തിരയുക

Vatican News
Mosaic illustration of Marco Rupnik sj, the merciful one Mosaic illustration of Marco Rupnik sj, the merciful one 

ലോകത്തിന്‍റെ യുക്തിക്കു ചേരാത്ത സുവിശേഷകാരുണ്യം

ആണ്ടുവട്ടം ഏഴാംവാരം ഞായറാഴ്ചത്തെ സുവിശേഷവിചിന്തനം. വിശുദ്ധ ലൂക്കായുടെ സുവിശേഷം 6, 27-38.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

കാരുണ്യത്തിന്‍റെ സുവിശേഷം - ശബ്ദരേഖ

സാധാരണവും അനിതരസാധാരണവും 
ക്രിസ്തു ജനിച്ചതും ജീവിച്ചതുമൊക്കെ വളരെ സാധാരണ സാഹചര്യങ്ങളിലും, സാധാരണക്കാരനുമായിട്ടാണ്. അവിടുന്ന് തന്‍റെ പരസ്യജീവിതകാലത്ത് ഇറങ്ങിച്ചെന്നത് വളരെ സാധാരണക്കാരുടെ, ഗലീലിയയിലെ പാവപ്പെട്ടവരുടെ പക്കലേയ്ക്കാണ്. ഫാദര്‍ ബോബി ജോസ് കട്ടിക്കാട്ട് കപ്പൂച്ചിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ നസ്രത്തിലെ തച്ചന്‍റെ അഴകായിരുന്നു “ഓര്‍ഡിനറി”.  എന്നാല്‍ അവിടുത്തെ പ്രബോധനങ്ങള്‍ “എക്സ്ട്രാ ഓര്‍ഡിനറി”യായിരുന്നു (Extraordinary), അവ അനിതരസാധാരണങ്ങളാണ്. ഇന്നത്തെ സുവിശേഷഭാഗം അതാണ് നമ്മോടു പറയുന്നതും.

പാപ്പാ ഫ്രാന്‍സിസ് വിഭാവനംചെയ്ത എളിയവരുടെ സഭ
എളിയവരുടെ ഒരു സഭയെ ലോകത്തിനു ജീവിതത്തിലൂടെയും ആത്മീയതയിലൂടെയും വരച്ചുകാട്ടിയ അസ്സീസിയിലെ സിദ്ധനെപ്പോലെ, എളിയവര്‍ക്കുള്ള ഒരു എളിയ സഭയെ പുനര്‍നിര്‍വചിക്കാനും, പുനരാവിഷ്ക്കരിക്കാനുമാണ് പാപ്പാ ഫ്രാന്‍സിസ് ശ്രമിക്കുന്നത്. ഇന്നു കുട്ടികളുടെ സംരക്ഷണവും, അവരുമായി ബന്ധപ്പെട്ട ലൈംഗിക പീഡനക്കേസുകളും സംബന്ധിച്ച്, ആഗോളതലത്തില്‍ സഭാശുശ്രൂഷകരെ വിളിച്ചുകൂട്ടിക്കൊണ്ട് മൗലികമായ ഒരു നവീകരണത്തിനായി പരിശ്രമിക്കുകയാണ് പാപ്പാ ഫ്രാന്‍സിസ് (2019 ഫെബ്രുവരി 21-24). വളരെ ഓര്‍ഡിനറിയായി ജീവിക്കുകയും, പാവങ്ങളോടും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരോടും, കുടിയേറ്റക്കാരോടും, കുഞ്ഞുങ്ങളോടും ഇടപഴകുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനങ്ങള്‍, ക്രിസ്തുവിന്‍റെ മൗലികമായ കാരുണ്യത്തിന്‍റെ സുവിശേഷമാണ്.

