Vatican News
തപസ്സുകാലത്തെ  അനുസ്മരിക്കുന്ന ചിത്രം തപസ്സുകാലത്തെ അനുസ്മരിക്കുന്ന ചിത്രം 

തിന്മകളുടെ അഭാവമാണ് ഉപവാസം

തപസ്സു കാലത്തെ പവിത്രമാക്കുന്ന ഉപവാസം നല്‍കുന്ന ഉള്‍ക്കാഴ്ച്ചകള്‍

സി.റൂബിനി സി.റ്റി.സി

ക്രിസ്തു പഠിപ്പിക്കുന്ന ഉപവാസം

" നിങ്ങൾ ഉപവസിക്കുമ്പോൾ കപടനാട്യക്കാരെപ്പോലെ വിഷാദം ഭാവിക്കരുത്. തങ്ങൾ ഉപവസിക്കുന്നുവെന്നു അന്യരെ കാണിക്കാൻ വേണ്ടി അവർ മുഖം വികൃതമാക്കുന്നു. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: അവർക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു. എന്നാൽ നീ ഉപവസിക്കുന്നത് അദൃശ്യനായ പിതാവല്ലാതെ മറ്റാരും കാണാതിരിക്കുന്നതിനു ശിരസ്സിൽ തൈലം പുരട്ടുകയും മുഖം കഴുകുകയും ചെയ്യുക. രഹസ്യങ്ങൾ അറിയുന്ന പിതാവ് നിനക്ക് പ്രതിഫലം നൽകും." (മത്തായി.6:16-18)

നമ്മെ നാമാക്കുന്നതു നമ്മുടെ ചിന്തകളാണ്. നമ്മുടെ ചിന്തകളിൽ സത്യമുണ്ടെങ്കിൽ നാം സത്യവുമായി യാത്ര ചെയ്യുന്നു. നമ്മുടെ ചിന്തകളിൽ അസത്യമാണുള്ളതെങ്കിൽ നാം അസത്യത്തിന്‍റെ മക്കളാണ്. നാം എന്തായിരിക്കുന്നുവോ അതേ പോലെ നമ്മുടെ അകത്തും പുറത്തും ജീവിക്കാൻ കഴിയുന്നുവെങ്കിൽ അതാണ് സത്യം. മുഖം മൂടികളില്ലാതെ ജീവിക്കാൻ സഹായിക്കുന്നതാണ് സത്യം. ഈ സത്യമാണ് നമ്മെ സ്വാതന്ത്ര്യത്തിലേക്കു നയിക്കുന്നത്. തപസ്സു കാലം യഥാർത്ഥത്തിൽ സ്വാതന്ത്ര്യത്തിന്‍റെ കാലമാണ്. തിന്മകളുടെ അടിമത്വത്തിൽ നിന്നും വിടുതൽ നേടാനുള്ള കാലം. തപസ്സു കാലത്തിന്‍റെ പവിത്രതയിലാണ് നാം യാത്ര ആരംഭിച്ചിരിക്കുന്നത്. ഈ യാത്രയുടെ ലക്ഷ്യം ക്രിസ്തുവാണ്. ജീവൻ നൽകി സത്യത്തിനെ വിശുദ്ധികരിച്ച ക്രിസ്തുവിനെ ധ്യാനിക്കുകയാണ് നാം ഈ തപസ്സു കാലത്തിൽ ചെയ്യുന്നത്.

തപസ്സുകാലം എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക്  കടന്നു വരുന്ന മൂന്നു ചിന്തകളാണ് പ്രാർത്ഥന, ദാനധർമ്മം, ഉപവാസം. ഇന്ന് നാം ഉപവാസം നൽകുന്ന ഉള്‍ക്കാഴ്ച്ചകളെ കുറിച്ച് വിചിന്തിനം ചെയ്യുകയാണ്. നാമാദ്യം വായിച്ചത് പോലെ ക്രിസ്തു പറയുന്ന ഉപവാസം എന്നത് രഹസ്യങ്ങൾ അറിയുന്ന പിതാവിന്‍റെ മുന്നിൽ നാമെന്തായിരിക്കുന്നുവോ അതേപോലെയായിരിക്കാനുള്ള സഹവാസമാണ്.

