതുവായി അഭിപ്രായപ്പെട്ടു. സമൂഹത്തിലെ അല്‍മായര്‍ “ഭൂമിയുടെ ഉപ്പ്” എന്ന സുവിശേഷ സജ്ഞ ഉള്‍ക്കൊണ്ട് സമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തന മേഖലകളിലേയ്ക്ക് ക്രൈസ്തവര്‍ രംഗപ്രവേശം ചെയ്യണമെന്ന് മോന്ത അഭിപ്രായപ്പെട്ടു (മത്തായി 5, 13).

രാഷ്ട്രീയ രൂപീകരണത്തിന്‍റെ വഴികള്‍ :
1. രൂപീകരണം

ഉപ്പും ഉറയുമാകേണ്ട ക്രൈസ്തവരുടെ ഉത്തരവാദിത്ത്വം അഞ്ചു മേഖലകളില്‍ ഉണ്ടായിരിക്കണമെന്ന് മോന്ത വിശദീകരിച്ചു. ആദ്യമായി രൂപീകരണമാണ് (formation). സഭയുടെ സാമൂഹ്യ പ്രബോധനങ്ങളുടെ മൂല്യങ്ങള്‍ മനസ്സിലാക്കിയുള്ള മുന്നേറ്റവും പ്രവര്‍ത്തനവുമാണ് രൂപീകരണമെന്നു മോന്ത ഉദ്ദേശിക്കുന്നത്. അതിനായി പ്രാദേശിക, ദേശീയ സഭകള്‍ സാധാരണ ജനങ്ങള്‍ക്കും അവരുടെ നേതൃസ്ഥാനത്തുള്ളവര്‍ക്കും സഭാപ്രബോധനങ്ങള്‍ നല്കുന്ന സാമൂഹിക രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് അറിവും അവബോധവും നല്കി മുന്നോട്ടു നയിക്കണം.

2. സംഘടനകള്‍ക്ക് ജീവന്‍ നല്കുക!
ചെറുതും വലുതുമായ എല്ലാവിധ  കത്തോലിക്കാ പ്രസ്ഥാനങ്ങള്‍ക്കും സംഘടനകള്‍ക്കും, അടിത്തട്ടില്‍നിന്നും ജീവന്‍ നല്കുക (Giving life) എന്നത് രണ്ടാമത്തെ മേഖലയാണ്. കത്തോലിക്കാ സംഘടനകളെ കരുപ്പിടിപ്പിക്കുകയും അവയെ നീതിയുടെ രാഷ്ട്രീയ കാഴ്ചപ്പാടില്‍ നയിക്കുകയും ചെയ്യേണ്ടതാണ്. സുവിശേഷ മൂല്യങ്ങളും സഭാപ്രബോധനങ്ങളും ക്രൈസ്തവ സംഘടനകളുടെ അടിസ്ഥാനമാക്കിക്കൊണ്ടായിരിക്കണം അവരെ സാമൂഹ്യ രാഷ്ട്രീയ തലങ്ങളിലെ നന്മയുടെയും നീതിയുടെയും സേവകരാക്കി രൂപപ്പെടുത്തുകയും വളര്‍ത്തുകയും ചെയ്യേണ്ടത്.

3. യുവാക്കള്‍ക്ക് ഇടംനല്കുക
നന്മയും നീതിനിഷ്ഠയുമുള്ള സാമൂഹ്യ രാഷ്ട്രീയ മേഖലയില്‍ സമൂഹത്തിലെ യുവജനങ്ങള്‍ക്ക് ഇടംനല്കുകയെന്നത് മൂന്നാമത്തെ പ്രായോഗിക മേഖലയാണ് (Leaving space for Youth). ധാര്‍മ്മിക ശക്തിയോടെ അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനും, പ്രവര്‍ത്തിക്കുന്നതിനുമുള്ള അവസരങ്ങള്‍ യുവജനങ്ങള്‍ക്ക് സമൂഹത്തില്‍ നല്കിക്കൊണ്ടാണ് രാഷ്ട്രീയ മേഖലയിലേയ്ക്കും ജനസേവനത്തിലേയ്ക്കും അവരെ നയിക്കേണ്ടത്.

4. സംവാദത്തിന്‍റെ അടിസ്ഥാന രീതി
സമൂഹത്തിന്‍റെ എല്ലാതലങ്ങളിലും ജാതി മത ഭേദമെന്യേ സ്ത്രീ പുരുഷന്മാരുമായുള്ള സംവാദം സാമൂഹിക ഉന്നമനത്തിനും, നീതിയുള്ള രാഷ്ട്രീയ സംവിധാനങ്ങള്‍ക്കും, അവയുടെ വളര്‍ച്ചയ്ക്കും അനിവാര്യമായ നാലാമത്തെ മേഖലയാണ്. അതുവഴി പൊതുവായ ഒരു പ്രവര്‍ത്തന മേഖല മെല്ലെ വളര്‍ത്തിയെടുക്കുക എന്നത് അടിസ്ഥാന ലക്ഷ്യമായിരിക്കണം.

5. വിമര്‍ശനത്തില്‍ മാത്രം ഒതുങ്ങരുത്!
വിമര്‍ശന മനോഭാവവും, വാക്ധോരണിയും മാത്രമുള്ള ഒരു സമൂഹമായി സഭയും സഭാധികാരികളും നില്ക്കാതെ, ക്രിയാത്മകമായി ജനജീവിതത്തിന്‍റെ വിവിധ തട്ടുകളില്‍ പൊതുവായ രാഷ്ട്രീയ ശക്തിരൂപപ്പെടുത്തി സമൂഹത്തെ പ്രവര്‍ത്തനബദ്ധമാക്കുകയാണു വേണ്ടതെന്ന്, ഇന്നത്തെ ഇറ്റാലിയന്‍ രാഷ്ട്രീയ സ്ഥിതിഗതികളുടെ പശ്ചാത്തലത്തില്‍ മോന്ത പത്രാധിപക്കുറിപ്പിലൂടെ വ്യക്തമാക്കി.

കുറിപ്പ്
പെറൂജിയ അതിരൂപതയുടെ മെത്രാപ്പോലീത്തയും, ഇറ്റലിയുടെ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റുമായ, കര്‍ദ്ദിനാള്‍ ഗ്വാള്‍ത്തിയേരോ ബസ്സേത്തി വത്തിക്കാന്‍റെ പത്രത്തിനു നല്കിയ അഭിമുഖത്തിലെ ചിന്തകളോടു പ്രതികരിച്ചുകൊണ്ടാണ് അന്ത്രയ മോന്തി കത്തോലിക്കര്‍ക്കു പ്രാവര്‍ത്തികമാക്കാവുന്ന ചിന്താശകലങ്ങള്‍ വത്തിക്കാന്‍റെ ദിനപത്രത്തിലെ പത്രാധിപക്കുറിപ്പില്‍ പങ്കുവച്ചത്.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 March 2019, 13:35