ക്രിസ്തു പ്രബോധിപ്പിക്കുന്ന നവീനത
ശത്രുവിനെ സ്നേഹിക്കുന്നതും, അവര്‍ക്ക് നന്മചെയ്യുന്നതും, അവരെ ആശീര്‍വ്വദിക്കുന്നതും, മര്‍ദ്ദിതര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതും, പീഡിതരെ സഹായിക്കുന്നതുമായ, സ്വപരിത്യാഗത്തിന്‍റെ യുക്തിയാണ് ക്രിസ്തു പഠിപ്പിച്ചത്. എന്നാല്‍ അത് അക്കാലഘട്ടത്തില്‍ നിലനിന്നിരുന്ന, കണ്ണിനുപകരം കണ്ണ്, പല്ലിനു പകരം പല്ല്... എന്ന പ്രതികാര നിയമത്തിന് ഘടക വിരുദ്ധവുമായിരുന്നു. അവിടുത്തെ പുതിയ പ്രബോധനങ്ങള്‍ക്ക് ആധാരം തീര്‍ച്ചയായും ദൈവിക കാരുണ്യമാണ്. അത് ലോകത്തിന്‍റെ യുക്തിക്ക് ഇണങ്ങാത്തതുമാണ്. അതിരുകളില്ലാതെ സ്നേഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്ന ക്രിസ്തുവിന്‍റെ ശൈലിയാണിത്. അവിടുന്നു പ്രബോധിപ്പിക്കുന്ന സുവിശേഷത്തിന്‍റെ നവീനതയും മൗലിക വീക്ഷണവും ഇതാണ്. മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്നു ആഗ്രഹിക്കുന്നുവോ, അപ്രകാരം നിങ്ങള്‍ അവരോടും പെരുമാറുവിന്‍. സ്നേഹിക്കുന്നവര്‍ക്കു മാത്രം നന്മചെയ്യുന്നെങ്കില്‍, പ്രത്യുപകാരം ചെയ്യുന്നെങ്കില്‍ അതില്‍ എന്തു സവിശേഷതയാണുള്ളത്? (ലൂക്കാ 6, 32-35). ഇതു ക്രിസ്തുവിന്‍റെ മൗലികതയാണ്!

പിതൃസ്നേഹത്തിന്‍റെ ധൂര്‍ത്ത്
ലോകത്തിനു കലവറയില്ലാതെ തന്നെത്തന്നെ നല്കിയ ക്രിസ്തുവിന്‍റെ ജീവിത മാതൃകയാണ് നാം സുവിശേഷത്തില്‍ കാണുന്നത്. ഇതാണ് ക്രൈസ്തവ ജീവിതത്തിന്‍റെ എളുപ്പമല്ലാത്ത വെല്ലുവിളി. ക്രൈസ്തവനായിരിക്കുന്നത് അതിനാല്‍ അത്ര എളുപ്പമല്ലെന്നും പറയാം. എന്നാല്‍ ക്രൈസ്തവവിളി നമ്മുടെ കരുത്തോ കഴിവോ അല്ലെന്നും, ദൈവകൃപയാണെന്നും മനസ്സിലാക്കേണ്ടതാണ്. ക്രിസ്തു സ്വീകരിച്ച നിലപാട് കാരുണ്യത്തിന്‍റേതായിരുന്നു, മറിച്ച് ന്യായവിധിയുടെയോ, കാര്‍ക്കശ്യത്തിന്‍റെയോ, മാനുഷിക യുക്തിയുടെയോ ആയിരുന്നില്ല.
നാം അനുദിനം ഉരുവിടുന്ന “സ്വര്‍ഗ്ഗസ്ഥനായ പിതാവേ…,” എന്ന പ്രാര്‍ത്ഥനയിലെ, “ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ...” എന്ന പ്രയോഗത്തോട് യുക്തിഭദ്രമായും, ആത്മീയ അവബോധത്തോടുംകൂടെ ജീവിക്കാന്‍ നാം പരിശ്രമിക്കേണ്ടതാണ്. പിതാവിന്‍റെ അനന്തമായ സ്നേഹവും കാരുണ്യവുമാണ് ലോകത്തിനു മാതൃകയായി ക്രിസ്തു നല്കുന്നത്.  “പിതാവു കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍!” (ലൂക്കാ 6, 36). അവിടുന്നു ലോകത്തിനു നല്കുന്ന ഒരു സുവര്‍ണ്ണ നിയമമാണിത്. 

