തിരയുക

Vatican News
Across the boarders of Venezuela-Colombia refugees Across the boarders of Venezuela-Colombia refugees   (AFP or licensors)

വെനസ്വേലന്‍ ജനതയ്ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്ത്വനം

ഫെബ്രുവരി 12-Ɔο തിയതി ചൊവ്വാഴ്ച റോമില്‍ പ്രസിദ്ധപ്പെടുത്തിയ വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

വത്തിക്കാനില്‍ എത്തിയ പ്രതിനിധിസംഘം
അഭ്യന്തരകലാപത്തില്‍ ഉഴലുന്ന വെനസ്വേലന്‍ ജനതയുടെ ചാരത്ത് പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്ത്വന സാമീപ്യമുണ്ടെന്ന്, വത്തിക്കാന്‍ പ്രസ്സ് ഓഫിസ് മേധാവി അലെസാന്ത്രോ ജിസോത്തി പ്രസ്താവനയിലൂടെ അറിയിച്ചു. രാഷ്ട്രീയമായി കലങ്ങിമറിഞ്ഞും, സാധാരണ ജനങ്ങള്‍ ഏറെ ക്ലേശിച്ചും ദാരിദ്ര്യത്തിലും ജീവിക്കുന്ന വെനസ്വേലയുടെ സാമൂഹിക രാഷ്ട്രീയ അന്തരീക്ഷത്തില്‍ സാന്ത്വനം തേടി പാപ്പാ ഫ്രാന്‍സിസിന്‍റെ  പക്കല്‍ ഒരു വെനസ്വേലന്‍ പ്രതിനിധി സംഘം വത്തിക്കാനില്‍ എത്തിയിട്ടുള്ള വിവരം, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ജിസോത്തി സ്ഥിരീകരിച്ചു.

സഭയുടെ പിന്തുണയ്ക്കുന്ന നിലപാട്
വെലനസ്വേലന്‍ പ്രതിനിധി സംഘത്തെ വത്തിക്കാന്‍റെ സെക്രട്ടേറിയേറ്റ് സ്വീകരിച്ചതായും, പാപ്പാ ഫ്രാന്‍സിസിന്‍റെയും പരിശുദ്ധ സിംഹാസനത്തിന്‍റെയും പിന്‍തുണ വെനസ്വേലയിലെ വേദനിക്കുന്ന ജനതയക്ക് ഉണ്ടാകുമെന്ന് ഉറപ്പുനല്കിയതായി വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

സമാധാനപരമായ  പ്രശ്ന പരിഹാരം
നിലവിലുള്ള രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍, നീതിപൂര്‍വ്വകവും സമാധാനപൂര്‍ണ്ണവുമായ രീതികളും, അടിസ്ഥാന മനുഷ്യാവകാശ നിയമങ്ങള്‍ ഉള്‍ക്കൊണ്ടും, വെനസ്വേലന്‍ ജനതയുടെ നന്മ മാനിച്ചുകൊണ്ടും, രക്തച്ചൊരിച്ചില്‍ ഒഴിവാക്കിയുമുള്ള പ്രശ്നപരിഹാരത്തിനാണ് വത്തിക്കാന്‍ അടിയന്തിരമായി പരിശ്രമിക്കുന്നതെന്ന് ജിസോത്തി പ്രസ്താവനയില്‍ വ്യക്തമാക്കി.

വെനസ്വേലയിലെ അഭ്യന്തരകലാപം
തെക്കെ അമേരിക്കന്‍ രാജ്യമായ വെനസ്വേലയുടെ ഇപ്പോഴത്തെ സോഷ്യലിസ്റ്റ് ഭരണകര്‍ത്താവ്, നിക്കോളാസ് മദൂരോയുടെ പ്രസിഡന്‍റ് പദത്തെ വെല്ലുവിളിച്ചുകൊണ്ട് 2019 ജനുവരി 23-ന് നിയമസഭാംഗവും ദേശീയ അസംബ്ലിയുടെ പ്രസിഡന്‍റുമായ ജുവാന്‍ ഗ്വായിദോ അധികാരത്തിലേറാന്‍ ശ്രമിച്ചതോടെയാണ് രാഷ്ട്രീയാന്തരീക്ഷം കൂടുതല്‍ കലങ്ങി മറിഞ്ഞത്. ആറുവര്‍ഷം പൂര്‍ത്തീകരിച്ച പ്രസിഡന്‍റ് മദൂരോയുടെ 2018-ലെ പൊതുതിരഞ്ഞെടുപ്പില്‍ ദുരൂഹതകള്‍ ആരോപിക്കപ്പെട്ടിട്ടുണ്ട്.  നാണയപ്പെരുപ്പം, വിലക്കയറ്റം, ഭക്ഷ്യക്ഷാമം, മരുന്നിന്‍റെ ദൗര്‍ലഭ്യം, വൈദ്യുതി വിച്ഛേദനം എന്നിങ്ങനെ എല്ലാ മേഖലകളിലും രാജ്യം ക്ലേശിക്കുന്നതിന് ഇടയിലാണ് അഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.  30 ലക്ഷത്തോളം വെനസ്വേലക്കാര്‍ പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും മൂലം കഴിഞ്ഞ 6 വര്‍ഷങ്ങളില്‍ അയല്‍ നാടുകളിലേയ്ക്ക് കുടിയേറിയതായി സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു.

15 February 2019, 10:27