തിന്മകളില്‍ നിന്നും അകന്നു നില്‍ക്കുക

നമ്മെ പൂർണ്ണമായി അറിയുകയും, മുഴുവനായി മനസ്സിലാക്കുകയും, സ്വീകരിക്കുകയും ചെയ്യുന്ന നല്ല ദൈവത്തിന്‍റെ മുന്നിൽ വേറെ ചമയങ്ങൾ ഒന്നുമില്ലാതെ വെറുതെ ആയിരിക്കുന്ന അവസ്ഥയാണ്. ഉപവാസത്തിന്‍റെ പ്രധാനപ്പെട്ട ലക്ഷ്യം ആത്മീയ ജീവിതമാണ്. ആത്മീയ അച്ചടക്കവും, ക്രിസ്താനുകരണവും, പാപപരിഹാരവും ഉപവാസത്തിൽ നിന്നും നാം നേടിയെടുക്കണം. പാപത്തിൽ നിന്നും മാറി നിൽക്കാതെയുള്ള ശാരീരികമായ ഉപവാസത്തിനു യാതൊരു അർത്ഥവും നൽകാനാവില്ല. ഉപവാസത്തെ കുറിച്ച് വിശുദ്ധ ബേസിൽ പറയുന്നതിങ്ങനെയാണ്. "ദൈവത്തിനു അംഗീകരിക്കാനാവുന്ന രീതിയിലും, അവിടുത്തേക്ക്  പ്രീതികരമായും, നമുക്ക് ഉപവസിക്കാം. യഥാർത്ഥ ഉപവാസം എന്നത് തിന്മയിൽ നിന്നും കോപത്തിൽ നിന്നുമുള്ള അകൽച്ചയും,  നാവിന്‍റെ നിയന്ത്രണവും, ഇന്ദ്രീയനിഗ്രഹവും, ആഗ്രഹങ്ങൾ, അപവാദം, വ്യാജം, കള്ളസാക്ഷ്യം എന്നിവയുടെ പിടിയിൽ നിന്നുള്ള വിച്ഛേദനവുമാണ്. യഥാർത്ഥത്തിൽ ഈ തിന്മകളുടെ അഭാവമാണ് ഉപവാസം".

നാമെന്തിനാണ് ഉപവസിക്കുന്നത്?  ദൈവത്തോടു സഹവസിക്കുന്നതിനാണ് നാം ഉപവസിക്കുന്നത്. ദൈവത്തോടു ചേർന്നിരിക്കുവാൻ ഉപവാസം എന്ന സാധന നമ്മെ സഹയിക്കുന്നു. പഞ്ചേന്ദ്രിയങ്ങളുടെ ആഗ്രഹങ്ങളോടും, ലോക  വാസനകളോടും എന്നല്ലാ ദൈവമല്ലാതെ മറ്റെല്ലാറ്റിനോടും അകന്നു നിൽക്കുവാൻ ഉപവാസം നമ്മെ സഹായിക്കുന്നു. ഭക്ഷണം വർജ്ജിക്കുക എന്നതിൽ മാത്രം ഒതുങ്ങി പോയ നമ്മുടെ ഉപവാസത്തിനു അതിനപ്പുറത്തു നിൽക്കുന്ന ആത്മീയ മാനങ്ങളുണ്ട്. ദൈവാത്മാവും മനുഷ്യാത്മാവും തമ്മിലുള്ള സംയോഗമാണ് ധ്യാനം. ഈ ധ്യാനാനുഭവത്തിലേക്കു കടന്നു വരാൻ ഉപവാസം നമ്മെ സഹായിക്കുന്നു. ഭക്ഷണം വർജ്ജിക്കുന്നതിനിമപ്പുറത്ത് നമ്മുടെ ആത്മാവിന്‍റെ ആരോഗ്യത്തിനു ഹാനികരമായി തീരുന്നവയോടു നാം പുലർത്തേണ്ട നിസ്സംഗതയാവണം ഉപവാസം. നാല്‍പതു ദിനങ്ങളുടെ മരുഭൂമിയനുഭവമാണ് ഉപവാസം. ധനം കൊണ്ടോ, കർമ്മം കൊണ്ടോ മുക്തി നേടാനാവില്ല, ത്യാഗം മാത്രമേ മുക്തിക്കു നിദാനം എന്ന് പറയാറുണ്ട്. യഥാർത്ഥത്തിൽ ഉപവാസത്തിൽ ത്യാഗമുണ്ട്. ആഗ്രഹിക്കുന്നതും, അഭിലഷിക്കുന്നതും ആത്മാവിന്‍റെ വിശുദ്ധിയെ പ്രതി വേണ്ടെന്നു വയ്ക്കുന്നു. ദൈവത്തോടു സഹവസിക്കുന്നതിനു തടസ്സമായതിനെയെല്ലാം ഉപവാസം എന്ന സാധന കൊണ്ട് തമസ്ക്കരിക്കുന്നു.