പരോന്മുഖമായ കാരുണ്യം 
കാരുണ്യത്തിന് ഒരു അമ്മയുടെ സ്നേഹാര്‍ദ്രമായ സ്ത്രൈണഭാവവും പിതാവിന്‍റെ പതറാത്ത വിശ്വസ്തതയുമുണ്ട്. കാരുണ്യം പരോന്മുഖമാണ്. അത് മനുഷ്യരിലേയ്ക്കു നമ്മെ നയിക്കണമെന്ന് ഇന്നത്തെ വചനം പ്രബോധിപ്പിക്കുന്നു. മറ്റുള്ളവരിലേയ്ക്കു നാം നീങ്ങേണ്ടത് കാരുണ്യത്തോടെയാണ്. കാരുണ്യം സ്വീകരിക്കുന്നവര്‍ അത് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നു. ഹൃദയത്തില്‍ ഉതിരുന്ന കാരുണ്യം ധ്യാനാത്മകമാണെങ്കിലും, അത് പ്രവൃത്തിബദ്ധമാണ്. Contemplative in action കാരുണ്യം ഉള്‍ക്കൊള്ളുന്ന ധ്യാനാത്മക ജീവിതം പ്രവൃത്തിബദ്ധമാകണം എന്നു പറയുന്ന സംജ്ഞയാണിത്. കാരുണ്യത്താല്‍ പ്രചോദിതരായി അപരനിലേയ്ക്കും, സഹോദരങ്ങളിലേയ്ക്കും “ഇറങ്ങിച്ചെല്ലുന്നവര്‍” (descend)  ദൈവികപൂര്‍ണ്ണതയില്‍ “ഉയര്‍ത്തപ്പെടും” (ascend). അങ്ങനെ എളിയ മനുഷ്യര്‍ “കരുണയുള്ള പിതാവിനെപ്പോലെ…” ആയിത്തീരുന്നു. സ്ഥാപനവത്കൃതമായ സ്വാര്‍ത്ഥ മനഃസ്ഥിതിയില്‍നിന്നുമുള്ള മാനസാന്തരം കാരുണ്യത്തിന്‍റെ ഫലപ്രാപ്തിയാണ്.

പ്രവൃത്തിബദ്ധമാകേണ്ട കാരുണ്യം
കാരുണ്യത്തിന്‍റെ താക്കോല്‍ പ്രവൃത്തിബദ്ധമാകുന്ന ജീവിതവും അതിന്‍റെ ബലതന്ത്രവുമാണ്. അതിനാല്‍ സുവിശേഷകാരുണ്യം വളര്‍ന്നു വലുതാകുന്നതാണെന്നും, അപരനിലേയ്ക്ക് വഴിഞ്ഞൊഴുകുന്നതുമാണെന്നും മനസ്സിലാക്കാം. (Mercy that is ever greater, from good to better and less to more). ക്രിസ്തു പ്രബോധിപ്പിച്ച കാരുണ്യം, അന്ധനു കാഴ്ചയും, ബധിരന് കേള്‍വിയും, ഊമനു സംസാരവും, വിശക്കുന്നവര്‍ക്ക് അപ്പവും, പാപിക്കു മോചനവുമായി പ്രകടമാക്കപ്പെട്ടു. അതുകൊണ്ടാണ്  ദൈവകൃപ കരുണയുടെ മറുപദമെന്നു പറയുന്നത്. ദൈവത്തിന്‍റെ കൃപ അവിടുത്തെ പിതൃസ്നേഹത്തിന്‍റെ അതിരില്ലാത്ത പ്രതിഭാസമാണ്. അവിടുത്തെ കാരുണ്യം പതറാത്തതും അസ്തമിക്കാത്തതുമാണ്. ഫാദര്‍ തദേവൂസ് അരവനന്ദത്തിന്‍റെ കവിത ഇവിടെ ഓര്‍ക്കുന്നത് ഉചിതമാണ്. 30 വര്‍ഷത്തെ പഴക്കമുള്ള വരികളെങ്കിലും ഇന്നും എല്ലാവരും പാടുന്നതും ഇഷ്ടപ്പെടുന്നതുമായ വരികളാണിത് :
“അസ്തമിക്കാത്ത സ്നേഹം ഒരിക്കലും അസ്തമിക്കാത്ത സ്നേഹം
ഓരോ പ്രഭാതത്തിലും പുതിയ സ്നേഹം. ദൈവസ്നേഹം...!” 
 