ഉപവാസത്തിന്‍റെ ആത്മീയമാനം

ദൈവത്തിനിഷ്ടപ്പെടാത്ത നമ്മുടെ  ഇഷ്ടങ്ങളെ മനപൂർവ്വം നമ്മിൽ നിന്നും വിച്ഛേദിക്കുന്നതാണ് ഉപവാസം. ക്രിസ്തു ആഗ്രഹിക്കുന്ന വിധത്തിൽ ഉപവസിക്കുന്ന ഒരു വ്യക്തിക്ക് ഉപവാസത്തിന്‍റെ പൂർത്തിയിൽ ക്രിസ്തുവിനെ പോലെ പറയാനാകും അപ്പമല്ല; അപ്പം നല്‍കുന്ന ദാതാവിന്‍റെ വചനങ്ങളാണ് അവന്‍റെ ഭോജനമെന്ന്. ലോകത്തോടും ലോകവാസനകളോടുമുള്ള ഉപവാസം പൗലോസ്ലീഹായെ നയിച്ചത് വലിയ ആത്മബോധത്തിലേക്കാണ്. താനല്ല തന്നിൽ ജീവിക്കുന്നത് ക്രിസ്തുവാണെന്നു അനുഭവിക്കുവാനുള്ള ആത്മാവസ്ഥയിലേക്കു എത്തിപ്പെടാൻ മാത്രം ശക്തിയുള്ള ഉപവാസമായിരുന്നു പൗലോസ് അനുഷ്ഠിച്ചത്.

ഇന്നലെ വരെ മാംസത്തോടും,  ഭക്ഷണത്തോടുമുണ്ടായിരുന്ന നമ്മുടെ സമീപനത്തിൽ നിന്നും വിട്ടുനിന്നുള്ള ഉപവാസം നാം അനുഷ്ഠിച്ചിരുന്നെങ്കിൽ ഇന്ന് മുതൽ നാം ചിന്തിക്കേണ്ടതും പ്രവർത്തിയിൽ കൊണ്ട് വരേണ്ടതുമായ ഉപവാസം വിശുദ്ധ ബേസിൽ പറഞ്ഞത് പോലെ ദൈവത്തെ പ്രാപിക്കാൻ  തടസ്സമായിരിക്കുന്ന നമ്മുടെയുള്ളിലേ ലോക, മോഹ, മത, മാത്സര്യങ്ങളുടെ നേരെ നാം പുലർത്തേണ്ട അകൽച്ചയായിരിക്കണം. അതിനു ക്രിസ്തു പറയുന്നതു പോലെ മുഖം കഴുകി, എണ്ണ പൂശി, പ്രശാന്തതയോടെ ഉപവസിക്കുക. അതിന്‍റെ അർത്ഥം അർദ്ധമായ അദ്ധ്വാനം പോരാ,  ആത്മാർത്ഥമായ അവബോധവും, തെളിമയും, ശാരീരിക സമ്പുഷ്ടിയും വേണം. ശരീരമാകുന്ന തടവറയിൽ നിന്നും ഉപവാസം വഴി ആത്മാവിനെ സ്വതന്ത്രമായി പറന്നുയരാൻ അനുവദിക്കുക. അത് ഈശ്വര സാക്ഷാത്ക്കാരത്തിനായുള്ള ഉപാധിയാണ്.

ഉപവാസവും ഉപവിയും

ഉപവാസത്തിന്‍റെ മറ്റൊരു മുഖമെന്നത് ഉപവി പ്രവർത്തിയാണ്. സമൃദ്ധിയുടെ ആരവങ്ങളിൽ നിന്നും വിട്ടു മാറി പാവപ്പെട്ടവർക്കും സമൃദ്ധിയുടെ അനുഭവം പങ്കിട്ടു നൽകുവാനുള്ള പരിശ്രമം എന്ന് പറയാം. ഉപവാസത്തിലൂടെ മാനുഷീക ബലഹീനതകൾക്കു പരിഹാരം കണ്ടെത്തി ഉപവിയുടെ തലത്തിലേക്ക് നാം നീങ്ങുമ്പോൾ അതാണ് നമ്മെ ദൈവത്തോടു ഒന്നിപ്പിക്കുന്നത്. ഇങ്ങനെ ദൈവത്തോടും മനുഷ്യരോടും, പ്രകൃതിയോടും നമ്മോടും ഒന്നായി തീരാനുള്ള മാർഗ്ഗമാണ് ഉപവാസം  നൽകുന്നത്.  ഉപവാസം എങ്ങനെയാണ് പ്രകൃതിയുമായി ബന്ധപ്പെടാൻ നമ്മെ സഹായിക്കുന്നു എന്ന് ചിന്തിച്ചേക്കാം.

ദൈവം ഈ പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുന്നു. പ്രകൃതിയോട് കാണിക്കുന്ന ക്രൂരത ദൈവത്തോടു കാണിക്കുന്ന ക്രൂരത തന്നെയാണ്. ദൈവം സൃഷ്ടിച്ച പ്രകൃതിയിൽ സ്വാതന്ത്ര്യവും, സ്നേഹവും, തുറവുമുണ്ടായിരുന്നു. അതിനെ നഷ്ടപ്പെടുത്തിയത് ആദി മാതാപിതാക്കളാണെങ്കിൽ അതിനെ വീണ്ടും തിരികെ നേടിയത് പുതിയ ആദമായ ക്രിസ്തുവാണ്. അത് കൊണ്ടാണ് ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തിൽ നാം ഇങ്ങനെ  വായിക്കുന്നു.

"ചെന്നായും ആട്ടിൻകുട്ടിയും ഒന്നിച്ചു വസിക്കും. പുള്ളിപ്പുലി കോലാട്ടിൻ കുട്ടിയോടുകൂടെ കിടക്കും. പശുക്കിടാവും സിംഹകുട്ടിയും ഒന്നിച്ചു മേയും. ഒരു ശിശു അവയെ നയിക്കും. പശുവും കരടിയും ഒരിടത്തു മേയും. അവയുടെ കുട്ടികൾ ഒന്നിച്ചു കിടക്കും. സിംഹം കാളയെ പോലെ വൈക്കോൽ തിന്നും. മുലകുടിക്കുന്ന ശിശു സർപ്പപൊത്തിനു മുകളിൽ കളിക്കും. മുലകുടി മാറിയ കുട്ടി അണലിയുടെ അളയിൽ കയ്യിടും. എന്‍റെ വിശുദ്ധ ഗിരിയിൽ ആരും ദ്രോഹമോ നാശമോ ചെയ്യുകയില്ല. സമുദ്രം ജലം കൊണ്ടെന്ന പോലെ ഭൂമി കർത്താവിനെ കുറിച്ചുള്ള ജ്ഞാനം കൊണ്ട് നിറയും."(ഏശയ്യാ11:6-9)