ക്രിസ്തുവില്‍ ലോകത്തിന് ദൃശ്യമായത് പിതാവിന്‍റെ കരുണാര്‍ദ്രമായ സ്നേഹമാണ്. ഒരിക്കലും അസ്തമിക്കാത്തതും, ഓരോ പ്രഭാതത്തിലും, ഓരോ ദിനത്തിലും നവമായി വിരിയുന്നതുമാണത്. ഇന്നും ദൈവം വിരിയിക്കുന്ന ആ സ്നേഹം, ക്ഷമിക്കുന്ന സ്നേഹം ജീവിക്കാനായാല്‍ നമ്മുടെ ലോകം അനുരജ്ഞിതമാകും! സമാധാനപൂര്‍ണ്ണമാകും !!

കാരുണ്യം നല്കുന്ന സ്വാതന്ത്ര്യം
ബന്ധനത്തില്‍നിന്നും സ്വാതന്ത്ര്യത്തിലേയ്ക്കുള്ള വളര്‍ച്ചയാണ് കാരുണ്യം. പിതാവിന്‍റെ കാരുണ്യത്തെക്കുറിച്ചുള്ള ചിന്തയാണ് വീടുവിട്ടിറങ്ങിയ മകനില്‍ ഗൃഹാതുരത്വം വളര്‍ത്തിയത്.  അതിനാല്‍ സ്വാതന്ത്ര്യം,  കാരുണ്യം വളര്‍ത്തുന്ന ശക്തമായ വികാരവും ആത്മാവിന്‍റെ വളര്‍ച്ചയുമാണ്. തന്‍റെ ശോച്യാവസ്ഥയെക്കുറിച്ച് അവന്  അവബോധമുണ്ടായി. അവബോധം മാനസാന്തരമായി. ഏകാകിയും വിവശനുമായിരുന്നവന്‍ പഴയ പാഴ്ജീവിതം വിട്ട് പിതാവിന്‍റെ ഭവനത്തിലെ കൂട്ടായ്മയില്‍ എത്തിച്ചേരുന്നു. വീട്ടിലെത്തിയപ്പോള്‍ കരുണയുള്ള ആ പിതാവ് നല്ലവസ്ത്രം അണിയിച്ച്, മോതിരവും ചെരിപ്പും ധരിപ്പിച്ച് അവനെ വിരുന്നു മേശയില്‍ ഇരുത്തി. അതുപോലെ ബലഹീനരായ നാം ദൈവത്തിന്‍റെ സ്നേഹ കാരുണ്യത്തിലേയ്ക്ക് വിളിക്കപ്പെട്ടവരാണ്. നല്ല വസ്ത്രമണിഞ്ഞ് ക്രിസ്തുവിന്‍റെ വിരുന്നുമേശയില്‍ എത്തിപ്പെടാന്‍ യോഗ്യരായി. ദൈവത്തിന്‍റെ കരുണയല്ലാതെ, അത് മറ്റെന്താണ്?!

കാരുണ്യത്തിലെ  അന്തസ്സ്
പാപാവസ്ഥയില്‍നിന്നും നമ്മെ മോചിപ്പിക്കുന്നത് ക്രിസ്തുവിന്‍റെ രക്തമാണ്. അവിടുത്തെ സ്വയാര്‍പ്പണമാണ്. നമ്മുടെ സ്വന്തമായ കരുത്തോ കഴിവോ, മേന്മയോ അല്ല. അനുതാപം ദൈവികദാനമാണ്. അനുതാപത്തിലൂടെ നമുക്കൊരു അന്തസ്സു ലഭിക്കുന്നു - ദൈവമക്കളുടെ അന്തസ്സ്! എന്നിലെ ബലഹീനന്‍ എപ്പോഴും  ഒളിഞ്ഞിരിക്കുകയാണ്. എന്നിലെ ശീമോന്‍ കളവു പറഞ്ഞാലും, ദൈവത്തെ തള്ളിപ്പറഞ്ഞാലും, ക്രിസ്തു നമ്മെ തള്ളിക്കളയുന്നില്ല, ദൈവം നമ്മോടു കരുണകാട്ടുന്നു. ക്രിസ്തു വിളിച്ച അതേ ശിമയോന്‍റെ വ്യക്തിത്വമാണ് പത്രോസായത്, പാറയെന്നു വിളിക്കപ്പെട്ടത് - Petrus!  ആ ദുര്‍ബലനാണ് അപ്പസ്തോല കൂട്ടായ്മയ്ക്ക് ബലമായത്. ശുശ്രൂഷകന്‍റെ വിനീതമായ പാപാവസ്ഥയിലും (utter shame) ബലഹീനതയിലുമാണ് ക്രൈസ്തവ പദവിയുടെയും, ശുശ്രൂഷാപട്ടത്തിന്‍റെയും ലോലമായ അന്തസ്സ് (sublime dignity) നിങ്ങള്‍ക്കും എനിക്കും ലഭിച്ചിരിക്കുന്നത്.