ഈ വചനഭാഗത്തിൽ നാം കാണുന്നത് പുതിയ ഏദൻ തോട്ടത്തെ കുറിച്ചുള്ള ചിത്രമാണ്. വന്യത ഇല്ലാത്ത തോട്ടത്തിൽ ആരും ആർക്കും  ഉപദ്രവം സൃഷ്ടിക്കുന്നില്ല. എല്ലാവർക്കും എല്ലാവരെയും സമീപിക്കാൻ കഴിയുന്ന ഒരു പുതിയ ലോകത്തെ  കുറിച്ചാണ് പ്രവാചകൻ ഇവിടെ പരാമർശിക്കുന്നത്. ഉപവാസത്തിലൂടെ  ദൈവത്തോടൊപ്പം സഹവസിക്കുമ്പോൾ  ഏശയ്യാ പ്രവാചകൻ പറയുന്നത് പോലെ കർത്താവിനെ കുറിച്ചുള്ള ജ്ഞാനത്താൽ നാം നിറയും. ഈ ജ്ഞാനം നമ്മുടെ  ദുർവ്വാസനകളെ നിർവീര്യമാക്കുവാൻ സഹായിക്കുന്നു. അങ്ങനെ നമ്മുടെ ജീവിതത്തിൽ നമുക്കു വ്യതിയാനം സൃഷ്ടിക്കാന്‍ കഴിയും. നമ്മിലും നമ്മുടെ കാഴ്ചപ്പാടുകളിലും, മനോഭാവങ്ങളിലും മാറ്റം വരുത്താന്‍ കഴിയുന്നില്ലെങ്കിൽ നാം അനുഷ്ഠിക്കുന്ന ഉപവാസത്തിനു അർത്ഥമുണ്ടാകുകയില്ല.

റൂമി എന്ന ആത്മസാധകന്‍ പങ്കു വയ്ക്കുന്ന ചിന്ത ഇങ്ങനെയാണ്. “ആത്മീയപാത ശരീരത്തെ പാടെ തകർത്തു കളയും. പിന്നീടതിനെ ആരോഗ്യാവസ്ഥയിലേക്കു തിരിച്ചെത്തിക്കും. തറക്കു താഴെയുള്ള നിധി പുറത്തെടുക്കാൻ വീട് പൊളിക്കുന്നതു പോലെ പിന്നീടാ നിധിയുപയോഗിച്ച്  അത് പൂർവ്വാധീകം ഭംഗിയിൽ  പുതുക്കിപ്പണിയും”.

ഉപവാസം നമ്മുടെ ആത്മീയ ജീവിതത്ത പുതുക്കിപ്പണിയുവാൻ സഹായിക്കുന്നു. നമ്മുടെ  ആവശ്യങ്ങളെ വിശുദ്ധീകരിക്കുവാനും നമ്മുടെ ജീവിതത്തില്‍ ഏറ്റവും അത്യാവശ്യമായ ദൈവത്തിന്‍റെ വിശുദ്ധിയിൽ ആയിരിക്കുവാനും ദൈവം പകരുന്ന വെളിച്ചത്തിൽ നമ്മെ വ്യക്തമായി കാണുവാനും സഹായിക്കുന്നു. ഈ വ്യക്തതയിൽ നിന്നും ജീവിതത്തിൽ വ്യതിയാനങ്ങൾ വരുത്തി പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുവാനും ഈ തപസ്സു കാലത്തിൽ നാമനുഷ്ഠിക്കുന്ന ഉപവാസത്തിനു കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം. അതിനായി പരിശ്രമിക്കാം.  

17 March 2019, 15:03