കാരുണ്യത്തില്‍ സ്വാതന്ത്ര്യമുണ്ട്
കാരുണ്യത്തിന്‍റെ ധാര്‍മ്മികത ബൗദ്ധികം എന്നതിനെക്കാള്‍ വൈകാരികമാണ്. അതിനാല്‍ കാരുണ്യാനുഭവം സ്വതന്ത്രമായി വ്യക്തി ഉള്‍ക്കൊള്ളുകയോ വളര്‍ത്തുകയോ നിരസിക്കുകയോ ചെയ്യാം. എന്നാല്‍ കരുണയില്ലാത്തതും, കരുണ നിഷേധിക്കുന്നതുമായ അവസ്ഥ ധാര്‍മ്മിക പാപ്പരത്വമാണ്. ധൂര്‍ത്തപുത്രനെപ്പോലെ പന്നിക്കൂട്ടിലെ അഴുക്കിലായിരിക്കുന്ന അവസ്ഥയാണത്.

കാരുണ്യത്തിന്‍റെ ധാരാളിത്തം
കരുണയോടെ സമൂഹത്തിന്‍റെയും കുടുംബങ്ങളുടെയും ഉത്തരവാദിത്ത്വങ്ങള്‍ നിറവേറ്റിക്കൊണ്ട്, വിശിഷ്യാ പാവങ്ങളിലേയ്ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരിലേയ്ക്കും ഇറങ്ങിത്തിരിക്കുമ്പോള്‍ നമ്മില്‍ അഴുക്കുപറ്റും, സംശയമില്ല! കാരുണ്യപ്രവൃത്തി അതിനാല്‍ നീതിയെ അതിലംഘിക്കുന്നതാണെന്നു പറയാം. കരുണയുള്ള പിതാവ് അതുകൊണ്ടാണ് ധൂര്‍ത്തപുത്രന്‍റെ തിരിച്ചുവരവ് ആഘോഷിച്ചത്. മൂത്തവന്‍റെ നീതിന്യായ വാദങ്ങളെ സയുക്തം അവഗണിച്ചും, പിതാവ് ഇളയവന്‍റെ തിരിച്ചുവരവ് ഒരു വിരുന്നാക്കി മാറ്റി. നിസ്സഹായരും നിസ്സാരരുമായ നമ്മെ അമ്പരപ്പിക്കുന്നതാണ് ദൈവത്തിന്‍റെ കാരുണ്യപ്രവൃത്തി അല്ലെങ്കില്‍ കാരുണ്യസ്പര്‍ശമെന്ന് ഇതില്‍നിന്നു മനസ്സിലാക്കാം. കാരുണ്യം സ്വീകരിക്കുന്ന വ്യക്തി അനുഭവിക്കുന്ന ലജ്ജയുടെ വിഷമം ഊഹിക്കാമെങ്കിലും, ദൈവിക കാരുണ്യത്തിന്‍റെ ധാരാളിത്തം അതിനെ വെല്ലുന്നതാണ്. മനുഷ്യന്‍റെ ബലഹീനതയെയും പാപാവസ്ഥയെയും മറികടക്കുന്നതാണ് ദൈവത്തിന്‍റെ മനുഷ്യരോടുള്ള അപാരമായ സ്നേഹം! കലവറയില്ലാത്തതും, നമ്മുടെ അന്തസ്സിനെ മറികടക്കുന്നതുമായ ദൈവിക കാരുണ്യത്തോടു പ്രതികരിക്കാം, ആ കാരുണ്യം മറ്റുള്ളവരുമായി പങ്കുവയ്ക്കാം. അവിടുത്തെ അസ്തമിക്കാത്ത സ്നേഹപ്രഭ, കാരുണ്യപ്രഭ ലോകത്തെവിടെയും  പ്രസിരിക്കട്ടെ!

23 February 2019, 16:43